28. ഇനി അരുണ മൃത്യുവിലേക്കുണരട്ടെ........

on Friday, December 25, 2009

മഹാത്മാ ഗാന്ധി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രതിഷേധ മാര്‍ഗങ്ങള്‍ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നായിരുന്നു. അഹിംസ. ഉപവാസവും, സത്യാഗ്രഹവും, നിസ്സഹകരണവും എല്ലാം അതിന്റെ ഓരോരോ ഭാവങ്ങള്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിനങ്ങളായി ആ വാക്കുകള്‍ക്കു മുഖ്യധാരയില്‍ വാര്‍ത്താ പ്രാധാന്യം കൈവന്നിരിക്കുന്നു. ഒരു സംസ്ഥാനത്തിന് വേണ്ടി അവിടത്തെ രാഷ്ട്രീയ നേതാവ് മരണം വരെ ഉപവാസം തുടങ്ങിയതും, അങ്ങ് കിഴക്ക് ഒരു കിരാത നിയമത്തിനെതിരായി ഒരു യുവ കവയിത്രി തുടരുന്ന ഉപവാസം പത്താം വര്‍ഷത്തിലേക്ക് കടന്നതും കഴിഞ്ഞ നാളുകളില്‍ ഇവിടെ ഓളങ്ങള്‍ ഉയര്‍ത്തി. ഇവര്‍ നടന്നടുക്കുന്നത് മരണത്തിലെക്കാണെങ്കിലും ഇരുവര്‍ക്കും ലക്ഷ്യം ഒരിക്കലും മരണമായിരുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ രണ്ടാം തരമാക്കപ്പെട്ടുപോയ തന്റെ നാട്ടുകാരുടെ ഉയര്‍ച്ചയായിരുന്നു തെലുങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിന്റെ ലക്ഷ്യമെങ്കില്‍ തന്റെ നാട്ടില്‍ ഇനി ഒരു പെണ്‍കുട്ടിക്കും തന്റെ കണ്മുന്നില്‍ വച്ചു സ്വന്തം പിതാവിനെയും സഹോദരന്മാരെയും ഭര്‍ത്താക്കന്മാരെയും നിഷ്റൂരം കൊല ചെയ്യുന്നത് കാണേണ്ടി വരരുതെന്ന പ്രാര്‍ത്ഥനയാണ് മണിപ്പൂരുകാരിയായ ഇറോം ഷര്‍മിള നൂറു കോടി ജനങ്ങള്‍ക്ക്‌ മുന്നില്‍ നിശബ്ദം മന്ത്രിക്കുന്നത്. എന്നാല്‍ ഇന്ന് അടുക്കളയില്‍ കഥ പറയുന്ന സഹോദരിക്ക് യാചിക്കാനുള്ളത് മരണമാണ്. ക്രൂരമായി ബലാല്‍സംഗത്തിനിരയായി മുപത്താറു വര്‍ഷമായി ചലനമറ്റു ആശുപത്രി കിടക്കയില്‍ ഉറങ്ങുകയാണ് അവള്‍. അതെ അവള്‍ക്ക് ഇനി ഉണരേണ്ടത് ജീവിതത്തിന്റെ ദുരിത പര്‍വ്വത്തില്‍ നിന്നും മൃത്യവിന്റെ പ്രത്യാശയിലെക്കാണ്.

ഇതിനിടയില്‍ തന്നെ നമ്മളില്‍ പലരും കേട്ട് കാണും അവളെപറ്റി. ഇല്ലേ, അരുണ രാമചന്ദ്ര ഷാന്‍ബാഗിനെ പാറ്റി. കാര്‍വാറില്‍ നിന്നും സ്വപ്‌നങ്ങള്‍ നിറഞ്ഞ മനസ്സുമായി മുംബയിലെത്തി ഒടുവില്‍ തളിര്‍ത്ത സ്വപ്‌നങ്ങള്‍ പൂവിടും മുന്‍പേ തല്ലികൊഴിക്കപ്പെട്ട ഹതഭാഗ്യയായ ആ സഹോദരിയെ പറ്റി.


"ഞാന്‍ ഉണ്ട്. മുംബയിലെ കിംഗ് എട്വാറഡ് മെമ്മോറിയല്‍ (കെ.ഇ.എം.) ആശുപത്രിയുടെ നാലാം വാര്‍ഡിലെ കട്ടില്‍ ശരശയ്യയാക്കി ഇപ്പോഴും ജീവന്റെ ഒരു നേര്‍ത്ത കണവുമായി ഞാന്‍ കിടക്കുന്നുണ്ട്. ഒന്നും മിണ്ടാനാവാതെ, ഒന്നും കേള്‍ക്കാനാവാതെ, ഒന്നും അറിയാതെ.... നീണ്ട 36 വര്‍ഷങ്ങളായി തുടരുന്ന കഠിന വ്രതം.

എങ്കിലും നിങ്ങള്‍ കേട്ട് കാണും, പരമോന്നത നീതി പീടത്തിന്റെ ഇടനാഴികളില്‍ എന്റെ പേരും മുഴങ്ങിയത്. ഒരിക്കല്‍ എന്റെ കഥ ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തക പിങ്കി വിരാനി, ജീവിതത്തിന്റെ മുള്‍പ്പാതയില്‍ നിന്നും എന്നെ മോചിപ്പിക്കാനായി എന്നെ മരിക്കാന്‍ അനുവദിക്കണമെന്ന ദയാ ഹര്‍ജിയുമായി സുപ്രീം കോടതിയുടെ കനിവ് തേടിയത് എന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്. എന്നാല്‍ തങ്ങളുടെ ആരും അല്ലാതിരുന്നിട്ടും അറിഞ്ഞു കൊണ്ട് എന്നെ മരണത്തിന്റെ കൈകളിലേക്ക് വിട്ടയക്കില്ല എന്ന് ഉറച്ച മനസ്സോടെ പറയുന്ന കെ.ഇ.എം. ആശുപത്രി ജീവനക്കാരും പ്രകടിപ്പിക്കുന്നത് എന്നോടുള്ള സ്നേഹം തന്നെയാണ്. ലോകം എന്നും എന്നെ സ്നേഹത്തോടെ മാത്രമേ നോക്കിയിരുന്നുള്ളൂ. ഞാന്‍ ലോകത്തെയും. സിറിഞ്ചുമായി കൈത്തണ്ടയിലെ ഞരമ്പുകള്‍ പരതുമ്പോഴും വേദനിച്ചിട്ടും എന്റെ നേര്‍ക്ക്‌ നീളുന്ന അവരുടെ കണ്ണുകളില്‍ സ്നേഹം മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ആ കണ്ണുകളിലെ അളവറ്റ സ്നേഹം തന്നെയായിരുന്നു എന്നും എന്റെ സ്വപ്നവും.

ഷിമോഗയിലെ ഹല്‍ദിപ്പൂരില്‍ നിന്നും 18-ആം വയസ്സില്‍ ബോംബെ മഹാനഗരത്തിലെത്തിയത് ആ സ്വപ്നങ്ങളുടെ സാഫല്യത്തിലെക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. ശുഭ്ര വസ്ത്രങ്ങളും അതിലേറെ വെന്മയാര്‍ന്ന മനസ്സും പുഞ്ചിരിയുമായി ഏഴു വര്‍ഷങ്ങള്‍... ജീവിതത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടവരോട് പോലും മനസ്സിലെ വിഷമം മറച്ചു പുഞ്ചിരിയോടെ ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ അവരുടെ കണ്ണുകളിലെ തിളക്കം... അതൊക്കെ തന്നെയല്ലേ നമ്മുടെ മനസ്സിലെ ഇരുളിലെ ചെറു വെട്ടങ്ങള്‍...

ആ വസന്തത്തില്‍ എന്നോ ഒരു നാളാണ് സന്ദീപ്‌ കണ്ണുകളില്‍ നിന്നും മനസ്സിലേക്ക് പടര്‍ന്നത്. സന്ദീപ്‌ സര്‍ദേശായി. കെ.ഇ.എം. ആശുപത്രിയിലെ യുവ ഡോക്ടര്‍. ഒടുവില്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിച്ച ആ ദിനങ്ങളില്‍ ഒരു പക്ഷെ ഞാന്‍ ഒരു പാട് അഹങ്കരിച്ചു കാണും. ഒരിക്കലും നടക്കാത്ത വിവാഹത്തിന്റെ നിശ്ചയമാണ് അന്ന് നടക്കുന്നതെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ? മനസ്സില്‍ ഇപ്പോഴും ഉയരുന്ന ഓളങ്ങള്‍ നിറയെ ആ സന്തോഷങ്ങളുടെ ദിനങ്ങളാണ്. അതിനിപ്പുറം ഒന്നും അറിയാനാവാത്ത വിധം ഉറക്കത്തിലേക്ക് എടുത്തെറിയപ്പെട്ട ഇവളുടെ ഓര്‍മ്മകള്‍ക്ക് മറ്റേതു നിമിഷങ്ങള്‍ നിറം പകരാന്‍!!!!

1973-നവംബര്‍-27 ലെ തണുത്ത സായാഹ്നം. അന്നത്തെ സൂര്യന്‍ ചക്രവാളങ്ങളെ ചുംബിച്ചത് എന്റെ അവസാന വെളിച്ചവും കൊണ്ടായിരുന്നു. ആശുപത്രിയിലെ എന്റെ സഹപ്രവര്‍ത്തകനായിരുന്ന സോഹന്‍ലാല്‍ വാല്‍മികി അവന്റെ പ്രതികാര കോടതിയില്‍ അന്നാണ് എനിക്ക് മരണം വിധിച്ചത്. പ്രിയ സഹോദരാ ഇപ്പോള്‍ എനിക്ക് നിങ്ങളോട് പരിഭവങ്ങള്‍ ഒന്നുമില്ല. ജീവിതത്തിന്റെ യാത്രയില്‍ മുന്നിലെ തടസ്സങ്ങള്‍ വെട്ടി മാറ്റിയല്ലേ നമുക്ക് മുന്നേറാന്‍ ആവൂ. പക്ഷെ ഞാന്‍ ഒരിക്കലും നിങ്ങളുടെ മുന്നിലെ പ്രതിബന്ധമായിരുന്നില്ല. എന്റെ ദുര്‍വിധി. ഞാനല്ലെങ്കില്‍ മറ്റൊരാള്‍, ആ സമയത്ത് ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ആരെങ്കിലും നിനക്കെതിരെ പറയുമായിരുന്നു സോഹന്‍. ശരിയാണ്, നിനക്ക് അന്ന് നിന്റെ ജോലി നഷ്ടമായി. പക്ഷെ അതിനു പകരം എന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ച നിമിഷം നീ ഇല്ലാതാക്കിയത് നിന്റെ ജീവിതം തന്നെ ആയിരുന്നില്ലേ. അത് കൊണ്ട് നീ നേടിയ ഏഴു വര്‍ഷത്തെ ജയില്‍ വാസം നിനക്ക് നേടി തന്നത് ഒരിക്കലും സുഘങ്ങള്‍ ആയിരുന്നില്ലല്ലോ. സോഹന്‍, ഒരാളെയും തോല്‍പ്പിച്ചുകൊണ്ട് നമുക്കാര്‍ക്കും ജയിക്കാനാവില്ല. നമ്മുടെ ജയം മനസ്സിനെ നമ്മള്‍ ജയിക്കുമ്പോള്‍ മാത്രമാണ്.

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വസ്ത്രം മാറുകയായിരുന്ന എന്റെ കഴുത്തില്‍ മുറുക്കാനുള്ള ചങ്ങലയുമായി നീ വന്നപ്പോള്‍, ആ ചങ്ങല എന്റെ കഴുത്തിനെ വരിഞ്ഞു ശ്വാസം മുട്ടിക്കുമ്പോള്‍, നീ പോലും കരുതിയ്യിട്ടുണ്ടാവില്ല അല്ലെ, എന്റെ ഈ വിധി. പക്ഷെ പിടഞ്ഞു പിടഞ്ഞു നിശ്ചലയാവുംപോഴും നിന്റെ മനസ്സിലെ പ്രതികാരാഗ്നി കെട്ടില്ല. ആര്‍ത്തവരക്തം പുരണ്ട അടിവസ്ത്രങ്ങള്‍ കണ്ടിട്ടും നീ....ഇല്ല, സോഹന്‍, ഇപ്പോള്‍ എനിക്ക് നിന്നോട് പരിഭവങ്ങള്‍ ഒന്നുമില്ല. നെ കാണുന്നില്ലേ, ഈ ചുണ്ടുകളിലെ പുഞ്ചിരി. ഒരിക്കലും അതവിടെ നിന്നും മായില്ല.

എല്ലാം കഴിഞ്ഞു ജീവച്ഛവമായ എന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ നിനക്കുറപ്പുണ്ടായിരുന്നു ഈ നാവു ഇനി ശബ്ദിക്കില്ല എന്ന്. പക്ഷെ കെ.ഇ.എം. ആശുപത്രി ഡീന്‍ ഡോ. ദേശ്പാണ്ടേക്ക് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അത് കൊണ്ടാവാം ഞാനുണരുമ്പോള്‍ സന്ദീപ്‌ എന്നെ തള്ളിക്കളയരുത് എന്ന് കരുതി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്റെ പരാക്രമങ്ങളുടെ ശേഷിപ്പുകള്‍ രേഖപ്പെടുത്താതിരുന്നത്. പക്ഷെ നീ രക്ഷപ്പെടും എന്ന് തോന്നിയപ്പോള്‍ എല്ലാം പോലീസിനോട് വെളിപ്പെടുത്തിയതും എന്നോടുള്ള സ്നേഹമായിരുന്നു സോഹന്‍. പക്ഷെ എല്ലാം വെളിപ്പെടുത്തുന്ന ആ നിമിഷം അദ്ദേഹത്തിനും ബോധ്യമായിക്കാണും ഇനി ഈ ശരീരം ചലിക്കില്ല എന്ന്.

വീട്ടുകാര്‍ പോലും ഉപേക്ഷിച്ച എന്നെ ഇപ്പോഴും ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിക്കുന്ന കെ.ഇ.എം. ആശുപത്രിയിലെ എന്റെ സഹോദരങ്ങളുടെ സ്നേഹവായ്പിനു പകരം നല്‍കാന്‍ ഈ ജന്മ കൊണ്ട് എനിക്കെങ്ങനെ കഴിയും? ഇല്ല. ദയാവധമെന്നൊക്കെ പേരിട്ടു നിങ്ങള്‍ വിളിക്കുന്നു എങ്കിലും എനിക്ക് ഇനി രക്ഷപ്പെടാനുള്ളത് അവിടേക്ക് മാത്രമല്ലേ. ഇനി എത്ര നീണ്ടാലും ഈ ജന്‍മം കൊണ്ട് എനിക്കെന്തു ചെയ്യാനാവും?"

കോടതിയില്‍ പിങ്കി വിരാനിയുടെ ഹര്‍ജി പരിഗണനയില്‍ ഇരിക്കുമ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അരുണയെ ജീവിപ്പിച്ചു കൊണ്ട് തുടരുന്നത് യദാര്‍ത്ഥത്തില്‍ അവരെ ശിക്ഷിക്കുന്നതിനു തുല്യമല്ലേ. പിങ്കി വിരാനിയുടെ മനസ്സിലും ആ ചിന്തകള്‍ ആയിരുന്നിരിക്കണം. അരുണ സമൂഹത്തില്‍ സ്ത്രീകളുടെ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടുന്ന പ്രതീകം തന്നെയാണ്. എങ്കിലും നമുക്ക് പഠിക്കാനുള്ളത് അയാളുടെ പ്രവൃത്തികളില്‍ നിന്നാണ്. സോഹന്‍ ലാലിന്റെ. പ്രതികാരം കൊണ്ട് അയാള്‍ എന്താണ് നേടിയത്? ആശുപത്രിയിലെ കുറച്ചുപേര്‍ക്കിടയില്‍ മാത്രം ഒതുങ്ങുമായിരുന്ന തന്നിലെ കുറ്റവാളിയുടെ രൂപം ആ പ്രവൃത്തിയിലൂടെ അയാള്‍ ലോകത്തിനു മുന്നില്‍ തന്നെ അനാവൃതമാക്കി. സോഹന്‍ ലാല്‍ തെറ്റുകാരന്‍ ആയിരുന്നു. എന്നാല്‍ ശരികള്‍ പോലും സ്ഥാപിച്ചെടുക്കാനും നടപ്പിലാക്കാനും ഹിംസയുടെ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ കളംകിതമാവുന്നത് ശരിയായ ആ ലക്ഷ്യങ്ങള്‍ കൂടിയാണ്. മാവോയിസ്റ്റുകളും തീവ്രവാദികളും മനസ്സുകളില്‍ നിന്ന് കുടിയിറക്കപ്പെടുന്നതും ചന്ദ്രശേഖര്‍ റാവുമാരും ഇറോം ശര്‍മ്മിളമാരും അവിടെ കുടിയിരുത്തപ്പെടുന്നതും അതിന്റെ പ്രതിഫലനങ്ങള്‍ തന്നെയല്ല....

പ്രിയ സഹോദരര്‍ ക്ഷമിക്കുക. മരിയയുടെ കഥ അടുത്ത പോസ്റ്റില്‍ തുടരും. അരുണയുടെ കഥ കേട്ടപ്പോള്‍ പെട്ടെന്ന് അത് പറയാതിരിക്കാനായില്ല. എല്ലാവര്‍ക്കും അടുക്കളയുടെ ക്രിസ്തുമസ് ആശംസകള്‍.

27. ദുര്‍മന്ത്രവാദിയുടെ മകള്‍... ( i )

on Thursday, December 10, 2009

കഴിഞ്ഞ ദിവസമാണ് മകള്‍ ടെലിവിഷനിലെ ടെലിബ്രാന്റ് ഷോ പരസ്യം കണ്ടു പുതിയോരാവശ്യം പ്രഖ്യാപിച്ചത്. അവള്‍ക്കൊരു "നസര്‍ സുരക്ഷാ കവചം"വേണമത്രേ!!! ദൃഷ്ടി സംബന്ധിയായ എല്ലാ ദോഷങ്ങളും പരിഹരിക്കുന്ന ഈ യന്ത്രത്തിന് (ഒരു മാലയും രണ്ടു വളയും ചേര്‍ന്നതാണീ യന്ത്രം) വെറും 2350/- രൂപ മാത്രം. അനുഭവസ്ഥരുടെ വാഴ്ത്തലുകള്‍ കണ്ടതോടെ അവളുടെ ആവേശം ഇരട്ടിയായി. അതെ, തന്റെ എല്ലാ വിധ പ്രശ്നങ്ങളും മറ്റുള്ളവരുടെ ദൃഷ്ടി തട്ടിയതിന്റെ ഫലമായിരുന്നു. അതെല്ലാം ഇതാ തീരാന്‍ പോകുന്നു. (പാവം അവള്‍ക്കറിയില്ലല്ലോ പണം വാങ്ങി അഭിനയിക്കുന്ന നടീ നടന്മാരാണ് ഈ അനുഭവസ്ഥര്‍ എന്ന്)

ഇത്തരം അനുഭവങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. ആത്മീയത എന്ന പേരില്‍ വന്‍ കച്ചവടങ്ങള്‍ നടത്തുന്നവരുടെ എണ്ണം അത്രക്കധികമുണ്ട് ഇന്നു നമുക്കിടയില്‍. നിഗൂഡതകളോടുള്ള കൌതുകം എന്നതിലുപരി മനുഷ്യനില്‍ അലസത വളരുകയാണ് എന്ന സന്ദേശമാണ് ഇത്തരം ഞൊടുക്ക് വിദ്യകള്‍ക്ക് പുറകെ പായുന്ന കാഴ്ചകള്‍ നമുക്കു പകരുന്നത്. ഒരര്‍ത്ഥത്തില്‍ ആത്മീയതയെ ഉപാസിക്കാന്‍ തുടങ്ങുന്നത് ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയില്‍ അലസത മനുഷ്യനെ കീഴടക്കുമ്പോള്‍ മാത്രമാണ്. പല സഹോദരരും പറയാറുണ്ട്, സ്വന്തം കഴിവിലെ അവിശ്വാസമാണ് അവരെ മന്ത്രവാദങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിക്കുന്നതെന്ന്. എന്നാല്‍ അടുക്കളക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. സ്വന്തം കഴിവിലെ ആത്മവിശ്വാസമില്ലായ്മയെക്കാള്‍ അധ്വാനിക്കാനും ബുദ്ദിമുട്ടാനുമുള്ള മനസില്ലായ്മയാണ് മനുഷ്യനെ പ്രവൃത്തികളില്‍ നിന്നും അകറ്റി പൂജകളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്.

അതെത്ര കണ്ടു ശരിയായാലും മനുഷ്യര്‍ക്ക്‌ നിഗൂഡതകളോട് എന്നും പ്രത്യേക താത്പര്യം ഉണ്ടായിരുന്നു എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. അമാനുഷികതകള്‍ കാണിക്കുന്ന ചില ആത്മീയ സന്യാസിമാര്‍ക്ക് (കള്ള?)മുന്നില്‍ സ്വന്തം യുക്തിയെ മറക്കുന്നതും ആ ആരാധന കലര്‍ന്ന താത്പര്യം ആയിരുന്നിരിക്കണം. പക്ഷെ സാദാരണക്കാര്‍ക്കു മാത്രമല്ല അവരെ ഭരിക്കുന്ന അധികാര കൊത്തളങ്ങള്‍ക്കും ആ ആരാധന ഉണ്ടെന്നത് പരസ്യമാല്ലെങ്കിലും യാദാര്‍ത്യമാണെന്ന് തെളിയിക്കുന്ന ഒരുപാടു സംഭവങ്ങള്‍ നമുക്കു മുന്നില്‍ ഇന്നു നടമാടുന്നു. മാന്ത്രികര്‍ പണ്ടെന്ന പോലെ ഇന്നും ഭരണയന്ത്രങ്ങളുടെ ഉപദേശികളായി നില നില്‍ക്കുന്നുണ്ട്. അവരിലൊരാള്‍ ആയിരുന്ന, നിഗൂഡമായ ശക്തികള്‍ തനിക്കുണ്ടെന്ന് ലോകത്തെ വിശ്വസിപ്പിച്ച നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രവാചകന്റെ കഥയാണ് ഇന്നു അടുക്കളയില്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം. ഒന്നാം ലോകമഹായുദ്ധത്തോടൊപ്പം ദാരിദ്രവും പട്ടിണിയും മറ്റെവിടെയും എന്ന പോലെ വ്യാപിച്ച സാര്‍ ചക്രവര്‍ത്തിയുടെ റഷ്യന്‍ സാമ്രാജ്യം. ഭരണാധികാരി ചക്രവര്‍ത്തിയെങ്കിലും അദ്ദേഹത്തിന്റെ ചെയ്തികളെല്ലാം നിയന്ത്രിച്ചിരുന്നു എന്ന് ജനം വിശ്വസിച്ചിരുന്ന ഒരു മനുഷ്യന്‍ അന്ന് അവിടെ ഉണ്ടായിരുന്നു. ഗ്രിഗറി യെഫിമോവിച് റാസ്പുടിന്‍. ദുര്‍മന്ത്രവാദിയെന്ന് പിന്നീട് ചരിത്രത്തില്‍ കുപ്രസിദ്ദിനേടിയ റാസ്പുടിന്‍.

