15. സൌഹൃദം-സാഹോദര്യം-പ്രണയം!!!!

on Sunday, August 09, 2009

"ഭാരതം എന്റെ രാജ്യമാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്......"

ഓര്‍മയില്ലേ. വാക്കുകളുടെ അര്‍ത്ഥവ്യാപ്തി അറിയാതെ മന:പാഠമാക്കി വച്ച പ്രതിജ്ഞ; സഹപാഠികളില്‍ ആരോ ചൊല്ലിത്തന്നത് യാന്ത്രികമായി ഏറ്റുചൊല്ലിയ ഒരു ബാല്യം...


സാങ്കേതികമായി ഏറെ വളര്‍ന്നതോടൊപ്പം അത്രത്തോളം തന്നെ ചുരുങ്ങി സങ്കുചിതമായ ഇപ്പോഴത്തെ മുതിര്‍ന്ന ആ മനസുകൊണ്ട് അന്ന് ചൊല്ലാറുള്ള പ്രതിജ്ഞ ഒന്നു കൂടി ചൊല്ലി നോക്കൂ... (സങ്കുചിതമായ മനസെന്നു പറഞ്ഞതു ബോധപൂര്‍വം തന്നെയാണ്. നിങ്ങള്‍ വിശാലമെന്നു സ്വയം പുകഴ്ത്തുന്ന ആ മനസിലെ ഇടുങ്ങിയ ചിന്തകളെ പറ്റിപിന്നീടൊരിക്കല്‍ പറയാം.) പല വാചകങ്ങളുടെയും അര്‍ത്ഥങ്ങളും അത് ഏറ്റു പറയുന്നതിലെ അര്‍ത്ഥശൂന്യതയും എത്ര പേരുടെ മനസിന്റെ അധരങ്ങളില്‍ ചിരി പടര്‍ത്തുന്നുണ്ട്???

വാക്കുകളുടെയും വാഗ്ദാനങ്ങളുടെയും അപൂര്‍വ്വം സഫലീകരണങ്ങളും അനേകം അവഗണനകാലും വേണ്ടുവോളം അനുഭവിച്ചറിഞ്ഞ നിങ്ങള്‍ക്ക് മുന്നില്‍ അതെപറ്റി കൂടുതലൊന്നും അടുക്കളക്ക് പറയാനില്ല. പക്ഷെ, ആദ്യം പ്രസ്താവിച്ച പ്രതിജ്ഞയിലെ ഒരുവാചകം വെറുതെ വായിച്ചു കളയാനാവുന്നില്ല.

"എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്..."

ചിലപ്പോള്‍ ഒരു ഒഴുക്കിന് പറഞ്ഞതാവാം എന്ന് പലര്‍ക്കും തോന്നാം. പക്ഷെ അടുക്കളക്ക് ഇന്നു സഞ്ചരിക്കാനുള്ളത് ആ വാക്കുകളുടെ ഇടയിലൂടെയാണ്. സാഹോദര്യത്തിലൂടെ.... സൌഹൃദങ്ങളിലൂടെ... ബന്ധങ്ങളുടെ മറ്റൊരു മേച്ചില്‍ പുറങ്ങളിലേക്ക്....ഇക്കഴിഞ്ഞ വാരം ബന്ധങ്ങളുടെ സ്മരണകളുണര്‍ത്തി രണ്ടു ദിനം നമ്മെ കടന്നു പോയിരുന്നു.

ആഗസ്റ്റ്‌ -2 - സൌഹൃദ ദിനം.

ആഗസ്റ്റ്‌ -5 - രക്ഷാബന്ധന്‍.

തിരക്ക് പിടിച്ച ജീവിതത്തിന്റെ "ടൈം ടേബിള്‍" തയ്യാറാക്കുമ്പോള്‍ ഓരോന്നിനും ഓരോ ദിവസങ്ങള്‍ മാറ്റി വയ്ക്കുന്ന പുതിയ രീതികളോട് അടുക്കളക്ക് അഭിപ്രായമില്ലെങ്കിലും; മനുഷ്യന്‍ വെറും യന്ത്രങ്ങള്‍ മാത്രമായി മാറാതിരിക്കാന്‍ അത്തരം ദിനങ്ങളുടെയെങ്കിലും ആവശ്യകതയെ അവഗണിക്കാനാവുന്നില്ല. അത് കൊണ്ടു തന്നെ ഈ രണ്ടു ദിനങ്ങളെയും ഏറെ കൌതുകത്തോടെ തന്നെയാണ് അടുക്കള വീക്ഷിച്ചതും.

ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തെ ആഘോഷത്തിനു പുതിയ തലമുറയുടെ അവഗണന നേരിടുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല. ഒരു പക്ഷെ പലരും പറയുന്നതു പോലെ ഒരു മത വിഭാഗത്തിന്റെ ആചാരമെന്നു മുദ്ര കുതപെട്ടതാകാം അതിന് കാരണം.(അവര്‍ 1905-ലെ ബംഗാള്‍ വിഭജനത്തെയോ അതിന്റെ പ്രതിഷേധമായി കൊണ്ടാടപ്പെട്ട രക്ഷാബന്ധന്റെ ഓര്‍മ്മകളെ കുറിച്ചോ വിസ്മരിക്കുകയാവണം). എന്നിരുന്നാലും അത് മാത്രമാണോ കാരണമെന്നതിനു ഒരു ഉത്തരം തിരയുക കൂടിയാണ് ഈ ചിന്തകളിലൂടെ അടുക്കള ലക്ഷ്യമിടുന്നത്. രക്ഷാ ബന്ധന്‍ എന്നത് മതത്തിന്റെ ആചാരമാക്കി മാറ്റിയത് ഏത് അടിസ്ഥാനത്തിലാണെന്ന് അടുക്കളക്ക് ഇനിയും മനസിലാവുന്നില്ല. അത് കൊണ്ടു തന്നെ എല്ലാ മതങ്ങളുടെയും മതില്‍ക്കെട്ടിനപ്പുറത്തെ സാഹോദര്യത്തിന്റെ വര്‍ണോല്‍സവമായി അതിനെ കാണാന്‍ അടുക്കള ഇഷ്ടപ്പെടുന്നു. തന്നെയുമല്ല അടുക്കളക്ക് എന്നും ഏറ്റവും പരിചിതം സാഹോദര്യം തന്നെയായിരുന്നു. ലോകത്തിനു മുന്നില്‍ ഓരോ ഭാവങ്ങള്‍ അഭിനയിച്ചു ഒടുവില്‍ തളര്‍ന്നു എന്റെ മടിതട്ടിലെത്തുമ്പോള്‍; അവര്‍ക്ക്‌ മറ്റൊരു മുഖം മൂടിയുടെ നേര്‍ത്ത പാടപോലും ഉണ്ടാകാറില്ല. ആ കണ്ണുകളില്‍ ഏറെ കണ്ടതും അനുഭവിച്ചതും എന്നും സാഹോദര്യം തന്നെയായിരുന്നു.

എങ്കിലും അവരുടെ വാക്കുകളിലൂടെ സൌഹൃദത്തിന്റെ തെന്നലും ഇതുവഴി ഇടക്കൊക്കെ മൂളി പറന്നിട്ടുണ്ട്. ആ ഓര്‍മകളുടെ നിലാവില്‍ നിന്നു കൊണ്ടാണ് ഇന്നു അടുക്കള നിങ്ങള്‍ക്ക് മുന്നില്‍ സൌത്രിടതിനും സാഹോദര്യത്തിനും വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത്‌.

തന്റെ പ്രശസ്തമായ പ്രവാചകന്‍ എന്ന പുസ്തകത്തില്‍ സുഹൃത്തിനെക്കുറിച്ച് ഖലീല്‍ ജിബ്രാന്‍ കോറിയിട്ടത്‌ എങ്ങനെ ആയിരുന്നു.

"സുഹൃതെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള മറുപടി എന്നാണര്‍ത്ഥം!!!"

സൌഹൃദങ്ങള്‍ എന്നും നമുക്കു വച്ചു നീട്ടുന്നത് അവസരങ്ങളുടെ പെരുമഴ തന്നെയാണ്. മറ്റൊരര്‍ത്ഥത്തില്‍ ആവശ്യങ്ങളുടെ ഉല്പന്നമാണ് സൌഹൃദം. നിങ്ങളില്‍ പലരും, പക്ഷെ അതിനെ വ്യാഖ്യാനിച്ച്ഒരു പാടു പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അറിയാതെയല്ല. പുസ്തകത്തിലെ പശു പുല്ലു തിന്നില്ല എന്ന് മാത്രമെ ആ വ്യാഖ്യാനങ്ങളെക്കുറിച്ച് അടുക്കളക്ക് പറയാനുള്ളൂ. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. നിങ്ങള്‍ ഇന്നു പ്രകടിപ്പിക്കുന്ന സൌഹൃദത്തിന്റെ രൂപം നിങ്ങള്‍ വരക്കുന്നത് പോലെ, എഴുതുന്നത് പോലെ നിസ്വാര്‍ഥതയുടെ നിറം കലര്‍ന്നതല്ല.

