മഹാത്മാ ഗാന്ധി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പ്രതിഷേധ മാര്‍ഗങ്ങള്‍ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നായിരുന്നു. അഹിംസ. ഉപവാസവും, സത്യാഗ്രഹവും, നിസ്സഹകരണവും എല്ലാം അതിന്റെ ഓരോരോ ഭാവങ്ങള്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിനങ്ങളായി ആ വാക്കുകള്‍ക്കു മുഖ്യധാരയില്‍ വാര്‍ത്താ പ്രാധാന്യം കൈവന്നിരിക്കുന്നു. ഒരു സംസ്ഥാനത്തിന് വേണ്ടി അവിടത്തെ രാഷ്ട്രീയ നേതാവ് മരണം വരെ ഉപവാസം തുടങ്ങിയതും, അങ്ങ് കിഴക്ക് ഒരു കിരാത നിയമത്തിനെതിരായി ഒരു യുവ കവയിത്രി തുടരുന്ന ഉപവാസം പത്താം വര്‍ഷത്തിലേക്ക് കടന്നതും കഴിഞ്ഞ നാളുകളില്‍ ഇവിടെ ഓളങ്ങള്‍ ഉയര്‍ത്തി. ഇവര്‍ നടന്നടുക്കുന്നത് മരണത്തിലെക്കാണെങ്കിലും ഇരുവര്‍ക്കും ലക്ഷ്യം ഒരിക്കലും മരണമായിരുന്നില്ല. ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ രണ്ടാം തരമാക്കപ്പെട്ടുപോയ തന്റെ നാട്ടുകാരുടെ ഉയര്‍ച്ചയായിരുന്നു തെലുങ്കാനയിലെ ചന്ദ്രശേഖര്‍ റാവുവിന്റെ ലക്ഷ്യമെങ്കില്‍ തന്റെ നാട്ടില്‍ ഇനി ഒരു പെണ്‍കുട്ടിക്കും തന്റെ കണ്മുന്നില്‍ വച്ചു സ്വന്തം പിതാവിനെയും സഹോദരന്മാരെയും ഭര്‍ത്താക്കന്മാരെയും നിഷ്റൂരം കൊല ചെയ്യുന്നത് കാണേണ്ടി വരരുതെന്ന പ്രാര്‍ത്ഥനയാണ് മണിപ്പൂരുകാരിയായ ഇറോം ഷര്‍മിള നൂറു കോടി ജനങ്ങള്‍ക്ക് മുന്നില്‍ നിശബ്ദം മന്ത്രിക്കുന്നത്. എന്നാല്‍ ഇന്ന് അടുക്കളയില്‍ കഥ പറയുന്ന സഹോദരിക്ക് യാചിക്കാനുള്ളത് മരണമാണ്. ക്രൂരമായി ബലാല്‍സംഗത്തിനിരയായി മുപത്താറു വര്‍ഷമായി ചലനമറ്റു ആശുപത്രി കിടക്കയില്‍ ഉറങ്ങുകയാണ് അവള്‍. അതെ അവള്‍ക്ക് ഇനി ഉണരേണ്ടത് ജീവിതത്തിന്റെ ദുരിത പര്‍വ്വത്തില്‍ നിന്നും മൃത്യവിന്റെ പ്രത്യാശയിലെക്കാണ്.
ഇതിനിടയില്‍ തന്നെ നമ്മളില്‍ പലരും കേട്ട് കാണും അവളെപറ്റി. ഇല്ലേ, അരുണ രാമചന്ദ്ര ഷാന്‍ബാഗിനെ പാറ്റി. കാര്‍വാറില്‍ നിന്നും സ്വപ്‌നങ്ങള്‍ നിറഞ്ഞ മനസ്സുമായി മുംബയിലെത്തി ഒടുവില്‍ തളിര്‍ത്ത സ്വപ്‌നങ്ങള്‍ പൂവിടും മുന്‍പേ തല്ലികൊഴിക്കപ്പെട്ട ഹതഭാഗ്യയായ ആ സഹോദരിയെ പറ്റി.
"ഞാന്‍ ഉണ്ട്. മുംബയിലെ കിംഗ് എട്വാറഡ് മെമ്മോറിയല്‍ (കെ.ഇ.എം.) ആശുപത്രിയുടെ നാലാം വാര്‍ഡിലെ കട്ടില്‍ ശരശയ്യയാക്കി ഇപ്പോഴും ജീവന്റെ ഒരു നേര്‍ത്ത കണവുമായി ഞാന്‍ കിടക്കുന്നുണ്ട്. ഒന്നും മിണ്ടാനാവാതെ, ഒന്നും കേള്‍ക്കാനാവാതെ, ഒന്നും അറിയാതെ.... നീണ്ട 36 വര്‍ഷങ്ങളായി തുടരുന്ന കഠിന വ്രതം.
എങ്കിലും നിങ്ങള്‍ കേട്ട് കാണും, പരമോന്നത നീതി പീടത്തിന്റെ ഇടനാഴികളില്‍ എന്റെ പേരും മുഴങ്ങിയത്. ഒരിക്കല്‍ എന്റെ കഥ ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തക പിങ്കി വിരാനി, ജീവിതത്തിന്റെ മുള്‍പ്പാതയില്‍ നിന്നും എന്നെ മോചിപ്പിക്കാനായി എന്നെ മരിക്കാന്‍ അനുവദിക്കണമെന്ന ദയാ ഹര്‍ജിയുമായി സുപ്രീം കോടതിയുടെ കനിവ് തേടിയത് എന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്. എന്നാല്‍ തങ്ങളുടെ ആരും അല്ലാതിരുന്നിട്ടും അറിഞ്ഞു കൊണ്ട് എന്നെ മരണത്തിന്റെ കൈകളിലേക്ക് വിട്ടയക്കില്ല എന്ന് ഉറച്ച മനസ്സോടെ പറയുന്ന കെ.ഇ.എം. ആശുപത്രി ജീവനക്കാരും പ്രകടിപ്പിക്കുന്നത് എന്നോടുള്ള സ്നേഹം തന്നെയാണ്. ലോകം എന്നും എന്നെ സ്നേഹത്തോടെ മാത്രമേ നോക്കിയിരുന്നുള്ളൂ. ഞാന്‍ ലോകത്തെയും. സിറിഞ്ചുമായി കൈത്തണ്ടയിലെ ഞരമ്പുകള്‍ പരതുമ്പോഴും വേദനിച്ചിട്ടും എന്റെ നേര്‍ക്ക് നീളുന്ന അവരുടെ കണ്ണുകളില്‍ സ്നേഹം മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ആ കണ്ണുകളിലെ അളവറ്റ സ്നേഹം തന്നെയായിരുന്നു എന്നും എന്റെ സ്വപ്നവും.ഷിമോഗയിലെ ഹല്‍ദിപ്പൂരില്‍ നിന്നും 18-ആം വയസ്സില്‍ ബോംബെ മഹാനഗരത്തിലെത്തിയത് ആ സ്വപ്നങ്ങളുടെ സാഫല്യത്തിലെക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. ശുഭ്ര വസ്ത്രങ്ങളും അതിലേറെ വെന്മയാര്‍ന്ന മനസ്സും പുഞ്ചിരിയുമായി ഏഴു വര്‍ഷങ്ങള്‍... ജീവിതത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടവരോട് പോലും മനസ്സിലെ വിഷമം മറച്ചു പുഞ്ചിരിയോടെ ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ അവരുടെ കണ്ണുകളിലെ തിളക്കം... അതൊക്കെ തന്നെയല്ലേ നമ്മുടെ മനസ്സിലെ ഇരുളിലെ ചെറു വെട്ടങ്ങള്‍...
