28. ഇനി അരുണ മൃത്യുവിലേക്കുണരട്ടെ........

on Friday, December 25, 2009

മഹാത്മാ ഗാന്ധി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രതിഷേധ മാര്‍ഗങ്ങള്‍ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നായിരുന്നു. അഹിംസ. ഉപവാസവും, സത്യാഗ്രഹവും, നിസ്സഹകരണവും എല്ലാം അതിന്റെ ഓരോരോ ഭാവങ്ങള്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിനങ്ങളായി ആ വാക്കുകള്‍ക്കു മുഖ്യധാരയില്‍ വാര്‍ത്താ പ്രാധാന്യം കൈവന്നിരിക്കുന്നു. ഒരു സംസ്ഥാനത്തിന് വേണ്ടി അവിടത്തെ രാഷ്ട്രീയ നേതാവ് മരണം വരെ ഉപവാസം തുടങ്ങിയതും, അങ്ങ് കിഴക്ക് ഒരു കിരാത നിയമത്തിനെതിരായി ഒരു യുവ കവയിത്രി തുടരുന്ന ഉപവാസം പത്താം വര്‍ഷത്തിലേക്ക് കടന്നതും കഴിഞ്ഞ നാളുകളില്‍ ഇവിടെ ഓളങ്ങള്‍ ഉയര്‍ത്തി. ഇവര്‍ നടന്നടുക്കുന്നത് മരണത്തിലെക്കാണെങ്കിലും ഇരുവര്‍ക്കും ലക്ഷ്യം ഒരിക്കലും മരണമായിരുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ രണ്ടാം തരമാക്കപ്പെട്ടുപോയ തന്റെ നാട്ടുകാരുടെ ഉയര്‍ച്ചയായിരുന്നു തെലുങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിന്റെ ലക്ഷ്യമെങ്കില്‍ തന്റെ നാട്ടില്‍ ഇനി ഒരു പെണ്‍കുട്ടിക്കും തന്റെ കണ്മുന്നില്‍ വച്ചു സ്വന്തം പിതാവിനെയും സഹോദരന്മാരെയും ഭര്‍ത്താക്കന്മാരെയും നിഷ്റൂരം കൊല ചെയ്യുന്നത് കാണേണ്ടി വരരുതെന്ന പ്രാര്‍ത്ഥനയാണ് മണിപ്പൂരുകാരിയായ ഇറോം ഷര്‍മിള നൂറു കോടി ജനങ്ങള്‍ക്ക്‌ മുന്നില്‍ നിശബ്ദം മന്ത്രിക്കുന്നത്. എന്നാല്‍ ഇന്ന് അടുക്കളയില്‍ കഥ പറയുന്ന സഹോദരിക്ക് യാചിക്കാനുള്ളത് മരണമാണ്. ക്രൂരമായി ബലാല്‍സംഗത്തിനിരയായി മുപത്താറു വര്‍ഷമായി ചലനമറ്റു ആശുപത്രി കിടക്കയില്‍ ഉറങ്ങുകയാണ് അവള്‍. അതെ അവള്‍ക്ക് ഇനി ഉണരേണ്ടത് ജീവിതത്തിന്റെ ദുരിത പര്‍വ്വത്തില്‍ നിന്നും മൃത്യവിന്റെ പ്രത്യാശയിലെക്കാണ്.

ഇതിനിടയില്‍ തന്നെ നമ്മളില്‍ പലരും കേട്ട് കാണും അവളെപറ്റി. ഇല്ലേ, അരുണ രാമചന്ദ്ര ഷാന്‍ബാഗിനെ പാറ്റി. കാര്‍വാറില്‍ നിന്നും സ്വപ്‌നങ്ങള്‍ നിറഞ്ഞ മനസ്സുമായി മുംബയിലെത്തി ഒടുവില്‍ തളിര്‍ത്ത സ്വപ്‌നങ്ങള്‍ പൂവിടും മുന്‍പേ തല്ലികൊഴിക്കപ്പെട്ട ഹതഭാഗ്യയായ ആ സഹോദരിയെ പറ്റി.


