17. ഓര്‍മകളെ ആഘോഷിക്കുമ്പോള്‍...

on Thursday, August 27, 2009

ശരിയാണ്.


മനുഷ്യര്‍ പലവിധമാണ്.


ചിലര്‍ കാലങ്ങള്‍ക്കു ശേഷവും ഓര്‍ത്തെടുക്കാനുള്ള ഓര്‍മ്മകള്‍ ശേഷിപ്പിച്ചു മറയുന്നു. മറ്റു ചിലര്‍ ആ ഓര്‍മ്മകളെ ആഘോഷിക്കാന്‍ മാത്രമായി ജീവിച്ചു ഓര്‍മ്മകളാവുന്നു


ഇന്നു മലയാളത്തിലെ പ്രചാരമേറിയ പത്രങ്ങളിലോന്നില്‍ വന്ന ഒരു വാര്‍ത്തയാണ് അടുക്കളയുടെ ചിന്തകളെ ഇങ്ങനെ തിരിച്ചു വിട്ടത്.അതും അടുക്കളയുടെ കണ്ണുകള്‍ അധികം തിരയാത്ത കായിക വാര്‍ത്തകളുടെ താളില്‍ വന്ന ഒരു ചെറു വാര്‍ത്ത. അത്ര പ്രാധാന്യതോടെയല്ലാതെ കൊടുത്ത ആ വാര്‍ത്ത അടുക്കളയുടെ ചിന്തകളിലേക്ക് ഉണര്‍ന്നത് അവഗണനയുടെ ഗന്ധം സ്രവിക്കുന്ന ശീര്‍ഷകത്തിന്റെ രോദനം കൊണ്ടാണ്.



"ഇന്ത്യന്‍ കോച്ചിനെ ശതാബ്ദി വര്‍ഷത്തിലും ആരും ഓര്‍ത്തില്ല."


തലക്കെട്ടില്‍ നിന്നും വാര്‍ത്തയിലൂടെ യാത്ര തുടങ്ങിയപ്പോഴാണ് അബദ്ദമായിപ്പോയെന്നുതോന്നിയത്. ഒരു മുന്‍ ഫുട്ബാള്‍ പരിശീലകന്റെ 100 - ആം ജന്മദിനം ഇവിടെ ആരും ആഘോഷിച്ചില്ല എന്ന വിലാപമാണ്‌ വാര്‍ത്തയുടെ സാരം. അത് ഇത്ര വലിയ ഒരു സംഭവമാണോ എന്ന ചിന്തയില്‍ ചില സഹോദരരുമായി പങ്കു വച്ചപ്പോഴാണ് പ്രസ്തുത വിലാപത്തിന്റെ സാംഗത്യം മനസിലായത്.


ഇതു ഓര്‍മ പുതുക്കലുകളുടെ കാലമാത്രേ. വാര്‍ഷികങ്ങള്‍, ജൂബിലികള്‍, നവതികള്‍, അങ്ങിനെ അങ്ങിനെ സര്‍വം ആഘോഷമയം. ജീവിച്ചിരിക്കുന്നവരുടെ സപ്തതി, പിന്നെ വിവാഹങ്ങളുടെ ജൂബിലി, മരണമടഞ്ഞവരുടെ ചരമ വാര്‍ഷികങ്ങള്‍.... പത്രതാളുകളില്‍ മുന്പെന്നതെതിനെക്കാളും ഓര്‍മ്മയുടെ പൂക്കള്‍ നിറയുന്നു. ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ടു എന്ന പേരില്‍ ശതാഭിഷിക്തനായി എന്ന് നെറ്റിപ്പട്ടം കെട്ടിച്ചു പലരെയും എഴുന്നള്ളിക്കുന്നത്തിനും നമ്മള്‍ സാക്ഷികളാണ്. അവര്‍ എത്ര ചന്ദ്രന്മാരെ കണ്ടു എന്ന് ആര്‍ക്കറിയാം? പോട്ടെ, ആഘോഷിക്കാന്‍ കാരണങ്ങള്‍ തിരയുന്നവര്‍ക്കിടയില്‍ അതിന് ഒരു കാരണം കൂടി കണ്ടെത്തി എന്ന് മാത്രം കരുതിയാല്‍ മതി.


