18. ഓണം എന്ന കെട്ടുകഥയുടെ ആവശ്യം.

on Saturday, August 29, 2009

കഥയില്‍ ചോദ്യമില്ല.
വിശ്വാസങ്ങളിലും ചോദ്യം പാടില്ല.
കാരണം, ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ മാത്രം യുക്തി ഭദ്രമല്ല ഒരു കഥയും ഒരു വിശ്വാസവും. അത് കൊണ്ടു തന്നെയാണ് ചോദ്യങ്ങള്‍ പാടില്ല എന്ന ഉത്തരം കൊണ്ടു പല ചോദ്യങ്ങളെയും ചിലര്‍ നേരിട്ടത്‌. കാരണം ആ വിശ്വാസങ്ങളും കഥകളും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കേണ്ടത് അവയെക്കാള്‍ കൂടുതല്‍ അവരുടെ തന്നെ നിലനില്‍പ്പിന്റെ ആവശ്യകതയായിരുന്നു.
  • പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ പരശുരാമന് യുഗങ്ങള്‍ മുന്പ് ജീവിച്ചിരുന്ന മഹാബലി എങ്ങനെ നീതിമാനായി ഭരിച്ചു?
  • വാമനന്‍ ചവിട്ടി താഴ്ത്തിയെന്നു പറയുന്ന പാതാളം എവിടെയാണ്?
  • ഒരു ചുവടു കൊണ്ടു ഭൂമിയും അടുത്ത ചുവടു കൊണ്ടു സ്വര്‍ഗ്ഗവും അളന്ന വാമനന്റെ മഹാസാഹസം എങ്ങനെ ആയിരുന്നു?

അരുത്.

ചോദ്യങ്ങള്‍ അരുത്.

കാരണം, ചഞ്ചലമായ നമ്മുടെയൊക്കെ മനസ്സിനെ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷകള്‍ നല്കുന്ന ഊര്‍ജ സ്രോതസ്സുകളാണ് ആ ഐതിഹ്യങ്ങള്‍. അത് കൊണ്ടു നമുക്കു ചോദ്യം ചെയ്യാതെ അതിന്റെ തണലുകളുടെ ശീതളിമയില്‍ ജീവിതചൂടിനു ആശ്വാസം തിരയാം. അതിന്റെ ദുര്‍ബലമെങ്കിലും വിശാലഹസ്തങ്ങളില്‍ നമുക്ക് അഭയം തേടാം.

എങ്കിലും വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ തന്നെ ആ വിശ്വാസങ്ങളില്‍ നമുക്കൊന്ന് തിരയാം. എന്തായിരുന്നു ആ കഥകളുടെ ആവശ്യകത? ഇന്നു അടുക്കളയുടെ ചിന്തകള്‍ ചൂടു പിടിച്ചത് ആ നേരിപ്പോടിലാണ്.ഓണത്തിന്റെ എന്നല്ല, സൂക്ഷ്മമായി നോക്കിയാല്‍ ഓരോ ആഘോഷങ്ങളുടെയും, ഉത്സവങ്ങളുടെയും, പൂജകളുടെയും എല്ലാം പ്രാഥമികമായ ലക്ഷ്യം ഒത്തു ചേരല്‍ ആണ്. നമ്മള്‍ നമ്മിലേക്ക്‌ മാത്രം ഒതുങ്ങാതെ, ഒത്തു ചേര്ന്നു ആഹ്ലാദം പങ്കു വയ്ക്കുക. അതിലൂടെ ബന്ധങ്ങളെ സുദൃടമാക്കുക. ഇതിനപ്പുറം എന്ത് ലക്ഷ്യമാണ്‌ ഓണത്തിനുള്ളത്.

ബന്ധങ്ങളല്ല, മറിച്ച് ബന്ധങ്ങളില്‍ നിന്നുള്ള സ്വാതന്ത്രമാണ് മനുഷ്യന്റെ ആവശ്യം എന്ന് ചിന്തിക്കുന്നവര്‍ അടുക്കളയോട് ക്ഷമിക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നു എങ്കിലും സ്വീകരിക്കാന്‍ ഒരിക്കലും അടുക്കളക്കാവില്ല. കാരണം, അടുക്കള നില കൊള്ളുന്നത്‌ വ്യക്തികള്‍ക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിനു വേണ്ടിയാണ്. ആ സമൂഹത്തെ രൂപപ്പെടുത്തുന്ന, നില നിര്‍ത്തുന്ന വ്യക്തി ബന്ധങ്ങള്‍ക്ക് വേണ്ടിയാണ്. അവയുടെ നിലനില്പിന് വേണ്ടിയാണ്.

പ്രാചീന കാലത്തു വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങളെ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും സമൂഹത്തിന്റെയും ബന്ധങ്ങളുടെയും ആവശ്യകത പറഞ്ഞു മനസിലാക്കാന്‍ ഏറ്റവും എളുപ്പ വഴി എന്ന നിലക്കായിരിക്കണം ആഘോഷങ്ങള്‍ക്ക് ദൈവിക പരിവേഷം കലര്ന്ന കഥകള്‍ ഉണ്ടായത്. ദൈവികമായ കാര്യങ്ങള്‍ എതിര്‍ക്കുന്നതിനു മുന്പ് ഏതൊരാളും ഒന്നാലോചിക്കും എന്നത് തന്നെയാണ് ഓരോ ആഘോഷങ്ങള്‍ക്ക് പുറകിലും അനുഷ്ടാനങ്ങള്‍ ഉണ്ടാവാനും കാരണമെന്ന് തന്നെയാണ് അടുക്കള കരുതുന്നത്.( ഇന്നത്തെ കാര്യമല്ല. പക്ഷെ ഉന്നത വിദ്യാഭ്യാസം നേടിയ ഇക്കാലത്തും ചില കാര്യങ്ങളില്‍ നമ്മള്‍ യുക്തിയെ മറക്കുമ്പോള്‍, കള്ള സ്വാമിമാരുടെയും തട്ടിപ്പുകാരുടെയും ഇരയാവുമ്പോള്‍, ആഭിചാര കര്‍മ്മങ്ങള്‍ക്കായി പാവം മൂങ്ങകള്‍ക്ക് പിന്നാലെ പായുമ്പോള്‍ കേവല വിദ്യാഭ്യാസം പോലുമില്ലാതിരുന്ന അന്നത്തെ ജനത അത് എങ്ങനെ സ്വീകരിക്കും എന്ന് ഊഹിക്കാമല്ലോ. ഇന്നത്തെ കാപ്സ്യൂള്‍ ഗുളികക്കുള്ളില്‍ മരുന്ന് നല്കുന്നത് പോലെ നിലനില്‍പ്പിന്റെ വലിയൊരു തത്വമാണ് പൂര്‍വികര്‍ ഇത്തരം കഥകളിലൂടെ നമ്മിലേക്ക്‌ പ്രക്ഷാളനം ചെയ്തത്.)

അതെ, വര്‍ണ്ണശബളമായ നിറക്കൂട്ടുകള്‍ക്കും, വിനോദങ്ങള്‍ക്കും അപ്പുറം, ഈ ആഘോഷങ്ങളുടെയെല്ലാം പരമമായ ലക്ഷ്യം അതാണ്‌. ഒത്തു ചേരല്‍. ഇന്നത്തെ സൈബര്‍ യുഗത്തില്‍ സ്ക്രാപ്പുകളും ഇ-കാര്‍ഡുകളും കൊണ്ടു ദൂരെ കോണുകളില്‍ ഇരുന്നു പൂക്കളം തീര്‍ക്കുമ്പോള്‍ പോലും നമ്മള്‍ ചെയ്യുന്നത് അതാണ്‌. മനസ് കൊണ്ടുള്ള ഒത്തു ചേരല്‍. അതിന്റെ ആവശ്യകതയെക്കുറിച്ച് മുന്പ് വിശദമായി തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ടു ഇവിടെ നിര്‍ത്തട്ടെ.

ഈ ഓണം എല്ലാ സഹോദരര്‍ക്കും നഷ്ടപ്പെട്ട ബന്ധങ്ങളുടെ തിരിച്ചു കിട്ടലിനും ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലിനും ഉള്ള ഒരു സമയമാകട്ടെ എന്ന് അടുക്കള ആശംസിക്കുന്നു. നിങ്ങള്‍ക്കായി നന്മയുടെ സദ്യയൊരുക്കി കാത്തിരിക്കാന്‍ ഒരടുക്കള എല്ലാവര്ക്കും എന്നും ഉണ്ടാകട്ടെ.

ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.


17. ഓര്‍മകളെ ആഘോഷിക്കുമ്പോള്‍...

on Thursday, August 27, 2009

ശരിയാണ്.


മനുഷ്യര്‍ പലവിധമാണ്.


ചിലര്‍ കാലങ്ങള്‍ക്കു ശേഷവും ഓര്‍ത്തെടുക്കാനുള്ള ഓര്‍മ്മകള്‍ ശേഷിപ്പിച്ചു മറയുന്നു. മറ്റു ചിലര്‍ ആ ഓര്‍മ്മകളെ ആഘോഷിക്കാന്‍ മാത്രമായി ജീവിച്ചു ഓര്‍മ്മകളാവുന്നു


ഇന്നു മലയാളത്തിലെ പ്രചാരമേറിയ പത്രങ്ങളിലോന്നില്‍ വന്ന ഒരു വാര്‍ത്തയാണ് അടുക്കളയുടെ ചിന്തകളെ ഇങ്ങനെ തിരിച്ചു വിട്ടത്.അതും അടുക്കളയുടെ കണ്ണുകള്‍ അധികം തിരയാത്ത കായിക വാര്‍ത്തകളുടെ താളില്‍ വന്ന ഒരു ചെറു വാര്‍ത്ത. അത്ര പ്രാധാന്യതോടെയല്ലാതെ കൊടുത്ത ആ വാര്‍ത്ത അടുക്കളയുടെ ചിന്തകളിലേക്ക് ഉണര്‍ന്നത് അവഗണനയുടെ ഗന്ധം സ്രവിക്കുന്ന ശീര്‍ഷകത്തിന്റെ രോദനം കൊണ്ടാണ്."ഇന്ത്യന്‍ കോച്ചിനെ ശതാബ്ദി വര്‍ഷത്തിലും ആരും ഓര്‍ത്തില്ല."


