25. ശൂന്യതയെ പ്രണയിച്ചവര്‍...

on Wednesday, November 18, 2009

"ഇതു ശരത്കാലം. ഇലകള്‍ പൊഴിയുന്നു.

ഭൂമിയില്‍ പ്രണയം മരിച്ചു കഴിഞ്ഞു .
വിഷാദഭരിതമായ മിഴിനീരുമായി
കാറ്റു തേങ്ങിക്കരയുന്നു.
പുതിയ ഒരു വസന്തതിനായി
ഇനി ഒരിക്കലും എന്റെ ഹൃദയം പ്രത്യാശിക്കില്ല."

ഗ്ലൂമി സണ്‍ഡേ - റെസോ സെറസ്.

ചീറി വരുന്ന തീവണ്ടിക്കു മുന്നിലേക്ക്‌ പെനാല്‍റ്റി കിക്ക് തടയാന്‍ ഡൈവ് ചെയ്യുന്ന ഗോളിയെപ്പോലെ ചാടുമ്പോള്‍ റോബര്‍ട്ട്‌ എങ്കെയുടെ മനസ്സില്‍ ശൂന്യത തന്നെ ആയിരുന്നിരിക്കണം. ഒറ്റ വ്യത്യാസം മാത്രം. പുല്‍മൈതാനങ്ങളിലെ ശ്വാസമടക്കിപ്പിടിച്ച നിശ്ശബ്ദതക്ക് പകരം ചൂളം കുത്തി വരുന്ന തീവണ്ടിയുടെ ശബ്ടായമാനമായ അന്തരീക്ഷമായിരുന്നു ആ സമയം എല്‍വീസ് റെയില്‍വേ ക്രോസിങ്ങില്‍...

ഹാന്നോവറിന്റെ ഗോള്‍വലക്കു മുന്നില്‍ തോല്‍വി ഒഴിവാക്കാനായി വായുവിനെ തുളച്ചു വരുന്ന പന്തുകള്‍ തടയാന്‍ ജര്‍മ്മനിയിലെ മൈതാനങ്ങളില്‍ എങ്കെ ഒരുപാടു തവണ ഡൈവ് ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ നിഷ്ഫലമായ ശ്രമങ്ങള്‍. ചിലപ്പോള്‍ ടീമിനെ രക്ഷിച്ച സേവുകള്‍. പക്ഷെ ഈ നവംബര്‍ 10- നു എല്‍വീസ് റെയില്‍വേ ക്രോസിങ്ങില്‍ കുറുകെ ചാടുമ്പോള്‍ എങ്കെക്ക് ഉറപ്പുണ്ടായിരുന്നു. ഈ ഡൈവ് വിഫലമാവാത്ത ഒരു സേവ് തന്നെ ആയിരിക്കുമെന്ന്. കാരണം, ഈ ചാട്ടത്തിന് രക്ഷിക്കാനുള്ളത് 90 മിനിട്ട് നേരത്തെ യുദ്ധത്തില്‍ നിന്നല്ല.അതിനുമപ്പുറം അവ്യക്തമായ ഇരുളിലേക്ക് പരന്നു കിടക്കുന്ന ജീവിതത്തിന്റെ അനിശ്ചിതത്വത്തില്‍ നിന്നു തന്നെ ആയിരുന്നു.
32 - വയസ്സ് മാത്രം നീണ്ട ജീവിതത്തില്‍ ഇരുളിനെ എങ്കെ എന്നും ഭയപ്പെട്ടിരുന്നു. എപ്പോഴും തനിക്ക് മുന്നില്‍ ഫണം വിടര്‍ത്തി ആടാന്‍ തോല്‍വിയുടെ ഇരുള്‍ കാത്തിരിക്കുന്നു എന്ന ഭയം എങ്കെയേ വര്‍ഷങ്ങള്‍ക്കു മുന്‍പേ വിഷാദരോഗത്തിനടിമയാക്കി മാറ്റി. 2006-ഇല്‍ ഏക മകള്‍ രണ്ടു വയസ്സുകാരിയായ ലാറയുടെ മരണവും എങ്കെക്ക് വഴി കാട്ടിയത് എന്നും ഭയപ്പെട്ടിരുന്ന ആ ഇരുളിലേക്ക് തന്നെ ആയിരുന്നു. ഒരു പക്ഷെ ഇരുളിന്റെ ഭീകരതയെക്കാള്‍ മരണത്തിന്റെ ശൂന്യതയെ പ്രണയിക്കാന്‍ എങ്കെയെ നിര്‍ബന്ധിതനാക്കിയത് ആ സംഭവമാവണം. ആ പ്രണയത്തില്‍ നിന്നു എങ്കെയെ പിന്തിരിക്കാന്‍ ആ ഇരുളിലെ രണ്ടു കുഞ്ഞു നക്ഷത്രങ്ങള്‍ക്കും - ഭാര്യ തെരെസക്കും വളര്‍ത്തു പുത്രി ലൈലക്കും - കഴിഞ്ഞില്ല. ഒടുവില്‍ ഇരുളില്‍ നിന്നു ശൂന്യതയിലേക്കുള്ള എങ്കെയുടെ ഡൈവ് ഏകാന്തതയുടെ താഴ്വരയിലേക്ക് വലിച്ചെറിയാന്‍ മാത്രമായിരുന്നു അവരുടെ വിധി.

