ഒരു കഥയുണ്ട്. നടന്നതോന്നുമല്ല, വെറും സങ്കല്പകഥ.
മരണശേഷം ഒരാളുടെ ആത്മാവ് സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിനു മുന്നില്‍ എത്തി. ദൈവം ഇഷ്ടമുള്ളിടത്തെക്ക് പോകാനുള്ള അനുവാദവും പുള്ളിക്കാരന് നല്‍കി.
-ഏത് തിരഞ്ഞെടുക്കും!!!
കക്ഷി സ്വര്‍ഗത്തിന്റെ വാതിലിലേക്ക് ഒന്ന് നോക്കി. അവിടത്തെ ബോര്‍ഡില്‍ സ്വര്‍ഗത്തിലെ സൌകര്യങ്ങള്‍ എല്ലാം എഴുതി വച്ചിട്ടുണ്ട്. മുന്തിരി തോട്ടത്തിലെ വേലക്കാരനാകാം, താഴെ പച്ച പിടിച്ചു നില്‍ക്കുന്ന പുല്‍ത്തകിടിയില്‍ കിളികളുടെ പാട്ടുകേട്ട് ഉറങ്ങാം... അങ്ങനെ അങ്ങനെ...
നമ്മുടെ ആത്മാവിനു സ്വര്‍ഗത്തിന്റെ ഓഫറുകളില്‍ താല്പര്യം തോന്നിയില്ല. കാരണം ജീവിച്ചിരുന്നപ്പോള്‍ അയാളുടെ ഏറ്റവും വലിയ മോഹമായിരുന്നു സ്വന്തമായി ഒരു വീട്. ഒരിക്കലും അത് യാദാര്‍ത്യമാക്കാന്‍ കഴിയാത്തതിന്റെ വേദനയോടെ തന്നെയാണ് അയാള്‍ അന്ത്യശ്വാസം വലിച്ചതും.
-എന്നിട്ട് ഇവിടെ സ്വര്‍ഗത്തിലും ഒരു കൂരയില്ലാതെ കഴിയണം എന്നോ?
അയാള്‍ നരക കവാടത്തിനു നേരെ ഒന്ന് നോക്കി. അതാ അവിടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍. വലിയ വീട്, വേലക്കാര്‍, വിനോദങ്ങള്‍.... അയാളുടെ മനസ്സ് കിളിര്‍ത്തു.
- അതെ ഇവിടേക്കാണ് തനിക്കു പോകേണ്ടത്. ഇതായിരുന്നു തന്റെ സ്വപ്‌നങ്ങള്‍.
അയാള്‍ നരകത്തിന്റെ വാതില്‍ മെല്ലെ തള്ളി. മുന്നോട്ടു കാല്‍ എടുത്തു വച്ചതെ ഉള്ളൂ. നിന്ന നിലവില്‍ നിന്നും താഴേക്കു പതിക്കുന്നത് ഒരുള്‍ക്കിടിലത്തോടെ അയാളറിഞ്ഞു. ഭയന്ന് ഇറുക്കയടച്ച കണ്ണുകള്‍ പിന്നെ തുറന്നത് ശരീരം ചുട്ടു പൊള്ളുന്ന തീയിനെ സ്പര്‍ശിച്ചപ്പോഴാനു. അതെ താനൊരു തീക്കുന്ടത്തില്‍ പതിച്ചിരിക്കുന്നു. അയാള്‍ ഉറക്കെ അലറി വിളിച്ചു. അവിടത്തെ ഭയാനകമായ ബഹളങ്ങള്‍ക്കിടയില്‍ പക്ഷെ ആ ശബ്ദം ആരും കേള്‍ക്കില്ല. തൊട്ടടുത്തു അഗ്നി പടര്‍ന്നു പുളയുന്ന ഒരുവനോട് അയാള്‍ ചോദിച്ചു.
- ചങ്ങാതി, എന്താ ഇത്. ആ ബോര്‍ഡില്‍ പറഞ്ഞ വീടൊക്കെ എവിടെയാണ്?
- ഓ ... നിങ്ങളും പെട്ടു അല്ലെ. അത് വെറും പരസ്യമായിരുന്നു സുഹൃത്തെ!!
പരസ്യങ്ങളുടെ യാദര്‍ത്യങ്ങളെ അതിശയോക്തിപരമായി പറഞ്ഞ ഒരു കെട്ടു കഥയാണെങ്കിലും പരസ്യങ്ങള്‍ പോളിപ്പിച്ച്ചു പറയുന്ന മഹത്വങ്ങളില്‍ പലതും ഇതുപോലെ പോള്ളയാനെന്നതാണ് സത്യം.
അടുത്ത കാലത്തായി പരസ്യങ്ങള്‍ ഉലപന്നങ്ങളെ പരിചയപ്പെടുത്തുക എന്നതിലുപരി ഒരു കലാസൃഷ്ടി ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയും നമ്മള്‍ കാണുന്നുണ്ട്. ചില പരസ്യങ്ങള്‍ ആവര്‍ത്തിച്ചു കാണാന്‍ ആഗ്രഹിക്കുന്ന അത്ര മനോഹരമായി അവതരിപ്പിക്കാരുമുണ്ട്. വോഡഫോണ്‍ എന്ന മൊബൈല്‍ നമ്മുടെ മനസ്സില്‍ വരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ ആ നായക്കുട്ടി നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. എങ്കിലും ചിലപ്പോഴെങ്കിലും പരസ്യങ്ങള്‍ പങ്കു വക്കുന്നത് ചില അപകടപരമായ സന്ദേശങ്ങള്‍ ആവാറില്ലേ. അങ്ങനെ അടുക്കളക്ക് തോന്നിയ ചില സന്ദര്‍ഭങ്ങള്‍ നിങ്ങളുമായി പങ്കുവക്കുകയാണ് ഈ പോസ്റ്റില്‍.
