18. ഓണം എന്ന കെട്ടുകഥയുടെ ആവശ്യം.

on Saturday, August 29, 2009

കഥയില്‍ ചോദ്യമില്ല.
വിശ്വാസങ്ങളിലും ചോദ്യം പാടില്ല.
കാരണം, ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ മാത്രം യുക്തി ഭദ്രമല്ല ഒരു കഥയും ഒരു വിശ്വാസവും. അത് കൊണ്ടു തന്നെയാണ് ചോദ്യങ്ങള്‍ പാടില്ല എന്ന ഉത്തരം കൊണ്ടു പല ചോദ്യങ്ങളെയും ചിലര്‍ നേരിട്ടത്‌. കാരണം ആ വിശ്വാസങ്ങളും കഥകളും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കേണ്ടത് അവയെക്കാള്‍ കൂടുതല്‍ അവരുടെ തന്നെ നിലനില്‍പ്പിന്റെ ആവശ്യകതയായിരുന്നു.
  • പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ പരശുരാമന് യുഗങ്ങള്‍ മുന്പ് ജീവിച്ചിരുന്ന മഹാബലി എങ്ങനെ നീതിമാനായി ഭരിച്ചു?
  • വാമനന്‍ ചവിട്ടി താഴ്ത്തിയെന്നു പറയുന്ന പാതാളം എവിടെയാണ്?
  • ഒരു ചുവടു കൊണ്ടു ഭൂമിയും അടുത്ത ചുവടു കൊണ്ടു സ്വര്‍ഗ്ഗവും അളന്ന വാമനന്റെ മഹാസാഹസം എങ്ങനെ ആയിരുന്നു?

അരുത്.

ചോദ്യങ്ങള്‍ അരുത്.

കാരണം, ചഞ്ചലമായ നമ്മുടെയൊക്കെ മനസ്സിനെ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷകള്‍ നല്കുന്ന ഊര്‍ജ സ്രോതസ്സുകളാണ് ആ ഐതിഹ്യങ്ങള്‍. അത് കൊണ്ടു നമുക്കു ചോദ്യം ചെയ്യാതെ അതിന്റെ തണലുകളുടെ ശീതളിമയില്‍ ജീവിതചൂടിനു ആശ്വാസം തിരയാം. അതിന്റെ ദുര്‍ബലമെങ്കിലും വിശാലഹസ്തങ്ങളില്‍ നമുക്ക് അഭയം തേടാം.

എങ്കിലും വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ തന്നെ ആ വിശ്വാസങ്ങളില്‍ നമുക്കൊന്ന് തിരയാം. എന്തായിരുന്നു ആ കഥകളുടെ ആവശ്യകത? ഇന്നു അടുക്കളയുടെ ചിന്തകള്‍ ചൂടു പിടിച്ചത് ആ നേരിപ്പോടിലാണ്.



ഓണത്തിന്റെ എന്നല്ല, സൂക്ഷ്മമായി നോക്കിയാല്‍ ഓരോ ആഘോഷങ്ങളുടെയും, ഉത്സവങ്ങളുടെയും, പൂജകളുടെയും എല്ലാം പ്രാഥമികമായ ലക്ഷ്യം ഒത്തു ചേരല്‍ ആണ്. നമ്മള്‍ നമ്മിലേക്ക്‌ മാത്രം ഒതുങ്ങാതെ, ഒത്തു ചേര്ന്നു ആഹ്ലാദം പങ്കു വയ്ക്കുക. അതിലൂടെ ബന്ധങ്ങളെ സുദൃടമാക്കുക. ഇതിനപ്പുറം എന്ത് ലക്ഷ്യമാണ്‌ ഓണത്തിനുള്ളത്.

ബന്ധങ്ങളല്ല, മറിച്ച് ബന്ധങ്ങളില്‍ നിന്നുള്ള സ്വാതന്ത്രമാണ് മനുഷ്യന്റെ ആവശ്യം എന്ന് ചിന്തിക്കുന്നവര്‍ അടുക്കളയോട് ക്ഷമിക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നു എങ്കിലും സ്വീകരിക്കാന്‍ ഒരിക്കലും അടുക്കളക്കാവില്ല. കാരണം, അടുക്കള നില കൊള്ളുന്നത്‌ വ്യക്തികള്‍ക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിനു വേണ്ടിയാണ്. ആ സമൂഹത്തെ രൂപപ്പെടുത്തുന്ന, നില നിര്‍ത്തുന്ന വ്യക്തി ബന്ധങ്ങള്‍ക്ക് വേണ്ടിയാണ്. അവയുടെ നിലനില്പിന് വേണ്ടിയാണ്.