മരണം പലപ്പോഴും അങ്ങിനെ ആണ്. കുറച്ചു മനസുകളെയെങ്കിലും അനാഥമാക്കിയാണ് ഓരോ മനുഷ്യരും ഓര്‍മ്മകള്‍ ആയി മറയുന്നത്. ( അനാഥമെന്നത് ഒരു പക്ഷെ ജീവിതത്തിന്റെ കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥയുമാവാം. ) എങ്കെയുടെ ദുരന്തം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന മറ്റൊരു രൂപം വി. പി. സത്യന്റെതാണ്. മരണത്തിന്റെ രൂപവുമായി മുന്നിലേക്ക്‌ പാഞ്ഞടുത്ത തീവണ്ടിയെ തടഞ്ഞു നിര്‍ത്താന്‍ ഒരു പാടു ശത്രു മുന്നേറ്റങ്ങളുടെ മുനയോടിച്ച ഇന്ത്യന്‍ ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്റ്റോപ്പര്‍ ബാക്കിനും കഴിഞ്ഞില്ല.

ഫ്രീകിക്കുകളും പെനാല്‍ട്ടികളും ഫൌളുകളും കാര്‍ഡുകളും ഒന്നും ഇല്ലാത്ത ലോകത്തേക്ക് മാര്‍ച്ച് ചെയ്ത എങ്കെയിലൂടെ തുടങ്ങിയ അടുക്കളയുടെ ഇന്നത്തെ യാത്ര തുടരുന്നത് ആത്മഹത്യയുടെ ഇരുള്‍ ദ്വീപിലേക്കാണ്. സ്വാഭാവികമായ ചിന്തയില്‍ നാം മന:പൂര്‍വ്വമോ അല്ലാതെയോ ഒഴിച്ചിടുന്ന ചില വഴിത്താരകളിലൂടെ.

ജീവിതമോ? അതോ മരണമോ?

ഏതാണെളുപ്പം...

( മരണത്തിന്റെ ബുദ്ദിമുട്ടുകളെയും എളുപ്പത്തെയും പറ്റി പറഞ്ഞു തരാന്‍ ആ കയങ്ങളില്‍ നിന്നും ഇനിയും ആരും തിരികെയെത്തിയിട്ടില്ല. എങ്കിലും ജീവിതത്തിന്റെ ബുദ്ദിമുട്ടുകളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെയാണ് പലരും സ്വയം മരണം തിരഞ്ഞെടുക്കുന്നത് എനതുകൊണ്ട് തന്നെ ജീവിതം മരണത്തെക്കാള്‍ എളുപ്പമല്ല എന്ന ചിന്തയിലാണ് അടുക്കള നിങ്ങളുമായി സംവദിക്കുന്നത്. പൂര്‍ണ്ണമായും ശരിയാണെന്ന അവകാശവാദത്തോടെയല്ല; ശരിയുമാകാം എന്ന വിശ്വാസത്തോടെ തന്നെ.)

മരണം തന്നെ.