തലക്കെട്ടില്‍ നിന്നും വാര്‍ത്തയിലൂടെ യാത്ര തുടങ്ങിയപ്പോഴാണ് അബദ്ദമായിപ്പോയെന്നുതോന്നിയത്. ഒരു മുന്‍ ഫുട്ബാള്‍ പരിശീലകന്റെ 100 - ആം ജന്മദിനം ഇവിടെ ആരും ആഘോഷിച്ചില്ല എന്ന വിലാപമാണ്‌ വാര്‍ത്തയുടെ സാരം. അത് ഇത്ര വലിയ ഒരു സംഭവമാണോ എന്ന ചിന്തയില്‍ ചില സഹോദരരുമായി പങ്കു വച്ചപ്പോഴാണ് പ്രസ്തുത വിലാപത്തിന്റെ സാംഗത്യം മനസിലായത്.


ഇതു ഓര്‍മ പുതുക്കലുകളുടെ കാലമാത്രേ. വാര്‍ഷികങ്ങള്‍, ജൂബിലികള്‍, നവതികള്‍, അങ്ങിനെ അങ്ങിനെ സര്‍വം ആഘോഷമയം. ജീവിച്ചിരിക്കുന്നവരുടെ സപ്തതി, പിന്നെ വിവാഹങ്ങളുടെ ജൂബിലി, മരണമടഞ്ഞവരുടെ ചരമ വാര്‍ഷികങ്ങള്‍.... പത്രതാളുകളില്‍ മുന്പെന്നതെതിനെക്കാളും ഓര്‍മ്മയുടെ പൂക്കള്‍ നിറയുന്നു. ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ടു എന്ന പേരില്‍ ശതാഭിഷിക്തനായി എന്ന് നെറ്റിപ്പട്ടം കെട്ടിച്ചു പലരെയും എഴുന്നള്ളിക്കുന്നത്തിനും നമ്മള്‍ സാക്ഷികളാണ്. അവര്‍ എത്ര ചന്ദ്രന്മാരെ കണ്ടു എന്ന് ആര്‍ക്കറിയാം? പോട്ടെ, ആഘോഷിക്കാന്‍ കാരണങ്ങള്‍ തിരയുന്നവര്‍ക്കിടയില്‍ അതിന് ഒരു കാരണം കൂടി കണ്ടെത്തി എന്ന് മാത്രം കരുതിയാല്‍ മതി.


അടുത്ത കാലത്തു കായിക വാര്‍ത്തകളാണ് കൂടുതലും വാര്ഷികങ്ങള്‍ക്ക് പിറകെ പോയത്. മെഡല്‍ നേടിയതിന്റെ വാര്‍ഷികം, മെഡല്‍ നേടാത്തതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം. മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടത്തിന്റെ എല്ലാം വാര്‍ഷികങ്ങള്‍ അവര്‍ ആഘോഷിക്കുന്നു. ഇന്ത്യ ഒളിമ്പിക്സില്‍ ഹോക്കിയില്‍ സ്വര്‍ണം നേടിയതിന്റെയോ, ഹോക്കി ലോകകപ്പ് നേടിയതിന്റെയോ, പ്രകാശ്‌ പദുകോണ്‍ ലോക ഒന്നാം നമ്പര്‍ ആയതിന്റെയോ, ചെസ്സില്‍ ആനന്ദിന്റെ വിജയത്തിന്റെ വാര്ഷികങ്ങലോ ഒന്നും നമ്മള്‍ ആഘോഷിച്ചില്ല. മാധ്യമങ്ങള്‍ നമ്മളെ അറിയിച്ചില്ല. ക്രിക്കെറ്റ്‌ ലോകകപ്പ് ജയിച്ചതിന്റെ സില്‍വര്‍ ജൂബിലി മുന്‍പേജു മുഴുവന്‍ അതിനായി മാറ്റി വച്ചു കൊണ്ടാണ് ഒരു മലയാള പത്രം ആഘോഷിച്ചത്. കപ്പു നേടിയ അന്ന് ഇതിന്റെ പകുതി പോലും ആവേശം ഒരു പത്രത്തിനും ഉണ്ടായിക്കാണില്ല. അതൊക്കെ കൊണ്ടാവാം ഇന്നത്തെ പത്രത്തില്‍ മാധ്യമങ്ങള്‍ക്ക് "മിസ്സ്‌" ആയിപ്പോയ ഒരു ആഘോശാവസരം ഒരു വാര്‍ത്തയായത്. അതിനെക്കാള്‍ അവഗണിക്കപ്പെട്ട പലതും ഇല്ലേ എന്ന ചോദ്യം നമ്മളാരും ചോദിക്കരുത്. കാരണം-!!! രസകരമായ കാര്യം അതല്ല. ഈ വാര്‍ത്ത അച്ചടിച്ച പത്രം പോലും ആ ദിനം നമ്മുടെ കോച്ചിനെ ഓര്‍ത്തിരുന്നില്ല എന്നതാണ്. എന്നിട്ട് ഇപ്പോഴോഴുക്കുന്ന ഈ മുതലക്കണ്ണീര്‍.... അത് തന്നെയല്ലേ ഇന്നത്തെ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖം!!!സാഹിത്യ രംഗത്തും ഇപ്പോള്‍ വാര്ഷികങ്ങളുടെ വസന്തമാണ്. വാര്ഷികങ്ങളുടെ മാത്രം!!! സ്രഷ്ടാവിന്റെ ജന്മ വാരിഷികങ്ങള്‍ തുടങ്ങി പുസ്തകത്തിന്റെ വാര്ഷികങ്ങളിലൂടെ ചില കവിതകളുടെ ജൂബിലികള്‍ വരെ നാം കൊണ്ടാടുന്നു. സിനിമകള്‍ നൂറാം ദിവസം ഇരുന്നൂറാം ദിവസം എന്നൊക്കെ പരസ്യം ചെയ്യാറുള്ള പോലെ പത്താം പതിപ്പ് അന്‍പതാം പതിപ്പ് എന്നൊക്കെയായിരുന്നു പണ്ടു പുസ്തകങ്ങളുടെ ആഘോഷങ്ങള്‍. അതെല്ലാം ആ സൃഷ്ടികളുടെ ജനപ്രീതിയുടെ അളവ് കൊലുകളുമാണ്. എന്നാല്‍ ഒരു പുസ്തകത്തിന്റെ അല്ലെങ്കില്‍ കവിതയിടെ അന്‍പതാം വാര്‍ഷികം എന്ന് പറയുമ്പോള്‍ അത് സ്വാഭാവികമായ ഒരു കാലചക്രത്തിന്റെ പ്രയാണം എനതല്ലാതെ മറ്റെന്തു സവിശേഷതയാണ് പങ്കു വയ്ക്കുന്നത്. പ്രത്യേകിച്ചും അതെഴുതപ്പെടുന്ന കാലത്തില്‍ നിന്നും സമൂഹവും സാമൂഹ്യ വ്യവസ്ഥകളും, മൂല്യങ്ങളും ഒരു പാടു മാറിയ പുതിയ കാലഘട്ടത്തില്‍? ഇതു പോലെയാണെങ്കില്‍ ഇനി ഷേക്സ്പിയറിന്റെ നാടകങ്ങളുടെ 500- ആം വാര്‍ഷികവും കാളിദാസ കൃതികളുടെ ആയിരാം വാര്‍ഷികങ്ങളും ഒക്കെ കൊണ്ടാടാം നമുക്കു. ആവനാഴിയില്‍ അമ്പോഴിഞ്ഞ ചിലരെ സ്തുതി പാടാനും, പണ്ടേപോലെ ഫലിക്കാത്ത ചിലരുടെ പല്ലിന്റെ ശൌര്യം അയവിറക്കാനും, ഇങ്ങനെ ചിലര്‍ ഭൂമിയില്‍ തന്നെയുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവനവനു തന്റെ കര്‍മ്മങ്ങളിലൂടെ കഴിയാതെ വരുമ്പോഴാണ് ഇത്തരം വാര്‍ഷികങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന ദയനീയ യാദാര്‍ത്ഥ്യം അവരുടെ പൂര്‍വകാലത്തെ പ്രവര്‍ത്തനങ്ങളെ ആണ് അവഹെളിക്കുന്നത്. ഇതിനിടയില്‍ ജൂബിളികളുടെ കൂട്ടത്തില്‍ ഒരു നോവലിന്റെ മുപ്പത്തഞ്ചാം വാര്‍ഷികവും ആഘോഷിക്കുന്നതായി കേട്ടു. മുപ്പതഞ്ചിന്റെ കണക്കു എന്താണാവോ എന്തോ? ആ ആഘോഷങ്ങള്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട എന്ന മുന്‍നിലപാട് തന്നെയെന്ന്‌ ആശ്വസിക്കാം.


