അവരുടെ മനസാണ്, ആഗ്രഹങ്ങളുടെ സഫലീകരണം ആണ് ഓരോ സൃഷ്ടിയും. അവരുടെ തന്നെ പറിച്ചു മാറ്റാനാവാത്ത ഒരു ഭാഗം. അതിനെ അവരെക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക! അത് തന്നെയാണ് ഓരോ മക്കളും മാതാവിന് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാവുന്നതിന്റെ കാരണവും. ഇന്നു അടുക്കള പറയുന്നതു ഒരു അമ്മയുടെയും കുറേ മക്കളുടെയും കഥയാണ്.(അമ്മ എന്ന വാക്കിനു മാതാവ് അഥവാ ജന്മം നല്കുന്നവള് എന്നുള്ള നിഘണ്ടുവിലെ അര്‍ത്ഥങ്ങളെ അപ്രസക്തമാക്കുന്ന കാലമാണിതെന്കിലും അടുക്കള ഇവിടെ അമ്മയെന്ന് ഉദ്ദേശിച്ചത് ആ പഴയ അര്‍ത്ഥം തന്നെയാണ്. ജന്മം നല്കുന്നവള്.) പക്ഷെ ഒരു ചെറിയ വ്യത്യാസമുണ്ട്. ഇതു മക്കളെ പ്രസവിച്ച അമ്മയുടെ കഥയല്ല. മറിച്ചു അമ്മയെ സൃഷ്ടിച്ച മക്കളുടെ കഥയാണ്!!!
ആദ്യം ഒരു ചെറിയ നാടോടിക്കഥ പറഞ്ഞു കൊണ്ടു നമുക്കു തുടങ്ങാം. പണ്ടു പണ്ടു.... വളരെ പണ്ടു ഒരു കാട്ടില്‍ രാജാവായ ഒരു സിംഹമുണ്ടായിരുന്നു. അവന്റെ ഭരണത്തില്‍ മൃഗങ്ങളെല്ലാം സന്തുഷ്ട ജീവിതം നയിച്ചു വരികയായിരുന്നു. പെട്ടെന്നാണ് ആ സിംഹം ഒരപകടത്തില്‍ പെട്ട് കഥാവശേഷനാവുന്നത്. കാടിന് പൊടുന്നനെ നാഥനില്ലാത്ത അവസ്ഥ. സിംഹത്തിന് രണ്ടു മക്കളുണ്ടായിരുന്നു. രണ്ടു മക്കള്‍ക്കും രാജവാകണമെന്നു വാശി. എന്ത് ചെയ്യാം; കാട് ഒന്നല്ലേ ഉള്ളൂ... ഒടുവില്‍ രണ്ടു പേരും കൂടി ഒരു തീരുമാനത്തില്‍ എത്തി. കാടിനെ വിഭജിക്കുക. എങ്ങനെ വിഭജിക്കും. അവര്‍ തന്നെ തീരുമാനിച്ചു. ആദ്യം മൃഗങ്ങളെ രണ്ടായി വിഭജിക്കാം. പിന്നെ കാടും. ആദ്യം സസ്യഭുക്കുകള്‍ എന്നും മാംസഭുക്കുകള്‍ എന്നും മൃഗങ്ങളെ തിരിച്ചു. അത് എളുപ്പം കഴിഞ്ഞു . പക്ഷെ സ്ഥലം, അത് വിഭജിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. കിഴക്ക് കുറ്റി ചെടികളും താഴ്വാരങ്ങളും തടാകവും ഉള്ള ഭാഗം സസ്യഭുക്കുകള്‍ താമസിക്കുന്നിടമാണ്. പടിഞ്ഞാറ് വന്മരങ്ങളും കുന്നുകളും നിറഞ്ഞ ഭാഗം മാംസഭുക്കുകളുടെതും. പക്ഷെ ഇതിനിടയില്‍ രണ്ടു പേരും ചേര്‍ന്നു ജീവിക്കുന്നിടമുണ്ട്. അവിടം എങ്ങനെ വിഭജിക്കും എന്നതാണ് പ്രശ്നം. ഒരാള്‍ പറഞ്ഞു കാട്ടുചോലയുടെ കിഴക്കേ തീരം അതിര്‍ത്തിയാക്കാം. പക്ഷെ രണ്ടാമന് അത് സ്വീകാര്യമായില്ല. കാരണം അവന്റെ രാജ്യം ചെറുതായിപ്പോകും. അവന് കാട്ടുചോല കഴിഞ്ഞുള്ള