പക്ഷെ ക്ഷമിക്കുക. അടുക്കളയില്‍ ഇന്നു വരക്കപ്പെടുന്നത് അദ്ദേഹത്തിനു മേല്‍ കാലം ചാര്‍ത്തിക്കൊടുത്ത ആ പരിവേഷങ്ങള്‍ ആവില്ല. കാരണം അടുക്കളയുടെ മടിത്തട്ടിലിരുന്നു ഇന്നു റാസ്പുടിനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്‍റെ സ്വന്തം ചോര തന്നെയാണ്. മട്ര്യോന റാസ്പുടിന്‍ എന്ന മരിയ റാസ്പുടിന്‍. റാസ്പുടിന്റെ പ്രിയ പുത്രി. വാക്കുകള്‍ പെറുക്കി വച്ചു ത്രസിപ്പിക്കുന്ന മായാജാല കഥകള്‍ തീര്‍ക്കാന്‍ അവള്ക്ക് കഴിഞ്ഞേക്കില്ല. മാന്ത്രികത നഷ്ടമായ മായാജാലക്കാരനെപ്പോല്‍ ജീവിതത്തിലുടനീളം അലഞ്ഞു തീര്‍ക്കാന്‍ മാത്രമായിരുന്നല്ലോ അവളുടെ നിയോഗം. പപ്പയുടെ അന്ത്യത്തിന് ശേഷം ലോസ് ആഞ്ചലസിലെ ആഞ്ചലസ് - റോസ് ഡെയില്‍ സെമിത്തേരിയില്‍ ഉണരാത്ത നിദ്രയിലെക്കാഴും വരെ കാബറെ നര്‍ത്തകിയായി സര്‍ക്കസിലെ മൃഗങ്ങളുടെ പരിശീലകയായി പല വേഷത്തില്‍ പല പേരുകളില്‍ അലഞ്ഞു തീര്‍ക്കേണ്ടി വന്ന അവളുടെ വാക്കുകളില്‍ മാന്ത്രികതയുടെ വിസ്മയങ്ങളും നിഗൂഡതയുടെ ഭീതിയും ഉണ്ടാവില്ല എങ്കിലും പലപ്പോഴും മുന്നോട്ടു പോകാനാവാത്ത വിധം ചതുപ്പില്‍ ആഴ്ന്നു പോയ ജീവിത ചക്രത്തിന്റെ രോദനം കേള്‍ക്കാതിരിക്കാന്‍ നമുക്കാവുമോ?

" ആദ്യമായി പപ്പയെ കൂടാതെ പോക്രോവ്സ്കോയില്‍ എത്തിയ ശേഷം ഞാന്‍ കാത്തിരുന്നത് ആ ദിനത്തിന് മാത്രമായിരുന്നു. പപ്പയെ ക്രൂരമായി വധിക്കുന്നത് നോക്കി നിന്ന റൊമനോവ് രാജവംശം ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക് വരുന്ന ദിവസം. പപ്പാ എന്നും പറയാറുണ്ടായിരുന്നു, റോമനോവുകള്‍ ഒരിക്കല്‍ സാദാരണക്കാരായി ആ കൊച്ചു ഗ്രാമത്തില്‍ എത്തുമെന്ന്, പലരും നടക്കാത്ത കാര്യമെന്ന് പരിഹസിക്കുമ്പോഴും. സെന്റ്‌ പീറ്റേഴ്സ് ബര്‍ഗില്‍ നിന്നു ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ പലരും പറഞ്ഞപ്പോഴും എന്നെ ജീവന്‍ പണയപ്പെടുത്തിയും പോക്രോവ്സ്കൊയില്‍ പിടിച്ചു നിര്‍ത്തിയത് പപ്പായുടെ ആ വാക്കുകളുടെ പൂര്‍ത്തീകരണം കാണാനുള്ള ആഗ്രഹമായിരുന്നു.

ഒടുവില്‍, കമ്മ്യൂണിസ്റ്റ് വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനക്കപ്പെട്ട് നാടു കടത്തപ്പെട്ട ചക്രവര്‍ത്തിയും കുടുംബവും സൈബീരിയയിലെ ജയിലിലെക്കുള്ള തീവണ്ടി യാത്രക്കിടെ പോക്രോവ്സ്കൊയില്‍ എത്തിയപ്പോള്‍ ഞാന്‍ കണ്ടു. പപ്പാ ഒരിക്കല്‍ മനസ്സില്‍ കണ്ടത് ഞാന്‍ നേരിട്ടു കണ്ടു. രാജാധികാരങ്ങള്‍ എല്ലാം തന്നെ നഷ്ടമായി നിസ്സഹായാവസ്ഥയിലായിരുന്നു അവര്‍. എങ്കിലും എന്റെ മനസ്സില്‍ അപ്പോള്‍ നിറയെ യൂസ്സുപ്പോവിന്റെ വാക്കുകളായിരുന്നു. പപ്പായുടെ "പ്രിയപ്പെട്ട വികൃതിപ്പയ്യന്‍" ഫെലിക്സ് യൂസ്സുപ്പോവ്. താന്‍ ഏറെ വാത്സല്യത്തോടെ സ്നേഹിച്ച അവന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യമെന്ന് മാത്രം പപ്പാ അറിയാതെ പോയതെന്തേ? അതോ അറിഞ്ഞിട്ടും വിധിക്ക് കീഴടങ്ങിയതോ? യൂസ്സുപ്പോവ്; ഒരു പക്ഷെ പപ്പാ നിനക്കു മാപ്പു നല്കും. അദ്ദേഹം നിന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നു. പക്ഷെ എനിക്കൊരിക്കലും കഴിയില്ല, നീ പറഞ്ഞ വീരകഥകള്‍ ഇപ്പോഴും ഈ കാതുകളില്‍ ആര്‍ത്തലക്കുന്നുണ്ട്. ഇല്ല, നീ അതെല്ലാം മറന്നാലും എനിക്കതിനു കഴിയില്ല.അന്ന് മോയ്ക്ക കൊട്ടാരത്തില്‍ നീയും ദിമിത്രിയും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ വീര കൃത്യം. ക്യോനിയ ഗുസേവ ഒരിക്കല്‍ പരാജയപ്പെട്ടത് ഓര്‍മ്മയിലുള്ളതിനാല്‍ ആവാം നീ അത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയത് അല്ലെ?

അന്ന്, 1916 ഡിസംബര്‍ 16, കൊട്ടാരത്തില്‍ വിരുന്നിനായി വിളിച്ചു വരുത്തി നീ പപ്പാക്ക് നല്കിയ വിഭവങ്ങള്‍, മാരകമായി വിഷം ചേര്‍ത്ത കേക്കും, ചുവന്ന വീഞ്ഞും. ഗുസേവയുടെ ആക്രമണത്തിനു ശേഷം മധുരം കഴിക്കുന്നത്‌ തന്നെ നിര്‍ത്തിയ അദേഹം അത് കഴിച്ചത് നല്കിയത് നീ ആയതു കൊണ്ടു മാത്രമായിരുന്നു യൂസ്സുപ്പോവ്. പക്ഷെ നീ കലര്‍ത്തിയ വിഷം അദ്ദേഹത്തിന്‍റെ ജീവന് അല്പം പോലും പോറല്‍ എല്പിച്ചില്ല. പക്ഷെ നീ എന്നിട്ടും പിന്മാറിയില്ല. നീ പുറകില്‍ നിന്നു ശിരസ്സിലേക്ക് വെടിയുതിര്‍ത്ത് അദ്ദേഹത്തിന്‍റെ ജീവന്‍ എടുക്കാമെന്ന് വ്യാമോഹിച്ചു. ശിരസ്സില്‍ വെടിയേറ്റ്‌ വീണ അദ്ദേഹത്തിന്‍റെ അടുത്തു ചെല്ലാന്‍ പോലും നീ ഭയന്ന് നിന്നു. ഏറെ നേരം കഴിഞ്ഞു ആ ശരീരം മറിച്ച് നോക്കിയപ്പോള്‍ പെട്ടെന്ന് നിനക്കു നേരെ തുറന്ന ആ കണ്ണുകളിലെ അഗ്നിയെ നേരിടാന്‍ നിന്റെ കൂട്ടുകാര്‍ക്കും കഴിഞ്ഞില്ല അല്ലെ. നിന്റെ കയ്യിലെ കത്തി ആ ശരീരത്തിലേക്ക് ആഴ്ന്നിരങ്ങിയപ്പോഴും അദ്ദേഹം നിന്റെ പേരു ചൊല്ലി വിളിച്ചു, എന്റെ പ്രിയ വിക്രുതിക്കുട്ടാ... അത് കണ്ടു വിറളി പൂണ്ട നിന്റെ കൂട്ടുകാര്‍ പിന്നെയും അനേകം തവണ നിറയോഴിച്ചിട്ടും അദ്ദേഹത്തിന്‍റെ ജീവനെ നിശ്ചലമാക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഒരു കാര്‍പെറ്റില്‍ കെട്ടി മഞ്ഞു മൂടിക്കിടക്കുന്ന നേവ നദിയിലേക്ക് എറിഞ്ഞപ്പോഴും അദ്ദേഹത്തിന്‍റെ ജീവന്‍ ആ ശരീരത്തില്‍ തുടിച്ചിരുന്നു. കാര്‍പെറ്റില്‍ നിന്നും പുറത്തു കടന്നു നീന്താനുള്ള ശ്രമത്തിനിടെ മഞ്ഞില്‍ പുതഞ്ഞു പോയ ശരീരം മൂന്നു ദിവസത്തിനു ശേഷം ചെതനയില്ലാതെ പുറത്തെടുത്തപ്പോഴും നിന്റെ മനസ്സില്‍ ഭീതി ഒഴിഞ്ഞിരുന്നില്ല അല്ലെ. ഇല്ല യൂസ്സുപ്പോവ്, നിന്റെ മരണം വരെ നിനക്കു നേരെ തുറന്ന ആ കണ്ണുകളുടെ അഗ്നിയില്‍ നിന്നും മോചനം കിട്ടിക്കാണില്ല. സാറിന മറവു ചെയ്ത പപ്പായുടെ ശരീരം വിപ്ലവത്തിന് ശേഷം പുറത്തെടുത്തു കത്തിക്കാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്ക്‌ മുന്നില്‍ ആ അഗ്നിയില്‍ എഴുന്നേറ്റു നിന്ന പപ്പയുടെ ശരീരം മരണം വരെയും അവരെയും വേട്ടയാടും.

നിങ്ങളെ റഷ്യയിലെ ജനങ്ങള്‍ വീരനായി കണ്ടേക്കാം. രാജ്യത്തെ നാശത്തിലേക്ക് നയിച്ച ഒരു ദുര്‍മാന്ത്രികനെ ഇല്ലായ്മ ചെയ്ത രാജ്യ സ്നേഹി. പക്ഷെ യൂസ്സുപ്പോവ് നീ ഇല്ലാതാക്കിയത് എന്റെ പപ്പയെ ആണ്. എന്റെ ജീവിതമാണ്. നീ എന്റെ പപ്പായില്‍ നിന്നു രക്ഷിച്ച ചക്രവര്‍ത്തിയും കുടുംബത്തെയും സൈബീരിയയില്‍ ജയിലില്‍ വച്ച് കമ്മ്യൂനിസ്റ്റുകള്‍ നിര്‍ദ്ദയം വധിച്ച വാര്‍ത്ത ഞാന്‍ അറിഞ്ഞത് ഫ്രാന്‍സില്‍ വച്ചാണ്. അതെ നീ രക്ഷിക്കുകയായിരുന്നില്ല ആരെയും. തകര്‍ക്കുകയായിരുന്നു."


മരിയയുടെ കഥ ഇവിടെ തീരുന്നില്ല. അവളുടെ യാത്രയുടെ കഥ അടുത്ത പോസ്റ്റില്‍.

26. ജീവനെ ഇല്ലാതാക്കുന്ന മതങ്ങള്‍...

on Sunday, December 06, 2009

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ,
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കു വച്ചു, മനസ്സു പങ്കു വച്ചു....

അച്ഛനും ബാപ്പയും - വയലാര്‍ രാമവര്‍മ്മ


വീണ്ടും ഒരു ഡിസംബര്‍ - 6. നമ്മുടെ മനസ്സില്‍ സംഭവങ്ങള്‍ തിയതികളുടെ രൂപത്തില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആകുന്നു. സപ്തംബര്‍ - 11, നവംബര്‍ - 26, .... ഭീകരതയുടെ കയ്യൊപ്പുകള്‍ ഹൃദയങ്ങളില്‍ രേഖപ്പെടുത്തുന്നത് ഇപ്പോള്‍ അങ്ങിനെ ആണ്. ഓരോ ഓര്‍മ്മകളിലും നിറയുന്നത് അസുഖകരമായ നാദങ്ങള്‍. സമൂഹത്തിന്റെ സ്വസ്തതക്ക് മേല്‍ വീശി അടിച്ച അശാന്തിയുടെ കാറ്റിന്റെ അലയൊലികള്‍.

ആധുനിക ലോകത്തിന്റെ ചിന്തയെന്നു പറയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ ഉപജ്ഞാതാവ് 19 - ആം നൂറ്റാണ്ടില്‍ കണ്ടെത്തിയത് ലോകത്തെ മനുഷ്യരില്‍ രണ്ടു വര്‍ഗ്ഗമേ ഉള്ളൂ എന്നാണ്. ഉള്ളവനും, ഇല്ലാത്തവനും. അവര്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ അഥവാ വര്‍ഗ്ഗ സമരങ്ങള്‍ ആണ് ലോകത്ത് നടക്കുന്നത് എന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു പരിധി വരെ ശരിയും ആയിരുന്നു. 16 - ആം നൂറ്റാണ്ടില്‍ വ്യാപിച്ചു തുടങ്ങിയ വ്യവസായ വിപ്ലവം പഴയ ഫ്യൂടലിസത്തെ ഇല്ലായ്മ ചെയ്യുമെന്ന് കരുതിയവരുടെ കണ്മുന്നില്‍ തന്നെ മറ്റൊരു രൂപത്തില്‍ ആ വ്യവസ്ഥയുടെ ഘടനയുടെ പുനര്‍നിര്‍മ്മാനമായിരുന്നു നവോഥാന കാലമെന്ന് പുകള്‍ കൊണ്ട ആ കാലത്തും സംഭവിച്ചത്. സമ്പത്ത് വീണ്ടും കേന്ദ്രീകൃതമായി. പോരാട്ടങ്ങള്‍ ജന്മിയും കുടിയാനും എന്നത് മാറി മുതലാളിയും തൊഴിലാളിയും തമ്മിലായി മാറി. കുപ്പായങ്ങള്‍ മാറിയതൊഴിച്ചാല്‍ പോരാളികള്‍ പഴയവര്‍ തന്നെ. മാര്‍ക്സ് തന്റെ സിദ്ദാന്തം രൂപപ്പെടുത്തിയത് ഈയൊരു പാശ്ചാത്തലത്തില്‍ ആയിരുന്നിരിക്കണം.


പക്ഷെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന് അതിനെക്കുറിച്ച് അതിന്റെ സ്വാധീനത്തിന്റെ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കാന്‍ ആയിക്കാണില്ല. കാരണം അദ്ദേഹം ജീവിച്ച നൂറ്റാണ്ട് മതങ്ങള്‍ അപചയം നേരിട്ടുകൊണ്ടിരികുന്ന കാലമായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ച അത് വരെ മതങ്ങള്‍ പഠിപ്പിച്ച ചില പാഠങ്ങളെയെങ്കിലും തകര്‍ത്തുടച്ചപ്പോള്‍ മതങ്ങള്‍ യുക്തിക്ക് പകരം കായിക ശക്തി കൊണ്ടു അതിനെ നേരിട്ടപ്പോള്‍ മതങ്ങള്‍ തോല്‍വി സമ്മതിച്ചു തുടങ്ങിയിരുന്നു. മനുഷ്യര്‍ വിദ്യാഭ്യാസം നേടാന്‍ തുടങ്ങിയതും മതങ്ങളെക്കാള്‍ ശാസ്ത്രങ്ങളുടെ യുക്തിചിന്ത മനസ്സുകളെ കീഴടക്കാന്‍ കാരണമായി. അക്കാലത്ത് ശാസ്ത്രത്തെ കൂടെ നിര്‍ത്തി അതിനോടൊപ്പം ഉയരാന്‍ ശ്രമിക്കാതെ അതിനെ പാടെ എതിര്‍ത്തത് മതത്തിന്റെ വക്താക്കളുടെ അമിതമായ ആത്മവിശ്വാസം എന്നതിനേക്കാള്‍ ബുദ്ദിശൂന്യത എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. അത് കൊണ്ടു തന്നെ ഫ്യൂടലിസത്തില്‍ ഉന്നത സ്ഥാനവും ആജ്ഞശക്തിയും ഉണ്ടായിരുന്ന പുരോഹിതര്‍ എന്നവര്‍ഗ്ഗം മാര്‍ക്സിന്റെ നവോഥാന കാലത്തു സമൂഹത്തില്‍ അവഗണിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. മാര്‍ക്സ് ചിന്തിച്ചത് ലോകം ഇനി ഒരിക്കലും തിരികെ പോകില്ല എന്നായിരുന്നിരിക്കണം. അത് കൊണ്ടു പുതിയ വരാനിരിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ഔപചാരികതയുടെ മാത്രം അനിവാര്യതയായ മതങ്ങളെയും മതത്തിന്റെ വക്താക്കളെയും അര്‍ഹിക്കുന്ന അവഗണനയോടെ തന്നെ മാറ്റി നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചുകാണും.

വര്‍ഗ്ഗ സമരം എന്ന ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടം തന്നെ ആയിരുന്നിരിക്കണം മനുഷ്യര്‍ തമ്മില്‍ ആദ്യം ഉണ്ടായത്. പക്ഷെ മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദക്കും മാനവരാശിയുടെ എഴുതപ്പെട്ട ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളിലെ പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന യുദ്ദങ്ങള്‍ എല്ലാം തന്നെ വിരുദ്ദങ്ങളായ രണ്ടു വിശ്വാസങ്ങള്‍ ( ആരാധനാക്രമാതിലും ആരാധനാ മൂര്‍ത്തിയിലും ഉള്ള വൈരുദ്ദ്യം) തമ്മിലായിരുന്നു. മോശയും ജോഷ്വയും ദാവീദും ഒടുവില്‍ യേശു ക്രിസ്തുവും പട നയിച്ചതും പോരുതിയതും മറ്റു വിശ്വാസങ്ങള്‍ക്ക് മേല്‍ തങ്ങളുടെ വിശ്വാസങ്ങളെയും ആരാധനാ മൂര്‍ത്തികളെയും സ്ഥാപിക്കാനായിരുന്നു. അക്കാലത്തെ പീഡനങ്ങള്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നും നമുക്കു കാണാം. ക്രൈസ്തവര്‍ മാത്രമല്ല ജൂതന്മാരും മുസ്ലീംകളും ഹിന്ദുക്കളും ഒക്കെ ഇതിഹാസങ്ങളില്‍ പട നയിച്ചത് ഇതര വിശ്വാസങ്ങള്‍ക്ക് മീതെ ആയിരുന്നു. ഹൈന്ദവ ഇതിഹാസങ്ങള്‍ മാത്രമാണ് അല്പം വ്യത്യസ്തമെന്നു പറയാന്‍ കഴിയുന്നത്‌. അവിടെ പോരാട്ടങ്ങള്‍ പലപ്പോഴും ധര്‍മ്മവും അധര്‍മ്മവും തമ്മിലായിരുന്നു. ഈ രണ്ടു പക്ഷങ്ങളുടെയും ആധ്യാത്മിക ചിന്തകളും അനുഷ്ടാനങ്ങളും പലതും ഒന്നായിരുന്നു. എന്നാല്‍ മറ്റു ഇതിഹാസങ്ങളില്‍ അധര്‍മ്മികള്‍ എന്നത് മറ്റു മത വിശ്വാസികള്‍ എന്ന നിലയിലാണ് കാണപ്പെടുന്നത്. യദാര്‍ത്ഥത്തില്‍ മതങ്ങളുടെ പേരില്‍ മറ്റു വിശ്വാസങ്ങളുടെ നേരെ പോരടിക്കാന്‍ വഴി കാട്ടുന്നത് ഇത്തരം പുരാണ ഇതിഹാസങ്ങള്‍ തന്നെയാണ്.

പക്ഷെ വ്യവസായ വിപ്ലവം ആ ഒരു ചിന്തകള്‍ക്ക് ഒരു പുതിയ വഴിത്തിരിവുണ്ടാക്കി. പുതിയ വ്യാപാര ബന്ധങ്ങളും കൂട്ടുകെട്ടുകളും ഉണ്ടായി. മതം എന്ന അടിസ്ഥാനത്തിനപ്പുറത്തായിരുന്നു പല ബന്ധങ്ങളും. വ്യവസായത്തിലെ മത്സരങ്ങള്‍ പതിയെ മതത്തെ പുറകൊട്ടടിക്കാന്‍ തുടങ്ങി. മുതലാളിത്തം എന്ന പ്രവണതയുടെ മുഖമുദ്രയായ അമിതമായ ചൂഷണം മതങ്ങളുടെ പേരിലുള്ള പോരാട്ടങ്ങള്‍ക്ക് ഇടവേള നല്കി പകരം ചൂഷണത്തിന് ഇരയാക്കപ്പെട്ടവരും ചൂഷകരും തമ്മിലുള്ള സമരങ്ങള്‍ കൊണ്ടു ലോകം പ്രക്ശുബ്ദമാവാന്‍ തുടങ്ങി. ആ കാലത്തു ശാസ്ത്രത്തിന്റെയും യന്ത്രങ്ങളുടെയും യുക്തി ചിന്തകളുടെയും തണലില്‍ വര്‍ഗ്ഗ സമരങ്ങള്‍ വ്യാപകമായതോടെ മതങ്ങള്‍ പതിയെ പിന്‍നിരയിലേക്ക് മടങ്ങി. ആ ഒരു പോരാട്ടത്തിലെ ജയാപചയങ്ങളിലൂടെ ലോകം മുന്നോട്ടു നീങ്ങും എന്നാണു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദം വരെ ഏവരും കരുതി പോന്നത്. പുരോഗതിയില്‍ നിന്നും പരിഷ്ക്രുതിയില്‍ നിന്നും ചിന്തകള്‍ക്ക് പുറകോട്ടു പോകാനാവുമോ? പ്രവഹിച്ചു തുടങ്ങിയാല്‍ അരുവിക്ക്‌ തിരകെ ഒഴുകാന്‍ ആവുമോ??? ഇല്ല തന്നെ.

ഭാരതത്തില്‍ പുരാണകാലങ്ങള്‍ മുതല്‍ തന്നെ പോരാട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിന് മത വിശ്വാസങ്ങളുടെ നിറം കലരുന്നത് മുസ്ലിം ഭരണനാധികാരികളുടെ ആവിര്‍ഭാവത്തോടെയാണ്. ശൈവ വൈഷ്ണവ പോരാട്ടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും തീവ്രത കൈ വരുന്നതു ആ കാലത്താണ്. മുഗള്‍ ഭരണകാലത്തും അതിന് മുന്‍പും രജപുത്രന്മാരും മറ്റു രാജാക്കന്മാരുമായുള്ള പോരാട്ടങ്ങളിലെല്ലാം രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നതിലപ്പുറം രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദകള്‍ ആയിരുന്നു അവ എല്ലാം. സിഖ് ഗുരുക്കന്മാരായ അര്‍ജുന്‍ ദേവും തേജ് ബഹാദൂറും മുഗള്‍ രാജാക്കന്മാരാല്‍ കൊല ചെയ്യപ്പെട്ടതും ഇതേ പാശ്ചാത്തലത്തില്‍ വായിക്കാവുന്നതാണ്. എന്നാല്‍ യൂറോപ്പില്‍ വ്യവസായ വിപ്ലവം മതത്തെ അപ്രസക്തമാക്കിയത് പോലെ ഇവിടെയും മാറ്റങ്ങള്‍ ഉണ്ടായി. 19, 20 നൂറ്റാണ്ടുകളില്‍ മതതെക്കാള്‍ നമ്മുടെ ആവശ്യം സ്വാത്നത്ര്യമായത് പൊതു ശത്രുവിനെതിരെ പൊരുതുമ്പോള്‍ തല്ക്കാലതെക്കെങ്കിലും മതം മറന്നു ഒന്നു ചേരാന്‍ ഇവിടത്തെ ജനങ്ങളെ നിര്‍ബന്ധിതരാക്കി. എന്നാലും 1857 - ലെ ശിപ്പായി ലഹള എന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം മതവുമായി ബന്ധപ്പെട്ടതാണ് എന്നത് വിസ്മരിക്കാവുന്നതല്ല. അത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജെര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒരു ജനതയെ മുഴുവന്‍ തന്റെ പിന്നില്‍ അണി നിരത്തിയത് വംശീയമായ വാദഗതികളുടെ പിന്‍ബലത്തില്‍ ആണെന്നത് കാണിച്ചു തരുന്നത് അക്കാലത്തും മതങ്ങളും ജാതിയും മനുഷ്യന്റെ മനസ്സില്‍ എപ്പോഴും പൊട്ടിച്ചിതറാന്‍ അന്തര്‍ലീനമായി കിടന്നിരുന്നു എന്ന് തന്നെയാണ്. മറ്റു പല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ തല പോക്കാന്‍ പറ്റാതെ കിടക്കുക ആയിരുന്നു എന്ന് മാത്രം.

പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ (ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ തന്നെ) മതങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തില്‍ അതിന്റെ ശംഖൊലി ആയിരുന്നു 1992 ഡിസംബര്‍ 6 - നു അയോധ്യയില്‍ സംഭവിച്ചത്. ഇതേ സമയം തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മത തീവ്രവാദങ്ങള്‍ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു. ഇവിടെ അയോധ്യ സംഭവമായിരുന്നു കാരണമെങ്കില്‍ അവിടെ പ്രധാന കാരണമായത്‌ പഴയ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയായിരുന്നു. ശീതയുദ്ധകാലത്തു അമേരിക്ക ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ വളര്‍ത്തി കൊണ്ടു വന്ന താലിബാന്‍ പോലുള്ള സംഘടനകളെ അമേരിക്ക തന്നെ വേട്ടയാടാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു. എന്നും ജയിച്ചു നില്‍ക്കാന്‍ ശക്തര്‍ ആയാല്‍ മാത്രം പോരല്ലോ. അത് തെളിയിക്കാനായി തോല്‍പ്പിക്കാനായി ആരെങ്കിലും ഉണ്ടാകേണ്ടേ. മുസ്ലീം തീവ്രവാദത്തിന്റെ കാരണക്കാരും അനുഭാവോക്താക്കളും ഒരു വിഭാഗമായത് വൈരുദ്ധ്യമായി തോന്നാമെങ്കിലും അത് ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമായിരുന്നു.

മതങ്ങളുടെ അന്തസത്ത സ്നേഹവും കരുണയും ഒക്കെയാണെന്ന് പറയുമ്പോഴും ഇതര മതങ്ങളുടെ കാര്യം വരുമ്പോള്‍ അതെല്ലാം ഇന്നത്തെ കോര്‍പ്പറെറ്റ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പോലെ ആവുകയാണ്. ഒന്നുകില്‍ വിഴുങ്ങി തന്റെതാക്കുക, അല്ലെങ്കില്‍ ഇല്ലാതാക്കുക. സഹിഷ്ണുത എന്ന വാക്കു തന്നെ അപ്രസക്തമാവുകയാണ് ഇവിടെ.

ചോദ്യം ചെയ്യപ്പെടാനുള്ള കഴിവില്ലായ്മ തന്നെയാണ് മതങ്ങളെ അസഹിഷ്ണുക്കള്‍ ആക്കി മാറ്റുന്നത്. ചെറിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും പതറിപ്പോകുന്ന അവര്‍ പഠിപ്പിക്കുന്നത്‌ നിങ്ങള്‍ ചോദ്യം ചോദിക്കരുത്, എല്ലാം വിശ്വസിക്കുക മാത്രം ചെയ്യുക എന്നത്രേ!!! ചിന്തകള്‍ ആകാശത്തിനും അപ്പുറത്തേക്ക് വളര്‍ന്ന ഇക്കാലത്തും മനുഷ്യര്‍ മസ്ഥിഷ്കങ്ങള്‍ മരവിപ്പിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം, പക്ഷെ പച്ചയായ യാദാര്‍ത്ഥ്യം മാത്രമാണത്. തങ്ങളുടെ വിശ്വാസികളില്‍ നിന്നു അനുയായികളില്‍ നിന്നു ഒരാള്‍ മറു പക്ഷത്തേക്ക് പോയാല്‍ അത് തങ്ങളുടെ തോല്‍വി ആണെന്നും മറു പക്ഷത്തു നിന്നു വന്നാല്‍ അത് വിജയമാണെന്നും ഉള്ള ധാരണ ഈ അസഹിഷ്ണുതയുടെ ഫലമാണ്. അങ്ങനെ അല്ലാത്ത ഏത് മതമാണ്‌ ഇന്നു ഇവിടെ ഉള്ളത്.

ഇതര മതങ്ങളിലെ അനുയായികളുടെ സ്തുതികളാണ്‌ തങ്ങളുടെ ദൈവത്തിനു ശ്രേഷ്ടം എന്ന് കരുതുന്നവരാണ് ഇന്നു ഏറെയും. അത് കൊണ്ടു തന്നെയാണ് മറ്റു മത വിശ്വാസികള്‍ക്കിടയില്‍ തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ അവര്‍ പാടു പെടുന്നതും. അടുത്തിടെ കണ്ട ഒരു പരസ്യം ആണ് ഓര്‍മ്മ വരുന്നതു. മലബാറില്‍ പലയിടത്തും ഇത്തരം പരസ്യങ്ങള്‍ കാണാറുണ്ട്‌. " സൌജന്യ ഇസ്ലാം പഠനം; (മുസ്ലീംകള്‍ അല്ലാത്തവര്‍ക്ക് മാത്രം)" എന്താണ് ഇതു കൊണ്ടു ലക്ഷ്യമിടുന്നത്. മുസ്ലീം സഹോദരര്‍ക്ക് ആ സൌജന്യ പഠനം ലഭ്യമാകാത്തത് കൊണ്ടാകുമോ നസീറുമാരും കസബുമാരും ഉണ്ടാകുന്നത്??? മത പരിവര്‍ത്തനം ലക്ഷ്യമിടുന്ന കൃസ്ത്യന്‍ മിഷനറിമാറും ഇതര മതക്കാര്‍ക്ക് വന്‍ പ്രലോഭനങ്ങള്‍ ആണ് നല്കുന്നത്. ക്രൈസ്തവര്‍ ഒന്നേ ഉള്ളൂ എന്ന് പറയുന്നവര്‍ ഇന്നു ദളിത്‌ ക്രൈസ്തവര്‍ എന്നൊരു വിഭാഗത്തിന്റെ പരിഗണനക്കായി സമരം ചെയ്യുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഹൈന്ദവ സംസ്കാരം എന്നപേരില്‍ പൊതു സമൂഹത്തിനു നേരെ പൊതു സമാധാനത്തിനു നേരെ കുതിര കയറുന്ന മുത്തലിക്കുമാരും നമ്മുടെ മുന്നില്‍ തന്നെയാണ് വിഹരിക്കുന്നത്. സ്നേഹവും കരുണയും എല്ലാം ഇന്നത്തെ മതത്തിന്റെ വക്താക്കള്‍ക്കു അന്യമാനെന്നതിനു മറ്റെവിടെ പോകണം.

അടുത്തിടെ ഇവിടെ ഉയര്‍ന്ന "ലൌ ജിഹാദ്" വിവാദവും വെളിവാക്കിയത് മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയാണ്. പലരും അത് പ്രണയത്തിനു നേരെ ഉള്ള ഭീഷണി ആയി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. അവരില്‍ മതത്തിന്റെ വക്താക്കളും ഉണ്ടായിരുന്നു എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ പ്രണയത്തെ ഇതുമായി ബന്ധിപ്പിച്ചു മതങ്ങളുടെ അസഹിഷ്ണുതയെ സൌകര്യപൂര്‍വ്വം മറയ്ക്കുകയായിരുന്നു അവര്‍. ഒരു മതവും പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ദൈവം സ്നേഹമാണ് എന്ന് പറയുമ്പോഴും സ്നേഹത്തിനു അതിരുകളും ചങ്ങലകളും തീര്‍ക്കുന്നവരാണ് എല്ലാ മതങ്ങളും. ഏറ്റവും ചിന്തിക്കേണ്ട കാര്യം മതങ്ങള്‍ക്ക് വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹമല്ല എന്നതാണ്. മറിച്ച് മനുഷ്യര്‍ക്ക്‌ മതങ്ങളോട് അഥവാ മതങ്ങളുടെ മൂര്‍ത്തികള്‍ ആയ ദൈവങ്ങളോട് ആണ് സ്നേഹം ഉണ്ടാകേണ്ടത് എന്ന് അവര്‍ ഉദ്ഘോഷിക്കുന്നു. അതായത് മതങ്ങളെക്കാള്‍ വലുതല്ല മനുഷ്യ സഹോദരങ്ങള്‍ എന്ന്!!!! മനുഷ്യന്റെ സൃഷ്ടികള്‍ പലതും മനുഷ്യന് തന്നെ നാശമായിട്ടുണ്ട്. പക്ഷെ അവര്‍ അറിയാതെ അവനില്‍ നാശം വിതക്കുന്ന സൃഷ്ടികളില്‍ മതത്തിനോളം വരില്ല മറ്റൊന്നും.

നമ്മുടേത്‌ ഒരു മതേതര രാഷ്ട്രമാണ്. മതേതരം എന്നത് എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധന്യമെന്നതോ അതോ ഒരു മതത്തിനും പ്രാധാന്യമില്ലാത്ത അവസ്ഥ എന്നതോ എന്ന് ചര്ച്ച ചെയ്യേണ്ടതുണ്ട്. എന്നാലും ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് ( ശ്രമം മാത്രമാണ്) എല്ലാ മതങ്ങളെയും പരിഗണിക്കാന്‍ അഥവാ പ്രീണിപ്പിക്കാന്‍ തന്നെയാണ്. മത ആഘോഷ ദിനങ്ങള്‍ പൊതു അവധികള്‍ ആകുന്നതു അതുകൊണ്ടാണല്ലോ. മറ്റു രാഷ്ട്രങ്ങളില്‍ ഇതു എത്രതോലമുണ്ട് എന്നറിയില്ല. എന്നിട്ടും ഇപ്പോഴും ഇവിടെ സംവരണം മതത്തിന്റെയും ജാതിയുടെയും പേരില്‍ തുടരുകയാണ് എന്നതാണ് രസകരം. തുല്യ പ്രാധാന്യമെന്നത് ഏത് അളവുകോലില്‍ ആണെന്നത് ഇപ്പോഴും അവ്യക്തമായി നില്‍ക്കെ തങ്ങള്‍ക്കു പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതി എല്ലാവരിലും നിറയുന്നു. സച്ചാര്‍ കമ്മറ്റി, മണ്ഡല്‍ കമ്മീഷന്‍, ഏകീകൃത സിവില്‍കോട്.... ഒരു പാടു വാക്കുകള്‍ നമ്മുടെ കര്‍ണ്ണങ്ങളെ തഴുകി വിസ്മൃതിയിലാണ്ടു പോയിക്കഴിഞ്ഞു.

അതെ; 19 - ആം നൂറ്റാണ്ടില്‍ അപചയം സംഭവിച്ച മതങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഗ്ഗ സമരങ്ങള്‍ മതങ്ങള്‍ക്കുള്ളില്‍ നടക്കുന്നുണ്ടായിരിക്കാം. പക്ഷെ മുഖ്യധാരയില്‍ അവ ഒരിക്കലും പ്രതിഫലിക്കുന്നില്ല. പകരം മതങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എവിടെയും.... മറ്റെന്തു സംഭവിച്ചാലും ഉണ്ടാവുന്നതിനേക്കാള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍.... ജനസഹസ്രങ്ങളുടെ ജീവന് തന്നെ ഭീഷണിയായ മുല്ലപ്പെരിയാര്‍ പോലുള്ള സംഭവങ്ങളെപ്പോലും മാറ്റി നിര്‍ത്തിയാണ് നമ്മള്‍ "ലൌ ജിഹാദും" "ഡിസംബര്‍ - 6 " ഉം ചര്‍ച്ച ചെയ്തത്. അടുത്തകാലത്ത് മതങ്ങളോട് പൊതുവെ വിമുഖത കാട്ടിയിരുന്ന കമ്മ്യൂനിസ്റ്റ് പാര്‍ട്ടി പോലും ദളിത്‌ സംഘടനയെ അംഗീകരിച്ചിരിക്കുന്നു. അടുത്തകാലത്ത് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ സഖ്യങ്ങളും വിരല്‍ ചൂണ്ടുന്നത് മതത്തിന്റെ ആശയസംഹിതക്ക് മുന്നില്‍ അവര്‍ക്കും അടിപതറി എന്നാണ്.

ഈ നൂറ്റാണ്ടിന്റെ പ്രധാന പ്രതിസന്ധി എന്താണെന്ന ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങള്‍, ആണവായുധങ്ങള്‍, ഇന്ധന ക്ഷാമം, ഭക്ഷ്യ ക്ഷാമം എന്നിങ്ങനെ പലതും നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളൊക്കെ നേരിടുമ്പോള്‍ തന്നെ അതോടൊപ്പം അദൃശ്യമായി നമ്മെ വേട്ടയാടുന്ന ഏറ്റവും വലിയ ഭീഷണി മതത്തിന്റെ പേരിലുള്ള തീവ്രവാദവും പോരാട്ടങ്ങലുമായിരിക്കും എന്നത് ഒരു യാദാര്‍ത്ഥ്യം മാത്രമാണ്. മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദ മാനവരാശിയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലേക്ക് വ്യാപരിച്ചു തുടങ്ങിക്കഴിഞ്ഞു. പരസ്പരം ബഹുമാനിക്കാണോ അംഗീകരിക്കാനോ (വാക്കുകള്‍ കൊണ്ടോ ആശയം കൊണ്ടോ അല്ല, പ്രവൃത്തികള്‍ കൊണ്ടു) ആവാതെ ഓരോ മതവും അതിന്റെ വക്താക്കളും നിലകൊള്ളുമ്പോള്‍ ഇനിയുള്ള കാലം രാഷ്ട്രങ്ങളുടെ അതിര്കളെക്കാള്‍ ഭാഷയുടെ വേര്‍തിരിവുകലെക്കാള്‍മനുഷ്യരെ അകറ്റുന്നത് അവരായിരിക്കും. മതങ്ങള്‍. ഭരണകൂടങ്ങളും നീതിന്യായപീടങ്ങളും ആറു നൂറ്റാണ്ട് പുറകിലേക്ക്, ഫ്യൂടലിസത്തിനും പുറകിലേക്ക് മടങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു. മലയാളിയായ ഒരു ന്യായാധിപന്‍ അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞതു " ഞാന്‍ ആദ്യം അല്മായനാണ്, പിന്നെ ഭാരതീയനും" എന്ന രീതിയിലാണ്. ഭരണ സാരഥികളെ നിര്‍ണ്ണയിക്കുന്നതില്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മതം ഒരു ഘടകമാക്കി പരിഗണിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ക്ഷാമങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും എല്ലാം ഉണ്ടാകുമ്പോഴും അതിനെ മറികടക്കാനുള്ള അല്ലെങ്കില്‍ അതിനെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആണ് നമ്മുടെ ചിന്തകളെയും ചര്‍ച്ചകളേയും മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ മതത്തിന്റെ പ്രകോപനങ്ങള്‍ പലപ്പോഴും നമ്മെ ഉണര്‍ത്തുന്നത് എങ്ങനെ തിരിച്ചടി നല്‍കാമെന്ന ചിന്തകളിലെക്കാണ്‌. (ബാബറി മസ്ജിദ് പ്രശ്നത്തില്‍ മലപ്പുറം ശാന്തമായി നിന്നത് ഇപ്പോഴും ഒരു അത്ഭുതമാണ്. പക്ഷെ ഇന്നു ആ ഒരു സംയമനം ഒരിടത്തും പ്രതീക്ഷിക്കാനാവില്ല. മാറാട് സംഭവിച്ചത് സംയമനം പാലിച്ച അതെ മലബാറിലാണ് എന്നത് നമുക്കോര്‍ക്കാം.) ആ ചിന്തയില്‍ മറ്റു ദേശീയതകള്‍ എല്ലാം തന്നെ അപ്രസക്തമാവുകയാണ്. പാക്കിസ്ഥാനിലും ഭാരതത്തിലും ഒരു പോലെ ജെനങ്ങളുടെ മേല്‍ ആക്രമണം നടത്തുന്ന ഭീകര സംഘടനകള്‍ അതാണ്‌ തെളിയിക്കുന്നത്. വളരെ വേഗം മനസുകളില്‍ നിന്നു മനസുകളിലേക്ക്‌ വ്യാപിക്കുന്ന ഒരു വൈറസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു മത തീവ്രവാദം.

ഇന്നു സദ്ദാം ഹുസൈന്‍ നമ്മുടെ നാട്ടില്‍ ഒരു വീര പുരുഷനാണ്. അദ്ദേഹം എങ്ങനെ ആണ് അങ്ങിനെ ഒരു പരിവേഷത്തില്‍ എത്തിയത്? സ്വന്തം നാട്ടിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്ത നേതാവാണ്‌ അദ്ദേഹം. അതെല്ലാം മറന്നു നമ്മള്‍ അദ്ദേഹത്തെ വാഴ്ത്തുന്നത് തീര്‍ച്ചയായും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടല്ല; മരിച്ചു അതില്‍ പ്രതിഫലിക്കുന്നത് അമേരിക്കയോടുള്ള വിദ്വേഷം മാത്രമാണ്. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ സ്വന്തം നേതാവിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കിയ സഖാക്കളാണ് ദേശസ്നേഹത്തിന്റെ പേരില്‍ സദ്ദാമിനെ പുന്യവാനാക്കിയതെന്നത് നിലനില്‍പ്പിന്റെ ആമാശയപരമായ ഇരട്ടത്താപു തന്നെയല്ലേ? മതങ്ങളോട് അകലാന്‍ ആഗ്രഹിച്ച കമ്മ്യൂണിസത്തിന്റെ ആധുനിക വക്താക്കള്‍ മതങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകാന്‍ പാടു പെടുന്നത് കാണുമ്പോള്‍ ആശയങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം മതങ്ങള്‍ക്ക് മാത്രമല്ല മത നിരപെക്ഷതക്കും ഒരു പോലാണെന്ന് തോന്നിപ്പോകുന്നു.

മതങ്ങള്‍ നമ്മെ വിഴുങ്ങും മുന്‍പ് അതിനനുവാദിക്കാതിരിക്കാന്‍ നാം ഉണരെണ്ടിയിരിക്കുന്നു. മതങ്ങളുടെ ആശയങ്ങള്‍ സുഗന്ധപൂരിതമെങ്കിലും അതിന്റെ വക്താക്കള്‍ ഇന്നു പരത്തുന്നത് രക്തത്തിന്റെ രൂക്ഷ ഗന്ധമാണ്. മറ്റു മതങ്ങലെക്കാള്‍ ശ്രേഷ്ടം തങ്ങളാണെന്ന് ഓരോ മതവും അസന്നിഗ്ദമായി പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ മതേതരത്വം ഒരിക്കലും സമാധാനം പരത്തില്ല. ശാന്തി പുലര്‍ത്തില്ല. അതുകൊണ്ട് നമുക്കു ഒരു മതം മാത്രം മതി. മനുഷ്യ മതം. രണ്ടു ജാതി. സ്ത്രീയും പുരുഷനും. ഒരിക്കലും സംഭവിക്കാത്ത സങ്കല്‍പ്പമാണ് അതെന്നു അറിയാമെങ്കിലും പ്രതീക്ഷകള്‍ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ആവുന്നില്ല. നമ്മള്‍ മനുഷ്യര്‍ ആയിപ്പോയില്ലേ. വയലാറിന്റെ അര്‍ത്ഥഗര്‍ഭമായ രണ്ടു വരികളോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഒരിക്കലും അങ്ങനെ സംഭാവിക്കാതിരിക്കട്ടെ അന്ന ആത്മാര്‍ഥമായ ആഗ്രഹത്തോടെ. ഇനി ഡിസംബര്‍ -6 കളും , സപ്തംബര്‍ -11 കളും നമുക്കിടയില്‍ ഉണ്ടാകാതിരിക്കട്ടെ.

ദൈവം തെരുവില്‍ മരിക്കുന്നൂ, ചെകുത്താന്‍ ചിരിക്കുന്നൂ....

മനുഷ്യന്‍ തെരുവില്‍ മരിക്കുന്നൂ;
മതങ്ങള്‍ ചിരിക്കുന്നൂ.........

25. ശൂന്യതയെ പ്രണയിച്ചവര്‍...

on Wednesday, November 18, 2009

"ഇതു ശരത്കാലം. ഇലകള്‍ പൊഴിയുന്നു.

ഭൂമിയില്‍ പ്രണയം മരിച്ചു കഴിഞ്ഞു .
വിഷാദഭരിതമായ മിഴിനീരുമായി
കാറ്റു തേങ്ങിക്കരയുന്നു.
പുതിയ ഒരു വസന്തതിനായി
ഇനി ഒരിക്കലും എന്റെ ഹൃദയം പ്രത്യാശിക്കില്ല."

ഗ്ലൂമി സണ്‍ഡേ - റെസോ സെറസ്.

ചീറി വരുന്ന തീവണ്ടിക്കു മുന്നിലേക്ക്‌ പെനാല്‍റ്റി കിക്ക് തടയാന്‍ ഡൈവ് ചെയ്യുന്ന ഗോളിയെപ്പോലെ ചാടുമ്പോള്‍ റോബര്‍ട്ട്‌ എങ്കെയുടെ മനസ്സില്‍ ശൂന്യത തന്നെ ആയിരുന്നിരിക്കണം. ഒറ്റ വ്യത്യാസം മാത്രം. പുല്‍മൈതാനങ്ങളിലെ ശ്വാസമടക്കിപ്പിടിച്ച നിശ്ശബ്ദതക്ക് പകരം ചൂളം കുത്തി വരുന്ന തീവണ്ടിയുടെ ശബ്ടായമാനമായ അന്തരീക്ഷമായിരുന്നു ആ സമയം എല്‍വീസ് റെയില്‍വേ ക്രോസിങ്ങില്‍...

ഹാന്നോവറിന്റെ ഗോള്‍വലക്കു മുന്നില്‍ തോല്‍വി ഒഴിവാക്കാനായി വായുവിനെ തുളച്ചു വരുന്ന പന്തുകള്‍ തടയാന്‍ ജര്‍മ്മനിയിലെ മൈതാനങ്ങളില്‍ എങ്കെ ഒരുപാടു തവണ ഡൈവ് ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ നിഷ്ഫലമായ ശ്രമങ്ങള്‍. ചിലപ്പോള്‍ ടീമിനെ രക്ഷിച്ച സേവുകള്‍. പക്ഷെ ഈ നവംബര്‍ 10- നു എല്‍വീസ് റെയില്‍വേ ക്രോസിങ്ങില്‍ കുറുകെ ചാടുമ്പോള്‍ എങ്കെക്ക് ഉറപ്പുണ്ടായിരുന്നു. ഈ ഡൈവ് വിഫലമാവാത്ത ഒരു സേവ് തന്നെ ആയിരിക്കുമെന്ന്. കാരണം, ഈ ചാട്ടത്തിന് രക്ഷിക്കാനുള്ളത് 90 മിനിട്ട് നേരത്തെ യുദ്ധത്തില്‍ നിന്നല്ല.അതിനുമപ്പുറം അവ്യക്തമായ ഇരുളിലേക്ക് പരന്നു കിടക്കുന്ന ജീവിതത്തിന്റെ അനിശ്ചിതത്വത്തില്‍ നിന്നു തന്നെ ആയിരുന്നു.
32 - വയസ്സ് മാത്രം നീണ്ട ജീവിതത്തില്‍ ഇരുളിനെ എങ്കെ എന്നും ഭയപ്പെട്ടിരുന്നു. എപ്പോഴും തനിക്ക് മുന്നില്‍ ഫണം വിടര്‍ത്തി ആടാന്‍ തോല്‍വിയുടെ ഇരുള്‍ കാത്തിരിക്കുന്നു എന്ന ഭയം എങ്കെയേ വര്‍ഷങ്ങള്‍ക്കു മുന്‍പേ വിഷാദരോഗത്തിനടിമയാക്കി മാറ്റി. 2006-ഇല്‍ ഏക മകള്‍ രണ്ടു വയസ്സുകാരിയായ ലാറയുടെ മരണവും എങ്കെക്ക് വഴി കാട്ടിയത് എന്നും ഭയപ്പെട്ടിരുന്ന ആ ഇരുളിലേക്ക് തന്നെ ആയിരുന്നു. ഒരു പക്ഷെ ഇരുളിന്റെ ഭീകരതയെക്കാള്‍ മരണത്തിന്റെ ശൂന്യതയെ പ്രണയിക്കാന്‍ എങ്കെയെ നിര്‍ബന്ധിതനാക്കിയത് ആ സംഭവമാവണം. ആ പ്രണയത്തില്‍ നിന്നു എങ്കെയെ പിന്തിരിക്കാന്‍ ആ ഇരുളിലെ രണ്ടു കുഞ്ഞു നക്ഷത്രങ്ങള്‍ക്കും - ഭാര്യ തെരെസക്കും വളര്‍ത്തു പുത്രി ലൈലക്കും - കഴിഞ്ഞില്ല. ഒടുവില്‍ ഇരുളില്‍ നിന്നു ശൂന്യതയിലേക്കുള്ള എങ്കെയുടെ ഡൈവ് ഏകാന്തതയുടെ താഴ്വരയിലേക്ക് വലിച്ചെറിയാന്‍ മാത്രമായിരുന്നു അവരുടെ വിധി.

