35. യേശുകൃസ്തുവും ചെഗുവേരയും മലയാറ്റൂരിലെ കുരിശുകയറ്റവും...

on Friday, April 02, 2010

വീണ്ടും ത്യാഗത്തിന്റെ സ്മരണകളുമായി ഒരു ദുഖവെള്ളിയാഴ്ചയും ഈസ്ടറും. ഇന്നും ആളുകള്‍ ഭാരമേറിയ മരക്കുരിശുകളുമായി മല കയറുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ കണ്ടു. ആ ചിത്രങ്ങള്‍ മനസ്സില്‍ ഉണര്‍ത്തി വിട്ട ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വക്കുകയാണ് അടുക്കള ഇന്ന്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മാനവരാശിയുടെ മുഴുവന്‍ പാപങ്ങളും ഏറ്റെടുത്തുകൊണ്ടാണ് യേശു ക്രിസ്തു കുരിശേറിയത്‌ എന്ന് ബൈബിളിലെ വാക്കുകള്‍ വ്യാഖ്യാനിക്കാറുണ്ട് പലരും. അങ്ങനെ ആവുമ്പോള്‍ മാത്രമല്ലേ അത് ത്യാഗമാവൂ. പക്ഷെ അന്നത്തെ ഭരണ കൂടം യേശുവിനെ ശിക്ഷിച്ചതിനു കൃത്യമായ കുറ്റപത്രം ഉണ്ടാക്കിയിരുന്നു എന്നും പലരും പറയുന്നുണ്ട്. അങ്ങനെ എങ്കില്‍ അത് യാദാര്‍ത്യ ബോധത്തോടെ നോക്കുമ്പോള്‍ ഒരു വ്യക്തിയുടെ പ്രവൃത്തികള്‍ ആ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് വിരുധമായത്തിന്റെ ഒരു ശിക്ഷയായി അതിനെ ലഘൂകരിക്കാനും പലര്‍ക്കും കഴിയും.ഇന്നും രാജ്യ ദ്രോഹം എന്നത് ഒരു രാജ്യത്തെ പരമാവധി ശിക്ഷ ലഭിക്കാനുള്ള കുറ്റം തന്നെയാണ്. പക്ഷെ വിപ്ലവകാരികള്‍ എന്നും ഭരണകൂടത്തിന്റെ നിയമങ്ങളെ എതിര്‍ത്തിട്ടെ ഉള്ളൂ. യേശുവം അത് തന്നെയാണ് ചെയ്തത്.

ചരിത്രം പലപ്പോഴും രസകരമാവുന്നത് ഇത്തരം വിപ്ലവകാരികളുടെ കഥ പറയുമ്പോഴാണ്. അന്ന് അവര്‍ പരാജയപ്പെട്ടിരിക്കാം. പക്ഷെ ചരിത്രം ആരാധനയോടെ നോക്കുന്നത് അന്നത്തെ ജേതാക്കളെ അല്ല, പകരം പൊരുതി വീണ ധീരരേ തന്നെയാണ്. കമ്മ്യൂണിസ്റ്റു വിപ്ലവങ്ങളുടെ കാല്‍പനിക നായകനായി ഇന്ന് ലോകം സ്മരിക്കുന്ന ചെ ഗുവേരയും പിന്നെ പലരും അങ്ങനെ ചരിത്രത്തിന്റെ ആരാധന ഏറ്റു വാങ്ങിയവരാണ്. പക്ഷെ അതിനേക്കാള്‍ രസകരമായ വസ്തുത വ്യവസ്ഥിതിയോട് പൊരുതി വീണ ഇവരുടെ ആരാധകര്‍ അല്ലെങ്കില്‍ അനുയായികള്‍ മറ്റൊരു മറ്റൊരു വ്യവസ്ഥിതിയുടെ വക്താക്കളും സംരക്ഷകരും ആയി അതിനെ വിമര്‍ശിച്ച ധീരരേ നിര്‍ദ്ദയം അടിച്ചമാര്‍ത്തുന്നവരും ആയിത്തീര്‍ന്നു എന്നതാണ്. കൃസ്തു മതം മധ്യ കാലഘട്ടത്തില്‍ പരിഷ്കരണ വാദികളോട് പെരുമാറിയത് റോമാക്കാര്‍ യേശുവിനോട് കാണിച്ചതിലും ക്രൂരമായിട്ടായിരുന്നു എന്നത് നമുക്ക് എങ്ങനെ ഉള്‍ക്കൊള്ളാനാവും? തീര്‍ത്തും പരിഷ്കരണ വാദിയായിരുന്ന യേശുവിന്റെ അനുയായികള്‍ ഏറ്റവും കടുത്ത യാദാസ്ഥിതികര്‍ ആയതു ചരിത്രത്തിലെ ഏറ്റവും വലിയ വൈരുധ്യങ്ങളില്‍ ഒന്നല്ലേ. അത് പോലെ അടിമ ചങ്ങലയില്‍ നിന്നും മോചനം നേടാന്‍ റഷ്യന്‍ ജനത വിപ്ലവം നടത്തി നേടിയ അധികാരത്തിന്റെ പ്രയോകതാക്കള്‍ പഴയതിനേക്കാള്‍ സ്വാതന്ത്ര ചിന്തകളെ അടിച്ചമര്‍ത്തുന്ന സ്റാലിന്‍ യുഗത്തിനും നമ്മള്‍ സാക്ഷിയായത് അധികം അകലെയല്ല..