ആദ്യമായി കുറച്ചു ദിവസങ്ങളായി കണ്ടു വരുന്ന ഡോ. കോ. മോ. പരസ്യങ്ങളില്‍ ഒന്ന് ഇവിടെ കൊടുക്കുന്നു. ഒന്ന് കണ്ടു നോക്കുക.
അതിനെക്കുറിച്ചു കൂടുതലൊന്നും അടുക്കള പറയുന്നില്ല. നിങ്ങളില്‍ പലര്‍ക്കും സംസ്കാരത്തിന്റെ പുരോഗതിയായി അതിനെ കാണാന്‍ ആയേക്കാം. എന്തായാലും നിങ്ങളുടെ അഭിപ്രായം എഴുതുക. ഓരോ ദിവസവും മാറാന്‍ ഉള്ളതാണ് ഓരോ പ്രണയവും എന്ന് പറഞ്ഞാണ് ദിവസേനെ താരിഫ് മാറ്റുന്നതിന്റെ ആവശ്യകതയെ മൊബൈല്‍ കമ്പനിക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ പോയപ്പോള്‍ ഉടന്‍ തന്നെ മറ്റൊരുവനെ കണ്ടെത്തുന്നത് സ്ത്രീപക്ഷ വാടമാനെന്ന അഭിപ്രായവും ഉയര്‍ന്നേക്കാം. എങ്കിലും അടുക്കളക്ക് അതിനോട് നിഷേധാത്മകമായെ പ്രതികരിക്കാന്‍ ആവൂ...
മറ്റൊരു പരസ്യം സാംസംഗ് മൊബൈലിന്റെ ഇരട്ട സിം ഫോണിന്റെ പരസ്യമാണ്. തിരക്കിലാണ് എന്ന സന്ദേശം കേട്ട് ഗേള്‍ ഫ്രണ്ട് നഷ്ടമാവാതിരിക്കാന്‍ അത്തരം ഒബില്‍ വാങ്ങൂ എന്ന് കമ്പനി ഉപദേശിക്കുന്നു. കുറച്ചു നാള്‍ മുന്‍പ് കണ്ട മറ്റൊരു പരസ്യം അതിലേറെ അപകടകരമായ ഒരു സന്ദേശമാണ് അവതരിപ്പിച്ചത്. ഒരാള്‍ പ്രത്യേക കമ്പനിയുടെ സ്വിച്ചും പ്ലുഗ്ഗും ഉപയോഗിക്കുമ്പോള്‍ ചെരുപ്പ് അഴിച്ചാണ് വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ആ കമ്പനിയുടെ ഉത്പന്നങ്ങള്‍ അത്രയും സുരക്ഷിതമാണെന്ന സന്ദേശമായിരിക്കാം അവര്‍ മുന്നോട്ടു വച്ചത്. പക്ഷെ സുരക്ഷിതമായി വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം എന്നതിന് പകരം അലക്ഷ്യമായി അവ ഉപയോഗിക്കാനാണ് ആ പരസ്യം നമ്മെ ഉപദേശിക്കുന്നത്.
കുറച്ചു കാലം മുന്‍പ് അശ്ലീലതയുടെ പേരില്‍ ചില സോപ്പ് പരസ്യങ്ങള്‍ നിരോധിച്ചിരുന്നു. മദ്യത്തിന്റെ പരസ്യങ്ങളും ഇവിടെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ നിറഞ്ഞ പരസ്യങ്ങള്‍ ഇന്ന് നമ്മുടെ സ്വീകരണ മുറിയില്‍ മുഴങ്ങുകയാണ്. നമ്മുടെ സാംസ്കാരിക നായകര്‍ ഈ പരസ്യങ്ങള്‍ ഒന്നും കണ്ടില്ല. പകരം അവര്‍ വിവാദം ഉണ്ടാക്കിയത് മറ്റൊരു പരസ്യത്തിനെ പേരിലാണ്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം. അത് നല്കുനത് പ്രണയ വിരുദ്ദ പുരോഗമന വിരുദ്ദ സന്ടെഷമാനെന്നാണ് ആക്ഷേപം. ഒരു പെണ്‍കുട്ടി തന്റെ മാതാപിതാക്കളുടെ അരികിലേക്ക് തിരിച്ചു പോകുന്ന കാര്യം വളരെ പിന്തിരിപ്പന്‍ ആയിപ്പോയി എന്നാണ് അവരുടെ നിലപാട്. ആ ആണ്‍കുട്ടിക്ക് മറ്റെത്ര വഴികളുണ്ട്. അവനും സ്വന്തം മാതാപിതാക്കളെ വിട്ടു വന്നിരിക്കുകയാണ്. പ്രണയം രണ്ടു പേരുടെ സ്വകാര്യതയാനെന്നു പറയാം. എങ്കിലും മാതാപിതാക്കള്‍ക്ക് മക്കളിലും തിരിച്ചും ഉള്ള വിശ്വാസത്തെ അല്ലെ ആ പരസ്യം ഉയര്‍ത്തിപിടിച്ചത്. ആ പരസ്യത്തിന്റെ തമിഴ് ആവിഷ്കരണം കണ്ടാല്‍ അത് മനസ്സിലാവും. പക്ഷെ നമ്മുടെ പുരോഗമന വാദികള്‍ ആ തമിഴ് പരസ്യത്തെ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണ്. കാരണം അവരുടെ വാദങ്ങളെ എല്ലാം ദുര്‍ബലമാകുന്നതാണ് ആ പരസ്യത്തിന്റെ അവസാന സംഭാഷണവും സന്ദേശവും എന്നത് തന്നെയാവണം. ഇതാ ആ പരസ്യവും ഒന്ന് കണ്ടു നോക്കൂ...