ആ വസന്തത്തില്‍ എന്നോ ഒരു നാളാണ് സന്ദീപ് കണ്ണുകളില്‍ നിന്നും മനസ്സിലേക്ക് പടര്‍ന്നത്. സന്ദീപ് സര്‍ദേശായി. കെ.ഇ.എം. ആശുപത്രിയിലെ യുവ ഡോക്ടര്‍. ഒടുവില്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിച്ച ആ ദിനങ്ങളില്‍ ഒരു പക്ഷെ ഞാന്‍ ഒരു പാട് അഹങ്കരിച്ചു കാണും. ഒരിക്കലും നടക്കാത്ത വിവാഹത്തിന്റെ നിശ്ചയമാണ് അന്ന് നടക്കുന്നതെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ? മനസ്സില്‍ ഇപ്പോഴും ഉയരുന്ന ഓളങ്ങള്‍ നിറയെ ആ സന്തോഷങ്ങളുടെ ദിനങ്ങളാണ്. അതിനിപ്പുറം ഒന്നും അറിയാനാവാത്ത വിധം ഉറക്കത്തിലേക്ക് എടുത്തെറിയപ്പെട്ട ഇവളുടെ ഓര്‍മ്മകള്‍ക്ക് മറ്റേതു നിമിഷങ്ങള്‍ നിറം പകരാന്‍!!!!
1973-നവംബര്‍-27 ലെ തണുത്ത സായാഹ്നം. അന്നത്തെ സൂര്യന്‍ ചക്രവാളങ്ങളെ ചുംബിച്ചത് എന്റെ അവസാന വെളിച്ചവും കൊണ്ടായിരുന്നു. ആശുപത്രിയിലെ എന്റെ സഹപ്രവര്‍ത്തകനായിരുന്ന സോഹന്‍ലാല്‍ വാല്‍മികി അവന്റെ പ്രതികാര കോടതിയില്‍ അന്നാണ് എനിക്ക് മരണം വിധിച്ചത്. പ്രിയ സഹോദരാ ഇപ്പോള്‍ എനിക്ക് നിങ്ങളോട് പരിഭവങ്ങള്‍ ഒന്നുമില്ല. ജീവിതത്തിന്റെ യാത്രയില്‍ മുന്നിലെ തടസ്സങ്ങള്‍ വെട്ടി മാറ്റിയല്ലേ നമുക്ക് മുന്നേറാന്‍ ആവൂ. പക്ഷെ ഞാന്‍ ഒരിക്കലും നിങ്ങളുടെ മുന്നിലെ പ്രതിബന്ധമായിരുന്നില്ല. എന്റെ ദുര്‍വിധി. ഞാനല്ലെങ്കില്‍ മറ്റൊരാള്‍, ആ സമയത്ത് ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ആരെങ്കിലും നിനക്കെതിരെ പറയുമായിരുന്നു സോഹന്‍. ശരിയാണ്, നിനക്ക് അന്ന് നിന്റെ ജോലി നഷ്ടമായി. പക്ഷെ അതിനു പകരം എന്നെ ഇല്ലാതാക്കാന്‍ തീരുമാനിച്ച നിമിഷം നീ ഇല്ലാതാക്കിയത് നിന്റെ ജീവിതം തന്നെ ആയിരുന്നില്ലേ. അത് കൊണ്ട് നീ നേടിയ ഏഴു വര്‍ഷത്തെ ജയില്‍ വാസം നിനക്ക് നേടി തന്നത് ഒരിക്കലും സുഘങ്ങള്‍ ആയിരുന്നില്ലല്ലോ. സോഹന്‍, ഒരാളെയും തോല്‍പ്പിച്ചുകൊണ്ട് നമുക്കാര്‍ക്കും ജയിക്കാനാവില്ല. നമ്മുടെ ജയം മനസ്സിനെ നമ്മള്‍ ജയിക്കുമ്പോള്‍ മാത്രമാണ്.
അന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വസ്ത്രം മാറുകയായിരുന്ന എന്റെ കഴുത്തില്‍ മുറുക്കാനുള്ള ചങ്ങലയുമായി നീ വന്നപ്പോള്‍, ആ ചങ്ങല എന്റെ കഴുത്തിനെ വരിഞ്ഞു ശ്വാസം മുട്ടിക്കുമ്പോള്‍, നീ പോലും കരുതിയ്യിട്ടുണ്ടാവില്ല അല്ലെ, എന്റെ ഈ വിധി. പക്ഷെ പിടഞ്ഞു പിടഞ്ഞു നിശ്ചലയാവുംപോഴും നിന്റെ മനസ്സിലെ പ്രതികാരാഗ്നി കെട്ടില്ല. ആര്‍ത്തവരക്തം പുരണ്ട അടിവസ്ത്രങ്ങള്‍ കണ്ടിട്ടും നീ....ഇല്ല, സോഹന്‍, ഇപ്പോള്‍ എനിക്ക് നിന്നോട് പരിഭവങ്ങള്‍ ഒന്നുമില്ല. നെ കാണുന്നില്ലേ, ഈ ചുണ്ടുകളിലെ പുഞ്ചിരി. ഒരിക്കലും അതവിടെ നിന്നും മായില്ല.
എല്ലാം കഴിഞ്ഞു ജീവച്ഛവമായ എന്നെ ഉപേക്ഷിച്ചു പോകുമ്പോള്‍ നിനക്കുറപ്പുണ്ടായിരുന്നു ഈ നാവു ഇനി ശബ്ദിക്കില്ല എന്ന്. പക്ഷെ കെ.ഇ.എം. ആശുപത്രി ഡീന്‍ ഡോ. ദേശ്പാണ്ടേക്ക് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അത് കൊണ്ടാവാം ഞാനുണരുമ്പോള്‍ സന്ദീപ് എന്നെ തള്ളിക്കളയരുത് എന്ന് കരുതി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്റെ പരാക്രമങ്ങളുടെ ശേഷിപ്പുകള്‍ രേഖപ്പെടുത്താതിരുന്നത്. പക്ഷെ നീ രക്ഷപ്പെടും എന്ന് തോന്നിയപ്പോള്‍ എല്ലാം പോലീസിനോട് വെളിപ്പെടുത്തിയതും എന്നോടുള്ള സ്നേഹമായിരുന്നു സോഹന്‍. പക്ഷെ എല്ലാം വെളിപ്പെടുത്തുന്ന ആ നിമിഷം അദ്ദേഹത്തിനും ബോധ്യമായിക്കാണും ഇനി ഈ ശരീരം ചലിക്കില്ല എന്ന്.
വീട്ടുകാര്‍ പോലും ഉപേക്ഷിച്ച എന്നെ ഇപ്പോഴും ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിക്കുന്ന കെ.ഇ.എം. ആശുപത്രിയിലെ എന്റെ സഹോദരങ്ങളുടെ സ്നേഹവായ്പിനു പകരം നല്‍കാന്‍ ഈ ജന്മ കൊണ്ട് എനിക്കെങ്ങനെ കഴിയും? ഇല്ല. ദയാവധമെന്നൊക്കെ പേരിട്ടു നിങ്ങള്‍ വിളിക്കുന്നു എങ്കിലും എനിക്ക് ഇനി രക്ഷപ്പെടാനുള്ളത് അവിടേക്ക് മാത്രമല്ലേ. ഇനി എത്ര നീണ്ടാലും ഈ ജന്‍മം കൊണ്ട് എനിക്കെന്തു ചെയ്യാനാവും?"
