ആദ്യ ഭാഗം ഇതാ ഇവിടെ.
തുടര്‍ന്ന് വായിക്കുക :-
പോക്രോവ്സ്കൊയില്‍ നിന്നും ബുക്കാറസ്റ്റില്‍ എത്തിയ ശേഷം റഷ്യ എന്നെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിഷ്ടപ്പെടാത്ത ഇന്നലെകള്‍ ആയിക്കഴിഞ്ഞിരുന്നു... റഷ്യ മാത്രമല്ല, റഷ്യയിലെ ഓര്‍മ്മകളുടെ ബാക്കിയെന്നോണം തുടര്‍ന്ന് വന്ന ബോറിസുമായുള്ള ജീവിതവും ഒരു ഓര്‍മ്മയായി മാറിയെങ്കിലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.
പപ്പായുടെ പ്രിയ ശിഷ്യനായിരുന്നു ബോറിസ് സോളോവീവ്. അവസാന കാലങ്ങളില്‍ തന്റെ അനുയായികള്‍ക്കിടയില്‍ പപ്പാ തന്റെ പിന്‍ഗാമിയായിപോലും അയാളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരുന്നു.പക്ഷെ എനിക്കൊരിക്കലും ബോറിസിനെ അംഗീകരിക്കാനായില്ല. പപ്പാ എന്നെ ഏറെ നിര്‍ബന്ധിച്ചുവെങ്കിലും. പക്ഷെ ഒടുവില്‍ ഇപ്പോള്‍... സ്ത്രീകളോടുള്ള അയാളുടെ അതിരുകടന്ന പെരുമാറ്റം ഏറെ കണ്ട എനിക്ക് ഇവിടെ അയാളുടെ സംരക്ഷണം തേടേണ്ടി വന്നത്... സ്ത്രീയുടെ വിധി പലപ്പോഴും അങ്ങിനെ ആവുന്നതെന്തേ? വിശന്നിരിക്കുന്ന ചെന്നായുടെ മുന്നിലെത്തുന്ന ആട്ടിന്‍ കുട്ടിക്ക് കിട്ടുന്ന സംരക്ഷണമാണ് സ്ത്രീക്ക് പലപ്പോഴും ലഭിക്കാറുള്ളതെന്നു ജീവിതയാത്രയില്‍ പലയിടത്തും തോന്നിയിട്ടുണ്ട്. എങ്കിലും ബോറിസിനോട് അങ്ങേ അറ്റം വെറുപ്പ് തോന്നിയത് വിവാഹം കഴിഞ്ഞു ഏറെ കഴിയും മുന്‍പുതന്നെ അയാളുടെ ഡയറിയിലെ കുറിപ്പ് കണ്ട നിമിഷം മുതലായിരുന്നു.
" ദുഃഖം തോന്നുന്നു. ഞാന്‍ കണ്ട ശരീരങ്ങളില്‍ ഏറ്റവും അനാകര്‍ഷകം എന്റെ ഭാര്യയുടെതാണ്.. നേരം കൊല്ലാനായി മാത്രം ഒരു ലൈംഗിക ബന്ധത്തിന് പോലും താല്പര്യം ജനിപ്പിക്കാത്ത ഒരു ശരീരം."
ഞാനന്ന സ്ത്രീ ഇല്ലാതായി പോകുന്നപോലെ ആണ് ആദ്യം തോന്നിയത്. എന്നിട്ടും ഞാന്‍ ബോറിസിനോട് തര്‍ക്കിച്ചു.
"താല്പര്യം ജനിപ്പിക്കേണ്ടത് എന്റെ ശരീരമല്ല, നിന്റെ മനസ്സാണ്... എന്നെ ഒന്നിനും കൊള്ളാത്തവളാക്കി സങ്കല്പിക്കുന്ന നിങ്ങളുടെ മനസ്സ്... അതാണ് ഈ ലോകത്തെ ഏറ്റവും അനാകര്‍ഷകം."
വസ്തുവിലല്ല, കാണുന്ന കണ്ണിനാണ് സൌന്ദര്യമെന്നു ഒരിക്കല്‍ പറഞ്ഞു തന്നത് പപ്പയാണ്.... നീണ്ട നേരത്തെ തര്‍ക്കത്തെ അയാള്‍ നിശബ്ദത കൊണ്ട് ജയിച്ചു. പക്ഷെ പപ്പായുടെ അനുയായികളായ സ്ത്രീകളുടെ മുന്നില്‍ മാറി മാറി തൊട്ടു കൊണ്ടിരുന്ന അയാളോട് തോല്ക്കാന് എനിക്കാവില്ല, മറ്റെവിടെ തോറ്റാലും. അന്നുമുതല്‍ ഞാന്‍ തിരഞ്ഞത് ഒരവസരമാണ്. ഇന്നെന്നെ തേടി വന്ന ഈ അവസരം. അനാകര്‍ഷകമെന്നു സ്വന്തം ഭര്‍ത്താവ് വിശേഷിപ്പിച്ച ഈ ശരീരത്തിന്റെ ജ്വാലയില്‍ തന്നെ എനിക്ക് പുരുഷവര്‍ഗ്ഗത്തെ ദഹിപ്പിക്കണം. അതെ, ഈ മനസിലെ മഞ്ഞിന്റെ തണുപ്പ് ഇനിയാര്‍ക്കുമില്ല.
ബുക്കാറസ്റ്റിലെ പ്രശസ്തമായ ഓപ്പെറ ഹൌസ്... നിറഞ്ഞ സദസ്സിനു മുന്നില്‍... ഓരോ രോമാകൂപത്തെയും കൊളുത്തി വലിക്കുന്ന ഒരായിരം നയനങ്ങള്‍ക്ക് മുന്നില്‍.... റഷ്യന്‍ സാമ്രാജ്യത്തെ കയ്യിലോതുക്കാന്‍ ശ്രമിച്ച റാസ്പുട്ടിന്റെ മകള്‍ തന്റെ മദാലസ നൃത്തം കൊണ്ട് കാണികളുടെ മനസ്സില്‍ കനല് മഴ പെയ്യിക്കാന്‍ പോകുന്നു. പക്ഷെ തന്റെ ചിന്തകളുടെ കനലുകള്‍ ഓരോ മനസ്സിലേക്കും നല്കിയ റാസ്പുട്ടിന്റെ ലക്ഷ്യം ആയിരുന്നില്ല മരിയയുടെത്. അപമാനിതയായ ഒരു പെണ്ണിന്റെ മറുപടി....
ഒരു പ്രദര്‍ശനം മാത്രം. മാനേജര്‍ തന്റെ വിലാസം തേടി നൂറുകണക്കിനാളുകള്‍ തിരക്കിയെത്തി എന്ന് അറിയിക്കും മുന്‍പേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അനാകര്‍ഷകമായ ഈ ശരീരത്തിന്റെ ശക്തി. മുന്നിലെ ഒരായിരം നയനങ്ങളില്‍ ഞാനത് വായിചെടുതിരുന്നു. എനിക്കത് മാത്രം മതിയായിരുന്നു, എന്റെ നഷ്ടമായ ആത്മവിശ്വാസം ഇരട്ടിയായി തിരികെ കിട്ടാന്‍... എങ്കിലും ഒരു അജ്ഞാതയായി തന്നെ കഴിയാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ...
പക്ഷെ അതിനെക്കാളേറെ ഞാന്‍ അത്ഭുതപ്പെട്ടത് ബോറിസിന്റെ പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റം കണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ രാത്രി വൈകി എത്തുന്ന ഞാന്‍ തണുത്ത രാത്രി മുഴുവന്‍ വീടിന്റെ പുറത്തെ സിറ്റ് ഔട്ടില്‍ കഴിയേണ്ടി വന്നിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അയാള്‍ വാതില്‍ അടക്കാതെ കിടന്നുറങ്ങാന്‍ തുടങ്ങി!!!! രണ്ടു ദിവസം കൂടെ കഴിഞ്ഞതോടെ ഉറങ്ങാതെ എന്നെ കാത്തിരിക്കുന്ന അയാളെ കാണാന്‍ കഴിഞ്ഞത് പെട്ടെന്ന് വിശ്വസിക്കാനായില്ല.
അടുത ദിവസം വരാന്‍ സാദാരണയിലും അല്പം വൈകിയിരുന്നു. വാതിലടച്ചു എന്റെ മുറിയുടെ നേരെ തിരിഞ്ഞ എന്നെ ബോറിസ് പേര് ചൊല്ലി വിളിച്ചു. ഏറെ നാളുകള്‍ക്കു ശേഷം.
"മരിയ..."
ഞാന്‍ അവിശ്വസനീയതയോടെ അയാളെ നോക്കി.
"എന്നോട് ക്ഷമിക്കുക, നീ സുന്ദരിയാണ്.. "
അയാളുടെ ദയനീയമായ ശബ്ദം ആദ്യമായി കേള്‍ക്കുകയായിരുന്നു.
"മറ്റാരെക്കാളും നീ സുന്ദരിയാണ്, ഞാന്‍ കണ്ട മറ്റാരെക്കാളും..."
കുറച്ചു നേരം നിശബ്ദനായെങ്കിലും എനിക്ക് തോന്നി അയാള്‍ക്ക് കൂടുതലെന്തോ പറയാനുണ്ടെന്ന്. ഒരു പക്ഷെ നിശബ്ദത കൊണ്ട് എന്നെ എന്നും തോല്പിച്ചയാള് ഒടുവില്‍....
" നിന്റെ പപ്പാ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു, സാറിന്റെ കൊട്ടാരത്തിലെ സ്ത്രീകളെല്ലാം അദ്ദേഹത്തെ കാമിച്ചിരുന്നു എന്ന്. അന്ന് അത് വിഡ്ഢിത്തമായി കരുതിയ ഞാന്‍ പക്ഷെ പിന്നീട് അതെ മൂഡസ്വര്ഗത്തില് മയങ്ങാന്‍ തുടങ്ങിയത് എന്നാണെന്നറിയില്ല.... പക്ഷെ ഇപ്പോള്‍ ഞാനറിയുന്നു, മരിയാ, എന്നോട് ആര്‍ക്കും കാമാമായിരുന്നില്ല, അറപ്പയിരുന്നിരിക്കണം, പക്ഷെ ആ അറപ്പിന്റെ മുകളില്‍ അവര്‍ ഇട്ട സ്വന്തം ആവശ്യങ്ങളുടെ തിരശീലയെ ഞാന്‍ കാമാമെന്നു ധരിച്ചു. പക്ഷെ കഴിഞ്ഞ ഒരാഴ്ചയായി ഓപ്പെറ ഹൌസില്‍ ഞാന്‍ കണ്ട കണ്ണുകളില്‍ എല്ലാം കാമാമായിരുന്നു. നിന്റെ ഈ രണ്ടു കണ്ണുകളില്‍ ഒഴികെ..."
അനാകര്‍ഷകമെന്നു എഴുതിയ ഈ ശരീരത്തെ കൊളുത്തി വലിക്കുന്ന നയനങ്ങള്‍ കാണാന്‍ അയാള്‍ എത്തണം എന്നാഗ്രഹിച്ചിരുന്ന എന്റെ മനസ്സ്... കുറച്ചു മുന്‍പ് വരെ ഉണ്ടായിരുന്ന പകയുടെ തീ ഇപ്പോള്‍ എവിടെ?
"ബോറിസ്, നിങ്ങള്‍ അവിടെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല....."
"ഒരു തോല്‍വി ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.... പക്ഷെ.... വിജയാരവം മുഴക്കുമ്പോഴും, തോല്‍വിയുടെ കാണാക്കയങ്ങളിലേക്ക് പതിക്കുകയാണെന്ന് തിരിച്ചറിയാതെ പോകാതിരിക്കാന്‍ അതുകൊണ്ട് മാത്രമേ കഴിയുമായിരുന്നുള്ളൂ എന്ന് ഇപ്പോള്‍ ഞാനറിയുന്നു... മരിയ..."
വീണ്ടും നിശബ്ദതയുടെ നിമിഷങ്ങള്‍.. മുന്‍പ് എന്റെ വാഗ്വാദങ്ങളെ അയാള്‍ എന്നും ജയിച്ചിരുന്നത് കൊല്ലുന്ന മൌനം കൊണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ എന്റെ ഈ നിശബ്ദത ആരെയും തോല്‍പ്പിക്കനായിരുന്നില്ല....
"മരിയാ.... തീരുമാനങ്ങള്‍ എന്നും ജേതാവിന്റെ അവകാശമാണ്.... നിനക്ക് തിരഞ്ഞെടുക്കാം..."
അതിനുമുന്‍പോ ശേഷമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിയിട്ടില്ല എന്നതാണ് സത്യം. പിന്നീടുള്ള യാത്രകളില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു വലിയ സത്യവും അതായിരുന്നു. തിരഞ്ഞെടുക്കേണ്ട അവസരങ്ങളില്‍ പോലും സ്ത്രീകള്‍ ആ സ്വാതന്ത്ര്യം മറന്നു പോകുന്നു. സാഹചര്യങ്ങള്‍ നിര്‍ബന്ധിതരാക്കുന്നു എന്നതിനേക്കാള്‍ സാഹചര്യങ്ങളെ നേരിടാന്‍ അസന്നിഗ്ദാതയെ മറികടക്കാന്‍ അവര്‍ പലപ്പോഴും ഭയക്കുന്നു. മിക്കപ്പോഴും മെച്ചപ്പെട്ട വഴികള്‍ മുന്നില്‍ കിടക്കുമ്പോഴും അവര്‍ അതെ പാതയില്‍ ബുദ്ദിമുട്ടി നീങ്ങുന്നു.... എനിക്കും ആ ധൈര്യം ഉണ്ടായില്ല. എന്നാല്‍ ആ ധൈര്യമില്ലായ്മയല്ല അന്നത്തെ തീരുമാനത്തിന്റെ യദാര്‍ത്ത കാരണമെന്ന് ഞാന്‍ മനസ്സിലാക്കിയത് പിന്നീടാണ്. ഏറെ വെറുക്കുന്നവരോട് സ്നേഹം തോന്നുക എന്നത് എളുപ്പമുള്ള കാര്യമാണെന്ന് പപ്പാ പറയാരുള്ളപ്പോള്‍ ഏറ്റവും എതിര്‍ത്തിരുന്നത് ഞാന്‍ ആയിരുന്നു. എന്നാല്‍ ഞാന്‍ അപ്പോള്‍ അറിയുന്നു. വെറുക്കുക എന്നത് അനന്തമായ ഒരു നേര് രേഖയല്ല, മറിച്ച് ഉയരമേറിയ ഒരു പര്‍വതമാണ്... അതിന്റെ ഏറ്റവും ഉച്ചിയിലെതിയാല്‍ പിന്നെ.... അതെ എത്രയധികം വെറുക്കുന്നുവോ, സ്നേഹിക്കാന്‍ അത്രയേറെ സാധ്യതകള്‍ കൂടുന്നു....