അത് തന്നെയാണ് പല ആത്മാഹത്യകള്‍ക്കുമുള്ള പ്രാഥമികമായ കാരണം. എങ്കിലും ജീവിതം മടുത്തവര്‍ മാത്രമാണ് ആ മാര്‍ഗം തിരഞ്ഞെടുക്കുന്നതെന്ന അഭിപ്രായം അടുക്കളക്കില്ല. ജീവിക്കണമെന്ന ആഗ്രഹം മറ്റാരേക്കാളും കൂടുതലായി അവരിലും ഉണ്ടായിരുന്നത്. പക്ഷെ അവര്‍ ആ ആഗ്രഹത്തിന്റെ സ്വപ്നങ്ങളേക്കാള്‍ വളരെയേറെ ജീവിതമെന്ന അനിശ്ചിതത്വത്തെ ഭയപ്പെട്ടു. ആ ഭയം; അതാണ്‌ അവര്‍ക്ക് ശൂന്യതയുടെ പാതയിലേക്ക് വഴി കാണിച്ചത്. ആഗ്രഹങ്ങളെ അവസ്ഥകള്‍ കീഴടക്കുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സിന്റെ സ്ഥയിര്യം നഷ്ടമായിപ്പോകുന്നതായിരിക്കണം ഇനിയൊരു നിമിഷത്തെ അഭിമുഖീകരിക്കാന്‍ ആവാത്ത വിധം അവരെ തളര്‍ത്തിയത്. മരണത്തെ ഭയപ്പെട്ടു നടക്കുന്നവര്‍ അതിനെ പുല്കുന്നത് വിരോധാഭാസമായി തോന്നാമെങ്കിലും മരണത്തെക്കാള്‍ ജീവിതത്തെ ഭയക്കുന്നവരും ഇവിടെയുണ്ട് എന്ന് തന്നെയാണ് ഓരോ ആത്മഹത്യയും നമ്മോടു വിളിച്ചോതുന്നത്‌

അതിനെക്കുറിചോര്‍ക്കും മുന്‍പ് എന്താണ് ആത്മഹത്യ എന്നത് കൊണ്ടു നാം വിവക്ഷിക്കുന്നത് എന്ന വ്യക്തമായ ധാരണയില്‍ എത്തേണ്ടതുണ്ട്. ലളിതമായി പറഞ്ഞാല്‍ അറിഞ്ഞു കൊണ്ടു മരണത്തിന്റെ പാതയിലേക്കുള്ള, പാതയിലൂടെയുള്ള എല്ലാ യാത്രകളും ആത്മഹത്യ ശ്രമങ്ങള്‍ തന്നെയാണ്. ഇടയില്‍ വച്ചു പലതും തടഞ്ഞു നിര്‍ത്തപ്പെടുന്നുണ്ടെങ്കിലും. മന:ശാസ്ത്രജ്ഞര്‍ അതിലേക്കു നയിക്കുന്ന മസ്തിഷ്കത്തിന്റെ രാസപ്രവര്‍ത്തനങ്ങളെ ഒരു പാടു വിശകലനം ചെയ്തു നമുക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയുടെ പ്രത്യക്ഷമായ കാരണങ്ങളെയും അവര്‍ നമുക്കു മുന്നില്‍ വരച്ചിട്ടിട്ടുണ്ട്. പ്രണയ നൈരാശ്യം, ജീവിത സമ്മര്‍ദ്ദം, വിഷാദ രോഗം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍, അപമാനം, ബിസിനെസ്സ്, തൊഴില്‍ പരാജയങ്ങള്‍, ഭീഷണി, ഏകാന്തത, അങ്ങനെ അങ്ങനെ... പക്ഷെ അടുക്കള ഇന്നു അതിനെക്കുറിച്ചൊന്നും ഓര്‍ക്കുന്നില്ല.