മലനിരയായിരുന്നു ലക്ഷ്യം. തര്‍ക്കം തുടര്‍ന്നപ്പോള്‍ അവര്‍ തീരുമാനങ്ങള്‍ മൃഗങ്ങളെ അറിയിച്ചു. അത് വരെ അവരെ ഒന്നിച്ചു നിര്‍ത്തിയിരുന്ന ഒരു പാടു കാരണങ്ങളെയെല്ലാം ഒരൊറ്റ വൈരുധ്യം ഇരുളിലാഴ്ത്തി. അതിര്‍ത്തിയില്‍ നിന്നു ഇരു ഭാഗത്തേക്കും മൃഗങ്ങള്‍ പലായനം ചെയ്തു. അത് വരെ ഒന്നായിരുന്ന മൃഗങ്ങള്‍ രണ്ടു സ്വാര്‍ത്ഥ മതികള്‍ക്ക് വേണ്ടി രണ്ടു സമൂഹമായി. രണ്ടു വിഭാഗമായി. അതിര്‍ത്തി രണ്ടു പേരുടേയും അഭിമാന പ്രശ്നമാണെന്ന് സിംഹ രാജാക്കന്മാര് പ്രഖ്യാപിച്ചു. അതോടെ ഇരു കൂട്ടരും തമ്മില്‍ പോരാട്ടവും തുടങ്ങി. രാജാക്കന്മാര് അരമനയിലിരുന്നു തങ്ങളുടെ രാജ്യത്തിന്റെ വികസിക്കുന്ന വിസ്തൃതി മൃഗങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. അതിര്‍ത്തിയില്‍ അതിനെക്കാളേറെ മൃഗങ്ങളുടെ ജീവന് പൊളിഞ്ഞു കൊണ്ടുമിരുന്നു....
കഥ തല്ക്കാലം നിറുത്തട്ടെ. കാരണം ഇതൊരു അവസാനമില്ലാത്ത കഥയാണ്. പോരാട്ടങ്ങളുടെ ഓരോ ദിനത്തിലും വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു. അതിര്‍ത്തികളും അതോടൊപ്പം തന്നെ മാറിക്കൊണ്ടിരുന്നു. ജീവിതങ്ങള്‍ ഒരുപാടു പൊലിഞ്ഞു കൊണ്ടുമിരുന്നു. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. അവസാനമില്ലാതെ....
മുകളില്‍ പറഞ്ഞ കഥ ഒരു കഥ മാത്രമാണ്. പക്ഷെ ആ വരികള്‍ക്കിടയില്‍ ഉള്ള കഥകള്‍ ഒരു പക്ഷെ നമുക്കു പലയിടത്തും ദര്‍ശിക്കാന്‍ കഴിഞ്ഞേക്കാം. അത് തന്നെയാണ് ഈ കഥ ഇവിടെ പ്രസ്താവിക്കാന്‍ ഉണ്ടായ സാംഗത്യവും. കൂടാതെ അടുക്കള ഇനി പറയാന്‍ പോകുന്ന പല കാര്യങ്ങളുടെയും ഉത്തരവും ഈ കഥ തന്നെയാണ്. അത് കൊണ്ടു ഈ കഥ മനസിലോര്‍ത്തു തന്നെ ആദ്യം പറഞ്ഞ മറ്റൊരു കഥയിലേക്ക് പോകാം. അതെ അമ്മയെ സൃഷ്ടിച്ച മക്കളുടെ കഥയിലേക്ക്...
നാളെ ആ അമ്മയുടെ 63-ആം പിറന്നാളാണ്. ഓരോ പിറന്നാളിനുമെന്നപോലെ നാളെയും നാടൊട്ടുക്ക് ആഘോഷങ്ങളുണ്ടാകും. മക്കളെല്ലാരും അമ്മയുടെ സ്തുതി ഗീതങ്ങള്‍ പാടും. എങ്കിലും ദു:ഖകരമായ മറ്റൊരു യാദാര്‍ത്ഥ്യം നമ്മള്‍ക്ക് വിസ്മരിക്കാനാവുമോ??? ആഹ്ലാദം നിറയേണ്ട ഈ ദിനം മനസുകളില്‍ ആശങ്കയുടെ ഭീതിയുടെ കാര്മേഘങ്ങളാല് മൂടപ്പെടുന്ന; കുറേ വര്‍ഷങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്ന അനുഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ച!!!
എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ആരാണ് നമ്മുടെ സമാധാനം കെടുത്തുന്നത്? ഉത്തരങ്ങള്‍ ഒരു പക്ഷെ പെട്ടെന്ന് തന്നെ നാവിലുയര്‍നെക്കാം. കാരണം നാം എല്ലാത്തിനും ഉത്തരങ്ങള്‍ മുന്‍പേ ചൊല്ലിപഠിച്ചിട്ടുണ്ടല്ലോ. പക്ഷെ നമ്മള് ചിന്തിക്കേണ്ടത് ആരാണ് നമ്മുടെ ശത്രു എന്നല്ല. ആരാണ് നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചതെന്നാണ്!!! അടുക്കളക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. കാരണം, ഒരാളെ സ്നേഹിക്കുന്നതിനു, സ്നേഹിക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ കാരണങ്ങളൊന്നും വേണ്ട; പക്ഷെ വെറുക്കുന്നതിനു കൃത്യമായ കാരണങ്ങള്‍ കൂടിയേ തീരൂ. ആ കാരണങ്ങളാണ് യദാര്‍ത്ഥത്തില്‍ നമ്മുടെ ശത്രുക്കള്‍ എന്ന് വിശ്വസിക്കാനാണ് അടുക്കളക്കിഷ്ടംഒരാളെയും ശത്രുവായി കാണാന്‍ ഒരമ്മക്കുമെന്നപോലെ അടുക്കളക്കുമാവില്ല.
ഈ അമ്മയുടെയും മക്കളുടെയും അശാന്തിയുടെ കാരണങ്ങള്‍ തേടിപ്പോയാല്‍ അതിന്റെ അങ്ങേ അറ്റത്ത് നേരത്തെ പറഞ്ഞ നാടോടിക്കഥയുടെ മറ്റൊരു രൂപമാണ് കാണാന്‍ കഴിയുക. പക്ഷെ അതിന് മുന്‍പ് അഴകളവുകള്‍ നിശ്ചയിച്ചു നിങ്ങള്‍ തന്നെ ചെത്തി മുറിച്ചു മിനുക്കിയെടുത്ത അമ്മയുടെ ശരീരത്തിന്റെ; രൂപത്തിന്റെ ഇന്നലെകളുടെ യാദാര്‍ത്യങ്ങളില്‍ ഒന്നു മുങ്ങാം കുഴിയിട്ട് നിവരാം.

ഇന്നലെകളിലേക്ക്.... കൃത്യമായി പറഞ്ഞാല്‍ ഒരു നാള് പതിറ്റാണ്ട് പുറകിലേക്ക് മനസിനെ നമുക്കു യാത്രയാക്കാം. ഇന്നത്തെ മക്കളുടെ പൂര്‍വികര്‍ അന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷെ ഈ മാതാവ്... അവര്‍ അന്നുണ്ടായിരുന്നില്ല. പകരം ഇവിടെയുണ്ടായിരുന്നു; പരസ്പരം പോരടിക്കുന്ന മക്കളുടെ ഒരുപാടു അമ്മമാര്‍....
ഇനി കാല്പനികതയുടെ സ്വപ്നങ്ങളില്‍ നിന്നും യാദാര്‍ത്യങ്ങളുടെ ചിന്തകളിലെക്കുനരാം. ഇതിഹാസ കാവ്യങ്ങളെന്നു പുകള്‍ പെറ്റ രാമായണത്തിലോ മഹാഭാരതത്തിലോ വേദങ്ങളിലോ പുരാണങ്ങളിലോ ഒന്നും ഏക ഭരണത്തിന് കീഴിലുള്ള ഭാരതം എന്ന ദേശത്തെക്കുറിച്ച് ചെറു പരാമര്‍ശം പോലുമില്ല. അയോധ്യയും, ഹസ്തിനപുരിയും എല്ലാം ചെറു ചെറു രാജ്യങ്ങള്‍ മാത്രമായിരുന്നു. അതിന് ശേഷം ഇവിടെ ഭരിച്ച മൌര്യന്മാരും മുഗളന്മാരും "ഭാരത്തിലെ" ചക്രവര്‍ത്തിമാരായിരുന്നു എന്ന് നാം പഠിക്കുന്നുണ്ട്. പഠിപ്പിക്കുന്നുണ്ട്. പക്ഷെ "ഭാരതത്തിന്റെ രാജാവ് " " ഭാരതത്തിന്റെ ചക്രവര്‍ത്തി" എന്നൊരു വിശേഷണം നാം ഒരിടത്തും കേട്ടില്ല.