സൗഹൃദം തീര്‍ച്ചയായും സ്വാര്‍ത്ഥം തന്നെയാണ്. ഒന്നോര്‍ത്തു നോക്കൂ... നിങ്ങള്‍ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പോലും സ്വാര്‍ഥതയുടെ നിഴല്പാടുകള്‍ പതിഞ്ഞവയല്ലേ. ആവശ്യങ്ങള്‍ക്ക് ഉപകരിക്കാത്ത, നിങ്ങളുടെ കാഴ്ച്ചകള്‍ക്കപ്പുറത്തെ യാദാര്‍ത്യങ്ങളിലേക്ക് മിഴികളയക്കുന്ന, തെറ്റുകള്‍ തുറന്നു പറയുന്ന ഒരു സൗഹൃദം എത്ര നാള്‍ നിങ്ങള്‍ക്കു തുടരാന്‍ കഴിയും.

ഇല്ല.

ഒരു പക്ഷെ നിഷേധിക്കാന്‍ വെറും വാക്കുകള്‍ പൊഴിചെന്നിരിക്കാം. അപൂര്‍വ്വം വൈരുധ്യങ്ങളും ഉണ്ടാകാം. എങ്കിലും സ്വാഭാവികമായ ചിന്തകളാല്‍ സ്വതന്ത്രമായ നയനങ്ങളോടെ ഓര്‍ സൌഹൃദങ്ങളുടെയും അടിസ്ഥാനങ്ങളിലേക്ക്, ഉള്ളറകളിലേക്ക് ഒന്നു നോക്കൂ...

സൗഹൃദം എന്ന പടം തന്നെ നമ്മള്‍ ഉപയോഗിച്ചിരുന്നത്; കൂടുതലായി ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ആഴത്തില്‍ വേരോടാത്ത ബന്ധങ്ങളെ പരാമര്‍ശിക്കാനാണ്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിരിഞ്ഞു പോയാലും രണ്ടു പേരുടേയും ജീവിതത്തില്‍ അടിസ്ഥാനപരമായ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാത്ത അല്ലെങ്കില്‍ അതിജീവിക്കാവാവുന്ന പ്രക്ഷുബ്ദതകള്‍ മാത്രം വിയോഗതിലും സൃഷ്ടിക്കുന്ന ഒരു ബന്ധം മാത്രമാണ് സൗഹൃദം. ഈ ആധുനിക യുഗത്തില്‍ ബന്ധങ്ങളുടെ സ്ഥിരത മടുപ്പിക്കുന്ന അനുഭവമായി മാറിയവര്‍ കണ്ടെത്തുന്ന പുതിയ ശാരീരികവും മാനസികവുമായ നൈമിഷിക - അസ്ഥിര - ആകര്‍ഷണങ്ങളെയും "സൌഹൃദങ്ങള്‍" എന്ന് നിങ്ങള്‍ പേരിട്ടപ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ക്ക്‌ സംഭവിച്ച വ്യതിയാനം എത്രയുണ്ടെന്ന് ഒരു നിമിഷമെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാര്യത്തില്‍; നിര്‍വചിക്കാനാവാത്ത എല്ലാത്തിനെയും സൌത്രിടമെന്നു വിളിക്കുന്നൊരു ശീലം പണ്ടു മുതലേ ഉള്ളതാണ്. പക്ഷെ സമൂഹത്തിനു അംഗീകരിക്കാനാവാത്ത, മറ്റു പല ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തുന്ന, അബദ്ദജടിലവും അസന്മാര്‍ഗികവും അപരിഷ്കൃതവുമായ ചില വഴി വിട്ട യാത്രകളെ ന്യായീകരിക്കാനും ദാര്‍ശനികവല്‍ക്കരിക്കാനും ആധുനിക പുരോഗമനാത്മക വാദികളെന്ന് സ്വയം പ്രഖ്യാപിക്കുന്ന ചില സാമൂഹിക സേവകര്‍ സൗഹൃദം എന്ന വാക്കിനെ വ്യഭിചരിക്കുമ്പോള്‍ അതിലൂടെ അവഹെളിക്കുന്നത് ആ ബന്ധത്തിന്റെ നന്മകളെ ഉയര്‍ത്തിപ്പിടിച്ച ഒരുപാടു സുഹൃത്തുക്കളെ കൂടിയാണ്. വലിച്ചു നീട്ടി എഴുതാനും പ്രസംഗിക്കാനും വ്യാഖ്യാനിക്കാനും വേണ്ടി സൌന്ദര്യവല്‍ക്കരണം നടത്തുന്ന തീര്‍ത്തും കാല്പനികമായ ഒരു പദം മാത്രമായി; യാദാര്‍ത്യങ്ങളുടെ താഴ്വാരങ്ങളില്‍ നിന്നും സൌഹൃദത്തെ മാറ്റി മറിച്ചത് ആ വ്യാഖ്യാതാക്കള്‍ ആണ്.

