8. ഗാന്ധി സ്വാര്‍ത്ഥന്‍ ആയിരുന്നോ???

on Wednesday, March 25, 2009

ഇന്ത്യയില്‍ ഏറ്റവും പ്രശസ്തവും ആദരിക്കപ്പെടുന്നതും ആയ കുടുംബം ഏതാണെന്നത്ഒരു സംശയവുമില്ലാതെ എല്ലവര്‍ക്കും പറയാന്‍ കഴിയും. അതെ "ഗാന്ധി" കുടുംബം തന്നെ. രാഷ്ട്രപിതാവെന്നു വാഴ്ത്തപ്പെടുന്ന മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധിയോടുള്ള രാഷ്ട്രത്തിന്റെ സ്നേഹവും ബഹുമാനവും നമ്മുടെ മനസ്സില്‍ ആ പേരിനോടും ഉണ്ടായത് സ്വാഭാവികം... രാഷ്ട്രത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ ത്യാഗം ചെയ്യപ്പെടെണ്ടി വന്ന ഒരു കുടുംബം തീര്‍ച്ചയായുംആ പരിഗണന അര്‍ഹിക്കുന്നുമുണ്ട്... പക്ഷെ ഇന്നു അവര്‍ അനുഭവിക്കേണ്ട അന്ഗീകരങ്ങളും പരിഗണനയും എല്ലാം അവര്ക്കു തന്നെയാണോ ലഭിക്കുന്നത്‌??? ആ പേരു പറയുമ്പോള്‍ മഹാത്മാ ഗാന്ധിയേക്കാള്‍ മുന്പേ വരത്തക്ക വിധത്തില്‍ മറ്റു പല പേരുകളും മനസുകളിലേക്ക്‌ പ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്നുവോ??? അടുത്ത ദിവസം പത്രങ്ങള്‍ ഗാന്ധി കുടുംബത്തിലെ ഇളം തലമുറയുടെ വാചക കസര്‍തുകല്‍ എന്ന പേരില്‍ വില കുറഞ്ഞ പരാമര്‍ശങ്ങള്‍ മുന്‍പേജില്‍ തന്നെ നിരത്തിയത് കണ്ടപ്പോള്‍ എനിക്ക് മനസ്സില്‍ ഓര്മ വന്നത് മറ്റു ചില ഗാന്ധിമാരെ കുറിച്ചാണ്... നിങ്ങളില്‍ പലരും വിസ്മരിച്ച ചിലര്‍... അവര്ക്കു ചെവിയോര്‍ക്കാന്‍ നിങ്ങളില്‍ ആരും ഉണ്ടായില്ല... അതുകൊണ്ട് തന്നെ ഇന്നു എന്റെ അരികില്‍ ഇവള്‍- ഗുലാബ് ഗാന്ധി. നിങ്ങള്‍ മറന്നുപോയവരില്‍ ഒരുവള്‍...

ഇവള്‍ ആരെന്നു നിങ്ങളെ ഓര്‍മപെടുത്തേണ്ടി വരുന്നതു എന്റെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി എന്നും എന്നെ വേട്ടയാടും. കാരണം ഇന്നു നിങ്ങള്‍ അറിയുന്ന ഗാന്ധിമാരുടെ കാമുകിമാരുടെ പേരുകള്‍ പോലും നിങ്ങളുടെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തും. പക്ഷെ യഥാര്‍ത്ഥ ഗാന്ധിയുടെ കനിഷ്ഠ പുത്രന്‍റെ സഹധര്‍മ്മിണിയെ പരിചയപ്പെടുതിയാലും കണ്ണുകളിലെ അപരിചിതത്വം മായാതെ നില്ക്കുന്നത് കാണുമ്പോള്‍.. അതെ... ഇതു തോല്‍വിയാണ്... എന്റെ മാത്രമല്ല... രാഷ്ട്രത്തിന്റെ കുടി... ഈ അപരിചിതയുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ ആരുണ്ട്‌ ഇന്നിവിടെ...

"ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞത്രേ; ഒരു കുടുംബത്തിന്റെ നന്മക്കായി ഒരു വ്യക്തിയെ ബലി നല്‍കേണ്ടി വന്നാല്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല. അത് പോലെ ഒരു ദേശത്തിന് വേണ്ടി ഒരു കുടുംബത്തെയും... ബാപ്പുവിനു അതറിയാമായിരുന്നു... മറ്റാരേക്കാളും... പക്ഷെ ബലിയായ് നല്‍കേണ്ടത് സ്വന്തം കുടുംബമാണെന്നതു ഓര്‍ത്തപ്പോള്‍ എപ്പോഴെങ്കിലും ആ കുടുംബ നാഥന്റെ മനസ് പിടഞ്ഞു കാണും. അതി വിദഗ്ധമായി അതിനെ ഒളിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്കിലും.