ഈ ആഘോഷങ്ങളെപോലെ വിസ്മരിച്ച ചിലത് അടുക്കളയുടെ മനസ്സില്‍ ഓടിയെത്തുന്നു. ആദ്യമായി ഒരു മനുഷ്യന്‍ ചന്ദ്രനിലെതിയതിന്റെ വാര്‍ഷികം എല്ലാ പത്രങ്ങളും എല്ലാ വര്ഷവും ആഘോഷിക്കാറുണ്ട്. പക്ഷെ ഈ ഏപ്രില്‍-2 ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴിക കല്ലിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമായിരുന്നു. ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് പോയതിന്റെ!!! ഒളിമ്പിക്സില്‍ മെഡല്‍ നേടാനാവാതെ പോയതിന്റെ വിശേഷങ്ങള്‍ ഒരു പേജു മുഴുവന്‍ നിരത്തിയ പത്രങ്ങള്‍ ഈ നേട്ടത്തിന് അര വരി പോലും നല്‍കിയില്ല എന്ന സത്യം മാധ്യമങ്ങള്‍ വസ്തുതകള്‍ക്ക് നല്കുന്ന പ്രാധാന്യങ്ങളുടെ അടിസ്ഥാനത്തിന്റെ പ്രതിഫലനം കൂടിയാണ്. അത് പോലെ കഴിഞ്ഞ വര്ഷം മലയാളത്തിന്റെ ആധുനിക കവിത്രയത്തിലെ വള്ളത്തോള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് അമ്പതു വര്ഷം തികഞ്ഞിരുന്നു. സാഹിത്യ സ്നേഹികളോ കലാമണ്ടലമോ മാധ്യമങ്ങളോ അത് അറിഞ്ഞതായി പോലും നടിച്ചു കണ്ടില്ല. ആശാനും ഉള്ളൂരും എല്ലാം കുറച്ചു മുന്പേ ജനിച്ചു എന്ന കാരണം കൊണ്ടാകാം മലയാളം ഇപ്പോള്‍ ചില എഴുത്തുകാരുടെ നൂറാം ജന്മ വാര്‍ഷികത്തില്‍ നടത്തുന്ന കേട്ടു കാഴ്ചകള്‍ക്ക് വിധേയരാവാതെ രക്ഷപ്പെട്ടത്.


ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നല്ലത് തന്നെയാണ്. പക്ഷെ ആ ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നത് ആത്മഹത്യപരവും. നിര്‍ഭാഗ്യവശാല്‍ കാരണങ്ങള്‍ എന്ത് തന്നെ ആയാലും ആ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. നാളേക്ക് ഒന്നും നല്കാനില്ലാതെ വരുന്നവര്‍ക്ക് മാത്രമെ ഇന്നലെകളിലെ സാഹസങ്ങളില്‍ പുളകം കൊണ്ടിരിക്കാനാവൂ. നല്ല ഓര്‍മ്മകള്‍ പങ്കു വക്കുന്നതോടൊപ്പം നാളെ തലമുറയ്ക്ക് ഓര്‍ക്കാനായി നമ്മുടെ മുന്‍ തലമുറ തന്നത് പോലെ തിളക്കമുള്ള ഓര്‍മ്മകള്‍ ബാക്കി വക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ ഇന്നത്തെ ശതാബ്ടികളുടെ ഇരട്ട ശതാബ്ടികള്‍ മാത്രം കൊണ്ടാടെണ്ടി വരും നമ്മുടെ അടുത്ത തലമുറ. അത് ഒരു സമൂഹത്തിനു ഒട്ടും തന്നെ ഭൂഷണമല്ല. ഈ ആഘോഷങ്ങളില്‍ മാത്രം മുഴുകി വിസ്മൃതിയില്‍ താഴും മുന്പ് ആ യാദാര്‍ത്യമെന്കിലും മാധ്യമങ്ങള്‍ തിരിച്ചരിഞ്ഞെന്കില്‍... കഴിഞ്ഞതിനെ കുറിച്ചോര്‍ത്തു വിലപിക്കുന്നതിനെക്കളും സന്തോഷിക്കുന്നതിനെക്കാലും ; വരാനിരിക്കുന്ന നാളെകള്‍ക്കായി വെളിച്ചം വിതരാനുള്ള ചിന്തകളായി അവരുടെ വാക്കുകള്‍ പ്രകാശിക്കട്ടെ എന്ന് മാത്രം പ്രാര്‍ത്തിച്ചുകൊണ്ടു അടുക്കള നിര്‍ത്തട്ടെ.

16. അമ്മയെ സൃഷ്ടിക്കുന്ന മക്കള്‍.....

on Friday, August 14, 2009

ഒരു വസ്തുവിനോട് ഏറ്റവും അധികം സ്നേഹം തോന്നുന്നതാര്‍ക്കാണ്???

സംശയം വേണ്ട. അതിന്റെ സ്രഷ്ടാവിനു തന്നെ!!!


അവരുടെ മനസാണ്, ആഗ്രഹങ്ങളുടെ സഫലീകരണം ആണ് ഓരോ സൃഷ്ടിയും. അവരുടെ തന്നെ പറിച്ചു മാറ്റാനാവാത്ത ഒരു ഭാഗം. അതിനെ അവരെക്കാള്‍ കൂടുതല്‍ സ്നേഹിക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക! അത് തന്നെയാണ് ഓരോ മക്കളും മാതാവിന് മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാവുന്നതിന്റെ കാരണവും. ഇന്നു അടുക്കള പറയുന്നതു ഒരു അമ്മയുടെയും കുറേ മക്കളുടെയും കഥയാണ്.(അമ്മ എന്ന വാക്കിനു മാതാവ് അഥവാ ജന്മം നല്‍കുന്നവള്‍ എന്നുള്ള നിഘണ്ടുവിലെ അര്‍ത്ഥങ്ങളെ അപ്രസക്തമാക്കുന്ന കാലമാണിതെന്കിലും അടുക്കള ഇവിടെ അമ്മയെന്ന് ഉദ്ദേശിച്ചത് ആ പഴയ അര്ത്ഥം തന്നെയാണ്. ജന്മം നല്‍കുന്നവള്‍.) പക്ഷെ ഒരു ചെറിയ വ്യത്യാസമുണ്ട്. ഇതു മക്കളെ പ്രസവിച്ച അമ്മയുടെ കഥയല്ല. മറിച്ചു അമ്മയെ സൃഷ്ടിച്ച മക്കളുടെ കഥയാണ്!!!
ആദ്യം ഒരു ചെറിയ നാടോടിക്കഥ പറഞ്ഞു കൊണ്ടു നമുക്കു തുടങ്ങാം. പണ്ടു പണ്ടു.... വളരെ പണ്ടു ഒരു കാട്ടില്‍ രാജാവായ ഒരു സിംഹമുണ്ടായിരുന്നു. അവന്റെ ഭരണത്തില്‍ മൃഗങ്ങളെല്ലാം സന്തുഷ്ട ജീവിതം നയിച്ചു വരികയായിരുന്നു. പെട്ടെന്നാണ്‌ ആ സിംഹം ഒരപകടത്തില്‍ പെട്ട് കഥാവശേഷനാവുന്നത്. കാടിന് പൊടുന്നനെ നാഥനില്ലാത്ത അവസ്ഥ. സിംഹത്തിന് രണ്ടു മക്കളുണ്ടായിരുന്നു. രണ്ടു മക്കള്‍ക്കും രാജവാകണമെന്നു വാശി. എന്ത് ചെയ്യാം; കാട് ഒന്നല്ലേ ഉള്ളൂ... ഒടുവില്‍ രണ്ടു പേരും കൂടി ഒരു തീരുമാനത്തില്‍ എത്തി. കാടിനെ വിഭജിക്കുക. എങ്ങനെ വിഭജിക്കും. അവര്‍ തന്നെ തീരുമാനിച്ചു. ആദ്യം മൃഗങ്ങളെ രണ്ടായി വിഭജിക്കാം. പിന്നെ കാടും. ആദ്യം സസ്യഭുക്കുകള്‍ എന്നും മാംസഭുക്കുകള്‍ എന്നും മൃഗങ്ങളെ തിരിച്ചു. അത് എളുപ്പം കഴിഞ്ഞു . പക്ഷെ സ്ഥലം, അത് വിഭജിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. കിഴക്ക് കുറ്റി ചെടികളും താഴ്വാരങ്ങളും തടാകവും ഉള്ള ഭാഗം സസ്യഭുക്കുകള്‍ താമസിക്കുന്നിടമാണ്. പടിഞ്ഞാറ് വന്മരങ്ങളും കുന്നുകളും നിറഞ്ഞ ഭാഗം മാംസഭുക്കുകളുടെതും. പക്ഷെ ഇതിനിടയില്‍ രണ്ടു പേരും ചേര്ന്നു ജീവിക്കുന്നിടമുണ്ട്. അവിടം എങ്ങനെ വിഭജിക്കും എന്നതാണ് പ്രശ്നം. ഒരാള്‍ പറഞ്ഞു കാട്ടുചോലയുടെ കിഴക്കേ തീരം അതിര്‍ത്തിയാക്കാം. പക്ഷെ രണ്ടാമന് അത് സ്വീകാര്യമായില്ല. കാരണം അവന്റെ രാജ്യം ചെറുതായിപ്പോകും. അവന് കാട്ടുചോല കഴിഞ്ഞുള്ള മലനിരയായിരുന്നു ലക്ഷ്യം. തര്ക്കം തുടര്‍ന്നപ്പോള്‍ അവര്‍ തീരുമാനങ്ങള്‍ മൃഗങ്ങളെ അറിയിച്ചു. അത് വരെ അവരെ ഒന്നിച്ചു നിര്‍ത്തിയിരുന്ന ഒരു പാടു കാരണങ്ങളെയെല്ലാം ഒരൊറ്റ വൈരുധ്യം ഇരുളിലാഴ്ത്തി. അതിര്‍ത്തിയില്‍ നിന്നു ഇരു ഭാഗത്തേക്കും മൃഗങ്ങള്‍ പലായനം ചെയ്തു. അത് വരെ ഒന്നായിരുന്ന മൃഗങ്ങള്‍ രണ്ടു സ്വാര്‍ത്ഥ മതികള്‍ക്ക് വേണ്ടി രണ്ടു സമൂഹമായി. രണ്ടു വിഭാഗമായി. അതിര്‍ത്തി രണ്ടു പേരുടേയും അഭിമാന പ്രശ്നമാണെന്ന് സിംഹ രാജാക്കന്മാര്‍ പ്രഖ്യാപിച്ചു. അതോടെ ഇരു കൂട്ടരും തമ്മില്‍ പോരാട്ടവും തുടങ്ങി. രാജാക്കന്മാര്‍ അരമനയിലിരുന്നു തങ്ങളുടെ രാജ്യത്തിന്റെ വികസിക്കുന്ന വിസ്തൃതി മൃഗങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. അതിര്‍ത്തിയില്‍ അതിനെക്കാളേറെ മൃഗങ്ങളുടെ ജീവന്‍ പൊളിഞ്ഞു കൊണ്ടുമിരുന്നു....കഥ തല്‍ക്കാലം നിറുത്തട്ടെ. കാരണം ഇതൊരു അവസാനമില്ലാത്ത കഥയാണ്. പോരാട്ടങ്ങളുടെ ഓരോ ദിനത്തിലും വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു. അതിര്‍ത്തികളും അതോടൊപ്പം തന്നെ മാറിക്കൊണ്ടിരുന്നു. ജീവിതങ്ങള്‍ ഒരുപാടു പൊലിഞ്ഞു കൊണ്ടുമിരുന്നു. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. അവസാനമില്ലാതെ....