യേശുവിനു ലഭിച്ചത് സ്വാഭാവികമായ ഒരു ശിക്ഷയായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ പിന്നെ ചാര്‍ത്തി നല്‍കിയ ദൈവപരിവേഷത്തിനും അപുറത്തു ഒരു മനുഷ്യനായി തന്നെ യേശുവിനെ കാണാനാണ് അടുക്കളക്കിഷ്ടം. അതെ ദൈവ പുത്രനായല്ല, മനുഷ്യപുത്രനായി തന്നെ. മാര്‍ക്സിനെ പോലെ ലോകത്തെ തിരിച്ചു വിടാന്‍ ശേഷിയുള്ള ചിന്തകളും ആശയങ്ങളും ഉണ്ടായിരുന്ന ഒരു മനുഷ്യന്‍. യേശു മനുഷ്യനാണെന്നു കരുതാന്‍ അടുക്കളക്ക് പിന്നെയും കാരണങ്ങള്‍ ഉണ്ട്. അദ്ദേഹം ചെയ്ത അത്ഭുത പ്രവൃത്തികളായി പറയുന്ന അപ്പം പങ്കു വച്ചതും, വെള്ളം വീഞാക്കിയതും, രോഗ ശാന്തി നല്കിയതും എല്ലാം തന്നെ ഒരു മനുഷ്യന് ചെയ്യാവുന്നത് തന്നെയാണ്. പക്ഷെ അതിനേക്കാള്‍ യേശുവിന്റെ മറ്റൊരു വാചകമാണ് അടുക്കളയുടെ മനസ്സില്‍ തിരതല്ലുന്നത്‌. തന്റെ വിധി മനസ്സിലാക്കിയ യേശു പ്രാര്‍ഥിച്ചത് ഇങ്ങനെ ആണ്. " പിതാവേ കഴിയുമെങ്കില്‍ ഈ പാന പാത്രം എന്നില്‍ നിന്നും എടുത്തു മാറ്റേണമേ" അടുത്തതായി " എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേരട്ടെ!!!" തികച്ചും ഒരു സാദാരണ മനുഷ്യനെയാണ്‌ ഈ വാക്കുകള്‍ വരച്ചു കാണിക്കുന്നത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ചിത്രം. അതാണ്‌ യേശുവിന്റെ ചിത്രമെന്ന് അടുക്കള വിശ്വസിക്കുന്നു. മറ്റുള്ളതില്‍ പലതും അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് മാത്രം കാലാകാലങ്ങളില്‍ രൂപാന്തരപ്പെട്ട കഥകള്‍ ആവണം.