1948- ജനുവരി - 31. രാജ്ഘട്ടിലെ ചിതയിലെ അഗ്നിയില്‍ ഒരു സരീരം ദഹിക്കുമ്പോള്‍ കോടിക്കണക്കിനു മനുസകള്‍ അശ്രു വാര്‍ത്തിരിക്കാം. പക്ഷെ അവിടെ കുറച്ചു മാറി മദ്യത്തിന്റെ ലഹരിക്ക്‌ കീഴടങ്ങി ഒരാള്‍ കിടന്നിരുന്നു. ചിതയില്‍ കത്തിതീരുന്ന ഹൃദയത്തില്‍ നിന്നും ഒഴുകിയ രക്തം ശരീരത്തില്‍ പടര്‍ന്ന ഒരു ജീവച്ചവം. ഹരിലാല്‍. എന്റെ പ്രിയ ഭര്‍ത്താവ്. പിതാവിന്റെ സല്പേര് നശിപ്പിച്ചവനെന്നു നിങ്ങള്‍ വിധിച്ച മുടിയനായ പുത്രന്‍. പക്ഷെ നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ഒരു മകന്റെ ദുരന്ത നാടകത്തിന്റെ തിരശീല വലിച്ച ഒരു പിതാവിന്റെ കഥ. ആ മകന്റെ ദുരന്തം കണ്ടു നില്ക്കാന്‍ മാത്രം വിധിക്കപ്പെട്ടു ഒടുവില്‍ അതില്‍ അലിഞ്ഞു ചേര്‍ന്ന അവന്റെ ഭാര്യയുടെ കഥ.

ഒരിക്കലെ ഞാന്‍ ബാപ്പുവിനോട് ചോദിച്ചുള്ളൂ. " എന്താണ് ഒരു പിതാവിന്റെ ധര്‍മ്മം?" പക്ഷെ അതിന് അദ്ദേഹം മറുപടി പറഞ്ഞതു മകന്റെ ചുമതലകളെ പറ്റി പറഞ്ഞായിരുന്നു. "സ്വന്തം മകന്റെ ആഗ്രഹങ്ങളെ നുള്ളിയെറിഞ്ഞ ഒരു പിതാവിന്; രാഷ്ട്രത്തിന്റെ സ്വപ്നങ്ങളിലേക്ക് എങ്ങനെ തിരി തെളിക്കനാവും." അതിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. സ്വയം ചിറകുകളെ ചങ്ങലയില്‍ തളച്ചാല്‍ എങ്ങിനെ അനന്തതയുടെ നീലിമയെ സ്പര്ശിക്കാനാവും. അതെ, അദ്ദേഹം അതായിരുന്നു ആഗ്രഹിച്ചത്‌. നാലു മക്കള്‍ക്ക്‌ ചുറ്റും സംരക്ഷണത്തിന്റെ മതില്‍ തീര്‍ത്ത് അതിനുള്ളില്‍ നിറഞ്ഞാല്‍ അതിനപ്പുറത്തെ സ്വപ്നങ്ങള്‍ക്ക് എങ്ങനെ നിറം പകരാനാവും. ഒരു വലിയ നേട്ടത്തിന് ചെറിയ ത്യാഗങ്ങള്‍ സഹിച്ചല്ലെ പറ്റൂ...