ചുരുങ്ങിയ ഉദാഹരണങ്ങള്‍ കൊണ്ട് പരസ്യങ്ങളെ മുഴുവന്‍ വിലയിരുത്താനാവില്ല. എങ്കിലും ഈ ചെറു തുള്ളികള്‍ ചേര്‍ന്ന് തന്നെയല്ലേ മഹാസമുദ്രങ്ങള്‍ ആവുന്നതും. അത് കൊണ്ട് തന്നെ ഈ ഉദാഹരണങ്ങള്‍ക്ക് അതിന്റേതായ പ്രസക്തി ഉണ്ടെന്നു തന്നെ അടുക്കള വിശ്വസിക്കുന്നു.
comments (23) Links to this post
Labels: ലേഖനം
ആഘോഷിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള നൂറാം വനിതാ ദിനവും കടന്നു പോയി. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. അടുക്കളയില്‍ വാര്‍ത്ത എത്താന്‍ വൈകിയതും ആവാം ട്ടോ. എങ്കിലും പലതുകൊട്നും പ്രത്യേകത ഉള്ളതായിരിക്കുമെന്നു തോന്നിയിരുന്നു ഈ വനിതാ ദിനം.
പാര്‍ലിമെന്റില്‍ സ്ത്രീ സംവരണ ബില്‍ ചര്‍ച്ചക്ക് വച്ചത് വലിയ വാര്‍ത്തയായി. ഒരു പാട് തവണ തള്ളിപ്പോയ ഈ ബില്‍ ഇപ്പോള്‍ പെട്ടെന്ന് പൊന്തിയതിന്റെ പിന്നിലെ സംഭവങ്ങള്‍ അടുക്കലക്കറിയില്ല. എങ്കിലും ഏകപക്ഷീയമായ തീരുമാനത്തിലൂടെ അല്ലാതെ ഈ ബില്‍ പാസ്സാക്കിയാല്‍ അതിനു പ്രായോഗിക തലത്തില്‍ എത്ര കണ്ടു വിജയിക്കാനാവും എന്നത് കണ്ടു തന്നെ കാണേണ്ടി ഇരിക്കുന്നു. ഈ ബില്‍ പാസ്സാകട്ടെ എന്നഗ്രഹിക്കുമ്പോഴും അടുക്കളക്ക് ഈ ബില്ലിനോട് വലിയ താല്പര്യം പോര. സംവരണമല്ല സമത്വം തന്നെയാണ് സ്ത്രീക്ക് വേണ്ടതെന്നു അടുക്കള ഉറച്ചു വിശ്വസിക്കുന്നു. ഈ സംവരണം വഴി വനിതകളെ കേവലം 33 % ഇല്‍ തളച്ചിടുകയും സമത്വം എന്നത് വീണ്ടും സ്വപ്‌നങ്ങള്‍ ആവുകയും ചെയ്യാതിരിക്കട്ടെ. സമത്വത്തിലേക്കുള്ള ഒരു നല്ല പാത തുറക്കാന്‍ ഈ സംവരണത്തിന് കഴിയട്ടെ.
ബില്‍ രാജ്യസഭയില്‍ വച്ചു ബഹളം കൂടി പിരിഞ്ഞു എന്ന നിരാശാവാര്‍ത്ത കേള്‍ക്കുമ്പോഴും മനസ്സില്‍ ചെറിയൊരു സന്തോഷം ഉണ്ടായിരുന്നു. കാതറിന്‍ ബിഗ്ലോ.അതെ, ഈ വനിതാദിനത്തിലെ താരം സംശയ ലെഷമന്യേ അവള്‍ തന്നെയാണ്. സംവരണത്തിന്റെ പിന്‍ബലമൊന്നും കൂടാതെ തന്നെ 1500 കോടി രൂപയുടെ അവതാരത്തിനും 81 വര്‍ഷം നീണ്ട പുരുഷ മേല്ക്കൊയ്മക്കും മീതെ അവള്‍ തന്റെ ഹര്‍ട്ട് ലോക്കറുമായി നിവര്‍ന്നു നിന്നപ്പോള്‍ അത് വനിതകള്‍ക്ക് അഭിമാനത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായി മാറി. മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി.
ഇതൊക്കെയാണെങ്കിലും ഈ വനിതാ ദിനം അറിയാതെ തന്നെയാണ് ലോകത്തുള്ള വനിതകളില്‍ ഭൂരിപക്ഷവും ഇന്നും കഴിയുന്നത്. അങ്ങനെ ഒരു അവസ്ഥയില്‍ ഈ ഒരു ദിനത്തിന്റെ പ്രസക്തി എത്രയുണ്ടെന്നറിയില്ല. എങ്കിലും എല്ലാ സഹോദരിമാര്‍ക്കും അടുക്കളയുടെ ആശംസകള്‍.
കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം ഒന്ന് കൂടി ഇവിടെ പോസ്റ്റുന്നു. അവസ്ഥകള്‍ മാറാത്തിടത്തോളം മറ്റൊരു എഴുത്തിനു അടുക്കളക്ക് വയ്യ.
"ഇന്നു ലോക വനിതാ ദിനം.
പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക് സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.
പക്ഷെ; ഞാന്‍ പറയട്ടെ - ഈ ദിനം നിങ്ങലെപോലുള്ളവര്‍ക്ക് ഇങ്ങനെ വില കുറഞ്ഞ കെട്ടുകാഴ്ച്ചകലുമായി കൊട്ടിഘോഷിച്ചു അപഹാസ്യരാവനുള്ളതല്ല. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.
ആന വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ പുറപ്പെട്ട അണ്ണാനെപ്പോലെ പൊതുവേദികളില്‍ വെറുതെ നാവടിച്ചു പരിഹാസകഥാപാത്രങ്ങള്‍ ആവുകയാണ് ഇന്നു സ്ത്രീകള്‍. ചിലര്‍ ചൂലുമായി റോഡില്‍ സമരം ചെയ്യാനിരങ്ങിയെന്നതും വേദനയോടെയാണ് എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ഉപയോഗിക്കുന്നതിനെ അഭിമാന ചിഹ്ന്നമാക്കെണ്ടാതിനു പകരം അപമാനത്തിന്റെയും വിലയില്ലയ്മയുടെയും അടയാളമാക്കി മാറ്റുന്ന ഇവരാണ് നിങ്ങളെ സമൂഹത്തിനു മുന്നില്‍ വിലയില്ലാതവരാക്കുന്നത്. സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്ക്ക് പുരുഷനെ അനുകരിക്കെണ്ടാതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.
പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്. അവര്ക്കു മാത്രം. പക്ഷെ അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങളെ പോലെയാണ് എല്ലാവരുമെന്ന ചിന്ത ദയവായി ഉപേക്ഷിക്കുക . നിങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ ചുമലില്‍കൂടി ഇറക്കി വക്കാതിരിക്കുക. ഞങ്ങളുടെ മനസാണ് നിങ്ങളുടെ വാക്കുകളെന്നു പറഞ്ഞു ഞങ്ങളെ അപമാനിക്കതിരിക്കുക.
എന്നാല്‍ ഗാര്‍ഹിക പീഡനം അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്നില്‍ വീണലിഞ്ഞ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ണുനീര്‍ തുള്ളികളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട് ഞാന്‍ പറയുകയാണ്. അതിനെതിരെ കഴിയുമെന്കില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തുക. പക്ഷെ അതിന്റെ ആഴിങ്ങളിലേക്ക് ചിന്തിക്കുംപോഴാണ് തിരയുംപോഴാണ് അവിടെയും പലപ്പോഴും പ്രതിസ്ഥാനത്ത് ഏതെങ്കിലും ഒരു സ്ത്രീ ആണെന്ന് കണ്ടെത്താന്‍ കഴിയുക. അതെ, അനുഭവങ്ങള്‍ പലപ്പോഴും നാം കണ്ടില്ലെന്നു നടിച്ചാണ് നാം നമ്മുടെ ശത്രുക്കള്‍ക്ക് പേരു നല്കുന്നത്. നിങ്ങളും സ്വതന്ത്രമായി ഒന്നു ചിന്തിച്ചു നോക്കുക. നിങ്ങള്‍ക്കും പലയിടത്തും പുരുഷന്മാരെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ അതിനെക്കാള്‍ കുടുതല്‍ സഹായവും അവര്‍ നല്‍കിയിട്ടില്ലേ. നിങ്ങള്‍ നടത്തുന്ന ഒരു ജാഥ, സമ്മേളനം, ഇതിന്റെയൊക്കെ പുറകില്‍ നിങ്ങളെ സഹായിച്ചവര്‍ എത്ര പേര്‍. പക്ഷെ നിങ്ങളെ എതിര്‍ത്തവര്‍, തടസപ്പെടുതിയവര്‍, സഹകരിക്കതിരുന്നവര്‍, ആട്ടിയോടിച്ചവര്‍, അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നില്ലേ.... അതെ, നമ്മള്‍ ആദ്യം പോരുതെണ്ടത്, അല്ലെങ്കില്‍ ഇല്ലതാക്കേണ്ടത്, നമ്മള്‍ക്ക് തന്നെ നമ്മളോടുള്ള ശത്രുതയാണ്.