ഇപ്പറഞ്ഞ വിഷയങ്ങള്‍ അപ്രസക്തമായത് കൊണ്ടല്ല ട്ടോ. അത് അടുക്കള ഇനി പറയാന്‍ പോകുന്ന കാര്യങ്ങളെക്കാള്‍ പ്രസക്തം തന്നെയാണ്. എങ്കിലും ഈ പ്രസക്തമായ കാര്യങ്ങള്‍ക്കിടയിലും വിസ്മരിക്കാന്‍ പാടില്ലാത്ത ചില അപൂര്‍വ്വം സംഭവങ്ങള്‍. അതിനെ നിങ്ങളില്‍ പലര്‍ക്കും അപരിചിതമായ ഒരു ദൃഷ്ടിയിലൂടെ കാണാന്‍ ശ്രമിക്കുകയാണിവിടെ. ഒരു പക്ഷെ ആ സംഭവങ്ങളില്‍ പലതും ആത്മഹത്യ എന്ന് അംഗീകരിക്കാന്‍ പോലും പലര്‍ക്കും കഴിഞ്ഞേക്കില്ല. കാഴ്ച്ചയുടെ കോണുകള്‍ എല്ലാം ഒരുപോലെ ആവില്ലല്ലോ. അടുക്കളയുടെ ഈ കാഴ്ചയിലേക്കും മിഴി തുറക്കുക. വിയോജനങ്ങള്‍ ഉണ്ടായേക്കാം. അറിയിക്കുക.

കൃത്യം 31 വര്‍ഷങ്ങള്‍ക്കു മുന്‍പ്. 1978 നവംബര്‍ 18. തെക്കേ അമേരിക്കയിലെ ഗയാനയിലെ ജോനസ് ടൌണ്‍. ജിം ജോണ്‍സിന്റെ നേതൃത്വത്തില്‍ അവിടെ ഒരു പ്രത്യേക സമൂഹമായി ജീവിക്കുന്ന അമേരിക്കന്‍ ജനതയുടെ ഇടയിലേക്ക് അന്വേഷണത്തിനായി വന്ന അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ലിയോ റൈന്‍ തിരികെ പോവുകയാണ്. ഭരണകൂടത്തിനെ എതിര്‍ത്ത് കൊണ്ടു നില്ക്കുന്ന, അല്ലെങ്കില്‍ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്കു വിധേയരാവാതെ നില്ക്കുന്ന ആ സമൂഹം അമേരിക്കക്കാര്‍ക്ക് ഒരു തല വേദനയായി മാറിക്കഴിഞ്ഞിരുന്നു അക്കാലത്ത്. പ്രത്യേകിച്ചും തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ സോവിയറ്റ് യൂനിയനോടുള്ള താത്പര്യം ജോണ്‍സ് പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്ന സാഹചര്യത്തില്‍. അവരെ തിരികെ അമേരിക്കയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യമായിരുന്നു റൈനിന്റെ സന്ദര്‍ശനത്തിലൂടെ അമേരിക്കന്‍ കോണ്‍ഗ്രസ് അന്ന് ലക്ഷ്യം വച്ചത്. റൈന്‍ വളരെ സമാധാനപരമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതീക്ഷകളുമായാണ് തിരികെ വിമാനതിഎല്ക്കു കയറിയത്. എന്നാല്‍ തങ്ങളുടെ അനുയായികളില്‍ മാനസിക പരിവര്‍ത്തനം ഉണ്ടാവുന്നു എന്ന് തിരിച്ചറിഞ്ഞ ജോണ്‍സ് അപ്രതീക്ഷിതമായി ലിയോ റൈന്‍ കയറിയ വിമാനം ജോനസ് ടൌണിലെ കൈതുമ തുറമുഖത്തെ എയര്‍സ്ട്രിപ്പില്‍ വച്ചു വെടിവച്ചിട്ടു. റൈനും കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തില്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധി കൊല്ലപെടുന്ന ഏക സംഭവം. പക്ഷെ അതിഎനെക്കാള്‍ വലുത് സംഭാവിക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.

