10. സ്ത്രീ.... ചില കാഴ്ചപ്പാടുകള്‍.....

on Sunday, April 05, 2009

എന്‍. എസ്. മാധവന്‍ ചെറുകഥയിലൂടെ അനശ്വരനാക്കിയ സാഹസികനായ കൊളംബിയന്‍ ഗോള്‍കീപര്‍ ഹിഗ്വിറ്റയെ ഓര്‍മയില്ലേ? ഫുട്ബാള്‍കളിയില്‍ ഓരോ സ്ഥാനത്തിനും ഓരോ ധര്‍മമുണ്ട്‌. ഗോള്‍ കീപ്പറുടെ കര്‍ത്തവ്യം പ്രതിരോധക്കോട്ട തുളച്ചു വരുന്ന പന്തുകളെ വലയിലെത്താതെ തടയുക എന്നതാണ്. പക്ഷെ ഹിഗ്വിറ്റയുടെ മനസ് കളിക്കളത്തില്‍ തനിക്കായി വരച്ചിട്ട കുമ്മായ വരകള്‍ ഭേദിച്ച് എതിരാളികളുടെ കോട്ടക്ക് ചുറ്റും പറന്നുല്ലസിക്കുകയായിരുന്നു. ആ അമിത സ്വപ്‌നങ്ങള്‍ ആണ്, പിഴവാണ് 1990-ലെ ലോകകപ്പില്‍ കൊളംബിയന്‍ ടീമിന് പുറത്തേയ്ക്കുള്ള വഴി തുറന്നത്.

ഇതുപോലെ തന്നെയാണ് സമൂഹവും അതിന്റെ വളര്‍ച്ചയും. അവിടെയും ഫുട്ബാളിലേത് പോലെ ഓരോ സ്ഥാപനങ്ങള്‍ ഉണ്ട്. ഓരോ സ്ഥാനങ്ങള്‍ക്കും ഓരോ ചുമതലകളും ഉണ്ട്. കഴിവുകളും കഴിവുകേടുകളും തിരിച്ചറിഞ്ഞു പരസ്പര ധാരണയോടെ സ്ത്രീയും പുരുഷനും തിരഞ്ഞെടുക്കേണ്ട സ്ഥാപനങ്ങള്‍. പുരുഷന്‍ ചെയ്യുന്നതെന്തും സ്ത്രീക്കും ചെയ്യാന്‍ കഴിഞ്ഞേക്കാം. അത് പോലെ തിരിച്ചും. പക്ഷെ അവിടെ ഇതേ തനിക്ക് ചെയ്യാനാവൂ എന്ന് ശാഠ്യം പിടിക്കുന്നത്‌ ഒട്ടും വിവേകമല്ല. പൊതുവില്‍ ആക്രമണമല്ല ; സംരക്ഷണമാണ് സ്ത്രീയുടെ ധര്‍മ്മമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ഒന്നിന്റേയും നിഷേധമല്ല പകരം ചിട്ടയായ പരിശ്രമങ്ങളിലൂടെ ആ അവസ്ഥയെ ഇല്ലായ്മ ചെയ്യലാണ് അവളുടെ കര്‍മ്മമെന്നും ഞാന്‍ കരുതുന്നു. അന്ധമായ അനുകരണവും, ആരാധനയും, വാശിയും കൊണ്ടു നടക്കുന്നവര്‍; സ്നേഹത്തിനു മുന്നില്‍ തിമിരം ബാധിക്കുന്നവര്‍; പ്രണയത്തിനു മുന്നില്‍ ചോദ്യങ്ങള്‍ മറക്കുന്നവര്‍; ഭീഷണിക്ക് മുന്നില്‍ ശബ്ദം നഷ്ടപ്പെടുന്നവര്‍; ഇവരൊന്നും തന്നെ നമ്മുടെ മാതൃകയല്ല. ആവരുത്. പ്രതികാരത്തിനായി, സ്വന്തം നാശത്തിലൂടെ സമൂഹത്തെ തകര്‍ത്തെരിയുന്നവരും എന്റെ സങ്കല്‍പ്പത്തില്‍ ഉള്ളവരല്ല.