ഇവിടെ ഇന്നു പലരും പറയുന്നതു പോലെ പുരുഷന്റെ അമിതമായ ലൈംഗിക ത്രിഷ്ണയാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ യുദ്ധം ചെയ്യുന്നത് നിഴലിനോടാനെന്നത് തിരിച്ചറിയാനാവാതെ പോയേക്കാം. ഓര്‍ത്തു നോക്കൂ... എല്ലാ ലൈംഗിക പീഡനകേസുകളിലും ഒരു കണ്ണിയായി സ്ത്രീ കാണാറില്ലേ... അതെ ആ കണ്ണിയാണ് നമ്മുടെ ശത്രു. പുരുഷന്റെ അത്തരം ആസക്തിയുടെ എരിതീയിലേക്ക് നിങ്ങളെ നയിക്കുന്ന, അതിലേക്കു എണ്ണയൊഴിച്ച് അതിന് ശക്തി പകരുന്ന ആ ശത്രുവിനോടാണ് നമ്മള്‍ പട വെട്ടേണ്ടത്. പക്ഷെ, ഇന്നു നിങ്ങളെ നയിക്കുന്നവരില്‍ പലരും ആ കണ്ണികളില്‍ പെട്ടവരാണ് എന്നതു നിങ്ങള്‍ തിരിച്ചറിയുന്നില്ല. ലൈംഗിക സ്വാതന്ത്രത്തിനും സ്വവര്‍ഗ ലൈംഗികത പോലെ പുരോഗമനാത്മകമല്ലാത്ത അവകാശങ്ങള്‍ക്കായി തെരുവില്‍ അലരുന്നവര്‍ തന്നെയാണൊ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം ലോകത്തെ, സമൂഹത്തെ, സുരക്ഷിതത്വതിലെക്കല്ല, മരിച്ചു അരക്ഷിതത്വതിലെക്കാണു തള്ളി വിടുന്നതെന്ന് തിരിച്ചറിയാന്‍ ഇവരുടെ ജല്പനങ്ങളുടെ ചെളിപുരണ്ടു തിമിരമേല്‍ക്കാത്ത സാമാന്യ ബോധം മാത്രം മതി. സ്വാതന്ത്രവും സുരക്ഷിതത്വവും തമ്മിലുള്ള ബന്ധവും വൈരുധ്യവുമെല്ലാം ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുമുണ്ട്.
സഹോദരിമാരെ, നിങ്ങള്ക്ക് ചിലപ്പോള്‍ തോന്നിയേക്കാം, ഞാന്‍ അന്ധമായി പുരുഷ പക്ഷത്തു നിന്നു സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകള്‍ പറയുകയാണെന്ന്. കാരണം, എന്താണ് സ്ത്രീ പക്ഷമെന്ന് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞ കൂട്ടരാണല്ലോ. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ് ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല. സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ സ്ത്രീകളെ ഓര്‍ക്കുന്നതോടൊപ്പം അവരെക്കാള്‍ ഫലപ്രദമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത യേശു ക്രിസ്തു, രാജാ റാം മോഹന്‍ റായ്, പെരിയോര്‍ തുടങ്ങിയ പുരുഷന്മാരെ നിങ്ങള്ക്ക് മറക്കാന്‍ എങ്ങനെ കഴിയും.
ഈ വനിതാ ദിനതിലെന്കിലും തങ്ങളുടെ യദാര്‍ത്ഥ ആവശ്യങ്ങള്‍ എന്താണെന്നും, സമൂഹത്തോട് നമുക്കുള്ള കടപ്പാട് എന്താണെന്നും മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ സഹോദരിമാര്‍ക്കും എന്റെ വനിതാ ദിനാശംസകള്‍..... "
comments (9) Links to this post
Labels: ലേഖനം
32. നിത്യാനന്ദയും ഉണ്ണിത്താനും ടൈഗര്‍ വൂഡ്സും മറ്റു ചിലരും....
Posted by ANITHA HARISH on Friday, March 05, 2010അടുക്കളയെ പലരും കപട സദാചാരത്തിന്റെ വക്താവായി കുറ്റപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും പുരോഗമനം എന്നത് സദാചാരത്തിന്റെ വിപരീതമായി കരുതുന്നവര്‍. അങ്ങനെ കരുതുന്നവരില്‍ നിന്നും അടുക്കള മുഖം മറക്കുന്നില്ല. കാരണം കപടം എന്നതിന്റെ അര്‍ഥം ശരിക്കും അറിയുന്നവരാണല്ലോ അവര്‍. എങ്കിലും ഒന്ന് പറയട്ടെ, അടുക്കള വക്താവാണ്, കപട സദാചാരത്തിന്റെ അല്ല, സദാചാരത്തിന്റെ. കാപട്യത്തെ അടുത്തറിഞ്ഞ അവര്‍ക്ക് അതില്‍ നിന്നും അടുക്കളയിലേക്കുള്ള ദൂരം അറിയാനാത്തതിലുള്ള സങ്കടത്തോടെ തന്നെ ഇന്നത്തെ കഥ തുടങ്ങട്ടെ.
-സ്നേഹിക്കുന്നത് കുറ്റമാണോ?
-അല്ല.
-സ്നേഹം പ്രകടിപ്പിക്കുന്നതോ?
-അല്ലെ അല്ല.
അടുത്തിടെ നടന്ന, നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ മനസ്സില്‍ സ്വാഭാവികമായി ഉയര്‍ന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. അതോടൊപ്പം മനസ്സിനോട് യുക്തി ചോദിച്ച ചില ചോദ്യങ്ങളും ഇവിടെ കുറിക്കാതെ വയ്യ.
-സ്നേഹം സന്തോഷം മാത്രമാണോ നല്‍കുന്നത്?
-പലപ്പോഴും.
-അങ്ങനെ എങ്കില്‍ ചിലപ്പോഴെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് വേദന നല്‍കുന്ന സ്നേഹം കുറ്റമാണോ?
തെറ്റല്ല എന്ന് വേണമെങ്കില്‍ പറയാം. സ്നേഹം, പ്രണയം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെട്ടവരുടെ മാത്രം സ്വകാര്യത തന്നെയാണെന്ന് നിങ്ങള്‍ക്കൊപ്പം അടുക്കളയും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ആ സ്വകാര്യത സ്വന്തം കര്‍ത്തവ്യങ്ങളെ കടമകളെ മറക്കാനോ മാറ്റാനോ ഉള്ള ന്യായീകരണം ആവുമ്പോള്‍.... ഇല്ല. അടുക്കളക്ക് അതോടൊപ്പം നില്‍ക്കാനാവില്ല. ഒരിക്കലും.