മരണം പലപ്പോഴും അങ്ങിനെ ആണ്. കുറച്ചു മനസുകളെയെങ്കിലും അനാഥമാക്കിയാണ് ഓരോ മനുഷ്യരും ഓര്‍മ്മകള്‍ ആയി മറയുന്നത്. ( അനാഥമെന്നത് ഒരു പക്ഷെ ജീവിതത്തിന്റെ കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥയുമാവാം. ) എങ്കെയുടെ ദുരന്തം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന മറ്റൊരു രൂപം വി. പി. സത്യന്റെതാണ്. മരണത്തിന്റെ രൂപവുമായി മുന്നിലേക്ക്‌ പാഞ്ഞടുത്ത തീവണ്ടിയെ തടഞ്ഞു നിര്‍ത്താന്‍ ഒരു പാടു ശത്രു മുന്നേറ്റങ്ങളുടെ മുനയോടിച്ച ഇന്ത്യന്‍ ഫുട്ബാളിലെ എക്കാലത്തെയും മികച്ച സ്റ്റോപ്പര്‍ ബാക്കിനും കഴിഞ്ഞില്ല.

ഫ്രീകിക്കുകളും പെനാല്‍ട്ടികളും ഫൌളുകളും കാര്‍ഡുകളും ഒന്നും ഇല്ലാത്ത ലോകത്തേക്ക് മാര്‍ച്ച് ചെയ്ത എങ്കെയിലൂടെ തുടങ്ങിയ അടുക്കളയുടെ ഇന്നത്തെ യാത്ര തുടരുന്നത് ആത്മഹത്യയുടെ ഇരുള്‍ ദ്വീപിലേക്കാണ്. സ്വാഭാവികമായ ചിന്തയില്‍ നാം മന:പൂര്‍വ്വമോ അല്ലാതെയോ ഒഴിച്ചിടുന്ന ചില വഴിത്താരകളിലൂടെ.

ജീവിതമോ? അതോ മരണമോ?

ഏതാണെളുപ്പം...

( മരണത്തിന്റെ ബുദ്ദിമുട്ടുകളെയും എളുപ്പത്തെയും പറ്റി പറഞ്ഞു തരാന്‍ ആ കയങ്ങളില്‍ നിന്നും ഇനിയും ആരും തിരികെയെത്തിയിട്ടില്ല. എങ്കിലും ജീവിതത്തിന്റെ ബുദ്ദിമുട്ടുകളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെയാണ് പലരും സ്വയം മരണം തിരഞ്ഞെടുക്കുന്നത് എനതുകൊണ്ട് തന്നെ ജീവിതം മരണത്തെക്കാള്‍ എളുപ്പമല്ല എന്ന ചിന്തയിലാണ് അടുക്കള നിങ്ങളുമായി സംവദിക്കുന്നത്. പൂര്‍ണ്ണമായും ശരിയാണെന്ന അവകാശവാദത്തോടെയല്ല; ശരിയുമാകാം എന്ന വിശ്വാസത്തോടെ തന്നെ.)

മരണം തന്നെ.

അത് തന്നെയാണ് പല ആത്മാഹത്യകള്‍ക്കുമുള്ള പ്രാഥമികമായ കാരണം. എങ്കിലും ജീവിതം മടുത്തവര്‍ മാത്രമാണ് ആ മാര്‍ഗം തിരഞ്ഞെടുക്കുന്നതെന്ന അഭിപ്രായം അടുക്കളക്കില്ല. ജീവിക്കണമെന്ന ആഗ്രഹം മറ്റാരേക്കാളും കൂടുതലായി അവരിലും ഉണ്ടായിരുന്നത്. പക്ഷെ അവര്‍ ആ ആഗ്രഹത്തിന്റെ സ്വപ്നങ്ങളേക്കാള്‍ വളരെയേറെ ജീവിതമെന്ന അനിശ്ചിതത്വത്തെ ഭയപ്പെട്ടു. ആ ഭയം; അതാണ്‌ അവര്‍ക്ക് ശൂന്യതയുടെ പാതയിലേക്ക് വഴി കാണിച്ചത്. ആഗ്രഹങ്ങളെ അവസ്ഥകള്‍ കീഴടക്കുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സിന്റെ സ്ഥയിര്യം നഷ്ടമായിപ്പോകുന്നതായിരിക്കണം ഇനിയൊരു നിമിഷത്തെ അഭിമുഖീകരിക്കാന്‍ ആവാത്ത വിധം അവരെ തളര്‍ത്തിയത്. മരണത്തെ ഭയപ്പെട്ടു നടക്കുന്നവര്‍ അതിനെ പുല്കുന്നത് വിരോധാഭാസമായി തോന്നാമെങ്കിലും മരണത്തെക്കാള്‍ ജീവിതത്തെ ഭയക്കുന്നവരും ഇവിടെയുണ്ട് എന്ന് തന്നെയാണ് ഓരോ ആത്മഹത്യയും നമ്മോടു വിളിച്ചോതുന്നത്‌

അതിനെക്കുറിചോര്‍ക്കും മുന്‍പ് എന്താണ് ആത്മഹത്യ എന്നത് കൊണ്ടു നാം വിവക്ഷിക്കുന്നത് എന്ന വ്യക്തമായ ധാരണയില്‍ എത്തേണ്ടതുണ്ട്. ലളിതമായി പറഞ്ഞാല്‍ അറിഞ്ഞു കൊണ്ടു മരണത്തിന്റെ പാതയിലേക്കുള്ള, പാതയിലൂടെയുള്ള എല്ലാ യാത്രകളും ആത്മഹത്യ ശ്രമങ്ങള്‍ തന്നെയാണ്. ഇടയില്‍ വച്ചു പലതും തടഞ്ഞു നിര്‍ത്തപ്പെടുന്നുണ്ടെങ്കിലും. മന:ശാസ്ത്രജ്ഞര്‍ അതിലേക്കു നയിക്കുന്ന മസ്തിഷ്കത്തിന്റെ രാസപ്രവര്‍ത്തനങ്ങളെ ഒരു പാടു വിശകലനം ചെയ്തു നമുക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയുടെ പ്രത്യക്ഷമായ കാരണങ്ങളെയും അവര്‍ നമുക്കു മുന്നില്‍ വരച്ചിട്ടിട്ടുണ്ട്. പ്രണയ നൈരാശ്യം, ജീവിത സമ്മര്‍ദ്ദം, വിഷാദ രോഗം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍, അപമാനം, ബിസിനെസ്സ്, തൊഴില്‍ പരാജയങ്ങള്‍, ഭീഷണി, ഏകാന്തത, അങ്ങനെ അങ്ങനെ... പക്ഷെ അടുക്കള ഇന്നു അതിനെക്കുറിച്ചൊന്നും ഓര്‍ക്കുന്നില്ല.

ഇപ്പറഞ്ഞ വിഷയങ്ങള്‍ അപ്രസക്തമായത് കൊണ്ടല്ല ട്ടോ. അത് അടുക്കള ഇനി പറയാന്‍ പോകുന്ന കാര്യങ്ങളെക്കാള്‍ പ്രസക്തം തന്നെയാണ്. എങ്കിലും ഈ പ്രസക്തമായ കാര്യങ്ങള്‍ക്കിടയിലും വിസ്മരിക്കാന്‍ പാടില്ലാത്ത ചില അപൂര്‍വ്വം സംഭവങ്ങള്‍. അതിനെ നിങ്ങളില്‍ പലര്‍ക്കും അപരിചിതമായ ഒരു ദൃഷ്ടിയിലൂടെ കാണാന്‍ ശ്രമിക്കുകയാണിവിടെ. ഒരു പക്ഷെ ആ സംഭവങ്ങളില്‍ പലതും ആത്മഹത്യ എന്ന് അംഗീകരിക്കാന്‍ പോലും പലര്‍ക്കും കഴിഞ്ഞേക്കില്ല. കാഴ്ച്ചയുടെ കോണുകള്‍ എല്ലാം ഒരുപോലെ ആവില്ലല്ലോ. അടുക്കളയുടെ ഈ കാഴ്ചയിലേക്കും മിഴി തുറക്കുക. വിയോജനങ്ങള്‍ ഉണ്ടായേക്കാം. അറിയിക്കുക.

കൃത്യം 31 വര്‍ഷങ്ങള്‍ക്കു മുന്‍പ്. 1978 നവംബര്‍ 18. തെക്കേ അമേരിക്കയിലെ ഗയാനയിലെ ജോനസ് ടൌണ്‍. ജിം ജോണ്‍സിന്റെ നേതൃത്വത്തില്‍ അവിടെ ഒരു പ്രത്യേക സമൂഹമായി ജീവിക്കുന്ന അമേരിക്കന്‍ ജനതയുടെ ഇടയിലേക്ക് അന്വേഷണത്തിനായി വന്ന അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ലിയോ റൈന്‍ തിരികെ പോവുകയാണ്. ഭരണകൂടത്തിനെ എതിര്‍ത്ത് കൊണ്ടു നില്ക്കുന്ന, അല്ലെങ്കില്‍ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്കു വിധേയരാവാതെ നില്ക്കുന്ന ആ സമൂഹം അമേരിക്കക്കാര്‍ക്ക് ഒരു തല വേദനയായി മാറിക്കഴിഞ്ഞിരുന്നു അക്കാലത്ത്. പ്രത്യേകിച്ചും തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ സോവിയറ്റ് യൂനിയനോടുള്ള താത്പര്യം ജോണ്‍സ് പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടിരുന്ന സാഹചര്യത്തില്‍. അവരെ തിരികെ അമേരിക്കയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യമായിരുന്നു റൈനിന്റെ സന്ദര്‍ശനത്തിലൂടെ അമേരിക്കന്‍ കോണ്‍ഗ്രസ് അന്ന് ലക്ഷ്യം വച്ചത്. റൈന്‍ വളരെ സമാധാനപരമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതീക്ഷകളുമായാണ് തിരികെ വിമാനതിഎല്ക്കു കയറിയത്. എന്നാല്‍ തങ്ങളുടെ അനുയായികളില്‍ മാനസിക പരിവര്‍ത്തനം ഉണ്ടാവുന്നു എന്ന് തിരിച്ചറിഞ്ഞ ജോണ്‍സ് അപ്രതീക്ഷിതമായി ലിയോ റൈന്‍ കയറിയ വിമാനം ജോനസ് ടൌണിലെ കൈതുമ തുറമുഖത്തെ എയര്‍സ്ട്രിപ്പില്‍ വച്ചു വെടിവച്ചിട്ടു. റൈനും കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അമേരിക്കന്‍ ചരിത്രത്തില്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധി കൊല്ലപെടുന്ന ഏക സംഭവം. പക്ഷെ അതിഎനെക്കാള്‍ വലുത് സംഭാവിക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.

ഉച്ചക്ക് ജോനസ് ടൌണില്‍ അവിടെയുള്ള എല്ലാവരും ഒത്തു കൂടി. അവിടെ വച്ചു തങ്ങളുടെ നേതാവിന്റെ വാക്കുകള്‍ കെട്ട് പലരും ഞെട്ടിയിട്ടുണ്ടാവണം. " നമ്മള്‍ എല്ലാവരും ഇപ്പോള്‍ ജീവനൊടുക്കാന്‍ പോകുന്നു. ഇതൊരു ആത്മഹത്യയല്ല. വിപ്ലവമാണ്. ലോകത്തിലെ എല്ലാ മനുഷ്യത്വമില്ലായ്മക്കും എതിരെ നമ്മള്‍ മരണത്തിലൂടെ വിപ്ലവം ചെയ്യാന്‍ പോകുന്നു." ജോണ്‍സ് പതിവു പോലെ തന്റേതായ കാരണങ്ങള്‍ പലതും നിരത്തി അവരെ വിശ്വസിപ്പിച്ചു. ചിലര്‍ എതിര്‍ത്തെങ്കിലും അവസാന തീരുമാനം ജോണ്‍സിന്റെ വാക്കുകള്‍ തന്നെയായിരുന്നു. മരണത്തിലൂടെയുള്ള വിപ്ലവം. കൊച്ചു കുഞ്ഞുങ്ങള്‍ അടക്കം 909 അമേരിക്കന്‍ പൌരന്‍മാരാണ് മുന്തിരിച്ചാറില്‍ ലയിപ്പിച്ച വിഷം നുകര്‍ന്നത്‌. 2001 - ലെ ഭീകരാക്രമണത്തിനു മുന്‍പ് പ്രകൃതി ക്ഷോഭങ്ങളിലൂടെ അല്ലാതെ അമേരിക്കന്‍ ജനതക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങള്‍ വിഷപാനീയം നല്‍കുമ്പോള്‍ ആ അമ്മമാരുടെ കൈകള്‍ ഒരിക്കലും പതറിയില്ല. ഒടുവില്‍ സ്വയം അത് നുകരുമ്പോഴും അവര്‍ക്ക് അറിയുമായിരുന്നില്ല തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്.കാരണം അവരുടെ മനസ്സില്‍ കാതുകളില്‍ അപ്പോഴും ഒരു ശബ്ദം മാത്രമെ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ വിപ്ലവം ചെയ്യുകയാണ്!!!

തങ്ങളുടെ സ്വത്തെല്ലാം സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എഴുതി വച്ചാണ് പലരും അന്ന് ജീവനൊടുക്കിയത്. പക്ഷെ ആ ആത്മബലി കൊണ്ടു അവരോ, ആ ദാനം കൊണ്ടു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോ രക്ഷപ്പെട്ടില്ല എന്നത് പില്‍ക്കാല ചരിത്രം. അത് നമുക്കു മറക്കാം. പക്ഷെ ഒന്നു ചിന്തിക്കുക. ആ കൂട്ട ആത്മഹത്യ കേവലും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നുവോ? അല്ല. ഒരിക്കലും അല്ല!!!

യദാര്‍ത്ഥത്തില്‍ അവര്‍ ഓരോരുത്തരുടേയും മരണം വളരെ കാലങ്ങള്‍ക്ക് മുന്‍പു തന്നെ കഴിഞ്ഞിരുന്നു. സ്വന്തം ചിന്താശേഷിയും തീരുമാനങ്ങളും മറ്റൊരാള്‍ക്ക് മുന്നില്‍ അടിമപ്പെടുതുന്ന നിമിഷം ഓരോ മനുഷ്യന്റെയും അന്ത്യം തന്നെയാണ്. പിന്നെ ബാക്കി അവശേഷിക്കുന്നത് ആരുടെയൊക്കെയോ ആജ്ഞകള്‍ക്കനുസരിച്ച് പ്രതികരിക്കുന്ന ഒരു ജഡം മാത്രം. ഒരര്‍ത്ഥത്തില്‍ ഇത്തരം സംഭവങ്ങളുടെ അടിസ്ഥാന കാരണം ഈ ലോകത്ത് ജീവിക്കുന്നു എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന മനുഷ്യരൂപങ്ങളില്‍ പലതും ഇത്തരം ജഡങ്ങള്‍ ആണെന്നതാണ്. ആ ഒരു യാദാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ ജോനസ് ടൌണ്‍ ദുരന്തം ഒട്ടും തന്നെ നമ്മളെ അത്ഭുതപ്പെടുത്തില്ല. ഇനിയും എവിടെയും ആവര്‍ത്തിക്കപ്പെടാവുന്ന ഒരു അവസ്ഥ മാത്രം. പ്രത്യേകിച്ചും മനുഷ്യരില്‍ നല്ലൊരു പങ്കും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ കലുഷിതമാക്കപ്പെട്ട ദുര്‍ബലമാക്കപെട്ട മനസ്സുകളാല്‍ അസ്വസ്ഥമാക്കപ്പെട്ട ഈ കാലത്ത്.

വര്‍ഷം വരെ ശ്രീലങ്കന്‍ സിംഹള ജനതയുടെ പേടിസ്വപ്നമായിരുന്ന തമിഴ് പുലികളും ഒരര്‍ത്ഥത്തില്‍ ആത്മഹത്യക്കായി തുനിഞ്ഞിറങ്ങിയവര്‍ ആയിരുന്നു. കഴുത്തില്‍ അണിഞ്ഞ സയനൈഡ് കാപ്സ്യൂളുമായി ചിതറിത്തെരിക്കാന്‍ പാകത്തില്‍ ശരീരത്തില്‍ അണിഞ്ഞ ബോംബുകളുമായി അവരുടെ ഓരോ യാത്രയും മരണം തേടി തന്നെ ആയിരുന്നു. അമേരിക്കയിലെ ട്രേഡ് സെന്ററിന്റെ നിലകളിലേക്ക് വിമാനം പരത്തിയവര്‍ക്കും അറിയാമായിരുന്നു തങ്ങള്‍ മരണത്തിലേക്കുള്ള യാത്രയില്‍ ആണെന്ന്. അതെ അറിഞ്ഞു കൊണ്ടു മരണത്തിന്റെ പാതയിലൂടെയുള്ള യാത്ര. ബിന്‍ ലാദന്റെ അനുയായികളും മറ്റു ഭീകരവാദികളും എല്ലാം നടന്നടുക്കുന്നത് മരണത്തിലേക്ക് തന്നെയാണ്. അവരുടെ ആരുടേയും പ്രശ്നങ്ങള്‍ ഒരിക്കലും വ്യക്തിപരം ആയിരുന്നില്ല. അതിശക്തമായ മസ്തിഷ്ക പ്രക്ഷാളനം നടത്തപ്പെട്ടു മരവിച്ച മനസ്സുമായി ചലിക്കുന്ന ജഡങ്ങള്‍ മാത്രമല്ലേ അവരെല്ലാം തന്നെ. ജോനസ് ടൌണിന്റെ ഇതര പതിപ്പുകള്‍ മാത്രമാണ് ഇവയെല്ലാം തന്നെ എന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും ചിന്തിക്കേണ്ടതില്ല.



ഈ വര്‍ഷം സപ്തംബറില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി വൈ. എസ്‌. രാജശേഖര്‍ റെഡ്ഢിയുടെ ആകസ്മിക മരണം സ്വന്തം ജീവന്‍ ത്യജിച്ചു കൊണ്ടു ആഘോഷമാക്കിയ ആരാധകരുടെ സാഹസങ്ങള്‍ നമ്മള്‍ കേട്ടിട്ട് അധികം നാളായില്ല. ഇന്ദിര ഗാന്ധിയെപ്പോലെയുള്ള വന്മരങ്ങളുടെ കടപുഴകലില്‍ ജീവന്‍ ഹോമിച്ചവരെയും നമ്മളാരും മറന്നിട്ടുണ്ടാവില്ല. തമിഴ് നാട്ടില്‍ മുന്‍ മുഖ്യമന്ത്രി എം.ജി.ആര്‍. അന്തരിച്ചപ്പോഴും ഇത്തരം അപക്വതകള്‍ ഇവിടെ നടമാടിയിരുന്നു. സ്വന്തം ജീവിതത്തിന്റെ നിലനില്‍പ്പ് അടിസ്ഥാനം എല്ലാം മറ്റൊരാളുടെ ശ്വാസത്തില്‍ ആണെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന യാദാര്‍ത്ഥ്യം എത്ര ഭീകരമാണ്. ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എന്ത് ബോധവല്‍ക്കരണത്തിനാണ് കഴിയുക? ആത്മഹത്യയുടെ കാരണം കൃത്യമായി പറയാന്‍ കഴിഞ്ഞേക്കാം എങ്കിലും അതിനൊരു പ്രതിവിധിയോ അതിനെക്കുറിച്ചുള്ള പഠനമോ ഒന്നും എവിടെയും കണ്ടില്ല. വിവരമില്ലാതവരല്ലേ. അവര്‍ ജീവിച്ചാലെന്തു മരിച്ചാലെന്തു എന്നായിരിക്കും അല്ലെ. അതോ അന്തരിച്ച നേതാവിന്റെ മഹിമ വാഴ്ത്താന്‍ നമുക്കു അങ്ങിനെ കുറച്ചു ഹോമിക്കപ്പെട്ട ജന്മങ്ങളുടെ കണക്കുകളും വേണമെന്ന ചിന്തയോ? രാഷ്ട്രീയ ജാഥകളില്‍ തീകൊളുത്തി മരിച്ച സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ആന്ധ്ര പ്രദേശ്‌ സംസ്ഥാനത്തിനായി നിരാഹാരം കിടന്നു മരിച്ച പോട്ടി ശ്രീരാമലുവിനെ വീരപുരുഷന്‍ ആയിട്ടാണ് ചരിത്ര പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌. പക്ഷെ പ്രവൃതിയില്‍ ആ ഗാന്ധിശിഷ്യന്റെ അന്ത്യവും ആത്മഹത്യ തന്നെ ആയിരുന്നു. വിനോഭ ഭാവെയെപ്പോലുള്ള ചിലര്‍ വാര്‍ധക്യത്തിന്റെ ഒരു ഘട്ടത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും നിരാഹാരത്തിലൂടെ മരണത്തിന്റെ പാതയിലേക്ക് നടന്നകലുകയും ചെയ്തവരാണ്. ലക്ഷ്യങ്ങളും രീതികളും വ്യത്യസ്തമെങ്കിലും ഫലം എല്ലാം ഒന്നു തന്നെയായിരുന്നു. ഒരു ജീവന്റെ അസ്തമനം.

ഒടുവിലായി പറയാനുള്ളത് നമ്മള്‍ ധീര ദേശാഭിമാനികളെന്നും രാജ്യത്തിന്റെ രക്ഷകരെന്നും വാഴ്ത്തുന്ന പട്ടാളക്കാരെയും കമന്റോകളെയും കരിംപൂച്ചകളെയും ഒക്കെക്കുറിച്ചാണ്. ആദ്യം പറഞ്ഞ വാചകം ഒന്നു കൂടി എടുത്തെഴുതട്ടെ. "അറിഞ്ഞു കൊണ്ടു മരണത്തിലേക്കുള്ള മരണത്തിന്റെ പാതയിലേക്കുള്ള യാത്രകളെല്ലാം തന്നെ ആത്മഹത്യാ ശ്രമങ്ങള്‍ ആണ്." ഓരോ പട്ടാളക്കാരെയും നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നതും ആ മരണത്തിന്റെ വായിലേക്ക് നടന്നടുക്കാനാണ്. മരണത്തിന്റെ കയങ്ങളിലേക്ക് ഊളിയിട്ടു ജീവിതത്തെ കൊത്തിപ്പറക്കാന്‍ ശ്രമിക്കുന്നവര്‍. അവരും മറ്റുള്ളവരും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. മറ്റുള്ളവര്‍ മരണം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവര്‍ അല്പം പോലും അതിനാഗ്രഹിക്കുന്നില്ല. പഴയകാല വടക്കന്‍ പാട്ടു കഥകളില്‍ കേട്ടിട്ടുള്ള സംഭാഷണങ്ങള്‍ ഉണ്ട്. ജയിച്ചാല്‍ അംഗീകാരം. മരിച്ചാല്‍ അമരത്വം. ആശീര്‍വദിച്ചു വിടുന്നത് മരണത്തിലേക്കാണ്. ആ മരണങ്ങളെ നമ്മള്‍ രക്തസാക്ഷിത്വമെന്നു പറയുന്നു. ആ പറച്ചിലിലൂടെ യദാര്‍ത്ഥത്തില്‍ വെളിവാകുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥത തന്നെയാണ്. തങ്ങള്‍ക്കു ലാഭമുള്ളതിനെ പ്രോത്സാഹിപ്പിക്കുക. അത് മറ്റുള്ളവര്‍ക്ക് എത്ര ദോഷകരം ആയാലും. അതല്ലേ ജയ്‌ ജവാന്‍ എന്ന മുദ്രാവാക്യവും വിളിചോതുന്നതും. ജവാന്മാര്‍ വിജയിക്കേണ്ടത് ആരുടെ ആവശ്യമാണ്‌. നമ്മുടെ തന്നെ. യദാര്‍ത്ഥത്തില്‍ നമ്മള്‍ ജവാന്മാരുടെ രക്ഷയല്ല കാംക്ഷിക്കുന്നത്. അവരുടെ അപായങ്ങളിലൂടെ ആണെങ്കിലും സ്വരക്ഷ തന്നെയാണ്.

