അധ്യാപക ദിനം.
ഗുരുവിനെ ദൈവ തുല്യനായി മാത്രം കാണാന്‍ പഠിച്ച ഒരു സംസ്കൃതിയുടെ സന്താനങ്ങള്‍ക്ക് ഇതു മറ്റേതൊരു ദിനത്തെക്കാളും പവിത്രം. പ്രധാനം. ദൈവതുല്യരായ ആചാര്യരെ ഓര്‍ക്കാന്‍, അവരുടെ പാഠങ്ങള്‍ക്ക് നന്ദി പറയാന്‍ ഉള്ള ഒരു അവസരം. എല്ലാ ഗുരുക്കന്‍മാരേയും മനസിലോര്‍ത്തുകൊണ്ട് തന്നെ നമുക്കും തുടങ്ങാം.
ഇന്നു അടുക്കളയില്‍ നിങ്ങള്‍ക്കും ഈ ഭാരത സംസ്കാരത്തിന് തന്നെ ചിറ പരിചിതനായ ഒരു ശിഷ്യനാണ്. ഗുരുവിനോടുള്ള കടപ്പാടും ഭക്തിയും ദക്ഷിണയായി സമര്‍പ്പിച്ച ആ ശിഷ്യനെ ഈ അധ്യാപക ദിനത്തില്‍ നമുക്കെങ്ങനെ മറക്കാനാവും. ആ ഗുരുവിനെ എങ്ങനെ വിസ്മരിക്കാനാവും. ശ്രീകൃഷ്ണന്റെ പിതൃ സഹോദരനായിരുന്ന (വാസുദേവരുടെ സഹോദരന്‍) ദേവശ്രവന്റെ പുത്രനായി ജനിച്ചു എന്ന് പറയപ്പെടുന്ന വനവാസികളായ നിഷാടരുടെ രാജാവായ ഹിരണ്യധനുസ്സിന്റെ പുത്രനായി വളര്‍ന്ന ആചാര്യശേഷ്ടനായ ദ്രോണരാല്‍അവഗണിക്കപ്പെട്ട ശിഷ്യന്‍. ഏകലവ്യന്‍.
പിന്നീട് ജരാസന്ധന്റെ വിശ്വസ്ത ഭടനായ ഏകലവ്യനെ രുക്മിണീസ്വയംവര സമയത്തു ശിശുപാലനും ഭിംശകനും ഇടയിലെ ദൂതനായും നാം കണ്ടു. പക്ഷെ ഇന്നു ഏകലവ്യന്‍ പങ്കുവക്കുന്നത് ശ്രീകൃഷ്ണനുമായുള്ള പോരാട്ടങ്ങളില്‍ ഒന്നില്‍ യാദവരുടെ അസ്ത്രങ്ങള്‍ ഏറ്റു മരണം കാത്തു കിടന്ന ആ കറുത്ത നിമിഷങ്ങളിലെ ചിന്തകളാണ്. ദിശ മാറിപ്പോയ ഒരു ജീവിതത്തിന്റെ അവസാന ചിന്തകള്‍.
"മാതാ പിതാ ഗുരുര്‍ ദൈവം!!!
കാണപ്പെടാത്ത ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് മാതാവും പിതാവും ഗുരുവുമെന്നു കേട്ടു പഠിച്ചത് വളരെ കുഞ്ഞു നാളില്‍ തന്നെയായിരുന്നു. പക്ഷെ ആ പ്രതിരൂപങ്ങളില്‍ ഒന്നു പോലും ഈ കാനനകുമാരനെ വാല്‍സല്യത്തോടെ ഒന്നു നോക്കിയില്ല. ചോരയുണങ്ങി കട്ടപിടിച്ച ഈ മണല്‍പരപ്പില്‍ മരണം കാത്തു കിടക്കുന്ന ഈ നിമിഷം പോലും ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് അതാണ്. അത് മാത്രം.
