14. ആരാണ് ഭൂമിയുടെ അവകാശികള്‍...

on Friday, July 10, 2009

വിശ്വ വിഖ്യാതനായ കഥാകാരന്റെ ഒരു ചെറുകഥയെ ഓര്‍ക്കുകയാണ് ഈ ശീര്‍ഷകത്തിലൂടെ. എലികളും പുലികളും പുഴുക്കളും എല്ലാം തന്നെ ഭൂമിയുടെ അവകാശികള്‍ ആണെന്ന് പറയാന്‍ അദ്ദേഹത്തിനല്ലാതെ നമ്മളെ പോലെ ഇടുങ്ങിയ മനസുള്ളവര്‍ക്ക് എങ്ങനെ കഴിയാന്‍!!!

"ലോകമേ തറവാട്,
തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും,
കൂടിത്തന്‍ കുടുംബക്കാര്‍...."
എന്ന് മറ്റൊരു കവി പാടിയതും നെഞ്ചില്‍ ഏറ്റിയവരാണ് നമ്മള്‍. മാര്‍ക്സ് "ഉള്ളവനെന്നും ഇല്ലാതവനെന്നും" മനുഷ്യരെ രണ്ടായി തിരിച്ച പോലെ അവരും ഭൂമിയിലെ സകലതിനെയും രണ്ടായി പകുത്തു. "ജീവനുള്ളവയും ജീവനില്ലാത്തവയും." പിന്നെയും അതിനിടയില്‍ ആരാണ് വലിയവന്‍ എന്ന ചോദ്യം എന്തിനാനെന്നാവും അല്ലെ? അതെ, ഒന്നു ചിന്തിച്ചാല്‍ പിന്നെയും എന്തിനീ വിഭാഗീയ ചിന്തകള്‍.... അതിന് അടുക്കളക്ക് ഒരുത്തരമേ ഉള്ളു. ആ ചിന്തകളാണ് സിദ്ധാന്തങ്ങളും ജീവിതവും രണ്ടാണെന്നത്തിന്റെ ഏറ്റവും വലിയ സാക്ഷ്യപത്രം. ഒരു വാക്കു കൊണ്ടു, ഒരു സാദൃശ്യം കൊണ്ടു എല്ലാത്തിനെയും ഒന്നിച്ചു കാണാന്‍ ശ്രമിക്കുന്ന മാനവികതയുടെ പാട്ടുകാരേ.... ആ സാമ്യത്തിനപ്പുറത്തു എല്ലാത്തിനെയും വ്യത്യസ്തമാക്കുന്ന ശതകോടി വാക്കുകള്‍ നിങ്ങള്‍ കാണാതെ പൊവതെന്തേ.....


ഇന്നു അടുക്കള നിങ്ങളുമായി പങ്കു വയ്ക്കുന്ന ചിന്തകള്‍ ആ വ്യത്യാസങ്ങളെ കുറിച്ചാണ്. നാനാത്വത്തിലെ ഏകത്വമല്ല; എകതക്കുള്ളിലെ നാനാത്വങ്ങളുടെ സംഘര്‍ഷങ്ങളാണ് യാഥാര്‍ത്യങ്ങളെന്നു വിശ്വസിക്കാന്‍ മടിക്കുന്ന നിങ്ങളില്‍ എത്ര പേര്‍ അതിന് കാതു കൂര്‍പിച്ചിരിക്കും? വെറുതെ ചോദിച്ചതാണ് ട്ടോ. ഉത്തരം വേണ്ടാത്ത ആ ചോദ്യത്തില്‍ നിന്നും അടുക്കള നിങ്ങളെ ഉത്രം തേടുന്ന മറ്റൊരു ചോദ്യത്തിലേക്ക് ക്ഷണിക്കുകയാണ്!!!!