കോടതിയില്‍ പിങ്കി വിരാനിയുടെ ഹര്‍ജി പരിഗണനയില്‍ ഇരിക്കുമ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അരുണയെ ജീവിപ്പിച്ചു കൊണ്ട് തുടരുന്നത് യദാര്‍ത്ഥത്തില്‍ അവരെ ശിക്ഷിക്കുന്നതിനു തുല്യമല്ലേ. പിങ്കി വിരാനിയുടെ മനസ്സിലും ആ ചിന്തകള്‍ ആയിരുന്നിരിക്കണം. അരുണ സമൂഹത്തില്‍ സ്ത്രീകളുടെ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടുന്ന പ്രതീകം തന്നെയാണ്. എങ്കിലും നമുക്ക് പഠിക്കാനുള്ളത് അയാളുടെ പ്രവൃത്തികളില്‍ നിന്നാണ്. സോഹന്‍ ലാലിന്റെ. പ്രതികാരം കൊണ്ട് അയാള്‍ എന്താണ് നേടിയത്? ആശുപത്രിയിലെ കുറച്ചുപേര്‍ക്കിടയില്‍ മാത്രം ഒതുങ്ങുമായിരുന്ന തന്നിലെ കുറ്റവാളിയുടെ രൂപം ആ പ്രവൃത്തിയിലൂടെ അയാള്‍ ലോകത്തിനു മുന്നില്‍ തന്നെ അനാവൃതമാക്കി. സോഹന്‍ ലാല്‍ തെറ്റുകാരന്‍ ആയിരുന്നു. എന്നാല്‍ ശരികള്‍ പോലും സ്ഥാപിച്ചെടുക്കാനും നടപ്പിലാക്കാനും ഹിംസയുടെ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ കളംകിതമാവുന്നത് ശരിയായ ആ ലക്ഷ്യങ്ങള്‍ കൂടിയാണ്. മാവോയിസ്റ്റുകളും തീവ്രവാദികളും മനസ്സുകളില്‍ നിന്ന് കുടിയിറക്കപ്പെടുന്നതും ചന്ദ്രശേഖര്‍ റാവുമാരും ഇറോം ശര്‍മ്മിളമാരും അവിടെ കുടിയിരുത്തപ്പെടുന്നതും അതിന്റെ പ്രതിഫലനങ്ങള്‍ തന്നെയല്ല.... പ്രിയ സഹോദരര്‍ ക്ഷമിക്കുക. മരിയയുടെ കഥ അടുത്ത പോസ്റ്റില്‍ തുടരും. അരുണയുടെ കഥ കേട്ടപ്പോള്‍ പെട്ടെന്ന് അത് പറയാതിരിക്കാനായില്ല. എല്ലാവര്‍ക്കും അടുക്കളയുടെ ക്രിസ്തുമസ് ആശംസകള്‍.
Labels: AHIMSA, ARUNA SHANBAUG, IROM SHARMMILA

ഇത്തരം അനുഭവങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. ആത്മീയത എന്ന പേരില്‍ വന്‍ കച്ചവടങ്ങള്‍ നടത്തുന്നവരുടെ എണ്ണം അത്രക്കധികമുണ്ട് ഇന്നു നമുക്കിടയില്‍. നിഗൂഡതകളോടുള്ള കൌതുകം എന്നതിലുപരി മനുഷ്യനില്‍ അലസത വളരുകയാണ് എന്ന സന്ദേശമാണ് ഇത്തരം ഞൊടുക്ക് വിദ്യകള്‍ക്ക് പുറകെ പായുന്ന കാഴ്ചകള്‍ നമുക്കു പകരുന്നത്. ഒരര്‍ത്ഥത്തില്‍ ആത്മീയതയെ ഉപാസിക്കാന്‍ തുടങ്ങുന്നത് ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയില്‍ അലസത മനുഷ്യനെ കീഴടക്കുമ്പോള്‍ മാത്രമാണ്. പല സഹോദരരും പറയാറുണ്ട്, സ്വന്തം കഴിവിലെ അവിശ്വാസമാണ് അവരെ മന്ത്രവാദങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിക്കുന്നതെന്ന്. എന്നാല്‍ അടുക്കളക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. സ്വന്തം കഴിവിലെ ആത്മവിശ്വാസമില്ലായ്മയെക്കാള്‍ അധ്വാനിക്കാനും ബുദ്ദിമുട്ടാനുമുള്ള മനസില്ലായ്മയാണ് മനുഷ്യനെ പ്രവൃത്തികളില്‍ നിന്നും അകറ്റി പൂജകളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്.
അതെത്ര കണ്ടു ശരിയായാലും മനുഷ്യര്‍ക്ക് നിഗൂഡതകളോട് എന്നും പ്രത്യേക താത്പര്യം ഉണ്ടായിരുന്നു എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. അമാനുഷികതകള്‍ കാണിക്കുന്ന ചില ആത്മീയ സന്യാസിമാര്‍ക്ക് (കള്ള?)മുന്നില്‍ സ്വന്തം യുക്തിയെ മറക്കുന്നതും ആ ആരാധന കലര്‍ന്ന താത്പര്യം ആയിരുന്നിരിക്കണം. പക്ഷെ സാദാരണക്കാര്‍ക്കു മാത്രമല്ല അവരെ ഭരിക്കുന്ന അധികാര കൊത്തളങ്ങള്‍ക്കും ആ ആരാധന ഉണ്ടെന്നത് പരസ്യമാല്ലെങ്കിലും യാദാര്‍ത്യമാണെന്ന് തെളിയിക്കുന്ന ഒരുപാടു സംഭവങ്ങള്‍ നമുക്കു മുന്നില്‍ ഇന്നു നടമാടുന്നു. മാന്ത്രികര്‍ പണ്ടെന്ന പോലെ ഇന്നും ഭരണയന്ത്രങ്ങളുടെ ഉപദേശികളായി നില നില്‍ക്കുന്നുണ്ട്. അവരിലൊരാള്‍ ആയിരുന്ന, നിഗൂഡമായ ശക്തികള്‍ തനിക്കുണ്ടെന്ന് ലോകത്തെ വിശ്വസിപ്പിച്ച നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രവാചകന്റെ കഥയാണ് ഇന്നു അടുക്കളയില്‍.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം. ഒന്നാം ലോകമഹായുദ്ധത്തോടൊപ്പം ദാരിദ്രവും പട്ടിണിയും മറ്റെവിടെയും എന്ന പോലെ വ്യാപിച്ച സാര്‍ ചക്രവര്‍ത്തിയുടെ റഷ്യന്‍ സാമ്രാജ്യം. ഭരണാധികാരി ചക്രവര്‍ത്തിയെങ്കിലും അദ്ദേഹത്തിന്റെ ചെയ്തികളെല്ലാം നിയന്ത്രിച്ചിരുന്നു എന്ന് ജനം വിശ്വസിച്ചിരുന്ന ഒരു മനുഷ്യന്‍ അന്ന് അവിടെ ഉണ്ടായിരുന്നു. ഗ്രിഗറി യെഫിമോവിച് റാസ്പുടിന്‍. ദുര്‍മന്ത്രവാദിയെന്ന് പിന്നീട് ചരിത്രത്തില്‍ കുപ്രസിദ്ദിനേടിയ റാസ്പുടിന്‍.
പക്ഷെ ക്ഷമിക്കുക. അടുക്കളയില്‍ ഇന്നു വരക്കപ്പെടുന്നത് അദ്ദേഹത്തിനു മേല്‍ കാലം ചാര്‍ത്തിക്കൊടുത്ത ആ പരിവേഷങ്ങള്‍ ആവില്ല. കാരണം അടുക്കളയുടെ മടിത്തട്ടിലിരുന്നു ഇന്നു റാസ്പുടിനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്‍റെ സ്വന്തം ചോര തന്നെയാണ്. മട്ര്യോന റാസ്പുടിന്‍ എന്ന മരിയ റാസ്പുടിന്‍. റാസ്പുടിന്റെ പ്രിയ പുത്രി. വാക്കുകള്‍ പെറുക്കി വച്ചു ത്രസിപ്പിക്കുന്ന മായാജാല കഥകള്‍ തീര്‍ക്കാന്‍ അവള്ക്ക് കഴിഞ്ഞേക്കില്ല. മാന്ത്രികത നഷ്ടമായ മായാജാലക്കാരനെപ്പോല്‍ ജീവിതത്തിലുടനീളം അലഞ്ഞു തീര്‍ക്കാന്‍ മാത്രമായിരുന്നല്ലോ അവളുടെ നിയോഗം. പപ്പയുടെ അന്ത്യത്തിന് ശേഷം ലോസ് ആഞ്ചലസിലെ ആഞ്ചലസ് - റോസ് ഡെയില്‍ സെമിത്തേരിയില്‍ ഉണരാത്ത നിദ്രയിലെക്കാഴും വരെ കാബറെ നര്‍ത്തകിയായി സര്‍ക്കസിലെ മൃഗങ്ങളുടെ പരിശീലകയായി പല വേഷത്തില്‍ പല പേരുകളില്‍ അലഞ്ഞു തീര്‍ക്കേണ്ടി വന്ന അവളുടെ വാക്കുകളില്‍ മാന്ത്രികതയുടെ വിസ്മയങ്ങളും നിഗൂഡതയുടെ ഭീതിയും ഉണ്ടാവില്ല എങ്കിലും പലപ്പോഴും മുന്നോട്ടു പോകാനാവാത്ത വിധം ചതുപ്പില്‍ ആഴ്ന്നു പോയ ജീവിത ചക്രത്തിന്റെ രോദനം കേള്‍ക്കാതിരിക്കാന്‍ നമുക്കാവുമോ?