ക്ഷത്രിയര്‍ക്ക് മാത്രം അസ്ത്ര വിദ്യ അഭ്യസിക്കാനുള്ള അവകാശമുള്ളൂ എന്ന് പറഞ്ഞു എന്നെ പറഞ്ഞയച്ച ഗുരുനാഥന്‍ ദൈവതുല്യനാനെന്നു എങ്ങനെ എനിക്ക് പറയാനാവും. അദ്ദേഹം അഭ്യസിപ്പിച്ച ഏതൊരാളെക്കാളും അദ്ദേഹത്തിന്റെ പാഠങ്ങള്‍ ഹൃദ്ദിസ്ഥമാക്കാനുള്ള കഴിവ് എനിക്കുന്ടായിരുന്നു. ക്ഷത്രിയനല്ല എന്ന ഒരു കാരണം മാത്രം. പക്ഷെ അദ്ദേഹത്തെ മറ്റാരേക്കാളും എനിക്ക് മനസ്സിലാവുന്നുണ്ട്. സ്വന്തം പുത്രനോട് പോലും കാണിക്കാത്ത വാല്‍സല്യം ശിഷ്യരോട് കാണിച്ച, സ്വന്തം മകനെക്കാള്‍ കൂടുതല്‍ അവര്‍ക്ക് പാഠങ്ങള്‍ പകര്ന്നു നല്കിയ ആചാര്യന്‍ എന്നെ പാടെ തളര്‍ത്തിയത് വെറും താഴ്ന്ന കുലം എന്ന ഒരു കാരണം കൊണ്ടു മാത്രം ആയിരിക്കില്ല. എന്റെ പിതാവ് അവരുടെ ശത്രുവിന്റെ സേനാനായകന്‍ ആയിരുന്നു. ശത്രു പക്ഷത്തു ഒരാള്‍ കൂടുന്നത് അദ്ദേഹം ഇഷ്ട്ടപെട്ടിരുന്നിരിക്കില്ല. (മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന്‍ പ്രിയ ആചാര്യരുടെ ശത്രു പക്ഷം ആയിതീരും എന്നത് അദ്ദേഹം മുന്കൂട്ടി കണ്ടിരുന്നുവോ?) അദ്ദേഹം എന്റെ കാര്യത്തില്‍ ഒരു ഗുരു എന്നതിലുപരി തന്റെ രാജ്യത്തോട് കൂറുള്ള ഒരു ഗുരു ആയിത്തീര്‍ന്നു. എന്നും രാജാക്കന്മാരെയും ഭരണാധിപന്മാരെയും സന്തോഷിപ്പിക്കാന്‍ മുന്നില്‍ തന്നെയാണ് ആചാര്യര്‍ നിന്നിട്ടുള്ളത്. ഒരു പക്ഷെ ആശ്വാതാത്മാവ് പോലും നേരിട്ടത് ആ മനസിന്റെ അവഗണന ആയിരിക്കാം. രാജാകന്മാര്‍ക്ക് മുന്നില്‍ വണങ്ങുന്ന ഗുരുവിന്റെ മനസ്.

എനിക്ക് ദ്രോണര്‍ എന്നാല്‍ ആ ശരീരം ആയിരുന്നില്ല. ആ ശരീരത്തില്‍ നിന്നു പകര്‍ന്ന പാഠങ്ങള്‍. ആ പാടങ്ങളാണ് എന്റെ ഗുരു. ആ ഗുരുവിനെയാണ് ഞാന്‍ എന്നും വണങ്ങുന്നത്. ആ ഗുരുവിനാണ് ഞാനെന്റെ പെരുവിരല്‍ നല്കിയത്. അന്ന് ഞാനറിഞ്ഞു, ശരീരങ്ങള്‍ക്ക് ഒരു സ്വഭാവം മാത്രമെ ഉള്ളൂ. അത് മോഷ്ടാവായാലും ആചാര്യനായാലും. ജീവിതത്തിന്റെ സുഖം, അംഗീകാരം. പദവികളിലും സമ്മാനങ്ങളിലും ചഞ്ചലപ്പെടുന്ന കേവല മര്‍ത്യര്‍.