അവസാന അത്താഴ സമയത്ത് യേശു തന്റെ ഭാവി അറിഞ്ഞപോലെ പെരുമാറി എന്നും ബൈബിളില്‍ ഉണ്ട്. പക്ഷെ ഒന്നോര്‍ത്തു നോക്കൂ, പലരുടെയും മരണത്തിനു മുന്‍പ് അവര്‍ ആ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു ഏന് നമുക്ക് തോന്നാറില്ലേ. അവരുടെ പല വാക്കുകളെയും അവരുടെ മരണശേഷം നമ്മള്‍ അതുമായി ബന്ധിപ്പിച്ചു നോക്കുമ്പോള്‍ അവര്‍ മരണം തിരിച്ചറിഞ്ഞിരുന്നു എന്ന് തോന്നാം. യേശുവിന്റെ അവസാന അത്താഴത്തിലെ ചേഷ്ടകളും പിന്നീട് ശിഷ്യന്മാര്‍ ആ മരണവുമായി ബന്ധിപ്പിച്ചപ്പോള്‍ തോന്നിയ അതിശയോക്തികള്‍ തന്നെയാവണം.

താന്‍ പിടിക്കപ്പെടും എന്നറിഞ്ഞിട്ടും യേശു ഒളിചോടിയില്ല എന്നതും ദൈവിക പരിവേഷത്തോടെ പറയുന്ന മറ്റൊരു കാര്യമാണ്. അതിലും നമുക്ക് ഉദാഹരിക്കാന്‍ പറ്റിയ കഥ ചെ ഗുവേരയുടെ തന്നെയാണ്. ക്യൂബയിലെ വിപ്ലവാനന്തരം അവിടെ സുരക്ഷിതമായി കഴിയാമായിരുന്ന അദ്ദേഹം ബൊളീവിയയിലെ കാടുകളില്‍ എന്തിനാണ് പോയത്? മരണം മുന്നില്‍ തന്നെ ഉണ്ടെന്നറിഞ്ഞിട്ടും അദ്ദേഹം തന്റെ പാതയില്‍ നിന്നും പിന്നിലേക്ക്‌ പോയില്ല. അദ്ദേഹത്തിനും യേശുവിനുണ്ടായിരുന്ന പോലെ ആത്മ വിശ്വാസം ഉണ്ടായിരുന്നു. തന്റെ ശരീരം കൊണ്ട് നേടാന്‍ കഴിയുന്നതിനെക്കാള്‍, തന്റെ മരണം കൊണ്ട് താന്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്ക് നേടാനാവുമെന്ന്.

ഈ ചിന്തകള്‍ ഉള്ളത് കൊണ്ട് തന്നെ ഇപ്പോള്‍ കുരിശുമല കയറുന്ന പാവങ്ങളെ കാണുമ്പോള്‍ മനസ്സില്‍ സഹതാപമാണ്. അവരുടെ വിശ്വാസ പ്രകാരം തന്നെ ചിന്തിച്ചാല്‍ അത് ബുദ്ദിശൂന്യമല്ലേ!!! തങ്ങള്‍ക്കു വേണ്ടി കുരിശിലേറിയ യേശുവിന്റെ പ്രവൃത്തിയെ അല്ലെ അവര്‍ അതിലൂടെ ചെറുതാക്കുന്നത്. തന്റെ പ്രവൃത്തി നിഷ്ഫലമായല്ലോ എന്ന് യേശു ചിന്തിക്കുന്നുണ്ടാവും. കാരണം 'ഇവര്‍ കുരിശു ച്ചുമാക്കാതിരിക്കാനല്ലേ താന്‍ കുരിശേറിയത്‌!!!!'

ചെ ഗുവേരയുടെ ആരാധകര്‍ ഇവരെപോലെ അന്ധരാവാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ വെടിയുണ്ട പൂജിക്കുന്ന തോക്കെടുത്ത് നെഞ്ചിലേക്ക് നിറയൊഴിച്ചു ആരാധന പ്രകടിപ്പിക്കുന്ന മനുഷ്യരെ കാണേണ്ടി വന്നേനെ. ഇവരോടെല്ലാം അടുക്കളക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങള്‍ അവരെ അനുകരികാതിരിക്കുക. കാരണം നിങ്ങള്‍ക്കൊരിക്കലും അവരാകാന്‍ കഴിയില്ല. തീര്‍ച്ചയായും അനുകരിക്കാനാവാത്തത്ര ഉയരങ്ങളില്‍ ആണ് യേശുവും ചെ ഗുവേരയും ഗാന്ധിജിയും എല്ലാം. വെറും രണ്ടു ദിവസം അവര്‍ അനുഭവിച്ച വേദന ചെറുതായി അനുകരിച്ചു കൊണ്ടല്ല അവരെ ബഹുമാനിക്കേണ്ടത്. അവര്‍ എന്തിനു വേണ്ടിയാണ് തങ്ങളുടെ ജീവന്‍ ധീരമായി ബലി കഴിച്ചത്, ആ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക. കുരുത്തോല വീശി തന്നെ സ്തുതിക്കുന്ന അനുയായികളെ യേശു ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഇത്തരം കൊമാളിതരങ്ങളും ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. ( രണ്ടു വര്‍ഷം മുന്‍പ് ദുഖവെള്ളി കഴിഞ്ഞ ശനിയാഴ്ച നഗര പ്രദക്ഷിണത്തില്‍ യേശു ആയി കുരിശിന്മേല്‍ നിന്ന മനുഷ്യന്‍ ദാഹം തീര്‍ക്കാന്‍ സോഡാ കുടിക്കുന്ന കാഴ്ച കാണുകയുണ്ടായി. അനുകരണത്തിന് അങ്ങനെ ഒക്കെയേ സാധിക്കൂ.)

