24. സ്വയം വില്‍പ്പനച്ചരക്കാകുന്നവര്‍....

on Saturday, October 31, 2009



അനുഭവമാണ് ഏറ്റവും വലിയ ഗുരു.

അടുക്കളയുടെ മാത്രം വാക്കുകള്‍ അല്ല ട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്. ശരിയാണ്, അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ആഴത്തില്‍ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവില്‍ നമുക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ എത്രയുണ്ടാവും. വളരെ തുച്ചം. എങ്കിലും, നമ്മള്‍ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍ നിഴലും നിലാവും പരത്താറില്ലേ!!! അനേകം അനുഭവസ്ഥരുടെ വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ പാഠങ്ങള്‍ നമ്മിലെക്കും പടരാറില്ലേ!!! ഇന്നു അടുക്കള നിങ്ങളോട് പങ്കു വയ്ക്കുന്നത് അത്തരം അനുഭവക്കുറിപ്പുകളുടെ ചില പുതു പ്രവണതകളെക്കുറിച്ചുള്ള ചിന്തകളാണ്.

കഴിഞ്ഞ ദിവസം സ്വീകരണമുറിയില്‍ നിന്നും ഒരു സഹോദരി തന്റെ ആത്മകഥ എഴുതുവാന്‍ ഉണ്ടായ സാഹചര്യം പറയുന്നതു കേള്‍ക്കാനിടയായി. അച്ചടക്കം മുഖമുദ്രയാക്കേണ്ട ഒരു സംഘത്തില്‍ പ്രവര്ത്തിക്കുന്ന ആ സഹോദരി; ആ സംഘത്തിന്റെ ചില നിയമങ്ങളെയും നിലപാടുകളെയും എതിര്‍ക്കുന്ന പരാമര്‍ശങ്ങളും ഉള്ള ആത്മകഥ എഴുതാനുണ്ടായ സാഹചര്യതെപറ്റി അവര്‍ പറഞ്ഞ വാക്കുകള്‍ ആത്മകഥയുടെ അന്തസത്തയെതന്നെ അടിമുടി അവഹെളിക്കുന്നതായി. പണത്തിനു അത്യാവശ്യം നേരിട്ട ഒരവസരത്തില്‍ ഒരു പ്രസാധകന്‍ വച്ചു നീട്ടിയ പണമായിരുന്നത്രേ ആ സഹോദരിയെ ആത്മകഥയെഴുതാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.

ആരെല്ലാം എത്ര എഴുതിയാലും ആ എഴുത്തുകൊണ്ട് മാത്രം ലോകം നന്നാവുമെന്നുള്ള വ്യാമോഹമോന്നും അടുക്കളക്കില്ല. എങ്കിലും ആത്മകഥ എന്നൊക്കെ പറയുമ്പോള്‍, അതിന് മറ്റു കെട്ടുകഥകളില്‍ നിന്നെല്ലാം എന്തൊക്കെയോ സവിശേഷതകള്‍ ഉള്ളതായി തോന്നാറുണ്ടായിരുന്നു. പ്രധാനമായും തുടക്കത്തില്‍ പറഞ്ഞ കാര്യം. നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിച്ച പ്രതിസന്ധികളുടെ നേരെഴുത്ത് ഇനിയും അത്തരം അനുഭവങ്ങളെ നേരിടേണ്ടി വരുന്നവര്‍ക്ക് ഒരു മുന്‍കരുതലായി മാറിയേക്കാം. അത് കൊണ്ടു തന്നെ നമ്മള്‍ ചെയ്തതോ, നമുക്കു പറ്റിപോയതോ ആയ തെറ്റുകള്‍ പോലും; എഴുതുന്നത് അത് മറ്റൊരാള്‍ വായിക്കുമ്പോള്‍ ആവര്‍ത്തിക്കരുത് എന്ന തോന്നലുണ്ടാകണം എന്ന ലക്ഷ്യതോടെയാവണം.

തന്റെ ജീവിതമാണ് സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയുടെ ആത്മകഥയില്‍ അദ്ദേഹം ചെയ്ത, മഹത്തരമെന്നു ലോകം വാഴ്ത്തിയ പ്രവൃത്തികള്‍ക്കൊപ്പം തന്നെ മാനുഷികമായ ദൌര്‍ബല്യങ്ങള്‍ തന്നെ കീഴടക്കിയതിന്റെയും സാക്ഷ്യം ലോകത്തോട്‌ പറയുന്നുണ്ട്. പക്ഷെ ആ തെറ്റുകള്‍ തെറ്റുകള്‍ തന്നെ ആണെന്നും ആവര്‍ത്തിക്കപ്പെടരുതെന്നും പറയാനുള്ള തന്റേടം അദ്ദേഹം കാണിച്ചു എന്നത് തന്നെയാണ് ആത്മകഥ എന്ന് പറയുമ്പോള്‍ ആദ്യം തന്നെ ഏവരുടേയും മനസ്സില്‍ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തെളിയുന്നതിന്റെ കാരണവും.

പക്ഷെ ആദ്യം പറഞ്ഞ സഹോദരിയുടെ പ്രഥമ ലക്ഷ്യം തന്നെ കച്ചവടം ആയിപ്പോയി. പണത്തിന്റെ ആവശ്യം നേരിട്ടപ്പോള്‍ സ്വന്തം ചിന്തകളെ മാത്രമല്ല, ഓര്‍മ്മകളെയും സ്വകാര്യതകളെയും വില്‍ക്കാന്‍ അവള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഒരു തരത്തില്‍ സ്വയം വില്പനചരക്കാകുകയായിരുന്നു അവള്‍. ആരോടാണോ അവള്‍ ജീവിതം കൊണ്ടു പൊരുതുന്നത്, ആരില്‍ നിന്നാണോ അവള്‍ സംരക്ഷണം തേടിയത് അവരുടെ കച്ചവടക്കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം അനാവൃതമാവുകയായിരുന്നു അവള്‍. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ മേലുള്ള ചൂഷണത്തിനെതിരെ പോരടുന്നുവെന്നു പൊതുവെ പരസ്യം ചെയ്യപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ തന്നെ അവളും ഉണ്ടെന്നത് വലിയ വിരോധാഭാസമായി. ഒരര്‍ത്ഥത്തില്‍ വ്യക്തമായ ലക്ഷ്യബോധമില്ലാത്ത കുറച്ചു സ്ത്രീ വിമോചന പ്രവര്‍ത്തകരും അവരെ പിന്താങ്ങുന്ന സ്ത്രീ വാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറച്ചു പുരുഷന്‍മാരുമാണ് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് ഉള്ള ബഹുമാനം പോലും നഷ്ടപ്പെടുത്തുന്നത്. പരിഹാസപാത്രമാക്കുന്നത്. ഇന്നത്തെ വിഷയം അതല്ലാതതിനാല്‍ അതെക്കുറിച്ച് പിന്നീടൊരിക്കല്‍ സംവദിക്കാം.

