ഇവള്‍ മേരി...
കാതുകള്‍ക്ക് പരിചിതരായ വിശുദ്ധ കന്യ മറിയാമോ മഗ്ദലന മറിയാമോ അല്ല. ഇവള്‍ ആരുടെയൊക്കെയോ പ്രേരണയാലോ നിര്‍ബന്ധത്താലോ ബൈബിളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട ഒരു മാതാവ്... നിങ്ങള്‍ വിസ്മരിച്ചു പോയ ഒരു സാധാരണ സ്ത്രീ...മേരി സ്കറിയാത്ത.... അതെ. മുപ്പതു വെള്ളിക്കാശിനു സ്വന്തം ഗുരുനാഥനെ ഒറ്റു കൊടുത്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന യൂദാസിന്റെ അമ്മ.
ഒരു മേരിയെ വിശുദ്ധയായി നാം വാഴ്ത്തിയപ്പോള്‍; ഇവള്‍ എല്ലാ ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി ഏതോ ഇരുളില്‍ തന്റെ ശിഷ്ട കാലം തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..... ആരും അറിയാതെ... ആരും ഓര്‍ക്കാതെ...
ലോകം മുഴുവന്‍ ചതിയനെന്നു പറഞ്ഞു ശാപവാക്കുകള്‍ ചൊരിയുമ്പോഴുംഅവള്‍ വിശ്വസിച്ചിരുന്നു; തന്റെ മകന്‍, തന്റെ മടിയില്‍ കിടന്ന്, കണ്മുന്നില്‍ കളിച്ചു വളര്‍ന്ന തന്റെ ഉണ്ണി ഒരിക്കലും വെള്ളി നാണയങ്ങളുടെ കിലുക്കത്തിന് പിന്നാലെ പോകില്ല. ഒരിക്കലും...
" ഇല്ല. എന്റെ ഉണ്ണിയല്ല, അവനാണ് എന്റെ മകനെ ചതിച്ചത്. എല്ലാം അറിയാമായിരുന്നിട്ടും സംരക്ഷിക്കുന്നതിനു പകരം; അവനെ റോമാക്കാരുടെ കെണിയില്‍ അകപ്പെടാന്‍ വിട്ടയച്ച അവന്റെ ഗുരുനാഥന്‍ ...........അവന്റെ പീഡനങ്ങള്‍ വരക്കാനും കണ്ണീര്‍ വാര്‍ക്കാനും ആളുകളുണ്ടായി... അതിനെക്കാള്‍ പീഡനം സഹിച്ച എന്റെ മകനെ വെറും പണക്കൊതിയനാക്കി... അവന്‍ അവിടെ വേദന കൊണ്ടു പിടഞ്ഞ ഓരോ നിമിഷവും വേദനിച്ചത് ഈ നെഞ്ചുകൂടിയായിരുന്നു... എല്ലാം അറിയാമായിരുന്നിട്ടും അവന്റെ ഗുരുനാഥന്‍ എന്റെ കുട്ടിയെ രക്ഷിച്ചില്ല. അവന്റെ വഴി മുന്നോട്ടു നീങ്ങാന്‍ ഒരു ചതിയനെ ആവശ്യമായിരുന്നു... അതിനായി അവന്‍ എന്റെ കുട്ടിയെ ചതിയനാക്കി... റോമക്കാര്‍ നോവിച്ചതിനെക്കാള്‍ അവന്‍ പിടഞ്ഞത് തന്റെ സഹപാഠികള്‍ ഒറ്റപ്പെടുതിയപ്പോഴാവണം... തന്നെ മൂന്നു വട്ടം തള്ളി പറഞ്ഞ പത്രോസിനെ തന്‍റെ പിന്ഗാമി ആക്കിയ അവന്‍ എന്തിന് എന്റെ കുട്ടിയെ ഇങ്ങനെ കുരുതി കൊടുത്തു... അക്കല്‍ദാമയില്‍ പൊടിഞ്ഞ ചോര ഈ നെഞ്ചിലേതു കൂടിയായിരുന്നു...