ചിലര്‍ക്കെങ്കിലും തോന്നുണ്ടാവം അടുക്കള സൌഹൃദത്തെ കണ്ണടച്ച് വിമര്‍ശിക്കുകയാണ് എന്ന്. ഒരിക്കലും അല്ല ട്ടോ. ഈ കള്ളനാണയങ്ങല്‍ക്കപ്പുറത്തെ സൌഹൃദത്തിന്റെ നന്മകളെ കാണാതിരിക്കാന്‍ മാത്രം തിമിരം അടുക്കളയുടെ നയനങ്ങളെ മൂടിയിട്ടില്ല. പക്ഷെ ആ വാക്കു ഒരു പാടു ദുരുപയോഗം ചെയ്യപ്പെടുകയും അധാര്‍മ്മികതക്കുള്ള ലൈസന്‍സ്‌ ആയി പ്രഖ്യാപിക്കുകയും അനര്‍ഹരെ അനവസരങ്ങളില്‍ ന്യായീകരിക്കാനായി മാത്രം ചിലര്‍ വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ ആ നന്മകളെ മുഴുവന്‍ ഇത്തരം കപട സൌഹൃദങ്ങള്‍ വിലയില്ലാതതാക്കുന്നതിന്റെ സങ്കടം പങ്കു വച്ചു എന്നേയുള്ളു...

ജന്മം കൊണ്ടു കൈവരുന്നതല്ലാതെ ഉണ്ടാകുന്ന ഏതൊരു ബന്ധത്തിന്റെയും തുടക്കം സൗഹൃദം തന്നെയാണ്. എന്നാല്‍ പ്രപഞ്ചത്തിലെ എല്ലാത്തിനും എന്നപോലെ വളര്‍ച്ച വികാസം എന്നിവ സൌഹൃദത്തിനും ഉണ്ടാവേണ്ടതല്ലേ എന്ന് തോന്നുന്നുണ്ടാവാം അല്ലെ. ആ തലത്തില്‍ നിന്നു കൊണ്ടു തന്നെയാണ് അടുക്കള ചിന്തകള്‍ തുടരുന്നതും.

സൌഹൃദത്തിന്റെ വളര്‍ച്ച കൃത്യമായി പറഞ്ഞാല്‍ രണ്ടു ശാഖകളിലേക്കാണ്. ഒന്നു പ്രണയം. മറ്റൊന്ന് സാഹോദര്യം. അത് തിരഞ്ഞെടുക്കുന്നത്, അല്ലെങ്കില്‍ തിരഞ്ഞെടുക്കേണ്ടത് ഒരിക്കലും ആ രണ്ടു പേര്‍ ചേര്‍ന്ന് മാത്രമല്ല. അവര്‍ ജീവിക്കുന്ന സമൂഹം, സാമൂഹിക വ്യവസ്ഥിതി, സാഹചര്യങ്ങള്‍ ഇതൊക്കെയും ആ തീരുമാനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നവയാണ്. സ്വന്തം താല്പര്യങ്ങള്‍ മാത്രം നോക്കുന്ന സ്വാര്‍ത്ഥമതികളെ കുറിച്ചല്ല അടുക്കള പറയുന്നത്. നമ്മള്‍ സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും, സമൂഹത്തിന്റെ നിലനില്പ് സ്വന്തം അതിജീവനത്തിന്റെ ഭാഗമാണെന്നും ചിന്തിക്കുന്നവരെ പറ്റിയാണ്.