അടുത്ത കാലത്തു കായിക വാര്‍ത്തകളാണ് കൂടുതലും വാര്ഷികങ്ങള്‍ക്ക് പിറകെ പോയത്. മെഡല്‍ നേടിയതിന്റെ വാര്‍ഷികം, മെഡല്‍ നേടാത്തതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം. മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടത്തിന്റെ എല്ലാം വാര്‍ഷികങ്ങള്‍ അവര്‍ ആഘോഷിക്കുന്നു. ഇന്ത്യ ഒളിമ്പിക്സില്‍ ഹോക്കിയില്‍ സ്വര്‍ണം നേടിയതിന്റെയോ, ഹോക്കി ലോകകപ്പ് നേടിയതിന്റെയോ, പ്രകാശ്‌ പദുകോണ്‍ ലോക ഒന്നാം നമ്പര്‍ ആയതിന്റെയോ, ചെസ്സില്‍ ആനന്ദിന്റെ വിജയത്തിന്റെ വാര്ഷികങ്ങലോ ഒന്നും നമ്മള്‍ ആഘോഷിച്ചില്ല. മാധ്യമങ്ങള്‍ നമ്മളെ അറിയിച്ചില്ല. ക്രിക്കെറ്റ്‌ ലോകകപ്പ് ജയിച്ചതിന്റെ സില്‍വര്‍ ജൂബിലി മുന്‍പേജു മുഴുവന്‍ അതിനായി മാറ്റി വച്ചു കൊണ്ടാണ് ഒരു മലയാള പത്രം ആഘോഷിച്ചത്. കപ്പു നേടിയ അന്ന് ഇതിന്റെ പകുതി പോലും ആവേശം ഒരു പത്രത്തിനും ഉണ്ടായിക്കാണില്ല. അതൊക്കെ കൊണ്ടാവാം ഇന്നത്തെ പത്രത്തില്‍ മാധ്യമങ്ങള്‍ക്ക് "മിസ്സ്‌" ആയിപ്പോയ ഒരു ആഘോശാവസരം ഒരു വാര്‍ത്തയായത്. അതിനെക്കാള്‍ അവഗണിക്കപ്പെട്ട പലതും ഇല്ലേ എന്ന ചോദ്യം നമ്മളാരും ചോദിക്കരുത്. കാരണം-!!! രസകരമായ കാര്യം അതല്ല. ഈ വാര്‍ത്ത അച്ചടിച്ച പത്രം പോലും ആ ദിനം നമ്മുടെ കോച്ചിനെ ഓര്‍ത്തിരുന്നില്ല എന്നതാണ്. എന്നിട്ട് ഇപ്പോഴോഴുക്കുന്ന ഈ മുതലക്കണ്ണീര്‍.... അത് തന്നെയല്ലേ ഇന്നത്തെ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖം!!!