ഉച്ചക്ക് ജോനസ് ടൌണില്‍ അവിടെയുള്ള എല്ലാവരും ഒത്തു കൂടി. അവിടെ വച്ചു തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ കെട്ട് പലരും ഞെട്ടിയിട്ടുണ്ടാവണം. " നമ്മള്‍ എല്ലാവരും ഇപ്പോള്‍ ജീവനൊടുക്കാന്‍ പോകുന്നു. ഇതൊരു ആത്മഹത്യയല്ല. വിപ്ലവമാണ്. ലോകത്തിലെ എല്ലാ മനുഷ്യത്വമില്ലായ്മക്കും എതിരെ നമ്മള്‍ മരണത്തിലൂടെ വിപ്ലവം ചെയ്യാന്‍ പോകുന്നു." ജോണ്‍സ് പതിവു പോലെ തന്റേതായ കാരണങ്ങള്‍ പലതും നിരത്തി അവരെ വിശ്വസിപ്പിച്ചു. ചിലര്‍ എതിര്‍ത്തെങ്കിലും അവസാന തീരുമാനം ജോണ്‍സിന്റെ വാക്കുകള്‍ തന്നെയായിരുന്നു. മരണത്തിലൂടെയുള്ള വിപ്ലവം. കൊച്ചു കുഞ്ഞുങ്ങള്‍ അടക്കം 909 അമേരിക്കന്‍ പൌരന്‍മാരാണ് മുന്തിരിച്ചാറില്‍ ലയിപ്പിച്ച വിഷം നുകര്‍ന്നത്‌. 2001 - ലെ ഭീകരാക്രമണത്തിനു മുന്‍പ് പ്രകൃതി ക്ഷോഭങ്ങളിലൂടെ അല്ലാതെ അമേരിക്കന്‍ ജനതക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങള്‍ വിഷപാനീയം നല്‍കുമ്പോള്‍ ആ അമ്മമാരുടെ കൈകള്‍ ഒരിക്കലും പതറിയില്ല. ഒടുവില്‍ സ്വയം അത് നുകരുമ്പോഴും അവര്‍ക്ക് അറിയുമായിരുന്നില്ല തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്.കാരണം അവരുടെ മനസ്സില്‍ കാതുകളില്‍ അപ്പോഴും ഒരു ശബ്ദം മാത്രമെ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ വിപ്ലവം ചെയ്യുകയാണ്!!!

തങ്ങളുടെ സ്വത്തെല്ലാം സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എഴുതി വച്ചാണ് പലരും അന്ന് ജീവനൊടുക്കിയത്. പക്ഷെ ആ ആത്മബലി കൊണ്ടു അവരോ, ആ ദാനം കൊണ്ടു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോ രക്ഷപ്പെട്ടില്ല എന്നത് പില്‍ക്കാല ചരിത്രം. അത് നമുക്കു മറക്കാം. പക്ഷെ ഒന്നു ചിന്തിക്കുക. ആ കൂട്ട ആത്മഹത്യ കേവലും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നുവോ? അല്ല. ഒരിക്കലും അല്ല!!!

യദാര്‍ത്ഥത്തില്‍ അവര്‍ ഓരോരുത്തരുടേയും മരണം വളരെ കാലങ്ങള്‍ക്ക് മുന്‍പു തന്നെ കഴിഞ്ഞിരുന്നു. സ്വന്തം ചിന്താശേഷിയും തീരുമാനങ്ങളും മറ്റൊരാള്‍ക്ക് മുന്നില്‍ അടിമപ്പെടുതുന്ന നിമിഷം ഓരോ മനുഷ്യന്റെയും അന്ത്യം തന്നെയാണ്. പിന്നെ ബാക്കി അവശേഷിക്കുന്നത് ആരുടെയൊക്കെയോ ആജ്ഞകള്‍ക്കനുസരിച്ച് പ്രതികരിക്കുന്ന ഒരു ജഡം മാത്രം. ഒരര്‍ത്ഥത്തില്‍ ഇത്തരം സംഭവങ്ങളുടെ അടിസ്ഥാന കാരണം ഈ ലോകത്ത് ജീവിക്കുന്നു എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന മനുഷ്യരൂപങ്ങളില്‍ പലതും ഇത്തരം ജഡങ്ങള്‍ ആണെന്നതാണ്. ആ ഒരു യാദാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ ജോനസ് ടൌണ്‍ ദുരന്തം ഒട്ടും തന്നെ നമ്മളെ അത്ഭുതപ്പെടുത്തില്ല. ഇനിയും എവിടെയും ആവര്‍ത്തിക്കപ്പെടാവുന്ന ഒരു അവസ്ഥ മാത്രം. പ്രത്യേകിച്ചും മനുഷ്യരില്‍ നല്ലൊരു പങ്കും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ കലുഷിതമാക്കപ്പെട്ട ദുര്‍ബലമാക്കപെട്ട മനസ്സുകളാല്‍ അസ്വസ്ഥമാക്കപ്പെട്ട ഈ കാലത്ത്.