മുന്‍പ് പറഞ്ഞതു പോലെ സൗഹൃദം വച്ചു നീട്ടുന്നത് അവസരങ്ങള്‍ ആണെങ്കില്‍ പ്രണയവും സാഹോദര്യവും അവസരങ്ങളെക്കാളേറെ ഉത്തരവാദിത്വങ്ങളും ചുമതലകളും ആണ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. അത് കൊണ്ടു തന്നെ അതിനെ സ്വീകരിക്കണമെങ്കില്‍ നിസ്വാര്‍ത്ഥരാകാതെ വയ്യ. ആ ചുമതലകളില്‍ നിന്നുമുള്ള ഒളിച്ചോട്ടം ഒന്നു മാത്രമാണ് സൌഹൃദത്തെ പ്രണയത്തിനും സാഹോദര്യത്തിനും മുന്‍പേ മുരടിപ്പിക്കുന്നത്. അതിന്റെ പ്രധാന കാരണം നമ്മുടെ സ്വാര്‍ത്ഥതയല്ലാതെമറ്റൊന്നുമല്ല താനും. ഒഴിവു സമയങ്ങളിലെ വിരസത അകറ്റാനായി കുറച്ചു വിനോദം, അല്ലെങ്കില്‍ സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി ഒരു സഹായം. ഇതിനപ്പുരതെക്ക് ഒരു ബന്ധങ്ങളെയും നീട്ടിക്കൊണ്ട് പോകാന്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ല. എല്ലാവര്ക്കും വേണ്ടത് ബന്ധങ്ങളുടെ സ്നേഹത്തിന്റെ ചങ്ങലകണ്ണികള്‍ കൊണ്ടുള്ള ബന്ധനമല്ല. പൂവില്‍ നിന്നും പൂവിലേക്ക് തേന്‍ നുകരാന്‍ മൂളിപ്പറക്കുന്ന വണ്ടിന്റെ സ്വാതന്ത്ര്യമാണ്. അത് എത്ര കണ്ടു നമ്മുടെ നാളെകളിലേക്ക് ശക്തി പകരുമെന്നത് ആര് ചിന്തിക്കുന്നു???

ബന്ധങ്ങളുടെ ആഴങ്ങള്‍ക്ക് പകരം പരപ്പിനെ തിരയുന്ന പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം തന്നെയാണ് സൌഹൃദങ്ങള്‍ക്കും സംഭവിച്ചത്. ഭാരതം എന്നും ബന്ധങ്ങളുടെ ആഴങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. ഏത് ബന്ധമായാലും. ആവശ്യങ്ങള്‍ എന്ന സാഗരത്തിന്റെ ഉപരിതലത്തെ മാത്രം നോക്കാന്‍ ശീലിച്ച പാശ്ചാത്യരുടെ മത ബോധനങ്ങളും, തത്വചിന്തകളും ഇതേ ആശയമാണ് പറഞ്ഞിരുന്നതും. പക്ഷെ കുത്തഴിഞ്ഞ അലസ ജീവിതത്തിന്റെ താല്‍ക്കാലിക സുഘങ്ങളുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍, അടുത്ത തലമുറയെ ഓര്‍ക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി. ആ ജീവിതത്തിന്റെ നിയന്ത്രണമില്ലാത്ത കുത്തൊഴുക്കില്‍ മനം മടുത്തു അവര്‍ ഇന്നു നമ്മുടെ സംസ്കാരത്തിന്റെ നന്മകളെ പുല്‍കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഉപേക്ഷിച്ചു കളഞ്ഞ ആ ദുസ്വാതന്ത്ര്യ ചിന്തകളെ മാതൃകയാക്കാന്‍ നമ്മള്‍ നേട്ടോട്ടമോടുന്നു എന്നത് ചരിത്രത്തിന്റെ കൌതുകകരമായ വൈരുധ്യമാണ്.