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ആധുനിക ശാസ്ത്ര പ്രകാരം അടിസ്ഥാനപരമായി മനുഷ്യനും ഒരു മൃഗമാണെന്ന് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു കാലില്‍ നടക്കുന്ന, ശ്വസിക്കുന്ന, മരിക്കുന്ന ഒരു മൃഗം. എങ്കിലും ഡി എന്‍ എയും ക്രോമാസോമുകളും കോശങ്ങളും എല്ലാം ഇഴ കീറി പരിശോദന നടത്തി വിശകലന കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ ശാസ്ത്രം പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. "മനുഷ്യന്‍ എന്നത് ഇന്നുള്ള മറ്റെല്ലാ ജീവികളെക്കാളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ ജനുസ്സാണ്." ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ മറ്റേതൊരു ജീവിയെക്കാളും ബൌദ്ദികമായും ജൈവികമായും ഔന്നിത്യങ്ങളില്‍ എത്തി നില്‍‌ക്കുന്ന ജീവന്റെ രൂപം.

ശാസ്ത്രം അടുക്കളക്ക് അത്രയേറെ അവഗാഹമുള്ള വിഷയം അല്ലാത്തതിനാല്‍ അതിനെ കുറിച്ചു അധികം വാചാലയാവാതെ ആദ്യം ചോദിച്ച ചോദ്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുകയാണ്.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്???

നേരത്തെ പറഞ്ഞ എകതക്കുള്ളിലെ നാനാത്വം ഇതിന്റെ ഉത്തരത്തിലും പ്രതിഫലിക്കുമേന്നുറപ്പാണ്. എങ്കിലും കുറഞ്ഞ പക്ഷം ഒരു കാര്യത്തിലെങ്കിലും എല്ലാവര്‍ക്കും അഭിപ്രായ ഐക്യം ഉണ്ടായിരിക്കും. രണ്ടും ഒന്നല്ല. അവക്കിടയില്‍ വ്യത്യാസങ്ങള്‍ ഉണ്ട് എണ്ണ കാര്യത്തില്‍ !!! ഒരു പക്ഷെ ആ വ്യത്യാസം തന്നെയാകാം ഇന്നു ഈ ചോദ്യം കേള്‍ക്കാനും ഉത്തരം ഓര്‍ക്കാനും നിങ്ങളെ സജ്ജരാക്കിയത്.

യുഗങ്ങള്‍ നീണ്ട പരിണാമ പ്രക്രിയ ജീനുകള്‍ക്ക് മാത്രമല്ല ജീവിത രീതിക്ക് കൂടി സംഭവിച്ചാണ് മനുഷ്യന്‍ ഇന്നത്തെ മനുഷ്യനായത്. ആ ജീവിത രീതി തന്നെയല്ലേ "മനുഷ്യരിലെ മനുഷ്യരെ" വേര്‍തിരിച്ചു നിര്‍ത്തുന്നതും.

അതെ സമൂഹ ജീവി എന്ന നിലയില്‍ മനുഷ്യന്‍ നേടിയ പക്വതയാണ് ഇന്നു നാം അനുഭവിക്കുന്നതിനെല്ലാം അടിസ്ഥാനം. പക്ഷെ ആ പക്വതയില്‍ നിന്നു തിരികെ മൃഗങ്ങളുടെ ലോകത്തേക്ക് തിരിയുകയാണോ എന്ന് സംശയിക്കാവുന്ന ചില സംഭവങ്ങള്‍ അടുത്തിടെ അരങ്ങേറിയത് മനസ്സില്‍ സൃഷ്‌ടിച്ച അലോസരം കൂടിയാണ് അടുക്കള ഇന്നു നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