പ്രാചീന കാലത്തു വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങളെ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും സമൂഹത്തിന്റെയും ബന്ധങ്ങളുടെയും ആവശ്യകത പറഞ്ഞു മനസിലാക്കാന്‍ ഏറ്റവും എളുപ്പ വഴി എന്ന നിലക്കായിരിക്കണം ആഘോഷങ്ങള്‍ക്ക് ദൈവിക പരിവേഷം കലര്ന്ന കഥകള്‍ ഉണ്ടായത്. ദൈവികമായ കാര്യങ്ങള്‍ എതിര്‍ക്കുന്നതിനു മുന്പ് ഏതൊരാളും ഒന്നാലോചിക്കും എന്നത് തന്നെയാണ് ഓരോ ആഘോഷങ്ങള്‍ക്ക് പുറകിലും അനുഷ്ടാനങ്ങള്‍ ഉണ്ടാവാനും കാരണമെന്ന് തന്നെയാണ് അടുക്കള കരുതുന്നത്.( ഇന്നത്തെ കാര്യമല്ല. പക്ഷെ ഉന്നത വിദ്യാഭ്യാസം നേടിയ ഇക്കാലത്തും ചില കാര്യങ്ങളില്‍ നമ്മള്‍ യുക്തിയെ മറക്കുമ്പോള്‍, കള്ള സ്വാമിമാരുടെയും തട്ടിപ്പുകാരുടെയും ഇരയാവുമ്പോള്‍, ആഭിചാര കര്‍മ്മങ്ങള്‍ക്കായി പാവം മൂങ്ങകള്‍ക്ക് പിന്നാലെ പായുമ്പോള്‍ കേവല വിദ്യാഭ്യാസം പോലുമില്ലാതിരുന്ന അന്നത്തെ ജനത അത് എങ്ങനെ സ്വീകരിക്കും എന്ന് ഊഹിക്കാമല്ലോ. ഇന്നത്തെ കാപ്സ്യൂള്‍ ഗുളികക്കുള്ളില്‍ മരുന്ന് നല്കുന്നത് പോലെ നിലനില്‍പ്പിന്റെ വലിയൊരു തത്വമാണ് പൂര്‍വികര്‍ ഇത്തരം കഥകളിലൂടെ നമ്മിലേക്ക്‌ പ്രക്ഷാളനം ചെയ്തത്.)

അതെ, വര്‍ണ്ണശബളമായ നിറക്കൂട്ടുകള്‍ക്കും, വിനോദങ്ങള്‍ക്കും അപ്പുറം, ഈ ആഘോഷങ്ങളുടെയെല്ലാം പരമമായ ലക്ഷ്യം അതാണ്‌. ഒത്തു ചേരല്‍. ഇന്നത്തെ സൈബര്‍ യുഗത്തില്‍ സ്ക്രാപ്പുകളും ഇ-കാര്‍ഡുകളും കൊണ്ടു ദൂരെ കോണുകളില്‍ ഇരുന്നു പൂക്കളം തീര്‍ക്കുമ്പോള്‍ പോലും നമ്മള്‍ ചെയ്യുന്നത് അതാണ്‌. മനസ് കൊണ്ടുള്ള ഒത്തു ചേരല്‍. അതിന്റെ ആവശ്യകതയെക്കുറിച്ച് മുന്പ് വിശദമായി തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ടു ഇവിടെ നിര്‍ത്തട്ടെ.

ഈ ഓണം എല്ലാ സഹോദരര്‍ക്കും നഷ്ടപ്പെട്ട ബന്ധങ്ങളുടെ തിരിച്ചു കിട്ടലിനും ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലിനും ഉള്ള ഒരു സമയമാകട്ടെ എന്ന് അടുക്കള ആശംസിക്കുന്നു. നിങ്ങള്‍ക്കായി നന്മയുടെ സദ്യയൊരുക്കി കാത്തിരിക്കാന്‍ ഒരടുക്കള എല്ലാവര്ക്കും എന്നും ഉണ്ടാകട്ടെ.

ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.


16 comments:

അരുണ്‍ കരിമുട്ടം said...

ഓണാശംസകള്‍

Anonymous said...
This comment has been removed by a blog administrator.
Kvartha Test said...

ഓണ്‍ലൈന്‍ ഓണാശംസകള്‍.

ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും എന്നൊരു പോസ്റ്റ്‌ ഈയുള്ളവന്‍ ചേര്‍ത്തിട്ടുണ്ട്, വെറും ഐതീഹ്യകഥ പറയാനല്ല, നന്മയുടെ കഥ പറയാനായി. സത്യധര്‍മ്മമാര്‍ഗ്ഗത്തില്‍ ജീവിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന ശാന്തി തന്നെയാണ് ഈശ്വരന്‍ എന്ന് പഠിപ്പിക്കുന്ന കഥ.

chithrakaran:ചിത്രകാരന്‍ said...

