11. സ്നേഹം എന്ന പദത്തിനര്‍ത്ഥം തേടി....

on Sunday, May 31, 2009


" I who have lost,
My way and beg now at stranger's door's to;
Recieve love, at least in small exchange"

(My Grand Mother's House)

സമാഗമത്തിന്റെ ആനന്ധത്തെക്കാള്‍ മൂര്‍ച്ചയുണ്ട് വേര്‍പാടിന്റെ വേദനക്ക്. അതുകൊണ്ടാണല്ലോ തോട്ടത്തില്‍ പുതിയ പൂക്കള്‍ വിടരുമ്പോഴും പൊഴിയുന്ന പുഷ്പങ്ങളുടെ ദളങ്ങള്‍ക്കൊപ്പം മിഴിനീര്‍ തുള്ളികളും ഭൂമിയെ ചുംബിക്കാരുള്ളത്. ഇന്നു ഒരു ഭംഗിയേറിയപൂവിന്റെ അവസാന ഇതള്‍ കു‌ടി പൊഴിഞ്ഞിരിക്കുന്നു. രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതയില്‍ കണ്ണീരും പുഞ്ചിരിയുമായിഎന്റെ മടിത്തട്ടിലിരുന്നു സ്നേഹത്തിനു പുതിയ വര്‍ണങ്ങളും ഭാവങ്ങളും പകര്‍ന്ന, മനസ്സില്‍ എന്നും ബാല്യം സൂക്ഷിച്ച ഒരു അപൂര്‍വ പുഷ്പം. എന്നോട് കിന്നാരം പറഞ്ഞാണ് സ്നേഹത്തിന്റെ വിഷാദ വീചികള്‍ക്ക് അവള്‍ വാക്കുകളുടെ രൂപം നല്കിയത്. വാക്കുകളുടെ സംഗീതത്താല്‍ കുളിര്‍ കോരിയണിയിച്ച മന്ദഹാസം കൊണ്ടു ഏറെ മോഹിപ്പിച്ച ഒരു സാന്നിധ്യം ഇനി ഓര്‍മ്മകളിലെ ഒരു പച്ചതുരുത്ത് മാത്രം.


പുതു യുഗത്തില്‍ സ്ത്രീവാദികള്‍ എന്ന് പറയുന്നവര്‍ പ്രണയത്തെ സ്ത്രീയുടെ ദൌര്‍ബല്യമെന്നു പറഞ്ഞപ്പോള്‍ ആ ദൌര്‍ബല്യമാണ് അവരുടെ ഭംഗിയെന്ന് പറയാന്‍ ഇനി ഒരു മാധവിക്കുട്ടി നമ്മള്‍ക്കിടയിലില്ല. ഫെമിനിസത്തിന്റെ ഊഷര ഭൂവില്‍ ഇനിയുള്ള കാലം മാധവിക്കുട്ടിയെന്ന മരുപ്പച്ചയുടെ സാന്നിധ്യം മിസ്‌ ചെയ്യുമെന്ന കാര്യം സംശയമേതുമില്ല.

സ്നേഹത്തെക്കുറിച്ച് ഏറെ പാടിയെങ്കിലും ജീവിതാവസാനം വരെ തനിക്ക് ലഭിച്ച സ്നേഹത്തില്‍ സംതൃപ്തയാകാത്ത; അത് ലോകത്തോട്‌ വിളിച്ചു പറഞ്ഞ മാധവിക്കുട്ടിയെ നാം സ്നേഹിച്ചിരുന്നുവെന്ന് അനുശോചന സന്ദേശങ്ങള്‍ പാറി നടക്കുമ്പോള്‍ അവരുടെ ആത്മാവ് ചിരിക്കുന്നുണ്ടാവും. ആ സ്നേഹം ഉപേക്ഷിച്ചു പോരേണ്ടി വന്നതിലെ നഷ്ട ബോധമോര്‍തല്ല മറിച്ച് തന്റെ മരണ വാര്‍ത്ത അറിഞ്ഞ ശേഷം മാത്രമുണ്ടായ ഈ വാചക കസര്‍തുകളെ ഓര്‍ത്ത്‌. ആഗ്രഹങ്ങള്‍ക്ക് വിപരീതമായി ആശുപത്രി കിടക്കയില്‍ രോഗഗ്രസ്തയായി കിടന്നിട്ടും ഓര്‍ക്കാതെ, അന്ത്യം ആഘോഷമാക്കിയ മാധ്യമങ്ങളെയും സുഹൃത്തുക്കളെയും ഓര്‍ത്ത്‌.