അടുത്തിടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താനെയും സഹപ്രവര്‍ത്തകയായ ഒരു യുവതിയെയും മഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോയ സംഭവം ഏറ്റവും പ്രകോപിതരാക്കിയത് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെ ആയിരുന്നില്ല എന്നതാണ് രസകരം. കേരളത്തിലെ സാംസ്കാരിക രംഗത്തെ പുരോഗമന വാദികള്‍ എന്ന പട്ടം സ്വയം കയ്യാളുന്നവര്‍ ആയിരുന്നു ആ ചിത്രം കണ്ടു രോഷാകുലര്‍ ആയതു. എഴുത്തുകാരും സാംസ്കാരിക നായകരും സമൂഹത്തിലെ സദാചാര പൊലീസിനെതിരെ ഉറഞ്ഞു തുള്ളി. ഉണ്ണിത്താനും സഹപ്രവര്‍ത്തകക്കും അങ്ങനെ ഒരു മോഹമുണ്ടെങ്കില്‍ അതിനു സഹായിക്കേണ്ടവരായിരുന്നു ഇടതു പക്ഷ പ്രവര്‍ത്തകര്‍ എന്ന ധ്വനിയായിരുന്നു പലരുടെയും വാക്കുകളില്‍ മുഴങ്ങിയത്. ( ശ്രീമാന്‍ സക്കറിയക്ക് പയ്യന്നൂരില്‍ നിന്നും ലഭിച്ച സ്വീകരണത്തോടെ കേരളത്തിലെ ഇടതു പക്ഷം തങ്ങളുടെ അത്ര പുരോഗമിച്ചിട്ടില്ല എന്ന് കുറഞ്ഞത് അദ്ദേഹത്തിനെങ്കിലും ബോധ്യമായിക്കാണും. അല്ലെങ്കിലും ഇവര്‍ വിഭാവനം ചെയ്യുന്ന പുരോഗമനം ബന്ധങ്ങള്‍ക്ക് ശിലായുഗത്തിലെ നിര്‍വ്വചനങ്ങള്‍ നല്‍കുക എന്നതാണല്ലോ ) ഉണ്ണിത്താന്‍ തന്നെ പിടിക്കാന്‍ വന്ന ജനങ്ങളോടും പോലീസിനോടും "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല" എന്ന് പറഞ്ഞതിന് പകരം " ഞങ്ങള്‍ തമ്മില്‍ പലതും ഉണ്ടാകാം, അതിനു നിങ്ങള്‍ക്കെന്താ" എന്ന് ചോദിക്കണമായിരുന്നു എന്ന അര്‍ത്ഥത്തിലാണ് ഇക്കഴിഞ്ഞ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഒരു സഹോദരി എഴുതിയത്.
ആ സഹോദരിക്കും അങ്ങനെ ചിന്തിക്കുന്ന ചുരുക്കം ചിലര്‍ക്കും കഴിഞ്ഞേക്കാം. പക്ഷെ ഒരു ഭര്‍ത്താവിനു, സഹോദരന്, പിതാവിന് ഒരിക്കലും അങ്ങനെ പറയാനാവില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ അവരല്ലാതാകും. അത് വെളിവാക്കുന്നത് സ്നേഹിക്കുന്നതില്‍ ശരിയോടൊപ്പം തെറ്റും ഉണ്ട് എന്ന് തന്നെയല്ലേ.
സ്വാര്‍ത്ഥരാവുമ്പോള്‍ മാത്രമേ മനുഷ്യനു തന്നെ വളര്‍ത്തിയ സമൂഹത്തെയും കടമകളെയും മറക്കാനാവൂ. പക്ഷെ അവരോര്‍ക്കുന്നില്ല അവരെപ്പോലെ മുന്‍ തലമുറയും ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെ നടക്കാന്‍ അവര്‍ വളരില്ലായിരുന്നു എന്ന്. ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് സന്തോഷകരമായ കുടുംബാന്തരീക്ഷം. അങ്ങനെ അല്ലാത്ത സാഹചര്യങ്ങളില്‍ വളരുന്ന മക്കളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പക്ഷെ ഈ പുരോഗമന വാദികള്‍ക്ക് അറിയാന്‍ കഴിഞ്ഞേക്കില്ല. സ്വന്തം സുഖങ്ങള്‍ക്കപ്പുറത്തെ യാതൊന്നും അവര്‍ക്കറിയെണ്ടല്ലോ!!! പക്ഷെ ഒന്നുണ്ട്, ആ മക്കളാണ് പലപ്പോഴും സമൂഹത്തിന്റെ അരക്ഷിതാവസ്തക്ക് കാരണമായിട്ടുള്ളത്. വഴി തെറ്റി പോകുന്ന മനുഷ്യരില്‍ പലര്‍ക്കും കാരണമായി പറയാനുള്ളത് ബാല്യത്തിലും കൌമാരത്തിലും വീട്ടില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയും കുടുംബത്തിലെ അന്തച്ചിദ്രങ്ങളും ഒക്കെയാണ്, അതല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയാതെ പോയ സ്നേഹം. അതെല്ലാം വെളിവാക്കുന്നത് പുരോഗതിയിലേക്കുള്ള യാത്രയില്‍ കുടുംബഭദ്രതക്കുള്ള പ്രാധാന്യത്തെ തന്നെയാണ്.