മനുഷ്യനെ മൃഗങ്ങളില്‍ നിന്നും ഉയര്‍ത്തുന്നതില്‍ പ്രധാന ഘടകമാണ് ബന്ധങ്ങള്‍. പരസ്പര ധാരണയോടെയുള്ള സുദീര്‍ഘമായ ബന്ധങ്ങള്‍. ഒരു പക്ഷെ പുറത്തു നിന്നു നോക്കിയാല്‍ അതില്‍ ഒരു ആസ്വാദ്യതയും കണ്ടെത്താനാവില്ല. ഒരു യുക്തിയും അതിനുണ്ടായെന്നും വരില്ല. പക്ഷെ മുന്നോട്ടുള്ള യാത്രയില്‍ ഏറെ സഞ്ചരിക്കാനുള്ള ഊര്‍ജ്ജം നിറഞ്ഞ തുടക്കം മനുഷ്യന് ലഭ്യമായത് അത്തരം ബന്ധങ്ങളുടെ തണലില്‍ നിന്നായിരുന്നു. അതെ, എല്ലാ ബന്ധങ്ങളുടെയും തണല്‍ മരമായ കുടുംബത്തില്‍ നിന്നു. നിങ്ങളില്‍ ചിലര്‍ അതും ഒരു സ്ഥാപനം മാത്രമാണെന്നും സ്ഥാപനങ്ങളുടെ തകര്‍ച്ചയാണ് മാനവികതയുടെ ഉയര്ച്ചയെന്നും ഘോഷിക്കുന്നത് ഇരുളില്‍ എരിയുന്ന നെഞ്ചുമായി അടുക്കളയും ശ്രവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യമാണ് മനുഷ്യനെ പൂര്‍ണനാക്കുന്നതെന്നും ഇപ്പോള്‍ നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.

"പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം" എന്ന് കവി പാടിയത് ശരിയാണെന്ന് തന്നെയാണ് അടുക്കളക്കും പറയാനുള്ളത്. പക്ഷെ ഒരാളുടെ സ്വാതന്ത്ര്യം എന്നത് മറ്റെല്ലാവരുടെയും സ്വാതന്ത്ര്യത്തെ തടയിടുന്നതാവുമ്പോള്‍.... അത് അരാജകത്വത്തിലേക്ക് നയിക്കുന്ന ദുസ്വാതന്ത്ര്യമാവുമ്പോള്‍.... അതാണോ; അത് തന്നെയാണോ നമ്മെ ഇക്കാണുന്ന പുരോഗതിയിലേക്ക് എത്തിച്ച ഘടകം.

ബന്ധങ്ങളുടെ ഒരു മുഖം ത്യാഗമാണ്. നേടുന്നതിനെക്കാള്‍ സംതൃപ്തി നല്‍കലിന് ഉണ്ടെന്നു അനുഭവിച്ചറിയുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ മൃഗത്തില്‍ നിന്നും വ്യത്യസ്തനാവുന്നത്. ബന്ധങ്ങള്‍ ഇല്ലാതാവുമ്പോള്‍ അത് മഞ്ഞു പകരം എല്ലായിടത്തും സ്വാര്‍ഥത നിറയും. ആ ബന്ധങ്ങളെ ബന്ധനങ്ങള്‍ മാത്രം ആയി കണ്ടു അതിനെ വെല്ലു വിളിക്കുന്നതിനെ മാത്രമാണോ പരിഷ്കൃത ചിന്തയെന്നു നിങ്ങള്‍ വിളിക്കുന്നത്???

സമൂഹമെന്ന അടിത്തറ പാടെ മറന്നു, സമൂഹത്തോടുള്ള ബാധ്യതകള്‍ സ്വാര്‍ത്ഥതയില്‍ മറന്നു സ്വന്തം മാനസിക വിഭ്രാന്തികള്‍ക്ക് വൈകല്യങ്ങള്‍ക്ക് നിയമ സാധുത തേടുന്ന മനോരോഗികളും കണ്ണടച്ച്, അല്ലെങ്കില്‍ ഒരു കണ്ണ് മാത്രം തുറന്നു അതിന് അനുമതി നല്കുന്ന നീതി പീടങ്ങളും നമ്മുടെ മാത്രുകയാവുമ്പോള്‍........ മാര്‍ക്സ് പറഞ്ഞതു "ഉള്ളവനും ഇല്ലാത്തവനും" തമ്മിലുള്ള അന്തരം ഇല്ലാതാവുമ്പോള്‍; അതാണ്‌ സ്വര്‍ഗമെന്നാണ്. അത് പോലെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്ന ദിനത്തിനായാണോ നമ്മള്‍ കാത്തിരിക്കുന്നത്???