മേല്‍ പറഞ്ഞ സംഭവങ്ങളില്‍ എല്ലാം തന്നെ സമൂഹം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വൈരുധ്യം നമുക്കു കാണാനാകും. നമ്മുടെ തന്നെ മനസ്സിന്റെ ഇരട്ടത്താപ്പാണ് അതിലൂടെ വ്യക്തമാവുന്നത്. നമ്മുടെ ആവശ്യമായ ആത്മഹത്യകള്‍ വീര ചരമങ്ങള്‍. അവര്‍ക്കു ബഹുമതികള്‍. അല്ലാത്തവര്‍ക്ക് തെമ്മടിക്കുഴിയും പഴിയും. ഒന്നുകൂടി നോക്കിയാല്‍ ഒരു ആത്മഹത്യക്കും കാരണക്കാര്‍ മരിച്ചവരല്ല, മറിച്ച്‌ ജീവിച്ചിരിക്കുന്നവര്‍ തന്നെ ആണെന്ന് കാണാം. അവിടെയാണ് നമ്മള്‍ ആത്മഹത്യ പ്രതിരോധത്തിന്റെ പാഠങ്ങള്‍ തിരുത്തേണ്ടത്. കേവലം ഒരു വ്യക്തിയെ അല്ല, മൊത്തം സമൂഹത്തെ തന്നെ മാറ്റി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. അത് കൊണ്ടു തന്നെ കേവലം ഒരു വ്യക്തിയെ മാനസിക കൌണ്‍സിലിംഗ് നടത്തി മരണത്തില്‍ നിന്നും രക്ഷിക്കാം എന്നത് ചിലപ്പോഴൊക്കെ ശരിയായി വന്നേക്കാം. പക്ഷെ അതൊരിക്കലും ഒരു ശാശ്വത പരിഹാരമാകുന്നില്ല. കാരണം ആ സാഹചര്യങ്ങള്‍ സമൂഹത്തില്‍ അപ്പോഴും നില നില്‍ക്കുന്നുണ്ടാകും. അടുത്ത ഒരു ഇരയെയും കാത്തു.

അതെ. നമ്മള്‍ കരുതുന്നതുപോലെ ആത്മഹത്യ എന്നത് കേവലം ജീവനോടുക്കുക എന്നതിനപ്പുറം മറ്റെന്തൊക്കെയോ കൂടി ആണ്. പക്ഷെ ഇപ്പോഴും നമ്മള്‍ അതിനെ ആ ഇടുങ്ങിയ ചിന്തകളില്‍ തളച്ചിടാന്‍ തന്നെയാണ് ശ്രമിക്കുന്നത്.ഒരിക്കലും ആത്മഹത്യയുടെ കാരണം ജീവിത പ്രതിസന്ധി എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല എന്ന് തന്നെയാണ് അതിനെ ആഴത്തില്‍ അപഗ്രതിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്‌. ആത്മഹത്യ പ്രതിരോധം എന്ന് പറയുമ്പോള്‍ നമ്മള്‍ മറക്കുന്നതും അതാണ്‌. യദാര്‍ത്ഥത്തില്‍ മരണം മനസ്സില്‍ തിരഞ്ഞെടുക്കുന്ന നിമിഷം തന്നെ മനുഷ്യന്‍ മരിച്ചു കഴിഞ്ഞു . പിന്നെ ഭാക്കിയുള്ള ഈ ശരീരമെന്ന ജഡം സംസ്കരിക്കാനുള്ള ഒരു ശ്രമം മാത്രമാണ് നമ്മള്‍ ഇന്നു ആത്മഹത്യ എന്ന് പറയുന്നതു. അതെ, ഇന്നു നമ്മള്‍ കണ്ടു മുട്ടുന്ന പലരും യദാര്‍ത്ഥത്തില്‍ മരിച്ചു കഴിഞ്ഞവരാകാം. അത് കൊണ്ടു തന്നെ നമ്മള്‍ പ്രതിരോധം തുടങ്ങേണ്ടത് മനസ്സിലേക്ക് ആ തീരുമാനം നിര്‍ബന്ധിതമാക്കുന്ന അവസ്ഥയില്‍ നിന്നുമാണ്. അതെ നമ്മുടെയൊക്കെ മനസ്സില്‍ നിന്നു തന്നെ.

24. സ്വയം വില്‍പ്പനച്ചരക്കാകുന്നവര്‍....

on Saturday, October 31, 2009



അനുഭവമാണ് ഏറ്റവും വലിയ ഗുരു.

അടുക്കളയുടെ മാത്രം വാക്കുകള്‍ അല്ല ട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്. ശരിയാണ്, അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ആഴത്തില്‍ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവില്‍ നമുക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ എത്രയുണ്ടാവും. വളരെ തുച്ചം. എങ്കിലും, നമ്മള്‍ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍ നിഴലും നിലാവും പരത്താറില്ലേ!!! അനേകം അനുഭവസ്ഥരുടെ വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ പാഠങ്ങള്‍ നമ്മിലെക്കും പടരാറില്ലേ!!! ഇന്നു അടുക്കള നിങ്ങളോട് പങ്കു വയ്ക്കുന്നത് അത്തരം അനുഭവക്കുറിപ്പുകളുടെ ചില പുതു പ്രവണതകളെക്കുറിച്ചുള്ള ചിന്തകളാണ്.

കഴിഞ്ഞ ദിവസം സ്വീകരണമുറിയില്‍ നിന്നും ഒരു സഹോദരി തന്റെ ആത്മകഥ എഴുതുവാന്‍ ഉണ്ടായ സാഹചര്യം പറയുന്നതു കേള്‍ക്കാനിടയായി. അച്ചടക്കം മുഖമുദ്രയാക്കേണ്ട ഒരു സംഘത്തില്‍ പ്രവര്ത്തിക്കുന്ന ആ സഹോദരി; ആ സംഘത്തിന്റെ ചില നിയമങ്ങളെയും നിലപാടുകളെയും എതിര്‍ക്കുന്ന പരാമര്‍ശങ്ങളും ഉള്ള ആത്മകഥ എഴുതാനുണ്ടായ സാഹചര്യതെപറ്റി അവര്‍ പറഞ്ഞ വാക്കുകള്‍ ആത്മകഥയുടെ അന്തസത്തയെതന്നെ അടിമുടി അവഹെളിക്കുന്നതായി. പണത്തിനു അത്യാവശ്യം നേരിട്ട ഒരവസരത്തില്‍ ഒരു പ്രസാധകന്‍ വച്ചു നീട്ടിയ പണമായിരുന്നത്രേ ആ സഹോദരിയെ ആത്മകഥയെഴുതാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.

ആരെല്ലാം എത്ര എഴുതിയാലും ആ എഴുത്തുകൊണ്ട് മാത്രം ലോകം നന്നാവുമെന്നുള്ള വ്യാമോഹമോന്നും അടുക്കളക്കില്ല. എങ്കിലും ആത്മകഥ എന്നൊക്കെ പറയുമ്പോള്‍, അതിന് മറ്റു കെട്ടുകഥകളില്‍ നിന്നെല്ലാം എന്തൊക്കെയോ സവിശേഷതകള്‍ ഉള്ളതായി തോന്നാറുണ്ടായിരുന്നു. പ്രധാനമായും തുടക്കത്തില്‍ പറഞ്ഞ കാര്യം. നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിച്ച പ്രതിസന്ധികളുടെ നേരെഴുത്ത് ഇനിയും അത്തരം അനുഭവങ്ങളെ നേരിടേണ്ടി വരുന്നവര്‍ക്ക് ഒരു മുന്‍കരുതലായി മാറിയേക്കാം. അത് കൊണ്ടു തന്നെ നമ്മള്‍ ചെയ്തതോ, നമുക്കു പറ്റിപോയതോ ആയ തെറ്റുകള്‍ പോലും; എഴുതുന്നത് അത് മറ്റൊരാള്‍ വായിക്കുമ്പോള്‍ ആവര്‍ത്തിക്കരുത് എന്ന തോന്നലുണ്ടാകണം എന്ന ലക്ഷ്യതോടെയാവണം.

തന്റെ ജീവിതമാണ് സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയുടെ ആത്മകഥയില്‍ അദ്ദേഹം ചെയ്ത, മഹത്തരമെന്നു ലോകം വാഴ്ത്തിയ പ്രവൃത്തികള്‍ക്കൊപ്പം തന്നെ മാനുഷികമായ ദൌര്‍ബല്യങ്ങള്‍ തന്നെ കീഴടക്കിയതിന്റെയും സാക്ഷ്യം ലോകത്തോട്‌ പറയുന്നുണ്ട്. പക്ഷെ ആ തെറ്റുകള്‍ തെറ്റുകള്‍ തന്നെ ആണെന്നും ആവര്‍ത്തിക്കപ്പെടരുതെന്നും പറയാനുള്ള തന്റേടം അദ്ദേഹം കാണിച്ചു എന്നത് തന്നെയാണ് ആത്മകഥ എന്ന് പറയുമ്പോള്‍ ആദ്യം തന്നെ ഏവരുടേയും മനസ്സില്‍ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തെളിയുന്നതിന്റെ കാരണവും.

പക്ഷെ ആദ്യം പറഞ്ഞ സഹോദരിയുടെ പ്രഥമ ലക്ഷ്യം തന്നെ കച്ചവടം ആയിപ്പോയി. പണത്തിന്റെ ആവശ്യം നേരിട്ടപ്പോള്‍ സ്വന്തം ചിന്തകളെ മാത്രമല്ല, ഓര്‍മ്മകളെയും സ്വകാര്യതകളെയും വില്‍ക്കാന്‍ അവള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഒരു തരത്തില്‍ സ്വയം വില്പനചരക്കാകുകയായിരുന്നു അവള്‍. ആരോടാണോ അവള്‍ ജീവിതം കൊണ്ടു പൊരുതുന്നത്, ആരില്‍ നിന്നാണോ അവള്‍ സംരക്ഷണം തേടിയത് അവരുടെ കച്ചവടക്കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം അനാവൃതമാവുകയായിരുന്നു അവള്‍. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ മേലുള്ള ചൂഷണത്തിനെതിരെ പോരടുന്നുവെന്നു പൊതുവെ പരസ്യം ചെയ്യപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ തന്നെ അവളും ഉണ്ടെന്നത് വലിയ വിരോധാഭാസമായി. ഒരര്‍ത്ഥത്തില്‍ വ്യക്തമായ ലക്ഷ്യബോധമില്ലാത്ത കുറച്ചു സ്ത്രീ വിമോചന പ്രവര്‍ത്തകരും അവരെ പിന്താങ്ങുന്ന സ്ത്രീ വാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറച്ചു പുരുഷന്‍മാരുമാണ് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് ഉള്ള ബഹുമാനം പോലും നഷ്ടപ്പെടുത്തുന്നത്. പരിഹാസപാത്രമാക്കുന്നത്. ഇന്നത്തെ വിഷയം അതല്ലാതതിനാല്‍ അതെക്കുറിച്ച് പിന്നീടൊരിക്കല്‍ സംവദിക്കാം.

ആ സഹോദരി ഒറ്റപ്പെട്ട ഒരു സംഭവമല്ല. സ്ത്രീകളുടെ അനുഭവ പകര്‍ത്തുകള്‍ക്ക്; പ്രത്യേകിച്ച് ലൈംഗികതയെ പറ്റി പരാമര്‍ശമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ഇന്നു മറ്റെന്തിനെക്കാളും വിപണന മൂല്യം ഉണ്ട്. അതില്‍ മനോഹരമായ സാഹിത്യമോ, വിപ്ലവകരമായ ചിന്തകളോ ഒന്നും വേണമെന്നില്ല. സ്വന്തം ലൈംഗികാനുഭാവങ്ങളുടെ വിവരണം മാത്രം ഉണ്ടായാല്‍ മതി. പുസ്തകം "ബെസ്റ്റ് സെല്ലെര്‍" ആയിക്കൊള്ളും. പുരോഗമന വാദികള്‍; എന്തിനും ഏതിനും സമൂഹത്തെ; സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറ്റം പറയുന്ന പുരോഗമന വാദികള്‍ അതിനെ നെഞ്ചോട്‌ ചേര്‍ത്തുകൊള്ളും. വിശ്വോത്തര കൃതിയെന്ന് വ്യാഖ്യാനിക്കും. അവരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ചിന്ത എന്ന് പറയുന്നതു ഒരു സ്ത്രീ ലൈംഗികതയെപ്പറ്റി തുറന്നെഴുതുന്നതാണ്. അതില്‍ നിന്നു ലഭിക്കുന്ന പുളകം ആണ് സമൂഹത്തിന്റെ വളര്‍ച്ചയെ മുന്നോട്ടു നയിക്കുക. എല്ലാവരും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്ന ഒരവസ്ഥ വന്നാല്‍ ലോകം പുരോഗമിച്ചു എന്നും ചിലപ്പോള്‍ ഇവര്‍ വ്യാഖ്യാനിച്ചേക്കാം.

മനുഷ്യരുടെ മൃദുലവികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇക്കിളിക്കഥകളുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന, ഇന്നു കമ്പോളത്തില്‍ ആത്മകഥ അനുഭവകഥ എന്നൊക്കെയുള്ള പേരില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എല്ലാം പ്രധമ ലക്ഷ്യം സാമ്പത്തികം ഇല്ലെങ്കില്‍ പ്രശസ്തി തന്നെയാണ്. ചിലതിനു അതിനപ്പുറം കൃത്യമായി ആരെയെങ്കിലും അധിക്ഷേപിക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നുള്ള ലക്ഷ്യങ്ങളും കാണും. സ്വയം വെള്ള പൂശാനുള്ള മാര്‍ഗമായും ചിലര്‍ ഇതിനെ കാണുന്നുണ്ട്. അക്കൂട്ടര്‍ പക്ഷെ ആത്മകഥക്ക് മുന്‍പ്‌ തന്നെ പ്രശസ്തര്‍ ആയിരിക്കും. ആത്മകഥ എഴുതി പ്രശസ്തരാവാന്‍ പോകുന്നവരാകട്ടെ, പ്രശസ്തരാകട്ടെ, ഇന്നു ആത്മാകത്തക്ക് മൌലികമായി ഒരു മുഖമേ ഉള്ളു. അവനവര്‍ ചെയ്യുന്നതിനെ എല്ലാം ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ കൊണ്ടു ( അവര്‍ അതിനെ വിശാല്മെന്നൊക്കെ പറഞ്ഞേക്കാം.) ന്യായീകരിക്കുന്ന വികലമായ മുഖം. സ്വയം വിമര്ശനം എന്നൊന്ന് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ല. അതെ ആത്മകഥകള്‍ അടിസ്ഥാനമാക്കിയാല്‍ അവര്‍ ലോകത്തെ ഏറ്റവും സത്യസന്ധര്‍. വിശുദ്ധര്‍.

അടുത്തിടെ ഒരു സര്‍വകലാശാല രണ്ടു ആധുനിക ആത്മകഥകള്‍ പാഠപുസ്തകം ആക്കാന്‍ ശുപാര്‍ശ ചെയ്തത് വലിയ വിവാദമായി. അതിലെ പക്ഷം ഈ ലേഖനത്തില്‍ കുറിക്കുന്നില്ലെക്നിലും അടുക്കളക്ക് തോന്നിയത്; എന്തും ചെയ്യുക, എന്നിട്ടതിനെ എങ്ങനെയും ന്യായീകരിക്കുക എന്ന അത്യാധുനിക പ്രവണതയുടെ പരിശീലനത്തിന് വേണ്ടി ആകാം അവര്‍ അങ്ങിനെ ചെയ്തത് എന്നാണ്. മുന്‍പൊരിക്കല്‍ അടുക്കള പറഞ്ഞിരുന്നു, ഈ ലോകത്ത് തെറ്റ് എന്നൊന്നില്ല, പകരം ശരികള്‍ മാത്രമെ ഉള്ളു എന്ന്. എന്റെ ശരികള്‍ നിന്റെ തെറ്റാകാം. അത് എന്റെ ശരിയുടെ കുഴപ്പമല്ല നിന്റെ കാഴ്ച്ചയുടെ കുഴപ്പമാണെന്ന് സാരം. സഹിഷ്ണുത എന്ന വികാരം ഇല്ലതാവുന്നതിന്റെ ഒരു മുഖമാണ് അത്. എങ്കിലും ഏത് പ്രവൃത്തിയെയും നമുക്കു ന്യായീകരിക്കാന്‍ കഴിയും എന്നതിന്റെ വലിയ ദൃഷ്ടാന്തമാണ് അത്. തെറ്റ് ചെയ്തവന് അതിനെ ന്യായീകരിക്കാനുള്ള സ്വാതന്ത്രമുണ്ട്‌. പക്ഷെ എല്ലാവരും ആ ന്യായീകരനങ്ങള്‍ക്ക് പുറകെ പായുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്നത് തെറ്റിനെ തെറ്റാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം ആണ്. തിരിച്ചറിവിന്റെ സ്വാതന്ത്രമാണ്.

തെറ്റ് ചെയ്ത ആളെ തെറ്റ്കാരന്‍ അല്ലാതാക്കാന്‍ ന്യായീകരനങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആ തെറ്റ് സൃഷ്ടിച്ച ദുരന്തങ്ങള്‍, വേദനകള്‍, കണ്ണീര്, അസ്വസ്ഥതകള്‍ മായ്ക്കാന്‍ ആ ന്യായീകരനങ്ങള്‍ക്ക് കഴിയുമോ? ഈ ചോദ്യമാണ് നമ്മള്‍ പലപ്പോഴും വിസ്മരിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നത്‌. അടുത്തിടെ ഒരു കേസിലെ പ്രതികളുടെ മനുഷ്യാവകാശത്തെ പറ്റി ചിലര്‍ പ്രതികരിക്കുന്നത് കേട്ടു. എന്നാല്‍ അവര്‍ നിഷേദിച്ച മനുഷ്യാവകാശം ഇവര്‍ മറക്കുകയാണ്.

നമ്മുടെ പ്രശസ്തയായ ഒരെഴുത്തുകാരി തന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥ പ്രസിദ്ധീകരിച്ച് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ ചില സംഭവങ്ങള്‍ എങ്കിലും സാങ്കല്പികം ആണെന്ന് പറയുകയുണ്ടായി. അന്ന് വായനക്കാരെ തന്റെ വാക്കുകളിലേക്കു ആകര്‍ഷിക്കാനായി ചേര്‍ത്ത പലതും വേണ്ടിയിരുന്നില്ല എന്ന് അവര്ക്കു തോന്നിക്കാണുമോ? തനിക്ക് വരുന്ന എഴുത്തുകളിലും, തന്നോടുള്ള സമീപനങ്ങളിലും ആളുകള്‍ ആ പഴയ വാക്കുകളുടെ നിഴല്‍ ചാലിക്കുന്നുവെന്നു അവര്‍ പറഞ്ഞില്ല. പക്ഷെ തന്നോടു പലരും പെരുമാറിയത് നല്ല രീതിയില്‍ ആയിരുന്നില്ല എന്ന് വിളിച്ചു പറയുമ്പോള്‍ അവര്‍ ഓര്‍ക്കേണ്ടത് ആ ഒരു പ്രതിബിംബം താന്‍ തന്നെ വാക്കുകളാല്‍ നിര്‍മ്മിച്ചതായിരുന്നു എന്നതാണ്. സമൂഹം സ്ത്രീയെ വില്പനച്ചരക്കാക്കുന്നു എന്ന് പരിതപിക്കുന്ന ഇവര്‍, എഴുത്തുകാര്‍ തന്നെയാണ് അതിന്റെ സാധ്യതകളെ ഏറ്റവും ഉപയോഗിക്കുന്നതും. ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീയെ വില്‍പ്പനചരക്കാകുന്നതാണ് എന്ന് കണ്ടെത്തിയ ഇവര്‍ വാക്കുകളിലൂടെ അവളുടെ ശരീരം വര്‍ണിച്ചു, അവളുടെ ലൈംഗികത വര്‍ണിച്ചു, സ്വകാര്യ നിമിഷങ്ങളെ വിവരിച്ചു പുസ്തകം വില്‍ക്കുന്നത് സമൂഹത്തിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നു. എത്ര വിരോധാഭാസം അല്ലെ. ഇതിനെ അല്ലെ ഇരട്ടത്താപ്പ് എന്ന് പറയുന്നതു?

വാങ്ങാന്‍ ആളുള്ളത് കൊണ്ടാണ് ഇവിടെ ശരീര വില്പന നടകുന്നത്, അല്ലെങ്കില്‍ ഇത്തരം ആത്മകഥകള്‍ എഴുതാന്‍ തയ്യാറാവുന്നത് എന്ന് വേണമെങ്കില്‍ പറയാം. എപ്പോഴത്തെയും പോലെ സമൂഹത്തിനു എല്ലാ പഴിയും ചാര്‍ത്താം. എന്നാല്‍ ഒന്നു ചിന്തിക്കുക. വില്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ എത്ര കാത്തു നില്ക്കും. നിര്‍ബന്ധിക്കപ്പെടുന്നതിനേക്കാള്‍ ഏറെ പണത്തിനും പ്രശസ്തിക്കും ഉള്ള, സ്വന്തം ഉള്ളില്‍ തന്നെ ഉള്ള സ്വാര്‍ഥമായ ആഗ്രഹം തന്നെയാണ് സ്ത്രീ ഇവിടെ വില്പനചരക്കായതിന്റെ കാരണങ്ങളില്‍ പ്രധാനം. നേരത്തെ പറഞ്ഞ ആത്മകഥനങ്ങളും ഈ വില്പനകളില്‍ പെടും എന്നത് പലരും സൌകര്യപൂര്‍വ്വം മറക്കുന്നു.കാരണം വില്പന എന്നത് പ്രദര്‍ശന വസ്തു ആവുക എന്ന ഇടുങ്ങിയ ചിന്തയിലേക്ക് ചുരുക്കുകയാണ് ഇവിടത്തെ പ്രഖ്യാത ബുദ്ധിജീവികള്‍.

അടുക്കള ഇത്തരം ആത്മകഥകളെ കണ്ണടച്ച് വിമര്‍ശിക്കുകയല്ലട്ടോ. അവയുടെ ലക്ഷ്യം മഹത്തരമായ എന്തോ ആണെന്ന വ്യാഖ്യാനങ്ങള്‍ ഉയരുമ്പോള്‍ ആ പുകമറയില്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകരുത് എന്ന് ഓര്‍മ്മിപ്പിച്ചതാണ്. കൂട്ടത്തില്‍ തന്റേടത്തോടെ തന്റെ ആത്മകഥ എഴുതി തുടങ്ങാന്‍ ഉള്ള പ്രധാന കാരണം തുറന്നു പറഞ്ഞ ആ സഹോദരിക്കുള്ള അഭിനന്ദനങ്ങളും ഇവിടെ കുറിക്കട്ടെ. അവരുടെ നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ ആവില്ലെങ്കിലും യാദാര്‍ത്ഥ്യം തുറന്നു പറയാന്‍ അവര്‍ കാണിച്ച ധൈര്യം ഇവിടെ പലര്ക്കും അന്യമാണ്.