പുരോഗമന വാദികളുടെ ഇരട്ട മുഖം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഈ ആഴ്ച നടന്നു. സണ്‍ ടി.വി. യിലെ നിജം എന്ന പരിപാടിയില്‍ തമിഴ്നാട്ടിലെ നിത്യാനന്ദ പരമഹംസര്‍ എന്ന സന്യാസിയും ഒരു പ്രശസ്ത നടിയും ഉള്‍പ്പെട്ട കിടപ്പറ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്തത് കഴിഞ്ഞ ദിവസമാണ്. പ്രധാന മാധ്യമങ്ങളില്‍ എല്ലാം അപ്രധാനമല്ലാത്ത രീതിയില്‍ വാര്‍ത്തകളും വന്നു. പുരോഗമന വാദികള്‍ ആരും തന്നെ സ്വാമിയുടെ സ്വകാര്യതയെ ന്യായീകരിച്ചു കണ്ടില്ല. ഉണ്ണിത്താന്‍ ആരോ ആയിക്കൊള്ളട്ടെ പക്ഷെ ഒരു മനുഷ്യന്റെ സ്വകാര്യതയെ കടന്നു കയറാന്‍ മറ്റൊരാള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞവര്‍ സ്വാമി ആരോ എന്തോ ആകട്ടെ അയാളുടെ സ്വകാര്യതയില്‍ ടി വി. ചാനലിനെന്തു കാര്യമെന്നും, ചാനല്‍ ചെയ്തത് മഹാപരാധമെന്നും ചിലപ്പോള്‍ പറഞ്ഞേക്കാം. തെറ്റ് ചെയ്യുന്നവരല്ലല്ലോ, അത് കണ്ടെത്താന്‍ നടക്കുന്നവരാണ് തെറ്റുകാര്‍ എന്നാണല്ലോ അവരുടെ മതം. താന്‍ ബ്രമ്ഹചാരിയെന്നു പറഞ്ഞിരുന്ന സ്വാമി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നതില്‍ പക്ഷെ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. അതെ അപ്പോള്‍ അവിടെ സ്വകാര്യത എന്നത് വഞ്ചന ആവുന്നു. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? അതുപോലെ തന്നെയല്ലേ കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും പരസ്പരമുള്ള വാഗ്ദാനം. ആ ബന്ധത്തിനപ്പുറത്ത് സ്വാതന്ത്ര്യം തേടി പുത്തന്‍ സ്വകാര്യതകള്‍ തീര്‍ക്കുന്നവര്‍ അതെ വഞ്ചന തന്നെ അല്ലെ ചെയ്യുന്നത്. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?
പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാനും താമസിക്കാനും എല്ലാം സ്വാതന്ത്ര്യം വേണമെന്ന വാദത്തിനും ചില മറുമുഖങ്ങള്‍ ഉണ്ട്. ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്ത ചില സഹോദരിമാരെ പിന്നീടു ഇന്റര്‍നെറ്റിലൂടെയും എം.എം.എസ്സുകളിലൂടെയും ആണ് ലോകം കണ്ടത്. സ്വാതന്ത്ര്യത്തിന്റെ നല്ല നല്ല ഓര്‍മ്മകള്‍ അവരെ ഈ ജീവിതകാലം മുഴുവന്‍ വെട്ടയാടാതെ തരമില്ല. അത് മലയാളി പുരുഷസമൂഹത്തിന്റെ മനോരോഗമെന്ന് വേണമെങ്കില്‍ തള്ളിക്കളയാം. പക്ഷെ അത്തരം മനോരോഗികളുടെ നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യം എത്ര കണ്ടു സുരക്ഷിതമാണെന്ന് നിങ്ങള്‍ ഓര്‍ക്കാത്തതെന്തേ? അതോ ഞങ്ങള്‍ക്ക് സുരക്ഷ വേണ്ട , സ്വാതന്ത്ര്യം മാത്രം മതി എന്ന ചിന്തയിലോ?
ഇത്തരം മനോരോഗങ്ങളില്‍ നിന്നും മോചനം നേടിയെന്നു പറയുന്ന പാശ്ചാത്യ സമൂഹത്തില്‍ നിന്നും അടുത്തിടെ ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാതിരിക്കാന്‍ വയ്യ. ലോക പ്രശസ്ത ഗോള്‍ഫ് കളിക്കാരനായ ടൈഗര്‍ വുഡ്സ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലോകത്തോട് മനസ്സ് തുറന്നത് നമ്മളില്‍ പലരും കണ്ടതാണ്. തന്റെ വഴി വിട്ട ജീവിതത്തിനു, ( ചിലര്‍ ഇപ്പോള്‍ പറയുന്ന പുരോഗമന ജീവിതത്തിനു) ലോകത്തോട് മാപ്പ് പറയുകയായിരുന്നു അദ്ദേഹം. പുരോഗമന വാദികള്‍ സ്വാതന്ത്ര്യത്തിന്റെ മാതൃകയായി പറയുന്ന പാശ്ചാത്യ ലോകം കുടുംബത്തിനും സദാചാരത്തിനും എത്ര കണ്ടു പ്രാടാന്യം നല്‍കുന്നു എന്ന് ടൈഗറിന്റെ ഓരോ വാക്കുകളും വിളിച്ചോതുന്നു. ബന്ധങ്ങളില്‍ പരസ്പര സ്വാതന്ത്ര്യമോ, സ്വകാര്യതയോ അല്ല, മറിച്ചു പരസ്പരം പുലര്‍ത്തേണ്ട പാലിക്കേണ്ട വിശ്വാസമാണ് ഏറ്റവും വലുതെന്നു പറഞ്ഞ ആദ്യത്തെ പാശ്ചാത്യനല്ല ടൈഗര്‍. മാജിക് ജോണ്‍സന്‍, ബില്‍ ക്ലിന്റന്‍, ബോറിസ് ബെക്കെര്‍, ഡേവിഡ് ബെക്കാം തുടങ്ങി എത്രയോ പേര്‍ തങ്ങള്‍ക്കു സംഭവിച്ച തെറ്റുകള്‍ ഏറ്റു പറഞ്ഞു ജീവിതം കരുപ്പിടിപ്പിച്ചവര്‍ ഉണ്ട്... നമ്മുടെ പുരോഗമന വാദികളുടെ കണ്ണുകള്‍ അതൊന്നും കാണാത്തതില്‍ അത്ഭുതമില്ല. കാരണം ഇവര്‍ തേടുന്നത് നൈമിഷിക സുഖങ്ങള്‍ മാത്രമാണല്ലോ.ഇപ്പോള്‍, ഇന്ന്. അത്ര മാത്രം. നല്ലൊരു നാളെ എന്നത് അവരുടെ ചിന്തയുടെ ചക്രവാളങ്ങളില്‍ പോലുമില്ല.