ബന്ധങ്ങളുടെ ആവശ്യകതയെയും അതിന്റെ നിലനില്‍പ്പിന്റെ പ്രാധാന്യത്തെയും കുറിച്ചു അടുത്ത തവണ നമുക്കു ഉറക്കെ ചിന്തിക്കാം... കൂടെ നിങ്ങളില്‍ കുറച്ചു പേരെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ഇന്നേക്ക് വിട.


13. കഥ പറയാന്‍ വന്ന നാരായണി......

on Saturday, July 04, 2009

ഒരു സഹോദരി ഏറെ നാളുകള്‍ക്കു ശേഷം തന്റെ കഥ പറയാന്‍ അടുക്കളക്ക് പുറത്തേക്ക് വരുന്നു എന്ന് കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്തെന്നു ഇപ്പോഴുമറിയില്ല. എങ്കിലും ഇത്ര നാള്‍ സ്വന്തം മനസ്സില്‍ പറഞ്ഞതില്‍ കൂടുതലായി എന്താണ് അവള്‍ക്ക് ഇനിയും പറയാനുള്ളതെന്ന കൌതുകം എന്നെയും അവിടേക്ക് കാതുകളയക്കാന്‍ കുറച്ചൊന്നുമല്ല പ്രേരിപ്പിച്ചത്. പക്ഷെ......

"നാരായണി പിന്നെയും സ്വപ്നങ്ങള്‍ കാണുകയാണ്" എന്ന് ആരൊക്കെയോ ചേര്‍ന്ന് അവളെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ച വേദനയോടെ മാത്രമെ നാരായണിയെ അറിയുന്ന അവളെ സ്നേഹിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയൂ... (അവളുടെ പേരും പറഞ്ഞു ചുളുവില്‍ പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷമിക്കുക.) സ്വപ്നങ്ങളും അതിലെ നായകനും ഇത്രമേല്‍ കശക്കിയെറിഞ്ഞ പെണ്ണുങ്ങള്‍ നമുക്കിടയില്‍ വിരളം. ജീവിതത്തിന്റെ ചടുലമായ യൌവനം; നീണ്ട പതിനാലു വര്‍ഷം ജയിലിലെ മതിലിനകത്തു ചിലപ്പോള്‍ അവള്‍ സ്വപ്നങ്ങള്‍ കണ്ടിരിക്കാം.... പക്ഷെ അത് മോഹങ്ങള്‍ തന്നു ഒടുവില്‍ പറയാതെ പോകുന്ന പ്രണയത്തെ കുറിച്ചായിരിക്കില്ല. ആര്‍ക്കാണ് തന്നെ നിഷ്കരുണം തള്ളിപ്പറഞ്ഞ, തള്ളി കളഞ്ഞ ഒന്നിനെക്കുറിച്ച് വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ കഴിയുക. ഇല്ല- നിങ്ങള്‍ എത്ര തരം താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാലും അതുപോലൊരു മടയത്തി ആവാന്‍ നാരായണിക്ക് ഒരിക്കലും കഴിയില്ല. സ്വപ്നങ്ങളില്‍ തളചിടപ്പെടാന്‍ മാത്രം ആഗ്രഹിചിരുന്നവള്‍ ആയിരുന്നു അവളെങ്കില്‍ പതിനാലു വര്‍ഷം ശിക്ഷ കിട്ടുന്ന കര്മ്മങ്ങളിലേക്ക് അവള്‍ എത്തിപെടുമായിരുന്നില്ല.