സ്ത്രീയെ വില്പനചരക്കാക്കുന്നു എന്ന് സ്വരമുയര്‍ത്തുന്ന എഴുത്തുകാര്‍ അവരുടെ കഥാപാത്രങ്ങളിലൂടെ മറ്റൊരു തരത്തില്‍ അവളെ വില്‍ക്കുക തന്നെയാണ് ചെയ്യുന്നത്. അതിനെ ദാര്‍ശനികവല്ക്കരിക്കുകയും മറ്റുള്ളതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇവരുടെ നിലപാടുകള്‍ ആരും തന്നെ ചര്‍ച്ച ചെയ്യാനിടയില്ല. ഇവരൊക്കെ തന്നെയാണല്ലോ സമൂഹത്തിന്റെ എല്ലാ ചര്‍ച്ചകളുടെയും മൊത്തവ്യാപാരികള്‍. തന്നെയുമല്ല, സ്വയം വിമര്‍ശനം എന്നൊന്ന് നമ്മുടെ പുരോഗമന വാദികള്‍ക്ക് അന്യം നിന്നിരിക്കുകയും ചെയ്തിരിക്കുന്നു. സ്വയം ന്യായീകരണം മാത്രമാണല്ലോ എന്നും അവര്ക്കു പഥ്യം. അതിലെ ഇരട്ടത്താപ്പ് വിളിച്ചു പറയാന്‍ ഒരു നാവു അവര്‍ക്കിടയില്‍ നിന്നു തന്നെ എന്നെങ്കിലും സ്വരം ഉയര്‍ത്തും എന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടെ.

23. സൂക്ഷിക്കുക!!! കഴുകന്മാര്‍ കാത്തിരിക്കുന്നു!!!

on Friday, October 16, 2009

നാളെ ദീപാവലി.

ദീപങ്ങളുടെ ഉത്സവം. ആഹ്ലാദത്തിന്റെ മധുരം പങ്കുവക്കുന്ന അവസരം. 14 വര്‍ഷം നീണ്ട വനവാസത്തിനു ശേഷം, തന്റെ അവതാര കര്‍മ്മമായ രാവണ വധത്തിനും ശേഷം, പത്നി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും കൂടെ തിരിച്ചെത്തിയ ശ്രീരാമനെ അയോധ്യയിലെ ജനങ്ങള്‍ ദീപാലങ്കാരങ്ങളാല്‍ എതിരേറ്റത്തിന്റെ ഓര്‍മ്മകള്‍ ആണിതെന്നു
ഐതിഹ്യങ്ങള്‍ പറയുന്നു. നമുക്കു വിശ്വസിക്കാം. വിശ്വസിക്കാതിരിക്കാം. എങ്കിലും ദീപാവലി എന്നാല്‍ ദീപങ്ങളുടെ ആഹ്ലാദത്തിന്റെ ആഘോഷവേള തന്നെയാണ്. നമ്മുടെ എല്ലാവരുടെയും മനസ്സു സ്നേഹം എന്ന ദീപത്താല്‍ പ്രഭാപൂരിതമാകട്ടെ. എല്ലാ സഹോദരങ്ങള്‍ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ആഹ്ലാദത്തിന്റെ അലയടികള്‍ ഉയരങ്ങളെ മുഖരിതമാക്കുമ്പോഴും അടുക്കളയുടെ മനസ്സു ആ സന്തോഷത്തില്‍ മുഴുവനായും പങ്കു ചേരാനാവാതെ നില്‍ക്കുകയാണ്‌. അതെ, മനസ്സില്‍ ഇപ്പോഴും ഈ ആഘോഷത്തില്‍ നമ്മോടൊപ്പം ഇല്ലാതെ പോയ ആ 45 മനുഷ്യര്‍ ആണ്. അവരാരും തന്നെ നമ്മുടെ പരിചിതര്‍ ആയിരുന്നില്ല. എങ്കിലും അവര്‍ നമ്മുടെ അതിഥികള്‍ ആയിരുന്നു.ഈ ആഘോഷം അവരുടെ സ്വപ്നങ്ങളിലും ഉണ്ടായിരുന്നിര്‍ക്കില്ലേ... ഉണ്ടായിരുന്നിരിക്കും. അവരും നമ്മെപ്പോലെ തന്നെ സ്വപ്നങ്ങളും മോഹങ്ങളും ഉള്ള മനുഷ്യര്‍ തന്നെയല്ലേ. ആ സഹോദരങ്ങളെ ഓര്‍ത്തു ഒരു നിമിഷം, ഈ ആഘോഷത്തിനിടക്കും ഒരു നിമിഷം ഇമകള്‍ പൂട്ടാം.


അനുദിനം ദുരന്തങ്ങള്‍ ഒരുപാട് കേട്ടു കേട്ടു നമ്മുടെ മനസ് മരവിച്ചിട്ടുണ്ടാകാം. എന്നാലും തേക്കടി ദുരന്തം ചെറു ഞെട്ടലോടെ തന്നെയാണ് നാം ശ്രവിച്ചത്. എങ്കിലും ആ ദുരന്തത്തേക്കാള്‍ അടുക്കളക്ക് ഏറെ വേദന ഉളവാക്കിയത് ആ ദുരന്തം നമ്മിലെക്കെത്തിയ രീതി കണ്ടിട്ടാണ്. അത് കൊണ്ടു തന്നെ ഇന്നു അടുക്കള നിങ്ങളുമായി പങ്കു വയ്ക്കുന്നത് ആ ആഘോഷത്തിന്റെ ആശങ്കകള്‍ ആണ്. ആ ദുരന്തം ആഘോഷമായത്തിന്റെ വേദനകള്‍.


'ദുഖ സംഖ്യ : 46'
തേക്കടി ബോട്ട് ദുരന്തത്തിനെ പ്രദിപാദിച്ചു നമുടെ പ്രധാന പത്രങ്ങളില്‍ ഒന്നില്‍ വന്ന തലക്കെട്ട് ആണിത്. യദാര്‍ത്ഥത്തില്‍ അവിടെ പൊലിഞ്ഞത് 45 ജീവന്‍ ആയിരുന്നു. അവര്‍ എഴുതിയ ഈ ദുഖ സംഖ്യ ഒരു കൈപ്പിഴയായി തള്ളിക്കളയാന്‍ കഴിയില്ല. കാരണം ആ തലക്കെട്ട്‌ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത തന്നെ ആയിരുന്നു. അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും വച്ചു നോക്കിയാല്‍ ഇന്നത്തെ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖവും അത് തന്നെയാണ്. വായനക്കാരില്‍ പരമാവധി ഞെട്ടല്‍ അല്ലെങ്കില്‍ സ്തോഭം ജനിപ്പിക്കാന്‍ കേട്ടു കേള്‍വികളിലെ വസ്തുതകളെ അന്വേഷിക്കാതെ തങ്ങളുടെ പങ്കും ചേര്‍ത്ത് വിസര്‍ജിക്കുന്ന ആധുനിക അന്വേഷണാത്മക പത്ര പ്രവര്‍ത്തനം.


പത്രത്തിലെ ചിത്രങ്ങളെക്കാളും (അവയും പലതും അരോചകം തന്നെ) ഭീകരമായത് ചാനലുകള്‍ ആ വാര്‍ത്ത അവതരിപ്പിച്ച ശൈലിയാണ്. മരണ സംഖ്യ എത്രയും കൂടാമോ അത്രയും കൂടണമെന്ന ആഗ്രഹം ധ്വനിപ്പിക്കുന്നതായിരുന്നു എല്ലാ അവതാരകരുടെയും അവതരണം. അതെ, എല്ലാവരും ജീവന് വേണ്ടി പ്രാര്‍ത്തിക്കുമ്പോള്‍ അവര്‍ മരണസംഖ്യ ഉയരാന്‍ പ്രാര്‍ത്തിക്കും. കാരണം ഉയരുന്ന ആ സംഖ്യയിലാണ് വാര്‍ത്താമൂല്യം എന്നൊരു അലിഖിത സങ്കല്പം തന്നെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കണം. കാരണം സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷിച്ചെടുത്ത ജീവന്റെ എണ്ണം അവര്‍ക്ക് അറിയേണ്ട. അറിയേണ്ടത് ഒന്നു മാത്രം. എത്ര പേര്‍ മരിച്ചു. ഇനി എത്ര പേര്‍ കൂടി മരിക്കും.


ദുരന്തങ്ങള്‍ക്കായി കാത്തിരിക്കുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നതു 1994 - ഇല്‍ പുലിറ്റ്സര്‍ സമ്മാനം കിട്ടിയ കെവിന്‍ കാര്‍ട്ടന്റെ പ്രശസ്തമായ ഒരു ചിത്രമാണ്. തന്റെ വിശപ്പടക്കാനായി മുന്നില്‍ ഇഴയുന്ന അസ്ഥി പഞ്ചരമായ ബാലന്റെ മരണം കാത്തിരിക്കുന്ന കഴുകന്റെ ചിത്രം.


കാള പെട്ടെന്ന് കേട്ടാല്‍ കയറെടുക്കുന്ന നിലയിലേക്ക് പത്രങ്ങള്‍ അധപതിചിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണം ആണല്ലോ അമേരിക്കക്കാരന്‍ പട്ടിയെ തിന്നു റെക്കോറഡ് സ്ഥാപിച്ചു എന്ന് നമ്മള്‍ വായിക്കാന്‍ ഇടയായത്. അതിനേക്കാള്‍ അരോചകമായ ദൃശ്യങ്ങള്‍ ആയിരുന്നു ഒരു കേസിന്റെ നാര്‍ക്കോ പരിശോദനയുടെ സംപ്രേഷനത്തിലൂടെ നമ്മള്‍ അനുഭവിച്ചത്. മാധ്യമങ്ങള്‍ പറയുന്നുണ്ട് ഞങ്ങള്‍ ഇടപെടുന്നത്‌ കൊണ്ടാണ് കേസുകള്‍ മാഞ്ഞു പോകാതെ നില്‍ക്കുന്നതെന്ന്. ഒന്നു ചോദിച്ചോട്ടെ മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും, ശിക്ഷിക്കപ്പെട്ടിട്ടുള്ളതും. പെണ്‍വാണിഭം, കൊലപാതകം, അഴിമതി; മാധ്യമങ്ങള്‍ ഇടപെട്ട ഏത് മേഖലയിലെ കേസുകളും ഒരിടത്തും എത്തിയില്ല. അല്ലാത്ത അനേകം കേസുകള്‍ കോടതിയില്‍ നീതിപൂര്‍വ്വം തന്നെ നടക്കുന്നുമുണ്ട് .


മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് നല്കുന്ന പ്രാധാന്യങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. സംഭവങ്ങള്‍ അല്ല, വ്യക്തികള്‍ക്കനുസരിച്ചാണ് വാര്‍ത്തയുടെ പ്രാധാന്യം ഇന്നു നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രശസ്തര്‍ തുമ്മിയാല്‍, പച്ചക്കറി വാങ്ങിയാല്‍, പൊട്ടു തൊട്ടാല്‍, മാച്ചാല്‍ എല്ലാം വാര്‍ത്ത. അതിനേക്കാള്‍ വലിയ സംഭവങ്ങള്‍ ഒന്നും വാര്‍ത്തയല്ല. കാരണം അത് ചെയ്തത് പ്രശസ്തര്‍ അല്ല. സമൂഹത്തില്‍ നിലയും വിലയും ഉള്ളവരെ ലക്ഷ്യമിടുക എന്നൊരു ദുഷ്‌പ്രവണതയും മാധ്യമങ്ങള്‍ ഇന്നു സ്വീകരിക്കുന്നു. രസകരമായ വസ്തുത വേട്ടയാടപ്പെടുന്ന ചിലരെ പ്രശസ്തരാക്കിയതും ഈ മാധ്യമങ്ങള്‍ തന്നെ ആണെന്നതാണ്. ആടിനെ പട്ടിയാക്കുക, പിന്നെ അതിനെ പേപ്പട്ടി എന്നും പറഞ്ഞു ഓടിച്ചിട്ട്‌ തല്ലി കൊല്ലുക. എല്ലാം വാര്‍ത്ത തന്നെ.


മറ്റൊരു ദുഖകരമായ കാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോടും സമൂഹത്തിലെ ആദരണീയരോടും ഉള്ള ബഹുമാനമില്ലായ്മയാണ്. മുതിര്‍ന്നവര്‍ക്ക് സാദാരണക്കാര്‍ നല്‍കുന്ന ബഹുമാനം പോലും അഭ്യസ്തവിദ്യരെന്നു അവകാശപ്പെടുന്ന ഇവര്‍ നല്‍കുന്നില്ല. അറിവ് നമ്മെ എളിമയുള്ളവര്‍ ആക്കും എന്ന പ്രശസ്ത വാചകം ഓര്‍ക്കുക. എന്നാല്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകരില്‍ എളിമക്ക് പകരം തങ്ങളാണ് അവസാന വാക്കെന്ന അഹങ്കാരമാണ് അവരുടെ ശരീരഭാഷയിലും മറ്റുള്ളവരോടുള്ള അവജ്ഞ്ഞയിലും തെളിഞ്ഞു കാണുന്നത്. മാധ്യമങ്ങള്‍ എന്തിനും ഏതിനും സമൂഹത്തെ കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് ഇന്നു കൂടുതലും കാണുന്നത്. മാധ്യമ പ്രവര്‍ത്തനം എന്നാല്‍ സമൂഹത്തെ നേരിന്റെ നന്മയുടെ പുരോഗമനത്തിന്റെ ദിശയിലേക്ക് നയിക്കുക എന്നതായിരുന്നു ഒരു കാലത്തെ അര്‍ഥം. അങ്ങിനെ ചെയ്ത സമാദരണീയരായ പത്രാധിപരുടെയും പത്രപ്രവര്‍ത്തകരുടെയും നാടായിരുന്നു ഇത്. മറ്റെവിടെയും എന്നപോലെ പാശ്ചാത്യ സംസ്കാരം മാധ്യമങ്ങളെയും ബാധിച്ചതാണ് ഇത്തരമൊരു അവസ്ഥയില്‍ എത്താന്‍ കാരണം എന്ന് തോന്നുന്നു.പ്രശസ്തരുടെ പിന്നാലെ ഉള്ള ഓട്ടം അവിടത്തെ പത്രപ്രവര്‍ത്തനം ആയിരുന്നു. പാപ്പരാസി. ഇന്നു ഇവിടെ നടമാടുന്നതും മറ്റൊന്നല്ല. അവിടെ പ്രശസ്തര്‍ക്ക് പിന്നാലെ ഓട്ടം ആയിരുന്നെങ്കില്‍ ഇവിടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം പ്രശസ്തര്‍ സ്വയം ഇവരുടെ മുന്നിലേക്ക് നിന്നു കൊടുക്കാന്‍ തയ്യാറായിരുന്നു. സ്വന്തം ചിലവില്‍ വഴി നീളെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും, കാശ് മുടക്കി തനിക്ക് തന്നെ സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും, സ്വയം ഒരു കമ്മറ്റി ഉണ്ടാക്കി അവാര്‍ഡുകള്‍ സ്വീകരിക്കുന്നതും ഒക്കെ പ്രശസ്തിയുടെ ജ്വരം തലയ്ക്കു പിടിച്ച ഒരു ജനതയെ തന്നെയല്ലേ കാണിച്ചു തരുന്നത്. ഇല നക്കി നായുടെ ചിറി നക്കി എന്ന പോലെ മാധ്യമങ്ങളും പിന്നാലെ അണി നിരന്നപ്പോള്‍ എല്ലാം ശുഭം.

യദാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ ഇന്നു ചെയ്യുന്നത് ഉത്തരവാദിത്വമില്ലാത്ത ഒരു പണിയാണ്. എവിടെയും ചെന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കി ഇവിടം ആക്കെ കുഴപ്പമാണ് എന്നൊരു ഭീതി ജനിപ്പിക്കുക എന്നത് മാത്രം ആയിപ്പോകുന്നു അവരുടെ പ്രവര്‍ത്തനം. ഒരു സംഭവം പൂര്‍ണമാകും മുന്പ് തന്നെ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ആര്‍ക്കു വേണ്ടിയാണ്. ഈ ചര്‍ച്ചകള്‍ കൊണ്ടു എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ? ചില ചര്‍ച്ചകളില്‍ ചിലര്‍ എനിക്ക് പറയാന്‍ ഉള്ളത് മുഴുവന്‍ പറയാന്‍ അനുവദിക്കണം എന്ന് യാചിക്കുന്നതു കേള്‍ക്കം. അത് അനുവദിച്ചില്ല എങ്കിലും തങ്ങളാണ് ശരി, തങ്ങള്‍ ആണ് സര്‍വാധിപതി എന്ന ഹുങ്കോടെ അവതാരകര്‍ നടത്തുന്ന ചര്‍ച്ചകളില്‍ പിന്നെയും അവര്‍ വരും. കാരണം തങ്ങളെ നാലാള്‍ കണ്ടു കൊണ്ടിരിക്കണം എന്നതല്ലാതെ മറ്റെന്താവാന്‍!!! അല്ലെങ്കില്‍ നാണം എന്നത് അഭിമാനം എന്നത് ലവലേശം ഉണ്ടാകില്ല. ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകര്‍ക്ക് ഒരിക്കലും അതിനുള്ള പക്വത ഇല്ലെന്നത് അവരുടെ പ്രകടനത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം. നിഷ്പക്ഷരാവാന്‍ ആര്‍ക്കും കഴിഞ്ഞേക്കില്ല. പക്ഷെ പ്രതിപക്ഷ ബഹുമാനം എന്നൊന്ന്, അംഗീകരിച്ചില്ലെങ്കിലും തങ്ങള്‍ പറയുന്നതിന്റെ എതിര്‍വാദങ്ങള്‍ കേള്‍ക്കാന്‍ ഉള്ള സഹിഷ്ണുത എങ്കിലും കാണിക്കാന്‍ ഇവര്‍ മറക്കുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക് അപ്പുറത്തുള്ളവരെ പരസ്യമായി പരിഹസിക്കാനും ഇവര്‍ക്ക് മടിയില്ല. പക്ഷെ അവരും കളിപ്പാവകള്‍ മാത്രമാണ് എന്നതാണ് യാദാര്‍ത്ഥ്യം. വലിയ താല്പര്യങ്ങളുള്ള പത്ര മുതലാളി മാരുടെ ബലി മൃഗങ്ങള്‍.തത്സമയ ചര്‍ച്ചകളില്‍ പോലും ചോദിക്കേണ്ട ചോദ്യങ്ങള്‍ അപ്പപ്പോള്‍ ലാപ്‌ ടോപ്പില്‍ തെളിയുമത്രേ. അതിനപ്പുറം ഒന്നും മിണ്ടാന്‍ അവര്‍ക്കധികാരമില്ല.


വാര്‍ത്ത ചാനലുകള്‍ ആണ് വാര്‍ത്തകളുടെ മൂല്യശോഷണത്തിന് മറ്റൊരു കാരണം. ദിവസം മുഴുവന്‍ എന്തെങ്കിലും കാണിച്ചേ തീരു എന്ന അവസ്ഥ, അവസരങ്ങളേക്കാള്‍ വലിയ അബദ്ധങ്ങള്‍ ആണ് സൃഷ്ടിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നു രണ്ടു കുറ്റാരോപിതരെ കൊണ്ടു വരുന്ന വഴി മുഴുവന്‍ തല്‍സമയം കാണിച്ചത് എന്തിനായിരുന്നെന്ന് അവര്‍ക്ക് പോലും പറയാനാവില്ല. ചില വിവരങ്ങള്‍, അപൂര്‍ണ്ണമായ വിവരങ്ങള്‍ തെറ്റിദ്ദാരണകള്‍ പരത്താന്‍ മാത്രമെ ഉപകരിക്കൂ. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന ഭൂരിപക്ഷം കാര്യങ്ങളും അവ്യക്തമായ അറിവോടെയാണ് എന്നത് വളരെ ഖേദകരം ആണ്. ചര്‍ച്ചകള്‍ക്കൊടുവില്‍ ചര്‍ച്ചക്ക് മുന്‍പ് തന്നെ എഴുതി വച്ച ചര്‍ച്ചയുടെ അവസാനഫലം പ്രാസമൊപ്പിച്ചു പറയുന്നതോടെ അപ്രസക്തമാകുന്നത് അതുവരെ അതെക്കുറിച്ച് സംസാരിച്ച സംവദിച്ച വിദഗ്ദരുടെ വാക്കുകളും വാദങ്ങളും അത് കണ്ടു നമ്മില്‍ ഉണര്‍ന്ന ചിന്തകളും മാത്രമല്ല; ആ ചര്‍ച്ച തന്നെയാണ്. അവര്‍ ഉദ്ദേശിക്കുന്ന ദിശയിലേക്ക് ചര്‍ച്ച എത്തുന്നില്ലെങ്കില്‍ വലിച്ചു നീട്ടി മറ്റുള്ളവരുടെ വാക്കുകളെ മുഴുവന്‍ അവഗണിച്ച് അങ്ങോട്ടേക്ക് എത്തിക്കുന്ന കാഴ്ചയും നമ്മള്‍ ഇന്ന് കാണുന്നു. അറിയാത്ത കാര്യത്തെ കുറിച്ചു മിണ്ടാതിരിക്കുക എന്ന കേവല മര്യാദ പോലും അവര്‍ മറക്കുന്നു.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌ എന്നതാണ് നമ്മുടെ നിയമത്തിന്റെ ആപ്ത വാക്യം. എന്നാല്‍ മാധ്യമങ്ങളുടെ ലക്ഷ്യം നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും. അവരുടെ ജീവിതത്തെ അത് എത്ര ദോഷകരമായി ബാധിക്കും എന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കുറ്റാരോപിതര്‍ എന്നാല്‍ കുറ്റവാളികള്‍ എന്നല്ല അര്‍ത്ഥമെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു. ഒരാളില്‍ കുറ്റം ആരോപിക്കുക എന്നത് ഏറ്റവും എളുപ്പമായതും സത്യം ഉണ്ടാകണമെന്ന് ഒട്ടും തന്നെ നിര്‍ബന്ധമില്ലാത്തതും ആയ പ്രവൃത്തിയാണ്‌. നാളെ കുറ്റവാളികള്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ അവരെ കുറ്റവാളികള്‍ ആയി മുദ്ര കുത്തിയിട്ടുണ്ടാകും മാധ്യമങ്ങള്‍. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ നമ്മുടെ ഉള്ളിലുള്ള വാസനയെ തന്ത്രപൂര്‍വ്വം മുതലെടുക്കുകയാണവര്‍. ക്രൂരമെന്നും പൈശാചികമെന്നും ഉള്ള വാക്കുകള്‍ അധികം ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ തങ്ങള്‍ ചെയ്യുന്നതും മറ്റൊന്നല്ല എന്നത് സൌകര്യപൂര്‍വ്വം മറക്കുകയാണ്. അതില്‍ നിന്നൊരു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ പ്രശസ്തി ഭ്രമം നിന്നെ മതിയാവൂ. അത് വരെ ഈ അഭ്യാസങ്ങള്‍ ഇനിയും തുടരും. കാണുക തന്നെ, കണ്ണുണ്ടായിപ്പോയില്ലേ.


22. മൃദുല വികാരങ്ങള്‍ കടമകളെ മറവിയിലാഴ്ത്തുമ്പോള്‍...

on Saturday, October 10, 2009

" ഇതവസാനിപ്പിച്ചേ തീരൂ!!! എനിക്കീ ഭരണം വേണ്ട!!!
ഒരു നിമിഷത്തെ സ്വസ്ഥത പോലും അറിഞ്ഞിട്ടു എത്രയോ കാലമായി... എല്ലാം മറക്കാന്‍ ശ്രമിച്ച്‌ പുലരും വരെ എഴുത്ത് മേശക്കരികില്‍ ഇരുന്നാലും വാക്കുകള്‍ അകന്നു നില്ക്കുന്നു. എന്നെയിത് ഭ്രാന്തു പിടിപ്പിക്കും. നിങ്ങളുടെയെല്ലാം മുന്നില്‍‌ യാചിക്കുന്ന ഈ രാജാവിനെയോര്‍ത്തു നിങ്ങള്‍ക്ക്‌ ലജ്ജ തോന്നുന്നില്ലേ!!!"