സ്നേഹിക്കാന്‍ തുടങ്ങിയില്ലെങ്കിലും ബോറിസിനെ വെറുക്കാതിരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. ആ രാത്രി വീണ്ടും ഞാന്‍ അരക്ഷിതാവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും സുരക്ഷിതത്വത്തിന്റെ കോട്ടക്കുള്ളില്‍ ബന്ദനസ്ഥയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് ഇപ്പോള്‍ അറിയുന്നു. അടുത്ത ദിനം രാവിലെ തന്നെ ബോറിസിനോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്. " ഇനി ബുക്കരസ്റ്റില്‍ നില്‍ക്കേണ്ട. ഇന്ന് തന്നെ ഇവിടെ നിന്ന് പോകണം."
ബോറിസ് മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും എനിക്കുറപ്പുണ്ടായിരുന്നു ഇനിയൊരു രാത്രി ഓപ്പെറ ഹൌസിന്റെ ഈ നാട്ടില്‍ നില്‍ക്കേണ്ടി വരില്ലെന്ന്. കണ്മുന്നില് കാണുന്ന പാതകള്‍ ഒന്നും അല്ല മനസ്സിന്റെ സഞ്ചാരപതമെന്നു അനുഭവിക്കുംബോഴല്ലാതെ വിശ്വസിക്കാന്‍ ആര്‍ക്കുമാവില്ല. അന്നന് രാത്രി തന്നെ ഞങ്ങള്‍ ഫ്രാന്‍സിലേക്ക് തിരിച്ചു. വീണ്ടും ഒരു പലായനം... പക്ഷെ റഷ്യയില്‍ നിന്ന് പോരുംബോഴുള്ളത് പോലെ മനസ്സ് ഇത്തവണ മരുഭൂമി ആയിരുന്നില്ല... അവിടവിടെ ചെറുനാമ്പുകള്‍ മുളയിടാന്‍ തുടങ്ങിയിരിക്കുന്നു...
പാരീസിന്റെ പ്രാന്തപ്രദേശത്ത് ഒരു ഇടുങ്ങിയ കൊച്ചു വീടാണ് ഞങ്ങള്‍ക്ക് കിട്ടിയത്. എങ്കിലും ആ കുടുസ്സുമുറിയില്‍ മറ്റെങ്ങുമില്ലാത്ത സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഞാന്‍ ശ്വസിച്ചു. ബോറിസ് അടുത്തുള്ള ഒരു ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. കൈയിലെ ആഭരണങ്ങളും പണവുമൊക്കെ അവസാനിച്ചു തുടങ്ങിയിരുന്നു അതിനകം. ഏകാന്തമായ പകലുകളില്‍ പലപ്പോഴും റഷ്യ തികട്ടി വന്നെങ്കിലും ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിടാന്‍ അതിനകം തന്നെ ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.
പക്ഷെ ആ ദിനം, 1918 ജൂലായ് മാസം അവസാനം ബോറിസ് വന്നത് കടിഞ്ഞാണിടാന്‍ കഴിയാത്ത വിധത്തില്‍ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു......
തുടരും...
36. ദുര്‍മന്ത്രവാദിയുടെ മകള്‍ (ii) - തോല്ക്കാന് മാത്രം ഇഷ്ടപ്പെടുന്ന സ്ത്രീകള്‍....
Posted by ANITHA HARISH on Saturday, May 15, 201035. യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവും...
Posted by ANITHA HARISH on Friday, April 02, 2010വീണ്ടും ത്യാഗത്തിന്റെ സ്മരണകളുമായി ഒരു ദുഖവെള്ളിയാഴ്ചയും ഈസ്ടറും. ഇന്നും ആളുകള്‍ ഭാരമേറിയ മരക്കുരിശുകളുമായി മല കയറുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ കണ്ടു. ആ ചിത്രങ്ങള്‍ മനസ്സില്‍ ഉണര്‍ത്തി വിട്ട ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വക്കുകയാണ് അടുക്കള ഇന്ന്.
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മാനവരാശിയുടെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ടാണ് യേശു ക്രിസ്തു കുരിശേറിയത് എന്ന് ബൈബിളിലെ വാക്കുകള്‍ വ്യാഖ്യാനിക്കാറുണ്ട് പലരും. അങ്ങനെ ആവുമ്പോള്‍ മാത്രമല്ലേ അത് ത്യാഗമാവൂ. പക്ഷെ അന്നത്തെ ഭരണ കൂടം യേശുവിനെ ശിക്ഷിച്ചതിനു കൃത്യമായ കുറ്റപത്രം ഉണ്ടാക്കിയിരുന്നു എന്നും പലരും പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ അത് യാദാര്‍ത്യ ബോധത്തോടെ നോക്കുമ്പോള്‍ ഒരു വ്യക്തിയുടെ പ്രവൃത്തികള്‍ ആ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് വിരുധമായത്തിന്റെ ഒരു ശിക്ഷയായി അതിനെ ലഘൂകരിക്കാനും പലര്‍ക്കും കഴിയും.ഇന്നും രാജ്യ ദ്രോഹം എന്നത് ഒരു രാജ്യത്തെ പരമാവധി ശിക്ഷ ലഭിക്കാനുള്ള കുറ്റം തന്നെയാണ്. പക്ഷെ വിപ്ലവകാരികള്‍ എന്നും ഭരണകൂടത്തിന്റെ നിയമങ്ങളെ എതിര്ത്തിട്ടെ ഉള്ളൂ. യേശുവം അത് തന്നെയാണ് ചെയ്തത്.
ചരിത്രം പലപ്പോഴും രസകരമാവുന്നത് ഇത്തരം വിപ്ലവകാരികളുടെ കഥ പറയുമ്പോഴാണ്. അന്ന് അവര്‍ പരാജയപ്പെട്ടിരിക്കാം. പക്ഷെ ചരിത്രം ആരാധനയോടെ നോക്കുന്നത് അന്നത്തെ ജേതാക്കളെ അല്ല, പകരം പൊരുതി വീണ ധീരരേ തന്നെയാണ്. കമ്മ്യൂണിസ്റ്റു വിപ്ലവങ്ങളുടെ കാല്പനിക നായകനായി ഇന്ന് ലോകം സ്മരിക്കുന്ന ചെ ഗുവേരയും പിന്നെ പലരും അങ്ങനെ ചരിത്രത്തിന്റെ ആരാധന ഏറ്റു വാങ്ങിയവരാണ്. പക്ഷെ അതിനേക്കാള്‍ രസകരമായ വസ്തുത വ്യവസ്ഥിതിയോട് പൊരുതി വീണ ഇവരുടെ ആരാധകര്‍ അല്ലെങ്കില്‍ അനുയായികള്‍ മറ്റൊരു മറ്റൊരു വ്യവസ്ഥിതിയുടെ വക്താക്കളും സംരക്ഷകരും ആയി അതിനെ വിമര്‍ശിച്ച ധീരരേ നിര്‍ദ്ദയം അടിച്ചമാര്‍ത്തുന്നവരും ആയിത്തീര്‍ന്നു എന്നതാണ്. കൃസ്തു മതം മധ്യ കാലഘട്ടത്തില്‍ പരിഷ്കരണ വാദികളോട് പെരുമാറിയത് റോമാക്കാര്‍ യേശുവിനോട് കാണിച്ചതിലും ക്രൂരമായിട്ടായിരുന്നു എന്നത് നമുക്ക് എങ്ങനെ ഉള്‍ക്കൊള്ളാനാവും? തീര്‍ത്തും പരിഷ്കരണ വാദിയായിരുന്ന യേശുവിന്റെ അനുയായികള്‍ ഏറ്റവും കടുത്ത യാദാസ്ഥിതികര്‍ ആയതു ചരിത്രത്തിലെ ഏറ്റവും വലിയ വൈരുധ്യങ്ങളില്‍ ഒന്നല്ലേ. അത് പോലെ അടിമ ചങ്ങലയില്‍ നിന്നും മോചനം നേടാന്‍ റഷ്യന്‍ ജനത വിപ്ലവം നടത്തി നേടിയ അധികാരത്തിന്റെ പ്രയോകതാക്കള്‍ പഴയതിനേക്കാള്‍ സ്വാതന്ത്ര ചിന്തകളെ അടിച്ചമര്‍ത്തുന്ന സ്റാലിന്‍ യുഗത്തിനും നമ്മള് സാക്ഷിയായത് അധികം അകലെയല്ല..
യേശുവിനു ലഭിച്ചത് സ്വാഭാവികമായ ഒരു ശിക്ഷയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാര് പിന്നെ ചാര്‍ത്തി നല്കിയ ദൈവപരിവേഷത്തിനും അപുറത്തു ഒരു മനുഷ്യനായി തന്നെ യേശുവിനെ കാണാനാണ് അടുക്കളക്കിഷ്ടം. അതെ ദൈവ പുത്രനായല്ല, മനുഷ്യപുത്രനായി തന്നെ. മാര്‍ക്സിനെ പോലെ ലോകത്തെ തിരിച്ചു വിടാന്‍ ശേഷിയുള്ള ചിന്തകളും ആശയങ്ങളും ഉണ്ടായിരുന്ന ഒരു മനുഷ്യന്. യേശു മനുഷ്യനാണെന്നു കരുതാന്‍ അടുക്കളക്ക് പിന്നെയും കാരണങ്ങള്‍ ഉണ്ട്. അദ്ദേഹം ചെയ്ത അത്ഭുത പ്രവൃത്തികളായി പറയുന്ന അപ്പം പങ്കു വച്ചതും, വെള്ളം വീഞാക്കിയതും, രോഗ ശാന്തി നല്കിയതും എല്ലാം തന്നെ ഒരു മനുഷ്യന് ചെയ്യാവുന്നത് തന്നെയാണ്. പക്ഷെ അതിനേക്കാള്‍ യേശുവിന്റെ മറ്റൊരു വാചകമാണ് അടുക്കളയുടെ മനസ്സില്‍ തിരതല്ലുന്നത്. തന്റെ വിധി മനസ്സിലാക്കിയ യേശു പ്രാര്‍ഥിച്ചത് ഇങ്ങനെ ആണ്. " പിതാവേ കഴിയുമെങ്കില്‍ ഈ പാന പാത്രം എന്നില്‍ നിന്നും എടുത്തു മാറ്റേണമേ" അടുത്തതായി " എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേരട്ടെ!!!" തികച്ചും ഒരു സാദാരണ മനുഷ്യനെയാണ് ഈ വാക്കുകള്‍ വരച്ചു കാണിക്കുന്നത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ചിത്രം. അതാണ് യേശുവിന്റെ ചിത്രമെന്ന് അടുക്കള വിശ്വസിക്കുന്നു. മറ്റുള്ളതില്‍ പലതും അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് മാത്രം കാലാകാലങ്ങളില്‍ രൂപാന്തരപ്പെട്ട കഥകള്‍ ആവണം.
അവസാന അത്താഴ സമയത്ത് യേശു തന്റെ ഭാവി അറിഞ്ഞപോലെ പെരുമാറി എന്നും ബൈബിളില്‍ ഉണ്ട്. പക്ഷെ ഒന്നോര്‍ത്തു നോക്കൂ, പലരുടെയും മരണത്തിനു മുന്‍പ് അവര്‍ ആ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു ഏന് നമുക്ക് തോന്നാറില്ലേ. അവരുടെ പല വാക്കുകളെയും അവരുടെ മരണശേഷം നമ്മള് അതുമായി ബന്ധിപ്പിച്ചു നോക്കുമ്പോള്‍ അവര്‍ മരണം തിരിച്ചറിഞ്ഞിരുന്നു എന്ന് തോന്നാം. യേശുവിന്റെ അവസാന അത്താഴത്തിലെ ചേഷ്ടകളും പിന്നീട് ശിഷ്യന്മാര് ആ മരണവുമായി ബന്ധിപ്പിച്ചപ്പോള്‍ തോന്നിയ അതിശയോക്തികള്‍ തന്നെയാവണം.താന്‍ പിടിക്കപ്പെടും എന്നറിഞ്ഞിട്ടും യേശു ഒളിചോടിയില്ല എന്നതും ദൈവിക പരിവേഷത്തോടെ പറയുന്ന മറ്റൊരു കാര്യമാണ്. അതിലും നമുക്ക് ഉദാഹരിക്കാന്‍ പറ്റിയ കഥ ചെ ഗുവേരയുടെ തന്നെയാണ്. ക്യൂബയിലെ വിപ്ലവാനന്തരം അവിടെ സുരക്ഷിതമായി കഴിയാമായിരുന്ന അദ്ദേഹം ബൊളീവിയയിലെ കാടുകളില്‍ എന്തിനാണ് പോയത്? മരണം മുന്നില്‍ തന്നെ ഉണ്ടെന്നറിഞ്ഞിട്ടും അദ്ദേഹം തന്റെ പാതയില്‍ നിന്നും പിന്നിലേക്ക് പോയില്ല. അദ്ദേഹത്തിനും യേശുവിനുണ്ടായിരുന്ന പോലെ ആത്മ വിശ്വാസം ഉണ്ടായിരുന്നു. തന്റെ ശരീരം കൊണ്ട് നേടാന്‍ കഴിയുന്നതിനെക്കാള്‍, തന്റെ മരണം കൊണ്ട് താന്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്ക് നേടാനാവുമെന്ന്.
ഈ ചിന്തകള്‍ ഉള്ളത് കൊണ്ട് തന്നെ ഇപ്പോള്‍ കുരിശുമല കയറുന്ന പാവങ്ങളെ കാണുമ്പോള്‍ മനസ്സില്‍ സഹതാപമാണ്. അവരുടെ വിശ്വാസ പ്രകാരം തന്നെ ചിന്തിച്ചാല്‍ അത് ബുദ്ദിശൂന്യമല്ലേ!!! തങ്ങള്‍ക്കു വേണ്ടി കുരിശിലേറിയ യേശുവിന്റെ പ്രവൃത്തിയെ അല്ലെ അവര്‍ അതിലൂടെ ചെറുതാക്കുന്നത്. തന്റെ പ്രവൃത്തി നിഷ്ഫലമായല്ലോ എന്ന് യേശു ചിന്തിക്കുന്നുണ്ടാവും. കാരണം 'ഇവര്‍ കുരിശു ച്ചുമാക്കാതിരിക്കാനല്ലേ താന്‍ കുരിശേറിയത്!!!!'