മുകളില്‍ പറഞ്ഞ കഥ ഒരു കഥ മാത്രമാണ്. പക്ഷെ ആ വരികള്‍ക്കിടയില്‍ ഉള്ള കഥകള്‍ ഒരു പക്ഷെ നമുക്കു പലയിടത്തും ദര്‍ശിക്കാന്‍ കഴിഞ്ഞേക്കാം. അത് തന്നെയാണ് ഈ കഥ ഇവിടെ പ്രസ്താവിക്കാന്‍ ഉണ്ടായ സാംഗത്യവും. കൂടാതെ അടുക്കള ഇനി പറയാന്‍ പോകുന്ന പല കാര്യങ്ങളുടെയും ഉത്തരവും ഈ കഥ തന്നെയാണ്. അത് കൊണ്ടു ഈ കഥ മനസിലോര്‍ത്തു തന്നെ ആദ്യം പറഞ്ഞ മറ്റൊരു കഥയിലേക്ക് പോകാം. അതെ അമ്മയെ സൃഷ്ടിച്ച മക്കളുടെ കഥയിലേക്ക്...


നാളെ ആ അമ്മയുടെ 63-ആം പിറന്നാളാണ്. ഓരോ പിറന്നാളിനുമെന്നപോലെ നാളെയും നാടൊട്ടുക്ക് ആഘോഷങ്ങളുണ്ടാകും. മക്കളെല്ലാരും അമ്മയുടെ സ്തുതി ഗീതങ്ങള്‍ പാടും. എങ്കിലും ദു:ഖകരമായ മറ്റൊരു യാദാര്‍ത്ഥ്യം നമ്മള്‍ക്ക് വിസ്മരിക്കാനാവുമോ??? ആഹ്ലാദം നിറയേണ്ട ഈ ദിനം മനസുകളില്‍ ആശങ്കയുടെ ഭീതിയുടെ കാര്മേഘങ്ങളാല്‍ മൂടപ്പെടുന്ന; കുറേ വര്‍ഷങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്ന അനുഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ച!!!


എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ആരാണ് നമ്മുടെ സമാധാനം കെടുത്തുന്നത്? ഉത്തരങ്ങള്‍ ഒരു പക്ഷെ പെട്ടെന്ന് തന്നെ നാവിലുയര്‍നെക്കാം. കാരണം നാം എല്ലാത്തിനും ഉത്തരങ്ങള്‍ മുന്പേ ചൊല്ലിപഠിച്ചിട്ടുണ്ടല്ലോ. പക്ഷെ നമ്മള്‍ ചിന്തിക്കേണ്ടത് ആരാണ് നമ്മുടെ ശത്രു എന്നല്ല. ആരാണ് നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചതെന്നാണ്!!! അടുക്കളക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. കാരണം, ഒരാളെ സ്നേഹിക്കുന്നതിനു, സ്നേഹിക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ കാരണങ്ങളൊന്നും വേണ്ട; പക്ഷെ വെറുക്കുന്നതിനു കൃത്യമായ കാരണങ്ങള്‍ കൂടിയേ തീരൂ. ആ കാരണങ്ങളാണ് യദാര്‍ത്ഥത്തില്‍ നമ്മുടെ ശത്രുക്കള്‍ എന്ന് വിശ്വസിക്കാനാണ് അടുക്കളക്കിഷ്ടംഒരാളെയും ശത്രുവായി കാണാന്‍ ഒരമ്മക്കുമെന്നപോലെ അടുക്കളക്കുമാവില്ല.ഈ അമ്മയുടെയും മക്കളുടെയും അശാന്തിയുടെ കാരണങ്ങള്‍ തേടിപ്പോയാല്‍ അതിന്റെ അങ്ങേ അറ്റത്ത്‌ നേരത്തെ പറഞ്ഞ നാടോടിക്കഥയുടെ മറ്റൊരു രൂപമാണ് കാണാന്‍ കഴിയുക. പക്ഷെ അതിന് മുന്പ് അഴകളവുകള്‍ നിശ്ചയിച്ചു നിങ്ങള്‍ തന്നെ ചെത്തി മുറിച്ചു മിനുക്കിയെടുത്ത അമ്മയുടെ ശരീരത്തിന്റെ; രൂപത്തിന്റെ ഇന്നലെകളുടെ യാദാര്‍ത്യങ്ങളില്‍ ഒന്നു മുങ്ങാം കുഴിയിട്ട് നിവരാം.ഇന്നലെകളിലേക്ക്.... കൃത്യമായി പറഞ്ഞാല്‍ ഒരു നാള് പതിറ്റാണ്ട് പുറകിലേക്ക് മനസിനെ നമുക്കു യാത്രയാക്കാം. ഇന്നത്തെ മക്കളുടെ പൂര്‍വികര്‍ അന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷെ ഈ മാതാവ്... അവര്‍ അന്നുണ്ടായിരുന്നില്ല. പകരം ഇവിടെയുണ്ടായിരുന്നു; പരസ്പരം പോരടിക്കുന്ന മക്കളുടെ ഒരുപാടു അമ്മമാര്‍....


ഇനി കാല്പനികതയുടെ സ്വപ്നങ്ങളില്‍ നിന്നും യാദാര്‍ത്യങ്ങളുടെ ചിന്തകളിലെക്കുനരാം. ഇതിഹാസ കാവ്യങ്ങളെന്നു പുകള്‍ പെറ്റ രാമായണത്തിലോ മഹാഭാരതത്തിലോ വേദങ്ങളിലോ പുരാണങ്ങളിലോ ഒന്നും ഏക ഭരണത്തിന്‍ കീഴിലുള്ള ഭാരതം എന്ന ദേശത്തെക്കുറിച്ച് ചെറു പരാമര്‍ശം പോലുമില്ല. അയോധ്യയും, ഹസ്തിനപുരിയും എല്ലാം ചെറു ചെറു രാജ്യങ്ങള്‍ മാത്രമായിരുന്നു. അതിന് ശേഷം ഇവിടെ ഭരിച്ച മൌര്യന്മാരും മുഗളന്മാരും "ഭാരത്തിലെ" ചക്രവര്‍ത്തിമാരായിരുന്നു എന്ന് നാം പഠിക്കുന്നുണ്ട്. പഠിപ്പിക്കുന്നുണ്ട്. പക്ഷെ "ഭാരതത്തിന്റെ രാജാവ് " " ഭാരതത്തിന്റെ ചക്രവര്‍ത്തി" എന്നൊരു വിശേഷണം നാം ഒരിടത്തും കേട്ടില്ല.
നാലു നൂറ്റാണ്ട് മുന്പ് ബ്രിട്ടീഷുകാര്‍ വന്നത് ഇന്ത്യയിലേക്ക്‌ ആയിരുന്നില്ല. (ഇന്ത്യ എന്ന പേരു ശീര്‍ഷകമാക്കിയ ഒരു കമ്പനിയുമായാണ് വന്നതെങ്കിലും.) അവര്‍ വന്നത് മുഗള്‍ സാമ്രാജ്യതിലെക്കായിരുന്നു. പിന്നെ കൊച്ചി രാജ്യതെക്കായിരുന്നു. നൈസാമിന്റെ, മൈസൂര്‍ രാജാവിന്റെ രാജ്യങ്ങളിലെക്കായിരുന്നു. പിന്നെ ആരാണ് ഭാരതമെന്ന രാജ്യം ഉണ്ടാക്കിയത്. അതെ, മറ്റാരുമല്ല; ബ്രിടീഷുകാര്‍ തന്നെയാണ് അതിന് കാരണം. ഒരു പൊതു ശത്രു എന്ന നിലയില്‍ അവരെ കണ്ടതാണ് ഈ പ്രദേശത്തെ ജനങ്ങളെ അവര്‍ക്കെതിരെ ഒരു ശക്തിയായി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഒരു പൊതു ആവശ്യത്തിനു വേണ്ടി മാത്രമുള്ള കൂടിച്ചേരല്‍.