"ഞാന്‍ ഉണ്ട്. മുംബയിലെ കിംഗ് എട്വാറഡ് മെമ്മോറിയല്‍ (കെ.ഇ.എം.) ആശുപത്രിയുടെ നാലാം വാര്‍ഡിലെ കട്ടില്‍ ശരശയ്യയാക്കി ഇപ്പോഴും ജീവന്റെ ഒരു നേര്‍ത്ത കണവുമായി ഞാന്‍ കിടക്കുന്നുണ്ട്. ഒന്നും മിണ്ടാനാവാതെ, ഒന്നും കേള്‍ക്കാനാവാതെ, ഒന്നും അറിയാതെ.... നീണ്ട 36 വര്‍ഷങ്ങളായി തുടരുന്ന കഠിന വ്രതം.

എങ്കിലും നിങ്ങള്‍ കേട്ട് കാണും, പരമോന്നത നീതി പീടത്തിന്റെ ഇടനാഴികളില്‍ എന്റെ പേരും മുഴങ്ങിയത്. ഒരിക്കല്‍ എന്റെ കഥ ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തക പിങ്കി വിരാനി, ജീവിതത്തിന്റെ മുള്‍പ്പാതയില്‍ നിന്നും എന്നെ മോചിപ്പിക്കാനായി എന്നെ മരിക്കാന്‍ അനുവദിക്കണമെന്ന ദയാ ഹര്‍ജിയുമായി സുപ്രീം കോടതിയുടെ കനിവ് തേടിയത് എന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്. എന്നാല്‍ തങ്ങളുടെ ആരും അല്ലാതിരുന്നിട്ടും അറിഞ്ഞു കൊണ്ട് എന്നെ മരണത്തിന്റെ കൈകളിലേക്ക് വിട്ടയക്കില്ല എന്ന് ഉറച്ച മനസ്സോടെ പറയുന്ന കെ.ഇ.എം. ആശുപത്രി ജീവനക്കാരും പ്രകടിപ്പിക്കുന്നത് എന്നോടുള്ള സ്നേഹം തന്നെയാണ്. ലോകം എന്നും എന്നെ സ്നേഹത്തോടെ മാത്രമേ നോക്കിയിരുന്നുള്ളൂ. ഞാന്‍ ലോകത്തെയും. സിറിഞ്ചുമായി കൈത്തണ്ടയിലെ ഞരമ്പുകള്‍ പരതുമ്പോഴും വേദനിച്ചിട്ടും എന്റെ നേര്‍ക്ക്‌ നീളുന്ന അവരുടെ കണ്ണുകളില്‍ സ്നേഹം മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ആ കണ്ണുകളിലെ അളവറ്റ സ്നേഹം തന്നെയായിരുന്നു എന്നും എന്റെ സ്വപ്നവും.

ഷിമോഗയിലെ ഹല്‍ദിപ്പൂരില്‍ നിന്നും 18-ആം വയസ്സില്‍ ബോംബെ മഹാനഗരത്തിലെത്തിയത് ആ സ്വപ്നങ്ങളുടെ സാഫല്യത്തിലെക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. ശുഭ്ര വസ്ത്രങ്ങളും അതിലേറെ വെന്മയാര്‍ന്ന മനസ്സും പുഞ്ചിരിയുമായി ഏഴു വര്‍ഷങ്ങള്‍... ജീവിതത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടവരോട് പോലും മനസ്സിലെ വിഷമം മറച്ചു പുഞ്ചിരിയോടെ ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ അവരുടെ കണ്ണുകളിലെ തിളക്കം... അതൊക്കെ തന്നെയല്ലേ നമ്മുടെ മനസ്സിലെ ഇരുളിലെ ചെറു വെട്ടങ്ങള്‍...