ആ സഹോദരി ഒറ്റപ്പെട്ട ഒരു സംഭവമല്ല. സ്ത്രീകളുടെ അനുഭവ പകര്‍ത്തുകള്‍ക്ക്; പ്രത്യേകിച്ച് ലൈംഗികതയെ പറ്റി പരാമര്‍ശമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ഇന്നു മറ്റെന്തിനെക്കാളും വിപണന മൂല്യം ഉണ്ട്. അതില്‍ മനോഹരമായ സാഹിത്യമോ, വിപ്ലവകരമായ ചിന്തകളോ ഒന്നും വേണമെന്നില്ല. സ്വന്തം ലൈംഗികാനുഭാവങ്ങളുടെ വിവരണം മാത്രം ഉണ്ടായാല്‍ മതി. പുസ്തകം "ബെസ്റ്റ് സെല്ലെര്‍" ആയിക്കൊള്ളും. പുരോഗമന വാദികള്‍; എന്തിനും ഏതിനും സമൂഹത്തെ; സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറ്റം പറയുന്ന പുരോഗമന വാദികള്‍ അതിനെ നെഞ്ചോട്‌ ചേര്‍ത്തുകൊള്ളും. വിശ്വോത്തര കൃതിയെന്ന് വ്യാഖ്യാനിക്കും. അവരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ചിന്ത എന്ന് പറയുന്നതു ഒരു സ്ത്രീ ലൈംഗികതയെപ്പറ്റി തുറന്നെഴുതുന്നതാണ്. അതില്‍ നിന്നു ലഭിക്കുന്ന പുളകം ആണ് സമൂഹത്തിന്റെ വളര്‍ച്ചയെ മുന്നോട്ടു നയിക്കുക. എല്ലാവരും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്ന ഒരവസ്ഥ വന്നാല്‍ ലോകം പുരോഗമിച്ചു എന്നും ചിലപ്പോള്‍ ഇവര്‍ വ്യാഖ്യാനിച്ചേക്കാം.

മനുഷ്യരുടെ മൃദുലവികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇക്കിളിക്കഥകളുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന, ഇന്നു കമ്പോളത്തില്‍ ആത്മകഥ അനുഭവകഥ എന്നൊക്കെയുള്ള പേരില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എല്ലാം പ്രധമ ലക്ഷ്യം സാമ്പത്തികം ഇല്ലെങ്കില്‍ പ്രശസ്തി തന്നെയാണ്. ചിലതിനു അതിനപ്പുറം കൃത്യമായി ആരെയെങ്കിലും അധിക്ഷേപിക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നുള്ള ലക്ഷ്യങ്ങളും കാണും. സ്വയം വെള്ള പൂശാനുള്ള മാര്‍ഗമായും ചിലര്‍ ഇതിനെ കാണുന്നുണ്ട്. അക്കൂട്ടര്‍ പക്ഷെ ആത്മകഥക്ക് മുന്‍പ്‌ തന്നെ പ്രശസ്തര്‍ ആയിരിക്കും. ആത്മകഥ എഴുതി പ്രശസ്തരാവാന്‍ പോകുന്നവരാകട്ടെ, പ്രശസ്തരാകട്ടെ, ഇന്നു ആത്മാകത്തക്ക് മൌലികമായി ഒരു മുഖമേ ഉള്ളു. അവനവര്‍ ചെയ്യുന്നതിനെ എല്ലാം ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ കൊണ്ടു ( അവര്‍ അതിനെ വിശാല്മെന്നൊക്കെ പറഞ്ഞേക്കാം.) ന്യായീകരിക്കുന്ന വികലമായ മുഖം. സ്വയം വിമര്ശനം എന്നൊന്ന് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ല. അതെ ആത്മകഥകള്‍ അടിസ്ഥാനമാക്കിയാല്‍ അവര്‍ ലോകത്തെ ഏറ്റവും സത്യസന്ധര്‍. വിശുദ്ധര്‍.

അടുത്തിടെ ഒരു സര്‍വകലാശാല രണ്ടു ആധുനിക ആത്മകഥകള്‍ പാഠപുസ്തകം ആക്കാന്‍ ശുപാര്‍ശ ചെയ്തത് വലിയ വിവാദമായി. അതിലെ പക്ഷം ഈ ലേഖനത്തില്‍ കുറിക്കുന്നില്ലെക്നിലും അടുക്കളക്ക് തോന്നിയത്; എന്തും ചെയ്യുക, എന്നിട്ടതിനെ എങ്ങനെയും ന്യായീകരിക്കുക എന്ന അത്യാധുനിക പ്രവണതയുടെ പരിശീലനത്തിന് വേണ്ടി ആകാം അവര്‍ അങ്ങിനെ ചെയ്തത് എന്നാണ്. മുന്‍പൊരിക്കല്‍ അടുക്കള പറഞ്ഞിരുന്നു, ഈ ലോകത്ത് തെറ്റ് എന്നൊന്നില്ല, പകരം ശരികള്‍ മാത്രമെ ഉള്ളു എന്ന്. എന്റെ ശരികള്‍ നിന്റെ തെറ്റാകാം. അത് എന്റെ ശരിയുടെ കുഴപ്പമല്ല നിന്റെ കാഴ്ച്ചയുടെ കുഴപ്പമാണെന്ന് സാരം. സഹിഷ്ണുത എന്ന വികാരം ഇല്ലതാവുന്നതിന്റെ ഒരു മുഖമാണ് അത്. എങ്കിലും ഏത് പ്രവൃത്തിയെയും നമുക്കു ന്യായീകരിക്കാന്‍ കഴിയും എന്നതിന്റെ വലിയ ദൃഷ്ടാന്തമാണ് അത്. തെറ്റ് ചെയ്തവന് അതിനെ ന്യായീകരിക്കാനുള്ള സ്വാതന്ത്രമുണ്ട്‌. പക്ഷെ എല്ലാവരും ആ ന്യായീകരനങ്ങള്‍ക്ക് പുറകെ പായുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്നത് തെറ്റിനെ തെറ്റാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം ആണ്. തിരിച്ചറിവിന്റെ സ്വാതന്ത്രമാണ്.

തെറ്റ് ചെയ്ത ആളെ തെറ്റ്കാരന്‍ അല്ലാതാക്കാന്‍ ന്യായീകരനങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആ തെറ്റ് സൃഷ്ടിച്ച ദുരന്തങ്ങള്‍, വേദനകള്‍, കണ്ണീര്, അസ്വസ്ഥതകള്‍ മായ്ക്കാന്‍ ആ ന്യായീകരനങ്ങള്‍ക്ക് കഴിയുമോ? ഈ ചോദ്യമാണ് നമ്മള്‍ പലപ്പോഴും വിസ്മരിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നത്‌. അടുത്തിടെ ഒരു കേസിലെ പ്രതികളുടെ മനുഷ്യാവകാശത്തെ പറ്റി ചിലര്‍ പ്രതികരിക്കുന്നത് കേട്ടു. എന്നാല്‍ അവര്‍ നിഷേദിച്ച മനുഷ്യാവകാശം ഇവര്‍ മറക്കുകയാണ്.