നാലു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷുകാര്‍ വന്നത് ഇന്ത്യയിലേക്ക് ആയിരുന്നില്ല. (ഇന്ത്യ എന്ന പേരു ശീര്‍ഷകമാക്കിയ ഒരു കമ്പനിയുമായാണ് വന്നതെങ്കിലും.) അവര്‍ വന്നത് മുഗള്‍ സാമ്രാജ്യതിലെക്കായിരുന്നു. പിന്നെ കൊച്ചി രാജ്യതെക്കായിരുന്നു. നൈസാമിന്റെ, മൈസൂര്‍ രാജാവിന്റെ രാജ്യങ്ങളിലെക്കായിരുന്നു. പിന്നെ ആരാണ് ഭാരതമെന്ന രാജ്യം ഉണ്ടാക്കിയത്. അതെ, മറ്റാരുമല്ല; ബ്രിടീഷുകാര്‍ തന്നെയാണ് അതിന് കാരണം. ഒരു പൊതു ശത്രു എന്ന നിലയില്‍ അവരെ കണ്ടതാണ് ഈ പ്രദേശത്തെ ജനങ്ങളെ അവര്‍ക്കെതിരെ ഒരു ശക്തിയായി നില്ക്കാന് പ്രേരിപ്പിച്ചത്. ഒരു പൊതു ആവശ്യത്തിനു വേണ്ടി മാത്രമുള്ള കൂടിച്ചേരല്‍.
അതിന് മുന്‍പ് ഭാരതം എണ്ണ പദം ഒരു പക്ഷെ നദീതട സംസ്കാര കാലത്ത് ഉണ്ടായിരുന്നിരിക്കാം. പക്ഷെ ആ സങ്കല്പത്തിന് ഇന്നത്തെ ഉത്തരേന്ത്യയിലെ ഇന്‍ഡോ-ആര്യന് വംശജരുടെ താവളങ്ങളില്‍ നിന്നും തെക്കോട്ട് ദ്രാവിഡ തീരങ്ങളിലേക്ക് വളര്‍ന്ന ഏക ഭരണ സംവിധാനം ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് ഇതുവരെയുള്ള പഠനങ്ങളും ചരിത്രങ്ങളും നമ്മെ പഠിപ്പിക്കുന്നത്. ഇതു തന്നെയാണ് ഭാരതമെന്ന രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും ഇന്നലെകളുടെയും അസ്തിത്വത്തെ ദുര്‍ബലമാക്കുന്നതും.
ഒന്നിനെ എതിര്‍ക്കാന്‍ മാത്രമായി ഉണ്ടാക്കപെടുന്ന ഒന്നിനും തന്നെ ഏറെ നില നില്‍ക്കാനാവില്ല എന്നതാണ് യാദാര്‍ത്ഥ്യം. എന്തിനെ എത്ര്‍ക്കാന്‍ ഉണ്ടാക്കപ്പെട്ടുവോ അതിന്റെ നാശം ഉണ്ടാക്കപ്പെട്ടതിന്റെയും നാശമാണ്. ഒരു പാടു ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും ധീര ദേശാഭിമാനികളുടെ അപദാനങ്ങള്‍ വാഴ്ത്തിയും ടെശീയോദ്ഗ്രധന പ്രതിജ്ഞകള്‍ ചൊല്ലിയും ആ മാതാവിനെ നിലനിര്‍ത്താന്‍ പാടുപെടുന്നത് കാണാതെയല്ല. പക്ഷെ അതെല്ലാം തന്നെ അര്‍ത്ഥശൂന്യമാണെന്നു തെളിയിക്കുന്ന, ആ പ്രതിജ്ഞകളെ തമസ്കരിക്കുന്ന അസംഖ്യം സംഭവങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കാത്തത് അത്ഭുതം തന്നെ. അതോ അപ്രിയ സത്യങ്ങളില്‍ നിന്നുള്ള ഒളിചോട്ടമോ???