ഇന്നത്തെ ജനത ആരാധിക്കുന്നതിനിടക്ക് മറക്കുന്നതും അതെല്ലാം തന്നെയാണ്. അവര്‍ മുന്നോട്ടു വച്ച ആശയങ്ങള്‍.... ഈ ആഘോഷങ്ങളില്‍ മുങ്ങിപ്പോകുന്നത് അവരുടെ സ്വപ്നങ്ങളാണ്. കാരണം ആഘോഷം എന്നതിനപ്പുറം അവര്‍ അന്നനുഭവിച്ച വേദനയോടു സഹതാപം കാണിക്കുക എന്നതിനപ്പുറം മറ്റെല്ലാം മറക്കപ്പെടുകയാണ്. പ്രതീകാത്മകമായി ചെയ്യുന്നവയാനല്ലോ ആഘോഷങ്ങള്‍. അതുപോലെ നമ്മുടെ ആത്മാര്‍ഥതയും പ്രതീകാത്മകമായി മാറിയിരിക്കുകയാണ്. മറ്റുള്ളവരെ ബോധിപ്പിക്കാന്‍ മാത്രം. ഒരു ദിവസം ദുഖിക്കുക, അടുത്ത ദിവസം സന്തോഷിക്കുക, നേരിട്ടനുഭവിച്ച കാര്യത്തിനല്ല, പകരം ഒരു സങ്കല്പ്പത്തിനായി. അതില്‍ തന്നെ അതിനു എത്ര ആത്മാര്‍ഥത ഉണ്ടാകുമെന്ന് തീര്‍ച്ചയാണല്ലോ.

അടുക്കളയുടെ വായനക്കാര്‍ക്ക് തീര്‍ച്ചയായും വിരുദ്ദ അഭിപ്രായം ഉണ്ടാകും. അറിയിക്കുക. ആരെയും വേദനിപ്പിക്കുക, അലെങ്കില്‍ ആരുടെയെങ്കിലും വിശ്വാസങ്ങളെ ചെറുതായി കാണിക്കുക എന്ന ആഗ്രഹമൊന്നും അടുക്കളക്കില്ല. എങ്കിലും യേശു ചെയ്തത് പോലെ മനസ്സിന് ശരിയെന്നു തോന്നിയത് നിങ്ങളോട് പറയണം എന്ന് തോന്നി. അടിചെല്‍പ്പിക്കാനല്ല പറയാന്‍, ചിന്തിക്കാന്‍...

അടുക്കള ആദ്യം എഴുതിയ കഥകളില്‍ ഒന്ന് ഈ ദിനവുമായി ബന്ധമുള്ളതായിരുന്നു. അത് ഇവിടെ വീണ്ടും കുറിക്കുന്നു.ശപിക്കപ്പെട്ടവന്റെ അമ്മ.....


ഇവള്‍ മേരി...