ശരിയാണ്. സ്വന്തം കുടുംബം ബലി നല്‍കാതെ അങ്ങേക്ക് രാഷ്ട്രത്തിന്റെ മനസ്സില്‍ സ്ഥാനം ലഭിക്കുമായിരുന്നില്ല. അങ്ങയെ അവര്‍ നിസ്വാര്‍ത്ത്തയുടെ മൂര്‍ത്തരൂപമായും കണ്ടേക്കാം. പക്ഷെ ഈ വിവരമില്ലാതവളുടെ മനസ്സില്‍ സ്വാര്‍ഥതയുടെ ജ്വലിക്കുന്ന രൂപം അതാണ്‌. സ്വന്തം ആദര്‍ശങ്ങള്‍ക്കു വേണ്ടി മറ്റെല്ലാം തള്ളി പറഞ്ഞ സ്വാര്‍ഥന്‍. എന്റെ മുന്നില്‍ അങ്ങനെയേ അങ്ങേക്ക് നില്‍ക്കാനാവൂ. കാരണം ഞാന്‍ രാഷ്ട്രത്തിന്റെ അമ്മയല്ലല്ലോ. ഞാന്‍ ജന്മം നല്കിയ മക്കളുടെ അമ്മയായി മാത്രം ജീവിക്കാന്‍ ആഗ്രഹിച്ച ഒരു സാദാരണ സ്ത്രീ. പക്ഷെ അങ്ങ് കാണിച്ച ഈ മാതൃക പ്രശസ്തിയുടെ ലഹരിയില്‍ സംതൃപ്തി നേടാന്‍ കൊതിക്കുന്നവര്‍ക്ക് വലുതാകാം. പക്ഷെ അങ്ങ് ആര്‍ക്കു വേണ്ടി ജീവിച്ചുവെന്നു പറയുന്ന ആ ജനങ്ങളെ ഇതുപോലെ ബലി നല്‍കാന്‍ ഇനിയാരും തുനിയാതിരിക്കട്ടെ. കാരണം ഞങ്ങളുടെ ബലി കൊണ്ടു നേടിയവര്‍ ഒരുപാടുണ്ട്. ഇന്നും നിങ്ങള്ക്ക് മുന്നില്‍ നടമാടുന്നില്ലേ. പക്ഷെ അവരാരും അങ്ങയെ പോലെ അല്ല. അവര്‍ ആരെയും ബലി നല്‍കുന്നില്ല. അവരും ബാലിപീടത്തില്‍ ഒഴുക്കുന്നത് ഞങ്ങളുടെ മുറിവിലെ നിണം തന്നെ."

നിങ്ങള്ക്ക് തോന്നുന്നുണ്ടാവാം അല്ലെ. ഇവളാണ് സ്വാര്‍ത്ഥ എന്ന്. ആണോ??? ഒരാളുടെ ജീവിതം അവസാനിക്കുന്നത് അയാളുടെ ഓര്‍മ്മകള്‍ അവസാനത്തെ മനസ്സില്‍ നിന്നും മായുംപോഴാനെന്നു ഒരു സഹോദരി എന്നോട് പറഞ്ഞിരുന്നു.അങ്ങനെയെന്കില്‍ ബാപ്പു ഇന്നും ജീവിക്കുന്നുണ്ട്. മക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന മാതാപിതാക്കളോ ജീവിത അനശ്വരമാക്കാന്‍ മക്കളുടെ സ്വപ്നങ്ങളെ ബലി നല്കിയ പിതാവോ സ്വാര്‍ഥന്‍. പറയേണ്ടതും, ചിന്തിക്കേണ്ടതും, തിരിച്ചറിയേണ്ടതും നിങ്ങളാണ്.

7. ജന്മാന്തര ബന്ധങ്ങള്‍...

on Tuesday, March 10, 2009


ചില ബന്ധങ്ങള്‍ക്ക് മിഴി ചിമ്മിയടയുന്ന നേരത്തെ ആയുസ്സ്‌ മാത്രമെ കാണൂ. എന്നാല്‍ ചില ബന്ധങ്ങള്‍ - അവയ്ക്ക് ആയുസ്സ് അനന്തമാണ്‌... പ്രപഞ്ചം പ്രളയത്തില്‍ ഓടുന്ങിയാലും ആ ബന്ധങ്ങള്‍ അതിനും മീതെ അടുത്ത യുഗത്തിലേക്ക് സ്പന്ദിച്ചുകൊണ്ടിരിക്കും. അതെ, പറഞ്ഞു വരുന്നതു ദാമ്പത്യത്തെ പറ്റിതന്നെയാണ്. വിശ്വാസങ്ങള്‍ പറയുന്നതു ആ ബന്ധം ജന്മാന്തരങ്ങള്‍ പിന്നിടുമ്പോഴും ആത്മാവുകള്‍ പരസ്പരം പിരിയുന്നില്ലെന്നാണ്. ഇന്നത്തെ പരിഷ്കൃത ലോകം വിശ്വാസങ്ങളെ വെറും മണ്ടത്തരങ്ങള്‍ എന്ന് പറഞ്ഞു തള്ളുന്നത് അറിയാതെയല്ല. അങ്ങനെയുള്ളവര്‍ ക്ഷമിക്കുക. ഈ കുറിപ്പ് നിങ്ങള്‍ക്കുള്ളതല്ല. വിശ്വാസങ്ങളെ ഉപാസനയിലൂടെ യാഥാര്‍ത്യമാക്കിയ കുറച്ചു പേരെന്കിലും ഇന്നും കാണും. അവര്‍ക്കായി ഇന്നത്തെ എന്റെ വാക്കുകള്‍....