ഭാരതമെന്ന സങ്കല്പത്തിന് ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തി കൊണ്ടുള്ള ചൂഷണത്തില്‍ നിന്നും ഒരു മോചനം!!! അതിനപ്പുറത്ത് നാം മലയാളികള്‍ ആണ്. അവര്‍ തമിഴരും, തെലുങ്കരും, ബീഹാറികളും, ഗുജറാത്തികളും, കാശ്മീരികളുമാണ്. പിന്നെ കുറച്ചു പേരെ മാത്രം ഒരു വര വരച്ചു പുറത്തു നിര്‍ത്തി ശത്രുക്കളെന്നു നമ്മെ പഠിപ്പിച്ചത് എന്തിനാണ്. ആര്‍ക്കു വേണ്ടിയാണ്??? ആരാണ് ഒരു മേശക്കു ചുറ്റുമിരുന്നു നമ്മുടെ ശത്രുതക്കും സൌഹൃദത്തിനും അതിരുകളും, അര്‍ത്ഥങ്ങളും നിശ്ചയിച്ചത്??? എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ; ആ വരക്കപ്പുരമുള്ളവരും ഇപ്പുരമുല്ലാവരും തമ്മിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനം എന്തെന്ന്??? വരക്കിപ്പുരമുള്ളവര്‍ തമ്മിലുള്ള വ്യത്യാസം പോലും അവരുമായി കണ്ടെത്താന്‍ ചിലപ്പോള്‍ നമുക്കു കഴിയില്ല.
നമ്മുടെ ദേശീയ ഗാനത്തില്‍ പ്രതിപാദിക്കുന്ന ദേശങ്ങലായ പഞ്ചാബിന്റെ പകുതി മുക്കാലും ഇന്നെവിടെയാണ്? സിന്ധ് എവിടെയാണ്? ആ പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചി എവിടെയാണ്??? ദേശീയ ഗാനം ആലപിക്കുന്ന ഓരോ തവണയും നാം അവരെ ഓര്‍ക്കുന്നു. നമ്മളിലോരുവരായി അംഗീകരിക്കുന്നു. എന്നിട്ടും അവരെ ശത്രുക്കളായി കാണാന്‍ വിധിക്കപ്പെടുന്നുവേങ്കില്‍ അടുക്കളക്ക് നിങ്ങളോട് സഹതാപം മാത്രമെ ഉള്ളൂ. കാരണം ആരുടെയൊക്കെയോ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കും അധികാരമോഹങ്ങള്‍ക്കും വേണ്ടി വീതം വയ്ക്കപ്പെട്ട അടിമകള്‍ മാത്രമായിപ്പോയല്ലോ നിങ്ങള്‍!!!