ഒരു പക്ഷെ ആര്ക്കും ഉള്‍ക്കൊള്ളാനാവാത്ത വൈരുധ്യങ്ങലായിരുന്നു മാധവിക്കുട്ടി തന്റെ ജീവിതത്തിലൂടെ ലോകത്തിനു മുന്നില്‍ വരച്ചിട്ടത്. പക്ഷെ സാധാരണ സ്ത്രീകളുടെ ജീവിത രീതികളെ മുഴുവന്‍ വെല്ലുവിളിച്ച അവര്‍ നേടിയത് പ്രശംസയെക്കാള്‍ ഏറെ പരിഹാസങ്ങലായിരുന്നു. അംഗീകാരത്തേക്കാള്‍ ഏറെ അവജ്ഞയായിരുന്നു. പക്ഷെ മനസ്സില്‍ തോന്നുന്നത് മുഖത്ത് നോക്കി വിളിച്ചു പറയാനുള്ള നട്ടെല്ല് അവര്‍ക്കുള്ളത് പോലെ ഇവിടത്തെ പുരുഷന്മാര്‍ക്കില്ലാതെ പോയത് കൊണ്ടു അവര്‍ അവളെ വാക്കുകള്‍ കൊണ്ടു കിരീടമണിയിച്ചു. മക്കളോടും ഭര്‍ത്താവിനോടും സുഹൃതുക്കലോടുമുള്ള സ്നേഹത്തെ കുറിച്ചു വാചാലയാവുംബോഴും തനിക്ക് ലഭിക്കാത്ത സ്നേഹത്തെ കുറിച്ചാണ് അവള്ക്ക് എഴുതാനുണ്ടായിരുന്നത്. പക്ഷെ ഇവരില്‍ നിന്നൊന്നും കിട്ടാത്ത ആ സ്നേഹം എന്താണെന്ന് അവര്‍ ഒരിക്കലും വ്യക്തമാക്കിയില്ല. സ്വാതത്രമാണ് സ്ത്രീക്ക് വേണ്ടതെന്ന് കരുതിയ; അതിന്റെ എല്ലാ സത്തയും അനുഭവിച്ച അവര്‍ സായാഹ്നത്തില്‍ ഒരു പര്‍ദ്ദക്കുള്ളിലെ ഏകാന്തതയില്‍ അത് വരെ അനുഭവിക്കാത്ത സുരക്ഷിതതത്വവും ശാന്തിയും തേടുന്നു. യഥാര്‍ത്ഥത്തില്‍ തന്റെ സ്വത്വം എന്താണെന്ന് ലോകത്തോട്‌ ഉറപ്പിച്ചു പറയാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല; തങ്ങളുടെ മാത്രം സന്തോഷമായി കരുതേണ്ട സ്വകാര്യതകള്‍ പോലും പ്രശസ്തിക്കായി മഷി പുരട്ടിയപ്പോഴും.

യഥാര്‍ത്ഥത്തില്‍ താന്‍ തേടുന്നത്‌ എന്താണെന്ന ആശയക്കുഴപ്പം മനസിനെ കീഴടിക്കയതാവണം സ്നേഹത്തിനായി ദാഹിച്ചു കൊണ്ടു സ്നേഹത്തിനു നടുവില്‍ കിടന്നു മരണത്തിന്റെ തണുപ്പിനെ പുല്‍കാന്‍ കാരണമായതും. ശരീരമാണ് എല്ലാം എന്ന് അവര്‍ കരുതിയിരുന്നു. ആത്മാവ് കൊണ്ടു ; മനസ് കൊണ്ടു ശരീരത്തിന്റെ ദാഹങ്ങളെ തടയിടാന്‍ കഴിയാതിരുന്നത് ഒരു പക്ഷെ അവര്‍ക്ക്‌ ലഭിച്ച സ്വാതന്ത്യത്തിന്റെ മോഹങ്ങള്‍ കൊണ്ടാകാം. ശരീരത്തിന്റെ ദാഹത്തെ പൂര്‍ണമായി തീര്‍ക്കാന്‍ മറ്റു ശരീരങ്ങള്‍ കൊണ്ടു മാത്രം കഴിയില്ലെന്ന് അവളോട്‌ ആരും പറഞ്ഞു കാണില്ല. മനസ്സില്‍ കൊണ്ടു നടന്ന സങ്കല്പമായ കൃഷ്ണനെ ഇസ്ലാമാക്കിയപ്പോഴും സ്നേഹപൂരവം തിരുത്താന്‍ ആരും ഉണ്ടായില്ല. മറ്റുള്ളവരുടെ കൊമാളിതരങ്ങളെ അബദ്ധങ്ങളെ അജ്ഞതകളെ കോമഡിയെന്ന് പറഞ്ഞു ആസ്വദിക്കുന്ന നിങ്ങള്‍ക്കു അതും ഒരു കോമഡി മാത്രമായി. (ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമെന്നു പഴമൊഴി) ചില അഭിമുഖങ്ങളില്‍ പറഞ്ഞ പോലെ ഒരു ഏഴ് വയസ്സുകാരിയുടെതില്‍നിന്നും കൂടുതല്‍ പക്വത അവരുടെ മനസിന്‌ ഒരിക്കലും ഉണ്ടായില്ല. അടുത്തവരെല്ലാം അവരുടെ സ്നേഹത്തിന്റെ തെന്നല്‍ കുളിച്ചു മടങ്ങിപ്പോകുമ്പോഴും ആരും വ്യാഖ്യാനിച്ചില്ല അവളുടെ മനസിലെ സ്നേഹം എന്നത് എന്താണെന്ന്. മറ്റേതു മനുഷ്യന്റെയും സങ്കല്പങ്ങള്‍ക്കപ്പുറത്തെ ഔന്നിത്യത്തിലുള്ള ഭാവനകള്‍ ആയിരുന്നിരിക്കണം സ്നേഹത്തെ കുറിച്ചു മാധവിക്കുട്ടിക്ക് ഉണ്ടായിരുന്നത്. അത് നിങ്ങള്‍ കണ്ടും കെട്ടും അനുഭവിച്ചും അറിഞ്ഞ സ്നേഹം അല്ല എന്നുറപ്പാണ്. യാദാര്‍ത്യങ്ങളില്‍ ആ ദാഹത്തിനു ശമനമില്ല. കാരണം അവള്‍ തന്റെ സ്വപ്ന ലോകത്തെ അയുക്തികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ മാത്രമാണ് എന്നും ശ്രമിച്ചതും ഇഷ്ടപ്പെട്ടതും വിധിക്കപ്പെട്ടതും. ആ ഭാവനകള്‍ക്കൊപ്പം എത്തിച്ചേരാന്‍ നിങ്ങള്‍ ഇനിയുമേറെ ഉയരേണ്ടിയിരിക്കുന്നു.