ഇതു ജന്മങ്ങളുടെ കെട്ട് പൊട്ടിച്ചു പടര്‍ന്ന ആ ബന്ധത്തിന്റെ കഥ. ആദ്യം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുന്പുള്ള ഓരോര്മയിലേക്ക്.... കപില വസ്തുവിലെ രാജ കൊട്ടാരം. അവിടെ, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സന്യാസിയായി തിരിച്ചെത്തിയ തങ്ങളുടെ പഴയ സിദ്ധാര്‍ത്ഥ രാജകുമാരനെ കാണാന്‍ എത്തിയിരിക്കുകയാണ് എല്ലാവരും. പക്ഷെ പഴയ രാജകുമാരനെ അറിയുന്ന ഒരാള്‍ മാത്രം അവിടേക്ക് വന്നില്ല. അവള്‍ തന്റെ മകനുമൊത്ത് അന്തപ്പുരത്തിന്റെ മെല്ലെ ചെറിയ വാതിലുകല്‍ക്കപ്പുറത്തു മൌനമായി ഇരിക്കുകയാണ്. യശോധര. സിദ്ധാര്‍ത്ഥ രാജകുമാരന്റെ പത്നി. രാജ സദസ്സില്‍ ഗൌതമാനായി മാറിയ തന്റെ പാതി ജീവിതത്തിന്റെ നശ്വരതയെയും നിരാര്‍ത്ഥകതയെയും പറ്റി വാചാലനാവുമ്പോള്‍, ഇവിടെ ഇവളുടെ മനസ് പിടയുന്നത് കേള്‍ക്കാന്‍ ഒന്നുമറിയാത്ത ഏഴ്വയസ്സുകാരന്‍ മകനും പിന്നെ നിസ്സഹായയായ എന്റെ ഈ കാതുകളും മാത്രം.


" ഞാന്‍ കണ്ടു... ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം.. ഈ ഇടുങ്ങിയ മുറിയുടെ ജാലകത്തിന് പുറകിലിരുന്ന്... ഒരേ വേഷമണിഞ്ഞ സന്യാസിമാരുടെ കൂട്ടത്തില്‍ എനിക്കദ്ദേഹത്തെ കണ്ടെത്താന്‍ അണുവിട പോലും വേണ്ടി വന്നില്ല... മകന് ജന്മം നല്കി കിടക്കുന്ന എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അദ്ദേഹം ഈ കൊട്ടാരവും എന്നെയും ഉപേക്ഷിച്ചു പോയിരിക്കാം... പക്ഷെ എന്നും ഓരോ നിമിഷവും അദ്ദേഹത്തിന്റെ നിഴലായി ഞാന്‍ ഉണ്ടായിരുന്നു... ജ്ഞാന പ്രകാശം തേടിയുള്ള യാത്രയില്‍ പുറകിലെ നിഴലിനെ അദ്ദേഹം ശ്രദ്ധിച്ചുവോ??? അറിയില്ല... പക്ഷെ മുന്നില്‍ ഉണ്ടായിരുന്നവരോട് എനിക്കെന്നും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ... എകയായതറിഞ്ഞെത്തിയ പിതാവിനോടും, വിവാഹാഭ്യര്‍ത്ഥനയുമായ്‌ വന്ന രാജകുമാരനമാരോടും എനിക്കൊന്നെ പറയാനുണ്ടായിരുന്നുള്ളൂ... പതിവ്രതക്ക് ജീവിതം ഭര്‍തൃപൂജയാണ്... പാതി പത്നിയെ മറന്നേക്കാം.. പക്ഷെ അവനെ സംരക്ഷിക്കുന്നത് പത്നിയുടെ മനസിലെ ഓര്‍മ്മകളാണ്... അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞ ഞാന്‍ അതുപോലെ എന്റെ ആഭരണങ്ങള്‍ ഉപേക്ഷിച്ചു. കാഷായ വസ്ത്രം ധരിച്ചു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു. അന്തപ്പുരത്തിലെ പട്ടു മെത്തകള്‍ പുറത്തെറിഞ്ഞു.... അദ്ദേഹം അറിഞ്ഞില്ല; എന്നെ ഈ സുഖസൌകര്യങ്ങളില്‍ ഉപേക്ഷിച്ചു ഏകനായി തെരുവിന്റെ മുള്‍പാതയെ തിരഞ്ഞു പോയാലും, എന്റെ ലോകം, എന്റെ വീഥികള്‍ എല്ലാം അദ്ദേഹത്തിന്റേതു തന്നെയാണെന്ന്...