വര്‍ഷം വരെ ശ്രീലങ്കന്‍ സിംഹള ജനതയുടെ പേടിസ്വപ്നമായിരുന്ന തമിഴ് പുലികളും ഒരര്‍ത്ഥത്തില്‍ ആത്മഹത്യക്കായി തുനിഞ്ഞിറങ്ങിയവര്‍ ആയിരുന്നു. കഴുത്തില്‍ അണിഞ്ഞ സയനൈഡ് കാപ്സ്യൂളുമായി ചിതറിത്തെരിക്കാന്‍ പാകത്തില്‍ ശരീരത്തില്‍ അണിഞ്ഞ ബോംബുകളുമായി അവരുടെ ഓരോ യാത്രയും മരണം തേടി തന്നെ ആയിരുന്നു. അമേരിക്കയിലെ ട്രേഡ് സെന്ററിന്റെ നിലകളിലേക്ക് വിമാനം പരത്തിയവര്‍ക്കും അറിയാമായിരുന്നു തങ്ങള്‍ മരണത്തിലേക്കുള്ള യാത്രയില്‍ ആണെന്ന്. അതെ അറിഞ്ഞു കൊണ്ടു മരണത്തിന്റെ പാതയിലൂടെയുള്ള യാത്ര. ബിന്‍ ലാദന്റെ അനുയായികളും മറ്റു ഭീകരവാദികളും എല്ലാം നടന്നടുക്കുന്നത് മരണത്തിലേക്ക് തന്നെയാണ്. അവരുടെ ആരുടേയും പ്രശ്നങ്ങള്‍ ഒരിക്കലും വ്യക്തിപരം ആയിരുന്നില്ല. അതിശക്തമായ മസ്തിഷ്ക പ്രക്ഷാളനം നടത്തപ്പെട്ടു മരവിച്ച മനസ്സുമായി ചലിക്കുന്ന ജഡങ്ങള്‍ മാത്രമല്ലേ അവരെല്ലാം തന്നെ. ജോനസ് ടൌണിന്റെ ഇതര പതിപ്പുകള്‍ മാത്രമാണ് ഇവയെല്ലാം തന്നെ എന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും ചിന്തിക്കേണ്ടതില്ല.



ഈ വര്‍ഷം സപ്തംബറില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി വൈ. എസ്‌. രാജശേഖര്‍ റെഡ്ഢിയുടെ ആകസ്മിക മരണം സ്വന്തം ജീവന്‍ ത്യജിച്ചു കൊണ്ടു ആഘോഷമാക്കിയ ആരാധകരുടെ സാഹസങ്ങള്‍ നമ്മള്‍ കേട്ടിട്ട് അധികം നാളായില്ല. ഇന്ദിര ഗാന്ധിയെപ്പോലെയുള്ള വന്മരങ്ങളുടെ കടപുഴകലില്‍ ജീവന്‍ ഹോമിച്ചവരെയും നമ്മളാരും മറന്നിട്ടുണ്ടാവില്ല. തമിഴ് നാട്ടില്‍ മുന്‍ മുഖ്യമന്ത്രി എം.ജി.ആര്‍. അന്തരിച്ചപ്പോഴും ഇത്തരം അപക്വതകള്‍ ഇവിടെ നടമാടിയിരുന്നു. സ്വന്തം ജീവിതത്തിന്റെ നിലനില്‍പ്പ് അടിസ്ഥാനം എല്ലാം മറ്റൊരാളുടെ ശ്വാസത്തില്‍ ആണെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന യാദാര്‍ത്ഥ്യം എത്ര ഭീകരമാണ്. ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എന്ത് ബോധവല്‍ക്കരണത്തിനാണ് കഴിയുക? ആത്മഹത്യയുടെ കാരണം കൃത്യമായി പറയാന്‍ കഴിഞ്ഞേക്കാം എങ്കിലും അതിനൊരു പ്രതിവിധിയോ അതിനെക്കുറിച്ചുള്ള പഠനമോ ഒന്നും എവിടെയും കണ്ടില്ല. വിവരമില്ലാതവരല്ലേ. അവര്‍ ജീവിച്ചാലെന്തു മരിച്ചാലെന്തു എന്നായിരിക്കും അല്ലെ. അതോ അന്തരിച്ച നേതാവിന്റെ മഹിമ വാഴ്ത്താന്‍ നമുക്കു അങ്ങിനെ കുറച്ചു ഹോമിക്കപ്പെട്ട ജന്മങ്ങളുടെ കണക്കുകളും വേണമെന്ന ചിന്തയോ? രാഷ്ട്രീയ ജാഥകളില്‍ തീകൊളുത്തി മരിച്ച സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ആന്ധ്ര പ്രദേശ്‌ സംസ്ഥാനത്തിനായി നിരാഹാരം കിടന്നു മരിച്ച പോട്ടി ശ്രീരാമലുവിനെ വീരപുരുഷന്‍ ആയിട്ടാണ് ചരിത്ര പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌. പക്ഷെ പ്രവൃതിയില്‍ ആ ഗാന്ധിശിഷ്യന്റെ അന്ത്യവും ആത്മഹത്യ തന്നെ ആയിരുന്നു. വിനോഭ ഭാവെയെപ്പോലുള്ള ചിലര്‍ വാര്‍ധക്യത്തിന്റെ ഒരു ഘട്ടത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും നിരാഹാരത്തിലൂടെ മരണത്തിന്റെ പാതയിലേക്ക് നടന്നകലുകയും ചെയ്തവരാണ്. ലക്ഷ്യങ്ങളും രീതികളും വ്യത്യസ്തമെങ്കിലും ഫലം എല്ലാം ഒന്നു തന്നെയായിരുന്നു. ഒരു ജീവന്റെ അസ്തമനം.