അതിന് മുന്പ് ഭാരതം എണ്ണ പദം ഒരു പക്ഷെ നദീതട സംസ്കാര കാലത്ത് ഉണ്ടായിരുന്നിരിക്കാം. പക്ഷെ ആ സങ്കല്പത്തിന് ഇന്നത്തെ ഉത്തരേന്ത്യയിലെ ഇന്‍ഡോ-ആര്യന്‍ വംശജരുടെ താവളങ്ങളില്‍ നിന്നും തെക്കോട്ട്‌ ദ്രാവിഡ തീരങ്ങളിലേക്ക് വളര്‍ന്ന ഏക ഭരണ സംവിധാനം ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് ഇതുവരെയുള്ള പഠനങ്ങളും ചരിത്രങ്ങളും നമ്മെ പഠിപ്പിക്കുന്നത്‌. ഇതു തന്നെയാണ് ഭാരതമെന്ന രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും ഇന്നലെകളുടെയും അസ്തിത്വത്തെ ദുര്‍ബലമാക്കുന്നതും.


ഒന്നിനെ എതിര്‍ക്കാന്‍ മാത്രമായി ഉണ്ടാക്കപെടുന്ന ഒന്നിനും തന്നെ ഏറെ നില നില്‍ക്കാനാവില്ല എന്നതാണ് യാദാര്‍ത്ഥ്യം. എന്തിനെ എത്ര്‍ക്കാന്‍ ഉണ്ടാക്കപ്പെട്ടുവോ അതിന്റെ നാശം ഉണ്ടാക്കപ്പെട്ടതിന്റെയും നാശമാണ്. ഒരു പാടു ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും ധീര ദേശാഭിമാനികളുടെ അപദാനങ്ങള്‍ വാഴ്ത്തിയും ടെശീയോദ്‌ഗ്രധന പ്രതിജ്ഞകള്‍ ചൊല്ലിയും ആ മാതാവിനെ നിലനിര്‍ത്താന്‍ പാടുപെടുന്നത് കാണാതെയല്ല. പക്ഷെ അതെല്ലാം തന്നെ അര്‍ത്ഥശൂന്യമാണെന്നു തെളിയിക്കുന്ന, ആ പ്രതിജ്ഞകളെ തമസ്കരിക്കുന്ന അസംഖ്യം സംഭവങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കാത്തത് അത്ഭുതം തന്നെ. അതോ അപ്രിയ സത്യങ്ങളില്‍ നിന്നുള്ള ഒളിചോട്ടമോ???


ഭാരതമെന്ന സങ്കല്പത്തിന് ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തി കൊണ്ടുള്ള ചൂഷണത്തില്‍ നിന്നും ഒരു മോചനം!!! അതിനപ്പുറത്ത് നാം മലയാളികള്‍ ആണ്. അവര്‍ തമിഴരും, തെലുങ്കരും, ബീഹാറികളും, ഗുജറാത്തികളും, കാശ്മീരികളുമാണ്. പിന്നെ കുറച്ചു പേരെ മാത്രം ഒരു വര വരച്ചു പുറത്തു നിര്ത്തി ശത്രുക്കളെന്നു നമ്മെ പഠിപ്പിച്ചത് എന്തിനാണ്. ആര്‍ക്കു വേണ്ടിയാണ്??? ആരാണ് ഒരു മേശക്കു ചുറ്റുമിരുന്നു നമ്മുടെ ശത്രുതക്കും സൌഹൃദത്തിനും അതിരുകളും, അര്‍ത്ഥങ്ങളും നിശ്ചയിച്ചത്??? എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ; ആ വരക്കപ്പുരമുള്ളവരും ഇപ്പുരമുല്ലാവരും തമ്മിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനം എന്തെന്ന്??? വരക്കിപ്പുരമുള്ളവര്‍ തമ്മിലുള്ള വ്യത്യാസം പോലും അവരുമായി കണ്ടെത്താന്‍ ചിലപ്പോള്‍ നമുക്കു കഴിയില്ല.

നമ്മുടെ ദേശീയ ഗാനത്തില്‍ പ്രതിപാദിക്കുന്ന ദേശങ്ങലായ പഞ്ചാബിന്റെ പകുതി മുക്കാലും ഇന്നെവിടെയാണ്‌? സിന്ധ് എവിടെയാണ്? ആ പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചി എവിടെയാണ്??? ദേശീയ ഗാനം ആലപിക്കുന്ന ഓരോ തവണയും നാം അവരെ ഓര്‍ക്കുന്നു. നമ്മളിലോരുവരായി അംഗീകരിക്കുന്നു. എന്നിട്ടും അവരെ ശത്രുക്കളായി കാണാന്‍ വിധിക്കപ്പെടുന്നുവേങ്കില്‍ അടുക്കളക്ക് നിങ്ങളോട് സഹതാപം മാത്രമെ ഉള്ളൂ. കാരണം ആരുടെയൊക്കെയോ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും അധികാരമോഹങ്ങള്‍ക്കും വേണ്ടി വീതം വയ്ക്കപ്പെട്ട അടിമകള്‍ മാത്രമായിപ്പോയല്ലോ നിങ്ങള്‍!!!


ഭൂമിയില്‍ വരക്കാതെ വരയ്ക്കപ്പെടുന്ന, എന്നാല്‍ മനസുകളെ കീറി മുറിക്കുന്ന ചില രേഖകള്ക്കപ്പുറത്തെ ശത്രുക്കളെന്നു പ്രഖ്യാപിക്കപ്പെട്ട സഹോദരരെക്കാള്‍; അഭിപ്രായ ഭിന്നതകളും, വൈരങ്ങളും, പ്രാദേശിക വാദങ്ങളുമെല്ലാം ഒന്നാണെന്ന് പറയപ്പെടുന്ന നമ്മള്‍ക്കിടയിലുന്ടെന്ന വസ്തുത അറിഞ്ഞു കൊണ്ടു മറക്കുകയല്ലേ നാമെല്ലാം. മദ്രാസ്‌ സംസ്ഥാനത്തില്‍ നിന്നും തെലുങ്കരുടെ പ്രത്യേക താത്പര്യം സംരക്ഷിക്കാനായി പ്രത്യേക സംസ്ഥാനം വേണമെന്നു ആവശ്യപ്പെട്ടു ഉപവസിച്ചു മരണമടഞ്ഞ പോറ്റി ശ്രീരാമാലുവില്‍ തുടങ്ങുന്ന പ്രാദേശിക വാദങ്ങള്‍ തെളിയിച്ചത്, നാനാത്വത്തിലെ ഏകത്വത്തിന്റെ ശക്തിയല്ല, മരിച്ചു എകത്വതിലെ നാനത്വത്തിന്റെ ഭിന്നതകളാണ്. ചൈനയുമായുള്ള യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നവരേയും നമ്മള്‍ കണ്ടു. രാജ്യ രക്ഷയുടെ സന്നിഗ്ദ ഘട്ടങ്ങളില്‍ പോലും ഒറ്റക്കെട്ടവാന്‍ നമുക്കു കഴിയുന്നില്ല എന്നതിന് വേറെ തെളിവെന്തിന്. 63 വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു വര രണ്ടു പേര്‍ വരച്ചത് പോലെ ഒരു പാട് വരകള്‍ കൊണ്ടു മാത്രം ശിതിലീകരിക്കാവുന്ന അവസ്ഥ തന്നെയാണിന്നും ഭാരതമെന്ന രാഷ്ട്രത്തിന്. മറാതികളും ബീഹാറികളും തമ്മില്‍ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍, ആന്ധ്ര പ്രദേശില്‍ തന്നെ തെലുങ്കാന സംസ്ഥാനം വേണമെന്നു വാദിക്കുന്നവരും മറ്റുള്ളവരും തമ്മിലുള്ള ഭിന്നതകള്‍, കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള വൈരം, ഇതിനെല്ലാം പുറമെ തീവ്രവാദികലെന്നും രാജ്യദ്രോതികലെന്നും നമ്മള്‍ വിളിക്കുന്നവരുടെ വളര്ച്ച; ഇതിനെയെല്ലാം സൌകര്യപൂര്‍വ്വം മറന്നു നാം പിന്നെയും നമ്മുടെ ശത്രുക്കളെയും മിത്രങ്ങളെയും അന്ധമായി തരം തിരിക്കുന്നു.


ഒന്നുകൂടി ആഴത്തില്‍ ഇഴ കീറി നോക്കിയാല്‍ ദക്ഷിണേന്ത്യയിലെ ദ്രാവിടരെക്കാള്‍ ഇന്നത്തെ പാക്കിസ്ഥാനും, അവിടത്തെ ജനങ്ങളുമാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന ഭാരതത്തിന്റെയും, ഭാരതീയരുടെയും പ്രതിനിധികളായി ഉത്തരെന്ത്യകാരോടൊപ്പം നില്‍ക്കേണ്ടത് എന്നും പറയേണ്ടി വരും. ആ ഭൂപ്രദേശങ്ങളും അവിടത്തെ ജനങ്ങളുമാണ് ഏറെ ഒരുമിച്ചു കഴിഞ്ഞതെന്നും കാണാന്‍ അധികമൊന്നും അന്വേഷിച്ചു പോകേണ്ടതില്ല. അങ്ങനെ ഒരുമിച്ചു കഴിഞ്ഞവരെ ശത്രുക്കളായി കാണാന്‍ നമുക്കു കഴിയുമെങ്കില്‍ പിന്നെ ആരെയാണ് ശത്രുക്കളായി കാണാന്‍ കഴിയാത്തത്. അതിന്റെ തെളിവാണല്ലോ ഏറ്റവുമൊടുവില്‍ ബങ്കളൂരുവില്‍ തിരുവള്ളുവര്‍ പ്രതിമ അനാച്താദനം ചെയ്യുന്ന ദിനം ബന്ദായി ആഘോഷിച്ചു കര്‍ണാടകക്കാര്‍ തമിഴരോടുള്ള സഹോദര സ്നേഹം വെളിവാക്കിയത്. പ്രാദേശികമായ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്ക്കുന്ന ദേശഭക്തി എന്ന വാക്കിന്റെ സങ്കുചിതത്വത്തെ തന്നെ അടുക്കള വെറുക്കുന്നു. മറ്റൊരാളെ ശത്രുവായി കാണുന്ന ഏതൊരു ഭക്തിയും ഭക്തിയല്ല, വെറും ക്രൂരത മാത്രമാണ്.


