18. ഓണം എന്ന കെട്ടുകഥയുടെ ആവശ്യം.

on Saturday, August 29, 2009

കഥയില്‍ ചോദ്യമില്ല.
വിശ്വാസങ്ങളിലും ചോദ്യം പാടില്ല.
കാരണം, ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ മാത്രം യുക്തി ഭദ്രമല്ല ഒരു കഥയും ഒരു വിശ്വാസവും. അത് കൊണ്ടു തന്നെയാണ് ചോദ്യങ്ങള്‍ പാടില്ല എന്ന ഉത്തരം കൊണ്ടു പല ചോദ്യങ്ങളെയും ചിലര്‍ നേരിട്ടത്‌. കാരണം ആ വിശ്വാസങ്ങളും കഥകളും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കേണ്ടത് അവയെക്കാള്‍ കൂടുതല്‍ അവരുടെ തന്നെ നിലനില്‍പ്പിന്റെ ആവശ്യകതയായിരുന്നു.
  • പരശുരാമന്‍ സൃഷ്ടിച്ച കേരളത്തില്‍ പരശുരാമന് യുഗങ്ങള്‍ മുന്പ് ജീവിച്ചിരുന്ന മഹാബലി എങ്ങനെ നീതിമാനായി ഭരിച്ചു?
  • വാമനന്‍ ചവിട്ടി താഴ്ത്തിയെന്നു പറയുന്ന പാതാളം എവിടെയാണ്?
  • ഒരു ചുവടു കൊണ്ടു ഭൂമിയും അടുത്ത ചുവടു കൊണ്ടു സ്വര്‍ഗ്ഗവും അളന്ന വാമനന്റെ മഹാസാഹസം എങ്ങനെ ആയിരുന്നു?

അരുത്.

ചോദ്യങ്ങള്‍ അരുത്.

കാരണം, ചഞ്ചലമായ നമ്മുടെയൊക്കെ മനസ്സിനെ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷകള്‍ നല്കുന്ന ഊര്‍ജ സ്രോതസ്സുകളാണ് ആ ഐതിഹ്യങ്ങള്‍. അത് കൊണ്ടു നമുക്കു ചോദ്യം ചെയ്യാതെ അതിന്റെ തണലുകളുടെ ശീതളിമയില്‍ ജീവിതചൂടിനു ആശ്വാസം തിരയാം. അതിന്റെ ദുര്‍ബലമെങ്കിലും വിശാലഹസ്തങ്ങളില്‍ നമുക്ക് അഭയം തേടാം.

എങ്കിലും വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ തന്നെ ആ വിശ്വാസങ്ങളില്‍ നമുക്കൊന്ന് തിരയാം. എന്തായിരുന്നു ആ കഥകളുടെ ആവശ്യകത? ഇന്നു അടുക്കളയുടെ ചിന്തകള്‍ ചൂടു പിടിച്ചത് ആ നേരിപ്പോടിലാണ്.



ഓണത്തിന്റെ എന്നല്ല, സൂക്ഷ്മമായി നോക്കിയാല്‍ ഓരോ ആഘോഷങ്ങളുടെയും, ഉത്സവങ്ങളുടെയും, പൂജകളുടെയും എല്ലാം പ്രാഥമികമായ ലക്ഷ്യം ഒത്തു ചേരല്‍ ആണ്. നമ്മള്‍ നമ്മിലേക്ക്‌ മാത്രം ഒതുങ്ങാതെ, ഒത്തു ചേര്ന്നു ആഹ്ലാദം പങ്കു വയ്ക്കുക. അതിലൂടെ ബന്ധങ്ങളെ സുദൃടമാക്കുക. ഇതിനപ്പുറം എന്ത് ലക്ഷ്യമാണ്‌ ഓണത്തിനുള്ളത്.

ബന്ധങ്ങളല്ല, മറിച്ച് ബന്ധങ്ങളില്‍ നിന്നുള്ള സ്വാതന്ത്രമാണ് മനുഷ്യന്റെ ആവശ്യം എന്ന് ചിന്തിക്കുന്നവര്‍ അടുക്കളയോട് ക്ഷമിക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നു എങ്കിലും സ്വീകരിക്കാന്‍ ഒരിക്കലും അടുക്കളക്കാവില്ല. കാരണം, അടുക്കള നില കൊള്ളുന്നത്‌ വ്യക്തികള്‍ക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിനു വേണ്ടിയാണ്. ആ സമൂഹത്തെ രൂപപ്പെടുത്തുന്ന, നില നിര്‍ത്തുന്ന വ്യക്തി ബന്ധങ്ങള്‍ക്ക് വേണ്ടിയാണ്. അവയുടെ നിലനില്പിന് വേണ്ടിയാണ്.