ഒടുവിലായി പറയാനുള്ളത് നമ്മള്‍ ധീര ദേശാഭിമാനികളെന്നും രാജ്യത്തിന്റെ രക്ഷകരെന്നും വാഴ്ത്തുന്ന പട്ടാളക്കാരെയും കമന്റോകളെയും കരിംപൂച്ചകളെയും ഒക്കെക്കുറിച്ചാണ്. ആദ്യം പറഞ്ഞ വാചകം ഒന്നു കൂടി എടുത്തെഴുതട്ടെ. "അറിഞ്ഞു കൊണ്ടു മരണത്തിലേക്കുള്ള മരണത്തിന്റെ പാതയിലേക്കുള്ള യാത്രകളെല്ലാം തന്നെ ആത്മഹത്യാ ശ്രമങ്ങള്‍ ആണ്." ഓരോ പട്ടാളക്കാരെയും നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നതും ആ മരണത്തിന്റെ വായിലേക്ക് നടന്നടുക്കാനാണ്. മരണത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടു ജീവിതത്തെ കൊത്തിപ്പറക്കാന്‍ ശ്രമിക്കുന്നവര്‍. അവരും മറ്റുള്ളവരും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. മറ്റുള്ളവര്‍ മരണം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവര്‍ അല്പം പോലും അതിനാഗ്രഹിക്കുന്നില്ല. പഴയകാല വടക്കന്‍ പാട്ടു കഥകളില്‍ കേട്ടിട്ടുള്ള സംഭാഷണങ്ങള്‍ ഉണ്ട്. ജയിച്ചാല്‍ അംഗീകാരം. മരിച്ചാല്‍ അമരത്വം. ആശീര്‍വദിച്ചു വിടുന്നത് മരണത്തിലേക്കാണ്. ആ മരണങ്ങളെ നമ്മള്‍ രക്തസാക്ഷിത്വമെന്നു പറയുന്നു. ആ പറച്ചിലിലൂടെ യദാര്‍ത്ഥത്തില്‍ വെളിവാകുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥത തന്നെയാണ്. തങ്ങള്‍ക്കു ലാഭമുള്ളതിനെ പ്രോത്സാഹിപ്പിക്കുക. അത് മറ്റുള്ളവര്‍ക്ക് എത്ര ദോഷകരം ആയാലും. അതല്ലേ ജയ്‌ ജവാന്‍ എന്ന മുദ്രാവാക്യവും വിളിചോതുന്നതും. ജവാന്മാര്‍ വിജയിക്കേണ്ടത് ആരുടെ ആവശ്യമാണ്‌. നമ്മുടെ തന്നെ. യദാര്‍ത്ഥത്തില്‍ നമ്മള്‍ ജവാന്മാരുടെ രക്ഷയല്ല കാംക്ഷിക്കുന്നത്. അവരുടെ അപായങ്ങളിലൂടെ ആണെങ്കിലും സ്വരക്ഷ തന്നെയാണ്.