നമുക്കു സ്നേഹം പരത്താനായി കൂട്ട് കൂടാം. പരസ്പരം സഹായിക്കാനായി ചേര്ന്നു നില്‍ക്കാം. അധികാര മോഹികളുടെ സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി മാത്രമായി നമ്മളില്‍ വിഭാഗീയത നിറക്കുന്നവരെ നിരാകരിക്കാനായി ഒറ്റക്കെട്ടാകാം.


ദേശീയത, പ്രാദേശീയത തുടങ്ങിയ ഇടുങ്ങിയ ചിന്താഗതികള്‍ മനസിലേക്ക് പ്രക്ഷാളനം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ഈ വികസിച്ച ലോകത്തും തിരിച്ചരിയാനാവുന്നില്ലെന്കില്‍ പിന്നെ നമ്മുടെ എല്ലാ വിദ്യാഭ്യാസവും വ്യര്തമല്ലേ. ശീതീകരിച്ച മുറികളില്‍ പരാജയപ്പെടാന്‍ മാത്രമായി ചര്‍ച്ചകള്‍ നടത്തി സ്വന്തം സഹോദരന്മാരെ മരണമുഖത്തേക്ക്‌ പറഞ്ഞയക്കുന്നവരുടെ ആവശ്യങ്ങള്‍, ഒരു പരിക്കുമില്ലാതെ പ്രസ്താവനാ യുദ്ധങ്ങള്‍ ജയിച്ചു നിങ്ങളെ ആവേശ ഭരിതരാക്കുന്ന അവരുടെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങള്‍; ഇവയൊന്നും തിരിച്ചരിയാനാവുന്നില്ലെന്കില്‍ പിന്നെ നമ്മുടെ വിവേചന ബുദ്ധി എന്തിനാണ്. ആരുടെയൊക്കെയോ ആവശ്യങ്ങള്‍ക്കായി ഒരു വര വരച്ചു ഒരുമിച്ചു കഴിഞ്ഞിരുന്നവരെ തമ്മില്‍ ഭിന്നിപ്പിച്ചു ആ വരക്കപ്പുരമുള്ള സകലജീവജാലങ്ങളും നമ്മുടെ ശത്രുക്കളാണെന്ന് പറഞ്ഞവരുടെ ലഖ്യങ്ങള്‍ നമ്മള്‍ തിരിച്ചറിയണം. ഇതു പോലെ ഇനി വീണ്ടും ഒരു വര വരച്ചു നമ്മെ വേര്തിര്‍ക്കാന്‍ അവര്ക്കു കഴിയും. കാരണം അത്രമേല്‍ നമ്മള്‍ ഓരോരുത്തരും നമ്മിലെക്കൊതുങ്ങിയവരാണ്. അതിനെ മുതലെടുക്കുന്നവരെ, അതിലൂടെ നമ്മില്‍ വൈരത്തിന്റെ വിത്ത് പാവുന്നവരെ, അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ ഇനിയും നമ്മള്‍ കാണാതിരുന്നു കൂടാ... അവരാണ് നമ്മള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കിയത്... നമ്മളെ തന്നെ നമ്മളുടെ ശത്രുക്കലാക്കിയത്... അതെ യദാര്‍ത്ഥ ശത്രുക്കള്‍ അവരാണ്... അധികാര കേന്ദ്രങ്ങളിലിരുന്നു നമ്മെ പരസ്പരം ശത്രുക്കലാക്കുന്നവര്‍.. പരസ്പരം പോരടിപ്പിച്ചു നമ്മുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്നവര്‍... അവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്...അവരില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ മാത്രമെ നമ്മള്‍ സമാധാനതിലെക്കുനരൂ... ജീവിതത്തിന്റെ ആഹ്ലാടങ്ങളിലേക്ക് ഉയരൂ... ആ സാര്‍വദേശീയതയിലേക്കുള്ള മുന്നെറ്റമാവട്ടെ ഇനിയുള്ള നമ്മുടെ ലക്ഷ്യം... അതിരുകളാല്‍ ബന്ധിതമാകാത്ത കീറി മുറിച്ചു വികലമാക്കാത്ത ഒരു വിശ്വ മാതാവിനെ ഈ മക്കള്‍ സൃഷ്ടിക്കുന്ന കാലം നിങ്ങളെപ്പോലെ അടുക്കളയുടെയും സ്വപ്നമാണ്....


15. സൌഹൃദം-സാഹോദര്യം-പ്രണയം!!!!

on Sunday, August 09, 2009

"ഭാരതം എന്റെ രാജ്യമാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്......"

ഓര്‍മയില്ലേ. വാക്കുകളുടെ അര്‍ത്ഥവ്യാപ്തി അറിയാതെ മന:പാഠമാക്കി വച്ച പ്രതിജ്ഞ; സഹപാഠികളില്‍ ആരോ ചൊല്ലിത്തന്നത് യാന്ത്രികമായി ഏറ്റുചൊല്ലിയ ഒരു ബാല്യം...


സാങ്കേതികമായി ഏറെ വളര്‍ന്നതോടൊപ്പം അത്രത്തോളം തന്നെ ചുരുങ്ങി സങ്കുചിതമായ ഇപ്പോഴത്തെ മുതിര്‍ന്ന ആ മനസുകൊണ്ട് അന്ന് ചൊല്ലാറുള്ള പ്രതിജ്ഞ ഒന്നു കൂടി ചൊല്ലി നോക്കൂ... (സങ്കുചിതമായ മനസെന്നു പറഞ്ഞതു ബോധപൂര്‍വം തന്നെയാണ്. നിങ്ങള്‍ വിശാലമെന്നു സ്വയം പുകഴ്ത്തുന്ന ആ മനസിലെ ഇടുങ്ങിയ ചിന്തകളെ പറ്റിപിന്നീടൊരിക്കല്‍ പറയാം.) പല വാചകങ്ങളുടെയും അര്‍ത്ഥങ്ങളും അത് ഏറ്റു പറയുന്നതിലെ അര്‍ത്ഥശൂന്യതയും എത്ര പേരുടെ മനസിന്റെ അധരങ്ങളില്‍ ചിരി പടര്‍ത്തുന്നുണ്ട്???

വാക്കുകളുടെയും വാഗ്ദാനങ്ങളുടെയും അപൂര്‍വ്വം സഫലീകരണങ്ങളും അനേകം അവഗണനകാലും വേണ്ടുവോളം അനുഭവിച്ചറിഞ്ഞ നിങ്ങള്‍ക്ക് മുന്നില്‍ അതെപറ്റി കൂടുതലൊന്നും അടുക്കളക്ക് പറയാനില്ല. പക്ഷെ, ആദ്യം പ്രസ്താവിച്ച പ്രതിജ്ഞയിലെ ഒരുവാചകം വെറുതെ വായിച്ചു കളയാനാവുന്നില്ല.

"എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്..."

ചിലപ്പോള്‍ ഒരു ഒഴുക്കിന് പറഞ്ഞതാവാം എന്ന് പലര്‍ക്കും തോന്നാം. പക്ഷെ അടുക്കളക്ക് ഇന്നു സഞ്ചരിക്കാനുള്ളത് ആ വാക്കുകളുടെ ഇടയിലൂടെയാണ്. സാഹോദര്യത്തിലൂടെ.... സൌഹൃദങ്ങളിലൂടെ... ബന്ധങ്ങളുടെ മറ്റൊരു മേച്ചില്‍ പുറങ്ങളിലേക്ക്....ഇക്കഴിഞ്ഞ വാരം ബന്ധങ്ങളുടെ സ്മരണകളുണര്‍ത്തി രണ്ടു ദിനം നമ്മെ കടന്നു പോയിരുന്നു.

ആഗസ്റ്റ്‌ -2 - സൌഹൃദ ദിനം.

ആഗസ്റ്റ്‌ -5 - രക്ഷാബന്ധന്‍.

തിരക്ക് പിടിച്ച ജീവിതത്തിന്റെ "ടൈം ടേബിള്‍" തയ്യാറാക്കുമ്പോള്‍ ഓരോന്നിനും ഓരോ ദിവസങ്ങള്‍ മാറ്റി വയ്ക്കുന്ന പുതിയ രീതികളോട് അടുക്കളക്ക് അഭിപ്രായമില്ലെങ്കിലും; മനുഷ്യന്‍ വെറും യന്ത്രങ്ങള്‍ മാത്രമായി മാറാതിരിക്കാന്‍ അത്തരം ദിനങ്ങളുടെയെങ്കിലും ആവശ്യകതയെ അവഗണിക്കാനാവുന്നില്ല. അത് കൊണ്ടു തന്നെ ഈ രണ്ടു ദിനങ്ങളെയും ഏറെ കൌതുകത്തോടെ തന്നെയാണ് അടുക്കള വീക്ഷിച്ചതും.

ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തെ ആഘോഷത്തിനു പുതിയ തലമുറയുടെ അവഗണന നേരിടുന്നുണ്ടോ എന്ന സംശയം ഇല്ലാതില്ല. ഒരു പക്ഷെ പലരും പറയുന്നതു പോലെ ഒരു മത വിഭാഗത്തിന്റെ ആചാരമെന്നു മുദ്ര കുതപെട്ടതാകാം അതിന് കാരണം.(അവര്‍ 1905-ലെ ബംഗാള്‍ വിഭജനത്തെയോ അതിന്റെ പ്രതിഷേധമായി കൊണ്ടാടപ്പെട്ട രക്ഷാബന്ധന്റെ ഓര്‍മ്മകളെ കുറിച്ചോ വിസ്മരിക്കുകയാവണം). എന്നിരുന്നാലും അത് മാത്രമാണോ കാരണമെന്നതിനു ഒരു ഉത്തരം തിരയുക കൂടിയാണ് ഈ ചിന്തകളിലൂടെ അടുക്കള ലക്ഷ്യമിടുന്നത്. രക്ഷാ ബന്ധന്‍ എന്നത് മതത്തിന്റെ ആചാരമാക്കി മാറ്റിയത് ഏത് അടിസ്ഥാനത്തിലാണെന്ന് അടുക്കളക്ക് ഇനിയും മനസിലാവുന്നില്ല. അത് കൊണ്ടു തന്നെ എല്ലാ മതങ്ങളുടെയും മതില്‍ക്കെട്ടിനപ്പുറത്തെ സാഹോദര്യത്തിന്റെ വര്‍ണോല്‍സവമായി അതിനെ കാണാന്‍ അടുക്കള ഇഷ്ടപ്പെടുന്നു. തന്നെയുമല്ല അടുക്കളക്ക് എന്നും ഏറ്റവും പരിചിതം സാഹോദര്യം തന്നെയായിരുന്നു. ലോകത്തിനു മുന്നില്‍ ഓരോ ഭാവങ്ങള്‍ അഭിനയിച്ചു ഒടുവില്‍ തളര്‍ന്നു എന്റെ മടിതട്ടിലെത്തുമ്പോള്‍; അവര്‍ക്ക്‌ മറ്റൊരു മുഖം മൂടിയുടെ നേര്‍ത്ത പാടപോലും ഉണ്ടാകാറില്ല. ആ കണ്ണുകളില്‍ ഏറെ കണ്ടതും അനുഭവിച്ചതും എന്നും സാഹോദര്യം തന്നെയായിരുന്നു.

എങ്കിലും അവരുടെ വാക്കുകളിലൂടെ സൌഹൃദത്തിന്റെ തെന്നലും ഇതുവഴി ഇടക്കൊക്കെ മൂളി പറന്നിട്ടുണ്ട്. ആ ഓര്‍മകളുടെ നിലാവില്‍ നിന്നു കൊണ്ടാണ് ഇന്നു അടുക്കള നിങ്ങള്‍ക്ക് മുന്നില്‍ സൌത്രിടതിനും സാഹോദര്യത്തിനും വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത്‌.

തന്റെ പ്രശസ്തമായ പ്രവാചകന്‍ എന്ന പുസ്തകത്തില്‍ സുഹൃത്തിനെക്കുറിച്ച് ഖലീല്‍ ജിബ്രാന്‍ കോറിയിട്ടത്‌ എങ്ങനെ ആയിരുന്നു.

"സുഹൃതെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള മറുപടി എന്നാണര്‍ത്ഥം!!!"

സൌഹൃദങ്ങള്‍ എന്നും നമുക്കു വച്ചു നീട്ടുന്നത് അവസരങ്ങളുടെ പെരുമഴ തന്നെയാണ്. മറ്റൊരര്‍ത്ഥത്തില്‍ ആവശ്യങ്ങളുടെ ഉല്പന്നമാണ് സൌഹൃദം. നിങ്ങളില്‍ പലരും, പക്ഷെ അതിനെ വ്യാഖ്യാനിച്ച്ഒരു പാടു പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അറിയാതെയല്ല. പുസ്തകത്തിലെ പശു പുല്ലു തിന്നില്ല എന്ന് മാത്രമെ ആ വ്യാഖ്യാനങ്ങളെക്കുറിച്ച് അടുക്കളക്ക് പറയാനുള്ളൂ. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. നിങ്ങള്‍ ഇന്നു പ്രകടിപ്പിക്കുന്ന സൌഹൃദത്തിന്റെ രൂപം നിങ്ങള്‍ വരക്കുന്നത് പോലെ, എഴുതുന്നത് പോലെ നിസ്വാര്‍ഥതയുടെ നിറം കലര്‍ന്നതല്ല.

സൗഹൃദം തീര്‍ച്ചയായും സ്വാര്‍ത്ഥം തന്നെയാണ്. ഒന്നോര്‍ത്തു നോക്കൂ... നിങ്ങള്‍ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ പോലും സ്വാര്‍ഥതയുടെ നിഴല്പാടുകള്‍ പതിഞ്ഞവയല്ലേ. ആവശ്യങ്ങള്‍ക്ക് ഉപകരിക്കാത്ത, നിങ്ങളുടെ കാഴ്ച്ചകള്‍ക്കപ്പുറത്തെ യാദാര്‍ത്യങ്ങളിലേക്ക് മിഴികളയക്കുന്ന, തെറ്റുകള്‍ തുറന്നു പറയുന്ന ഒരു സൗഹൃദം എത്ര നാള്‍ നിങ്ങള്‍ക്കു തുടരാന്‍ കഴിയും.

ഇല്ല.

ഒരു പക്ഷെ നിഷേധിക്കാന്‍ വെറും വാക്കുകള്‍ പൊഴിചെന്നിരിക്കാം. അപൂര്‍വ്വം വൈരുധ്യങ്ങളും ഉണ്ടാകാം. എങ്കിലും സ്വാഭാവികമായ ചിന്തകളാല്‍ സ്വതന്ത്രമായ നയനങ്ങളോടെ ഓര്‍ സൌഹൃദങ്ങളുടെയും അടിസ്ഥാനങ്ങളിലേക്ക്, ഉള്ളറകളിലേക്ക് ഒന്നു നോക്കൂ...

സൗഹൃദം എന്ന പടം തന്നെ നമ്മള്‍ ഉപയോഗിച്ചിരുന്നത്; കൂടുതലായി ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് ആഴത്തില്‍ വേരോടാത്ത ബന്ധങ്ങളെ പരാമര്‍ശിക്കാനാണ്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിരിഞ്ഞു പോയാലും രണ്ടു പേരുടേയും ജീവിതത്തില്‍ അടിസ്ഥാനപരമായ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാത്ത അല്ലെങ്കില്‍ അതിജീവിക്കാവാവുന്ന പ്രക്ഷുബ്ദതകള്‍ മാത്രം വിയോഗതിലും സൃഷ്ടിക്കുന്ന ഒരു ബന്ധം മാത്രമാണ് സൗഹൃദം. ഈ ആധുനിക യുഗത്തില്‍ ബന്ധങ്ങളുടെ സ്ഥിരത മടുപ്പിക്കുന്ന അനുഭവമായി മാറിയവര്‍ കണ്ടെത്തുന്ന പുതിയ ശാരീരികവും മാനസികവുമായ നൈമിഷിക - അസ്ഥിര - ആകര്‍ഷണങ്ങളെയും "സൌഹൃദങ്ങള്‍" എന്ന് നിങ്ങള്‍ പേരിട്ടപ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ക്ക്‌ സംഭവിച്ച വ്യതിയാനം എത്രയുണ്ടെന്ന് ഒരു നിമിഷമെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാര്യത്തില്‍; നിര്‍വചിക്കാനാവാത്ത എല്ലാത്തിനെയും സൌത്രിടമെന്നു വിളിക്കുന്നൊരു ശീലം പണ്ടു മുതലേ ഉള്ളതാണ്. പക്ഷെ സമൂഹത്തിനു അംഗീകരിക്കാനാവാത്ത, മറ്റു പല ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തുന്ന, അബദ്ദജടിലവും അസന്മാര്‍ഗികവും അപരിഷ്കൃതവുമായ ചില വഴി വിട്ട യാത്രകളെ ന്യായീകരിക്കാനും ദാര്‍ശനികവല്‍ക്കരിക്കാനും ആധുനിക പുരോഗമനാത്മക വാദികളെന്ന് സ്വയം പ്രഖ്യാപിക്കുന്ന ചില സാമൂഹിക സേവകര്‍ സൗഹൃദം എന്ന വാക്കിനെ വ്യഭിചരിക്കുമ്പോള്‍ അതിലൂടെ അവഹെളിക്കുന്നത് ആ ബന്ധത്തിന്റെ നന്മകളെ ഉയര്‍ത്തിപ്പിടിച്ച ഒരുപാടു സുഹൃത്തുക്കളെ കൂടിയാണ്. വലിച്ചു നീട്ടി എഴുതാനും പ്രസംഗിക്കാനും വ്യാഖ്യാനിക്കാനും വേണ്ടി സൌന്ദര്യവല്‍ക്കരണം നടത്തുന്ന തീര്‍ത്തും കാല്പനികമായ ഒരു പദം മാത്രമായി; യാദാര്‍ത്യങ്ങളുടെ താഴ്വാരങ്ങളില്‍ നിന്നും സൌഹൃദത്തെ മാറ്റി മറിച്ചത് ആ വ്യാഖ്യാതാക്കള്‍ ആണ്.

ചിലര്‍ക്കെങ്കിലും തോന്നുണ്ടാവം അടുക്കള സൌഹൃദത്തെ കണ്ണടച്ച് വിമര്‍ശിക്കുകയാണ് എന്ന്. ഒരിക്കലും അല്ല ട്ടോ. ഈ കള്ളനാണയങ്ങല്‍ക്കപ്പുറത്തെ സൌഹൃദത്തിന്റെ നന്മകളെ കാണാതിരിക്കാന്‍ മാത്രം തിമിരം അടുക്കളയുടെ നയനങ്ങളെ മൂടിയിട്ടില്ല. പക്ഷെ ആ വാക്കു ഒരു പാടു ദുരുപയോഗം ചെയ്യപ്പെടുകയും അധാര്‍മ്മികതക്കുള്ള ലൈസന്‍സ്‌ ആയി പ്രഖ്യാപിക്കുകയും അനര്‍ഹരെ അനവസരങ്ങളില്‍ ന്യായീകരിക്കാനായി മാത്രം ചിലര്‍ വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ ആ നന്മകളെ മുഴുവന്‍ ഇത്തരം കപട സൌഹൃദങ്ങള്‍ വിലയില്ലാതതാക്കുന്നതിന്റെ സങ്കടം പങ്കു വച്ചു എന്നേയുള്ളു...