ഓണത്തെ എത്ര മനോഹരമായി കള്ളക്കഥകളില്‍ പൊതിഞ്ഞവതരിപ്പിച്ചാലും... അത് ബുദ്ധധര്‍മ്മത്തിന്റെ
നന്മയില്‍ സ്വതന്ത്രമായിരുന്ന ഒരു സമൂഹത്തിന്റെ മൂര്‍ദ്ദാവില്‍ ചവിട്ടിയ ബ്രാഹമണ്യത്തിന്റെ സംസ്ക്കാര
ശൂന്യതയുടെ ഓര്‍മ്മപ്പെടുത്തലാകാതിരിക്കില്ല.

നന്മയുടെ ഒരു മാവേലി രാജ്യത്തിനു മുകളില്‍
വാമനനും, ആണും പെണ്ണും കെട്ടവനും നികൃഷ്ടനുമായ
മഹാവിഷ്ണു സങ്കല്‍പ്പത്തിന്റെ അടിമത്വത്തിലേക്കുള്ള,
ഭ്രാന്താലയത്തിലേക്കുള്ള ഒരു ചവിട്ടിത്താഴ്ത്തല്‍ !
ആ വൃത്തികെട്ട പാദങ്ങള്‍ പതിഞ്ഞത് മഹാബലിയുടെ മാത്രം സിരസ്സിലായിരുന്നില്ല ;ജനങ്ങളുടെ ആത്മബോധത്തിന്റെ മുകളിലുമായിരുന്നു.

ഓണത്തില്‍ നിന്നും,അതിന്റെ ആഘോഷങ്ങളില്‍ നിന്നും വാമനനേയും,മഹാവിഷ്ണുവിനേയും കാലു ചുഴറ്റി വലിച്ചെറിയാനുള്ള തന്റേടമാണ് ഈ ഓണാഘോഷത്തിലൂടെ ആര്‍ജ്ജിക്കേണ്ടത് എന്ന് ചിത്രകാരന്‍ ആശിക്കുന്നു :)

Kvartha Test said...

ഹിന്ദുമതമോ,ബുദ്ധമതമോ, ക്രിസ്ത്യന്‍ മതമോ, ഇസ്ലാം മതമോ ഏതെടുത്തു നോക്കിയാലും അവിടെ ഒരു പുരോഹിത വര്‍ഗ്ഗം ഉണ്ട്, കാലാകാലങ്ങളായി പല കഥകളും ഐതീഹ്യങ്ങളും മെനഞ്ഞു, അവയെ ചരിത്രത്തിന്‍റെ ഭാഗമാണ് എന്ന തോന്നല്‍ ഉണ്ടാക്കി, അവരുടെ ജീവിതം സുഖകരമാക്കാന്‍ ശ്രമിച്ചവര്‍ ഉണ്ടായിരുന്നു, ശരിതന്നെ.

പക്ഷെ, വേദങ്ങളോ, ഉപനിഷത്തുക്കളോ , ഭഗവദ്‌ഗീതയോ, രാമായണമോ, ഭാഗവതമോ, ഏതെടുത്തു മനസ്സിരുത്തി വായിച്ചു നോക്കിയാല്‍ മനസ്സിലാവും, ഏകദൈവ ചിന്താപദ്ധതിയും, അതിനുള്ള വഴികളും വളരെ ക്ലിയര്‍ ആയി എല്ലാവര്‍ക്കുമായി തുറന്നു എഴുതി വച്ചിട്ടുണ്ട് എന്ന്. അതില്‍ കാലം കടന്നപ്പോള്‍ വന്ന കഥാ അതിപ്രസരങ്ങളെ മാറ്റിനിര്‍ത്തി ആവശ്യമുള്ളത് മനസ്സിലാക്കിയാല്‍ മതിയല്ലോ, പരമ സുഖം.

അവയൊന്നും മനസ്സിരുത്തി വായിക്കാതെ നമ്മള്‍ വെറുതെ കുറ്റപ്പെടുത്താന്‍ മാത്രമല്ലേ ശ്രമിക്കൂ. ഒറിജിനല്‍ ഗ്രന്ഥങ്ങള്‍ (അവയുടെ പാശ്ചാത്യ ആംഗലേയ പഠനങ്ങള്‍ / വിമര്‍ശനങ്ങള്‍ മാത്രമല്ല) സ്വയം കൂടുതല്‍ വായിച്ചു, ചിന്തിച്ചു മനസ്സിലാക്കി, നെല്ലും പതിരും തിരിഞ്ഞു മനസ്സിലാക്കിയാല്‍ നന്നായിരിക്കും. പതിരിനെകുറിച്ച് വിലപിക്കുമ്പോള്‍ നാം നെല്ല് കാണാതെ പോകരുത്.