മറിച്ചും ഉദാഹരണങ്ങള്‍ കണ്ടേക്കാം, എങ്കിലും ഓരോ ബന്ധങ്ങളും തകരുന്നത് സ്വാതന്ത്ര്യത്തിന്റെയോ സ്വകാര്യതയുടെയോ പേരില്‍ ആയിരുന്നില്ല. പരസ്പരമുള്ള വിശ്വാസങ്ങളില്‍ മായം കലരുമ്പോഴാണ്. സ്വാര്തരാവുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആ പരസ്പര വിശ്വാസം തന്നെയാണ്. അടുത്തിടെ കണ്ട ഒരു പരസ്യ വാചകമാണ് ഓര്‍മ്മ വരുന്നത്. വിശ്വാസം; അതല്ലേ എല്ലാം. പക്ഷെ പുരോഗതിയുടെ ഇന്നത്തെ വക്താക്കള്‍ക്കു അത് ഒന്നുമല്ല എന്നത് ഏറെ വേദനാജനകം തന്നെ. ഇവരില്‍ ഏറെ പേരും സ്വയം സ്ത്രീപക്ഷവാദികള്‍ എന്ന് സ്വയം അഭിമാനിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ സ്ത്രീകളെ അരക്ഷിതരാക്കി ചൂഷണം ചെയ്യുക എന്നതാണ് ഇവര്‍ ചെയ്യുന്ന സ്ത്രീപക്ഷപ്രവര്‍ത്തനം. അവരുടെ മനോ വൈകൃതങ്ങള്‍ ആണ് ഉണ്ണിത്താന്‍ സംഭവങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പിന്തുനയുമായെത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. അവരുടെ അരാജക ജീവിത മോഹങ്ങള്‍ക്ക് തടസ്സമാകുന്നവരെ ആണ് കപട സദാചാര വാദികളായി മുദ്ര കുത്തുന്നത്. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടി ജീവിക്കുന്നു, ശരിയാണ്, പക്ഷെ അടുത്ത തലമുറക്കായി നിങ്ങള്‍ എന്ത് നല്‍കുന്നു?
ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണകെട്ടി നിയന്ത്രിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ആ ഒഴുക്കിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള പ്രവാഹം തന്നെയാണ്. എന്നാല്‍ ആ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനായാല്‍ അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു കൂടിയാണ് ഉപകാരപ്രദമാവുന്നത്. എന്നാല്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നത് ആ ഒഴുക്കിനെ നിയന്ത്രിക്കാതെ എല്ലാം തകര്‍ത്തെറിഞ്ഞു സ്വയം നശിക്കാന്‍ അനുവദിക്കണം എന്നാണു. മനുഷ്യനെ കേവലം മൃഗമാക്കണം എന്നാണു അതിലൂടെ ആവശ്യപ്പെടുന്നത്. അതെ യുഗങ്ങള്‍ കൊണ്ട് താണ്ടി വന്ന പുരോഗതിയില്‍ നിന്നുമുള്ള തിരിച്ചു പോക്ക്.
എങ്കിലും പൊതു സമൂഹം ഇത്തരം കപട പുരോഗമന വാദികളുടെ ജല്‍പ്പനങ്ങളെക്കാള്‍ വില നല്‍കുന്നത് സദാചാര മൂല്യങ്ങള്‍ക്ക് തന്നെ ആണെന്നതിന്റെ ഉത്തമ സാക്ഷ്യങ്ങള്‍ ആണ് ഉണ്ണിത്താന്‍ സംഭവവും, പയ്യന്നൂര്‍ സംഭവവും, നിത്യാനന്ദ സംഭവവും. സദാചാര മൂല്യങ്ങല്‍ക്കനുസൃതമായി ജീവിതത്തെ നിയന്ത്രിക്കുന്നത് സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണെന്ന് അവര്‍ക്കറിയാം. ഇപ്പറഞ്ഞ പുരോഗമന വാദികളുടെ വാദങ്ങള്‍ അല്ല ശരി എന്നതല്ലേ "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല " എന്ന് പറയാന്‍ ശ്രമിച്ചതിലൂടെ ഉണ്ണിത്താനും പറഞ്ഞത്.
comments (80) Links to this post
Labels: ലേഖനം