സാഹിത്യ രംഗത്തും ഇപ്പോള്‍ വാര്ഷികങ്ങളുടെ വസന്തമാണ്. വാര്ഷികങ്ങളുടെ മാത്രം!!! സ്രഷ്ടാവിന്റെ ജന്മ വാരിഷികങ്ങള്‍ തുടങ്ങി പുസ്തകത്തിന്റെ വാര്ഷികങ്ങളിലൂടെ ചില കവിതകളുടെ ജൂബിലികള്‍ വരെ നാം കൊണ്ടാടുന്നു. സിനിമകള്‍ നൂറാം ദിവസം ഇരുന്നൂറാം ദിവസം എന്നൊക്കെ പരസ്യം ചെയ്യാറുള്ള പോലെ പത്താം പതിപ്പ് അന്‍പതാം പതിപ്പ് എന്നൊക്കെയായിരുന്നു പണ്ടു പുസ്തകങ്ങളുടെ ആഘോഷങ്ങള്‍. അതെല്ലാം ആ സൃഷ്ടികളുടെ ജനപ്രീതിയുടെ അളവ് കൊലുകളുമാണ്. എന്നാല്‍ ഒരു പുസ്തകത്തിന്റെ അല്ലെങ്കില്‍ കവിതയിടെ അന്‍പതാം വാര്‍ഷികം എന്ന് പറയുമ്പോള്‍ അത് സ്വാഭാവികമായ ഒരു കാലചക്രത്തിന്റെ പ്രയാണം എനതല്ലാതെ മറ്റെന്തു സവിശേഷതയാണ് പങ്കു വയ്ക്കുന്നത്. പ്രത്യേകിച്ചും അതെഴുതപ്പെടുന്ന കാലത്തില്‍ നിന്നും സമൂഹവും സാമൂഹ്യ വ്യവസ്ഥകളും, മൂല്യങ്ങളും ഒരു പാടു മാറിയ പുതിയ കാലഘട്ടത്തില്‍? ഇതു പോലെയാണെങ്കില്‍ ഇനി ഷേക്സ്പിയറിന്റെ നാടകങ്ങളുടെ 500- ആം വാര്‍ഷികവും കാളിദാസ കൃതികളുടെ ആയിരാം വാര്‍ഷികങ്ങളും ഒക്കെ കൊണ്ടാടാം നമുക്കു. ആവനാഴിയില്‍ അമ്പോഴിഞ്ഞ ചിലരെ സ്തുതി പാടാനും, പണ്ടേപോലെ ഫലിക്കാത്ത ചിലരുടെ പല്ലിന്റെ ശൌര്യം അയവിറക്കാനും, ഇങ്ങനെ ചിലര്‍ ഭൂമിയില്‍ തന്നെയുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനു തന്റെ കര്‍മ്മങ്ങളിലൂടെ കഴിയാതെ വരുമ്പോഴാണ് ഇത്തരം വാര്‍ഷികങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന ദയനീയ യാദാര്‍ത്ഥ്യം അവരുടെ പൂര്‍വകാലത്തെ പ്രവര്‍ത്തനങ്ങളെ ആണ് അവഹെളിക്കുന്നത്. ഇതിനിടയില്‍ ജൂബിളികളുടെ കൂട്ടത്തില്‍ ഒരു നോവലിന്റെ മുപ്പത്തഞ്ചാം വാര്‍ഷികവും ആഘോഷിക്കുന്നതായി കേട്ടു. മുപ്പതഞ്ചിന്റെ കണക്കു എന്താണാവോ എന്തോ? ആ ആഘോഷങ്ങള്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട എന്ന മുന്‍നിലപാട് തന്നെയെന്ന്‌ ആശ്വസിക്കാം.