ചെ ഗുവേരയുടെ ആരാധകര്‍ ഇവരെപോലെ അന്ധരാവാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ വെടിയുണ്ട പൂജിക്കുന്ന തോക്കെടുത്ത് നെഞ്ചിലേക്ക് നിറയൊഴിച്ചു ആരാധന പ്രകടിപ്പിക്കുന്ന മനുഷ്യരെ കാണേണ്ടി വന്നേനെ. ഇവരോടെല്ലാം അടുക്കളക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങള്‍ അവരെ അനുകരികാതിരിക്കുക. കാരണം നിങ്ങള്‍ക്കൊരിക്കലും അവരാകാന്‍ കഴിയില്ല. തീര്‍ച്ചയായും അനുകരിക്കാനാവാത്തത്ര ഉയരങ്ങളില്‍ ആണ് യേശുവും ചെ ഗുവേരയും ഗാന്ധിജിയും എല്ലാം. വെറും രണ്ടു ദിവസം അവര്‍ അനുഭവിച്ച വേദന ചെറുതായി അനുകരിച്ചു കൊണ്ടല്ല അവരെ ബഹുമാനിക്കേണ്ടത്. അവര്‍ എന്തിനു വേണ്ടിയാണ് തങ്ങളുടെ ജീവന് ധീരമായി ബലി കഴിച്ചത്, ആ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക. കുരുത്തോല വീശി തന്നെ സ്തുതിക്കുന്ന അനുയായികളെ യേശു ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഇത്തരം കൊമാളിതരങ്ങളും ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ( രണ്ടു വര്‍ഷം മുന്‍പ് ദുഖവെള്ളി കഴിഞ്ഞ ശനിയാഴ്ച നഗര പ്രദക്ഷിണത്തില്‍ യേശു ആയി കുരിശിന്മേല് നിന്ന മനുഷ്യന് ദാഹം തീര്‍ക്കാന്‍ സോഡാ കുടിക്കുന്ന കാഴ്ച കാണുകയുണ്ടായി. അനുകരണത്തിന് അങ്ങനെ ഒക്കെയേ സാധിക്കൂ.)
ഇന്നത്തെ ജനത ആരാധിക്കുന്നതിനിടക്ക് മറക്കുന്നതും അതെല്ലാം തന്നെയാണ്. അവര്‍ മുന്നോട്ടു വച്ച ആശയങ്ങള്‍.... ഈ ആഘോഷങ്ങളില്‍ മുങ്ങിപ്പോകുന്നത് അവരുടെ സ്വപ്നങ്ങളാണ്. കാരണം ആഘോഷം എന്നതിനപ്പുറം അവര്‍ അന്നനുഭവിച്ച വേദനയോടു സഹതാപം കാണിക്കുക എന്നതിനപ്പുറം മറ്റെല്ലാം മറക്കപ്പെടുകയാണ്. പ്രതീകാത്മകമായി ചെയ്യുന്നവയാനല്ലോ ആഘോഷങ്ങള്‍. അതുപോലെ നമ്മുടെ ആത്മാര്‍ഥതയും പ്രതീകാത്മകമായി മാറിയിരിക്കുകയാണ്. മറ്റുള്ളവരെ ബോധിപ്പിക്കാന്‍ മാത്രം. ഒരു ദിവസം ദുഖിക്കുക, അടുത്ത ദിവസം സന്തോഷിക്കുക, നേരിട്ടനുഭവിച്ച കാര്യത്തിനല്ല, പകരം ഒരു സങ്കല്പ്പത്തിനായി. അതില്‍ തന്നെ അതിനു എത്ര ആത്മാര്‍ഥത ഉണ്ടാകുമെന്ന് തീര്‍ച്ചയാണല്ലോ.
അടുക്കളയുടെ വായനക്കാര്‍ക്ക് തീര്‍ച്ചയായും വിരുദ്ദ അഭിപ്രായം ഉണ്ടാകും. അറിയിക്കുക. ആരെയും വേദനിപ്പിക്കുക, അലെങ്കില്‍ ആരുടെയെങ്കിലും വിശ്വാസങ്ങളെ ചെറുതായി കാണിക്കുക എന്ന ആഗ്രഹമൊന്നും അടുക്കളക്കില്ല. എങ്കിലും യേശു ചെയ്തത് പോലെ മനസ്സിന് ശരിയെന്നു തോന്നിയത് നിങ്ങളോട് പറയണം എന്ന് തോന്നി. അടിചെല്‍പ്പിക്കാനല്ല പറയാന്‍, ചിന്തിക്കാന്‍...
അടുക്കള ആദ്യം എഴുതിയ കഥകളില്‍ ഒന്ന് ഈ ദിനവുമായി ബന്ധമുള്ളതായിരുന്നു. അത് ഇവിടെ വീണ്ടും കുറിക്കുന്നു.
ശപിക്കപ്പെട്ടവന്റെ അമ്മ.....
ഇവള് മേരി...
കാതുകള്‍ക്ക് പരിചിതരായ വിശുദ്ധ കന്യ മറിയാമോ മഗ്ദലന മറിയാമോ അല്ല. ഇവള് ആരുടെയൊക്കെയോ പ്രേരണയാലോ നിര്‍ബന്ധത്താലോ ബൈബിളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട ഒരു മാതാവ്... നിങ്ങള്‍ വിസ്മരിച്ചു പോയ ഒരു സാധാരണ സ്ത്രീ...മേരി സ്കരിയാത്ത.... അതെ. മുപ്പതു വെള്ളിക്കാശിനു സ്വന്തം ഗുരുനാഥനെ ഒറ്റു കൊടുത്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന യൂദാസിന്റെ അമ്മ.
ഒരു മേരിയെ വിശുദ്ധയായി നാം വാഴ്ത്തിയപ്പോള്‍; ഇവള് എല്ലാ ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി ഏതോ ഇരുളില്‍ തന്റെ ശിഷ്ട കാലം തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..... ആരും അറിയാതെ... ആരും ഓര്‍ക്കാതെ...
ലോകം മുഴുവന്‍ ചതിയനെന്നു പറഞ്ഞു ശാപവാക്കുകള്‍ ചൊരിയുമ്പോഴുംഅവള്‍ വിശ്വസിച്ചിരുന്നു; തന്റെ മകന്, തന്റെ മടിയില്‍ കിടന്ന്, കണ്മുന്നില് കളിച്ചു വളര്‍ന്ന തന്റെ ഉണ്ണി ഒരിക്കലും വെള്ളി നാണയങ്ങളുടെ കിലുക്കത്തിന് പിന്നാലെ പോകില്ല. ഒരിക്കലും...
" ഇല്ല. എന്റെ ഉണ്ണിയല്ല, അവനാണ് എന്റെ മകനെ ചതിച്ചത്. എല്ലാം അറിയാമായിരുന്നിട്ടും സംരക്ഷിക്കുന്നതിനു പകരം; അവനെ റോമാക്കാരുടെ കെണിയില്‍ അകപ്പെടാന്‍ വിട്ടയച്ച അവന്റെ ഗുരുനാഥന് ........ അദ്ദേഹത്തിന്റെ പീഡനങ്ങള്‍ വരക്കാനും കണ്ണീര് വാര്‍ക്കാനും ആളുകളുണ്ടായി... അതിനെക്കാള്‍ പീഡനം സഹിച്ച എന്റെ മകനെ വെറും പണക്കൊതിയനാക്കി... അവന് അവിടെ വേദന കൊണ്ടു പിടഞ്ഞ ഓരോ നിമിഷവും വേദനിച്ചത് ഈ നെഞ്ചുകൂടിയായിരുന്നു... എല്ലാം അറിയാമായിരുന്നിട്ടും അവന്റെ ഗുരുനാഥന് എന്റെ കുട്ടിയെ രക്ഷിച്ചില്ല. അവന്റെ വഴി മുന്നോട്ടു നീങ്ങാന്‍ ഒരു ചതിയനെ ആവശ്യമായിരുന്നു... അതിനായി അവന് എന്റെ കുട്ടിയെ ചതിയനാക്കി... റോമക്കാര്‍ നോവിച്ചതിനെക്കാള്‍ അവന് പിടഞ്ഞത് തന്റെ സഹപാഠികള്‍ ഒറ്റപ്പെടുതിയപ്പോഴാവണം... തന്നെ മൂന്നു വട്ടം തള്ളി പറഞ്ഞ പത്രോസിനെ തന്റെ പിന്‍ഗാമി ആക്കിയ അവന് എന്തിന് എന്റെ കുട്ടിയെ ഇങ്ങനെ കുരുതി കൊടുത്തു... അക്കല്ദാമയില് പൊടിഞ്ഞ ചോര ഈ നെന്ജിലെതു കൂടിയായിരുന്നു...ഇപ്പോഴും ഓര്‍ക്കുന്നു.. അവസാനം അവന് കാണാന്‍ വന്നത്... എന്നോടവന് പറഞ്ഞു... 'അവന്റെ കുരിശു മരണം ഒരു മണിക്കൂര്‍ നീണ്ടു നിന്നു... പക്ഷെ എന്റെ ജന്മത്തിന്റെ അവസാന നിമിഷം വരെയും ഞാന്‍ കുരിശില്‍ പിടഞ്ഞുകൊണ്ടിരിക്കും...' അവസാന നിമിഷം കയറില്‍ പിടയുമ്പോഴും അവന് എന്നെ വിളിച്ചു പറഞ്ഞു കാണും... 'അമ്മേ... ഈ ശപിക്കപ്പെട്ടെ മകനെ ബലി നല്കിയവരോട് പൊറുക്കണേ...' എന്ന്....കാരണം അവന് എന്നേക്കാള്‍ അവന്റെ ഗുരുനാഥനെ സ്നേഹിച്ചിരുന്നു,,,"
അതെ ഈ അമ്മക്ക് ചൊരിയാന്‍ ശാപവാക്കുകളില്ല... കാരണം അവരുടെ മകന് ഏറ്റവും സ്നേഹിച്ചവര്‍ തന്നെയായിരുന്നല്ലോ അവന് ദുരന്തമോരുക്കിയതും...അവന്റെ കുടി സ്വപ്നങ്ങള്‍ക്ക് വേണ്ടിയായിരുന്നല്ലോ അവന് ബലി നല്കപ്പെട്ടതും...വിശുദ്ധയായ മേരി എനിക്ക് പറയാനുള്ളത് നിന്നോടാണ്... ഒര്‍ക്കുക. നിന്റെ മകന് പ്രശസ്തന്‍ ആയിട്ടുണ്ടാകം... പക്ഷെ അതിന് മീതെ ആരും കാണാതെ ഒഴുകുന്ന ഈ കണ്ണീരാണ് അതിനെ കഴുകി തുടക്കുന്നത്... നിനക്കു നിന്റെ മകനോടുള്ള വാല്‍സല്യത്തിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല യുദാസിനോട് അവന്റെ അമ്മയ്ക്കും...
ഇവളുടെ വാക്കുകള്‍ ഒരിക്കലും നിങ്ങളുടെ കാതില്‍ പതിച്ചിട്ടുണ്ടാവില്ല. കാരണം അവളുടെ മകന്റെ സ്വപ്നമായിരുന്നു യേശുവിനെ, യേശുവിന്റെ ദര്‍ശനങ്ങളെ ലോകം അംഗീകരിക്കുന്ന ദിനം. അതിന് മുകളില്‍ ഒരു കറുത്ത പാടു പോലും ഉണ്ടാകാന്‍ തന്റെ മകന് ആഗ്രഹിച്ചിരുന്നില്ലെന്നു ആ അമ്മക്കറിയാം. തെറ്റ് തിരുത്തി വഴി കാണിക്കേണ്ട ഗുരുനാഥന് എല്ലാം അറിഞ്ഞു കൊണ്ടു മകനെ നരകത്തിലേക്ക് നയിച്ചതിനു ഈ അമ്മ ശപിച്ചാല്‍ ദൈവപുത്രനല്ല ദൈവത്തിനു പോലും പിടിച്ചു നില്‍ക്കാനാവില്ല..പക്ഷെ ഇവളത് ചെയ്യില്ല... കാരണം മറ്റാരെക്കാളും നന്നായി ഇവള്‍ക്കറിയാം; മകനെ അംഗീകരിക്കുന്നത് കാണാനുള്ള ഒരമ്മയുടെ ആഗ്രഹവും...
മേരി.... നിന്നെ ഞാന്‍ എങ്ങനെ സന്ത്വനിപ്പിക്കും... എങ്കിലും ഒന്നു പറയാം... മക്കളില്‍ വിശ്വാസമര്‍പ്പിക്കുന്ന അമ്മമാരുടെ തലമുറക്കുള്ള എന്റെ സന്ദേശ വാഹകയാണ് നീ... എന്റെ മക്കളെ.... അവഗണനയുടെ പടുകുഴിയിലേക്ക് വലിച്ചേറിഞ്ഞുവെങ്കിലും എപ്പോഴെങ്കിലും ഒര്‍ക്കുക... നിര്‍ഭാഗ്യയായ ഈ അമ്മയെ... ചതിക്കപ്പെട്ട അവളുടെ മകനെ.... അവരുടെ പേരില്‍ ആഘോഷങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും എപ്പോഴെങ്കിലും മനസ്സില്‍ തട്ടി രണ്ടു തുള്ളി കണ്ണീര്... അവര്‍ക്കായി .... അത്രയെങ്കിലും....
Labels: ലേഖനം
ഒരു കഥയുണ്ട്. നടന്നതോന്നുമല്ല, വെറും സങ്കല്പകഥ.
മരണശേഷം ഒരാളുടെ ആത്മാവ് സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിനു മുന്നില്‍ എത്തി. ദൈവം ഇഷ്ടമുള്ളിടത്തെക്ക് പോകാനുള്ള അനുവാദവും പുള്ളിക്കാരന് നല്കി.
-ഏത് തിരഞ്ഞെടുക്കും!!!
കക്ഷി സ്വര്‍ഗത്തിന്റെ വാതിലിലേക്ക് ഒന്ന് നോക്കി. അവിടത്തെ ബോര്‍ഡില്‍ സ്വര്‍ഗത്തിലെ സൌകര്യങ്ങള്‍ എല്ലാം എഴുതി വച്ചിട്ടുണ്ട്. മുന്തിരി തോട്ടത്തിലെ വേലക്കാരനാകാം, താഴെ പച്ച പിടിച്ചു നില്ക്കുന്ന പുല്‍ത്തകിടിയില്‍ കിളികളുടെ പാട്ടുകേട്ട് ഉറങ്ങാം... അങ്ങനെ അങ്ങനെ...
നമ്മുടെ ആത്മാവിനു സ്വര്‍ഗത്തിന്റെ ഓഫറുകളില്‍ താല്പര്യം തോന്നിയില്ല. കാരണം ജീവിച്ചിരുന്നപ്പോള്‍ അയാളുടെ ഏറ്റവും വലിയ മോഹമായിരുന്നു സ്വന്തമായി ഒരു വീട്. ഒരിക്കലും അത് യാദാര്‍ത്യമാക്കാന്‍ കഴിയാത്തതിന്റെ വേദനയോടെ തന്നെയാണ് അയാള്‍ അന്ത്യശ്വാസം വലിച്ചതും.
-എന്നിട്ട് ഇവിടെ സ്വര്‍ഗത്തിലും ഒരു കൂരയില്ലാതെ കഴിയണം എന്നോ?
അയാള്‍ നരക കവാടത്തിനു നേരെ ഒന്ന് നോക്കി. അതാ അവിടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍. വലിയ വീട്, വേലക്കാര്‍, വിനോദങ്ങള്‍.... അയാളുടെ മനസ്സ് കിളിര്‍ത്തു.
- അതെ ഇവിടേക്കാണ് തനിക്കു പോകേണ്ടത്. ഇതായിരുന്നു തന്റെ സ്വപ്നങ്ങള്‍.