ഇപ്പോഴും ഓര്‍ക്കുന്നു.. അവസാനം അവന്‍ കാണാന്‍ വന്നത്... എന്നോടവന്‍ പറഞ്ഞു... 'അവന്റെ കുരിശു മരണം ഒരു മണിക്കൂര്‍ നീണ്ടു നിന്നു... പക്ഷെ എന്റെ ജന്മത്തിന്റെ അവസാന നിമിഷം വരെയും ഞാന്‍ കുരിശില്‍ പിടഞ്ഞുകൊണ്ടിരിക്കും...' അവസാന നിമിഷം കയറില്‍ പിടയുമ്പോഴും അവന്‍ എന്നെ വിളിച്ചു പറഞ്ഞു കാണും... 'അമ്മേ... ഈ ശപിക്കപ്പെട്ടെ മകനെ ബലി നല്‍കിയവരോട് പൊറുക്കണേ...' എന്ന്....കാരണം അവന്‍ എന്നേക്കാള്‍ അവന്റെ ഗുരുനാഥനെ സ്നേഹിച്ചിരുന്നു,,,"
അതെ ഈ അമ്മക്ക് ചൊരിയാന്‍ ശാപവാക്കുകളില്ല... കാരണം അവരുടെ മകന്‍ ഏറ്റവും സ്നേഹിച്ചവര്‍ തന്നെയായിരുന്നല്ലോ അവന് ദുരന്തമൊരുക്കിയതും...അവന്റെ കൂടി സ്വപ്നങ്ങള്‍ക്ക് വേണ്ടിയായിരുന്നല്ലോ അവന്‍ ബലി നല്‍കപ്പെട്ടതും...വിശുദ്ധയായ മേരി എനിക്ക് പറയാനുള്ളത് നിന്നോടാണ്... ഒര്‍ക്കുക. നിന്റെ മകന്‍ പ്രശസ്തന്‍ ആയിട്ടുണ്ടാകം... പക്ഷെ അതിന് മീതെ ആരും കാണാതെ ഒഴുകുന്ന ഈ കണ്ണീരാണ് അതിനെ കഴുകി തുടക്കുന്നത്... നിനക്കു നിന്റെ മകനോടുള്ള വാല്‍സല്യത്തിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല യുദാസിനോട് അവന്റെ അമ്മയ്ക്കും...
ഇവളുടെ വാക്കുകള്‍ ഒരിക്കലും നിങ്ങളുടെ കാതില്‍ പതിച്ചിട്ടുണ്ടാവില്ല. കാരണം അവളുടെ മകന്റെ സ്വപ്നമായിരുന്നു യേശുവിനെ, യേശുവിന്റെ ദര്‍ശനങ്ങളെ ലോകം അംഗീകരിക്കുന്ന ദിനം. അതിന് മുകളില്‍ ഒരു കറുത്ത പാടു പോലും ഉണ്ടാകാന്‍ തന്‍റെ മകന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു ആ അമ്മക്കറിയാം. തെറ്റ് തിരുത്തി വഴി കാണിക്കേണ്ട ഗുരുനാഥന്‍ എല്ലാം അറിഞ്ഞു കൊണ്ടു മകനെ നരകത്തിലേക്ക് നയിച്ചതിനു ഈ അമ്മ ശപിച്ചാല്‍ ദൈവപുത്രനല്ല ദൈവത്തിനു പോലും പിടിച്ചു നില്‍ക്കാനാവില്ല..പക്ഷെ ഇവളത് ചെയ്യില്ല... കാരണം മറ്റാരെക്കാളും നന്നായി ഇവള്‍ക്കറിയാം; മകനെ അംഗീകരിക്കുന്നത് കാണാനുള്ള ഒരമ്മയുടെ ആഗ്രഹവും...
മേരി.... നിന്നെ ഞാന്‍ എങ്ങനെ സന്ത്വനിപ്പിക്കും... എങ്കിലും ഒന്നു പറയാം... മക്കളില്‍ വിശ്വാസമര്‍പ്പിക്കുന്ന അമ്മമാരുടെ തലമുറക്കുള്ള എന്റെ സന്ദേശ വാഹകയാണ് നീ... അവഗണനയുടെ പടുകുഴിയിലേക്ക് വലിച്ചേറിഞ്ഞുവെങ്കിലും എപ്പോഴെങ്കിലും ഒര്‍ക്കുക... നിര്‍ഭാഗ്യയായ ഈ അമ്മയെ... ചതിക്കപ്പെട്ട അവളുടെ മകനെ.... അവരുടെ പേരില്‍ ആഘോഷങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും എപ്പോഴെങ്കിലും മനസ്സില്‍ തട്ടി രണ്ടു തുള്ളി കണ്ണീര്‍... അവര്‍ക്കായി .... അത്രയെങ്കിലും....