ഭൂമിയില്‍ വരക്കാതെ വരയ്ക്കപ്പെടുന്ന, എന്നാല്‍ മനസുകളെ കീറി മുറിക്കുന്ന ചില രേഖകള്ക്കപ്പുറത്തെ ശത്രുക്കളെന്നു പ്രഖ്യാപിക്കപ്പെട്ട സഹോദരരെക്കാള്‍; അഭിപ്രായ ഭിന്നതകളും, വൈരങ്ങളും, പ്രാദേശിക വാദങ്ങളുമെല്ലാം ഒന്നാണെന്ന് പറയപ്പെടുന്ന നമ്മള്‍ക്കിടയിലുന്ടെന്ന വസ്തുത അറിഞ്ഞു കൊണ്ടു മറക്കുകയല്ലേ നാമെല്ലാം. മദ്രാസ് സംസ്ഥാനത്തില്‍ നിന്നും തെലുങ്കരുടെ പ്രത്യേക താത്പര്യം സംരക്ഷിക്കാനായി പ്രത്യേക സംസ്ഥാനം വേണമെന്നു ആവശ്യപ്പെട്ടു ഉപവസിച്ചു മരണമടഞ്ഞ പോറ്റി ശ്രീരാമാലുവില്‍ തുടങ്ങുന്ന പ്രാദേശിക വാദങ്ങള്‍ തെളിയിച്ചത്, നാനാത്വത്തിലെ ഏകത്വത്തിന്റെ ശക്തിയല്ല, മരിച്ചു എകത്വതിലെ നാനത്വത്തിന്റെ ഭിന്നതകളാണ്. ചൈനയുമായുള്ള യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നവരേയും നമ്മള് കണ്ടു. രാജ്യ രക്ഷയുടെ സന്നിഗ്ദ ഘട്ടങ്ങളില്‍ പോലും ഒറ്റക്കെട്ടവാന്‍ നമുക്കു കഴിയുന്നില്ല എന്നതിന് വേറെ തെളിവെന്തിന്. 63 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വര രണ്ടു പേര് വരച്ചത് പോലെ ഒരു പാട് വരകള്‍ കൊണ്ടു മാത്രം ശിതിലീകരിക്കാവുന്ന അവസ്ഥ തന്നെയാണിന്നും ഭാരതമെന്ന രാഷ്ട്രത്തിന്. മറാതികളും ബീഹാറികളും തമ്മില്‍ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍, ആന്ധ്ര പ്രദേശില്‍ തന്നെ തെലുങ്കാന സംസ്ഥാനം വേണമെന്നു വാദിക്കുന്നവരും മറ്റുള്ളവരും തമ്മിലുള്ള ഭിന്നതകള്‍, കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള വൈരം, ഇതിനെല്ലാം പുറമെ തീവ്രവാദികലെന്നും രാജ്യദ്രോതികലെന്നും നമ്മള് വിളിക്കുന്നവരുടെ വളര്‍ച്ച; ഇതിനെയെല്ലാം സൌകര്യപൂര്‍വ്വം മറന്നു നാം പിന്നെയും നമ്മുടെ ശത്രുക്കളെയും മിത്രങ്ങളെയും അന്ധമായി തരം തിരിക്കുന്നു.
ഒന്നുകൂടി ആഴത്തില്‍ ഇഴ കീറി നോക്കിയാല്‍ ദക്ഷിണേന്ത്യയിലെ ദ്രാവിടരെക്കാള്‍ ഇന്നത്തെ പാക്കിസ്ഥാനും, അവിടത്തെ ജനങ്ങളുമാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന ഭാരതത്തിന്റെയും, ഭാരതീയരുടെയും പ്രതിനിധികളായി ഉത്തരെന്ത്യകാരോടൊപ്പം നില്‍ക്കേണ്ടത് എന്നും പറയേണ്ടി വരും. ആ ഭൂപ്രദേശങ്ങളും അവിടത്തെ ജനങ്ങളുമാണ് ഏറെ ഒരുമിച്ചു കഴിഞ്ഞതെന്നും കാണാന്‍ അധികമൊന്നും അന്വേഷിച്ചു പോകേണ്ടതില്ല. അങ്ങനെ ഒരുമിച്ചു കഴിഞ്ഞവരെ ശത്രുക്കളായി കാണാന്‍ നമുക്കു കഴിയുമെങ്കില്‍ പിന്നെ ആരെയാണ് ശത്രുക്കളായി കാണാന്‍ കഴിയാത്തത്. അതിന്റെ തെളിവാണല്ലോ ഏറ്റവുമൊടുവില്‍ ബങ്കളൂരുവില്‍ തിരുവള്ളുവര്‍ പ്രതിമ അനാച്താദനം ചെയ്യുന്ന ദിനം ബന്ദായി ആഘോഷിച്ചു കര്ണാടകക്കാര് തമിഴരോടുള്ള സഹോദര സ്നേഹം വെളിവാക്കിയത്. പ്രാദേശികമായ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്ക്കുന്ന ദേശഭക്തി എന്ന വാക്കിന്റെ സങ്കുചിതത്വത്തെ തന്നെ അടുക്കള വെറുക്കുന്നു. മറ്റൊരാളെ ശത്രുവായി കാണുന്ന ഏതൊരു ഭക്തിയും ഭക്തിയല്ല, വെറും ക്രൂരത മാത്രമാണ്.