അയാള്‍ നരകത്തിന്റെ വാതില്‍ മെല്ലെ തള്ളി. മുന്നോട്ടു കാല് എടുത്തു വച്ചതെ ഉള്ളൂ. നിന്ന നിലവില്‍ നിന്നും താഴേക്കു പതിക്കുന്നത് ഒരുള്‍ക്കിടിലത്തോടെ അയാളറിഞ്ഞു. ഭയന്ന് ഇറുക്കയടച്ച കണ്ണുകള്‍ പിന്നെ തുറന്നത് ശരീരം ചുട്ടു പൊള്ളുന്ന തീയിനെ സ്പര്‍ശിച്ചപ്പോഴാനു. അതെ താനൊരു തീക്കുന്ടത്തില്‍ പതിച്ചിരിക്കുന്നു. അയാള്‍ ഉറക്കെ അലറി വിളിച്ചു. അവിടത്തെ ഭയാനകമായ ബഹളങ്ങള്‍ക്കിടയില്‍ പക്ഷെ ആ ശബ്ദം ആരും കേള്‍ക്കില്ല. തൊട്ടടുത്തു അഗ്നി പടര്‍ന്നു പുളയുന്ന ഒരുവനോട് അയാള്‍ ചോദിച്ചു.
- ചങ്ങാതി, എന്താ ഇത്. ആ ബോര്‍ഡില്‍ പറഞ്ഞ വീടൊക്കെ എവിടെയാണ്?
- ഓ ... നിങ്ങളും പെട്ടു അല്ലെ. അത് വെറും പരസ്യമായിരുന്നു സുഹൃത്തെ!!
പരസ്യങ്ങളുടെ യാദര്ത്യങ്ങളെ അതിശയോക്തിപരമായി പറഞ്ഞ ഒരു കെട്ടു കഥയാണെങ്കിലും പരസ്യങ്ങള്‍ പോളിപ്പിച്ച്ചു പറയുന്ന മഹത്വങ്ങളില് പലതും ഇതുപോലെ പോള്ളയാനെന്നതാണ് സത്യം.
അടുത്ത കാലത്തായി പരസ്യങ്ങള്‍ ഉലപന്നങ്ങളെ പരിചയപ്പെടുത്തുക എന്നതിലുപരി ഒരു കലാസൃഷ്ടി ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയും നമ്മള് കാണുന്നുണ്ട്. ചില പരസ്യങ്ങള്‍ ആവര്‍ത്തിച്ചു കാണാന്‍ ആഗ്രഹിക്കുന്ന അത്ര മനോഹരമായി അവതരിപ്പിക്കാരുമുണ്ട്. വോഡഫോണ്‍ എന്ന മൊബൈല്‍ നമ്മുടെ മനസ്സില്‍ വരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ ആ നായക്കുട്ടി നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. എങ്കിലും ചിലപ്പോഴെങ്കിലും പരസ്യങ്ങള്‍ പങ്കു വക്കുന്നത് ചില അപകടപരമായ സന്ദേശങ്ങള്‍ ആവാറില്ലേ. അങ്ങനെ അടുക്കളക്ക് തോന്നിയ ചില സന്ദര്‍ഭങ്ങള്‍ നിങ്ങളുമായി പങ്കുവക്കുകയാണ് ഈ പോസ്റ്റില്‍.
ആദ്യമായി കുറച്ചു ദിവസങ്ങളായി കണ്ടു വരുന്ന ഡോ. കോ. മോ. പരസ്യങ്ങളില്‍ ഒന്ന് ഇവിടെ കൊടുക്കുന്നു. ഒന്ന് കണ്ടു നോക്കുക.
അതിനെക്കുറിച്ചു കൂടുതലൊന്നും അടുക്കള പറയുന്നില്ല. നിങ്ങളില്‍ പലര്‍ക്കും സംസ്കാരത്തിന്റെ പുരോഗതിയായി അതിനെ കാണാന്‍ ആയേക്കാം. എന്തായാലും നിങ്ങളുടെ അഭിപ്രായം എഴുതുക. ഓരോ ദിവസവും മാറാന്‍ ഉള്ളതാണ് ഓരോ പ്രണയവും എന്ന് പറഞ്ഞാണ് ദിവസേനെ താരിഫ് മാറ്റുന്നതിന്റെ ആവശ്യകതയെ മൊബൈല്‍ കമ്പനിക്കാര് പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ പോയപ്പോള്‍ ഉടന്‍ തന്നെ മറ്റൊരുവനെ കണ്ടെത്തുന്നത് സ്ത്രീപക്ഷ വാടമാനെന്ന അഭിപ്രായവും ഉയര്‍ന്നേക്കാം. എങ്കിലും അടുക്കളക്ക് അതിനോട് നിഷേധാത്മകമായെ പ്രതികരിക്കാന്‍ ആവൂ...
മറ്റൊരു പരസ്യം സാംസംഗ് മൊബൈലിന്റെ ഇരട്ട സിം ഫോണിന്റെ പരസ്യമാണ്. തിരക്കിലാണ് എന്ന സന്ദേശം കേട്ട് ഗേള്‍ ഫ്രണ്ട് നഷ്ടമാവാതിരിക്കാന്‍ അത്തരം ഒബില്‍ വാങ്ങൂ എന്ന് കമ്പനി ഉപദേശിക്കുന്നു. കുറച്ചു നാള് മുന്‍പ് കണ്ട മറ്റൊരു പരസ്യം അതിലേറെ അപകടകരമായ ഒരു സന്ദേശമാണ് അവതരിപ്പിച്ചത്. ഒരാള്‍ പ്രത്യേക കമ്പനിയുടെ സ്വിച്ചും പ്ലുഗ്ഗും ഉപയോഗിക്കുമ്പോള്‍ ചെരുപ്പ് അഴിച്ചാണ് വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആ കമ്പനിയുടെ ഉത്പന്നങ്ങള്‍ അത്രയും സുരക്ഷിതമാണെന്ന സന്ദേശമായിരിക്കാം അവര്‍ മുന്നോട്ടു വച്ചത്. പക്ഷെ സുരക്ഷിതമായി വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം എന്നതിന് പകരം അലക്ഷ്യമായി അവ ഉപയോഗിക്കാനാണ് ആ പരസ്യം നമ്മെ ഉപദേശിക്കുന്നത്.
കുറച്ചു കാലം മുന്‍പ് അശ്ലീലതയുടെ പേരില്‍ ചില സോപ്പ് പരസ്യങ്ങള്‍ നിരോധിച്ചിരുന്നു. മദ്യത്തിന്റെ പരസ്യങ്ങളും ഇവിടെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ നിറഞ്ഞ പരസ്യങ്ങള്‍ ഇന്ന് നമ്മുടെ സ്വീകരണ മുറിയില്‍ മുഴങ്ങുകയാണ്. നമ്മുടെ സാംസ്കാരിക നായകര്‍ ഈ പരസ്യങ്ങള്‍ ഒന്നും കണ്ടില്ല. പകരം അവര്‍ വിവാദം ഉണ്ടാക്കിയത് മറ്റൊരു പരസ്യത്തിനെ പേരിലാണ്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം. അത് നല്കുനത് പ്രണയ വിരുദ്ദ പുരോഗമന വിരുദ്ദ സന്ടെഷമാനെന്നാണ് ആക്ഷേപം. ഒരു പെണ്‍കുട്ടി തന്റെ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചു പോകുന്ന കാര്യം വളരെ പിന്തിരിപ്പന് ആയിപ്പോയി എന്നാണ് അവരുടെ നിലപാട്. ആ ആണ്‍കുട്ടിക്ക് മറ്റെത്ര വഴികളുണ്ട്. അവനും സ്വന്തം മാതാപിതാക്കളെ വിട്ടു വന്നിരിക്കുകയാണ്. പ്രണയം രണ്ടു പേരുടെ സ്വകാര്യതയാനെന്നു പറയാം. എങ്കിലും മാതാപിതാക്കള്‍ക്ക് മക്കളിലും തിരിച്ചും ഉള്ള വിശ്വാസത്തെ അല്ലെ ആ പരസ്യം ഉയര്‍ത്തിപിടിച്ചത്. ആ പരസ്യത്തിന്റെ തമിഴ് ആവിഷ്കരണം കണ്ടാല്‍ അത് മനസ്സിലാവും. പക്ഷെ നമ്മുടെ പുരോഗമന വാദികള്‍ ആ തമിഴ് പരസ്യത്തെ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണ്. കാരണം അവരുടെ വാദങ്ങളെ എല്ലാം ദുര്‍ബലമാകുന്നതാണ് ആ പരസ്യത്തിന്റെ അവസാന സംഭാഷണവും സന്ദേശവും എന്നത് തന്നെയാവണം. ഇതാ ആ പരസ്യവും ഒന്ന് കണ്ടു നോക്കൂ...
ചുരുങ്ങിയ ഉദാഹരണങ്ങള്‍ കൊണ്ട് പരസ്യങ്ങളെ മുഴുവന്‍ വിലയിരുത്താനാവില്ല. എങ്കിലും ഈ ചെറു തുള്ളികള്‍ ചേര്‍ന്ന് തന്നെയല്ലേ മഹാസമുദ്രങ്ങള്‍ ആവുന്നതും. അത് കൊണ്ട് തന്നെ ഈ ഉദാഹരണങ്ങള്‍ക്ക് അതിന്റേതായ പ്രസക്തി ഉണ്ടെന്നു തന്നെ അടുക്കള വിശ്വസിക്കുന്നു.
Labels: ലേഖനം
ആഘോഷിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള നൂറാം വനിതാ ദിനവും കടന്നു പോയി. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. അടുക്കളയില്‍ വാര്‍ത്ത എത്താന്‍ വൈകിയതും ആവാം ട്ടോ. എങ്കിലും പലതുകൊട്നും പ്രത്യേകത ഉള്ളതായിരിക്കുമെന്നു തോന്നിയിരുന്നു ഈ വനിതാ ദിനം.
പാര്‍ലിമെന്റില്‍ സ്ത്രീ സംവരണ ബില്‍ ചര്‍ച്ചക്ക് വച്ചത് വലിയ വാര്‍ത്തയായി. ഒരു പാട് തവണ തള്ളിപ്പോയ ഈ ബില്‍ ഇപ്പോള്‍ പെട്ടെന്ന് പൊന്തിയതിന്റെ പിന്നിലെ സംഭവങ്ങള്‍ അടുക്കലക്കറിയില്ല. എങ്കിലും ഏകപക്ഷീയമായ തീരുമാനത്തിലൂടെ അല്ലാതെ ഈ ബില്‍ പാസ്സാക്കിയാല്‍ അതിനു പ്രായോഗിക തലത്തില്‍ എത്ര കണ്ടു വിജയിക്കാനാവും എന്നത് കണ്ടു തന്നെ കാണേണ്ടി ഇരിക്കുന്നു. ഈ ബില്‍ പാസ്സാകട്ടെ എന്നഗ്രഹിക്കുമ്പോഴും അടുക്കളക്ക് ഈ ബില്ലിനോട് വലിയ താല്പര്യം പോര. സംവരണമല്ല സമത്വം തന്നെയാണ് സ്ത്രീക്ക് വേണ്ടതെന്നു അടുക്കള ഉറച്ചു വിശ്വസിക്കുന്നു. ഈ സംവരണം വഴി വനിതകളെ കേവലം 33 % ഇല് തളച്ചിടുകയും സമത്വം എന്നത് വീണ്ടും സ്വപ്നങ്ങള്‍ ആവുകയും ചെയ്യാതിരിക്കട്ടെ. സമത്വത്തിലേക്കുള്ള ഒരു നല്ല പാത തുറക്കാന്‍ ഈ സംവരണത്തിന് കഴിയട്ടെ.
ബില്‍ രാജ്യസഭയില്‍ വച്ചു ബഹളം കൂടി പിരിഞ്ഞു എന്ന നിരാശാവാര്‍ത്ത കേള്‍ക്കുമ്പോഴും മനസ്സില്‍ ചെറിയൊരു സന്തോഷം ഉണ്ടായിരുന്നു. കാതറിന് ബിഗ്ലോ.അതെ, ഈ വനിതാദിനത്തിലെ താരം സംശയ ലെഷമന്യേ അവള് തന്നെയാണ്. സംവരണത്തിന്റെ പിന്‍ബലമൊന്നും കൂടാതെ തന്നെ 1500 കോടി രൂപയുടെ അവതാരത്തിനും 81 വര്‍ഷം നീണ്ട പുരുഷ മേല്ക്കൊയ്മക്കും മീതെ അവള് തന്റെ ഹര്‍ട്ട് ലോക്കറുമായി നിവര്‍ന്നു നിന്നപ്പോള്‍ അത് വനിതകള്‍ക്ക് അഭിമാനത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായി മാറി. മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി.
ഇതൊക്കെയാണെങ്കിലും ഈ വനിതാ ദിനം അറിയാതെ തന്നെയാണ് ലോകത്തുള്ള വനിതകളില്‍ ഭൂരിപക്ഷവും ഇന്നും കഴിയുന്നത്. അങ്ങനെ ഒരു അവസ്ഥയില്‍ ഈ ഒരു ദിനത്തിന്റെ പ്രസക്തി എത്രയുണ്ടെന്നറിയില്ല. എങ്കിലും എല്ലാ സഹോദരിമാര്‍ക്കും അടുക്കളയുടെ ആശംസകള്‍.
കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം ഒന്ന് കൂടി ഇവിടെ പോസ്റ്റുന്നു. അവസ്ഥകള്‍ മാറാത്തിടത്തോളം മറ്റൊരു എഴുത്തിനു അടുക്കളക്ക് വയ്യ.
"ഇന്നു ലോക വനിതാ ദിനം.
പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക് സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.
പക്ഷെ; ഞാന്‍ പറയട്ടെ - ഈ ദിനം നിങ്ങലെപോലുള്ളവര്‍ക്ക് ഇങ്ങനെ വില കുറഞ്ഞ കെട്ടുകാഴ്ച്ചകലുമായി കൊട്ടിഘോഷിച്ചു അപഹാസ്യരാവനുള്ളതല്ല. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.
ആന വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ പുറപ്പെട്ട അണ്ണാനെപ്പോലെ പൊതുവേദികളില്‍ വെറുതെ നാവടിച്ചു പരിഹാസകഥാപാത്രങ്ങള്‍ ആവുകയാണ് ഇന്നു സ്ത്രീകള്‍. ചിലര്‍ ചൂലുമായി റോഡില്‍ സമരം ചെയ്യാനിരങ്ങിയെന്നതും വേദനയോടെയാണ് എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത്. നമ്മള് ഉപയോഗിക്കുന്നതിനെ അഭിമാന ചിഹ്ന്നമാക്കെണ്ടാതിനു പകരം അപമാനത്തിന്റെയും വിലയില്ലയ്മയുടെയും അടയാളമാക്കി മാറ്റുന്ന ഇവരാണ് നിങ്ങളെ സമൂഹത്തിനു മുന്നില്‍ വിലയില്ലാതവരാക്കുന്നത്. സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്‍ക്ക് പുരുഷനെ അനുകരിക്കെണ്ടാതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള് സ്വയം തിരിച്ചറിയേണ്ടതുണ്ട്.
പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്‍ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്‍ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്. അവര്‍ക്കു മാത്രം. പക്ഷെ അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങളെ പോലെയാണ് എല്ലാവരുമെന്ന ചിന്ത ദയവായി ഉപേക്ഷിക്കുക . നിങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ ചുമലില്‍കൂടി ഇറക്കി വക്കാതിരിക്കുക. ഞങ്ങളുടെ മനസാണ് നിങ്ങളുടെ വാക്കുകളെന്നു പറഞ്ഞു ഞങ്ങളെ അപമാനിക്കതിരിക്കുക.
എന്നാല്‍ ഗാര്‍ഹിക പീഡനം അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്നില്‍ വീണലിഞ്ഞ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ണുനീര് തുള്ളികളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ പറയുകയാണ്. അതിനെതിരെ കഴിയുമെന്കില് നിങ്ങള്‍ ശബ്ദം ഉയര്‍ത്തുക. പക്ഷെ അതിന്റെ ആഴിങ്ങളിലേക്ക് ചിന്തിക്കുംപോഴാണ് തിരയുംപോഴാണ് അവിടെയും പലപ്പോഴും പ്രതിസ്ഥാനത്ത് ഏതെങ്കിലും ഒരു സ്ത്രീ ആണെന്ന് കണ്ടെത്താന്‍ കഴിയുക. അതെ, അനുഭവങ്ങള്‍ പലപ്പോഴും നാം കണ്ടില്ലെന്നു നടിച്ചാണ് നാം നമ്മുടെ ശത്രുക്കള്‍ക്ക് പേരു നല്‍കുന്നത്. നിങ്ങളും സ്വതന്ത്രമായി ഒന്നു ചിന്തിച്ചു നോക്കുക. നിങ്ങള്‍ക്കും പലയിടത്തും പുരുഷന്മാരെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ അതിനെക്കാള്‍ കുടുതല്‍ സഹായവും അവര്‍ നല്കിയിട്ടില്ലേ. നിങ്ങള്‍ നടത്തുന്ന ഒരു ജാഥ, സമ്മേളനം, ഇതിന്റെയൊക്കെ പുറകില്‍ നിങ്ങളെ സഹായിച്ചവര്‍ എത്ര പേര്. പക്ഷെ നിങ്ങളെ എതിര്‍ത്തവര്‍, തടസപ്പെടുതിയവര്‍, സഹകരിക്കതിരുന്നവര്‍, ആട്ടിയോടിച്ചവര്, അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നില്ലേ.... അതെ, നമ്മള് ആദ്യം പോരുതെണ്ടത്, അല്ലെങ്കില്‍ ഇല്ലതാക്കേണ്ടത്, നമ്മള്‍ക്ക് തന്നെ നമ്മളോടുള്ള ശത്രുതയാണ്.
ഇവിടെ ഇന്നു പലരും പറയുന്നതു പോലെ പുരുഷന്റെ അമിതമായ ലൈംഗിക ത്രിഷ്ണയാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ യുദ്ധം ചെയ്യുന്നത് നിഴലിനോടാനെന്നത് തിരിച്ചറിയാനാവാതെ പോയേക്കാം. ഓര്‍ത്തു നോക്കൂ... എല്ലാ ലൈംഗിക പീഡനകേസുകളിലും ഒരു കണ്ണിയായി സ്ത്രീ കാണാറില്ലേ... അതെ ആ കണ്ണിയാണ് നമ്മുടെ ശത്രു. പുരുഷന്റെ അത്തരം ആസക്തിയുടെ എരിതീയിലേക്ക് നിങ്ങളെ നയിക്കുന്ന, അതിലേക്കു എണ്ണയൊഴിച്ച് അതിന് ശക്തി പകരുന്ന ആ ശത്രുവിനോടാണ് നമ്മള് പട വെട്ടേണ്ടത്. പക്ഷെ, ഇന്നു നിങ്ങളെ നയിക്കുന്നവരില്‍ പലരും ആ കണ്ണികളില്‍ പെട്ടവരാണ് എന്നതു നിങ്ങള്‍ തിരിച്ചറിയുന്നില്ല. ലൈംഗിക സ്വാതന്ത്രത്തിനും സ്വവര്‍ഗ ലൈംഗികത പോലെ പുരോഗമനാത്മകമല്ലാത്ത അവകാശങ്ങള്‍ക്കായി തെരുവില്‍ അലരുന്നവര്‍ തന്നെയാണൊ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ മുതലക്കണ്ണീര് ഒഴുക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം ലോകത്തെ, സമൂഹത്തെ, സുരക്ഷിതത്വതിലെക്കല്ല, മരിച്ചു അരക്ഷിതത്വതിലെക്കാണു തള്ളി വിടുന്നതെന്ന് തിരിച്ചറിയാന്‍ ഇവരുടെ ജല്പനങ്ങളുടെ ചെളിപുരണ്ടു തിമിരമേല്‍ക്കാത്ത സാമാന്യ ബോധം മാത്രം മതി. സ്വാതന്ത്രവും സുരക്ഷിതത്വവും തമ്മിലുള്ള ബന്ധവും വൈരുധ്യവുമെല്ലാം ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുമുണ്ട്.
സഹോദരിമാരെ, നിങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നിയേക്കാം, ഞാന്‍ അന്ധമായി പുരുഷ പക്ഷത്തു നിന്നു സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകള്‍ പറയുകയാണെന്ന്. കാരണം, എന്താണ് സ്ത്രീ പക്ഷമെന്ന് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞ കൂട്ടരാണല്ലോ. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ് ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന് ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള് ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല. സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ സ്ത്രീകളെ ഓര്‍ക്കുന്നതോടൊപ്പം അവരെക്കാള്‍ ഫലപ്രദമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത യേശു ക്രിസ്തു, രാജാ റാം മോഹന്‍ റായ്, പെരിയോര്‍ തുടങ്ങിയ പുരുഷന്മാരെ നിങ്ങള്‍ക്ക് മറക്കാന്‍ എങ്ങനെ കഴിയും.
ഈ വനിതാ ദിനതിലെന്കിലും തങ്ങളുടെ യദാര്‍ത്ഥ ആവശ്യങ്ങള്‍ എന്താണെന്നും, സമൂഹത്തോട് നമുക്കുള്ള കടപ്പാട് എന്താണെന്നും മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ സഹോദരിമാര്‍ക്കും എന്റെ വനിതാ ദിനാശംസകള്‍..... "
Labels: ലേഖനം
32. നിത്യാനന്ദയും ഉണ്ണിത്താനും ടൈഗര്‍ വൂഡ്സും മറ്റു ചിലരും....
Posted by ANITHA HARISH on Friday, March 05, 2010അടുക്കളയെ പലരും കപട സദാചാരത്തിന്റെ വക്താവായി കുറ്റപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും പുരോഗമനം എന്നത് സദാചാരത്തിന്റെ വിപരീതമായി കരുതുന്നവര്‍. അങ്ങനെ കരുതുന്നവരില്‍ നിന്നും അടുക്കള മുഖം മറക്കുന്നില്ല. കാരണം കപടം എന്നതിന്റെ അര്‍ഥം ശരിക്കും അറിയുന്നവരാണല്ലോ അവര്‍. എങ്കിലും ഒന്ന് പറയട്ടെ, അടുക്കള വക്താവാണ്, കപട സദാചാരത്തിന്റെ അല്ല, സദാചാരത്തിന്റെ. കാപട്യത്തെ അടുത്തറിഞ്ഞ അവര്‍ക്ക് അതില്‍ നിന്നും അടുക്കളയിലേക്കുള്ള ദൂരം അറിയാനാത്തതിലുള്ള സങ്കടത്തോടെ തന്നെ ഇന്നത്തെ കഥ തുടങ്ങട്ടെ.
-സ്നേഹിക്കുന്നത് കുറ്റമാണോ?
-അല്ല.
-സ്നേഹം പ്രകടിപ്പിക്കുന്നതോ?
-അല്ലെ അല്ല.
അടുത്തിടെ നടന്ന, നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ മനസ്സില്‍ സ്വാഭാവികമായി ഉയര്‍ന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. അതോടൊപ്പം മനസ്സിനോട് യുക്തി ചോദിച്ച ചില ചോദ്യങ്ങളും ഇവിടെ കുറിക്കാതെ വയ്യ.
-സ്നേഹം സന്തോഷം മാത്രമാണോ നല്‍കുന്നത്?
-പലപ്പോഴും.
-അങ്ങനെ എങ്കില്‍ ചിലപ്പോഴെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് വേദന നല്കുന്ന സ്നേഹം കുറ്റമാണോ?
തെറ്റല്ല എന്ന് വേണമെങ്കില്‍ പറയാം. സ്നേഹം, പ്രണയം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെട്ടവരുടെ മാത്രം സ്വകാര്യത തന്നെയാണെന്ന് നിങ്ങള്‍ക്കൊപ്പം അടുക്കളയും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ആ സ്വകാര്യത സ്വന്തം കര്‍ത്തവ്യങ്ങളെ കടമകളെ മറക്കാനോ മാറ്റാനോ ഉള്ള ന്യായീകരണം ആവുമ്പോള്‍.... ഇല്ല. അടുക്കളക്ക് അതോടൊപ്പം നില്‍ക്കാനാവില്ല. ഒരിക്കലും.
അടുത്തിടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താനെയും സഹപ്രവര്‍ത്തകയായ ഒരു യുവതിയെയും മഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോയ സംഭവം ഏറ്റവും പ്രകോപിതരാക്കിയത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ ആയിരുന്നില്ല എന്നതാണ് രസകരം. കേരളത്തിലെ സാംസ്കാരിക രംഗത്തെ പുരോഗമന വാദികള്‍ എന്ന പട്ടം സ്വയം കയ്യാളുന്നവര്‍ ആയിരുന്നു ആ ചിത്രം കണ്ടു രോഷാകുലര്‍ ആയതു. എഴുത്തുകാരും സാംസ്കാരിക നായകരും സമൂഹത്തിലെ സദാചാര പൊലീസിനെതിരെ ഉറഞ്ഞു തുള്ളി. ഉണ്ണിത്താനും സഹപ്രവര്‍ത്തകക്കും അങ്ങനെ ഒരു മോഹമുണ്ടെങ്കില്‍ അതിനു സഹായിക്കേണ്ടവരായിരുന്നു ഇടതു പക്ഷ പ്രവര്‍ത്തകര്‍ എന്ന ധ്വനിയായിരുന്നു പലരുടെയും വാക്കുകളില്‍ മുഴങ്ങിയത്. ( ശ്രീമാന്‍ സക്കറിയക്ക് പയ്യന്നൂരില്‍ നിന്നും ലഭിച്ച സ്വീകരണത്തോടെ കേരളത്തിലെ ഇടതു പക്ഷം തങ്ങളുടെ അത്ര പുരോഗമിച്ചിട്ടില്ല എന്ന് കുറഞ്ഞത് അദ്ദേഹത്തിനെങ്കിലും ബോധ്യമായിക്കാണും. അല്ലെങ്കിലും ഇവര്‍ വിഭാവനം ചെയ്യുന്ന പുരോഗമനം ബന്ധങ്ങള്‍ക്ക് ശിലായുഗത്തിലെ നിര്‍വ്വചനങ്ങള്‍ നല്‍കുക എന്നതാണല്ലോ ) ഉണ്ണിത്താന് തന്നെ പിടിക്കാന്‍ വന്ന ജനങ്ങളോടും പോലീസിനോടും "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല" എന്ന് പറഞ്ഞതിന് പകരം " ഞങ്ങള്‍ തമ്മില്‍ പലതും ഉണ്ടാകാം, അതിനു നിങ്ങള്‍ക്കെന്താ" എന്ന് ചോദിക്കണമായിരുന്നു എന്ന അര്‍ത്ഥത്തിലാണ് ഇക്കഴിഞ്ഞ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഒരു സഹോദരി എഴുതിയത്.
ആ സഹോദരിക്കും അങ്ങനെ ചിന്തിക്കുന്ന ചുരുക്കം ചിലര്‍ക്കും കഴിഞ്ഞേക്കാം. പക്ഷെ ഒരു ഭര്‍ത്താവിനു, സഹോദരന്, പിതാവിന് ഒരിക്കലും അങ്ങനെ പറയാനാവില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ അവരല്ലാതാകും. അത് വെളിവാക്കുന്നത് സ്നേഹിക്കുന്നതില്‍ ശരിയോടൊപ്പം തെറ്റും ഉണ്ട് എന്ന് തന്നെയല്ലേ.
സ്വാര്‍ത്ഥരാവുമ്പോള്‍ മാത്രമേ മനുഷ്യനു തന്നെ വളര്‍ത്തിയ സമൂഹത്തെയും കടമകളെയും മറക്കാനാവൂ. പക്ഷെ അവരോര്‍ക്കുന്നില്ല അവരെപ്പോലെ മുന്‍ തലമുറയും ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെ നടക്കാന്‍ അവര്‍ വളരില്ലായിരുന്നു എന്ന്. ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് സന്തോഷകരമായ കുടുംബാന്തരീക്ഷം. അങ്ങനെ അല്ലാത്ത സാഹചര്യങ്ങളില്‍ വളരുന്ന മക്കളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പക്ഷെ ഈ പുരോഗമന വാദികള്‍ക്ക് അറിയാന്‍ കഴിഞ്ഞേക്കില്ല. സ്വന്തം സുഖങ്ങള്‍ക്കപ്പുറത്തെ യാതൊന്നും അവര്‍ക്കറിയെണ്ടല്ലോ!!! പക്ഷെ ഒന്നുണ്ട്, ആ മക്കളാണ് പലപ്പോഴും സമൂഹത്തിന്റെ അരക്ഷിതാവസ്തക്ക് കാരണമായിട്ടുള്ളത്. വഴി തെറ്റി പോകുന്ന മനുഷ്യരില്‍ പലര്‍ക്കും കാരണമായി പറയാനുള്ളത് ബാല്യത്തിലും കൌമാരത്തിലും വീട്ടില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയും കുടുംബത്തിലെ അന്തച്ചിദ്രങ്ങളും ഒക്കെയാണ്, അതല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയാതെ പോയ സ്നേഹം. അതെല്ലാം വെളിവാക്കുന്നത് പുരോഗതിയിലേക്കുള്ള യാത്രയില്‍ കുടുംബഭദ്രതക്കുള്ള പ്രാധാന്യത്തെ തന്നെയാണ്.