നമ്മുടെ പ്രശസ്തയായ ഒരെഴുത്തുകാരി തന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥ പ്രസിദ്ധീകരിച്ച് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ ചില സംഭവങ്ങള്‍ എങ്കിലും സാങ്കല്പികം ആണെന്ന് പറയുകയുണ്ടായി. അന്ന് വായനക്കാരെ തന്റെ വാക്കുകളിലേക്കു ആകര്‍ഷിക്കാനായി ചേര്‍ത്ത പലതും വേണ്ടിയിരുന്നില്ല എന്ന് അവര്ക്കു തോന്നിക്കാണുമോ? തനിക്ക് വരുന്ന എഴുത്തുകളിലും, തന്നോടുള്ള സമീപനങ്ങളിലും ആളുകള്‍ ആ പഴയ വാക്കുകളുടെ നിഴല്‍ ചാലിക്കുന്നുവെന്നു അവര്‍ പറഞ്ഞില്ല. പക്ഷെ തന്നോടു പലരും പെരുമാറിയത് നല്ല രീതിയില്‍ ആയിരുന്നില്ല എന്ന് വിളിച്ചു പറയുമ്പോള്‍ അവര്‍ ഓര്‍ക്കേണ്ടത് ആ ഒരു പ്രതിബിംബം താന്‍ തന്നെ വാക്കുകളാല്‍ നിര്‍മ്മിച്ചതായിരുന്നു എന്നതാണ്. സമൂഹം സ്ത്രീയെ വില്പനച്ചരക്കാക്കുന്നു എന്ന് പരിതപിക്കുന്ന ഇവര്‍, എഴുത്തുകാര്‍ തന്നെയാണ് അതിന്റെ സാധ്യതകളെ ഏറ്റവും ഉപയോഗിക്കുന്നതും. ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീയെ വില്‍പ്പനചരക്കാകുന്നതാണ് എന്ന് കണ്ടെത്തിയ ഇവര്‍ വാക്കുകളിലൂടെ അവളുടെ ശരീരം വര്‍ണിച്ചു, അവളുടെ ലൈംഗികത വര്‍ണിച്ചു, സ്വകാര്യ നിമിഷങ്ങളെ വിവരിച്ചു പുസ്തകം വില്‍ക്കുന്നത് സമൂഹത്തിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നു. എത്ര വിരോധാഭാസം അല്ലെ. ഇതിനെ അല്ലെ ഇരട്ടത്താപ്പ് എന്ന് പറയുന്നതു?

വാങ്ങാന്‍ ആളുള്ളത് കൊണ്ടാണ് ഇവിടെ ശരീര വില്പന നടകുന്നത്, അല്ലെങ്കില്‍ ഇത്തരം ആത്മകഥകള്‍ എഴുതാന്‍ തയ്യാറാവുന്നത് എന്ന് വേണമെങ്കില്‍ പറയാം. എപ്പോഴത്തെയും പോലെ സമൂഹത്തിനു എല്ലാ പഴിയും ചാര്‍ത്താം. എന്നാല്‍ ഒന്നു ചിന്തിക്കുക. വില്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ എത്ര കാത്തു നില്ക്കും. നിര്‍ബന്ധിക്കപ്പെടുന്നതിനേക്കാള്‍ ഏറെ പണത്തിനും പ്രശസ്തിക്കും ഉള്ള, സ്വന്തം ഉള്ളില്‍ തന്നെ ഉള്ള സ്വാര്‍ഥമായ ആഗ്രഹം തന്നെയാണ് സ്ത്രീ ഇവിടെ വില്പനചരക്കായതിന്റെ കാരണങ്ങളില്‍ പ്രധാനം. നേരത്തെ പറഞ്ഞ ആത്മകഥനങ്ങളും ഈ വില്പനകളില്‍ പെടും എന്നത് പലരും സൌകര്യപൂര്‍വ്വം മറക്കുന്നു.കാരണം വില്പന എന്നത് പ്രദര്‍ശന വസ്തു ആവുക എന്ന ഇടുങ്ങിയ ചിന്തയിലേക്ക് ചുരുക്കുകയാണ് ഇവിടത്തെ പ്രഖ്യാത ബുദ്ധിജീവികള്‍.

അടുക്കള ഇത്തരം ആത്മകഥകളെ കണ്ണടച്ച് വിമര്‍ശിക്കുകയല്ലട്ടോ. അവയുടെ ലക്ഷ്യം മഹത്തരമായ എന്തോ ആണെന്ന വ്യാഖ്യാനങ്ങള്‍ ഉയരുമ്പോള്‍ ആ പുകമറയില്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകരുത് എന്ന് ഓര്‍മ്മിപ്പിച്ചതാണ്. കൂട്ടത്തില്‍ തന്റേടത്തോടെ തന്റെ ആത്മകഥ എഴുതി തുടങ്ങാന്‍ ഉള്ള പ്രധാന കാരണം തുറന്നു പറഞ്ഞ ആ സഹോദരിക്കുള്ള അഭിനന്ദനങ്ങളും ഇവിടെ കുറിക്കട്ടെ. അവരുടെ നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ ആവില്ലെങ്കിലും യാദാര്‍ത്ഥ്യം തുറന്നു പറയാന്‍ അവര്‍ കാണിച്ച ധൈര്യം ഇവിടെ പലര്ക്കും അന്യമാണ്.

സ്ത്രീയെ വില്പനചരക്കാക്കുന്നു എന്ന് സ്വരമുയര്‍ത്തുന്ന എഴുത്തുകാര്‍ അവരുടെ കഥാപാത്രങ്ങളിലൂടെ മറ്റൊരു തരത്തില്‍ അവളെ വില്‍ക്കുക തന്നെയാണ് ചെയ്യുന്നത്. അതിനെ ദാര്‍ശനികവല്ക്കരിക്കുകയും മറ്റുള്ളതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇവരുടെ നിലപാടുകള്‍ ആരും തന്നെ ചര്‍ച്ച ചെയ്യാനിടയില്ല. ഇവരൊക്കെ തന്നെയാണല്ലോ സമൂഹത്തിന്റെ എല്ലാ ചര്‍ച്ചകളുടെയും മൊത്തവ്യാപാരികള്‍. തന്നെയുമല്ല, സ്വയം വിമര്‍ശനം എന്നൊന്ന് നമ്മുടെ പുരോഗമന വാദികള്‍ക്ക് അന്യം നിന്നിരിക്കുകയും ചെയ്തിരിക്കുന്നു. സ്വയം ന്യായീകരണം മാത്രമാണല്ലോ എന്നും അവര്ക്കു പഥ്യം. അതിലെ ഇരട്ടത്താപ്പ് വിളിച്ചു പറയാന്‍ ഒരു നാവു അവര്‍ക്കിടയില്‍ നിന്നു തന്നെ എന്നെങ്കിലും സ്വരം ഉയര്‍ത്തും എന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടെ.

32 comments:

ചേച്ചിപ്പെണ്ണ്‍ said...

അനിത ചേച്ചീ ...
ആദ്യം കമന്റ്‌ ഇടുന്നതിന്റെ അഹങ്കാരം ലേശം ഉണ്ട് കേട്ടോ ...
ലേഖനം വായിച്ചു ...
എന്റെ അഭിപ്രായത്തില്‍ ആത്മകഥകള്‍ ചിലതെങ്കിലും (മഹാത്മാക്കളുടെ ഒഴികെ )
കുറച്ചൊക്കെ സ്വയം ന്യായീകരിച്ച് ഉള്ളതാണ് എന്നാണ്
പഠനവിഷയം ആക്കാന്‍ എത്രയോ നല്ല കൃതികള്‍ ഉണ്ട്‌.
ചേച്ചീടെ ചിന്തകളോട് അനുകൂല മനോഭാവം പുലര്‍ത്തുന്ന ഒരുത്ത്തിയാണ് ഞാനും ...
പക്ഷെ ഈയിടെ ഇറങ്ങിയ ആത്മകഥയും , കുറച്ചു നാള്‍ മുന്‍പ്‌ പബ്ലിഷ് ചെയ്തതും വായിച്ചിട്ടില്ല ,,,
(വായിക്കുന്നുമില്ല )
അതുകൊണ്ട് തന്നെ അഭിപ്രായം പറയുന്നില്ല .........tan

നരിക്കുന്നൻ said...