പകയല്ല, പ്രതീക്ഷകള്‍ ആവണം സ്ത്രീയെ മുന്നോട്ടു നയിക്കാനുള്ള പ്രേരക ശക്തി. സ്വയം പൊട്ടിത്തെറിച്ച് ലോകത്തെ ഭസ്മം ആക്കേന്ടവള്‍ അല്ല സ്ത്രീ. ക്ഷമയോടെ ലോകം കെട്ടി പടുക്കെന്ടവള്‍ ആണ്. ഒരു വിളക്കായി ലോകത്തെ നയിക്കെണ്ടാവള്‍ ആണ്. അതിനായി സ്വയം സജ്ജമാകുന്നതോടൊപ്പം മറ്റുള്ളവരെ കൂടി സജ്ജരാക്കേണ്ടവലാണ്. സ്വയം പൊട്ടിത്തെറിച്ച് പ്രതികാരത്തിലൂടെ സമൂഹത്തെ തകര്തെരിയുന്ന താത്രിമാരല്ല, പകരം ക്ഷമയോടെ വിവേകത്തോടെ ചുവടുകള്‍ വച്ച ഹില്ലാരി ക്ലിന്റനെപോലുള്ളവരുടെ ജീവിത വിജയങ്ങള്‍ ആവട്ടെ നമ്മുടെ മാതൃക. നമ്മുടെ പ്രചോദനം.

അവസാനമായി ടാഗോറിന്റെ വരികളെ കടമെടുത്തു ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. " മനസ് നിര്‍ഭയമായ്, ശിരസ്സ്‌ ഉയര്‍ന്ന്, ഇടുങ്ങിയ ചിന്തകളാല്‍ മനസിനെ ഛിന്നഭിന്നമാക്കാതെ; തനിക്കൊപ്പം തന്റെ സമൂഹത്തെയും അറിവിന്റെ, സ്വാതന്ത്ര്യത്തിന്റെ, സമത്വത്തിന്റെ ആ സ്വര്‍ഗത്തിലേക്ക്" നയിക്കാന്‍ കഴിയുന്നവള്‍- അവളാകട്ടെ, ഇന്നിന്റെ -നാളെയുടെ സ്ത്രീ.......

9. മാര്‍ക്സ് എന്ന മനുഷ്യന്‍ !!!!

on Saturday, April 04, 2009

ലോകം കണ്ട എണ്ണപ്പെട്ട ചിന്തകരില്‍ ഒരാള്‍...
അത് വരെയുള്ള സാമ്പത്തിക സാമൂഹിക തത്വചിന്തകളെ വഴി തിരിച്ചു വിട്ടയാള്‍....

കാറല്‍ മാര്‍കസിന് വിശേഷണങ്ങള്‍ ഏറെയാണ്‌.... ലോകത്തിനു പരിചയപ്പെടുതെണ്ടാത്ത അപൂര്‍വ്വം ചിലരില്‍ ഒരാള്‍... ഹൈഗേറ്റ് സിമിത്തേരിയില്‍ നിദ്രയിലാണ്ടു കിടക്കുമ്പോഴും, അദ്ദേഹം ഉണര്‍ത്തി വിട്ട ചിന്തകളുടെ കൊടുംകാറ്റ് ലോകമാകെ ഇന്നും വീശിയടിച്ചുകൊണ്ടിരിക്കുന്നു... ഈ സാമ്പത്തിക മാന്ദ്യ കാലത്തു വീണ്ടും ആ ദര്‍ശനങ്ങള്‍ ജ്വലിക്കുകയാണ്...

ആ ചിന്തകളെ ആദ്യമായി അറിഞ്ഞവള്‍.... ആ വാക്കുകളെ ആദ്യമായി വായിച്ചവള്‍..... ആ വാക്കുകള്‍ പകര്‍ത്തി എഴുതിയവള്‍.... ജെന്നി വോണ്‍ വെസ്ഫാലെന്‍...അവളാണ് ഇന്നു അടുക്കളയില്‍... മാര്‍ക്സിന്റെ പ്രിയ പത്നി... ക്ഷമിക്കുക, ഈ രാഷ്ട്രീയ ചൂടിലും അവള്‍ക്കു പറയാനുള്ളത് അതിനെക്കുറിച്ച് ഒന്നുമല്ല. ലോകത്തെ മാറ്റി മറിച്ച ആ മനുഷ്യനെ കുറിച്ചുമല്ല. മാര്‍ക്സ് എന്ന സാധാരണ മനുഷ്യനെ പറ്റി... ലണ്ടനിലെ ദാരിദ്ര്യം നിറഞ്ഞ നാളുകളെ പറ്റി... വീട്ടുകാരെ ഭയന്ന് ഏഴ് വര്‍ഷം ഒളിപ്പിച്ച പ്രണയത്തെ പറ്റി... പിന്നെ അവനെപറ്റിയും... എന്റെ ഉദരത്തില്‍ പിറക്കാത്ത അദ്ദേഹത്തിന്റെ ഏക പുത്രന്‍... ഹേന്റിച്ച് ഫ്രെടെരിക്ക് ദിമുത്...


(തുടരും)