പതിനാലു വര്‍ഷം അവളുടെ ശ്രോതാക്കള്‍ ആ മതിലുകളായിരുന്നു. തനിക്ക് ചുറ്റും മാനം മുട്ടെ ഉയര്ന്നു നിന്ന ആ ചുവരുകള്‍. അവ തീര്‍ത്തത് ബന്ധനത്തിന്റെ വിലങ്ങുകളല്ല മരിച്ചു സംരക്ഷണത്തിന്റെ കോട്ടകള്‍ ആണെന്ന് അവള്‍ തിരിച്ചറിഞ്ഞത് അവിടെ നിന്നും പുറത്തേക്ക് കാല്‍ വച്ച നിമിഷമാണ്. മതിലിനപ്പുറത്തെ ഈ വലിയ ജയിലില്‍ അവളെ കേള്‍ക്കാന്‍ ചുവരുകള്‍ പോലും ഇല്ലെന്ന യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ശ്വാസം മുട്ടിപ്പോയ നാരായണിയെ നിങ്ങള്‍ ആരെങ്കിലും അണുവിട ഓര്‍ത്തിരുന്നെങ്കില്‍.... അതിന് പകരം അവളിലെ കാമുകിയെ നിറക്കൂട്ടുകള്‍ ചാലിച്ച് ചാര്‍ത്തി അതിനെ മാത്രം നോക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ആഖ്യാതാക്കള്‍ പുരുഷന്മാരുടെ സ്ഥിരം ദൌര്‍ബല്യമാണ് തുറന്നു കാണിച്ചത്. സ്ത്രീയുടെ വെറും ശരീരത്തിനപ്പുറം അവര്‍ക്ക് കാണാനുള്ളത് അവളിലെ കാമുകിയെ മാത്രം. പ്രണയം പുരുഷന് തുറന്നിടുന്നത് ഉത്തരവാടിത്വമാല്ലല്ലോ.... വെറും ഒരവസരം മാത്രം. അടുക്കളയുടെ കാതുകള്‍ക്ക് പക്ഷെ അവളുടെ ദുര്‍ബലമായ വാക്കുകള്‍ക്കു കതോര്‍ക്കതിരിക്കാന്‍ ആവില്ല. ആരും കാണാതെ പോയ അവളെ എഴുതിയ മഹാനായ എഴുത്തുകാരന്‍ പോലും വിസ്മരിച്ച അവളുടെ കണ്ണുനീര്‍ ഈ മടിതട്ടിനെ പോള്ളിക്കുമ്പോള്‍ ഈ കാതുകള്‍ക്ക് മറ്റേതു ശബ്ദ വീചികളെ തിരിച്ചറിയാനാകും.

" തിരിച്ചറിയാന്‍ അടയാളതിനായി എന്റെ വാലത് കവിളിലെ ആ കറുത്ത മറുക് മാത്രം മനസിലവശേഷിപ്പിച്ചുയാത്ര പറയാതെ ആ അജ്ഞാതന്‍ പൊയപ്പോള്‍ ആ മതിലുകള്‍ അക്ഷരങ്ങളായി ഇങ്ങനെ എന്നോട് കിന്നാരം പറയുമെന്ന് എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു എഴുത്തുകാരന്‍ ആയിരുന്നെന്നു അറിയാമായിരുന്നു എങ്കിലും!!! ഈ അക്ഷര തിരമാലകളിലെ ഓരോ ഓളത്തിലും ഞാന്‍ തിരഞ്ഞു നോക്കി. എന്നെ. ഈ നാരായണിയെ. പക്ഷെ.....