പുരോഗമന വാദികളുടെ ഇരട്ട മുഖം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഈ ആഴ്ച നടന്നു. സണ്‍ ടി.വി. യിലെ നിജം എന്ന പരിപാടിയില്‍ തമിഴ്നാട്ടിലെ നിത്യാനന്ദ പരമഹംസര്‍ എന്ന സന്യാസിയും ഒരു പ്രശസ്ത നടിയും ഉള്‍പ്പെട്ട കിടപ്പറ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്തത് കഴിഞ്ഞ ദിവസമാണ്. പ്രധാന മാധ്യമങ്ങളില്‍ എല്ലാം അപ്രധാനമല്ലാത്ത രീതിയില്‍ വാര്‍ത്തകളും വന്നു. പുരോഗമന വാദികള്‍ ആരും തന്നെ സ്വാമിയുടെ സ്വകാര്യതയെ ന്യായീകരിച്ചു കണ്ടില്ല. ഉണ്ണിത്താന് ആരോ ആയിക്കൊള്ളട്ടെ പക്ഷെ ഒരു മനുഷ്യന്റെ സ്വകാര്യതയെ കടന്നു കയറാന്‍ മറ്റൊരാള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞവര്‍ സ്വാമി ആരോ എന്തോ ആകട്ടെ അയാളുടെ സ്വകാര്യതയില്‍ ടി വി. ചാനലിനെന്തു കാര്യമെന്നും, ചാനല്‍ ചെയ്തത് മഹാപരാധമെന്നും ചിലപ്പോള്‍ പറഞ്ഞേക്കാം. തെറ്റ് ചെയ്യുന്നവരല്ലല്ലോ, അത് കണ്ടെത്താന്‍ നടക്കുന്നവരാണ് തെറ്റുകാര്‍ എന്നാണല്ലോ അവരുടെ മതം. താന്‍ ബ്രമ്ഹചാരിയെന്നു പറഞ്ഞിരുന്ന സ്വാമി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നതില്‍ പക്ഷെ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. അതെ അപ്പോള്‍ അവിടെ സ്വകാര്യത എന്നത് വഞ്ചന ആവുന്നു. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? അതുപോലെ തന്നെയല്ലേ കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും പരസ്പരമുള്ള വാഗ്ദാനം. ആ ബന്ധത്തിനപ്പുറത്ത് സ്വാതന്ത്ര്യം തേടി പുത്തന്‍ സ്വകാര്യതകള്‍ തീര്‍ക്കുന്നവര്‍ അതെ വഞ്ചന തന്നെ അല്ലെ ചെയ്യുന്നത്. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?
പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാനും താമസിക്കാനും എല്ലാം സ്വാതന്ത്ര്യം വേണമെന്ന വാദത്തിനും ചില മറുമുഖങ്ങള്‍ ഉണ്ട്. ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്ത ചില സഹോദരിമാരെ പിന്നീടു ഇന്റര്‍നെറ്റിലൂടെയും എം.എം.എസ്സുകളിലൂടെയും ആണ് ലോകം കണ്ടത്. സ്വാതന്ത്ര്യത്തിന്റെ നല്ല നല്ല ഓര്‍മ്മകള്‍ അവരെ ഈ ജീവിതകാലം മുഴുവന്‍ വെട്ടയാടാതെ തരമില്ല. അത് മലയാളി പുരുഷസമൂഹത്തിന്റെ മനോരോഗമെന്ന് വേണമെങ്കില്‍ തള്ളിക്കളയാം. പക്ഷെ അത്തരം മനോരോഗികളുടെ നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യം എത്ര കണ്ടു സുരക്ഷിതമാണെന്ന് നിങ്ങള്‍ ഓര്‍ക്കാത്തതെന്തേ? അതോ ഞങ്ങള്‍ക്ക് സുരക്ഷ വേണ്ട , സ്വാതന്ത്ര്യം മാത്രം മതി എന്ന ചിന്തയിലോ?
ഇത്തരം മനോരോഗങ്ങളില്‍ നിന്നും മോചനം നേടിയെന്നു പറയുന്ന പാശ്ചാത്യ സമൂഹത്തില്‍ നിന്നും അടുത്തിടെ ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാതിരിക്കാന്‍ വയ്യ. ലോക പ്രശസ്ത ഗോള്‍ഫ് കളിക്കാരനായ ടൈഗര്‍ വുഡ്സ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലോകത്തോട് മനസ്സ് തുറന്നത് നമ്മളില്‍ പലരും കണ്ടതാണ്. തന്റെ വഴി വിട്ട ജീവിതത്തിനു, ( ചിലര്‍ ഇപ്പോള്‍ പറയുന്ന പുരോഗമന ജീവിതത്തിനു) ലോകത്തോട് മാപ്പ് പറയുകയായിരുന്നു അദ്ദേഹം. പുരോഗമന വാദികള്‍ സ്വാതന്ത്ര്യത്തിന്റെ മാതൃകയായി പറയുന്ന പാശ്ചാത്യ ലോകം കുടുംബത്തിനും സദാചാരത്തിനും എത്ര കണ്ടു പ്രാടാന്യം നല്കുന്നു എന്ന് ടൈഗറിന്റെ ഓരോ വാക്കുകളും വിളിച്ചോതുന്നു. ബന്ധങ്ങളില്‍ പരസ്പര സ്വാതന്ത്ര്യമോ, സ്വകാര്യതയോ അല്ല, മറിച്ചു പരസ്പരം പുലര്‍ത്തേണ്ട പാലിക്കേണ്ട വിശ്വാസമാണ് ഏറ്റവും വലുതെന്നു പറഞ്ഞ ആദ്യത്തെ പാശ്ചാത്യനല്ല ടൈഗര്‍. മാജിക് ജോണ്സന്, ബില്‍ ക്ലിന്റന്, ബോറിസ് ബെക്കെര്‍, ഡേവിഡ് ബെക്കാം തുടങ്ങി എത്രയോ പേര് തങ്ങള്‍ക്കു സംഭവിച്ച തെറ്റുകള്‍ ഏറ്റു പറഞ്ഞു ജീവിതം കരുപ്പിടിപ്പിച്ചവര്‍ ഉണ്ട്... നമ്മുടെ പുരോഗമന വാദികളുടെ കണ്ണുകള്‍ അതൊന്നും കാണാത്തതില്‍ അത്ഭുതമില്ല. കാരണം ഇവര്‍ തേടുന്നത് നൈമിഷിക സുഖങ്ങള്‍ മാത്രമാണല്ലോ.ഇപ്പോള്‍, ഇന്ന്. അത്ര മാത്രം. നല്ലൊരു നാളെ എന്നത് അവരുടെ ചിന്തയുടെ ചക്രവാളങ്ങളില്‍ പോലുമില്ല.
മറിച്ചും ഉദാഹരണങ്ങള്‍ കണ്ടേക്കാം, എങ്കിലും ഓരോ ബന്ധങ്ങളും തകരുന്നത് സ്വാതന്ത്ര്യത്തിന്റെയോ സ്വകാര്യതയുടെയോ പേരില്‍ ആയിരുന്നില്ല. പരസ്പരമുള്ള വിശ്വാസങ്ങളില്‍ മായം കലരുമ്പോഴാണ്. സ്വാര്തരാവുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആ പരസ്പര വിശ്വാസം തന്നെയാണ്. അടുത്തിടെ കണ്ട ഒരു പരസ്യ വാചകമാണ് ഓര്‍മ്മ വരുന്നത്. വിശ്വാസം; അതല്ലേ എല്ലാം. പക്ഷെ പുരോഗതിയുടെ ഇന്നത്തെ വക്താക്കള്‍ക്കു അത് ഒന്നുമല്ല എന്നത് ഏറെ വേദനാജനകം തന്നെ. ഇവരില്‍ ഏറെ പേരും സ്വയം സ്ത്രീപക്ഷവാദികള്‍ എന്ന് സ്വയം അഭിമാനിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ സ്ത്രീകളെ അരക്ഷിതരാക്കി ചൂഷണം ചെയ്യുക എന്നതാണ് ഇവര്‍ ചെയ്യുന്ന സ്ത്രീപക്ഷപ്രവര്‍ത്തനം. അവരുടെ മനോ വൈകൃതങ്ങള്‍ ആണ് ഉണ്ണിത്താന് സംഭവങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പിന്തുനയുമായെത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. അവരുടെ അരാജക ജീവിത മോഹങ്ങള്‍ക്ക് തടസ്സമാകുന്നവരെ ആണ് കപട സദാചാര വാദികളായി മുദ്ര കുത്തുന്നത്. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നു, ശരിയാണ്, പക്ഷെ അടുത്ത തലമുറക്കായി നിങ്ങള്‍ എന്ത് നല്കുന്നു?
ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണകെട്ടി നിയന്ത്രിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ആ ഒഴുക്കിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള പ്രവാഹം തന്നെയാണ്. എന്നാല്‍ ആ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനായാല്‍ അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു കൂടിയാണ് ഉപകാരപ്രദമാവുന്നത്. എന്നാല്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നത് ആ ഒഴുക്കിനെ നിയന്ത്രിക്കാതെ എല്ലാം തകര്‍ത്തെറിഞ്ഞു സ്വയം നശിക്കാന്‍ അനുവദിക്കണം എന്നാണു. മനുഷ്യനെ കേവലം മൃഗമാക്കണം എന്നാണു അതിലൂടെ ആവശ്യപ്പെടുന്നത്. അതെ യുഗങ്ങള്‍ കൊണ്ട് താണ്ടി വന്ന പുരോഗതിയില്‍ നിന്നുമുള്ള തിരിച്ചു പോക്ക്.
എങ്കിലും പൊതു സമൂഹം ഇത്തരം കപട പുരോഗമന വാദികളുടെ ജല്‍പ്പനങ്ങളെക്കാള്‍ വില നല്‍കുന്നത് സദാചാര മൂല്യങ്ങള്‍ക്ക് തന്നെ ആണെന്നതിന്റെ ഉത്തമ സാക്ഷ്യങ്ങള്‍ ആണ് ഉണ്ണിത്താന് സംഭവവും, പയ്യന്നൂര്‍ സംഭവവും, നിത്യാനന്ദ സംഭവവും. സദാചാര മൂല്യങ്ങല്‍ക്കനുസൃതമായി ജീവിതത്തെ നിയന്ത്രിക്കുന്നത് സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണെന്ന് അവര്‍ക്കറിയാം. ഇപ്പറഞ്ഞ പുരോഗമന വാദികളുടെ വാദങ്ങള്‍ അല്ല ശരി എന്നതല്ലേ "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല " എന്ന് പറയാന്‍ ശ്രമിച്ചതിലൂടെ ഉണ്ണിത്താനും പറഞ്ഞത്.
Labels: ലേഖനം
"പ്രണയമെന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞുവെങ്കില്‍ അത് നീ കാരണമാണ്"- ഹെര്‍മ്മന്‍ ഹെസ്സെ.
പ്രണയത്തെ ആഘോഷിക്കാന്‍ മാത്രമായി ഒരു ദിനം കൂടി.
ആഘോഷങ്ങള്‍ എന്നും സ്വകാര്യതയെ പൊളിച്ചെറിയുന്ന അനുഭവങ്ങളായിരുന്നു. പ്രണയവും ആഘോഷമാക്കേണ്ടതാണെന്ന് ആദ്യം നമ്മോടോതിയതാരെന്നറിയില്ല. പക്ഷെ ആഘോഷങ്ങളുടെ കൂട്ടത്തിലേക്ക് പറിച്ചു നട്ടപ്പെട്ടതോടെ പ്രണയത്തിനു സ്വകാര്യതയുടെ സുഖം നഷ്ടപ്പെട്ടുവന്നു പലരും അടുക്കളയോട് പറയാറുണ്ട്. ശരിയാണ്. വാലന്റൈന്‍ ദിനത്തിലൂടെ നമ്മള് പ്രണയത്തെ ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രണയിക്കുകയല്ല. അല്ലെങ്കിലും മുന്‍നിശ്ചയപ്രകാരം ഒരു ദിനത്തിലേക്ക് പ്രണയിക്കാന്‍ പാകപ്പെടും വിധം സ്വിച്ചിട്ടു പ്രവര്‍ത്തിക്കുന്ന യന്ത്രമോന്നും അല്ലല്ലോ നമ്മുടെ ആരുടേയും മനസ്സ്.
അടുക്കളക്ക് പറയാനുള്ളത് ആഘോഷിക്കാനായി പ്രണയിക്കുന്നവരോടല്ല. പ്രണയത്തിലൂടെ സ്വന്തം ലോകം തീര്‍ക്കുന്നവരോടാണ്. "പ്രണയിക്കാനായി എന്തിനു ഒരു ഫെബ്രുവരി - 14. ഓരോ പ്രഭാതവും, സായാഹ്നവും, രാവും, പകലും, വര്‍ഷവും, വസന്തവും എല്ലാം നിങ്ങളുടെ പ്രണയത്തിന്റെ തീഷ്ണത ഏറ്റുവാങ്ങാനുള്ളതല്ലേഈ ഒരു ദിനത്തിന്റെ പൊള്ളയായ തിളക്കത്തില്‍ ഈയാം പാറ്റകള്‍ ആവാതിരിക്കട്ടെ ഓരോ പ്രണയവും..."
ലോകം പ്രണയത്തെക്കുറിച്ചോര്‍ക്കുന്ന ഈ സമയത്ത് അടുക്കളക്ക് സ്മരിക്കാനുള്ളത് പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞ തെന്നല്‍ പോലെ നമ്മെ കടന്നു പോയ ഒരു സഹോദരനെക്കുറിച്ചാണ്. തന്നിലെ സുഗന്ധം ഇവിടെ വിതറി മാഞ്ഞു പോയ ഒരു ഇളം തെന്നലിനെക്കുറിച്ച്.
അമ്മ വന്നു പറഞ്ഞപ്പോഴാണ് അറിഞ്ഞത്.
-സര്‍ജറി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന കുഞ്ഞി മണിക്കൂറുകളായി ടെലിവിഷന്‍ മുന്നില്‍ ഇരിക്കുകയാണത്രെ! ആരോഗ്യമുള്ള സമയത്ത് പോലും ഒരു സിനിമ കാണുന്നിടത്ത് നിന്നും പല തവണ എഴുന്നേറ്റു നടക്കുന്ന അവക്കിതെന്തുപറ്റി?
കോലായില്‍ ചെന്നപ്പോഴാണ് അത് കണ്ടത്. ചാനലുകള്‍ മാറി മാറി അവള് കണ്ടുകൊണ്ടിരിക്കുന്നത് ഒരു ചിത്രം മാത്രമാണ്. മലയാളിയുടെ പ്രിയ പാട്ടെഴുത്തുകാരന് ഗിരീഷ് പുത്തഞ്ചേരിയുടെ അന്ത്യയാത്ര !!!