ചേച്ചി, മുകളിൽ പറഞ്ഞ സഹോദരിയുടെ ആമേൻ ഞാൻ വായിച്ച്‌ കൊണ്ടിരിക്കുകയാണ്‌. മുഴുവനായിട്ടില്ലങ്കിലും, സമൂഹത്തിനു മുൻപിൽ നിഗൂഢമായ ഒരു ജീവിതം നയിക്കുന്ന കന്യാസ്ത്രീകളുടെ ആരും പറയാത്ത ജീവിതത്തിലേക്ക്‌ ആ പുസ്തകം കൊണ്ട്‌ പോകുന്നുണ്ട്‌ എന്ന് ഉറപ്പാണ്‌. മണിയൻ പിള്ളയുടെ തസ്കരൻ എന്ന പുസ്തകം ഒരു ത്രില്ലർ വായിക്കുന്ന ആവേശത്തോടെയാണ്‌ വായിച്ച്‌ തീർത്തത്‌. ഒരിക്കൽ കള്ളനെന്ന് മുദ്രകുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചൊരു നല്ല ജീവിതം നയിക്കാൻ കഴിയില്ലന്ന് ആ പുസ്തകം പറയുന്നു. ഇത്‌ മാത്രമാണ്‌ ഇതിലെ സന്ദേശമായി എനിക്ക്‌ ലഭിച്ചത്‌. അതിലപ്പുറം ഒരു കള്ളന്റെ സംഭവബഹുലമായ കഥ എങ്ങനെയായിരിക്കും എന്ന ജിജ്ഞാസയിലാണ്‌ ഞാൻ വായിച്ച്‌ തുടങ്ങിയതും. ആത്മകഥയെന്നതിനേക്കൾ ഒരു ത്രില്ലർ നോവൽ വായിക്കുന്ന സുഖത്തോടെ മാത്രമേ അത്‌ വായിക്കാൻ കഴിയൂ.

ലേഖനത്തിൽ പറഞ്ഞപോലെതന്നെ സത്യമായാലും അസത്യമായാലും നല്ലൊരു കച്ചവടലാക്കോടെ തന്നെയാണ്‌ ഈ രണ്ട്‌ പുസ്തകങ്ങളും ഇറങ്ങിയതെന്ന് വായിക്കുമ്പോൾ മനസ്സിലാകും.

അടുക്കളയുടെ ചിന്തകൾ ഇനിയും കുത്തിയൊലിക്കട്ടേ....

Sapna Anu B.George said...

അനിത.....ആത്മകഥകളുടെ പ്രതികരണങ്ങലും കാരണങ്ങളും,എല്ലാം തന്നെ വായിച്ചു,അവരുടെ ഒരു ഏറ്റുപറച്ചിലെക്കാളേറെ,ചിൾപ്പോൾ സത്യം മാത്രം ആയിരീക്കാം.ആരും ഒരു ആത്മാർത്ഥതയില്ലാതെ ആത്മകഥ എഴുതാൻ ധൈര്യപ്പെടില്ലല്ലോ!!!നല്ല വിവരണം,,സത്യസന്ധമായ വാക്കുകൾ

Unknown said...

ആത്മാര്‍ത്ഥമായ വാക്കുകള്‍... ആധുനികകാലത്ത് നഷ്ടപ്പെടുന്നതും ആത്മാര്‍ത്ഥത തന്നെ! സന്തോഷമുണ്ട് വായിക്കാന്‍....

ramanika said...

നല്ല പോസ്റ്റ്‌.
മൃദുലവികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇക്കിളിക്കഥകളുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന, ഇന്നു കമ്പോളത്തില്‍ ആത്മകഥ അനുഭവകഥ എന്നൊക്കെയുള്ള പേരില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എല്ലാം പ്രധമ ലക്ഷ്യം സാമ്പത്തികം തന്നെ
ഇന്ന് ഹെല്‍ത്ത് മാഗസിന്‍ എന്നുപറഞ്ഞിറങ്ങുന്ന പലതും കൈക്കാര്യം ചെയ്യുന്നതും സെക്സ് ആണ് അവിടെയും ലക്‌ഷ്യം സാമ്പത്തികം തന്നെ!

ഭായി said...

@@@എന്നാല്‍ ഒന്നു ചിന്തിക്കുക. വില്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ എത്ര കാത്തു നില്ക്കും.@@@

ഇതിനോട് യോജിക്കാന്‍ കഴിയുന്നില്ല..കാരണം കാലമതാണ്..
വില്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ അത്യാവശ്യക്കാരാണെങ്കില്‍ കാത്ത് നിന്നിട്ടും വിറ്റില്ലെങ്കില്‍ ബലമായി എടുത്തുകൊണ്ടുപോകും..

ശരിയല്ലേ...?

ആത്മകഥയെന്നുപറയുന്നത് വാക്കുപോലെതന്നെ അതില്‍ ആത്മാര്‍ഥതയും ഉണ്ടായിരിക്കണം അതായത് സ്വന്തം ജീവിതത്തിന്റെ സത്യസന്ധമായ ഒരു പോസ്റ്റ്മോര്‍ട്ടം..
അങിനെയാണെങ്കില്‍ ആത്മകഥയെഴുതുന്ന ഒട്ടുമിക്കവര്‍ക്കും സമൂഹത്തില്‍ എന്തായിരിക്കും വില..?

നല്ല പോസ്റ്റ്..ആശംസകള്‍!!

mini//മിനി said...

ബ്ലോഗില്‍ എഴുതാന്‍ കഴിയുന്നത് കൊണ്ട് എഴുതുകയാണ്. അതുപോലെ വായിക്കാന്‍ ആളില്ലെങ്കില്‍ എന്തിന് ആത്മകഥ എഴുതണം. അത് അവരുടെ മനസ്സില്‍ വെച്ചാല്‍ പോരേ? അല്ലെങ്കില്‍ എഴുതി വീട്ടില്‍ വെച്ച് ഇടയ്ക്കിടെ വായിച്ചാല്‍ പോരെ? ഏതെങ്കിലും തരത്തില്‍ പ്രസിദ്ധരായാല്‍ മാത്രമല്ലെ ആത്മകഥ ആളുകള്‍ വായിക്കുകയുള്ളു. സ്വന്തമായി ന്യായികരണമല്ലെ എല്ലാ ആത്മകഥയിലും കാണുന്നത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിതാ,

ഒന്നു രണ്ടു കാര്യങ്ങൾ പറയേണ്ടതുണ്ടെന്നു തോന്നുന്നു.

അതിലാദ്യം ആത്മകഥകൾ എന്നു പറയുന്നവ എത്ര മാത്രം സത്യസന്ധമാണെന്നുള്ളതാണ്.എത്ര വലിയ വ്യക്തിയുടെ ആത്മകഥ ആയാലും അതു 100% സത്യ സന്ധമാണു എന്ന് പറയാനാവുന്നില്ല.അതിലെ യാഥാർത്ഥ്യങ്ങൾ നമുക്കൊരിക്കലും കണ്ടു പിടിക്കാനുമാവില്ല.പിന്നെ, ആ വ്യക്തിയെപറ്റി നമുക്കറിയാവുന്ന കാര്യങ്ങളോട് എത്ര മാത്രം യോജിച്ചു പോകുന്നു എന്നതു മാത്രം നോക്കിയാൽ മതി.