ആ വസന്തത്തില്‍ എന്നോ ഒരു നാളാണ് സന്ദീപ്‌ കണ്ണുകളില്‍ നിന്നും മനസ്സിലേക്ക് പടര്‍ന്നത്. സന്ദീപ്‌ സര്‍ദേശായി. കെ.ഇ.എം. ആശുപത്രിയിലെ യുവ ഡോക്ടര്‍. ഒടുവില്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിച്ച ആ ദിനങ്ങളില്‍ ഒരു പക്ഷെ ഞാന്‍ ഒരു പാട് അഹങ്കരിച്ചു കാണും. ഒരിക്കലും നടക്കാത്ത വിവാഹത്തിന്റെ നിശ്ചയമാണ് അന്ന് നടക്കുന്നതെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ? മനസ്സില്‍ ഇപ്പോഴും ഉയരുന്ന ഓളങ്ങള്‍ നിറയെ ആ സന്തോഷങ്ങളുടെ ദിനങ്ങളാണ്. അതിനിപ്പുറം ഒന്നും അറിയാനാവാത്ത വിധം ഉറക്കത്തിലേക്ക് എടുത്തെറിയപ്പെട്ട ഇവളുടെ ഓര്‍മ്മകള്‍ക്ക് മറ്റേതു നിമിഷങ്ങള്‍ നിറം പകരാന്‍!!!!

1973-നവംബര്‍-27 ലെ തണുത്ത സായാഹ്നം. അന്നത്തെ സൂര്യന്‍ ചക്രവാളങ്ങളെ ചുംബിച്ചത് എന്റെ അവസാന വെളിച്ചവും കൊണ്ടായിരുന്നു. ആശുപത്രിയിലെ എന്റെ സഹപ്രവര്‍ത്തകനായിരുന്ന സോഹന്‍ലാല്‍ വാല്‍മികി അവന്റെ പ്രതികാര കോടതിയില്‍ അന്നാണ് എനിക്ക് മരണം വിധിച്ചത്. പ്രിയ സഹോദരാ ഇപ്പോള്‍ എനിക്ക് നിങ്ങളോട് പരിഭവങ്ങള്‍ ഒന്നുമില്ല. ജീവിതത്തിന്റെ യാത്രയില്‍ മുന്നിലെ തടസ്സങ്ങള്‍ വെട്ടി മാറ്റിയല്ലേ നമുക്ക് മുന്നേറാന്‍ ആവൂ. പക്ഷെ ഞാന്‍ ഒരിക്കലും നിങ്ങളുടെ മുന്നിലെ പ്രതിബന്ധമായിരുന്നില്ല. എന്റെ ദുര്‍വിധി. ഞാനല്ലെങ്കില്‍ മറ്റൊരാള്‍, ആ സമയത്ത് ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ആരെങ്കിലും നിനക്കെതിരെ പറയുമായിരുന്നു സോഹന്‍. ശരിയാണ്, നിനക്ക് അന്ന് നിന്റെ ജോലി നഷ്ടമായി. പക്ഷെ അതിനു പകരം എന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ച നിമിഷം നീ ഇല്ലാതാക്കിയത് നിന്റെ ജീവിതം തന്നെ ആയിരുന്നില്ലേ. അത് കൊണ്ട് നീ നേടിയ ഏഴു വര്‍ഷത്തെ ജയില്‍ വാസം നിനക്ക് നേടി തന്നത് ഒരിക്കലും സുഘങ്ങള്‍ ആയിരുന്നില്ലല്ലോ. സോഹന്‍, ഒരാളെയും തോല്‍പ്പിച്ചുകൊണ്ട് നമുക്കാര്‍ക്കും ജയിക്കാനാവില്ല. നമ്മുടെ ജയം മനസ്സിനെ നമ്മള്‍ ജയിക്കുമ്പോള്‍ മാത്രമാണ്.