പാതി നിറഞ്ഞ കണ്ണുകളും കാണാം തൂങ്ങിയ കവിളുകളും. അടുപ്പമുള്ള ഏറെ പേര്‍ക്കൊപ്പം അദ്ദേഹത്തെ അകലെ നിന്ന് മാത്രം കണ്ട അവളുടെ മനസ്സും തേങ്ങുകയാണ്. ഞങ്ങളില്‍ പാട്ടുകളോട് ഏറ്റവും പ്രിയം എന്നും അവള്‍ക്കായിരുന്നു. വെറുതെയിരിക്കുമ്പോള്‍ അവള് മൂളാറുള്ള ഈണങ്ങളും കേട്ട് ഏറെ കൌതുകത്തോടെ ഞങ്ങള്‍ നിന്നിട്ടുണ്ട്. അങ്ങനെ പാതി മൂളലും, പാതി വാക്കുകളും ആയി അവളുടെ അധരങ്ങളില്‍ നിന്നുതിര്ന്നിരുന്ന ഈണങ്ങളില്‍ പലതിനും ജീവന് നല്കിയ ആളാണ് ചേതനയില്ലാതെ ചില്ലുകൂട്ടില്‍ ഇനിയൊരു പാട്ട് മൂളാനാവാതെ തണുത്തുറഞ്ഞു കിടക്കുന്നത്.
ചാനലുകളില്‍ അനുസ്മരണങ്ങള്‍ തുടരുകയാണ്. എന്നും മൂളാറുള്ള ചില വരികള്‍ അവള് പാടാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ക്കറിയാമായിരുന്നു, വിങ്ങുന്ന മനസ്സിന്റെ നാദധാര ഇടറിക്കൊണ്ട് മാത്രമേ വായുവിലെക്കൂളിയിടൂ എന്ന്. ഒടുവില്‍ അവള് കൃഷ്ണമോളെ വിളിച്ചു കുറെ വരികള്‍ പാടിച്ചു. കൈക്കുടന്ന നിറയെ മധുരം തരുന്ന വസന്തത്തിന്റെ ഗൃഹാതുരത, എന്തെ മനസ്സിലൊരു നാണം എന്ന് പാടുമ്പോഴത്തെ കുസൃതി കലര്‍ന്ന ലജ്ജ, കാര്‍മുകില്‍ വര്‍ണ്ണന്റെ ഭക്തിയില്‍ അടയുന്ന മിഴികള്‍....പക്ഷെ ഇന്ന് എല്ലാ ഈനങ്ങള്‍ക്കും ഒരേ ഭാവം മാത്രം. വീണുടഞ്ഞ ആ സൂര്യകിരീടത്തിന്റെ ശോകം!!!
പ്രിയ പാട്ടുകാരാ.... അവളുടെ ഉള്ളിലെ തെങ്ങലെനിക്ക് മനസ്സിലാക്കാം. പക്ഷെ അത് കേട്ടിരുന്ന ഓരോ നിമിഷവും എന്റെ മനസ്സില്‍ നിറയുന്ന ശൂന്യതക്ക് എന്താണര്‍ത്ഥം. മനസ്സിന്റെ മണിച്ചിമിഴില്‍ താലോലിച്ചിരുന്ന വരികളില്‍ ചിലത് നിന്റെതായിരുന്നു. പ്രണയവും വാത്സല്യവും, വിഷാദവും, ആര്‍ദ്രതയും എല്ലാം മനസ്സിലേക്ക് തുളച്ചിറക്കിയ വരികള്‍.... പക്ഷെ ആ വരികള്‍ക്കപ്പുറത്തേക്ക് നിന്റെ പേര് ഒരിക്കലും മനസ്സില്‍ തെളിയാറില്ല. പക്ഷെ ആ വരികളെ ഇവിടെ വിട്ടു നീ മാത്രം യാത്രയാവുമ്പോള്‍ ഞങ്ങള്‍ അറിയുന്നു. കേവലം ആ വരികള്‍ മാത്രമല്ല, അതിലൂടെ കാല്പനികതയുടെ തരളിതമായ ആ മനസ്സും നീ ഞങ്ങള്‍ അറിയാതെ ഞങ്ങളില്‍ കുടിയിരുത്തിയിരുന്നുവെന്ന്.
പ്രണയത്തെ, കിനാവുകളെ, സന്ധ്യകളെ, പ്രഭാതത്തെ, മഞ്ഞിന് കണങ്ങളെ, നിലാവിനെ, മുകിലിനെ, രാവിനെ എല്ലാം തരളിതമാക്കാന്‍ നിന്റെ തൂലിക ഇനി ചലിക്കില്ല എന്നോര്‍ക്കുമ്പോള്‍ ഉണരുന്ന ശൂന്യത നിറക്കാന്‍ ഇനിയും ഭാവനകള്‍ ഇവിടെ ഉണ്ടായേക്കാം... എങ്കിലും നിന്റെ പ്രിയ സുഹൃത്ത് പറഞ്ഞപോലെ ശരീരത്തിന്റെ ചില യാദാര്ത്യങ്ങളെ അവഗണിച്ചു ജീവിതയാത്രയെ ആഘോഷിച്ച; ആളിക്കത്തും മുന്‍പേ അണഞ്ഞു പോയ ചില ഓര്‍മ്മകള്‍ക്കൊപ്പം കൂട്ടായി ഇനി നിന്റെ പേരും... ചങ്ങമ്പുഴ, വയലാര്‍, ലോഹിതദാസ്...മനസ്സിന്റെ ജാലകത്തിനപ്പുരത്തു താളത്തിലൊരു പദനിസ്വനമായി ഉണരാന്‍ ഇനി നിന്റെ വാക്കുകള്‍ ചുവടുവക്കില്ല എന്നോര്‍ക്കുമ്പോള്‍ കുഞ്ഞിയോടൊപ്പം, നിന്നിലൂടെ ഉതിര്‍ന്നു വീഴാനിരുന്ന അനേകം വരികളിലെ വാക്കുകള്‍ക്കൊപ്പം എനിക്കും കരയാതെ വയ്യ..... ഈണങ്ങള്‍ക്ക് നീലഭസ്മക്കുറി ചാര്‍ത്തിയ നിന്റെ വരികള്‍ ഇവിടെ മുഴങ്ങുവോളം നിന്നെ ഓര്‍ക്കാതെയും വയ്യ.....
മലയാളം പ്രണയം പറയാനായി ആംഗ്യങ്ങള്‍ പോരാതെ വരുമ്പോള്‍, വാക്കുകള്‍ തിരയുമ്പോള്‍ ആ വരികള്‍ ഞാങ്ങലോടോതും നിന്റെ നാമം. അതെ, പ്രിയ പാട്ടുകാരാ.... പ്രണയം നിലനില്ക്കുവോളം നിനക്കും നീ കോറിയിട്ട അക്ഷരനക്ഷത്രങ്ങള്‍ക്കും മരണമില്ല........
Labels: ലേഖനം
കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലാണ് "അറിയില്ലേ എന്നെ.."എന്ന് അടുക്കളയില്‍ ആദ്യമായി എഴുതിയത്.
അന്ന് അധികമാരും എന്നെ അറിയുകയും ഇല്ലായിരുന്നു. അടുക്കളയുടെ ചുവരുകള്‍ക്കുള്ളിലെ ഏകാന്തതയെ ഒരു പാട് പ്രണയിച്ചു കഴിഞ്ഞിരുന്ന ഒരുപാട് വീട്ടമ്മമാരില്‍ ഒരുവളായിരുന്നു അന്ന് ഞാന്‍. രണ്ടു പെണ്‍കുട്ടികളുടെ അമ്മ, ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു വീട്ടമ്മ, അന്നും ഇന്നും ഇതിനപ്പുറം പോകാന്‍ മനസിന് തോന്നിയിട്ടില്ല. ആ ഏകാന്തതകള്‍ എന്നിലുണര്‍ത്തിയ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവക്കാന്‍ തോന്നിയിടത്തു നിന്നാണ് ഈ അടുക്കളയുടെ പിറവി. എന്റെ ചിന്തകള്‍ എന്നതില്‍ ഉപരിയായി എന്നെപ്പോലെ ചിന്തിക്കുന്ന എന്നെ അറിയുന്ന കുറെ സഹോദരിമാരുടെ കൂടി ചിന്തകളാണ് ഇതിലൂടെ നിങ്ങളുമായി പങ്കു വച്ചത്. അനുകൂലിച്ഛവരും പ്രതികൂലിച്ഛവരും നിരവധി. എങ്കിലും എന്നെ കേള്‍ക്കാന്‍ നിങ്ങള്‍ കാണിച്ച ആ സഹിഷ്ണുത എന്നെ ഇനിയുള്ള ജീവിതത്തില്‍ ഒരു പാട് പ്രചോദിപ്പിക്കും.
എന്നെ സഹായിച്ചവര്‍, അഭിപ്രായങ്ങള്‍ അറിയിച്ചവര്‍, പ്രോത്സാഹനം നല്കിയവര് .... ഇവരൊക്കെയാണ് അടുക്കളയെ നിലനിര്‍ത്തിയത്. പിന്നെ എനിക്ക് പ്രോത്സാഹനവും നിര്‍ദേശങ്ങളും തന്ന എന്റെ ഭര്‍ത്താവ്, എഴുത്തിനിടക്ക് ശ്രദ്ദിക്കാന്‍ കഴിയാതെ പോകുമ്പോഴും സ്നേഹത്തോടെ എന്റെ കൂടെ നിന്ന എന്റെ മക്കള്‍, അടുക്കളയുടെ ശക്തി അവര്‍ കൂടിയാണ്. അവരോടുള്ള അകമഴിഞ്ഞ നന്ദി പറയട്ടെ. തുടങ്ങുമ്പോള്‍ നാലോ അഞ്ചോ ലേഖനങ്ങള്‍ മാത്രമേ ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇന്ന് ഒന്നാം പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സ്നേഹ സഹകരണ പ്രോല്‍സാഹനങ്ങലാല്‍ എന്റെ സ്വപ്നങ്ങള്‍ക്കും അപ്പുറത്താണ് ഇന്ന് അടുക്കള. തിരക്കേറിയ ജീവിതത്തിനിടയിലും അടുക്കളയെ കാത്തിരിക്കുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. തുടര്‍ന്നും ആ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കട്ടെ. കൂട്ടത്തില്‍ അടുക്കളയുടെ ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ച മാതൃഭൂമിക്കും, പുഴ മാസികക്കും ഉള്ള നന്ദി അറിയിക്കട്ടെ.
അടുക്കളയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന കുറച്ചു സഹോദരങ്ങള്‍ ലോകത്തിന്റെ കോണുകളില്‍ ഉണ്ടെനുള്ള പ്രതീക്ഷ മനസ്സില്‍ സന്തോഷം പകരുന്നുണ്ട്. ഇനിയും മുന്നോട്ടുള്ള വഴികളില്‍ നിറഞ്ഞ സ്നേഹവും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിറുത്തട്ടെ.
Labels: ADUKKALA, ANNIVERSARY
29. സദ്ദാം ഹുസൈന് എന്ന ഹിറ്റ്ലര്‍ രണ്ടാമന് !!!
Posted by ANITHA HARISH on Tuesday, January 12, 20102006 ഡിസംബര്‍ 30. ലോകമെമ്പാടുമുള്ള മുസ്ലീം ജനതയുടെ പുണ്യദിനങ്ങളില്‍ ഒന്നായ ഈദ് - ഉല് - അസ്ഹയുടെ ആദ്യദിനം. ആഹ്ലാദപൂര്‍വ്വം കൊണ്ടാടെണ്ട ആ ദിനത്തിലേക്ക് ലോകം ഞെട്ടി ഉണര്‍ന്നത് അത്യന്തം സംഘര്‍ഷഭരിതമായ മറ്റൊരു വാര്‍ത്തയുടെ മുഴക്കം കേട്ടാണ്.
" മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന് തൂക്കിലേറ്റപ്പെട്ടു."
നിമിഷങ്ങള്‍ക്കകം ഇങ്ങു കേരളത്തിലെ തെരുവുകള്‍ പോലും പ്രതിഷേധറാലികള്‍ കൊണ്ട് നിറഞ്ഞു. ഒരു നിമിഷം കൊണ്ട് സദ്ദാം വീരനായത് പോലെ. പക്ഷെ അടുക്കള ഏറെ ചിന്തിച്ചത് സദ്ദാമിനെ കുറിച്ചോ അദ്ദേഹത്തെ വധിച്ച ഭരണകൂടത്തെ കുറിച്ചോ ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ പേരില്‍ ഇവിടെ പ്രകടനം നടത്തിയ സഹോദരരെ കുറിച്ചായിരുന്നു. സ്വന്തം രാജ്യത്ത് അഭയാര്ത്തികള് ആകേണ്ടി വന്ന ഇറാഖിലെ ലക്ഷക്കണക്കിന് സഹോദരര്‍ക്ക് വേണ്ടി ഇവിടെ ആരും ഒരു പ്രകടനവും നടത്തികണ്ടില്ല. ഭക്ഷണത്തിനു പകരം എണ്ണ എന്ന ഐക്യ രാഷ്ട്ര സംഘടനയുടെ പദ്ദതിയില്‍ അഴിമതി നടത്തി എന്ന് യു. എന്‍. കണ്ടെത്തിയ ഇന്ത്യയിലെ അന്നത്തെ വിദേശകാര്യ മന്ത്രിക്കെതിരെയോ അതിന്റെ പങ്കു പറ്റി എന്ന് പറയപ്പെടുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയോ ഒരു റാലികളും ഇവിടെ നടത്തപ്പെട്ടില്ല. പിന്നെ എന്താണ് സദ്ദാം ഹുസൈനോട് മാത്രം ഇവര്‍ക്കിത്രയും സ്നേഹം?
അടുക്കളക്ക് ഉറപ്പാണ്. അത് സദ്ദാമിനോടുള്ള സ്നേഹം ഒന്നും ആയിരുന്നില്ല. അല്ലെങ്കിലും സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന് വംശീയതയുടെ പേരില്‍ പൌരന്മാരെ നിഷ്ടൂരം കൊല ചെയ്ത ഒരു ഭരണാധികാരിയെ ജനാധിപത്യത്തിന്റെ വക്താക്കള്‍ക്കു എങ്ങനെ സ്നേഹിക്കാനാകും. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്കൊപ്പം എഴുതപ്പെടെണ്ട നാമമാണ് സദ്ദാം ഹുസ്സൈന്റെതും. ഹിറ്റ്ലര്‍ പക്ഷെ ഒരു ദേശീയ വാദി കൂടിയായിരുന്നു. എന്നാല്‍ സദ്ദാം സ്വന്തം രാജ്യത്തെ ജനങ്ങളെ തന്നെയാണ് വംശീയതയുടെ പേരില്‍ വേട്ടയാടിയത്. അത് തന്നെയാണ് സദ്ദാം ഇറാഖില്‍ ഇപ്പോഴും എതിര്‍ക്കപ്പെടുന്നതിന്റെ കാരണവും. അതെ സദ്ദാം ഇറാഖിനെ അല്ല സ്നേഹിച്ചിരുന്നത്. ഇറാഖിന്റെ അഘണ്ടതയായിരുന്നില്ല സദ്ദാമിന്റെ ലക്ഷ്യവും.