തോഴിമാര്‍ വന്നു പറയുന്നു . ഞാന്‍ അദ്ദേഹത്തെ പോയി കാണണമെന്ന്... ഇല്ല. ഞാന്‍ ഒരു സ്ത്രീ ആണ്... എന്നെയുപെക്ഷിച്ച അദ്ദേഹത്തെ ഞാന്‍ തിരഞ്ഞു പോകുന്നത് സ്ത്രീയുടെ തോല്‍വിയാണ്... തെറ്റ് ചെയാത്തവരാരും തോല്‍ക്കില്ല... അദ്ദേഹം ജ്ഞാനം നേടി ബുദ്ധനായി മാറിയിരിക്കാം... ആയിരങ്ങള്‍ അദ്ദേഹത്തെ വണങ്ങിയിരിക്കാം... പക്ഷെ ഞാന്‍ വിശ്വസിക്കുന്നു... അദ്ദേഹം ലോകം മുഴുവന്‍ അലഞ്ഞു നേടിയ ജ്ഞ്ഞാനതെക്കള്‍ ശക്തിയുണ്ട് എന്റെ പാതിവ്രത്യത്തിന്... അങ്ങനെയെങ്ങില്‍ അദ്ദേഹം എന്നെ തിരഞ്ഞു വരും... എന്റെ അരികില്‍ വരും... അല്ലെങ്കില്‍ ഏഴ് വര്‍ഷത്തേ എന്റെ പൂജക്ക്‌ അര്‍ത്ഥമില്ലാതാവും..."



ശരിയായിരുന്നു... ലോകം മുഴുവന്‍ അലഞ്ഞു സിദ്ദര്‍ത്താന്‍ നേടിയ ജ്ഞാനത്തേക്കാള്‍ ശക്തി അവള്‍ ആ നാലു ചുവരുകള്‍ക്കുള്ളില്‍ ചെയ്ത ഭര്‍തൃ പൂജക്കായിരുന്നു. സര്‍വസംഗപരിത്യാഗിയായി കപിലവസ്തുവിലെ കൊട്ടാരത്തില്‍ തിരികെയെത്തിയപ്പോഴും ഗൌതമന്റെ കണ്ണുകള്‍ തിരഞ്ഞത് ഒരേ ഒരു മുഖമായിരുന്നു. ഒടുവില്‍ സ്വയം അവളുടെ അന്തപ്പുരത്തിലേക്ക് ബുദ്ധനെ നയിച്ചത് അവളുടെ മനസിന്റെ ശക്തിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. പക്ഷെ എനിക്കവളോട് ചോദിക്കാനായി ഒരു ചോദ്യം ഇനിയും ബാക്കി... സഹസ്രാബ്ദങ്ങള്‍ക്കിപ്പുറത്തു നിന്നു ഞാന്‍ അവളോട്‌ അത് ചോദിക്കട്ടെ.



"പ്രിയ യശോധരെ... ഇത്ര അചന്ചലയായി നിന്ന നിന്റെ മനസ് അദ്ദേഹത്തെ കണ്ട മാത്രയില്‍ എന്തെ അത്ര ദുര്‍ബലമായിപോയി.. ഒരിടത്തും പരാജയഭാരത്താല്‍ ശിരസ് താഴ്താതിരുന്ന നീ എന്തിന് അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു കണ്ണീര്‍ തൂവി..."



" വിജയം എന്നത് എന്താണെന്ന് യഥാര്‍ത്ഥത്തില്‍ ആരറിയുന്നു? പരാജിതര്‍ക്കാണ് വിജയത്തിന്റെ വില അറിയുകയെന്നു നിങ്ങള്‍ പറയുന്നു. പക്ഷെ പരാജിതര്‍ ആരെന്നറിയാന്‍ നിങ്ങള്‍ക്ക് കഴിയുന്നുവോ?