കാതുകള്‍ക്ക് പരിചിതരായ വിശുദ്ധ കന്യ മറിയാമോ മഗ്ദലന മറിയാമോ അല്ല. ഇവള്‍ ആരുടെയൊക്കെയോ പ്രേരണയാലോ നിര്‍ബന്ധത്താലോ ബൈബിളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട ഒരു മാതാവ്... നിങ്ങള്‍ വിസ്മരിച്ചു പോയ ഒരു സാധാരണ സ്ത്രീ...മേരി സ്കരിയാത്ത.... അതെ. മുപ്പതു വെള്ളിക്കാശിനു സ്വന്തം ഗുരുനാഥനെ ഒറ്റു കൊടുത്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന യൂദാസിന്റെ അമ്മ.

ഒരു മേരിയെ വിശുദ്ധയായി നാം വാഴ്ത്തിയപ്പോള്‍; ഇവള്‍ എല്ലാ ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി ഏതോ ഇരുളില്‍ തന്റെ ശിഷ്ട കാലം തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..... ആരും അറിയാതെ... ആരും ഓര്‍ക്കാതെ...
ലോകം മുഴുവന്‍ ചതിയനെന്നു പറഞ്ഞു ശാപവാക്കുകള്‍ ചൊരിയുമ്പോഴുംഅവള്‍ വിശ്വസിച്ചിരുന്നു; തന്റെ മകന്‍, തന്റെ മടിയില്‍ കിടന്ന്, കണ്മുന്നില്‍ കളിച്ചു വളര്‍ന്ന തന്റെ ഉണ്ണി ഒരിക്കലും വെള്ളി നാണയങ്ങളുടെ കിലുക്കത്തിന്‌ പിന്നാലെ പോകില്ല. ഒരിക്കലും...

" ഇല്ല. എന്റെ ഉണ്ണിയല്ല, അവനാണ്‌ എന്റെ മകനെ ചതിച്ചത്. എല്ലാം അറിയാമായിരുന്നിട്ടും സംരക്ഷിക്കുന്നതിനു പകരം; അവനെ റോമാക്കാരുടെ കെണിയില്‍ അകപ്പെടാന്‍ വിട്ടയച്ച അവന്റെ ഗുരുനാഥന്‍ ........ അദ്ദേഹത്തിന്‍റെ പീഡനങ്ങള്‍ വരക്കാനും കണ്ണീര്‍ വാര്‍ക്കാനും ആളുകളുണ്ടായി... അതിനെക്കാള്‍ പീഡനം സഹിച്ച എന്റെ മകനെ വെറും പണക്കൊതിയനാക്കി... അവന്‍ അവിടെ വേദന കൊണ്ടു പിടഞ്ഞ ഓരോ നിമിഷവും വേദനിച്ചത്‌ ഈ നെഞ്ചുകൂടിയായിരുന്നു... എല്ലാം അറിയാമായിരുന്നിട്ടും അവന്റെ ഗുരുനാഥന്‍ എന്റെ കുട്ടിയെ രക്ഷിച്ചില്ല. അവന്റെ വഴി മുന്നോട്ടു നീങ്ങാന്‍ ഒരു ചതിയനെ ആവശ്യമായിരുന്നു... അതിനായി അവന്‍ എന്റെ കുട്ടിയെ ചതിയനാക്കി... റോമക്കാര്‍ നോവിച്ചതിനെക്കാള്‍ അവന്‍ പിടഞ്ഞത് തന്റെ സഹപാഠികള്‍ ഒറ്റപ്പെടുതിയപ്പോഴാവണം... തന്നെ മൂന്നു വട്ടം തള്ളി പറഞ്ഞ പത്രോസിനെ തന്‍റെ പിന്ഗാമി ആക്കിയ അവന്‍ എന്തിന് എന്റെ കുട്ടിയെ ഇങ്ങനെ കുരുതി കൊടുത്തു... അക്കല്‍ദാമയില്‍ പൊടിഞ്ഞ ചോര ഈ നെന്ജിലെതു കൂടിയായിരുന്നു...ഇപ്പോഴും ഓര്‍ക്കുന്നു.. അവസാനം അവന്‍ കാണാന്‍ വന്നത്... എന്നോടവന്‍ പറഞ്ഞു... 'അവന്റെ കുരിശു മരണം ഒരു മണിക്കൂര്‍ നീണ്ടു നിന്നു... പക്ഷെ എന്റെ ജന്മത്തിന്റെ അവസാന നിമിഷം വരെയും ഞാന്‍ കുരിശില്‍ പിടഞ്ഞുകൊണ്ടിരിക്കും...' അവസാന നിമിഷം കയറില്‍ പിടയുമ്പോഴും അവന്‍ എന്നെ വിളിച്ചു പറഞ്ഞു കാണും... 'അമ്മേ... ഈ ശപിക്കപ്പെട്ടെ മകനെ ബലി നല്‍കിയവരോട് പൊറുക്കണേ...' എന്ന്....കാരണം അവന്‍ എന്നേക്കാള്‍ അവന്റെ ഗുരുനാഥനെ സ്നേഹിച്ചിരുന്നു,,,"