മരണം മര്‍ത്ത്യന്റെ എല്ലാ കര്‍മ്മങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമാണ്. ശത്രുക്കളെ പോലും കപടമെങ്കിലും വിഷാദത്തോടെ രണ്ടു വാക്കു നന്മകള്‍ പറയാന്‍ പ്രേരിപ്പിക്കുന്ന പ്രായശ്ചിത്തം. അത് കൊണ്ടു തന്നെ ഇപ്പോഴുയരുന്ന ഈ അനുതാപ തരംഗത്തില്‍ അസാദാരണമായി ഒന്നുമില്ല. പക്ഷെ അനുശോചകന്മാര്‍ ഒന്നു സ്വയം ചോദിക്കുക. മാധവിക്കുട്ടിയെപ്പോലെ ഒരു ആരാധനാ പാത്രത്തെ ഇഷ്ടപ്പെടാന്‍ കഴിഞ്ഞേക്കാം. അതുപോലൊരു സുഹൃത്തിനെ സ്നേഹിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ അവളെ പോലെ ഒരു ഭാര്യയെ മകളെ അമ്മയെ നിങ്ങളില്‍ എത്ര പേര്‍ക്ക് ഉള്‍ക്കൊള്ളാനാകും. പൂര്‍ണ മനസോടെ അംഗീകരിക്കാന്‍ കഴിയും. അതിനുത്തരം ഒരായിരം വട്ടം മനസ്സില്‍ ഉയര്‍ന്നത് കൊണ്ടാവണം അവര്‍ സ്നേഹത്തിനായി ലോകം മുഴുവന്‍ ഉഴറി നടന്നത്. പൊയ്മുഖങ്ങളെ തിരിച്ചറിഞ്ഞതിനാലാവണം സ്വന്തം ഗ്രാമത്തില്‍ ഇടം കണ്ടെത്താനാവാതെ നിരാശയായത്. ഉടുത്തിരുന്ന വസ്ത്രത്തിനും മാംസത്തിനും അസ്ഥികള്‍ക്കും മജ്ജക്കും ഉള്ളിലുള്ള എന്തോ ഒന്നു മാത്രം ആര്ക്കും വേണ്ടാതെ അനാഥമാകുന്നുവെന്ന തിരിച്ചരിവാകം അവരെ സ്വപ്നങ്ങളില്‍ ജീവിക്കാന്‍ വിട്ടത്.
ഒരുപാടു പേര്‍ക്കൊപ്പം സ്വന്തം അമ്മയും സ്നേഹത്തെ വിശുദ്ദമായും ഭക്തിയായും ഒക്കെ ചിത്രീകരിച്ചപ്പോള്‍ അതിലൊന്നും തളച്ചിടപ്പെടാത്ത മനുഷ്യ മനസിന്റെ നിഗൂദാതകളിലൂടെ ആയിരുന്നു മാധവിക്കുട്ടിയുടെ സഞ്ചാരം. താന്‍ ആഗ്രഹിച്ച പ്രതീക്ഷിച്ച സ്നേഹം തിരിച്ചറിയാന്‍ ആര്ക്കും കഴിയാതെ പോയതിലുള്ള തീരാദുഖവുമായി ചേതനയില്ലാതെ കിടക്കുന്നുവെങ്കിലും സ്ത്രീയുടെ പൂര്‍ണത വിധ്വേഷത്തിലും നിഷേധതിലുമല്ല; സ്നേഹത്തിലും പ്രണയത്തിലുമാണെന്നു പറയാന്‍ മാധവിക്കുട്ടി കോറിയിട്ട വാക്കുകള്‍ എന്നും നമ്മോടൊപ്പമുണ്ടാവും. "സ്നേഹമാണഖില സാരമൂഴിയില്‍" എന്ന് അനുഭവിപ്പിച്ച സഹോദരിക്ക് അടുക്കളയുടെ ബാഷ്പാഞ്ജലി.