പ്രാചീന കാലത്തു വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങളെ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും സമൂഹത്തിന്റെയും ബന്ധങ്ങളുടെയും ആവശ്യകത പറഞ്ഞു മനസിലാക്കാന്‍ ഏറ്റവും എളുപ്പ വഴി എന്ന നിലക്കായിരിക്കണം ആഘോഷങ്ങള്‍ക്ക് ദൈവിക പരിവേഷം കലര്ന്ന കഥകള്‍ ഉണ്ടായത്. ദൈവികമായ കാര്യങ്ങള്‍ എതിര്‍ക്കുന്നതിനു മുന്പ് ഏതൊരാളും ഒന്നാലോചിക്കും എന്നത് തന്നെയാണ് ഓരോ ആഘോഷങ്ങള്‍ക്ക് പുറകിലും അനുഷ്ടാനങ്ങള്‍ ഉണ്ടാവാനും കാരണമെന്ന് തന്നെയാണ് അടുക്കള കരുതുന്നത്.( ഇന്നത്തെ കാര്യമല്ല. പക്ഷെ ഉന്നത വിദ്യാഭ്യാസം നേടിയ ഇക്കാലത്തും ചില കാര്യങ്ങളില്‍ നമ്മള്‍ യുക്തിയെ മറക്കുമ്പോള്‍, കള്ള സ്വാമിമാരുടെയും തട്ടിപ്പുകാരുടെയും ഇരയാവുമ്പോള്‍, ആഭിചാര കര്‍മ്മങ്ങള്‍ക്കായി പാവം മൂങ്ങകള്‍ക്ക് പിന്നാലെ പായുമ്പോള്‍ കേവല വിദ്യാഭ്യാസം പോലുമില്ലാതിരുന്ന അന്നത്തെ ജനത അത് എങ്ങനെ സ്വീകരിക്കും എന്ന് ഊഹിക്കാമല്ലോ. ഇന്നത്തെ കാപ്സ്യൂള്‍ ഗുളികക്കുള്ളില്‍ മരുന്ന് നല്കുന്നത് പോലെ നിലനില്‍പ്പിന്റെ വലിയൊരു തത്വമാണ് പൂര്‍വികര്‍ ഇത്തരം കഥകളിലൂടെ നമ്മിലേക്ക്‌ പ്രക്ഷാളനം ചെയ്തത്.)

അതെ, വര്‍ണ്ണശബളമായ നിറക്കൂട്ടുകള്‍ക്കും, വിനോദങ്ങള്‍ക്കും അപ്പുറം, ഈ ആഘോഷങ്ങളുടെയെല്ലാം പരമമായ ലക്ഷ്യം അതാണ്‌. ഒത്തു ചേരല്‍. ഇന്നത്തെ സൈബര്‍ യുഗത്തില്‍ സ്ക്രാപ്പുകളും ഇ-കാര്‍ഡുകളും കൊണ്ടു ദൂരെ കോണുകളില്‍ ഇരുന്നു പൂക്കളം തീര്‍ക്കുമ്പോള്‍ പോലും നമ്മള്‍ ചെയ്യുന്നത് അതാണ്‌. മനസ് കൊണ്ടുള്ള ഒത്തു ചേരല്‍. അതിന്റെ ആവശ്യകതയെക്കുറിച്ച് മുന്പ് വിശദമായി തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ടു ഇവിടെ നിര്‍ത്തട്ടെ.

ഈ ഓണം എല്ലാ സഹോദരര്‍ക്കും നഷ്ടപ്പെട്ട ബന്ധങ്ങളുടെ തിരിച്ചു കിട്ടലിനും ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലിനും ഉള്ള ഒരു സമയമാകട്ടെ എന്ന് അടുക്കള ആശംസിക്കുന്നു. നിങ്ങള്‍ക്കായി നന്മയുടെ സദ്യയൊരുക്കി കാത്തിരിക്കാന്‍ ഒരടുക്കള എല്ലാവര്ക്കും എന്നും ഉണ്ടാകട്ടെ.

ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.