നിങ്ങള്ക്ക് തോന്നുന്നുണ്ടാവാം അല്ലെ, പിന്നെ ഞാനെന്തിനു എന്റെ പെരുവിരല്‍ നല്‍കിയെന്ന്. അതിനുത്തരം ഒന്നുമാത്രം. മഹാഭാരതം എനിക്ക് വേണ്ടിയല്ല എഴുതപ്പെട്ടത്? ആ ഒരു കര്‍മ്മത്തിലൂടെ ഞാന്‍ വിളിച്ചു പറഞ്ഞതു ശിഷ്യന് ഗുരുവിനോടുള്ള ഭക്തിയും കടപ്പടുമായിരുന്നില്ല. മറിച്ച് ഗുരുക്കന്മാരുടെ സ്വാര്‍ഥതയും ഇടുങ്ങിയ മനസുമായിരുന്നു. പക്ഷെ നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ ക്ഷത്രിയര്‍ക്ക് വേണ്ടിയാവുമ്പോള്‍ എന്റെ ലക്ഷ്യങ്ങള്‍ക്ക് എന്ത് സ്ഥാനം. അവര്‍ ചെയ്യുന്ന കൊലയും കൊള്ളരുതായ്മകളും ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയെന്നു സമര്തിക്കുമ്പോള്‍ ഞങ്ങളെ എതിര്‍ചേരിയില്‍ നിര്തിയല്ലേ പറ്റൂ. ഞങ്ങളുടെ നന്മകള്‍ക്കും കഴിവുകള്‍ക്കും നേരിട്ട അവഗണനക്കും മറ്റൊരു കാരണമുണ്ടോ? നിങ്ങളുടെ ഇതിഹാസത്തിന്റെ പൂര്ണ്ണതക്ക് ബലി നല്‍കേണ്ടി വന്ന എത്രയോ ജന്മങ്ങള്‍. കര്‍ണ്ണന്‍, ഭീഷ്മര്‍, പിന്നെ ദ്രോണരും. ആ കൂട്ടത്തില്‍ അകലെ ഒരു കോണില്‍ ഈ ഞാനും."
ചിലര്‍ സമീപനം കൊണ്ടു പ്രവൃത്തികളെ മഹത്തരമാക്കും. മറ്റു ചിലര്‍ സമീപനം കൊണ്ടു മഹത്തായ പ്രവൃത്തികളെ അര്‍ത്ഥശൂന്യമാക്കും. അതെ അധ്യാപകര്‍ പച്ച മനുഷ്യര്‍ തന്നെയാണ്. അവര്ക്കു അവരുടെ കര്‍മ്മത്തോടുള്ള സമീപനമാണ് പൂജ്യരാക്കുന്നത്. ദ്രോണരുടെ പ്രവൃത്തിയെ രണ്ടു രീതിയിലും കാണാം. അഭ്യസിപ്പിക്കുന്ന വിദ്യ ദുരുപയോങപ്പെടുമെന്ന ചിന്തയായിരിക്കാം ദ്രോണരെ ഏകലവ്യനെ അവഗണിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ശിഷ്യരെ നേരിന്റെ നേരെ നയിക്കാന്‍ പ്രാപ്തിയുള്ള ഒരു ഗുരുവിനു അങ്ങിനെ ഒരു ഭയത്തിന്റെ ആവശ്യമില്ല. പക്ഷെ ദ്രോണര്‍ ധര്മ്മതിനെക്കാള്‍ എന്നും കടപ്പാടുകള്‍ക്ക് ആജ്ഞകള്‍ക്ക് വഴങ്ങിയ മനുഷ്യനായിരുന്നു. മഹാഭാരത യുദ്ധത്തില്‍ ദ്രോണര്‍ കൌരവ പക്ഷം ചേര്‍ന്നതും അദ്ദേഹത്തിന്റെ ആ സ്വഭാവമാണ് വെളിവാക്കുന്നത്.