പരാജയം വിജയത്തിലേക്കുള്ള ക്രിയാത്മകമായ കാത്തിരിപ്പ്‌ മാത്രമാണ്. അപ്പോള്‍ വിജയം? വിജയം എന്നത് വിരക്തി ആണ്. എന്തിനെ ഉപേക്ഷിക്കാന്‍, ഒഴിവാക്കാന്‍ കഴിയുന്നുവോ, അപ്പോള്‍ അതിനെ വിജയിക്കുന്നു. അതെ തെറ്റുകളെ, തിന്മയെ ഒഴിവാക്കാന്‍ കഴിയുന്ന അവസ്ഥയാണ് വിജയം. പരാജയ ഭാരത്താല്‍ ഒരാളുടെയും ശിരസുകള്‍ താഴുന്നില്ല. പകരം അക്ഷമയുടെ ഉല്പന്നമായ നിരാശയുടെ ഭാരത്തിലാണ് ശിരസുകള്‍ കുനിയുന്നത്.



എനിക്ക് അദ്ദേഹത്തെ ആയിരുന്നില്ല വിജയിക്കേണ്ടത്. ഭദ്ര സുമേധനില്‍ നിന്നും കഴിഞ്ഞ ജന്മത്തില്‍ നേടിയ വരം. അഞ്ചു താമര പൂക്കള്‍ക്ക് പകരമായി തനിക്ക് ലഭിച്ച പുണ്യം. അതിനെ വിസ്മരിക്കാന്‍ ഗൌതമനെ പ്രേരിപ്പിച്ച ശക്തികളോടാണ് ഞാന്‍ പൊരുതിയത്. അദ്ദേഹത്തെ പിന്തുടരുന്നതില്‍ നിന്നു എന്നെ തടസ്സപ്പെടുത്തിയ ഓരോന്നിനെതിരെയും ഞാന്‍ വിജയം നേടി. അദ്ദേഹത്തോടുള്ള ഭക്തിയായിരുന്നു എന്റെ ശക്തി. സ്നേഹമായിരുന്നു എന്റെ ഊര്‍ജം. പൂജയായിരുന്നു എന്റെ ആയുധം. ആ പാദങ്ങളില്‍ വീണുടഞ്ഞ മിഴിനീര്‍ എങ്ങനെ ദുര്‍ബലതയുടെ ചിന്ഹമാകും. അത് ദുര്‍ബലതകള്‍ക്ക് മേല്‍ എന്റെ ശക്തി നേടിയ വിജയത്തിന്റെ മുത്തുകളാണ്. അത് അവിടെയല്ലാതെ മറ്റെവിടെയാണു ഞാന്‍ അര്‍പിക്കുക.



യദാര്‍ത്ഥ വിജയത്തിന്റെ പ്രതികരണം ഒരിക്കലും ആരവങ്ങളല്ല. അത് നിഴലുകലോടുള്ള യുദ്ധത്തിലെ അനര്‍ഹമായ, അസ്ഥിരമായ ചില തെറ്റിധാരണകളെ വിളിച്ചറിയിക്കാനുള്ള വെമ്പലിന്റെ നശ്വരമായ, ക്ഷണികമായ പൊട്ടിത്തെറിക്കലുകള്‍ മാത്രം. യദാര്‍ത്ഥ വിജയം ഒന്നും പ്രകടിപ്പിക്കില്ല. ആ അവസ്ഥയില്‍ മനസ് സംതൃപ്തിയുടെ നിശബ്ദതയിലായിരിക്കും. കാരണം അവിടെ പരാജയപ്പെടുത്തുന്നത് നാം നമ്മിലെ ആഗ്രഹങ്ങളെയാണ്. അതിന്റെ വിജയ ആഘോഷിക്കാന്‍ മനസിന്‌ മാത്രമെ കഴിയൂ. എന്റെ അരികില്‍ വന്ന അദ്ദേഹത്തിന്റെ അരികില്‍ ഞാന്‍ അങ്ങനെയല്ല പെരുമാറിയിരുന്നതെന്കില്‍... അല്ല. അപ്പോള്‍ ഞാന്‍ വിജയിചിരിക്കുകയായിരിക്കില്ല. എന്റെ അഹങ്കാരം എന്നെ തോല്പിചിരിക്കുകയായിരിക്കും.... പക്ഷെ ഞങ്ങള്‍ക്കെങ്ങനെ തോല്‍ക്കാനാകും...മനസ്സില്‍ അദ്ദേഹത്തോടുള്ള പൂജയുമായി കഴിയുന്നിടത്തോളം ആര്‍ക്കെന്നെ തോല്പ്പിക്കനാകും...??? "