മേല്‍ പറഞ്ഞ സംഭവങ്ങളില്‍ എല്ലാം തന്നെ സമൂഹം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വൈരുധ്യം നമുക്കു കാണാനാകും. നമ്മുടെ തന്നെ മനസ്സിന്റെ ഇരട്ടത്താപ്പാണ് അതിലൂടെ വ്യക്തമാവുന്നത്. നമ്മുടെ ആവശ്യമായ ആത്മഹത്യകള്‍ വീര ചരമങ്ങള്‍. അവര്‍ക്കു ബഹുമതികള്‍. അല്ലാത്തവര്‍ക്ക് തെമ്മടിക്കുഴിയും പഴിയും. ഒന്നുകൂടി നോക്കിയാല്‍ ഒരു ആത്മഹത്യക്കും കാരണക്കാര്‍ മരിച്ചവരല്ല, മറിച്ച്‌ ജീവിച്ചിരിക്കുന്നവര്‍ തന്നെ ആണെന്ന് കാണാം. അവിടെയാണ് നമ്മള്‍ ആത്മഹത്യ പ്രതിരോധത്തിന്റെ പാഠങ്ങള്‍ തിരുത്തേണ്ടത്. കേവലം ഒരു വ്യക്തിയെ അല്ല, മൊത്തം സമൂഹത്തെ തന്നെ മാറ്റി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. അത് കൊണ്ടു തന്നെ കേവലം ഒരു വ്യക്തിയെ മാനസിക കൌണ്‍സിലിംഗ് നടത്തി മരണത്തില്‍ നിന്നും രക്ഷിക്കാം എന്നത് ചിലപ്പോഴൊക്കെ ശരിയായി വന്നേക്കാം. പക്ഷെ അതൊരിക്കലും ഒരു ശാശ്വത പരിഹാരമാകുന്നില്ല. കാരണം ആ സാഹചര്യങ്ങള്‍ സമൂഹത്തില്‍ അപ്പോഴും നില നില്‍ക്കുന്നുണ്ടാകും. അടുത്ത ഒരു ഇരയെയും കാത്തു.

അതെ. നമ്മള്‍ കരുതുന്നതുപോലെ ആത്മഹത്യ എന്നത് കേവലം ജീവനോടുക്കുക എന്നതിനപ്പുറം മറ്റെന്തൊക്കെയോ കൂടി ആണ്. പക്ഷെ ഇപ്പോഴും നമ്മള്‍ അതിനെ ആ ഇടുങ്ങിയ ചിന്തകളില്‍ തളച്ചിടാന്‍ തന്നെയാണ് ശ്രമിക്കുന്നത്.ഒരിക്കലും ആത്മഹത്യയുടെ കാരണം ജീവിത പ്രതിസന്ധി എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല എന്ന് തന്നെയാണ് അതിനെ ആഴത്തില്‍ അപഗ്രതിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്‌. ആത്മഹത്യ പ്രതിരോധം എന്ന് പറയുമ്പോള്‍ നമ്മള്‍ മറക്കുന്നതും അതാണ്‌. യദാര്‍ത്ഥത്തില്‍ മരണം മനസ്സില്‍ തിരഞ്ഞെടുക്കുന്ന നിമിഷം തന്നെ മനുഷ്യന്‍ മരിച്ചു കഴിഞ്ഞു . പിന്നെ ഭാക്കിയുള്ള ഈ ശരീരമെന്ന ജഡം സംസ്കരിക്കാനുള്ള ഒരു ശ്രമം മാത്രമാണ് നമ്മള്‍ ഇന്നു ആത്മഹത്യ എന്ന് പറയുന്നതു. അതെ, ഇന്നു നമ്മള്‍ കണ്ടു മുട്ടുന്ന പലരും യദാര്‍ത്ഥത്തില്‍ മരിച്ചു കഴിഞ്ഞവരാകാം. അത് കൊണ്ടു തന്നെ നമ്മള്‍ പ്രതിരോധം തുടങ്ങേണ്ടത് മനസ്സിലേക്ക് ആ തീരുമാനം നിര്‍ബന്ധിതമാക്കുന്ന അവസ്ഥയില്‍ നിന്നുമാണ്. അതെ നമ്മുടെയൊക്കെ മനസ്സില്‍ നിന്നു തന്നെ.