ബ്ലോത്രം said...

ഓണാശംസകള്‍.

Sudheer S said...

pathiru kurachu mathi ethu nellinteyum vila kalayaan.... atharam pathirukalaanu vishwaasangale durbalappeduthunnathum....

enkilum onaashamsakal.

Kvartha Test said...

ശരിയാണ് രാംദാസ്. പക്ഷെ, പതിരില്ലാത്ത എന്തെങ്കിലും ഒരു സംഗതി ഈ ലോകത്ത് ഉണ്ടോ? വിശപ്പുള്ളവര്‍ മുറം ഉപയോഗിച്ച് പാറ്റി പതിര് കളഞ്ഞു നെല്ലെടുക്കും. അറിയാനുള്ള വിശപ്പില്ലാത്തവര്‍, പതിരിനെ പഴിച്ചു നെല്ലും പതിരും കൂടി ദൂരെ കളയും. അത്രേ ഉദ്ദേശിച്ചുള്ളൂ, പതിരിനെ മഹദ്‌വല്ക്കരിച്ചതല്ല.

Sudheer S said...

shree aaraanu ivide pathirine thirichu nallathine thiranjedukkunnathu.... onnuorthu nokkuuu. ariyikkendavar, vishakkunnavanu nalkunnathu ennum pathirukal maathramaayirunnu. athile nallathine avar olippichu. pakshe ee kettu kathakalkkidayile yukthi sahamaaya nellu ethanennu onnu parayu. onnumilla, athu verum oru katha maathram. pakshe athinte lakshyam valuthaayirunnenna adukkalayude vaadathodu yojikkunnu.

Rajeeve Chelanat said...

വാമനന്മാരുടെ കെട്ടുകഥകളെ ചവുട്ടിത്താഴ്ത്തുക..സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹാബലിമാരെ വീണ്ടെടുക്കുക.

ഇത്തരം ആഘോഷങ്ങള്‍ക്ക് നമ്മുടെ പഴയ കാര്‍ഷിക സംസ്ക്കൃതിയുമായുള്ള ബന്ധവും തിരിച്ചെടുക്കേണ്ടതുണ്ട്.

നല്ല കുറിപ്പ്.

അഭിവാദ്യങ്ങളോടെ

വയനാടന്‍ said...

ഐതിഹ്യങ്ങളും പതിരുകളുമെല്ലാം അവിടെ നിൽക്കട്ടേ; ഇവയെല്ലാം നൽകുന്നതു പ്രത്യാശയുടെ സന്ദേശമാണെന്നോർക്കുമ്പോൾ; ഉറപ്പായും നമുക്കു ഓണവുമാഘോഷിക്കാം
ഓണാശംസകൾ

Unknown said...

പണ്ടത്തെ ഓണം നല്കുന്ന ആ സുഖം ഇന്ന് കിട്ടുന്നില്ല
എന്നതാണ് വാസ്തവം

നനവ് said...

മിത്തുകൾ ഒരിക്കലും പതിരല്ല. അത് മനുഷ്യൻ ആനന്ദം തേടുന്നതിന്റെ തുടർച്ചയാണ്.ചിലപ്പോൾ ഇന്ന് നിങ്ങൾ എഴുതുന്നത് പോലും നാളെ മിത്തായി വരാം..യഥാർത്ഥ ആഘോഷങ്ങൾ മങ്ങിപ്പോകാൻ കാരണം ഇടപെടലുകളാണ്.27 കോടിയുടെ മദ്യം കുടിച്ച് കൂത്താടിയതും,വേണ്ടാത്ത ചവറ് സാധനങ്ങൾ വാങ്ങിക്കൂട്ടിയതും വിനശകരമായ വികസനത്തിന്റെ കച്ചവട ഓണമാണ്.യഥാർത്ഥ ഓണം നന്മയുടെയും, സമൃദ്ധിയുടേയും,ഐശര്യത്തിന്റെയും പ്രതീകമായ മിത്തുകൾ തന്നെ.....ഓണത്തെ അനുഭവിക്കുക..ഓണക്കാലത്തെയും...

Muralee Mukundan , ബിലാത്തിപട്ടണം said...

അതിന് എവിടെ അടുക്കള? ഓണമെല്ലാം ഹോട്ടൽ/ബേക്കറി/സദ്യാഹാളുകൾ...എന്നിവിടങ്ങളിലല്ലേ...

Anonymous said...
This comment has been removed by a blog administrator.
Unknown said...

ജീവിതം തന്നെ ഒരു മിത്തല്ലേ
ആശംസകള്‍

എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/