ഇതു പറയുമ്പോള്‍ ഒരു പക്ഷെ സ്വാതി തിരുനാള്‍ രാമവര്‍മ്മ വിജയിക്കുകയായിരുന്നിരിക്കാം. തന്റെ പ്രേയസ്സിയെ തന്നില്‍ നിന്നും അകറ്റിയവരോടെല്ലാം... തന്റെ ഭാര്യ നാരായണിയോട് പോലും!!! സ്വാതി തിരുനാള്‍ എന്ന നാദോപാസകന്‍; പ്രണയം നഷ്ടമായ കാമുകന്‍ വിജയിക്കുകയായിരുന്നിരിക്കാം. പക്ഷെ ഇതിനെല്ലാം അപ്പുറം രാമവര്‍മ്മക്ക് മറ്റൊരു നിയോഗമുണ്ടായിരുന്നു. പിറക്കും മുന്‍പ്‌ തന്നെ തന്നില്‍ നിഷിപ്തമായ കര്‍ത്തവ്യം. വഞ്ചിനാടിന്റെ രാജാവ് എന്ന കടമ. ആ രാജാവിനെ വിശ്വസിച്ചു ജീവിച്ച തിരുവിതാംകൂറിലെ പ്രജകളുടെ സുരക്ഷ. ആ വാക്കുകളിലൂടെ പക്ഷെ അദ്ദേഹം തോല്‍പ്പിച്ചത് ജനസഹസ്രങ്ങളുടെ മനസ്സുകളിലെ ആ വിശ്വാസത്തെ ആയിരുന്നു.

ഇന്നു അടുക്കളയില്‍ ആ രാജാവിന്റെ കഥയാണ്. നാം ഇന്നു അദ്ദേഹത്തെ ആരാധനയോടെ ഓര്‍ക്കുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ബലി കഴിച്ച മറ്റു ചില കാര്യങ്ങളുടെ കഥ.



ചരിത്രത്തിന്റെ താളുകള്‍ക്ക് കനം കൂടുന്നതിനനുസരിച്ച് പലതും വിസ്മൃതിയുടെ കാണാക്കയങ്ങളിലേക്ക് പറിചെറിയപ്പെടും. അക്കൂട്ടത്തില്‍ തിരുവിതാംകൂര്‍ എന്ന രാജ്യവും ആ രാജ്യത്തെ രാജ പരമ്പരയും മനസ്സുകളില്‍ നിന്നു മാഞ്ഞു പോയേക്കാം. എങ്കിലും കര്‍ണാടക സംഗീതത്തിന്റെ അവസാന സ്വരവും നിലക്കുന്നതു വരെ സ്വാതി തിരുനാളിന്റെ നാമം ഒരു പ്രളയത്തിനും തുടച്ചു നീക്കാനാവില്ല.

32 വര്‍ഷം മാത്രം നീണ്ടു നിന്ന ആ ജീവിത യാത്രയില്‍ അദ്ദേഹം സംഗീതത്തിനു നല്കിയ സംഭാവനകള്‍ ആര്‍ക്കു മറക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ പേരു കൊത്തി വച്ച കീര്‍ത്തനങ്ങളും വര്‍ണ്ണങ്ങളും സംഗീതാസ്വാദകാരുടെ മനസ്സുകളില്‍ അദ്ദേഹത്തിന് അമരത്വം നല്കും. പക്ഷെ ആ യാത്രക്കിടയില്‍ അദ്ദേഹം മറന്നു പോയ ചില കാര്യങ്ങള്‍, (നിങ്ങള്‍ക്ക്‌ അതെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യം ഉണ്ടാവില്ല, അതിന്റെ ദുരിത പര്‍വ്വം താണ്ടെണ്ടത് ഒരിക്കലും നമ്മള്‍ ആരും അല്ലല്ലോ;) മരണം വരെ മനസ്സില്‍ കൊണ്ടു നടന്ന ചിലരും ഇവിടെ ജീവിച്ചിരുന്നു. നിങ്ങള്‍ ഓര്‍ക്കാത്ത പലരും. ഇന്നു അടുക്കളയിലേക്കു ഓര്‍മ്മകളുടെ കൂട് തുറന്നു വിടുന്നത് അവരില്‍ ഒരുവളാണ്. നാരായണി പിള്ള. സ്വാതി തിരുനാളിന്റെ ധര്‍മ്മ പത്നി. ക്ഷമിക്കുക അവളുടെ വാക്കുകള്‍ നിങ്ങളുടെ ആരാധനാവിഗ്രഹത്തിനു പോറല്‍ എല്പിചെങ്കില്‍. ക്ഷമിക്കുക, കാരണം അവള്‍ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു. മനസ്സും ശരീരവും സംഗീതത്തിനു മാത്രം നല്കിയ സ്വാതി തിരുന്നാളിന്റെ മാത്രം ഭാര്യ.


"അമ്മ മഹാറാണിയോട് യാത്ര പറഞ്ഞു കൊട്ടാരത്തില്‍ നിന്നു തിരുവട്ടാര്‍ തറവാട്ടില്‍ എത്തും വരെ മനസ്സില്‍ അവരുടെ വാക്കുകള്‍ ആയിരുന്നു.



'കുട്ടീ; നിന്റെ സ്ഥാനം പല പെണ്‍കുട്ടികളും മോഹിച്ചതാണ്. ഇപ്പോഴും കൊതിക്കുന്നവരുണ്ട്. അതോര്‍മ്മ വേണം.'



ശരിയായിരുന്നു. പല പെണ്‍കുട്ടികളും മോഹിച്ചിരുന്നു. ഞാനും. പക്ഷെ ഇപ്പോള്‍ ആ മോഹങ്ങളെ പറിച്ചെറിഞ്ഞു മടക്കയാത്രയാണ്. എനിക്ക് പകരം വേറെ ഏതെങ്കിലും പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ യാത്ര ഇങ്ങനെ ഒറ്റക്കാകുമായിരുന്നോ? ആര്‍ക്കറിയാം. ചിലപ്പോള്‍ ആകുമായിരിക്കും.

ഒരു സാദാരണ നായര്‍ കുടുംബമായ ആയ്ക്കുട്ടി വീട്ടിലെ ഈ പാവം കുട്ടിയുടെ പാട്ടുകേള്‍ക്കാന്‍ അദ്ദേഹം എത്തിയപ്പോള്‍ ഒരിക്കലും കരുതിയില്ല ജീവിതത്തില്‍ അദ്ദേഹമാണ് എന്റെ പാതിയായി വരുന്നതെന്ന്. ഞാന്‍ പാടുന്നത് കേള്‍ക്കെ അടഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ മിഴികളുടെ ആഴങ്ങളില്‍ ഞാന്‍ നിറയണമേ എന്ന് അറിയാതെ പ്രാര്‍ത്തിച്ചിരുന്നു. ഞാന്‍ വീണ മീട്ടുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ താളം പിടിക്കുന്നത്‌ എന്റെ ചുമലില്‍ ആയിരുന്നെങ്കിലെന്നു കൊതിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഞങ്ങളെ തിരുവട്ടാര്‍ അമ്മവീട്ടിലേക്ക് ദത്തെടുക്കാനും ജീവിത സഖി ആക്കാനും തീരുമാനിച്ചതറിഞ്ഞ നിമിഷം ആഹ്ലാദത്തേക്കാള്‍ ഏറെ അത്ഭുതം തന്നെ ആയിരുന്നു. വിവാഹവും ചടങ്ങുകളും ഒക്കെ സ്വപ്നമല്ല എന്ന് ചിന്തിയ്ക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി.


സ്വപ്നങ്ങളിലെ ജീവിതം യാദാര്‍ത്യമായപ്പോഴും മനസ്സുകൊണ്ടു ഒരു രാജ പത്നി എന്ന പദവിയുടെ ഭാരങ്ങളെ ആശങ്കയോടെ തന്നെയാണ് ഞാനോര്‍ത്തത്. ഇതു വരെ ഞാന്‍ വെറുമൊരു പെണ്ണായിരുന്നു. പക്ഷെ വാഞ്ചിനാടിന്റെ രാജപത്നി അങ്ങനെ ആണോ? മനസ് കുറേക്കൂടി പക്വമാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഒരു പെണ്‍കുട്ടിയില്‍ നിന്നും ഭാര്യയിലെക്കുള്ള ദൂരം അദ്ദേഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനായില്ല എന്നത് ഏറെ വൈകി ആണ് എനിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. തിരുവിതാംകൂര്‍ മഹാരാജാവിനു ഭാര്യയെന്നാല്‍ ഭാവനയുടെ ലോകത്തേക്ക് വാഗ്ദേവതയുടെ സ്ഫുരണങ്ങളെ പറത്തിവിടാന്‍ ഉത്തേജനം നല്കുന്ന ഒരു സാമീപ്യം മാത്രമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചില്ല. അമ്മമഹാറാണിയും മറ്റുള്ളവരും പറഞ്ഞു തന്ന ചരിത്ര പാഠങ്ങളും എന്നെ പഠിപ്പിച്ചത് അങ്ങിനെ ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ തന്റെ കൃതികളെ ആലപിക്കുന്ന ഗായിക മാത്രം ആയാല്‍ മതി. പുലരും വരെ പ്രിയ രാഗങ്ങള്‍ വീണ മീട്ടിയാല്‍ മതി. മറ്റെല്ലാം, രാജ്യത്തെ സംഘര്‍ഷങ്ങളും, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായുള്ള പോരാട്ടങ്ങളും, പട്ടിണിയും, ദാരിദ്രവും എല്ലാം മറക്കാന്‍ അദ്ദേഹത്തിന് സംഗീതം കൊണ്ടു കഴിയുമായിരുന്നു.

പക്ഷെ ഒരു രാജാവ് അങ്ങനെ ആകേണ്ട ഒരാള്‍ ആണോ?

വളരെ ചെറിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതു. അലയടിക്കുന്ന തിരമാലയുടെ ഓളങ്ങളില്‍, പറവകളുടെ ചിറകടിയുടെ താളത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലിലെ കാറ്റിന്റെ മൂളലില്‍ എല്ലാം അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞത് രാഗങ്ങളുടെ ലയമാണ്. കലാകാരന്മാര്‍ക്ക് ജീവിക്കാന്‍ ഭാവനകളുടെ ഊര്‍ജ്ജം മാത്രം മതി. എത്ര വിശക്കുന്ന വയറുമായും നിശ നീന്തി കടക്കാന്‍ രാഗ മേളങ്ങളുടെ നാദം മാത്രം മതി. പക്ഷെ, അതിന്റെ എത്രയോ അധികം സാദാരണ ജനങ്ങള്‍... അവര്ക്കു വിശപ്പടക്കാന്‍ കവിതയോ കഥകളിപ്പദമൊ മതിയാവില്ല.


എന്നിലെ സ്ത്രീ പോലും അദ്ദേഹത്തിന്റെ കാഴ്ച്ചയുടെ ചക്രവാളങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നിലെ കലാകാരിയെ മാത്രമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. അംഗീകരിക്കാന്‍ ഏറെ ബുദ്ദിമുട്ടിയെങ്കിലും ഞാനും അതുമായി പോരുത്തപ്പെട്ടിരുന്നു. അനന്തപദ്മനാഭന് ജന്മം നല്കുന്നത് വരെ. പക്ഷെ ഒരമ്മക്ക് ഒരിക്കലും സ്വാര്‍തയാകാനാവില്ല. നീണ്ടു കിടക്കുന്ന വയലിലെ കതിരുകള്‍ കാണുമ്പോള്‍ കാറ്റിന്റെ ഈണമല്ല, മക്കള്‍ക്ക്‌ വയറു നിറച്ചുണ്ണാനുള്ള നെല്ലിനെ കുറിച്ചാണ് അവള്‍ക്ക് ഓര്‍ക്കനുണ്ടാവുക. നിങ്ങള്‍ അവളെ എത്ര സൌന്ദര്യ ബോധമില്ലാതവള്‍ എന്ന് വിളിച്ചാലും. സംഗീതം മനസ്സിനെ സന്തോഷിപ്പിക്കാനുല്ലതാണ്. പക്ഷെ അതിനെക്കാള്‍ എത്രയോ വലുതാണ്‌ മനുഷ്യന്റെ വിശപ്പും ജീവിതവും.



അദ്ദേഹത്തിന്റെ സംഗീതത്തെ ഞാനും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം എന്നില്‍ നിന്നും ഓരോ നിമിഷവും അകലുകയായിരുന്നു. അദ്ദേഹത്തിന് ഉത്തേജനം നല്‍കാന്‍ കഴിവില്ലതവള്‍ എന്ന് ഏറെ കുറ്റപ്പെടുതുമ്പോഴും അദ്ദേഹം ഓര്‍ത്തില്ല, ഞാന്‍ ചെയ്യുന്നത് അതിനെക്കാള്‍ എത്രയോ വലിയ കര്‍മ്മമാണെന്ന്. അദ്ദേഹം തന്റെ ധര്‍മ്മങ്ങള്‍ സ്വയം മറന്നതായി നടിക്കുമ്പോഴും. ഒടുവില്‍ തഞ്ചാവൂരിലെ സുഗന്ധവല്ലി എന്ന നര്‍ത്തകിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിര് കടക്കുന്നു എന്നറിഞ്ഞപ്പോഴും മനസിലെ വേദനയടക്കി കൊട്ടാരത്തില്‍ തന്നെ ഞാന്‍ കഴിഞ്ഞു . വിവാഹരാത്രി കിടപ്പറയിലേക്ക് കാലെടുത്തു വക്കുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.



' ഈ വാതിലിനിപ്പുറം ഞാന്‍ രാജാവല്ല. നീ രാജപത്നിയുമല്ല. വെറും ഭര്‍ത്താവും ഭാര്യയും മാത്രം.'

പക്ഷെ ഇപ്പോള്‍ ആ മുറിക്കകത്ത് അദ്ദേഹം രാജാവാണ്. ഞാന്‍ ആ പഴയ ദാസിയും. പക്ഷെ, തിരുവാതിരക്കു സുഗന്ധവല്ലിയുടെ നൃത്തത്തിന് ഞാന്‍ വീണ മീട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോള്‍.... എനിക്ക് വയ്യ. എനിക്കതിനെങ്ങനെ കഴിയും. എന്നെപ്പോലെ അവളും ഒരു കലാകാരി ആയിരിക്കാം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരു ഭാര്യയും അവള്‍ എന്റെ ഭര്‍ത്താവിന്റെ-

ഇല്ല. എനിക്കതിനു കഴിയില്ല. അദ്ദേഹത്തെ ഞാന്‍ മനസ്സിലാക്കുന്നില്ല എന്നായിരുന്നു അതിന് ഞാന്‍ കേട്ട പഴി. പഴിചോട്ടെ, അദ്ദേഹം രാജാവാണ്. ഇഷ്ടമുള്ളത് ചെയ്യാം. പക്ഷെ എന്റെ ഭര്‍ത്താവ്, എന്റെ കുഞ്ഞിന്റെ പിതാവ് അങ്ങിനെ ചെയ്യുന്നത് എനിക്കൊരിക്കലും സഹിക്കാനാവില്ല. ശരിയാണ്. അദ്ദേഹം അതിനപ്പുറം പലതുമാണ്. പക്ഷെ അത് കൊണ്ടു അദ്ദേഹം അതല്ലതാകുമോ? ഇല്ല. ഒരിക്കലും ആകാന്‍ പാടില്ല. ആരും.

പോകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമോര്‍ത്തത് അദ്ദേഹത്തോട് യാത്ര പറയണമെന്നാണ്. പക്ഷെ ആ മനസില്‍ നിന്നു ഇറങ്ങുംബോഴല്ലേ യാത്ര ചോദിക്കെണ്ടൂ. ഞാനെന്ന ഭാര്യയെ ഒരിക്കലും അദ്ദേഹം മനസ്സില്‍ കുടിയിരുതിയിരുന്നില്ല. അവിടെ ഞാനെന്ന കലാകാരിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവള്‍ ഇന്നില്ല. ഇനി ഒരിക്കലും തിരിച്ചു വരാന്‍ കഴിയുകയുമില്ല. ഇപ്പോള്‍ ഞാന്‍ അറിയുന്നു. അദ്ദേഹത്തിന് ഭാര്യ ആയിരുന്നില്ല വേണ്ടിയിരുന്നത്. പേരിനൊരു ഭാര്യ ആയിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് ഒരു സഹയാത്രിക ആയിരുന്നു. എല്ലാത്തിനും കാഴ്ചക്കാരി മാത്രമാകാന്‍ കഴിയുന്ന ഒരു സഹയാത്രിക. സുഗന്ധവല്ലി അതായിരുന്നിരിക്കാം. പുതിയ കൊട്ടാരത്തില്‍ അവളെയും കുടുംബത്തെയും പാര്‍പിച്ചപ്പോഴും അവള്‍ പറഞ്ഞതു തനിക്കൊന്നും വേണ്ട എന്നായിരുന്നു. ഞാന്‍ ആവശ്യങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടിക്കുന്നു എന്ന് പരാതി പറയുന്ന അദ്ദേഹത്തിന് എന്റെ ആവശ്യങ്ങള്‍ എന്റെ മാത്രം ആവശ്യങ്ങള്‍ അല്ല എന്ന് കാണാന്‍ ആവാതെ പോയി.


അദ്ദേഹം പറഞ്ഞതു ശരിയാണ്. തെറ്റിപ്പോയി. ഞാന്‍ അദ്ദേഹത്തെ അറിഞ്ഞതും അദ്ദേഹം എന്നെ അറിഞ്ഞതും. തെറ്റിപ്പോയി."




നാരായണിക്ക് ഇത്രയേ പറയാനാവൂ. വിലയിരുത്തേണ്ടത് നമ്മള്‍ ആണ്. ആര്‍ക്കാണ് തെറ്റിയത്. നാരായണി ചിന്തിച്ചതും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതും ഒരു ഭാര്യയുടെ ഭാഗത്ത് നിന്നാണ്. ഒരു രാജ്യം ഭരിക്കേണ്ട രാജാവിന്റെ ഭാര്യയുടെ. പക്ഷെ സ്വാതി തിരുനാള്‍ പലപ്പോഴും മറന്നതും അതാണ്‌. താന്‍ സംഗീത ഉപാസകനാണ് എന്നതിനപ്പുറം തിരുവിതാംകൂര്‍ രാജാവാണെന്ന കാര്യം. തനിക്ക് ലഭിച്ച രാജ പദവി കൊണ്ടു കലാകാരനമാരെ പ്രോല്‍സാഹിപ്പിച്ച അദ്ദേഹം അതിനെക്കാളുപരി ആ പദവികൊണ്ട് ചെയ്യനുണ്ടായിരുന്ന കര്‍ത്തവ്യങ്ങളില്‍ പലതും വിസ്മരിച്ചതിന്റെ പ്രതിഫലനമാണ് ആദ്യം കേട്ട വാക്കുകളായി തിരുവിതാംകൂറില്‍ മുഴങ്ങിയത്. രാജ്യത്തിന്റെ ശക്തിയുടെ പ്രതിരൂപമാകേണ്ട രാജാവ് ഒരു സ്ത്രീയുടെ പേരില്‍ സ്വന്തം ജീവിതം ബലി കഴിച്ചപ്പോള്‍....



ഒരു കലാകാരന്‍ ഒരു മനുഷ്യസ്നേഹി കൂടി ആയിരിക്കണം എന്നൊരു ചൊല്ലുണ്ട്. തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അകന്നു സങ്കല്‍പങ്ങളുടെ വാല്‍മീകങ്ങളില്‍ സുഷുപ്തിയിലാണ്ട് നില്‍ക്കെണ്ടാവാന്‍ അല്ല മനുഷ്യ സ്നേഹി. പക്ഷെ കലാകാരന്മാരുടെ ഒരു ദൌര്‍ബല്യമാണ് അംഗീകാരം, പ്രശസ്തി. ഒരു കുടുംബനാഥന്‍ എന്ന കടമ നിര്‍വഹിച്ചാല്‍ ഒരിക്കലും പ്രശസ്തി കിട്ടില്ല. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ ചില കലാകാരന്‍മാരെങ്കിലും അത്തരം ചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. പിതാവെന്ന മകനെന്ന ഭര്‍ത്താവെന്ന അടിസ്ഥാന കടമകളെ അവര്‍ പാടെ വിസ്മരിക്കുന്നു. അവര്‍ക്കതിനു കഴിയാതെ അല്ല. മറ്റുള്ളവര്‍ തങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന വിട്ടു വീഴ്ചകളുടെ ഒരംശം തന്റെ പിടിവാശി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായാല്‍ അവര്‍ക്കതിനു കഴിയും. മനസ്സിലെ സ്വാര്‍തത അല്പമൊന്നു കുറച്ചാല്‍ അവര്‍ക്കതിനു കഴിയും. പക്ഷെ ജനശതങ്ങളെ തന്റെ പ്രതിഭ കൊണ്ടു ആനന്ദിപ്പിക്കുന്ന അവന്‍ തന്റെ ഉറ്റവരെ അങ്ങേ അറ്റം വിഷമിപ്പിക്കുന്ന കാഴ്ച ആനന്ദസാഗരത്തില്‍ ആറാടുന്ന നമ്മുടെ നയനങ്ങള്‍ക്ക് കാണാന്‍ ആയെന്നു വരില്ല. ഓരോ മനുഷ്യനും, അവന്‍ കലാകാരനായാലും കൊലപാതകി ആയാലും, സമൂഹത്തോട് ആവശ്യം ചെയ്യേണ്ട കടമകള്‍ ഉണ്ട്. ജീവിക്കാന്‍ അടിത്തറ ഒരുക്കി തന്നതിന്റെ പ്രത്യുപകാരം. പക്ഷെ ഓരോ സമൂഹവും തുടങ്ങുന്നത് തന്നില്‍ നിന്നു തന്നെയാണ്. വ്യക്തി-കുടുംബം-സമൂഹം-രാഷ്ട്രം എന്നിങ്ങനെ വികസിക്കുന്ന ആ കണ്ണിയിലെ രണ്ടാമത്തെ കണ്ണി അവര്‍ പലപ്പോഴും വിസ്മരിക്കുന്നു. അത് കൊണ്ടു തന്നെ ജീവിതത്തില്‍ സ്വസ്ഥത എന്നത് കേവലം സങ്കല്‍പമായി തന്നെ അവശേഷിക്കുന്നു. മനുഷ്യന്‍ ഒരിക്കലും സങ്കല്പങ്ങളില്‍ ഉറങ്ങേണ്ടാവനല്ല. യാദാര്‍ത്യങ്ങളോട് പോരുതെണ്ടാവനാണ്.

സ്വാതി തിരുനാള്‍ മഹാനായ സംഗീതജ്ഞനായിരുന്നു. പക്ഷെ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം എന്താണ്? അദ്ദേഹം തന്റെ ഭാര്യയെ പ്രണയിച്ചിരുന്നു. പക്ഷെ അദ്ദേഹം തിരികെ പ്രതീക്ഷിച്ച പ്രണയത്തിനു എല്ലാ സ്വാതന്ത്രവും അനുവദിച്ചു കൊടുക്കുക എന്ന അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. സ്വാതത്രം എന്ന വാക്കു തന്നെ അസംതൃപ്തിയുടെ ഉത്പന്നമാണ്. സംതൃപ്തിയുടെ ലോകത്ത് സ്വാതന്ത്രചിതകള്‍ക്ക് തന്നെ പ്രസക്തിയില്ല. പ്രണയം എന്നത് ജീവന്റെ സംതൃപ്തി ആണ്. എല്ലാ സ്വാതന്ത്രങ്ങളെയും അപ്രസക്തമാക്കുന്ന മനസിന്റെ ഔന്നിത്യമാണ്. അതല്ലേ പ്രണയത്തിനായി മറ്റെല്ലാം ഉപേക്ഷിക്കാന്‍ നമ്മെ പ്രപ്തരാക്കുന്നതും. സുഗന്ധവല്ലിയെ ഓര്ത്തു നിരാഹാരം കിടന്നു സ്വയം ജീവനൊടുക്കിയ സ്വാതി തിരുനാളും പ്രണയിനിക്കായി ബ്രിട്ടീഷ്‌ സിംഹാസനം ത്യജിച്ച എഡ്വെര്ദ് - VIII രാജാവും ചെയ്തതും അതിലൂടെ നമ്മോടു പറഞ്ഞതും പ്രണയം എല്ലാ സ്വാതന്ത്രങ്ങളും അപ്രസക്തമാക്കുന്ന വികാരം ആണെന്ന് തന്നെയല്ലേ. സ്വതന്ത്ര മോഹികള്‍ തിരയുന്നത് പ്രണയമല്ല. സ്വാതന്ത്രം മാത്രമാണ്. അതാകട്ടെ അസ്ഥിരമായ ഒരവസ്ഥയും.