ജന്മം കൊണ്ടു കൈവരുന്നതല്ലാതെ ഉണ്ടാകുന്ന ഏതൊരു ബന്ധത്തിന്റെയും തുടക്കം സൗഹൃദം തന്നെയാണ്. എന്നാല്‍ പ്രപഞ്ചത്തിലെ എല്ലാത്തിനും എന്നപോലെ വളര്‍ച്ച വികാസം എന്നിവ സൌഹൃദത്തിനും ഉണ്ടാവേണ്ടതല്ലേ എന്ന് തോന്നുന്നുണ്ടാവാം അല്ലെ. ആ തലത്തില്‍ നിന്നു കൊണ്ടു തന്നെയാണ് അടുക്കള ചിന്തകള്‍ തുടരുന്നതും.

സൌഹൃദത്തിന്റെ വളര്‍ച്ച കൃത്യമായി പറഞ്ഞാല്‍ രണ്ടു ശാഖകളിലേക്കാണ്. ഒന്നു പ്രണയം. മറ്റൊന്ന് സാഹോദര്യം. അത് തിരഞ്ഞെടുക്കുന്നത്, അല്ലെങ്കില്‍ തിരഞ്ഞെടുക്കേണ്ടത് ഒരിക്കലും ആ രണ്ടു പേര്‍ ചേര്‍ന്ന് മാത്രമല്ല. അവര്‍ ജീവിക്കുന്ന സമൂഹം, സാമൂഹിക വ്യവസ്ഥിതി, സാഹചര്യങ്ങള്‍ ഇതൊക്കെയും ആ തീരുമാനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നവയാണ്. സ്വന്തം താല്പര്യങ്ങള്‍ മാത്രം നോക്കുന്ന സ്വാര്‍ത്ഥമതികളെ കുറിച്ചല്ല അടുക്കള പറയുന്നത്. നമ്മള്‍ സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും, സമൂഹത്തിന്റെ നിലനില്പ് സ്വന്തം അതിജീവനത്തിന്റെ ഭാഗമാണെന്നും ചിന്തിക്കുന്നവരെ പറ്റിയാണ്.

മുന്‍പ് പറഞ്ഞതു പോലെ സൗഹൃദം വച്ചു നീട്ടുന്നത് അവസരങ്ങള്‍ ആണെങ്കില്‍ പ്രണയവും സാഹോദര്യവും അവസരങ്ങളെക്കാളേറെ ഉത്തരവാദിത്വങ്ങളും ചുമതലകളും ആണ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. അത് കൊണ്ടു തന്നെ അതിനെ സ്വീകരിക്കണമെങ്കില്‍ നിസ്വാര്‍ത്ഥരാകാതെ വയ്യ. ആ ചുമതലകളില്‍ നിന്നുമുള്ള ഒളിച്ചോട്ടം ഒന്നു മാത്രമാണ് സൌഹൃദത്തെ പ്രണയത്തിനും സാഹോദര്യത്തിനും മുന്‍പേ മുരടിപ്പിക്കുന്നത്. അതിന്റെ പ്രധാന കാരണം നമ്മുടെ സ്വാര്‍ത്ഥതയല്ലാതെമറ്റൊന്നുമല്ല താനും. ഒഴിവു സമയങ്ങളിലെ വിരസത അകറ്റാനായി കുറച്ചു വിനോദം, അല്ലെങ്കില്‍ സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി ഒരു സഹായം. ഇതിനപ്പുരതെക്ക് ഒരു ബന്ധങ്ങളെയും നീട്ടിക്കൊണ്ട് പോകാന്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ല. എല്ലാവര്ക്കും വേണ്ടത് ബന്ധങ്ങളുടെ സ്നേഹത്തിന്റെ ചങ്ങലകണ്ണികള്‍ കൊണ്ടുള്ള ബന്ധനമല്ല. പൂവില്‍ നിന്നും പൂവിലേക്ക് തേന്‍ നുകരാന്‍ മൂളിപ്പറക്കുന്ന വണ്ടിന്റെ സ്വാതന്ത്ര്യമാണ്. അത് എത്ര കണ്ടു നമ്മുടെ നാളെകളിലേക്ക് ശക്തി പകരുമെന്നത് ആര് ചിന്തിക്കുന്നു???

ബന്ധങ്ങളുടെ ആഴങ്ങള്‍ക്ക് പകരം പരപ്പിനെ തിരയുന്ന പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം തന്നെയാണ് സൌഹൃദങ്ങള്‍ക്കും സംഭവിച്ചത്. ഭാരതം എന്നും ബന്ധങ്ങളുടെ ആഴങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. ഏത് ബന്ധമായാലും. ആവശ്യങ്ങള്‍ എന്ന സാഗരത്തിന്റെ ഉപരിതലത്തെ മാത്രം നോക്കാന്‍ ശീലിച്ച പാശ്ചാത്യരുടെ മത ബോധനങ്ങളും, തത്വചിന്തകളും ഇതേ ആശയമാണ് പറഞ്ഞിരുന്നതും. പക്ഷെ കുത്തഴിഞ്ഞ അലസ ജീവിതത്തിന്റെ താല്‍ക്കാലിക സുഘങ്ങളുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍, അടുത്ത തലമുറയെ ഓര്‍ക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി. ആ ജീവിതത്തിന്റെ നിയന്ത്രണമില്ലാത്ത കുത്തൊഴുക്കില്‍ മനം മടുത്തു അവര്‍ ഇന്നു നമ്മുടെ സംസ്കാരത്തിന്റെ നന്മകളെ പുല്‍കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഉപേക്ഷിച്ചു കളഞ്ഞ ആ ദുസ്വാതന്ത്ര്യ ചിന്തകളെ മാതൃകയാക്കാന്‍ നമ്മള്‍ നേട്ടോട്ടമോടുന്നു എന്നത് ചരിത്രത്തിന്റെ കൌതുകകരമായ വൈരുധ്യമാണ്.

ഇത്രയും ചിന്തകളുടെ ഭാരം കൊണ്ടു തന്നെയാണ് ആ പ്രതിജ്ഞ വാചകത്തെ എഴുതി തള്ളാന്‍ അടുക്കളക്ക് കഴിയാതിരുന്നതും. സാഹോദര്യമാണ് സമൂഹത്തിന്റെ പുരോഗതി പരിഷ്കൃതി എന്ന് തിരിച്ചറിഞ്ഞവര്‍ ആയിരുന്നു നമ്മെ ഇന്നിലേക്ക്‌ നയിച്ചവര്‍. പക്ഷെ ആ തിരിച്ചറിവ് നമുക്കുണ്ടോ എന്ന ചോദ്യം ഉത്തരമില്ലാതെ പിന്നെയും നീളുന്നു. എങ്കിലുംഒരു കാര്യം പറയാതെ വയ്യ. സൌഹൃദം വളരെ പ്രകടമായ വികാരങ്ങള്‍ കൊണ്ടു അലങ്കരിക്കപ്പെട്ടതാണ്. എന്നാല്‍ സാഹോദര്യത്തിന്റെ പന്ഥാവ് മിക്കപ്പോഴും അദൃശ്യമാണ്. ആ സാമീപ്യം നമ്മള്‍ തിരിച്ചറിയുന്നത്‌ സൌഹൃദങ്ങള്‍ നമ്മെ വലിച്ചെറിയുമ്പോള്‍ ഏകാന്തതയുടെ ശൂന്യതയില്‍ കട്ട പിടിച്ച ഇരുട്ടിലേക്ക് നീട്ടുന്ന കരങ്ങളില്‍ ആരോ തൊടുമ്പോഴാണ്. ആ ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേയ്ക്കു വഴി തെളിക്കുന്നതാണ് സാഹോദര്യം. നമ്മള്‍ ഓര്‍ക്കാന്‍ മറന്നു പോയാലും നമ്മെ പിന്തുടരുന്ന സാമീപ്യം. ആവശ്യങ്ങളുടെ അസാന്നിധ്യത്തിലും നമ്മെ ഓര്‍ക്കുന്ന സാഹോദര്യം. അതല്ലേ നിസ്വാര്‍ത്ഥതയുടെ മൂര്‍ത്ത രൂപം!!! അത് നിങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള മറുപടി മാത്രമല്ല. ജീവിതത്തിന്റെ അനശ്വരതയിലെക്കുള്ള ചവിട്ടുപടി കൂടിയാണ്.

ഇനി നമുക്കു ഒന്നുകൂടി ഓര്‍ക്കാം. ആരൊക്കെയാണ് നമ്മുടെ സുഹൃത്തുക്കള്‍; ആരൊക്കെയാണ് നമ്മുടെ സഹോദരങ്ങള്‍... ആ ദിനിങ്ങള്‍ കഴിഞ്ഞു പോയെങ്കിലും അവര്‍ക്ക്‌ മനസ് കൊണ്ടു ആശംസകള്‍ നേരാം... ജീവിതം കൊണ്ടു അവരെ ഓര്‍ക്കാം... ഇനിയുള്ള ചിന്തകള്‍ പൂക്കേണ്ടത് നിങ്ങളുടെ മനസിലാണ്. സൌഹൃദത്തിന്റെ വളര്‍ച്ച നാം ഇനിയും തളര്‍തണോ; അതോ സാഹോദര്യത്തിന്റെ ആഴങ്ങളില്‍ നീന്തി തുടിക്കണോ........