അതെ ഈ അമ്മക്ക് ചൊരിയാന്‍ ശാപവാക്കുകളില്ല... കാരണം അവരുടെ മകന്‍ ഏറ്റവും സ്നേഹിച്ചവര്‍ തന്നെയായിരുന്നല്ലോ അവന് ദുരന്തമോരുക്കിയതും...അവന്റെ കുടി സ്വപ്നങ്ങള്‍ക്ക് വേണ്ടിയായിരുന്നല്ലോ അവന്‍ ബലി നല്‍കപ്പെട്ടതും...വിശുദ്ധയായ മേരി എനിക്ക് പറയാനുള്ളത് നിന്നോടാണ്... ഒര്‍ക്കുക. നിന്റെ മകന്‍ പ്രശസ്തന്‍ ആയിട്ടുണ്ടാകം... പക്ഷെ അതിന് മീതെ ആരും കാണാതെ ഒഴുകുന്ന ഈ കണ്ണീരാണ് അതിനെ കഴുകി തുടക്കുന്നത്... നിനക്കു നിന്റെ മകനോടുള്ള വാല്‍സല്യത്തിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല യുദാസിനോട് അവന്റെ അമ്മയ്ക്കും...

ഇവളുടെ വാക്കുകള്‍ ഒരിക്കലും നിങ്ങളുടെ കാതില്‍ പതിച്ചിട്ടുണ്ടാവില്ല. കാരണം അവളുടെ മകന്റെ സ്വപ്നമായിരുന്നു യേശുവിനെ, യേശുവിന്റെ ദര്‍ശനങ്ങളെ ലോകം അംഗീകരിക്കുന്ന ദിനം. അതിന് മുകളില്‍ ഒരു കറുത്ത പാടു പോലും ഉണ്ടാകാന്‍ തന്‍റെ മകന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു ആ അമ്മക്കറിയാം. തെറ്റ് തിരുത്തി വഴി കാണിക്കേണ്ട ഗുരുനാഥന്‍ എല്ലാം അറിഞ്ഞു കൊണ്ടു മകനെ നരകത്തിലേക്ക് നയിച്ചതിനു ഈ അമ്മ ശപിച്ചാല്‍ ദൈവപുത്രനല്ല ദൈവത്തിനു പോലും പിടിച്ചു നില്‍ക്കാനാവില്ല..പക്ഷെ ഇവളത് ചെയ്യില്ല... കാരണം മറ്റാരെക്കാളും നന്നായി ഇവള്‍ക്കറിയാം; മകനെ അംഗീകരിക്കുന്നത് കാണാനുള്ള ഒരമ്മയുടെ ആഗ്രഹവും...

മേരി.... നിന്നെ ഞാന്‍ എങ്ങനെ സന്ത്വനിപ്പിക്കും... എങ്കിലും ഒന്നു പറയാം... മക്കളില്‍ വിശ്വാസമര്‍പ്പിക്കുന്ന അമ്മമാരുടെ തലമുറക്കുള്ള എന്റെ സന്ദേശ വാഹകയാണ് നീ... എന്റെ മക്കളെ.... അവഗണനയുടെ പടുകുഴിയിലേക്ക് വലിച്ചേറിഞ്ഞുവെങ്കിലും എപ്പോഴെങ്കിലും ഒര്‍ക്കുക... നിര്‍ഭാഗ്യയായ ഈ അമ്മയെ... ചതിക്കപ്പെട്ട അവളുടെ മകനെ.... അവരുടെ പേരില്‍ ആഘോഷങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും എപ്പോഴെങ്കിലും മനസ്സില്‍ തട്ടി രണ്ടു തുള്ളി കണ്ണീര്‍... അവര്‍ക്കായി .... അത്രയെങ്കിലും....