ഇവള്‍ ആരെന്നു നിങ്ങളെ ഓര്‍മപെടുത്തേണ്ടി വരുന്നതു എന്റെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി എന്നും എന്നെ വേട്ടയാടും. കാരണം ഇന്നു നിങ്ങള്‍ അറിയുന്ന ഗാന്ധിമാരുടെ കാമുകിമാരുടെ പേരുകള്‍ പോലും നിങ്ങളുടെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തും. പക്ഷെ യഥാര്‍ത്ഥ ഗാന്ധിയുടെ കനിഷ്ഠ പുത്രന്‍റെ സഹധര്‍മ്മിണിയെ പരിചയപ്പെടുതിയാലും കണ്ണുകളിലെ അപരിചിതത്വം മായാതെ നില്ക്കുന്നത് കാണുമ്പോള്‍.. അതെ... ഇതു തോല്‍വിയാണ്... എന്റെ മാത്രമല്ല... രാഷ്ട്രത്തിന്റെ കുടി... ഈ അപരിചിതയുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ ആരുണ്ട് ഇന്നിവിടെ...
"ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞത്രേ; ഒരു കുടുംബത്തിന്റെ നന്മക്കായി ഒരു വ്യക്തിയെ ബലി നല്‍കേണ്ടി വന്നാല്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല. അത് പോലെ ഒരു ദേശത്തിന് വേണ്ടി ഒരു കുടുംബത്തെയും... ബാപ്പുവിനു അതറിയാമായിരുന്നു... മറ്റാരേക്കാളും... പക്ഷെ ബലിയായ് നല്‍കേണ്ടത് സ്വന്തം കുടുംബമാണെന്നതു ഓര്‍ത്തപ്പോള്‍ എപ്പോഴെങ്കിലും ആ കുടുംബ നാഥന്റെ മനസ് പിടഞ്ഞു കാണും. അതി വിദഗ്ധമായി അതിനെ ഒളിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്കിലും.1948- ജനുവരി - 31. രാജ്ഘട്ടിലെ ചിതയിലെ അഗ്നിയില്‍ ഒരു സരീരം ദഹിക്കുമ്പോള്‍ കോടിക്കണക്കിനു മനുസകള്‍ അശ്രു വാര്‍ത്തിരിക്കാം. പക്ഷെ അവിടെ കുറച്ചു മാറി മദ്യത്തിന്റെ ലഹരിക്ക് കീഴടങ്ങി ഒരാള്‍ കിടന്നിരുന്നു. ചിതയില്‍ കത്തിതീരുന്ന ഹൃദയത്തില്‍ നിന്നും ഒഴുകിയ രക്തം ശരീരത്തില്‍ പടര്‍ന്ന ഒരു ജീവച്ചവം. ഹരിലാല്‍. എന്റെ പ്രിയ ഭര്‍ത്താവ്. പിതാവിന്റെ സല്പേര് നശിപ്പിച്ചവനെന്നു നിങ്ങള്‍ വിധിച്ച മുടിയനായ പുത്രന്‍. പക്ഷെ നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ഒരു മകന്റെ ദുരന്ത നാടകത്തിന്റെ തിരശീല വലിച്ച ഒരു പിതാവിന്റെ കഥ. ആ മകന്റെ ദുരന്തം കണ്ടു നില്ക്കാന്‍ മാത്രം വിധിക്കപ്പെട്ടു ഒടുവില്‍ അതില്‍ അലിഞ്ഞു ചേര്‍ന്ന അവന്റെ ഭാര്യയുടെ കഥ.
ഒരിക്കലെ ഞാന്‍ ബാപ്പുവിനോട് ചോദിച്ചുള്ളൂ. " എന്താണ് ഒരു പിതാവിന്റെ ധര്‍മ്മം?" പക്ഷെ അതിന് അദ്ദേഹം മറുപടി പറഞ്ഞതു മകന്റെ ചുമതലകളെ പറ്റി പറഞ്ഞായിരുന്നു. "സ്വന്തം മകന്റെ ആഗ്രഹങ്ങളെ നുള്ളിയെറിഞ്ഞ ഒരു പിതാവിന്; രാഷ്ട്രത്തിന്റെ സ്വപ്നങ്ങളിലേക്ക് എങ്ങനെ തിരി തെളിക്കനാവും." അതിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. സ്വയം ചിറകുകളെ ചങ്ങലയില്‍ തളച്ചാല്‍ എങ്ങിനെ അനന്തതയുടെ നീലിമയെ സ്പര്ശിക്കാനാവും. അതെ, അദ്ദേഹം അതായിരുന്നു ആഗ്രഹിച്ചത്. നാലു മക്കള്‍ക്ക് ചുറ്റും സംരക്ഷണത്തിന്റെ മതില്‍ തീര്‍ത്ത് അതിനുള്ളില്‍ നിറഞ്ഞാല്‍ അതിനപ്പുറത്തെ സ്വപ്നങ്ങള്‍ക്ക് എങ്ങനെ നിറം പകരാനാവും. ഒരു വലിയ നേട്ടത്തിന് ചെറിയ ത്യാഗങ്ങള്‍ സഹിച്ചല്ലെ പറ്റൂ...