മഹാന്മാരായ കലാകാരന്മാരെ നമുക്കു ആദരിക്കാം. പക്ഷെ അവരെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആവര്‍ത്തിക്കപ്പെടുന്നത് അതെ ദുരന്തങ്ങള്‍ തന്നെയാവും. ആ ദുരന്തങ്ങള്‍ ഇന്നിന്റെ കലാകാരന്മാര്‍ക്ക് പാഠം ആവേണ്ടതാണ്‌. യാദാര്‍ത്യങ്ങളുടെ ലോകത്തേക്കും കണ്ണുകള്‍ അയക്കാന്‍ അവര്‍ക്ക് സ്വപ്ന സഞ്ചാരികളായ മുന്‍ഗാമികളുടെ അസ്വസ്തമാര്‍ന്ന ജീവിതം വഴി കാട്ടട്ടെ. നമുക്കാര്‍ക്കും അനുകരനങ്ങളിലൂടെ മറ്റൊരു സ്വാതി തിരുനാള്‍ ആകാനാവില്ല. ഒരിക്കലും. നമള്‍ നാളെക്കായി കോറിയിടെണ്ടത് നമ്മുടെ കൈയൊപ്പ്‌ പതിച്ച പ്രതിഭാസ്ഫുരണങ്ങള്‍ ആണ്. അതിന് പക്ഷെ നാരായണിമാരുടെ കണ്ണീരിന്റെ കാളിമ ഉണ്ടാവാതിരിക്കട്ടെ. ജീവിതത്തില്‍ മൃദുല വികാരങ്ങളാല്‍ മാത്രം സ്വയം മറക്കാതെ നാളയുടെ ജീവിതത്തിനു മാതൃകയാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും കഴിയട്ടെ എണ്ണ പ്രാര്‍ത്ഥനയോടെ.......


കുറിപ്പ്: രാജ കുടുംബത്തിന്റെ എതിര്‍പ്പുണ്ടായിട്ടും തനിക്കൊന്നും വേണ്ട എന്ന് പറഞ്ഞ സുഗന്ധവല്ലി സ്വാതി തിരുനാളിന്റെ മരണശേഷവും തിരുവനന്തപുരത്ത് തഞ്ചാവൂര്‍ അമ്മവീട്ടില്‍ തന്നെയാണ് മരണം വരെ ജീവിച്ചത്. അവരുടെ മരണശേഷം മഹാരാജ ഉത്രം തിരുനാള്‍ ആ കൊട്ടാരം രാജസ്വത്തിലേക്ക് ഏറ്റെടുത്ത നടപടിയെ അവര്‍ മദ്രാസ്‌ ഹൈകോടതിയില്‍ കേസ് കൊടുത്തു ചോദ്യം ചെയ്യുകയുമുണ്ടായി. സുഗന്ധവല്ലി ആരാധിച്ചിരുന്ന ഗണപതി വിഗ്രഹം തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങര അമ്പലത്തിലേക്ക് മാറ്റുകയും ചെയ്തു.

കടപ്പാട്: ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത "സ്വാതി തിരുനാള്‍" സിനിമയോട്.


21. തിളക്കമില്ലാത്ത താരങ്ങള്‍....

on Friday, October 02, 2009

ചന്ദ്രനെ കാണാത്തവരായി കാഴ്ചയുള്ളവരില്‍ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയില്‍ ദൂരെ മാനത്ത് കുളിര്‍മ്മയുള്ള നിലാവ് പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാള്‍ മുതലേ കണ്ടു തുടങ്ങിയതാണ്‌ എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ ആ മന്ദസ്മിതം നമ്മുടെ മനസ്സിലും നിലാവ് പൊഴിച്ചിരിക്കുന്നുദേവനായും കളിക്കൂട്ടുകാരനായും സങ്കല്പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്പനികതയുടെ വക്താക്കള്‍ക്കും ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്ത്ര ലോകത്തിനും.

പക്ഷെ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൌന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത് അറിഞ്ഞപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ ഊഴര മരുഭൂമികളെക്കാള്‍ വരണ്ട ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൌന്ദര്യത്തിന്റെ ഉപമയായി സങ്കല്പിച്ചത്. ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.

ഇന്നും കഥ പറയുന്നതു നിങ്ങളില്‍ പലര്‍ക്കും അജ്ഞാതയായ ഒരു സഹോദരി ആണ്. പാട്രീഷ്യ ഹെയില്‍ എന്ന പാറ്റ്. ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലെ പാവപ്പെട്ട ഒരു ക്ലാര്‍ക്കിന്റെ മകളായി പിറന്നു പിന്നീട് വലിയ സ്വപ്നങ്ങളുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ എത്തിയ കൌതുകമുണര്‍ത്തുന്ന സുന്ദരമായ മുഖത്തോട് കൂടിയ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. പക്ഷെ ഒരുപാടു പ്രതീക്ഷകളും പേറിയുള്ള ആ യാത്ര തന്റെ സ്വപ്നങ്ങളുടെ വിലാപയാത്ര ആയിരുന്നെന്നു അവള്‍ തിരിച്ചറിയുന്നത്‌ നീണ്ട 44 വര്‍ഷങ്ങള്‍ക്കു ശേഷം രോഗവുമായുള്ള മല്ലയുദ്ദത്തിനിടക്ക് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. കാരണം അത് വരെയും അവള്‍ വിശ്വസിച്ചിരുന്നു. ' ഞാന്‍ എന്റെ വിദ്യയുടെ പ്രിയ പത്നി ആണ്.' തനിക്കും എഴുതിനുമിടയില്‍ എന്നും കടന്നു വരാന്‍ പാടില്ലെന്നും തങ്ങള്‍ മാത്രമുള്ള സ്വകാര്യതയാണ്‌ തനിക്ക് വേണ്ടതെന്നും പറഞ്ഞു അമ്മയാകാനുള്ള മോഹത്തെ അയാള്‍ നിരാകരിക്കുമ്പോഴും അവള്‍ വിശ്വസിച്ചു; ' ഞാന്‍ എന്റെ വിദ്യയുടെ എല്ലാമാണ്.'


നിങ്ങള്‍ക്കറിയില്ലേ പാറ്റിന്റെ വിദ്യയെ??? ഇന്ത്യന്‍ വേരുകളുള്ള, ആധുനിക ഇംഗ്ലീഷ്‌ ഗദ്യസാഹിത്യ ലോകത്തെ കുലപതികളില്‍ ഒരാളായ വി. എസ്. നൈപാള്‍ എന്ന സര്‍ വിധ്യാധര്‍ സൂരജ് പ്രസാദ്‌ നൈപാളിനെ എങ്ങനെ അറിയാതിരിക്കാനാണ്. നോബല്‍ സമ്മാനവും, ബുക്കര്‍ സമ്മാനവും അടക്കം സാഹിത്യത്തിനു ലഭിക്കാവുന്ന ബഹുമതികളില്‍ ഏറെയും നേടിക്കഴിഞ്ഞ ലോകത്തെ സാഹിത്യപ്രേമികളുടെ മനസ്സില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ നൈപാള്‍ എന്ന സാഹിത്യ നഭസ്സിലെ താരത്തെ!!! പക്ഷെ പാറ്റിണ് പറയാനുള്ളത് ആ തിളക്കത്തിന്റെ തീവ്രതയല്ല. മരിച്ചു ആ തിളക്കതിനപ്പുറത്തെ ഇരുള്‍ കൂടിയാണ്. വാക്കുകള്‍ കൊണ്ടു സ്ത്രീ വംശത്തിനു പട്ടു മെത്ത ഒരുക്കിയ പ്രവൃത്തി കൊണ്ടു അതെ സ്ത്രീത്വത്തിനു പട്ടട ഒരുക്കിയ നൈപാള്‍ എന്ന മനുഷ്യന്റെ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന മുഖങ്ങളെക്കുറിച്ച്.



" മരണം കാത്തു കിടക്കുക എന്നതിനോളം വലിയ ശിക്ഷ ഈ ലോകത്ത് അനുഭവിക്കാനില്ല. പക്ഷെ ആ കാത്തിരിപ്പിനും ചിലപ്പോഴൊക്കെ മധുരമുള്ള സമ്മാനങ്ങള്‍ നല്കാനാവുമെന്നു തിരിച്ചറിഞ്ഞത് രാവിലെ ഹെഡ്‌ നേഴ്സ്‌ കൊണ്ടു വന്ന ഫാക്സ്‌ വായിച്ചപ്പോഴാണ്. ജക്കാര്‍ത്തയില്‍ നിന്നും വിദ്യയുടെ സന്ദേശം.



"പല കാര്യങ്ങളും കേട്ടത് ഹൃദയം കീറി മുറിയുന്ന വേദനയോടെയാണ് പാറ്റ്. എന്റെ ആ വാക്കുകള്‍ എന്നെക്കുറിച്ചായിരുന്നു എങ്കിലും നീ അറിയരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് നിന്നെ ഇത്ര തളര്‍ത്തി എന്ന് കേള്‍ക്കുമ്പോള്‍..... ഞാന്‍ എന്ത് ചെയ്യണം എന്നാണ്, എന്താകണം എന്നാണ് നീ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയു പാറ്റ്. നീ എന്തായിരുന്നുവോ, അതിനെല്ലാം ഈ വിതുമ്പുന്ന ഹൃദയത്തിന്റെ നന്ദി. ഞാന്‍ അറിയുന്നു, ഞാന്‍ ഒരിക്കലും നിന്റേതു മാത്രമായിരുന്നില്ല എന്നറിഞ്ഞിട്ടും നീ എന്നും എനിക്ക് മാത്രമായി കാത്തിരുന്നു എന്ന്. with tremendous and enduring love, always your's VIDDYA"



ഇനി ഒരിക്കല്‍ കൂടെ വായിക്കാനാവാത്ത വിധം എന്റെ മിഴിനീരാല്‍ ആ കടലാസു കഷണം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. എന്താണ് ഞാന്‍ അദ്ദേഹത്തോട് പറയേണ്ടത്. കൈകളില്‍ വിറയ്ക്കുന്ന ഈ തുണ്ട് കടലാസിനു എന്ത് മറുപടിയാണ് ഞാന്‍ പറയേണ്ടത്??? കഴിയില്ല. ഒരു ജീവിതം മുഴുവന്‍ ഒരു വാക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദേഹത്തിന്റെ പ്രതിഭക്കെ കഴിയൂ...

എന്നും എഴുത്തിലൂടെ ആയിരുന്നല്ലോ അദ്ദേഹം എല്ലാരെയും പോലെ എന്നെയും കീഴടക്കിയത്...

അന്ന്, കോളെജ് ഓടിറ്റൊരിയത്തില്‍ ആദ്യമായും അവസാനമായും വേദിയില്‍ നൃത്തമാടിയ എനിക്ക് ആദ്യമായി കിട്ടിയ അഭിനന്ദനം. രണ്ടു വാക്കുകള്‍ മാത്രം കുത്തിക്കുറിച്ച ഒരു കൊച്ചു കടലാസ് തുണ്ട്. അതായിരുന്നു വിദ്യ ആദ്യം എനിക്ക് തന്ന സമ്മാനം. പിന്നീട് ഓക്സ്ഫോര്‍ഡില്‍ വച്ചു മനസിന്റെ വിലാസത്തിലെക്കയച്ച ഒരു പാടു എഴുത്തുകള്‍ എന്നെ മോചിപ്പിക്കുകയായിരുന്നു!!!! ഭക്ഷണം പോലും ചുരുക്കി എന്നെ പഠിക്കാന്‍ അയച്ച പാവം മാതാപിതാക്കളില്‍നിന്ന്, ബ്ലാക്ക്‌ & വൈറ്റ്‌ ടെലിവിഷന്‍ സെറ്റ് വാങ്ങാന്‍ കൊതിയോടെ കൂട്ടിവച്ചിരുന്ന പണക്കുടുക്ക പൊട്ടിച്ചു എന്റെ മടിത്തട്ടിലേക്ക് ചെരിഞ്ഞ അനുജത്തിയില്‍ നിന്ന്, വെക്കേഷന് ചെല്ലുമ്പോള്‍ അടുത്ത കുടുസ്സുമുറിയിലേക്ക് സ്വയം മാറി മാതാപിതാക്കള്‍ എനിക്കായി തുറന്നിടാറുള്ള കിംഗ് സ്റ്റനിലെ കുഞ്ഞു ഫ്ലാറ്റിലെ ഒറ്റ ജാലകമുള്ള മുറിയില്‍ നിന്ന്, പിന്നെ എന്നെ കാത്തിരുന്ന ഒരു പാടു വേദികളില്‍ നിന്ന്, എന്റെ വിരലുകല്‍ക്കായി കാത്തിരുന്ന താളുകളില്‍ നിന്ന് എല്ലാം ഞാന്‍ മോചിപ്പിക്കപ്പെടുകയായിരുന്നു. പക്ഷെ അതോടൊപ്പം തന്നെ ഞാന്‍ പറിചെറിയപ്പെടുകയായിരുന്നു. എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളില്‍ നിന്ന്. പക്ഷെ അതൊന്നും തന്നെ എന്നെ ഒട്ടും തന്നെ വേദനിപ്പിച്ചില്ല. കാരണം ഇപ്പറഞ്ഞ എല്ലാം ഒരു തട്ടില്‍ വച്ചു തുലാഭാരം നടത്തിയപ്പോഴും മനസ്സില്‍ അപ്പോള്‍ വിദ്യയുടെ തട്ട് താഴ്ന്നു തന്നെ കിടക്കുകയായിരുന്നു.

പക്ഷെ പിന്നീട് ഏറെ നാളുകള്‍ക്കു ശേഷം വിവാഹം ഒരു കെണിയാണെന്നും, സമൂഹത്തിന്റെ പ്രതീക്ഷകളെ തകിടം മറക്കുന്ന പ്രക്രിയ ആണെന്നും വിദ്യ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യ ആണെന്ന് തന്നെ ആണ് വിശ്വസിച്ചത്.

പക്ഷെ നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന മറ്റൊരു കുറിപ്പ് എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചു. ഒരു പത്രത്തിന് വിദ്യ നല്കിയ അഭിമുഖം. അതെ കുറിച്ചു കേട്ട ഞാന്‍ വിദ്യയെ വിളിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഇങ്ങനെ ആയിരുന്നു. ' പാറ്റ്; അത് നീ വായിക്കരുത്, ദയവായി അത് നീ വായിക്കരുത്' പക്ഷെ എനിക്കെങ്ങനെ അതിന് കഴിയും. ലോകത്തിനു മുഴുവന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാമെങ്കില്‍ ഇത്ര കാലം അദ്ദേഹത്തെ മാത്രം ഓര്‍ത്തു ജീവിക്കുന്ന എനിക്ക് മാത്രം എന്ത് കൊണ്ടു പാടില്ല. ഞാന്‍ ആ പത്രം വാങ്ങി.പക്ഷെ ഇത്തവണ, എന്നിലെക്കെതരുത് എന്ന് കരുതി അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ മോചിപ്പിച്ചത് ഈ ജീവിതത്തില്‍ നിന്ന് തന്നെ ആയിരുന്നു.

"പാറ്റുമായുള്ള ദാമ്പത്യത്തില്‍ എന്നും ഞാന്‍ അസംതൃപ്തനായിരുന്നു. എന്നും. സ്ഥിരമായി വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വളരെ നിരാശയോടെയാനെങ്കിലും പറയാതെ വയ്യ. ഞങ്ങള്‍ ജീവിതം തുടങ്ങിയ ആദ്യ കാലത്തു പോലും അവള്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്ന സമയങ്ങളില്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു."


വിദ്യ നീ വാക്കുകള്‍ കൊണ്ടു ഒരു കുമ്പസാരം നടത്തുകയായിരുന്നില്ല. നിന്റെ മാത്രം പാറ്റിനെ കൊല്ലുകയായിരുന്നു. ഇപ്പോള്‍ മനസ്സില്‍ നിന്റെ തട്ട് വളരെ വളരെ ഉയരങ്ങിലെക്ക് പോയിരിക്കുന്നു. ഇനി ഒരിക്കലും താഴെ എത്താനാവാത്ത വിധം. നമ്മള്‍ ജീവിതം തുടങ്ങിയ ആദ്യനാളുകള്‍. ഓര്‍ക്കുന്നോ വിദ്യ. മുഴുവന്‍ സമയവും എഴുത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു ഞാന്‍ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സ്കൂളില്‍ ജോലിക്ക് പോയത്. പക്ഷെ നീ ആ സമയം വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.....

അര്‍ജന്റീനയില്‍ വച്ചു നിരൂപകയായ മാര്‍ഗരെറ്റിനെ പരിചയപ്പെട്ട ശേഷം നിന്റെ യാത്രകള്‍ എന്നും അവള്‍ക്കൊപ്പമായപ്പോഴും, പലരും അതിനെ പറ്റി എന്റെ അടുത്ത് മോശമായി പരാമര്‍ശിച്ചപ്പോഴും നിന്നെ കാത്തിരുന്ന എന്റെ അരികില്‍ എത്തുമ്പോള്‍ ഇതു വരെ നീ എന്നോട് പറഞ്ഞില്ല; മറ്റു സ്ത്രീകളെ തേടിപ്പോകാന്‍ വിധത്തില്‍ എന്നില്‍ നീ അസംതൃപ്തന്‍ ആയിരുന്നെന്ന്. ഒരിക്കല്‍ നിന്നെപ്പോലെ ഒരെഴുത്തുകാരന് ചേര്ന്ന ഭാര്യയല്ല ഞാനെന്നു പരിതപിച്ചപ്പോഴും, ഞാന്‍ ഒരു ക്ലാര്‍ക്കിന്റെ ഭാര്യയെപ്പോലെ പെരുമാറുന്നുവെന്ന് ശകാരിച്ചപ്പോഴും ഞാന്‍ ചിന്തിച്ചത്‌ എന്നോട് നിനക്കുള്ള സ്നേഹമാണ് നിന്നെ ദേഷ്യപ്പെടുത്തിയത് എന്നാണ്.

ശരിയാണ്, ഞാന്‍ ഒരു സാധാരണ പെണ്ണായിരുന്നു വിദ്യ, നീ പറക്കുന്ന വാനിനെ നോക്കി താഴെ ഇമവെട്ടാതെ കാത്തിരുന്ന ഒരു സാധാരണ ഭാര്യ. നിനക്കു സൌഹൃദങ്ങളുടെ വാനമുണ്ടായിരുന്നു, ആരാധകരുടെ സ്വപ്നലോകം ഉണ്ടായിരുന്നു, നിന്റെ മാത്രം കഥാപാത്രങ്ങളും ചിന്തകളും നിറഞ്ഞ സങ്കല്പ സാമ്രാജ്യമുണ്ടായിരുന്നു... പക്ഷെ എനിക്ക് നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ... ഓമനിക്കാന്‍ ഒരു കുഞ്ഞിനെപ്പോലും നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ടെന്നു വച്ച ഞാന്‍ നിന്നെ സംത്രുപ്തനാക്കാന്‍ എന്താണ് ഇനി ചെയ്യേണ്ടിയിരുന്നത്???

ഇനി എനിക്കൊന്നും വേണ്ട. വിദ്യ, അവസാന ശ്വാസത്തിലും ഞാന്‍ നിന്റേതു മാത്രം ആയിരിക്കും. നിനക്കു വേണമെങ്കിലും, വേണ്ടെങ്കിലും. സ്നേഹിക്കാന്‍ മാത്രമല്ലേ നമുക്കു കഴിയു, തിരികെ കിട്ടുക എന്നത് ഭാഗ്യം മാത്രമല്ലേ!!! നിന്റെ വാക്കുകള്‍ ഒരു തെന്നല്‍ പോലെയാണ് ഞാന്‍ വായിച്ചത്.എന്റെ എല്ലാ ആവശ്യങ്ങള്‍ക്കുള്ള ഉത്തരവും അതിലുണ്ട്. നീ ചോദിച്ച ആ ചോദ്യം. അത് തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരവും, സ്നേഹവും. ഇതിനപ്പുറം എന്ത് മറുപടിയാണ് ഞാന്‍ നല്കുക...."



പാറ്റ് 1996 - ഇല്‍ അന്തരിച്ചു. പക്ഷെ രണ്ടു മാസങ്ങള്‍ക്ക് ശേഷം നൈപാള്‍ പാകിസ്താന്‍ വംശജയായ നദീര എന്ന പത്രപ്രവര്‍ത്തകയെ വിവാഹം ചെയ്തു. ചരിത്രത്തില്‍ നൈപാളിനു ഒരുപാടു മുഖങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഒരു ഭര്‍ത്താവെന്ന നിലയില്‍ വിലയിരുതപ്പെടുമ്പോള്‍ ലോകം കണ്ട ക്രൂരരായ മനുഷ്യരില്‍ ഒരാളായി ഒരു പക്ഷെ അദ്ദേഹത്തെ ചിലരെങ്കിലും ഓര്‍ത്തെക്കാം.

പക്ഷെ ചരിത്രത്തില്‍ പാറ്റിനു എന്ത് നിറം ആയിരിക്കും. മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കും അവള്‍ പ്രതീക്ഷകളെ ചതിച്ചവാളാണ്, ആര്‍ക്കു വേണ്ടി അവള്‍ എല്ലാം ഉപേക്ഷിച്ചുവോ ആ ഭര്‍ത്താവിനു അവള്‍ ഒരിക്കലും സതൃപ്തി നല്‍കാത്ത ഭാര്യയുമായിരുന്നു. അവളുടെ ത്യാഗങ്ങളും സ്നേഹവുമെല്ലാം ജലരേഖയായി മാറുമ്പോഴും നമ്മളില്‍ എത്ര പേര്‍ക്ക് അവളൊരു പാഴ്ജന്മനെന്നു പറയാനാവും. പ്രത്യേകിച്ചും നമ്മളില്‍ പലരും അവളെപ്പോലെ നിഷ്ഫലമായ ത്യാഗങ്ങളുടെ അനുഭവോകതാക്കള്‍ ആകുമ്പോള്‍.... നൈപാള്‍ ആഗ്രഹിച്ച രീതിയിലേക്ക് അവള്‍ക്കൊരിക്കലും ഉയരാന്‍ കഴിഞ്ഞിരിക്കില്ല. പക്ഷെ നൈപാള്‍ അത് പറയാനായി നീണ്ട 44 വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് വിചിത്രം. പക്ഷെ പാറ്റ് അവള്‍ക്കു ലഭിച്ച ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിച്ചവള്‍ ആയിരുന്നു. അത് കൊണ്ടാവാം, ബന്ധങ്ങളുടെ കൂടിചെരലും വേര്‍പിരിയലും വളരെ നിസാരമായ പാശ്ചാത്യ ലോകത്ത് മരണം വരെ ഒരാളുടെ ഭാര്യയായി കഴിഞ്ഞതും.



അതെ നമ്മളാണ് ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത്. വേണമെങ്കില്‍ കിട്ടിയതില്‍ സംതൃപ്തി കണ്ടെത്താം. ഇല്ലെങ്കില്‍ അതുപേക്ഷിച്ചു വേറെ തിരയാം. അതുമല്ലെങ്കില്‍ കിട്ടിയതിനെ സംത്രുപ്തമാക്കി മാറ്റിയെടുക്കാം. പക്ഷെ അസംതൃപ്തമായ ഒന്നിനെ അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടു പോകുന്നത് ഒരിക്കലും നന്നല്ല. അതിന്റെ ദുരന്തമാണ് പാറ്റ് നമുക്കു മുന്നില്‍ വരചിട്ടതും.