ഇനി രണ്ടാമത്തെ കാര്യം:പണത്തിനു ആവശ്യം നേരിട്ടപ്പോൾ എഴുതി എന്നതു കൊണ്ടു മാത്രം ഒരു ആത്മകഥ മോശമാവുകയോ അല്ലെങ്കിൽ അതിൽ സത്യമില്ലാതാവുകയോ ഇല്ല.അനിത പരാമർശിക്കുന്ന “ആമേൻ” കൂടുതൽ വിറ്റുപോയത് അതിൽ ചില ലൈംഗിക പരാമർശങ്ങൾ ഉള്ളതു കൊണ്ടാണെന്ന് ഞാൻ സമ്മതിക്കുന്നു.എന്നാൽ ആ പുസ്തകം മനസ്സിരുത്തി വായിച്ചിട്ടുള്ള ഒരാൾക്ക് അതു കേവലം ലൈംഗിക ഗ്രന്ഥമല്ലെന്ന് മനസ്സിലാവും.അഞ്ചോ ആറോ പെജുകളിൽ മാത്രം പരാമർശിക്കപ്പെടുന്ന പച്ചയായ ലൈംഗിക യാഥാർത്ഥ്യങ്ങൾക്കുപരിയായി നമ്മിൽ പലർക്കും അജ്ഞാതമായ ഒരു ലൊകത്ത് നടക്കുന്ന കാര്യങ്ങളുടെ ഉള്ളുകള്ളികളാണു ആ പുസ്തകം മനസ്സിലാക്കി തരുന്നത്.അതിൽ വെറും ലൈംഗികത മാത്രം കണ്ടു പിടിച്ച അനിതയുടെ വീക്ഷണം തികച്ചും “സ്ത്രീ വിരുദ്ധം “ ആയിപ്പോയി എന്നു മാത്രം പറയട്ടെ.

സമൂഹത്തിലെ ഇത്തരം ചില പച്ചയായ യാഥാർത്ഥ്യങ്ങൾ , അതു ചിലർ വീളിച്ചു പറയുമ്പോൾ അതിനെ ചോദ്യം ചെയ്യാതെ അതു എഴുതിയവരുറെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത് ശരിയായ കാര്യമായി എനിക്കു തോന്നുന്നില്ല.

ഓ.ടോ: “അടുക്കള പറഞ്ഞു”, അടുക്കളയുടെ അഭിപ്രായം” എന്നൊക്കെ എഴുതാതെ, ഞാൻ പറഞ്ഞു, എന്റെ അഭിപ്രായം എന്നൊക്കെ എഴുതിക്കൂടെ..വായനക്ക് അരോചകമായി തോന്നുന്നു.

ലേഖനത്തിനു നന്ദി ആശംസകൾ.

ആമേൻ ഉയർത്തുന്ന ചോദ്യങ്ങളെക്കുറിച്ച് ഞാനെഴുതിയത് “ഇവിടെ” വായിക്കാം

ANITHA HARISH said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. സുനില്‍ ഈ ബ്ലോഗില്‍ ആമേന്‍ എന്ന ആത്മകതയെപ്പറ്റി അല്ല ഉദ്ദേശിച്ചത്. തെടിദ്ദരിക്കാന്‍ ഇടയായെന്കില്‍ ക്ഷമിക്കുക. ആമേന്‍ എന്ന പുസ്തകതിനെയോ അതിന്റെ രചയിതാവിനെയോ ഈ പോസ്റ്റില്‍ ഒരിടത്തും എഴുതിയിട്ടില്ല. കഴിഞ്ഞ ദിനം ഒരു ചാന്നലില്‍ വന്ന ഒരു അഭിമുഖത്തില്‍ മറ്റൊരു സ്ത്രീ പറഞ്ഞതാണ് ഇതില്‍ എഴുതിയത്. പിന്നെ ഇതില്‍ എന്റെ അഭിപ്രായം എന്നതിനേക്കാള്‍ എന്നോട് പലരും പങ്കുവച്ച അഭിപ്രായങ്ങള്‍ ആണ് കൂടുതലും. അതുകൊണ്ട് അടുക്കള ഒരു സാങ്കല്പിക കതാപാത്രമാക്കിയെന്നെ ഉള്ളൂ. ഒരു കൂട്ടത്തിനെ പ്രതിനിധീകരികാനായി മാത്രം.

ANITHA HARISH said...

മിനി പ്രസിദ്ദരായവര്‍ മാത്രമാണോ ആത്മകഥ എഴുതുന്നത്‌. ചിലര്‍ പ്രസിദ്ദരാവുന്നത് തന്നെ ആത്മകഥയിലൂടെ അല്ലെ. ഭായി രമണിക, സുകുമാരന്‍, സപ്ന, നരിക്കുന്നന്‍, ചേച്ചിപ്പെണ്ണ് എല്ലാവര്‍ക്കും നന്ദി.

chithrakaran:ചിത്രകാരന്‍ said...

വളരെ ഗഹനമായി പഠിക്കപ്പെടേണ്ട സാമൂഹ്യശാസ്ത്രത്തിന്റെ ഇരുണ്ട ഭൂവിഭാഗങ്ങളിളേക്ക് തുറക്കപ്പെടുന്നതാണ് ഈ വിഷയം.
അടുക്കളയെപ്പോലെ അസാധാരണ ചിന്താശേഷിയുള്ളവര്‍
ഈ വഴിയില്‍ വസ്തുനിഷ്ടമായി ചിന്തിച്ചു മുന്നേറുന്നതു കാണുംബോള്‍ അതിയായ സന്തോഷമുണ്ട്.
കാരണം രോഗഗ്രസ്തമായ നമ്മുടെ സമൂഹത്തിനാവശ്യമായ
സത്യത്തിന്റെ ഔഷധങ്ങള്‍ ഈ വഴിക്കുള്ള ചിന്തയിലൂടെ
കണ്ടെത്താവുന്നതാണെന്ന് ചിത്രകാരന്റെ മനസ്സ് പറയുന്നു. ഈ വഴിക്ക് ചിത്രകാരനും ചിന്തിക്കുന്നുണ്ട്.
വളരെ അമൂര്‍ത്തമായ ധാരണകളാകയാല്‍ ഒന്നും എഴുതാനാകുന്നില്ലെന്നു മാത്രം.
അടുക്കളയുടെ ചിന്തക്ക് ആശംസകള്‍ !!!

“ഓ.ടോ: “അടുക്കള പറഞ്ഞു”, അടുക്കളയുടെ അഭിപ്രായം” എന്നൊക്കെ എഴുതാതെ, ഞാൻ പറഞ്ഞു, എന്റെ അഭിപ്രായം എന്നൊക്കെ എഴുതിക്കൂടെ..വായനക്ക് അരോചകമായി തോന്നുന്നു.”(സുനില്‍ കൃഷ്ണന്റെ കമന്റ്)

പ്രിയ ദുഷ്ടാ...സുനില്‍ കൃഷ്ണാ,
അതുശരിയായില്ലാ കെട്ടോ...
എഴുതുന്ന ശൈലിയും രീതികളും അത് എഴുതുന്നവരുടെ സ്വാതന്ത്ര്യമാണ്.
മാഷാവാന്‍ വന്നാല്‍ നല്ല ഇടി തരും :)

(അടുക്കളയെ അടുക്കള എന്ന അവര്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിനപ്പുറം പേരോ നാളോ അറിഞ്ഞാല്‍ പോലും അടുക്കള എന്നു മാത്രം വിളിക്കാനാണ്
ചിത്രകാരന്‍ ശ്രമിക്കുന്നത്. ആ മന്യത ഇല്ലെങ്കില്‍ ബ്ലോഗിലെ ചില ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ
സാംസ്ക്കാരിക നിലവാരത്തിലേക്ക് മറ്റുള്ളവരും താണുപോകില്ലേ
എന്നും ഭയപ്പെടുന്നു.
(അല്ലെങ്കിലും ... ചിത്രകാരനല്ലെ കുറെ സംസ്ക്കാരമുള്ളത് ????)