ഈ ആഘോഷങ്ങളെപോലെ വിസ്മരിച്ച ചിലത് അടുക്കളയുടെ മനസ്സില്‍ ഓടിയെത്തുന്നു. ആദ്യമായി ഒരു മനുഷ്യന്‍ ചന്ദ്രനിലെതിയതിന്റെ വാര്‍ഷികം എല്ലാ പത്രങ്ങളും എല്ലാ വര്ഷവും ആഘോഷിക്കാറുണ്ട്. പക്ഷെ ഈ ഏപ്രില്‍-2 ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴിക കല്ലിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമായിരുന്നു. ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് പോയതിന്റെ!!! ഒളിമ്പിക്സില്‍ മെഡല്‍ നേടാനാവാതെ പോയതിന്റെ വിശേഷങ്ങള്‍ ഒരു പേജു മുഴുവന്‍ നിരത്തിയ പത്രങ്ങള്‍ ഈ നേട്ടത്തിന് അര വരി പോലും നല്‍കിയില്ല എന്ന സത്യം മാധ്യമങ്ങള്‍ വസ്തുതകള്‍ക്ക് നല്കുന്ന പ്രാധാന്യങ്ങളുടെ അടിസ്ഥാനത്തിന്റെ പ്രതിഫലനം കൂടിയാണ്. അത് പോലെ കഴിഞ്ഞ വര്ഷം മലയാളത്തിന്റെ ആധുനിക കവിത്രയത്തിലെ വള്ളത്തോള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് അമ്പതു വര്ഷം തികഞ്ഞിരുന്നു. സാഹിത്യ സ്നേഹികളോ കലാമണ്ടലമോ മാധ്യമങ്ങളോ അത് അറിഞ്ഞതായി പോലും നടിച്ചു കണ്ടില്ല. ആശാനും ഉള്ളൂരും എല്ലാം കുറച്ചു മുന്പേ ജനിച്ചു എന്ന കാരണം കൊണ്ടാകാം മലയാളം ഇപ്പോള്‍ ചില എഴുത്തുകാരുടെ നൂറാം ജന്മ വാര്‍ഷികത്തില്‍ നടത്തുന്ന കേട്ടു കാഴ്ചകള്‍ക്ക് വിധേയരാവാതെ രക്ഷപ്പെട്ടത്.


ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നല്ലത് തന്നെയാണ്. പക്ഷെ ആ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നത് ആത്മഹത്യപരവും. നിര്‍ഭാഗ്യവശാല്‍ കാരണങ്ങള്‍ എന്ത് തന്നെ ആയാലും ആ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. നാളേക്ക് ഒന്നും നല്കാനില്ലാതെ വരുന്നവര്‍ക്ക് മാത്രമെ ഇന്നലെകളിലെ സാഹസങ്ങളില്‍ പുളകം കൊണ്ടിരിക്കാനാവൂ. നല്ല ഓര്‍മ്മകള്‍ പങ്കു വക്കുന്നതോടൊപ്പം നാളെ തലമുറയ്ക്ക് ഓര്‍ക്കാനായി നമ്മുടെ മുന്‍ തലമുറ തന്നത് പോലെ തിളക്കമുള്ള ഓര്‍മ്മകള്‍ ബാക്കി വക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ ഇന്നത്തെ ശതാബ്ടികളുടെ ഇരട്ട ശതാബ്ടികള്‍ മാത്രം കൊണ്ടാടെണ്ടി വരും നമ്മുടെ അടുത്ത തലമുറ. അത് ഒരു സമൂഹത്തിനു ഒട്ടും തന്നെ ഭൂഷണമല്ല. ഈ ആഘോഷങ്ങളില്‍ മാത്രം മുഴുകി വിസ്മൃതിയില്‍ താഴും മുന്പ് ആ യാദാര്‍ത്യമെന്കിലും മാധ്യമങ്ങള്‍ തിരിച്ചരിഞ്ഞെന്കില്‍... കഴിഞ്ഞതിനെ കുറിച്ചോര്‍ത്തു വിലപിക്കുന്നതിനെക്കളും സന്തോഷിക്കുന്നതിനെക്കാലും ; വരാനിരിക്കുന്ന നാളെകള്‍ക്കായി വെളിച്ചം വിതരാനുള്ള ചിന്തകളായി അവരുടെ വാക്കുകള്‍ പ്രകാശിക്കട്ടെ എന്ന് മാത്രം പ്രാര്‍ത്തിച്ചുകൊണ്ടു അടുക്കള നിര്‍ത്തട്ടെ.

7 comments:

ശ്രീ said...

"ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നല്ലത് തന്നെയാണ്. പക്ഷെ ആ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നത് ആത്മഹത്യപരവും"

ശരി തന്നെ. പക്ഷേ, എടുത്തു പറയാന്‍ മറ്റൊന്നുമില്ലാത്തിടത്തോളം ആ ഓര്‍മ്മകള്‍ എങ്കിലും വേണ്ടേ നമ്മുടെ കൂടെ?

ഓണാശംസകള്‍...

biju benjamin said...

Again the sperb presentation of bitter truths. congrats.

കോന്നിക്കാരന്‍ said...

അതൊക്കെ കൊണ്ടാവാം ഇന്നത്തെ പത്രത്തില്‍ മാധ്യമങ്ങള്‍ക്ക് "മിസ്സ്‌" ആയിപ്പോയ ഒരു ആഘോശാവസരം ഒരു വാര്‍ത്തയായത്. അതിനെക്കാള്‍ അവഗണിക്കപ്പെട്ട പലതും ഇല്ലേ എന്ന ചോദ്യം നമ്മളാരും ചോദിക്കരുത്. കാരണം-!!! രസകരമായ കാര്യം അതല്ല. ഈ വാര്‍ത്ത അച്ചടിച്ച പത്രം പോലും ആ ദിനം നമ്മുടെ കോച്ചിനെ ഓര്‍ത്തിരുന്നില്ല എന്നതാണ്. എന്നിട്ട് ഇപ്പോഴോഴുക്കുന്ന ഈ മുതലക്കണ്ണീര്‍.... അത് തന്നെയല്ലേ ഇന്നത്തെ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖം!!!
True. Well said :)

sunil kumar said...

അടുക്കള പിന്നെയും അത്ബുതപ്പെടുത്തുന്നു. നമ്മുടെ കാഴ്ചകളെ ചിന്തകളെ ഒക്കെ നിയന്ത്രിക്കുന്നത് ഇന്ന് മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമങ്ങളുടെ പ്രധാന പോരായ്മ അവര്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്നത് കാണിക്കുക എന്നതല്ലാതെ സ്വയം മാതൃകയാവുക എന്നതിന് കഴിയുന്നില്ല. അതിന്റെ തെളിവുകള്‍ തന്നെയാണ് ഈ വാര്‍ഷികാഘോഷങ്ങള്‍. എനിക്ക് തോന്നുന്നു, മോഹന്‍ലാല്‍ ആണ് ഇതിനു തുടക്കം കുറിച്ചതെന്നു. അഭിനയത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിച്ചത് കണ്ടപ്പോഴാകണം ഇന്നത്തെ കച്ചവട മാധ്യമങ്ങള്‍ക്ക് അതിന്റെ സാധ്യത മനസിലായത്. കഴിഞ്ഞ വര്ഷം ആയുസ്സിന്റെ പുസ്തകത്തിന്റെ രജത ജൂബിലി കൊണ്ടാടിയത് അടുക്കള ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. എന്തായാലും അടുക്കളയുടെ യാത്ര ശരിയായ പാതയില്‍ തന്നെ. ഇന്നത്തെ കാലത്തിനു ഒരു അടുക്കള എങ്കിലും ഉണ്ടായതിനു നന്ദി.

ഉപാസന || Upasana said...

പുനര്‍‌വായനകള്‍ നല്ലതു തന്നെ...
പുനര്‍വായനകള്‍ മാത്രമായാല്‍ നല്ലതല്ല തന്നെ...

നല്ലത്
:-)
ഉപാസന

Anonymous said...
This comment has been removed by a blog administrator.
നന്ദന said...

" നല്ല ഓര്‍മ്മകള്‍ പങ്കു വക്കുന്നതോടൊപ്പം നാളെ തലമുറയ്ക്ക് ഓര്‍ക്കാനായി നമ്മുടെ മുന്‍ തലമുറ തന്നത് പോലെ തിളക്കമുള്ള ഓര്‍മ്മകള്‍ ബാക്കി വക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ " എന്നാശിച്ചുപോകുന്നു