അരികില്‍ എത്തുന്നവര്‍ക്കെല്ലാം വ്യക്തി ഭേദമന്യേ വിദ്യ പകര്ന്നു നല്‍കേണ്ടവനാണ് അദ്ധ്യാപകന്‍. പക്ഷെ ഒരു കാലത്തും അധ്യാപകര്‍ ആ തലതിലെക്കുയര്‍നിട്ടില്ല. പണ്ടു കാലത്ത് ചാതുര്‍വര്‍ന്യത്തിന്റെ പെരിലായിരുന്നെന്കില്‍ ഇന്നു സാമ്പത്തിക നിലവാരം വിദ്യയെ നിയന്ത്രിക്കുന്നു. ഫീസടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ലാസിനു പുറത്തു നില്‍ക്കേണ്ടി വരുന്ന ഇന്നത്തെ ശിഷ്യര്‍ക്ക് അധ്യാപകരോടുള്ള മനോഭാവത്തില്‍ ഉണ്ടായ മാറ്റത്തില്‍ അവരെ മാത്രം കുറ്റം പറഞ്ഞുകൂടാ. കൊടുക്കുന്ന പണത്തിന്റെ കനം അനുസരിച്ച് വിദ്യ മുറിച്ചു നല്കുന്ന ഇന്നത്തെ വിദ്യഭ്യാസത്തിന്റെ വക്താക്കള്‍ ഇറച്ചിവെട്ടുകാരെക്കള്‍ ഒട്ടും തന്നെ വ്യത്യസ്തരല്ല. വിദ്യാഭ്യാസം മറ്റെന്തിനെക്കാളും ഉപരി ഒരു കച്ചവടം
മാത്രമാക്കപ്പെട്ട ഈ യുഗത്തില്‍, അധ്യാപനം എന്നത് ജീവനോപാധി മാത്രമായി ചുരുങ്ങിയ ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു ദിനത്തിന്റെ പ്രസക്തി ചോദ്യം ചര്ച്ച ചെയ്യപ്പെടാമെന്കിലും ഇങ്ങനെ അല്ലാത്ത അധ്യാപകരും അവരുടെ ശിഷ്യരും ഇവിടെ ഉണ്ടായിരുന്നു എന്ന ഓര്‍മ്മകള്‍ ഉണര്താനെങ്കിലും ഈ ദിനം ഉപകരിക്കട്ടെ. വില്‍ക്കാന്‍ നിരത്തപ്പെട്ടവക്ക് ഒരു തിരിച്ചുപോക്ക് ഇല്ലെന്നറിയാമെങ്കിലും കേവലം ജീവിതോബാധി എന്നതിലപ്പുറം സാമൂഹിക പ്രതിബദ്ദത അധ്യാപനത്തിന് കൈവരട്ടെ എന്ന ആഗ്രഹത്തോടെ, പ്രാര്‍ഥനയോടെ, അധ്യാപനത്തെ ഉത്കൃഷ്ടമാക്കിയ ഒരു പിടി ഗുരുക്കന്മാരെ മനസ്സില്‍ വന്ദിച്ചുകൊണ്ടു നിര്‍ത്തട്ടെ.

7 comments:
ഞാന്‍ വിളിച്ചു പറഞ്ഞതു ശിഷ്യന് ഗുരുവിനോടുള്ള ഭക്തിയും കടപ്പടുമായിരുന്നില്ല. മറിച്ച് ഗുരുക്കന്മാരുടെ സ്വാര്‍ഥതയും ഇടുങ്ങിയ മനസുമായിരുന്നു.
good and defferant thoughts, nice article,
well said, congrats.