ജെ പി വെട്ടിയാട്ടില്‍ said...

“”“സ്വന്തം ലൈംഗികാനുഭാവങ്ങളുടെ വിവരണം മാത്രം ഉണ്ടായാല് മതി. പുസ്തകം "ബെസ്റ്റ് സെല്ലെര്" ആയിക്കൊള്ളും. പുരോഗമന വാദികള്; എന്തിനും ഏതിനും സമൂഹത്തെ; സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറ്റം പറയുന്ന പുരോഗമന വാദികള് അതിനെ നെഞ്ചോട് ചേര്ത്തുകൊള്ളും. വിശ്വോത്തര കൃതിയെന്ന് വ്യാഖ്യാനിക്കും. അവരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ചിന്ത എന്ന് പറയുന്നതു ഒരു സ്ത്രീ ലൈംഗികതയെപ്പറ്റി തുറന്നെഴുതുന്നതാണ്. അതില് നിന്നു ലഭിക്കുന്ന പുളകം ആണ് സമൂഹത്തിന്റെ വളര്ച്ചയെ മുന്നോട്ടു നയിക്കുക.“”

വളരെ നല്ല ചിന്തകള്‍. യാഥാര്‍ഥ്യങ്ങള്‍ അതിന്റെ തനതായ രൂപത്തില്‍ എഴുതിയിരിക്കുന്നു.

പ്രിയപ്പെട്ട സഹോദരിക്ക് ആശംസകള്‍

Anil cheleri kumaran said...

നൂതന ചിതാഗതി.. നല്ല പോസ്റ്റ്.

Subin Joe Danish said...

തെറ്റ് ചെയ്ത ആളെ തെറ്റ്കാരന്‍ അല്ലാതാക്കാന്‍ ന്യായീകരനങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആ തെറ്റ് സൃഷ്ടിച്ച ദുരന്തങ്ങള്‍, വേദനകള്‍, കണ്ണീര്, അസ്വസ്ഥതകള്‍ മായ്ക്കാന്‍ ആ ന്യായീകരനങ്ങള്‍ക്ക് കഴിയുമോ?

Never, Great THoughts... :).

Chithra Manoj said...

പറയാന്‍ ആഗ്രഹിച്ച പലതും പറയാന്‍ കഴിഞ്ഞില്ല. പക്ഷെ അത് അതിനേക്കാള്‍ മനോഹരമായി, വ്യക്തമായി അടുക്കളയില്‍ കാണുമ്പോള്‍ അതിലേറെ സന്തോഷം. അടുക്കളയുടെ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ആശംസകള്‍.

sunil kumar said...

ആത്മകഥകള്‍ സത്യമാണോ അല്ലയോ എന്നതിനേക്കാള്‍ പ്രാധാന്യമുണ്ട് ആ കഥ പറയുന്നതിലെ ലക്ഷ്യത്തിനും. ജസ്മിയുടെ ആത്മകഥ വായിച്ചിരുന്നു. അവര്‍ സഭാവസ്ത്രം മാറ്റിയിട്ടും സിസ്റ്റര്‍ ജാസ്മി എന്ന പേര് ഇത് വരെ മാറ്റിയിട്ടില്ല. എങ്കിലും അവരുടെ ലക്ഷ്യത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ വെറും പണത്തിനു വേണ്ടി എഴുതുന്നത്‌, അത് എത്ര സത്യമായാലും നല്ലതല്ല. അത് സ്വയം വില്പന ആണെന്ന് തുറന്നു പറഞ്ഞ അടുക്കളയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എങ്കിലും ജസ്മിയോടു പറയാനുള്ള രണ്ടു വാക്കുകള്‍ ഇവിടെ പറയട്ടെ. ഇപ്പോള്‍ അവരെ കൂടെ കൊണ്ട് നടക്കുന്നവരുടെ എല്ലാം ലക്‌ഷ്യം ജസ്മിയുടെ നന്മ ഒന്നുമല്ല. സന്യാസി സഹോദരങ്ങളുടെ നന്മയുമല്ല. മറിച്ച് സഭയെ കരി വാരി തേക്കുക എന്നത് മാത്രമാണ്. അതിനു പറ്റിയ മറ്റൊരു ഉപകരണം കിട്ടിയാല്‍ അവര്‍ ജസ്മിയെ മറക്കും. ജാസ്മി അതോര്‍ക്കുന്നത് നന്ന്. ആദ്യമൊക്കെ വായിക്കുമ്പോള്‍ ഉള്ളതിനേക്കാളും വളരെ വളരെ ഉയരങ്ങളിലാണ് ഇന്ന് അടുക്കള എന്നത് സന്തോഷത്തോടെ തന്നെ പറയട്ടെ. തമാശയും, പരസ്പര പാരകളും നിറഞ്ഞ ബ്ലോഗുകള്‍ നിറഞ്ഞ ഇവിടെ അത്തരം വിവാദങ്ങളൊന്നും കൂടാതെ അതിശക്തമായി പ്രതികരിക്കുന്ന അടുക്കള ഒരു പാഠമാണ്. ഇവിടത്തെ പല പല വംപന്മാര്‍ക്കും.

SUNIL V S സുനിൽ വി എസ്‌ said...

നല്ല ചിന്ത, നല്ല പോസ്റ്റ്‌..

ശാന്ത കാവുമ്പായി said...

അനിത ആദ്യമേ ഒരഭിനന്ദനം.മാതൃഭൂമിയിലെ ലേഖനം വായിച്ചു.വളരെ താൽപ്പര്യത്തോടെ.വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ അതിന്‌ തീർത്തും അതീതമായി നിൽക്കുക പ്രയാസമാണ്‌.അതുകൊണ്ടു തന്നെ വിൽക്കുക എന്നത്‌ അത്രയ്ക്കു നിഷിദ്ധമായ കാര്യമാണെന്നു വിചാരിക്കേണ്ട.അത്‌ എത്രകണ്ടാവാമെന്നത്‌ ആപേക്ഷികമാണ്‌.പിന്നെ തെറ്റും ശരിയും.അതും ആപേക്ഷികമാണ്‌.

Nightingale said...

ആത്മകഥ മാത്രമല്ല എല്ലാം കച്ചവടമല്ലേ. പണം കൊടുത്തു സ്നേഹം പോലും വാങ്ങുന്ന ഈ കാലത്ത് സ്വയം വില്‍ക്കുന്നത് അതിശയമോന്നുമല്ല. എന്നാലും ശരിയാണോ എന്ന് ചോദിച്ചാല്‍ അതും അല്ല. പിന്നെ എന്താ ചെയ്യാ??? ആ, അറിയില്ല. പക്ഷെ അടുക്കള എന്നെപ്പോലെ അലസത കാണിക്കുന്നില്ലല്ലോ. അത് മതി. വളരെ നല്ല ഒരു ലേഖനം. എങ്ങനെയാ ഈ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

biju benjamin said...