അറേബ്യന്‍ രാഷ്ട്രങ്ങളില്‍ സാംസ്കാരിക പൈതൃകത്താലും ഭൂപ്രകൃതിയാലും ഏറ്റവും സമ്പന്നമായ പ്രദേശങ്ങള്‍ ആയിരുന്നു ഇറാനും ഇറാഖും. സൌദിയിലെയും എമിരേറ്റ്സുകളിലെയും മരുഭൂമികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പോന്നു വിളയേണ്ട ഭൂമി. പക്ഷെ വംശീയ വെറിക്ക് സദ്ദാമിന്റെ മനസ്സില്‍ രാജ്യ പുരോഗതിയെക്കാള്‍ സ്ഥാനം ഉണ്ടായിരുന്നു. അല്ലെങ്കില്‍ ഇരു പക്ഷത്തിനും നാശം മാത്രം സംഭവിച്ച ഇറാന് -ഇറാഖ് യുദ്ദം ഇത്രയും നീളുമായിരുന്നോ? അന്ന് ഇരു രാജ്യങ്ങള്‍ക്കും ആയുധം വില്‍പ്പന നടത്തിയവരില്‍ അമേരിക്ക മാത്രമായിരുന്നില്ല, യുഗോസ്ലാവിയയും റഷ്യയും ഒക്കെ ഉണ്ടായിരുന്നു. അതെ ചുറ്റും കൂടി ഇരിക്കുന്നവരുടെ ആക്രോശങ്ങള്‍ക്ക് നടുവില്‍ കൊത്തി ചോര ചിന്തുന്ന പൂവന്കോഴികള് മാത്രമായിരുന്നു അന്ന് ഇറാനിലെയും ഇറാഖിലെയും ജനത.
ഭരണാധികാരിയായിരുന്ന സമയത്തിന്റെ ഏറെ ഭാഗവും യുദ്ദത്തിനായി ചെലവിട്ട സദ്ദാം എന്ന ഭരനാധികാരി തന്നെയാണ് ഇറാഖിന്റെ ഇന്നത്തെ ദയനീയാവസ്തയുടെ പ്രധാന കാരണക്കാരന്‍. സദ്ദാം നടത്തിയ യുദ്ദങ്ങളില്‍ പലതും അദ്ദേഹത്തിനു ഒഴിവാക്കാന്‍ ആവുമായിരുന്നു. ഇറാനുമായുള്ള യുദ്ദവും കുവൈറ്റിനെ ആക്രമിച്ചതും എല്ലാം തുടങ്ങിയത് സദ്ദാമിന്റെ ഉത്തരവ് പ്രകാരം ഇറാഖി സേനയായിരുന്നു. ഇറാഖിന്റെ പത്തിലൊന്ന് വിഭവശേഷി ഇല്ലാത്ത യു.എ.ഇയും ഖത്തറും ഒമാനും എല്ലാം ലോകത്തെ അസൂയപ്പെടുത്തുന്ന വേഗത്തില്‍ സമ്പന്നതയിലെക്കും വികസനങ്ങളിലെക്കും കുതിച്ചപ്പോള്‍ അക്കാലയളവില്‍ രാജ്യത്തിന്റെ വിഭവശേഷി ഒട്ടും തന്നെ ക്രിയാത്മകമല്ലാത്ത സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സദ്ദാം ശ്രമിച്ചത്. അതും കേവലം നിസ്സാരമായ കാരണങ്ങള്‍ക്കായി. അറേബ്യയിലെ മറ്റേതൊരു രാജ്യത്തോടും കിട പിടക്കാവുന്ന പെട്രോളിയം നിക്ഷേപം ഉണ്ടായിട്ടും ഇറാഖികള്‍ ഇന്ന് അഭയാര്‍ത്തികളെപ്പോലെ വിശന്നിരിക്കുന്നതിന്റെ ഉത്തരവാദിയും സദ്ദാം എന്ന ഭരണാധികാരി തന്നെയാണ്. രാജ്യത്തിനെ നാശത്തിലേക്ക് നയിച്ച ഭരണകര്‍ത്താക്കളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സദ്ദാമിനു സ്ഥാനം. ആ സദ്ദാമിനെയാണ് ദേശാഭിമാനിയായി ഇവിടെ വാഴ്ത്തുന്നത്.
സദ്ദാം ഒരു യുദ്ദക്കൊതിയന്‍ ആയിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ പുത്രന്മാര് അതിലേറെ അപകടകാരികള്‍ ആയിരുന്നു. രാജ്യത്തിനകത്ത് സ്ത്രീ പീഡനങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പെട്ട ഉദയ് ഹുസൈന് രക്ഷപ്പെട്ടത് സദ്ദാം ഹുസൈന്റെ മകന് എന്ന പേരില്‍ ആണ്. ഇറാഖിലെ ജനങ്ങള്‍ യുദ്ദക്കെടുതിയില്‍ ബുദ്ദി മുട്ടുമ്പോള്‍ സദ്ദാമും കുടുബവും കൊട്ടാരങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. സൈനിക നിധിയിലേക്ക് ജനങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുത്ത സ്വര്‍ണാഭരണങ്ങളില്‍ ഒരു പങ്കു സദാമിന്റെ ആദ്യ പത്നി സാജിദയുടെ സ്വകാര്യ ശേഖരത്തിലെക്കായിരുന്നു എത്തിയത്. ഷോപ്പിങ്ങുകള്‍ നടത്തുകയും പണം നല്‍കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന അവര്‍ അക്കാലത്ത് തന്നെ ഇറാഖില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സദ്ദാമിന്റെ മറ്റു ഭാര്യമാരായ സമീരയും, നിദാലും, വഫയും എല്ലാം തന്നെ ആടംഭര ജീവിതത്തിന്റെ സഖിമാരായിരുന്നു. അതെ, അതിനു മുന്‍പത്തെ നൂറ്റാണ്ടുകളില്‍ ജന മുന്നേറ്റങ്ങള്‍ കട പുഴക്കിയെറിഞ്ഞ ധൂര്‍ത്തരായ രാജ പരമ്പരകളുടെ തനി സ്വരൂപമായിരുന്നു സദ്ദാമിന്റെ കുടുംബവും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ ലോകത്തിന്റെ അശാന്തിക്കു കാരണം ഏകാധിപതി ആയിരുന്ന ഹിറ്റ്ലര്‍ ആയിരുന്നു എങ്കില്‍ അവസാന പാദത്തില്‍ മറ്റൊരു ഏകാധിപതി ആയിരുന്ന സദ്ദാം ആയിരുന്നു.
ഹിറ്റ്ലര്‍ ആര്യന് വംശത്തിന്റെ പേരിലാണ് ജെര്‍മ്മനിയെ തനിക്കു കീഴെ നിര്‍ത്തിയത്. അത് പോലെ അല്ലെങ്കിലും ആദ്യകാലത്ത് മതത്തോട് വലിയ പ്രതിപത്തിയൊന്നും ഇല്ലാതിരുന്ന സദ്ദാം അവസാന കാലത്ത് മതത്തിന്റെ ചിഹ്ന്നങ്ങളും പേറിയാണ് ലോക ജനതയുടെ മനസ്സില്‍ സഹതാപവും എതിരാളികളോടും സ്പര്‍ദയും വളര്‍ത്താന്‍ ശ്രമിച്ചത്. യദാര്‍ത്തത്തില്‍ ഇങ്ങനെ ഉള്ളവരാണ് ആ മതത്തിന്റെ മറ്റു വിശ്വാസികളെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കാരണമാകുന്നത്. അടുത്തിടെ കേരളത്തിലെ ഒരു സംഘടനയുടെ നേതാവ് തനിക്കും തന്റെ കുടുംബത്തിനും നേരെ ഉയര്‍ന്ന ആരോപണങ്ങളെ എതിരിടാന്‍ മതത്തിന്റെ തണല്‍ തേടുന്നതും നാം കണ്ടു. ഇങ്ങനെ ഉള്ളവര്‍ക്ക് തണല്‍ നല്‍കാനായി കൊമ്പുകള്‍ മുറിക്കുമ്പോള്‍ നാം നമ്മുടെ തണലാണ് മുറിക്കുന്നതെന്ന് ആരും തിരിച്ചറിയുന്നില്ല. മത വിശ്വാസങ്ങളോ ആചാരങ്ങലോ അനുഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആകരുത് പകരം മനുഷ്യനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തില്‍ ആകണം ഓരോ മനുഷ്യരെയും വിലയിരുത്തേണ്ടത് എന്നാണു അടുക്കളക്ക് തോന്നിയിട്ടുള്ളത്.
സദ്ദാമിനെ രക്തസാക്ഷിയാക്കി കൊണ്ടാടിയത് ഇക്കാര്യങ്ങള്‍ എലാം അറിയാത്തത് കൊണ്ടാവില്ല എന്ന് അടുക്കളക്ക് ഉറപ്പാണ്. കാരണം നമ്മെക്കാള്‍ ലോകത്തിന്റെ ചലനങ്ങള്‍ അറിയുന്നവര്‍ ആണല്ലോ അവര്‍. പിന്നെ എന്തായിരിക്കാം കാരണം? രാഷ്ട്രീയ മുതലെടുപ്പ് തന്നെ. നാല് വേദികളില്‍ കത്തിക്കയരാനുള്ള ഒരു വിഷയം. അതിനപ്പുറം ഒന്നുമായിരുന്നില്ല സദ്ദാം ഇവര്‍ക്ക്. ഒരു പക്ഷെ അമേരിക്ക എന്ന പദത്തോടുള്ള അന്ധമായ ശത്രുത തന്നെയാവണം സദ്ദാമിനെ ഇത്ര കണ്ടു സ്വീകാര്യന്‍ ആക്കിയത്. രസകരമായ കാര്യം ഇവര്‍ക്ക് ചതുര്‍ഥി ആയ അമേരിക്ക തന്നെയാണ് ഇറാഖിനെ ഇത്ര കണ്ടു വളര്‍ത്തിയതും എന്നതാണ്. ഈ അമേരിക്കന്‍ വിരോധത്തിന്റെ അടിസ്ഥാനവും എത്ര ചിന്തിച്ചിട്ടും അടുക്കളക്ക് മനസ്സിലാവുന്നില്ല. നമുക്ക് കയറ്റുമതിയിലൂടെ നല്ല വരുമാനം ലഭിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അത് പോലെ തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഏറ്റവും ആശ്രയിക്കുന്നതും അവരെ തന്നെ. എന്തിനു നമ്മുടെ ഒരു മുന്‍ മുഖ്യന് (അമേരിക്കയെ എത്രിക്കുന്നവരിലും മുഖ്യന് ആയിരുന്നു ഇദ്ദേഹം) ചികിത്സ തേടി പോയതും ഈ അമേരിക്കയിലേക്ക് തന്നെ. അപ്പോള്‍ ഇവരുടെ അമേരിക്കന്‍ വിരോധം എന്ന മുഖം മൂടി ഊട്ടി ഉറപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ സദ്ദാം സ്നേഹം എന്ന് തോന്നി പോകുന്നു.
മുതലാളിത്ത വ്യവസ്ഥിതിയോടുള്ള എതിര്‍പ്പാണ് അമേരിക്കയോടുള്ള വിരധത്തിനു കാരണം എന്ന് ചിലപ്പോള്‍ പറഞ്ഞേക്കാം. പക്ഷെ ഒന്നോര്‍ക്കുക, ലോകത്ത് ഇതൊരു വ്യവസ്ഥിതിയെക്കാളും വിജയകരമായത് അത് തന്നെയാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചതാണ്. നമ്മുടെ സര്‍ക്കാരിനു സഹായകമായി നില്ക്കുന്നതും ഇത്തരം മുതലാളിത്ത സ്ഥാപനങ്ങള്‍ തന്നെയല്ലേ. പൊതു മേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ മടങ്ങാണ് സര്‍ക്കാരിനു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും നികുതിയായി ലഭിക്കുന്നത്. മുതലാളിത്തത്തെ നന്നായി ഉപയോഗിച്ച രാഷ്ട്രങ്ങള്‍ നേടുന്ന അതി ശീഘ്രമായ വളര്‍ച്ച കാണിക്കുന്നത് അത് അന്ധമായി എതിര്‍ക്കപ്പെടെണ്ടാതല്ല, മരിച്ചു ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ് എന്ന് തന്നെയാണ്.
അമേരിക്കന്‍ വിരോധത്തിനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത് മറ്റു രാജ്യങ്ങളുടെ ആഭ്യബ്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നതാണ്. അത് അമേരിക്ക മാത്രമാണോ, പഴയ സോവിയറ്റ് യൂണിയനും, എന്തിനു ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യയും ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടില്ലേ. സദ്ദാമിനെ സ്വന്തം രാജ്യത്ത് വിചാരണ ചെയ്തതിനെ എതിര്‍ക്കുന്നവര്‍ ദലേ ലാമയെ സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കുകയും ടിബറ്റിലെ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയും എന്തിനു നമ്മുടെ രാജ്യത്തിന്റെ ഭാഗമായ അക്സായ് ചിന് അനധികൃതമായി കൈവശം വച്ചിരിക്കുകയും അരുണാചല്‍ പ്രദേശിനുമേല്‍ അവകാശം പ്രഖ്യാപിക്കുകയും ചെയ്യുന്ന ചൈനീസ് ഭരണ കൂടത്തെ മാതൃകയാക്കാന്‍ ആഹ്വാനം ചെയ്യുന്നതും വൈരുദ്ധ്യാത്മക തത്വശാസ്ത്രത്തിന്റെ പുത്തന്‍ പതിപ്പുകള്‍ ആവാം അല്ലെ.
എന്തൊക്കെ ആയാലും രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഡിസംബര്‍ 30 സദ്ദാമിന്റെ ചെറു സ്മരണകള്‍ പോലുമില്ലാതെ കടന്നു പോകുമ്പോള്‍ തെളിയുന്നത് സദ്ദാം പ്രേമത്തിന്റെ പൊള്ളത്തരം തന്നെയല്ലേ? പക്ഷെ ഇത്രയേറെ ഒരു രാജ്യത്തിനെ നാശത്തിലേക്ക് തിരിച്ചു വിട്ട ഒരു ഭരണാധികാരിയെ അദ്ദേഹത്തിന്റെ പ്രവൃതികളെ മാറ്റി നിര്‍ത്തി സഹതാപം കൊണ്ട് മാത്രം വെള്ള പൂശാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടും ഇറാഖിലെ ജനതയോടും ചെയ്യുന്ന പാതകം തന്നെയാണെന്നതില്‍ സംശയമില്ല.
കുറിപ്പ്: സദ്ദാമിനെക്കുറിച്ചു അദ്ദേഹത്തിന്റെ മകള്‍ ഓര്‍ക്കുന്ന കുറിപ്പാണ് അടുക്കള ആദ്യം പറയാനിരുന്നത്. എങ്കിലും അതിനു മുന്‍പ് അടുക്കളക്ക് ചിലത് പറയാനുണ്ടെന്ന് തോന്നിയതിനാല്‍ ഈ പോസ്റ്റു പബ്ലിഷ് ചെയ്യുന്നു. റഗാദ് ഹുസ്സൈന്റെ ഓര്‍മ്മകള്‍ അടുത്ത പോസ്റ്റില്‍ പറയാം.
Labels: IRAQ, POLITICS, SADDAM HUSSAIN