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വസ്ത്രം മാറുകയായിരുന്ന എന്റെ കഴുത്തില്‍ മുറുക്കാനുള്ള ചങ്ങലയുമായി നീ വന്നപ്പോള്‍, ആ ചങ്ങല എന്റെ കഴുത്തിനെ വരിഞ്ഞു ശ്വാസം മുട്ടിക്കുമ്പോള്‍, നീ പോലും കരുതിയ്യിട്ടുണ്ടാവില്ല അല്ലെ, എന്റെ ഈ വിധി. പക്ഷെ പിടഞ്ഞു പിടഞ്ഞു നിശ്ചലയാവുംപോഴും നിന്റെ മനസ്സിലെ പ്രതികാരാഗ്നി കെട്ടില്ല. ആര്‍ത്തവരക്തം പുരണ്ട അടിവസ്ത്രങ്ങള്‍ കണ്ടിട്ടും നീ....ഇല്ല, സോഹന്‍, ഇപ്പോള്‍ എനിക്ക് നിന്നോട് പരിഭവങ്ങള്‍ ഒന്നുമില്ല. നെ കാണുന്നില്ലേ, ഈ ചുണ്ടുകളിലെ പുഞ്ചിരി. ഒരിക്കലും അതവിടെ നിന്നും മായില്ല.

എല്ലാം കഴിഞ്ഞു ജീവച്ഛവമായ എന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ നിനക്കുറപ്പുണ്ടായിരുന്നു ഈ നാവു ഇനി ശബ്ദിക്കില്ല എന്ന്. പക്ഷെ കെ.ഇ.എം. ആശുപത്രി ഡീന്‍ ഡോ. ദേശ്പാണ്ടേക്ക് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അത് കൊണ്ടാവാം ഞാനുണരുമ്പോള്‍ സന്ദീപ്‌ എന്നെ തള്ളിക്കളയരുത് എന്ന് കരുതി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്റെ പരാക്രമങ്ങളുടെ ശേഷിപ്പുകള്‍ രേഖപ്പെടുത്താതിരുന്നത്. പക്ഷെ നീ രക്ഷപ്പെടും എന്ന് തോന്നിയപ്പോള്‍ എല്ലാം പോലീസിനോട് വെളിപ്പെടുത്തിയതും എന്നോടുള്ള സ്നേഹമായിരുന്നു സോഹന്‍. പക്ഷെ എല്ലാം വെളിപ്പെടുത്തുന്ന ആ നിമിഷം അദ്ദേഹത്തിനും ബോധ്യമായിക്കാണും ഇനി ഈ ശരീരം ചലിക്കില്ല എന്ന്.

വീട്ടുകാര്‍ പോലും ഉപേക്ഷിച്ച എന്നെ ഇപ്പോഴും ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിക്കുന്ന കെ.ഇ.എം. ആശുപത്രിയിലെ എന്റെ സഹോദരങ്ങളുടെ സ്നേഹവായ്പിനു പകരം നല്‍കാന്‍ ഈ ജന്മ കൊണ്ട് എനിക്കെങ്ങനെ കഴിയും? ഇല്ല. ദയാവധമെന്നൊക്കെ പേരിട്ടു നിങ്ങള്‍ വിളിക്കുന്നു എങ്കിലും എനിക്ക് ഇനി രക്ഷപ്പെടാനുള്ളത് അവിടേക്ക് മാത്രമല്ലേ. ഇനി എത്ര നീണ്ടാലും ഈ ജന്‍മം കൊണ്ട് എനിക്കെന്തു ചെയ്യാനാവും?"