മാതൃഭൂമിയിലെ ബ്ലോഗന കണ്ടിരുന്നു. അഭിനന്ദനങ്ങള്‍. പക്ഷെ അടുക്കള എന്നാ ബ്ലോഗ്‌ അതിനെക്കാളൊക്കെ ഉയരങ്ങളിലാണ്. ഈ പോസ്തും തെളിയിക്കുന്നത് അതാണ്‌. വ്യക്തമായും സൌമ്യമായും കാര്യങ്ങള്‍ ഇത്ര നന്നായി ഇതിനു മുന്‍പ് ഒരിടത്തും അവതരിപ്പിച്ചു കണ്ടിട്ടില്ല. ഈ ശൈലി പലര്‍ക്കും ഒരു പ്രചോദനമായേക്കാം. കാരണം, സ്തുതി പാടകരെയും കടുത്ത വിമര്‍ശകരെയും മാത്രം കണ്ടു പരിശീലിച്ച നമ്മള്‍ക്കിടയില്‍ ഈ അടുക്കള ഒരു വ്യത്യസ്തത തന്നെ ആണ്. അനുകരണീയമായ വ്യത്യസ്തത. ആത്മകതകളെ പറ്റി അധികമൊന്നും പറയാനുള്ള അറിവ് ഈയുള്ളവനില്ല. എങ്കിലും ആത്മകഥ സത്യമായിരിക്കാം എന്ന് തോന്നുന്നു. പക്ഷെ എല്ലാ സത്യങ്ങളും അവര്‍ പറയാറില്ല. ചിലപ്പോഴൊക്കെ ആ പറയാത്ത സത്യങ്ങള്‍ പറഞ സത്യങ്ങളെ ഘണ്ടിക്കുന്നതാവാനും സാധ്യത ഉണ്ട്. എങ്കിലും പണത്തിനു വേണ്ടി ആത്മകഥ എഴുതി എന്നത് ഒട്ടും അഭിലഷണീയമല്ല. ആരായാലും.

Unknown said...

ചേച്ചി, ആത്മകഥ എന്നത് ഒരു കഥ ആയി മാത്രം കണ്ടാല്‍ മതി. മുന്‍പ് എഴുതിയ ബിജു പറഞ്ഞത് പോലെ പറഞ്ഞ സത്യങ്ങളെ മുഴുവന്‍ ഇല്ലാതാക്കാന്‍ കഴിവുള്ള സത്യങ്ങള്‍ മറച്ചു വച്ച് എഴുതുന്ന കഥകള്‍ എങ്ങനെ ആത്മ കഥകള്‍ ആവും.എങ്കിലും ഇത്തരക്കാരുടെ ലക്‌ഷ്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച ചേച്ചിക്ക് അഭിനന്ദനങ്ങള്‍. പിന്നെ ബ്ലോഗന വായിച്ചു. സന്തോഷം തോന്നി. സത്യത്തില്‍ മാതൃഭൂമി എന്നല്ല പൊതുവില്‍ ആനുകാലികങ്ങള്‍ ഒന്നും സ്ഥിരമായി വായിക്കുന്ന പരിപാടിയില്ല. വലപ്പോഴും വായിക്കും. പക്ഷെ ബ്ലോഗന അടുക്കളയാണെന്ന് കേട്ടപ്പോള്‍ ഉടനെ തന്നെ ഓടിപ്പോയി വാങ്ങി. ചേച്ചിക്ക് ഒരുപാട് ഉയരങ്ങളില്‍ എത്താനാവും. പ്രാര്‍ഥനയോടെ.

കാട്ടിപ്പരുത്തി said...

അടുക്കളയിലിന്തു ഞാനാദ്യ്മേ വായിച്ചിരുന്നെങ്കിലും കമെന്റിടാഞ്ഞത് കുറെ പറയേണ്ടി വരും എന്ന് കരുതിയായിരുന്നു.

മാധവികുട്ടിയുടെ എന്റെ കഥ ടൈമിന്റെ മുഖപ്രസംഗമായി എന്നത് എന്തുകൊണ്ടെന്ന് നാം ആലോചിക്കേണ്ടതുണ്ട്. സോഷ്യലിസ്റ്റ് ചായ്‌വുള്ള ഇന്ത്യയില്‍ നിന്നും മുതലാളിത്തത്തിന് ഒരു വാതില്‍ തുറന്നു കിട്ടി എന്നതിനാലാണ് സത്യത്തില്‍ എന്റെ കഥക്ക് അത്ര പ്രാധാന്യം കിട്ടിയത്.

അവിടെനിന്നും നളിനി ജമീല പാഠപുസ്തകമാക്കുന്ന വാദത്തിലേക്കു മലയാളിയെ മാറ്റാന്‍ കഴിഞ്ഞത് നാം കൂടുതല്‍ വിധേയരായിക്കഴിഞ്ഞുവെന്നതിന്റെ പ്രത്യക്ഷതെളിവ്-
സമൂഹം കുറെ കണ്ണികളാല്‍ ബന്ധിതമാണ്. അതിനാല്‍ തന്നെ ബണ്ടൊറപ്പെട്ടി തുറക്കുന്നതിന്നു മുമ്പ് ആളൊചിക്കുന്നത് നന്നായിരിക്കും- ഭൂതങ്ങളെ തിരികെ ക്കയറ്റാന്‍ കഴിയില്ല തന്നെ-

നല്ലയവലോകനം- അഭിനന്ദനങ്ങള്‍

Areekkodan | അരീക്കോടന്‍ said...

ലേഖനം വളാരെ നന്നായി.സത്യത്തില്‍ സ്ത്രീ ലൈങികത എവിടെയൊക്കെ നന്നായി വര്‍ണ്ണിച്ചിട്ടുണ്ടോ ആ പുസ്തകങള്‍ എല്ലാം ചൂടപ്പം പോലെ വിറ്റു പോയിട്ടുണ്ട്.തിരിച്ച് പുരുഷലൈങികത വിവരിക്കുന്നത് വാങാന്‍ സ്ത്രീകള്‍ ക്യൂ നില്‍ക്കാറുണ്ടോ അതോ അറിയാത്തതുകൊണ്ടാണോ എന്ന് കൂടി അടുക്കള പഠനവിധേയമാക്കണം.

എറക്കാടൻ / Erakkadan said...

വേറൊരു വഴിയിൽ കൂടി ചിന്തിച്ചിരിക്കുന്നു...അതെന്തായാലും നന്നായി

Anonymous said...
This comment has been removed by a blog administrator.
Premji said...

anitha
aathmakathhayezhuthaan prathyEkich anubhavamonnum vEnTaathaayallE...

മുരളി I Murali Mudra said...

നടി ഷീലയുടെ പ്രോഗ്രാമില്‍ കുറെ സ്ത്രീകള്‍ കിടന്നു കരയുന്നു..അതിലും ഉറക്കെ ഷീലയും....
ആ മഹദ്‌ പ്രോഗ്രാമിന്റെ ക്ലിപ്പിംഗുകള്‍ കണ്ടയുടനെയാണ് ഇത് വായിക്കുന്നത്...
ഞാന്‍ കൂടുതലെന്തു പറയാന്‍..!!