" ആദ്യമായി പപ്പയെ കൂടാതെ പോക്രോവ്സ്കോയില്‍ എത്തിയ ശേഷം ഞാന്‍ കാത്തിരുന്നത് ആ ദിനത്തിന് മാത്രമായിരുന്നു. പപ്പയെ ക്രൂരമായി വധിക്കുന്നത് നോക്കി നിന്ന റൊമനോവ് രാജവംശം ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക് വരുന്ന ദിവസം. പപ്പാ എന്നും പറയാറുണ്ടായിരുന്നു, റോമനോവുകള്‍ ഒരിക്കല്‍ സാദാരണക്കാരായി ആ കൊച്ചു ഗ്രാമത്തില്‍ എത്തുമെന്ന്, പലരും നടക്കാത്ത കാര്യമെന്ന് പരിഹസിക്കുമ്പോഴും. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നിന്നു ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ പലരും പറഞ്ഞപ്പോഴും എന്നെ ജീവന്‍ പണയപ്പെടുത്തിയും പോക്രോവ്സ്കൊയില്‍ പിടിച്ചു നിര്‍ത്തിയത് പപ്പായുടെ ആ വാക്കുകളുടെ പൂര്‍ത്തീകരണം കാണാനുള്ള ആഗ്രഹമായിരുന്നു.
ഒടുവില്‍, കമ്മ്യൂണിസ്റ്റ് വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനക്കപ്പെട്ട് നാടു കടത്തപ്പെട്ട ചക്രവര്‍ത്തിയും കുടുംബവും സൈബീരിയയിലെ ജയിലിലെക്കുള്ള തീവണ്ടി യാത്രക്കിടെ പോക്രോവ്സ്കൊയില്‍ എത്തിയപ്പോള്‍ ഞാന്‍ കണ്ടു. പപ്പാ ഒരിക്കല്‍ മനസ്സില്‍ കണ്ടത് ഞാന്‍ നേരിട്ടു കണ്ടു. രാജാധികാരങ്ങള്‍ എല്ലാം തന്നെ നഷ്ടമായി നിസ്സഹായാവസ്ഥയിലായിരുന്നു അവര്‍. എങ്കിലും എന്റെ മനസ്സില്‍ അപ്പോള്‍ നിറയെ യൂസ്സുപ്പോവിന്റെ വാക്കുകളായിരുന്നു. പപ്പായുടെ "പ്രിയപ്പെട്ട വികൃതിപ്പയ്യന്‍" ഫെലിക്സ് യൂസ്സുപ്പോവ്. താന്‍ ഏറെ വാത്സല്യത്തോടെ സ്നേഹിച്ച അവന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യമെന്ന് മാത്രം പപ്പാ അറിയാതെ പോയതെന്തേ? അതോ അറിഞ്ഞിട്ടും വിധിക്ക് കീഴടങ്ങിയതോ? യൂസ്സുപ്പോവ്; ഒരു പക്ഷെ പപ്പാ നിനക്കു മാപ്പു നല്കും. അദ്ദേഹം നിന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നു. പക്ഷെ എനിക്കൊരിക്കലും കഴിയില്ല, നീ പറഞ്ഞ വീരകഥകള്‍ ഇപ്പോഴും ഈ കാതുകളില്‍ ആര്‍ത്തലക്കുന്നുണ്ട്. ഇല്ല, നീ അതെല്ലാം മറന്നാലും എനിക്കതിനു കഴിയില്ല.അന്ന് മോയ്ക്ക കൊട്ടാരത്തില്‍ നീയും ദിമിത്രിയും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ വീര കൃത്യം. ക്യോനിയ ഗുസേവ ഒരിക്കല്‍ പരാജയപ്പെട്ടത് ഓര്‍മ്മയിലുള്ളതിനാല്‍ ആവാം നീ അത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയത് അല്ലെ?
അന്ന്, 1916 ഡിസംബര്‍ 16, കൊട്ടാരത്തില്‍ വിരുന്നിനായി വിളിച്ചു വരുത്തി നീ പപ്പാക്ക് നല്കിയ വിഭവങ്ങള്‍, മാരകമായി വിഷം ചേര്‍ത്ത കേക്കും, ചുവന്ന വീഞ്ഞും. ഗുസേവയുടെ ആക്രമണത്തിനു ശേഷം മധുരം കഴിക്കുന്നത് തന്നെ നിര്‍ത്തിയ അദേഹം അത് കഴിച്ചത് നല്കിയത് നീ ആയതു കൊണ്ടു മാത്രമായിരുന്നു യൂസ്സുപ്പോവ്. പക്ഷെ നീ കലര്‍ത്തിയ വിഷം അദ്ദേഹത്തിന്‍റെ ജീവന് അല്പം പോലും പോറല്‍ എല്പിച്ചില്ല. പക്ഷെ നീ എന്നിട്ടും പിന്മാറിയില്ല. നീ പുറകില്‍ നിന്നു ശിരസ്സിലേക്ക് വെടിയുതിര്‍ത്ത് അദ്ദേഹത്തിന്‍റെ ജീവന്‍ എടുക്കാമെന്ന് വ്യാമോഹിച്ചു. ശിരസ്സില്‍ വെടിയേറ്റ് വീണ അദ്ദേഹത്തിന്‍റെ അടുത്തു ചെല്ലാന്‍ പോലും നീ ഭയന്ന് നിന്നു. ഏറെ നേരം കഴിഞ്ഞു ആ ശരീരം മറിച്ച് നോക്കിയപ്പോള്‍ പെട്ടെന്ന് നിനക്കു നേരെ തുറന്ന ആ കണ്ണുകളിലെ അഗ്നിയെ നേരിടാന്‍ നിന്റെ കൂട്ടുകാര്‍ക്കും കഴിഞ്ഞില്ല അല്ലെ. നിന്റെ കയ്യിലെ കത്തി ആ ശരീരത്തിലേക്ക് ആഴ്ന്നിരങ്ങിയപ്പോഴും അദ്ദേഹം നിന്റെ പേരു ചൊല്ലി വിളിച്ചു, എന്റെ പ്രിയ വിക്രുതിക്കുട്ടാ... അത് കണ്ടു വിറളി പൂണ്ട നിന്റെ കൂട്ടുകാര്‍ പിന്നെയും അനേകം തവണ നിറയോഴിച്ചിട്ടും അദ്ദേഹത്തിന്‍റെ ജീവനെ നിശ്ചലമാക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഒരു കാര്‍പെറ്റില്‍ കെട്ടി മഞ്ഞു മൂടിക്കിടക്കുന്ന നേവ നദിയിലേക്ക് എറിഞ്ഞപ്പോഴും അദ്ദേഹത്തിന്‍റെ ജീവന്‍ ആ ശരീരത്തില്‍ തുടിച്ചിരുന്നു. കാര്‍പെറ്റില്‍ നിന്നും പുറത്തു കടന്നു നീന്താനുള്ള ശ്രമത്തിനിടെ മഞ്ഞില്‍ പുതഞ്ഞു പോയ ശരീരം മൂന്നു ദിവസത്തിനു ശേഷം ചെതനയില്ലാതെ പുറത്തെടുത്തപ്പോഴും നിന്റെ മനസ്സില്‍ ഭീതി ഒഴിഞ്ഞിരുന്നില്ല അല്ലെ. ഇല്ല യൂസ്സുപ്പോവ്, നിന്റെ മരണം വരെ നിനക്കു നേരെ തുറന്ന ആ കണ്ണുകളുടെ അഗ്നിയില്‍ നിന്നും മോചനം കിട്ടിക്കാണില്ല. സാറിന മറവു ചെയ്ത പപ്പായുടെ ശരീരം വിപ്ലവത്തിന് ശേഷം പുറത്തെടുത്തു കത്തിക്കാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്ക് മുന്നില്‍ ആ അഗ്നിയില്‍ എഴുന്നേറ്റു നിന്ന പപ്പയുടെ ശരീരം മരണം വരെയും അവരെയും വേട്ടയാടും.