സ്വന്തം പുത്രനേക്കാള്‍ ശിഷ്യര്‍ക്ക് പാഠങ്ങള്‍ പകര്‍ന്ന ദ്രോണര്‍ ഏകലവ്യനെ തഴഞ്ഞത് എന്നും എന്നെ ചിന്തിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോഴാനതിനുതരം കിട്ടിയത്. പുത്രവാല്സല്യമല്ല, പകരം രാജ ഭക്തിയായിരുന്നു എന്തിനേക്കാളും ദ്രോണര്‍ക്കു വലുത്. മഹാഭാരത യുദ്ധത്തില്‍ ധാരമ്മതിനെതിരെ പോരുതിയതും അത് കൊണ്ട് തന്നെയെന്ന് പറഞ്ഞ അടുക്കളക്ക് അഭിവാദ്യങ്ങള്‍. ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ ഗുരുവും ശിഷ്യനുമില്ല, പകരം വിക്കുന്നവനും വാങ്ങുന്നവനും മാത്രമേ ഉള്ളു എന്ന് തുറന്നെഴുതിയതും അതിമനോഹരം. യദാര്‍ത്ഥത്തില്‍ അധ്യാപനത്തിന് മൂല്യച്യുതി സംഭവിച്ച ഈ കാലഘട്ടത്തില്‍ അധ്യാപകടിനതിനു മറ്റെന്നതെതിനെക്കാലും പ്രാധാന്യമുണ്ട്. പിന്നെ ഏകലവ്യന്റെ ദക്ഷിനക്ക് ഇങ്ങനെ ആരും കാണാതെ പോയ, എല്ലാരും മറന്നു പോയ ഒരു മാനം ഉണ്ടെന്നു കാണിച്ചതും അതി ഗംഭീരം. ഇപ്പോള്‍ മുതല്‍ ഞാനും വിശ്വസിക്കുന്നു. അത് ശിഷ്യന്റെ ഗുരുഭക്തിയുടെ അടയാലമല്ല, മറിച്ച് ഗുരുവിന്റെ സ്വാര്‍ഥതയുടെ കളങ്കമാണ്. ആചാര്യരെ മനസിലോര്‍ക്കുന്നതോടൊപ്പം അടുക്കളക്ക് ഒരായിരം നന്ദി. കൂട് തുറന്നു വിട്ട ഈ ചിന്തകള്‍ക്ക്.
ആദ്യമായി ഇവിടെ എത്തിയത് ഗുരുസ്മരണയ്ക്കുവേണ്ടിയായത് ആകസ്മികം മാത്രം.
ഗുരുവിന് പെരുവിരൽ മുറിച്ചുകൊടുത്തപ്പോൾ ദക്ഷിണ ലഭിച്ച ഗുരു അനുഗ്രഹിച്ചെന്നും അതിനുശേഷം അല്പജ്ഞാനിയായ ഏകലവ്യന് വിദ്യയിൽ പൂർണ്ണതയൂണ്ടായെന്നും ഒരു ഭാഷ്യമുണ്ട്.
ദ്രോണർ ക്ഷത്രിയന്മാരെ മാത്രമെ പഠിപ്പിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നിരിക്കാം.
പരശുരാമൻ ബ്രാഹ്മണനുമാത്രമെ വിദ്യ നൽകിയിരുന്നുള്ളൂ.
മഹാത്മാഗാന്ധി അഹിംസയിൽ വിശ്വസിച്ചിരുന്നു. വിപ്ലവകാരികൾക്ക് ഒരു സഹായവും ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ഭഗദ്സിംഗിനെ രക്ഷിക്കാൻ കോൺഗ്രസ്സിൽ പ്രമേയം പാസാകാതിരുന്നത്.
സുഭാഷ് ചന്ദ്രബോസിനോടും ഗാന്ധിജി ഈ നിലാപാടുതന്നെയാണ് എടുത്തത്.
ഗുരു ശിഷ്യനുവേണ്ടി എന്നതിനേക്കാൾ ഗുരു തന്റെ ആദർശത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു മനസ്സിലാക്കേണ്ടി വരുന്നു.
good writing. waiting more.... congrats.
എവിടെപ്പോയ്.... പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.....
നന്നായി അവതരിപ്പിച്ച് ഗുരുക്കന്മാരെ വന്ദിച്ചിരിക്കുന്നൂ...
Post a Comment