ശരിയാണ്. സ്വന്തം കുടുംബം ബലി നല്‍കാതെ അങ്ങേക്ക് രാഷ്ട്രത്തിന്റെ മനസ്സില്‍ സ്ഥാനം ലഭിക്കുമായിരുന്നില്ല. അങ്ങയെ അവര്‍ നിസ്വാര്‍ത്ത്തയുടെ മൂര്‍ത്തരൂപമായും കണ്ടേക്കാം. പക്ഷെ ഈ വിവരമില്ലാതവളുടെ മനസ്സില്‍ സ്വാര്‍ഥതയുടെ ജ്വലിക്കുന്ന രൂപം അതാണ്. സ്വന്തം ആദര്‍ശങ്ങള്‍ക്കു വേണ്ടി മറ്റെല്ലാം തള്ളി പറഞ്ഞ സ്വാര്‍ഥന്‍. എന്റെ മുന്നില്‍ അങ്ങനെയേ അങ്ങേക്ക് നില്‍ക്കാനാവൂ. കാരണം ഞാന്‍ രാഷ്ട്രത്തിന്റെ അമ്മയല്ലല്ലോ. ഞാന്‍ ജന്മം നല്കിയ മക്കളുടെ അമ്മയായി മാത്രം ജീവിക്കാന്‍ ആഗ്രഹിച്ച ഒരു സാദാരണ സ്ത്രീ. പക്ഷെ അങ്ങ് കാണിച്ച ഈ മാതൃക പ്രശസ്തിയുടെ ലഹരിയില്‍ സംതൃപ്തി നേടാന്‍ കൊതിക്കുന്നവര്‍ക്ക് വലുതാകാം. പക്ഷെ അങ്ങ് ആര്‍ക്കു വേണ്ടി ജീവിച്ചുവെന്നു പറയുന്ന ആ ജനങ്ങളെ ഇതുപോലെ ബലി നല്‍കാന്‍ ഇനിയാരും തുനിയാതിരിക്കട്ടെ. കാരണം ഞങ്ങളുടെ ബലി കൊണ്ടു നേടിയവര്‍ ഒരുപാടുണ്ട്. ഇന്നും നിങ്ങള്ക്ക് മുന്നില്‍ നടമാടുന്നില്ലേ. പക്ഷെ അവരാരും അങ്ങയെ പോലെ അല്ല. അവര്‍ ആരെയും ബലി നല്‍കുന്നില്ല. അവരും ബാലിപീടത്തില്‍ ഒഴുക്കുന്നത് ഞങ്ങളുടെ മുറിവിലെ നിണം തന്നെ."
നിങ്ങള്ക്ക് തോന്നുന്നുണ്ടാവാം അല്ലെ. ഇവളാണ് സ്വാര്‍ത്ഥ എന്ന്. ആണോ??? ഒരാളുടെ ജീവിതം അവസാനിക്കുന്നത് അയാളുടെ ഓര്‍മ്മകള്‍ അവസാനത്തെ മനസ്സില്‍ നിന്നും മായുംപോഴാനെന്നു ഒരു സഹോദരി എന്നോട് പറഞ്ഞിരുന്നു.അങ്ങനെയെന്കില്‍ ബാപ്പു ഇന്നും ജീവിക്കുന്നുണ്ട്. മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന മാതാപിതാക്കളോ ജീവിത അനശ്വരമാക്കാന്‍ മക്കളുടെ സ്വപ്നങ്ങളെ ബലി നല്കിയ പിതാവോ സ്വാര്‍ഥന്‍. പറയേണ്ടതും, ചിന്തിക്കേണ്ടതും, തിരിച്ചറിയേണ്ടതും നിങ്ങളാണ്.