നിങ്ങളെ റഷ്യയിലെ ജനങ്ങള്‍ വീരനായി കണ്ടേക്കാം. രാജ്യത്തെ നാശത്തിലേക്ക് നയിച്ച ഒരു ദുര്‍മാന്ത്രികനെ ഇല്ലായ്മ ചെയ്ത രാജ്യ സ്നേഹി. പക്ഷെ യൂസ്സുപ്പോവ് നീ ഇല്ലാതാക്കിയത് എന്റെ പപ്പയെ ആണ്. എന്റെ ജീവിതമാണ്. നീ എന്റെ പപ്പായില്‍ നിന്നു രക്ഷിച്ച ചക്രവര്‍ത്തിയും കുടുംബത്തെയും സൈബീരിയയില്‍ ജയിലില്‍ വച്ച് കമ്മ്യൂനിസ്റ്റുകള്‍ നിര്‍ദ്ദയം വധിച്ച വാര്‍ത്ത ഞാന്‍ അറിഞ്ഞത് ഫ്രാന്‍സില്‍ വച്ചാണ്. അതെ നീ രക്ഷിക്കുകയായിരുന്നില്ല ആരെയും. തകര്‍ക്കുകയായിരുന്നു."
മരിയയുടെ കഥ ഇവിടെ തീരുന്നില്ല. അവളുടെ യാത്രയുടെ കഥ അടുത്ത പോസ്റ്റില്‍.

Labels: BLACK MAGIC, DAUGHTER, RASPUTIN, RUSSIA, TSAR

മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ,
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കു വച്ചു, മനസ്സു പങ്കു വച്ചു....
അച്ഛനും ബാപ്പയും - വയലാര്‍ രാമവര്‍മ്മ
വീണ്ടും ഒരു ഡിസംബര്‍ - 6. നമ്മുടെ മനസ്സില്‍ സംഭവങ്ങള്‍ തിയതികളുടെ രൂപത്തില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആകുന്നു. സപ്തംബര്‍ - 11, നവംബര്‍ - 26, .... ഭീകരതയുടെ കയ്യൊപ്പുകള്‍ ഹൃദയങ്ങളില്‍ രേഖപ്പെടുത്തുന്നത് ഇപ്പോള്‍ അങ്ങിനെ ആണ്. ഓരോ ഓര്‍മ്മകളിലും നിറയുന്നത് അസുഖകരമായ നാദങ്ങള്‍. സമൂഹത്തിന്റെ സ്വസ്തതക്ക് മേല്‍ വീശി അടിച്ച അശാന്തിയുടെ കാറ്റിന്റെ അലയൊലികള്‍.
ആധുനിക ലോകത്തിന്റെ ചിന്തയെന്നു പറയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ ഉപജ്ഞാതാവ് 19 - ആം നൂറ്റാണ്ടില്‍ കണ്ടെത്തിയത് ലോകത്തെ മനുഷ്യരില്‍ രണ്ടു വര്‍ഗ്ഗമേ ഉള്ളൂ എന്നാണ്. ഉള്ളവനും, ഇല്ലാത്തവനും. അവര്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ അഥവാ വര്‍ഗ്ഗ സമരങ്ങള്‍ ആണ് ലോകത്ത് നടക്കുന്നത് എന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു പരിധി വരെ ശരിയും ആയിരുന്നു. 16 - ആം നൂറ്റാണ്ടില്‍ വ്യാപിച്ചു തുടങ്ങിയ വ്യവസായ വിപ്ലവം പഴയ ഫ്യൂടലിസത്തെ ഇല്ലായ്മ ചെയ്യുമെന്ന് കരുതിയവരുടെ കണ്മുന്നില്‍ തന്നെ മറ്റൊരു രൂപത്തില്‍ ആ വ്യവസ്ഥയുടെ ഘടനയുടെ പുനര്‍നിര്‍മ്മാനമായിരുന്നു നവോഥാന കാലമെന്ന് പുകള്‍ കൊണ്ട ആ കാലത്തും സംഭവിച്ചത്. സമ്പത്ത് വീണ്ടും കേന്ദ്രീകൃതമായി. പോരാട്ടങ്ങള്‍ ജന്മിയും കുടിയാനും എന്നത് മാറി മുതലാളിയും തൊഴിലാളിയും തമ്മിലായി മാറി. കുപ്പായങ്ങള്‍ മാറിയതൊഴിച്ചാല്‍ പോരാളികള്‍ പഴയവര്‍ തന്നെ. മാര്‍ക്സ് തന്റെ സിദ്ദാന്തം രൂപപ്പെടുത്തിയത് ഈയൊരു പാശ്ചാത്തലത്തില്‍ ആയിരുന്നിരിക്കണം.
പക്ഷെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന് അതിനെക്കുറിച്ച് അതിന്റെ സ്വാധീനത്തിന്റെ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കാന്‍ ആയിക്കാണില്ല. കാരണം അദ്ദേഹം ജീവിച്ച നൂറ്റാണ്ട് മതങ്ങള്‍ അപചയം നേരിട്ടുകൊണ്ടിരികുന്ന കാലമായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ച അത് വരെ മതങ്ങള്‍ പഠിപ്പിച്ച ചില പാഠങ്ങളെയെങ്കിലും തകര്‍ത്തുടച്ചപ്പോള്‍ മതങ്ങള്‍ യുക്തിക്ക് പകരം കായിക ശക്തി കൊണ്ടു അതിനെ നേരിട്ടപ്പോള്‍ മതങ്ങള്‍ തോല്‍വി സമ്മതിച്ചു തുടങ്ങിയിരുന്നു. മനുഷ്യര്‍ വിദ്യാഭ്യാസം നേടാന്‍ തുടങ്ങിയതും മതങ്ങളെക്കാള്‍ ശാസ്ത്രങ്ങളുടെ യുക്തിചിന്ത മനസ്സുകളെ കീഴടക്കാന്‍ കാരണമായി. അക്കാലത്ത് ശാസ്ത്രത്തെ കൂടെ നിര്‍ത്തി അതിനോടൊപ്പം ഉയരാന്‍ ശ്രമിക്കാതെ അതിനെ പാടെ എതിര്‍ത്തത് മതത്തിന്റെ വക്താക്കളുടെ അമിതമായ ആത്മവിശ്വാസം എന്നതിനേക്കാള്‍ ബുദ്ദിശൂന്യത എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. അത് കൊണ്ടു തന്നെ ഫ്യൂടലിസത്തില്‍ ഉന്നത സ്ഥാനവും ആജ്ഞശക്തിയും ഉണ്ടായിരുന്ന പുരോഹിതര്‍ എന്നവര്‍ഗ്ഗം മാര്‍ക്സിന്റെ നവോഥാന കാലത്തു സമൂഹത്തില്‍ അവഗണിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. മാര്‍ക്സ് ചിന്തിച്ചത് ലോകം ഇനി ഒരിക്കലും തിരികെ പോകില്ല എന്നായിരുന്നിരിക്കണം. അത് കൊണ്ടു പുതിയ വരാനിരിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ഔപചാരികതയുടെ മാത്രം അനിവാര്യതയായ മതങ്ങളെയും മതത്തിന്റെ വക്താക്കളെയും അര്‍ഹിക്കുന്ന അവഗണനയോടെ തന്നെ മാറ്റി നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചുകാണും.