ഇത്രയും ചിന്തകളുടെ ഭാരം കൊണ്ടു തന്നെയാണ് ആ പ്രതിജ്ഞ വാചകത്തെ എഴുതി തള്ളാന്‍ അടുക്കളക്ക് കഴിയാതിരുന്നതും. സാഹോദര്യമാണ് സമൂഹത്തിന്റെ പുരോഗതി പരിഷ്കൃതി എന്ന് തിരിച്ചറിഞ്ഞവര്‍ ആയിരുന്നു നമ്മെ ഇന്നിലേക്ക്‌ നയിച്ചവര്‍. പക്ഷെ ആ തിരിച്ചറിവ് നമുക്കുണ്ടോ എന്ന ചോദ്യം ഉത്തരമില്ലാതെ പിന്നെയും നീളുന്നു. എങ്കിലുംഒരു കാര്യം പറയാതെ വയ്യ. സൌഹൃദം വളരെ പ്രകടമായ വികാരങ്ങള്‍ കൊണ്ടു അലങ്കരിക്കപ്പെട്ടതാണ്. എന്നാല്‍ സാഹോദര്യത്തിന്റെ പന്ഥാവ് മിക്കപ്പോഴും അദൃശ്യമാണ്. ആ സാമീപ്യം നമ്മള്‍ തിരിച്ചറിയുന്നത്‌ സൌഹൃദങ്ങള്‍ നമ്മെ വലിച്ചെറിയുമ്പോള്‍ ഏകാന്തതയുടെ ശൂന്യതയില്‍ കട്ട പിടിച്ച ഇരുട്ടിലേക്ക് നീട്ടുന്ന കരങ്ങളില്‍ ആരോ തൊടുമ്പോഴാണ്. ആ ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേയ്ക്കു വഴി തെളിക്കുന്നതാണ് സാഹോദര്യം. നമ്മള്‍ ഓര്‍ക്കാന്‍ മറന്നു പോയാലും നമ്മെ പിന്തുടരുന്ന സാമീപ്യം. ആവശ്യങ്ങളുടെ അസാന്നിധ്യത്തിലും നമ്മെ ഓര്‍ക്കുന്ന സാഹോദര്യം. അതല്ലേ നിസ്വാര്‍ത്ഥതയുടെ മൂര്‍ത്ത രൂപം!!! അത് നിങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള മറുപടി മാത്രമല്ല. ജീവിതത്തിന്റെ അനശ്വരതയിലെക്കുള്ള ചവിട്ടുപടി കൂടിയാണ്.

ഇനി നമുക്കു ഒന്നുകൂടി ഓര്‍ക്കാം. ആരൊക്കെയാണ് നമ്മുടെ സുഹൃത്തുക്കള്‍; ആരൊക്കെയാണ് നമ്മുടെ സഹോദരങ്ങള്‍... ആ ദിനിങ്ങള്‍ കഴിഞ്ഞു പോയെങ്കിലും അവര്‍ക്ക്‌ മനസ് കൊണ്ടു ആശംസകള്‍ നേരാം... ജീവിതം കൊണ്ടു അവരെ ഓര്‍ക്കാം... ഇനിയുള്ള ചിന്തകള്‍ പൂക്കേണ്ടത് നിങ്ങളുടെ മനസിലാണ്. സൌഹൃദത്തിന്റെ വളര്‍ച്ച നാം ഇനിയും തളര്‍തണോ; അതോ സാഹോദര്യത്തിന്റെ ആഴങ്ങളില്‍ നീന്തി തുടിക്കണോ........


13 comments:

sami said...

nannaayi...nhaan pothuve malayalam blogil varaarilla...ethaayaalum kurachu vaayikkunna koottathilaanallo..ishtaayi.. ee chinthayum parisaravum..aashamsakal

Anil cheleri kumaran said...

വേറിട്ട ചിതാശൈലിക്ക് ആശംസകൾ!

ഉപാസന || Upasana said...

raxabandhanO!!!

athe boorshwaa allE. :-)))

Good thoughts
:-)
Upasana

Akshay S Dinesh said...

വായിച്ചു തളര്‍ന്നു.
ചുരുക്കി പറഞ്ഞാല്‍ "സൗഹൃദം സാഹൊദര്യതിലെക്കു വളരുന്നത് ഉത്തമം "എന്നല്ലേ ?

ആണെങ്കില്‍ സത്യം. സൗഹൃദം = സ്നേഹം = സാഹോദര്യം / പ്രണയം

ഗിരീഷ്‌ എ എസ്‌ said...

Asamsakal

biju benjamin said...