വെളുത്ത മുഖം... ആന കണ്ണുകള്‍.... വിരിഞ്ഞ നെഞ്ച്‌... വീപ്പകുറ്റി പോലത്തെ അരക്കെട്ട്... അങ്ങനെ അങ്ങനെ കുറച്ചു വര്‍ണനകള്‍ മാത്രം. ഏറെ നാള്‍ കാത്തിരുന്നു ഒരു സ്ത്രീയെ കണ്ടാല്‍ ആദ്യം തന്നെ ഓടി വന്നു മുഖത്തും കഴുത്തിലും നാഭിയിലും ഉമ്മ വക്കുവാനായി കൊതി പൂണ്ടിരിക്കുന്ന ഒരു മനുഷ്യന് അതിലപ്പുരമോന്നും എഴുതാനില്ലെന്നു അദ്ദേഹവും ആവര്‍ത്തിച്ചു എന്നേയുള്ളു... എങ്കിലും ഒടുവില്‍ യാത്ര പറയാതെ പോയിട്ടും പതിമ്മൂന്നു വര്‍ഷം ആ ജയിലില്‍ തന്നെ ഉണ്ടായിരുന്ന എന്നെ അദ്ദേഹം ഓര്‍ത്തുവോ?? ഒന്നു കാണാന്‍ വരാമായിരുന്നില്ലേ ആ സ്വാതന്ത്ര്യ ലോകത്തുനിന്ന്... ഒരു എഴുത്തെങ്കിലും.....

എന്നിട്ടും നിങ്ങള്‍ പറയുന്നു ഇതു പ്രണയ കഥയെന്ന്!!! അദ്ദേഹന്‍ എഴുതിയ അസാദാരണ പ്രണയ കഥ. ഞാന്‍ പറയട്ടെ. ഇതു പ്രണയ കഥയല്ല. പ്രണയത്തെ അവസരമായി മാത്രം കാണുന്ന സൌകര്യപൂര്‍വ്വം മറക്കുന്ന മനുഷ്യരുടെ ചതിയുടെ കഥയാണിത്.മോഹങ്ങള്‍ പങ്കുവച്ചു സ്വാര്‍തരായി പിന്നീടെല്ലാം മറക്കുന്ന മനുഷ്യരുടെ വഞ്ചനയുടെ കഥ. ഇതിലെവിടെയാണ് നാരായണി എണ്ണ പെണ്ണിന്റെ സ്വത്വം നിങ്ങള്‍ തിരയുക. നാരായണിയുടെ മനസ്സില്‍ പ്രണയമുണ്ടായിരുന്നു. പക്ഷെ അത് ഈ മതിലുകളില്‍ കോരി വികൃതമാക്കിയ ( നിങ്ങളുടെ ഭാഷയില്‍ സുന്ദരമായ) പരിസമാപ്തിയിലേക്കുള്ള പ്രണയമായിരുന്നില്ല. നോവലിലെ നായകന്റെ മാനസികാവസ്ഥയെ ഒന്നും കുറ്റം പറയാന്‍ ഞാനാളല്ല. കാരണം വളരെ സത്യാസന്ധമായിത്തന്നെ അതില്‍ അവ വിവരിച്ചിട്ടുണ്ട്. സ്ത്രീയുടെ ഗന്ധത്തിനായി കൊതിച്ചു കാത്തു നിന്ന അയാളുടെ കാതുകളിലേക്ക് ഒഴുകി എത്തിയ സ്ത്രീ ശബ്ദത്തോട് അയാള്‍ക്ക് തോന്നിയ ആസക്തി ആര്‍ക്കും മനസിലാകും. പക്ഷെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു മാനസികാവസ്ഥയില്‍ ആ ഓര്‍മ്മകള്‍ക്ക് ചായം ചാര്‍ത്തുമ്പോള്‍, ഈ പാവം പെണ്ണിനെ, എന്റെ മനസിനെ, എന്റെ ചിന്തകളെ, ജീവിതത്തെ തന്നെയും പാടെ വിസ്മരിച്ചു പോയത് അങ്ങേയറ്റം ക്രൂരമായിപ്പോയി. എല്ലാം അങ്ങയോടു പറഞ്ഞിട്ടും.... സ്ത്രീകളെ ഒരുപാടു വിമര്‍ശിച്ച, പരിഹസിച്ച ആ തൂലികയിലൂടെ ചിന്തകള്‍ക്ക് വിലങ്ങു ചാര്‍ത്തി ഉതിര്‍ന്നു വീണ ഒരു കഥാപാത്രം ആകേണ്ടി വന്നതിന്റെ വേദന- അത് തിരിച്ചറിയാതെ നിങ്ങള്‍ നാരായണിയെ എങ്ങനെ തിരിച്ചറിയും. അവള്‍ കണ്ട സ്വപ്‌നങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും...."