ഇല്ല. നിന്നെയെന്നല്ല. മനസ്സില്‍ നന്മക്കായുള്ള പൂജയുമായ് കഴിയുന്ന ആരെയും ആര്ക്കും തോല്‍പ്പിക്കാനാവില്ല. പ്രിയ യശോദരെ .... അതല്ലേ നീ ഇന്നും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത്... യുഗങ്ങള്‍ക്കും ജന്മങ്ങള്‍ക്കും അപ്പുറത്ത്.....


6. കപ്പലില്‍ തന്നെയുള്ള ശത്രുക്കളെ തിരിച്ചറിയുക!!!!!

on Sunday, March 08, 2009

ഇന്നു ലോക വനിതാ ദിനം.

പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക്‌ സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.
പക്ഷെ; ഞാന്‍ പറയട്ടെ - ഈ ദിനം നിങ്ങലെപോലുള്ളവര്‍ക്ക് ഇങ്ങനെ വില കുറഞ്ഞ കെട്ടുകാഴ്ച്ചകലുമായി കൊട്ടിഘോഷിച്ചു അപഹാസ്യരാവനുള്ളതല്ല. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.


ആന വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ പുറപ്പെട്ട അണ്ണാനെപ്പോലെ പൊതുവേദികളില്‍ വെറുതെ നാവടിച്ചു പരിഹാസകഥാപാത്രങ്ങള്‍ ആവുകയാണ് ഇന്നു സ്ത്രീകള്‍. ചിലര്‍ ചൂലുമായി റോഡില്‍ സമരം ചെയ്യാനിരങ്ങിയെന്നതും വേദനയോടെയാണ് എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ഉപയോഗിക്കുന്നതിനെ അഭിമാന ചിഹ്ന്നമാക്കെണ്ടാതിനു പകരം അപമാനത്തിന്റെയും വിലയില്ലയ്മയുടെയും അടയാളമാക്കി മാറ്റുന്ന ഇവരാണ് നിങ്ങളെ സമൂഹത്തിനു മുന്നില്‍ വിലയില്ലാതവരാക്കുന്നത്. സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്ക്ക് പുരുഷനെ അനുകരിക്കെണ്ടാതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.

പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്‌. അവര്ക്കു മാത്രം. പക്ഷെ അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങളെ പോലെയാണ് എല്ലാവരുമെന്ന ചിന്ത ദയവായി ഉപേക്ഷിക്കുക . നിങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ ചുമലില്‍കൂടി ഇറക്കി വക്കാതിരിക്കുക. ഞങ്ങളുടെ മനസാണ് നിങ്ങളുടെ വാക്കുകളെന്നു പറഞ്ഞു ഞങ്ങളെ അപമാനിക്കതിരിക്കുക.

എന്നാല്‍ ഗാര്‍ഹിക പീഡനം അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്നില്‍ വീണലിഞ്ഞ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ണുനീര്‍ തുള്ളികളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. അതിനെതിരെ കഴിയുമെന്കില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തുക. പക്ഷെ അതിന്റെ ആഴിങ്ങളിലേക്ക് ചിന്തിക്കുംപോഴാണ് തിരയുംപോഴാണ് അവിടെയും പലപ്പോഴും പ്രതിസ്ഥാനത്ത് ഏതെങ്കിലും ഒരു സ്ത്രീ ആണെന്ന് കണ്ടെത്താന്‍ കഴിയുക. അതെ, അനുഭവങ്ങള്‍ പലപ്പോഴും നാം കണ്ടില്ലെന്നു നടിച്ചാണ് നാം നമ്മുടെ ശത്രുക്കള്‍ക്ക് പേരു നല്കുന്നത്. നിങ്ങളും സ്വതന്ത്രമായി ഒന്നു ചിന്തിച്ചു നോക്കുക. നിങ്ങള്‍ക്കും പലയിടത്തും പുരുഷന്മാരെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ അതിനെക്കാള്‍ കുടുതല്‍ സഹായവും അവര്‍ നല്‍കിയിട്ടില്ലേ. നിങ്ങള്‍ നടത്തുന്ന ഒരു ജാഥ, സമ്മേളനം, ഇതിന്റെയൊക്കെ പുറകില്‍ നിങ്ങളെ സഹായിച്ചവര്‍ എത്ര പേര്‍. പക്ഷെ നിങ്ങളെ എതിര്‍ത്തവര്‍, തടസപ്പെടുതിയവര്‍, സഹകരിക്കതിരുന്നവര്‍, ആട്ടിയോടിച്ചവര്‍, അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നില്ലേ.... അതെ, നമ്മള്‍ ആദ്യം പോരുതെണ്ടത്, അല്ലെങ്കില്‍ ഇല്ലതാക്കേണ്ടത്, നമ്മള്‍ക്ക് തന്നെ നമ്മളോടുള്ള ശത്രുതയാണ്.