വര്‍ഗ്ഗ സമരം എന്ന ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടം തന്നെ ആയിരുന്നിരിക്കണം മനുഷ്യര്‍ തമ്മില്‍ ആദ്യം ഉണ്ടായത്. പക്ഷെ മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദക്കും മാനവരാശിയുടെ എഴുതപ്പെട്ട ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളിലെ പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന യുദ്ദങ്ങള്‍ എല്ലാം തന്നെ വിരുദ്ദങ്ങളായ രണ്ടു വിശ്വാസങ്ങള്‍ ( ആരാധനാക്രമാതിലും ആരാധനാ മൂര്‍ത്തിയിലും ഉള്ള വൈരുദ്ദ്യം) തമ്മിലായിരുന്നു. മോശയും ജോഷ്വയും ദാവീദും ഒടുവില്‍ യേശു ക്രിസ്തുവും പട നയിച്ചതും പോരുതിയതും മറ്റു വിശ്വാസങ്ങള്‍ക്ക് മേല്‍ തങ്ങളുടെ വിശ്വാസങ്ങളെയും ആരാധനാ മൂര്‍ത്തികളെയും സ്ഥാപിക്കാനായിരുന്നു. അക്കാലത്തെ പീഡനങ്ങള്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നും നമുക്കു കാണാം. ക്രൈസ്തവര്‍ മാത്രമല്ല ജൂതന്മാരും മുസ്ലീംകളും ഹിന്ദുക്കളും ഒക്കെ ഇതിഹാസങ്ങളില്‍ പട നയിച്ചത് ഇതര വിശ്വാസങ്ങള്‍ക്ക് മീതെ ആയിരുന്നു. ഹൈന്ദവ ഇതിഹാസങ്ങള്‍ മാത്രമാണ് അല്പം വ്യത്യസ്തമെന്നു പറയാന്‍ കഴിയുന്നത്. അവിടെ പോരാട്ടങ്ങള്‍ പലപ്പോഴും ധര്‍മ്മവും അധര്‍മ്മവും തമ്മിലായിരുന്നു. ഈ രണ്ടു പക്ഷങ്ങളുടെയും ആധ്യാത്മിക ചിന്തകളും അനുഷ്ടാനങ്ങളും പലതും ഒന്നായിരുന്നു. എന്നാല്‍ മറ്റു ഇതിഹാസങ്ങളില്‍ അധര്‍മ്മികള്‍ എന്നത് മറ്റു മത വിശ്വാസികള്‍ എന്ന നിലയിലാണ് കാണപ്പെടുന്നത്. യദാര്‍ത്ഥത്തില്‍ മതങ്ങളുടെ പേരില്‍ മറ്റു വിശ്വാസങ്ങളുടെ നേരെ പോരടിക്കാന്‍ വഴി കാട്ടുന്നത് ഇത്തരം പുരാണ ഇതിഹാസങ്ങള്‍ തന്നെയാണ്.
പക്ഷെ വ്യവസായ വിപ്ലവം ആ ഒരു ചിന്തകള്‍ക്ക് ഒരു പുതിയ വഴിത്തിരിവുണ്ടാക്കി. പുതിയ വ്യാപാര ബന്ധങ്ങളും കൂട്ടുകെട്ടുകളും ഉണ്ടായി. മതം എന്ന അടിസ്ഥാനത്തിനപ്പുറത്തായിരുന്നു പല ബന്ധങ്ങളും. വ്യവസായത്തിലെ മത്സരങ്ങള്‍ പതിയെ മതത്തെ പുറകൊട്ടടിക്കാന്‍ തുടങ്ങി. മുതലാളിത്തം എന്ന പ്രവണതയുടെ മുഖമുദ്രയായ അമിതമായ ചൂഷണം മതങ്ങളുടെ പേരിലുള്ള പോരാട്ടങ്ങള്‍ക്ക് ഇടവേള നല്കി പകരം ചൂഷണത്തിന് ഇരയാക്കപ്പെട്ടവരും ചൂഷകരും തമ്മിലുള്ള സമരങ്ങള്‍ കൊണ്ടു ലോകം പ്രക്ശുബ്ദമാവാന്‍ തുടങ്ങി. ആ കാലത്തു ശാസ്ത്രത്തിന്റെയും യന്ത്രങ്ങളുടെയും യുക്തി ചിന്തകളുടെയും തണലില്‍ വര്‍ഗ്ഗ സമരങ്ങള്‍ വ്യാപകമായതോടെ മതങ്ങള്‍ പതിയെ പിന്‍നിരയിലേക്ക് മടങ്ങി. ആ ഒരു പോരാട്ടത്തിലെ ജയാപചയങ്ങളിലൂടെ ലോകം മുന്നോട്ടു നീങ്ങും എന്നാണു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദം വരെ ഏവരും കരുതി പോന്നത്. പുരോഗതിയില്‍ നിന്നും പരിഷ്ക്രുതിയില്‍ നിന്നും ചിന്തകള്‍ക്ക് പുറകോട്ടു പോകാനാവുമോ? പ്രവഹിച്ചു തുടങ്ങിയാല്‍ അരുവിക്ക് തിരകെ ഒഴുകാന്‍ ആവുമോ??? ഇല്ല തന്നെ.
ഭാരതത്തില്‍ പുരാണകാലങ്ങള്‍ മുതല്‍ തന്നെ പോരാട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിന് മത വിശ്വാസങ്ങളുടെ നിറം കലരുന്നത് മുസ്ലിം ഭരണനാധികാരികളുടെ ആവിര്‍ഭാവത്തോടെയാണ്. ശൈവ വൈഷ്ണവ പോരാട്ടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും തീവ്രത കൈ വരുന്നതു ആ കാലത്താണ്. മുഗള്‍ ഭരണകാലത്തും അതിന് മുന്‍പും രജപുത്രന്മാരും മറ്റു രാജാക്കന്മാരുമായുള്ള പോരാട്ടങ്ങളിലെല്ലാം രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നതിലപ്പുറം രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദകള്‍ ആയിരുന്നു അവ എല്ലാം. സിഖ് ഗുരുക്കന്മാരായ അര്‍ജുന്‍ ദേവും തേജ് ബഹാദൂറും മുഗള്‍ രാജാക്കന്മാരാല്‍ കൊല ചെയ്യപ്പെട്ടതും ഇതേ പാശ്ചാത്തലത്തില്‍ വായിക്കാവുന്നതാണ്. എന്നാല്‍ യൂറോപ്പില്‍ വ്യവസായ വിപ്ലവം മതത്തെ അപ്രസക്തമാക്കിയത് പോലെ ഇവിടെയും മാറ്റങ്ങള്‍ ഉണ്ടായി. 19, 20 നൂറ്റാണ്ടുകളില്‍ മതതെക്കാള്‍ നമ്മുടെ ആവശ്യം സ്വാത്നത്ര്യമായത് പൊതു ശത്രുവിനെതിരെ പൊരുതുമ്പോള്‍ തല്ക്കാലതെക്കെങ്കിലും മതം മറന്നു ഒന്നു ചേരാന്‍ ഇവിടത്തെ ജനങ്ങളെ നിര്‍ബന്ധിതരാക്കി. എന്നാലും 1857 - ലെ ശിപ്പായി ലഹള എന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം മതവുമായി ബന്ധപ്പെട്ടതാണ് എന്നത് വിസ്മരിക്കാവുന്നതല്ല. അത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജെര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒരു ജനതയെ മുഴുവന്‍ തന്റെ പിന്നില്‍ അണി നിരത്തിയത് വംശീയമായ വാദഗതികളുടെ പിന്‍ബലത്തില്‍ ആണെന്നത് കാണിച്ചു തരുന്നത് അക്കാലത്തും മതങ്ങളും ജാതിയും മനുഷ്യന്റെ മനസ്സില്‍ എപ്പോഴും പൊട്ടിച്ചിതറാന്‍ അന്തര്‍ലീനമായി കിടന്നിരുന്നു എന്ന് തന്നെയാണ്. മറ്റു പല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ തല പോക്കാന്‍ പറ്റാതെ കിടക്കുക ആയിരുന്നു എന്ന് മാത്രം.
പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ (ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ തന്നെ) മതങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തില്‍ അതിന്റെ ശംഖൊലി ആയിരുന്നു 1992 ഡിസംബര്‍ 6 - നു അയോധ്യയില്‍ സംഭവിച്ചത്. ഇതേ സമയം തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മത തീവ്രവാദങ്ങള്‍ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു. ഇവിടെ അയോധ്യ സംഭവമായിരുന്നു കാരണമെങ്കില്‍ അവിടെ പ്രധാന കാരണമായത് പഴയ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയായിരുന്നു. ശീതയുദ്ധകാലത്തു അമേരിക്ക ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ വളര്‍ത്തി കൊണ്ടു വന്ന താലിബാന്‍ പോലുള്ള സംഘടനകളെ അമേരിക്ക തന്നെ വേട്ടയാടാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു. എന്നും ജയിച്ചു നില്‍ക്കാന്‍ ശക്തര്‍ ആയാല്‍ മാത്രം പോരല്ലോ. അത് തെളിയിക്കാനായി തോല്‍പ്പിക്കാനായി ആരെങ്കിലും ഉണ്ടാകേണ്ടേ. മുസ്ലീം തീവ്രവാദത്തിന്റെ കാരണക്കാരും അനുഭാവോക്താക്കളും ഒരു വിഭാഗമായത് വൈരുദ്ധ്യമായി തോന്നാമെങ്കിലും അത് ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമായിരുന്നു.
മതങ്ങളുടെ അന്തസത്ത സ്നേഹവും കരുണയും ഒക്കെയാണെന്ന് പറയുമ്പോഴും ഇതര മതങ്ങളുടെ കാര്യം വരുമ്പോള്‍ അതെല്ലാം ഇന്നത്തെ കോര്‍പ്പറെറ്റ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പോലെ ആവുകയാണ്. ഒന്നുകില്‍ വിഴുങ്ങി തന്റെതാക്കുക, അല്ലെങ്കില്‍ ഇല്ലാതാക്കുക. സഹിഷ്ണുത എന്ന വാക്കു തന്നെ അപ്രസക്തമാവുകയാണ് ഇവിടെ.
ചോദ്യം ചെയ്യപ്പെടാനുള്ള കഴിവില്ലായ്മ തന്നെയാണ് മതങ്ങളെ അസഹിഷ്ണുക്കള്‍ ആക്കി മാറ്റുന്നത്. ചെറിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും പതറിപ്പോകുന്ന അവര്‍ പഠിപ്പിക്കുന്നത് നിങ്ങള്‍ ചോദ്യം ചോദിക്കരുത്, എല്ലാം വിശ്വസിക്കുക മാത്രം ചെയ്യുക എന്നത്രേ!!! ചിന്തകള്‍ ആകാശത്തിനും അപ്പുറത്തേക്ക് വളര്‍ന്ന ഇക്കാലത്തും മനുഷ്യര്‍ മസ്ഥിഷ്കങ്ങള്‍ മരവിപ്പിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം, പക്ഷെ പച്ചയായ യാദാര്‍ത്ഥ്യം മാത്രമാണത്. തങ്ങളുടെ വിശ്വാസികളില്‍ നിന്നു അനുയായികളില്‍ നിന്നു ഒരാള്‍ മറു പക്ഷത്തേക്ക് പോയാല്‍ അത് തങ്ങളുടെ തോല്‍വി ആണെന്നും മറു പക്ഷത്തു നിന്നു വന്നാല്‍ അത് വിജയമാണെന്നും ഉള്ള ധാരണ ഈ അസഹിഷ്ണുതയുടെ ഫലമാണ്. അങ്ങനെ അല്ലാത്ത ഏത് മതമാണ് ഇന്നു ഇവിടെ ഉള്ളത്.
ഇതര മതങ്ങളിലെ അനുയായികളുടെ സ്തുതികളാണ് തങ്ങളുടെ ദൈവത്തിനു ശ്രേഷ്ടം എന്ന് കരുതുന്നവരാണ് ഇന്നു ഏറെയും. അത് കൊണ്ടു തന്നെയാണ് മറ്റു മത വിശ്വാസികള്‍ക്കിടയില്‍ തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ അവര്‍ പാടു പെടുന്നതും. അടുത്തിടെ കണ്ട ഒരു പരസ്യം ആണ് ഓര്‍മ്മ വരുന്നതു. മലബാറില്‍ പലയിടത്തും ഇത്തരം പരസ്യങ്ങള്‍ കാണാറുണ്ട്. " സൌജന്യ ഇസ്ലാം പഠനം; (മുസ്ലീംകള്‍ അല്ലാത്തവര്‍ക്ക് മാത്രം)" എന്താണ് ഇതു കൊണ്ടു ലക്ഷ്യമിടുന്നത്. മുസ്ലീം സഹോദരര്‍ക്ക് ആ സൌജന്യ പഠനം ലഭ്യമാകാത്തത് കൊണ്ടാകുമോ നസീറുമാരും കസബുമാരും ഉണ്ടാകുന്നത്??? മത പരിവര്‍ത്തനം ലക്ഷ്യമിടുന്ന കൃസ്ത്യന്‍ മിഷനറിമാറും ഇതര മതക്കാര്‍ക്ക് വന്‍ പ്രലോഭനങ്ങള്‍ ആണ് നല്കുന്നത്. ക്രൈസ്തവര്‍ ഒന്നേ ഉള്ളൂ എന്ന് പറയുന്നവര്‍ ഇന്നു ദളിത് ക്രൈസ്തവര്‍ എന്നൊരു വിഭാഗത്തിന്റെ പരിഗണനക്കായി സമരം ചെയ്യുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഹൈന്ദവ സംസ്കാരം എന്നപേരില്‍ പൊതു സമൂഹത്തിനു നേരെ പൊതു സമാധാനത്തിനു നേരെ കുതിര കയറുന്ന മുത്തലിക്കുമാരും നമ്മുടെ മുന്നില്‍ തന്നെയാണ് വിഹരിക്കുന്നത്. സ്നേഹവും കരുണയും എല്ലാം ഇന്നത്തെ മതത്തിന്റെ വക്താക്കള്‍ക്കു അന്യമാനെന്നതിനു മറ്റെവിടെ പോകണം.
അടുത്തിടെ ഇവിടെ ഉയര്‍ന്ന "ലൌ ജിഹാദ്" വിവാദവും വെളിവാക്കിയത് മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയാണ്. പലരും അത് പ്രണയത്തിനു നേരെ ഉള്ള ഭീഷണി ആയി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. അവരില്‍ മതത്തിന്റെ വക്താക്കളും ഉണ്ടായിരുന്നു എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ പ്രണയത്തെ ഇതുമായി ബന്ധിപ്പിച്ചു മതങ്ങളുടെ അസഹിഷ്ണുതയെ സൌകര്യപൂര്‍വ്വം മറയ്ക്കുകയായിരുന്നു അവര്‍. ഒരു മതവും പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ദൈവം സ്നേഹമാണ് എന്ന് പറയുമ്പോഴും സ്നേഹത്തിനു അതിരുകളും ചങ്ങലകളും തീര്‍ക്കുന്നവരാണ് എല്ലാ മതങ്ങളും. ഏറ്റവും ചിന്തിക്കേണ്ട കാര്യം മതങ്ങള്‍ക്ക് വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹമല്ല എന്നതാണ്. മറിച്ച് മനുഷ്യര്‍ക്ക് മതങ്ങളോട് അഥവാ മതങ്ങളുടെ മൂര്‍ത്തികള്‍ ആയ ദൈവങ്ങളോട് ആണ് സ്നേഹം ഉണ്ടാകേണ്ടത് എന്ന് അവര്‍ ഉദ്ഘോഷിക്കുന്നു. അതായത് മതങ്ങളെക്കാള്‍ വലുതല്ല മനുഷ്യ സഹോദരങ്ങള്‍ എന്ന്!!!! മനുഷ്യന്റെ സൃഷ്ടികള്‍ പലതും മനുഷ്യന് തന്നെ നാശമായിട്ടുണ്ട്. പക്ഷെ അവര്‍ അറിയാതെ അവനില്‍ നാശം വിതക്കുന്ന സൃഷ്ടികളില്‍ മതത്തിനോളം വരില്ല മറ്റൊന്നും.