കോടതിയില്‍ പിങ്കി വിരാനിയുടെ ഹര്‍ജി പരിഗണനയില്‍ ഇരിക്കുമ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അരുണയെ ജീവിപ്പിച്ചു കൊണ്ട് തുടരുന്നത് യദാര്‍ത്ഥത്തില്‍ അവരെ ശിക്ഷിക്കുന്നതിനു തുല്യമല്ലേ. പിങ്കി വിരാനിയുടെ മനസ്സിലും ആ ചിന്തകള്‍ ആയിരുന്നിരിക്കണം. അരുണ സമൂഹത്തില്‍ സ്ത്രീകളുടെ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടുന്ന പ്രതീകം തന്നെയാണ്. എങ്കിലും നമുക്ക് പഠിക്കാനുള്ളത് അയാളുടെ പ്രവൃത്തികളില്‍ നിന്നാണ്. സോഹന്‍ ലാലിന്റെ. പ്രതികാരം കൊണ്ട് അയാള്‍ എന്താണ് നേടിയത്? ആശുപത്രിയിലെ കുറച്ചുപേര്‍ക്കിടയില്‍ മാത്രം ഒതുങ്ങുമായിരുന്ന തന്നിലെ കുറ്റവാളിയുടെ രൂപം ആ പ്രവൃത്തിയിലൂടെ അയാള്‍ ലോകത്തിനു മുന്നില്‍ തന്നെ അനാവൃതമാക്കി. സോഹന്‍ ലാല്‍ തെറ്റുകാരന്‍ ആയിരുന്നു. എന്നാല്‍ ശരികള്‍ പോലും സ്ഥാപിച്ചെടുക്കാനും നടപ്പിലാക്കാനും ഹിംസയുടെ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ കളംകിതമാവുന്നത് ശരിയായ ആ ലക്ഷ്യങ്ങള്‍ കൂടിയാണ്. മാവോയിസ്റ്റുകളും തീവ്രവാദികളും മനസ്സുകളില്‍ നിന്ന് കുടിയിറക്കപ്പെടുന്നതും ചന്ദ്രശേഖര്‍ റാവുമാരും ഇറോം ശര്‍മ്മിളമാരും അവിടെ കുടിയിരുത്തപ്പെടുന്നതും അതിന്റെ പ്രതിഫലനങ്ങള്‍ തന്നെയല്ല....

പ്രിയ സഹോദരര്‍ ക്ഷമിക്കുക. മരിയയുടെ കഥ അടുത്ത പോസ്റ്റില്‍ തുടരും. അരുണയുടെ കഥ കേട്ടപ്പോള്‍ പെട്ടെന്ന് അത് പറയാതിരിക്കാനായില്ല. എല്ലാവര്‍ക്കും അടുക്കളയുടെ ക്രിസ്തുമസ് ആശംസകള്‍.

10 comments:

Unknown said...

hats off you.
off.ഇപ്പോൾ എങ്ങിനെയാണു മലയാളം എഴുതുന്നതു പഴയ പോലെ തന്നെ ആണോ?

പട്ടേപ്പാടം റാംജി said...

"നമ്മുടെ ജയം മനസ്സിനെ നമ്മള്‍ ജയിക്കുമ്പോള്‍ മാത്രമാണ്"
ലേഖനം വളരെ ഗംഭീരമായിരിക്കുന്നു. നല്ല ഭാഷയില്‍ ലളിതമായി വരച്ചിരിക്കുന്നു.
ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍.....

Manoraj said...

really wonderful...

Unknown said...

മലയാളം നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ഇത്തവണ ശരിക്കും മുഴുകി വായിക്കാൻ പറ്റി. അതുകൊണ്ട് തന്നെ ഇതു വരെ ഞാൻ വായിച്ച ലേഖനങ്ങളിൽ എനിക്കു വായനാസുഖം തന്ന പോസ്റ്റ് ഇതു തന്നെ .ക്രിസ്തുമസ് ആശംസകൾ .
സജി തോമസ്

ചാണക്യന്‍ said...

നല്ല പോസ്റ്റ്....ആശംസകൾ...

Unknown said...

Valare touching aaya story.... athiloode avatharippicha valiya oru aashayavum.... valare nannaayirikkunnu.....

mukthaRionism said...

നല്ല എഴുത്ത്.
നല്ല വായന.

നന്ദന said...

ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍....

ഖാന്‍പോത്തന്‍കോട്‌ said...

ആശംസ :)

K V Madhu said...

adukkalayude theme selection is great