ഇവിടെ ഇന്നു പലരും പറയുന്നതു പോലെ പുരുഷന്റെ അമിതമായ ലൈംഗിക ത്രിഷ്ണയാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ യുദ്ധം ചെയ്യുന്നത് നിഴലിനോടാനെന്നത് തിരിച്ചറിയാനാവാതെ പോയേക്കാം. ഓര്‍ത്തു നോക്കൂ... എല്ലാ ലൈംഗിക പീഡനകേസുകളിലും ഒരു കണ്ണിയായി സ്ത്രീ കാണാറില്ലേ... അതെ ആ കണ്ണിയാണ് നമ്മുടെ ശത്രു. പുരുഷന്റെ അത്തരം ആസക്തിയുടെ എരിതീയിലേക്ക് നിങ്ങളെ നയിക്കുന്ന, അതിലേക്കു എണ്ണയൊഴിച്ച് അതിന് ശക്തി പകരുന്ന ആ ശത്രുവിനോടാണ് നമ്മള്‍ പട വെട്ടേണ്ടത്. പക്ഷെ, ഇന്നു നിങ്ങളെ നയിക്കുന്നവരില്‍ പലരും ആ കണ്ണികളില്‍ പെട്ടവരാണ് എന്നതു നിങ്ങള്‍ തിരിച്ചറിയുന്നില്ല. ലൈംഗിക സ്വാതന്ത്രത്തിനും സ്വവര്‍ഗ ലൈംഗികത പോലെ പുരോഗമനാത്മകമല്ലാത്ത അവകാശങ്ങള്‍ക്കായി തെരുവില്‍ അലരുന്നവര്‍ തന്നെയാണൊ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം ലോകത്തെ, സമൂഹത്തെ, സുരക്ഷിതത്വതിലെക്കല്ല, മരിച്ചു അരക്ഷിതത്വതിലെക്കാണു തള്ളി വിടുന്നതെന്ന് തിരിച്ചറിയാന്‍ ഇവരുടെ ജല്പനങ്ങളുടെ ചെളിപുരണ്ടു തിമിരമേല്‍ക്കാത്ത സാമാന്യ ബോധം മാത്രം മതി. സ്വാതന്ത്രവും സുരക്ഷിതത്വവും തമ്മിലുള്ള ബന്ധവും വൈരുധ്യവുമെല്ലാം ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുമുണ്ട്‌.

സഹോദരിമാരെ, നിങ്ങള്ക്ക് ചിലപ്പോള്‍ തോന്നിയേക്കാം, ഞാന്‍ അന്ധമായി പുരുഷ പക്ഷത്തു നിന്നു സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകള്‍ പറയുകയാണെന്ന്. കാരണം, എന്താണ് സ്ത്രീ പക്ഷമെന്ന് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞ കൂട്ടരാണല്ലോ. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല. സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ സ്ത്രീകളെ ഓര്‍ക്കുന്നതോടൊപ്പം അവരെക്കാള്‍ ഫലപ്രദമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത യേശു ക്രിസ്തു, രാജാ റാം മോഹന്‍ റായ്, പെരിയോര്‍ തുടങ്ങിയ പുരുഷന്മാരെ നിങ്ങള്ക്ക് മറക്കാന്‍ എങ്ങനെ കഴിയും.

ഈ വനിതാ ദിനതിലെന്കിലും തങ്ങളുടെ യദാര്‍ത്ഥ ആവശ്യങ്ങള്‍ എന്താണെന്നും, സമൂഹത്തോട് നമുക്കുള്ള കടപ്പാട് എന്താണെന്നും മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ സഹോദരിമാര്‍ക്കും എന്റെ വനിതാ ദിനാശംസകള്‍.....