നമുക്കു സ്നേഹം പരത്താനായി കൂട്ട് കൂടാം. പരസ്പരം സഹായിക്കാനായി ചേര്‍ന്നു നില്ക്കാം. അധികാര മോഹികളുടെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രമായി നമ്മളില്‍ വിഭാഗീയത നിറക്കുന്നവരെ നിരാകരിക്കാനായി ഒറ്റക്കെട്ടാകാം.
ദേശീയത, പ്രാദേശീയത തുടങ്ങിയ ഇടുങ്ങിയ ചിന്താഗതികള്‍ മനസിലേക്ക് പ്രക്ഷാളനം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ഈ വികസിച്ച ലോകത്തും തിരിച്ചരിയാനാവുന്നില്ലെന്കില്‍ പിന്നെ നമ്മുടെ എല്ലാ വിദ്യാഭ്യാസവും വ്യര്തമല്ലേ. ശീതീകരിച്ച മുറികളില്‍ പരാജയപ്പെടാന്‍ മാത്രമായി ചര്‍ച്ചകള്‍ നടത്തി സ്വന്തം സഹോദരന്മാരെ മരണമുഖത്തേക്ക് പറഞ്ഞയക്കുന്നവരുടെ ആവശ്യങ്ങള്‍, ഒരു പരിക്കുമില്ലാതെ പ്രസ്താവനാ യുദ്ധങ്ങള്‍ ജയിച്ചു നിങ്ങളെ ആവേശ ഭരിതരാക്കുന്ന അവരുടെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങള്‍; ഇവയൊന്നും തിരിച്ചരിയാനാവുന്നില്ലെന്കില്‍ പിന്നെ നമ്മുടെ വിവേചന ബുദ്ധി എന്തിനാണ്. ആരുടെയൊക്കെയോ ആവശ്യങ്ങള്‍ക്കായി ഒരു വര വരച്ചു ഒരുമിച്ചു കഴിഞ്ഞിരുന്നവരെ തമ്മില്‍ ഭിന്നിപ്പിച്ചു ആ വരക്കപ്പുരമുള്ള സകലജീവജാലങ്ങളും നമ്മുടെ ശത്രുക്കളാണെന്ന് പറഞ്ഞവരുടെ ലഖ്യങ്ങള്‍ നമ്മള് തിരിച്ചറിയണം. ഇതു പോലെ ഇനി വീണ്ടും ഒരു വര വരച്ചു നമ്മെ വേര്തിര്ക്കാന് അവര്‍ക്കു കഴിയും. കാരണം അത്രമേല്‍ നമ്മള് ഓരോരുത്തരും നമ്മിലെക്കൊതുങ്ങിയവരാണ്. അതിനെ മുതലെടുക്കുന്നവരെ, അതിലൂടെ നമ്മില്‍ വൈരത്തിന്റെ വിത്ത് പാവുന്നവരെ, അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ ഇനിയും നമ്മള് കാണാതിരുന്നു കൂടാ... അവരാണ് നമ്മള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കിയത്... നമ്മളെ തന്നെ നമ്മളുടെ ശത്രുക്കലാക്കിയത്... അതെ യദാര്‍ത്ഥ ശത്രുക്കള്‍ അവരാണ്... അധികാര കേന്ദ്രങ്ങളിലിരുന്നു നമ്മെ പരസ്പരം ശത്രുക്കലാക്കുന്നവര്‍.. പരസ്പരം പോരടിപ്പിച്ചു നമ്മുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്നവര്‍...
അവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്...അവരില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ മാത്രമെ നമ്മള് സമാധാനതിലെക്കുനരൂ... ജീവിതത്തിന്റെ ആഹ്ലാടങ്ങളിലേക്ക് ഉയരൂ... ആ സാര്‍വദേശീയതയിലേക്കുള്ള മുന്നെറ്റമാവട്ടെ ഇനിയുള്ള നമ്മുടെ ലക്ഷ്യം... അതിരുകളാല്‍ ബന്ധിതമാകാത്ത കീറി മുറിച്ചു വികലമാക്കാത്ത ഒരു വിശ്വ മാതാവിനെ ഈ മക്കള്‍ സൃഷ്ടിക്കുന്ന കാലം നിങ്ങളെപ്പോലെ അടുക്കളയുടെയും സ്വപ്നമാണ്....