Unknown said...

സ്വയം വിമര്‍ശനം എന്നൊന്ന് നമ്മുടെ പുരോഗമന വാദികള്‍ക്ക് അന്യം നിന്നിരിക്കുകയും ചെയ്തിരിക്കുന്നു. സ്വയം ന്യായീകരണം മാത്രമാണല്ലോ എന്നും .......PRASASTHY,PANAM,,,

Mohamedkutty മുഹമ്മദുകുട്ടി said...

പബ്ലിസിറ്റിക്കും പണത്തിനും വേണ്ടി പലരും പലതും ചെയ്യുന്നു.സ്ത്രീയുടെ ശത്രു സ്ത്രീകള്‍ തന്നെയാണ്.അത് മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ സ്ത്രീകള്‍ക്കു തന്നെ ഗുണം,എന്തു ചെയ്യാം!

T.A. RASHEED said...

kollaaam..............

സ്വപ്നാടകന്‍ said...

കൊള്ളാം ചേച്ചീ.. നല്ല പോസ്റ്റ്‌..സാഹിത്യകാരന്മാര്‍/കാരികള്‍ ആരും ആത്മ സംതൃപ്തിയ്ക്ക് വേണ്ടി മാത്രം കൃതികള്‍ എഴുതുന്നില്ലല്ലോ..അതുപോലെത്തന്നെ ആത്മകഥകളും.ഉദ്ദേശം പലതാണ്.

ആത്മകഥകള്‍ ആത്മരതി ആയിരിക്കുമെന്ന് പണ്ടേ ഒരു ധാരണയുള്ളതിനാല്‍ അധികമൊന്നും വായിച്ചിട്ടില്ല,പൊന്നുമോന്‍ വായിച്ചു നന്നാവട്ടെന്നു വച്ചു,അമ്മ പല മഹാരഥന്മാരുടെ ആത്മകഥകള്‍ കൊണ്ട് തന്നിരുന്നെങ്കിലും..
വായിച്ച ചുരുക്കം ചിലതില്‍,നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ആത്മകഥ ഞാന്‍ ആണ് ഏറ്റവുമിഷ്ടം.അതിനോട് കിട പിടിക്കാവുന്ന മറ്റൊന്ന് അതിനു മുന്‍പോ ശേഷമോ ഞാന്‍ വായിച്ചിട്ടില്ല..(വായനയുടെ കുറവ് തന്നെ.)

നളിനി ജമീലയെ പാഠപുസ്തകമാക്കുന്നോ!!! കൊള്ളാം..നമ്മളെത്ര പുരോഗമിച്ചു.!!
ആമേന്‍ വായിക്കണമെന്ന് വച്ച് വാങ്ങിയിട്ട് അന്ജെട്ടു പേജോടെ അത് വേണ്ടാന്നു വച്ചു.അത്രയ്ക്കുണ്ട് ഓരോ പേജിലും,ഓരോ വരിയിലും നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന അഹം.

എനിക്ക് തോന്നിയ ഒരു തെറ്റ് കൂടി ചൂണ്ടിക്കാണിക്കട്ടെ.പോസ്റ്റില്‍ രണ്ടിടത്ത് "വിരോധാഭാസം" എന്ന് ചേച്ചി ഉപയോഗിച്ചിട്ടുണ്ടല്ലോ..(പലരും ഉപയോഗിക്കാറുമുണ്ട് ഇതേ രീതിയില്‍).

"നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ മേലുള്ള ചൂഷണത്തിനെതിരെ പോരടുന്നുവെന്നു പൊതുവെ പരസ്യം ചെയ്യപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ തന്നെ അവളും ഉണ്ടെന്നത് വലിയ വിരോധാഭാസമായി."

"ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീയെ വില്‍പ്പനചരക്കാകുന്നതാണ് എന്ന് കണ്ടെത്തിയ ഇവര്‍ വാക്കുകളിലൂടെ അവളുടെ ശരീരം വര്‍ണിച്ചു, അവളുടെ ലൈംഗികത വര്‍ണിച്ചു, സ്വകാര്യ നിമിഷങ്ങളെ വിവരിച്ചു പുസ്തകം വില്‍ക്കുന്നത് സമൂഹത്തിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നു. എത്ര വിരോധാഭാസം അല്ലെ."

പക്ഷേ, വിരോധം തോന്നുമാറുക്തിയല്ലേ വിരോധാഭാസം?എന്ന് വച്ചാല്‍ വിരോധം തോന്നിപ്പിക്കുന്നെയുള്ളൂ..യഥാര്‍ത്ഥത്തില്‍ വിരോധമില്ല.."വിരോധാഭാസം" എന്നതിന് പകരം,ചേച്ചി ഉദ്ദേശിച്ച അര്ത്ഥം കിട്ടണമെങ്കില്‍, "വൈരുദ്ധ്യം" എന്നല്ലേ ഉപയോഗിക്കേണ്ടത്..?

ശ്രീജിത്ത് said...

പുതു തലമുറ എഴുത്തുകാരുടെ (????) ചില പുസ്തകങ്ങള്‍ വിമര്‍ശിച് നശിപ്പിക്കപ്പെടെണ്ടാത് തന്നെ ആണ് അവരുടെ എഴുത്ത് വായിച്ചാല്‍ തോന്നും എല്ലാ പാതിരിമാരും കന്യാസ്ത്രീകളും തങ്ങളുടെ മോഹങ്ങള്‍ എല്ലാം അടക്കി വച്ച കിട്ടിയ അവസരങ്ങളില്‍ എല്ലാ സീമകളും തകര്‍ത് അഴിഞ്ഞടുന്നവര്‍ ആണെന്ന് ... അത്തരം എഴുത്തുകള്‍ക്ക് അറിഞ്ഞോ അറിയാതെയോ നാമെല്ലാം വന്‍ പിന്തുണയും നല്‍കുന്നു ... എന്നാല്‍ ചുരുക്കം വിരലില്‍ എണ്ണാവുന്ന ചിലര്‍ ചെയ്യുന്ന ചെയ്തികളെ മഹാ ഭൂരിപക്ഷം വരുന്ന നിസ്വര്തമാതികളും സ്നേഹസംബന്നരുമായ പലരുടെയും മുഖത് കറി വരി തെക്കന്‍ മാത്രം ഉള്ളതായി മാറുന്നു... അല്ല എങ്കില്‍ ഇത്തരക്കാര്‍ തുഅരന്നെഴുതനം ഇന്ന യാല്‍ ഇന്ന സമയത്ത് ഇന്നത് ചെയ്തു എന്ന് അല്ലാതെ സംശയത്തിന്റെ സൂചി മുന പലര്ക്കുനെരെയും തിരിച്ച വച്ച് എവിടെയോ പോയ്‌ മറഞ്ഞു പിന്നീടു ഒരിടവേളയ്ക്ക് ശേഷം തിരിച്ച വന്നു വീണ്ടും ചില കാര്യങ്ങള്‍ വിളിച്ച പറഞ്ഞു കടന്നു പോകുന്ന ഇക്കൊട്ടരെ ശക്തിപ്പെടുതുകയല്ല തളര്‍ത്തുക തന്നെ ആണ് വേണ്ടത് .... അല എങ്കില്‍ കൊച്ചുപുസ്തക ഗാനത്തില്‍ അച്ചടിച് വില്‍ക്കട്ടെ ... അതിനുംവായനക്കാരുണ്ടല്ലോ