'മതില്‍ക്കെട്ടുകളെയും പ്രതിബന്ധങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും വെല്ലു വിളിച്ചു മുന്നേറുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പ്രണയം.' ഒരു മാധ്യമത്തില്‍ നാരായണിയുടെ ദ്രിശ്യാഖ്യാനത്തോട്‌ അനുബന്ധിച്ച് അതെ കുറിച്ചു വന്ന വാക്കുകളാണിവ. പക്ഷെ അവര്‍, അതെഴുതിയവര്‍, കഥാകാരന്‍ ആ ചെറു നോവലിന്റെ ഒടുവില്‍ പറയുന്ന ഒരു വാചകം സൌകര്യപൂരവം മറന്നു പോയി. "ഹു വാന്റ്സ്‌ ഫ്രീഡം, ആര്‍ക്കു വേണം സ്വാതന്ത്ര്യം!!!" അതെ അദ്ദേഹം പറയാന്‍ ശ്രമിച്ചത് ഇങ്ങനെ ആയിരുന്നിരിക്കണം. 'മതില്‍ക്കെട്ടുകളെയും പ്രതിബന്ധങ്ങളെയും പ്രത്യശാസ്ത്രങ്ങളെയും വെല്ലുവിളിച്ചു മുന്നേറുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ തള്ളിക്കളയുന്ന, പരാജയപ്പെടുത്തുന്ന മനസിന്റെ ഔന്നിത്യമാണ് പ്രണയം.' എല്ലാത്തില്‍ നിന്നും സ്വാതത്ര്യം തേടുന്ന സ്വപ്നമല്ല പ്രണയം. അത് എല്ലാ സ്വാതന്ത്രത്തെയും വിലയില്ലാതാവുന്ന ഒരു നിമിഷമാണ്. പ്രണയം, അത് പ്രണയമാനെങ്കില്‍, എല്ലാത്തിനെയും നിഷേധിക്കാനോ വലിചെരിയാണോ ഉള്ള പ്രേരണ അല്ല നല്കുന്നത്. എല്ലാത്തിനും ഉപരിയായി മനസുകളെ പരസ്പരം അംഗീകരിക്കാനുള്ള സന്ദേശമാണ്. പ്രണയം ഒരു വെറും വെല്ലുവിളി മാത്രമല്ല. ഒരു സ്വയം കീഴടങ്ങല്‍ കൂടിയാണ്. തനിക്ക് എല്ലാം സ്വന്തമായുണ്ട് എണ്ണ മനസിന്റെ അഹന്തയുടെ കീഴടങ്ങല്‍. അത് പരാജയമല്ല. മറിച്ച് സഹജീവികളെ അംഗീകരിച്ചു കൊണ്ടു ഉന്നതിയിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം മാത്രമാണ്. നാരയനിക്ക് ഒടുവില്‍ നമ്മോടു പറയാനുള്ളത് അതിനെ പറ്റിയാണ്. പ്രണയമെന്നത് വഴിയിലുപേക്ഷിച്ച് പോകുന്ന വെറും ചാപല്യമല്ല. അത് ജീവിതത്തെ അനശ്വരതയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്ന ഒരു പരിശുദ്ധി ആണ്. നിങ്ങള്‍ ആ പ്രണയത്തെ ആവിഷ്കരിക്കാന്‍ സൃഷ്ടിക്കുന്ന മാതൃകകള്‍ പക്ഷെ അത് തന്നെയാണോ?????