അതിന്റെ പ്രധാന കാരണം നമ്മുടെ സ്വാര്‍ത്ഥതയല്ലാതെമറ്റൊന്നുമല്ല താനും. ഒഴിവു സമയങ്ങളിലെ വിരസത അകറ്റാനായി കുറച്ചു വിനോദം, അല്ലെങ്കില്‍ സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി ഒരു സഹായം. ഇതിനപ്പുരതെക്ക് ഒരു ബന്ധങ്ങളെയും നീട്ടിക്കൊണ്ട് പോകാന്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ല. എല്ലാവര്ക്കും വേണ്ടത് ബന്ധങ്ങളുടെ സ്നേഹത്തിന്റെ ചങ്ങലകണ്ണികള്‍ കൊണ്ടുള്ള ബന്ധനമല്ല. പൂവില്‍ നിന്നും പൂവിലേക്ക് തേന്‍ നുകരാന്‍ മൂളിപ്പറക്കുന്ന വണ്ടിന്റെ സ്വാതന്ത്ര്യമാണ്.

Great thoughts.... iniyum ee yaathra thudaruka.... innathe samoohathinu adukkalayude vaakkukal athrayere aavashyamundu....

thushara said...

Chechi orupaadu ishtamaayi.... bloginte postukalude neelam koodunnundo.... adukkalayil athithikaludeyum chinthakaludeyum oru pookkalam undaakatte...

lal jose said...

good way of thought and presentation. wishes

Ravi said...

good article. nice to read....

smitha adharsh said...

നല്ല പോസ്റ്റ്‌..
ഇന്നത്തെ സൌഹൃദത്തിലും ചിലരെങ്കിലും പച്ചവെള്ളം ചേര്‍ക്കുന്നുണ്ട്..
എങ്കിലും സൌഹൃദങ്ങളുടെ മരുപ്പച്ച ആരാ ഇഷ്ടപ്പെടാത്തെ?

arundepp said...

പലപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് "ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരസ്പരം സുഹൃത്തുക്കള്‍ മാത്രമായ്‌ കഴിയാന്‍ പറ്റുമോ? "
എനിക്ക് അതിനു കഴിയാറില്ല ..... അത് സത്യമാണ് ...

മനസ്സില്‍ ഒരുപാട് പ്രണയം സൂക്ഷികുന്നത് കൊണ്ടായിരിക്കാം ചിലപ്പോള്‍ ....... എന്റെ നല്ല സൌഹൃദങ്ങള്‍ പലപ്പോഴും പ്രണയത്തിലേക്ക് പോകുന്നത് ...
ഓഗസ്റ്റ്‌ മാസം സൌഹൃദവും സാഹോദര്യവും അടുത്ത് അടുത്ത് നില്കുന്നു ....
ഇതേ മാസത്തില്‍ തന്നെ ആണ് എന്റെ ജന്മദിനവും .....
ഇന്ന് ഇങ്ങനെ ചിന്തിക്കാന്‍ ഈ പോസ്റ്റ്‌ ഒരുപാട് സഹായമായി

ഇനിയും ഒരുപാട് ചിന്തകള്‍ , നല്ല രുചിയോടെ ഈ അടുക്കളയില്‍ നിന്നും വിളമ്പും എന്ന് പ്രതീക്ഷിക്കുന്നു
എല്ലാ ആശംസകളും ..........

nilaavu said...

എനിക്കിഷ്ടപ്പെട്ടത് ആദ്യത്തെ ആ വാചകമാണ്... "ADUKKALA - WHERE ALL BEING PREPARED AND MATURED" സത്യമാണ്. എല്ലാം പാകപ്പെടുന്നതും പരുവപ്പെടുന്നത് അടുക്കളയില്‍ തന്നെ... ഈ ഒഴുകുന്ന ചിന്തകളും തെളിയിക്കുന്നത് മറ്റൊന്നല്ലല്ലോ. മറ്റുള്ളവരുടെ രുചിക്കായി നെഞ്ചില്‍ നോവിന്റെ തീയോരുക്കി ചുട്ടെടുക്കുന്ന കര തീര്‍ന്ന ചിന്തകള്‍ ഇനിയും അടുക്കളയില്‍ നിന്നും വരട്ടെ. കാത്തിരിക്കുന്നു.

Unknown said...

കാണാന്‍ വൈകി. നല്ല സഹായമായിരുന്നു..
സൂപ്പര്‍....