നമ്മുടേത് ഒരു മതേതര രാഷ്ട്രമാണ്. മതേതരം എന്നത് എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധന്യമെന്നതോ അതോ ഒരു മതത്തിനും പ്രാധാന്യമില്ലാത്ത അവസ്ഥ എന്നതോ എന്ന് ചര്ച്ച ചെയ്യേണ്ടതുണ്ട്. എന്നാലും ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് ( ശ്രമം മാത്രമാണ്) എല്ലാ മതങ്ങളെയും പരിഗണിക്കാന്‍ അഥവാ പ്രീണിപ്പിക്കാന്‍ തന്നെയാണ്. മത ആഘോഷ ദിനങ്ങള്‍ പൊതു അവധികള്‍ ആകുന്നതു അതുകൊണ്ടാണല്ലോ. മറ്റു രാഷ്ട്രങ്ങളില്‍ ഇതു എത്രതോലമുണ്ട് എന്നറിയില്ല. എന്നിട്ടും ഇപ്പോഴും ഇവിടെ സംവരണം മതത്തിന്റെയും ജാതിയുടെയും പേരില്‍ തുടരുകയാണ് എന്നതാണ് രസകരം. തുല്യ പ്രാധാന്യമെന്നത് ഏത് അളവുകോലില്‍ ആണെന്നത് ഇപ്പോഴും അവ്യക്തമായി നില്‍ക്കെ തങ്ങള്‍ക്കു പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതി എല്ലാവരിലും നിറയുന്നു. സച്ചാര്‍ കമ്മറ്റി, മണ്ഡല്‍ കമ്മീഷന്‍, ഏകീകൃത സിവില്‍കോട്.... ഒരു പാടു വാക്കുകള്‍ നമ്മുടെ കര്‍ണ്ണങ്ങളെ തഴുകി വിസ്മൃതിയിലാണ്ടു പോയിക്കഴിഞ്ഞു.
അതെ; 19 - ആം നൂറ്റാണ്ടില്‍ അപചയം സംഭവിച്ച മതങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഗ്ഗ സമരങ്ങള്‍ മതങ്ങള്‍ക്കുള്ളില്‍ നടക്കുന്നുണ്ടായിരിക്കാം. പക്ഷെ മുഖ്യധാരയില്‍ അവ ഒരിക്കലും പ്രതിഫലിക്കുന്നില്ല. പകരം മതങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എവിടെയും.... മറ്റെന്തു സംഭവിച്ചാലും ഉണ്ടാവുന്നതിനേക്കാള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍.... ജനസഹസ്രങ്ങളുടെ ജീവന് തന്നെ ഭീഷണിയായ മുല്ലപ്പെരിയാര്‍ പോലുള്ള സംഭവങ്ങളെപ്പോലും മാറ്റി നിര്‍ത്തിയാണ് നമ്മള്‍ "ലൌ ജിഹാദും" "ഡിസംബര്‍ - 6 " ഉം ചര്‍ച്ച ചെയ്തത്. അടുത്തകാലത്ത് മതങ്ങളോട് പൊതുവെ വിമുഖത കാട്ടിയിരുന്ന കമ്മ്യൂനിസ്റ്റ് പാര്‍ട്ടി പോലും ദളിത് സംഘടനയെ അംഗീകരിച്ചിരിക്കുന്നു. അടുത്തകാലത്ത് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ സഖ്യങ്ങളും വിരല്‍ ചൂണ്ടുന്നത് മതത്തിന്റെ ആശയസംഹിതക്ക് മുന്നില്‍ അവര്‍ക്കും അടിപതറി എന്നാണ്.
ഈ നൂറ്റാണ്ടിന്റെ പ്രധാന പ്രതിസന്ധി എന്താണെന്ന ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങള്‍, ആണവായുധങ്ങള്‍, ഇന്ധന ക്ഷാമം, ഭക്ഷ്യ ക്ഷാമം എന്നിങ്ങനെ പലതും നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളൊക്കെ നേരിടുമ്പോള്‍ തന്നെ അതോടൊപ്പം അദൃശ്യമായി നമ്മെ വേട്ടയാടുന്ന ഏറ്റവും വലിയ ഭീഷണി മതത്തിന്റെ പേരിലുള്ള തീവ്രവാദവും പോരാട്ടങ്ങലുമായിരിക്കും എന്നത് ഒരു യാദാര്‍ത്ഥ്യം മാത്രമാണ്. മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദ മാനവരാശിയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലേക്ക് വ്യാപരിച്ചു തുടങ്ങിക്കഴിഞ്ഞു. പരസ്പരം ബഹുമാനിക്കാണോ അംഗീകരിക്കാനോ (വാക്കുകള്‍ കൊണ്ടോ ആശയം കൊണ്ടോ അല്ല, പ്രവൃത്തികള്‍ കൊണ്ടു) ആവാതെ ഓരോ മതവും അതിന്റെ വക്താക്കളും നിലകൊള്ളുമ്പോള്‍ ഇനിയുള്ള കാലം രാഷ്ട്രങ്ങളുടെ അതിര്കളെക്കാള്‍ ഭാഷയുടെ വേര്‍തിരിവുകലെക്കാള്‍മനുഷ്യരെ അകറ്റുന്നത് അവരായിരിക്കും. മതങ്ങള്‍. ഭരണകൂടങ്ങളും നീതിന്യായപീടങ്ങളും ആറു നൂറ്റാണ്ട് പുറകിലേക്ക്, ഫ്യൂടലിസത്തിനും പുറകിലേക്ക് മടങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു. മലയാളിയായ ഒരു ന്യായാധിപന്‍ അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞതു " ഞാന്‍ ആദ്യം അല്മായനാണ്, പിന്നെ ഭാരതീയനും" എന്ന രീതിയിലാണ്. ഭരണ സാരഥികളെ നിര്‍ണ്ണയിക്കുന്നതില്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മതം ഒരു ഘടകമാക്കി പരിഗണിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
ക്ഷാമങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും എല്ലാം ഉണ്ടാകുമ്പോഴും അതിനെ മറികടക്കാനുള്ള അല്ലെങ്കില്‍ അതിനെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആണ് നമ്മുടെ ചിന്തകളെയും ചര്‍ച്ചകളേയും മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ മതത്തിന്റെ പ്രകോപനങ്ങള്‍ പലപ്പോഴും നമ്മെ ഉണര്‍ത്തുന്നത് എങ്ങനെ തിരിച്ചടി നല്‍കാമെന്ന ചിന്തകളിലെക്കാണ്. (ബാബറി മസ്ജിദ് പ്രശ്നത്തില്‍ മലപ്പുറം ശാന്തമായി നിന്നത് ഇപ്പോഴും ഒരു അത്ഭുതമാണ്. പക്ഷെ ഇന്നു ആ ഒരു സംയമനം ഒരിടത്തും പ്രതീക്ഷിക്കാനാവില്ല. മാറാട് സംഭവിച്ചത് സംയമനം പാലിച്ച അതെ മലബാറിലാണ് എന്നത് നമുക്കോര്‍ക്കാം.) ആ ചിന്തയില്‍ മറ്റു ദേശീയതകള്‍ എല്ലാം തന്നെ അപ്രസക്തമാവുകയാണ്. പാക്കിസ്ഥാനിലും ഭാരതത്തിലും ഒരു പോലെ ജെനങ്ങളുടെ മേല്‍ ആക്രമണം നടത്തുന്ന ഭീകര സംഘടനകള്‍ അതാണ് തെളിയിക്കുന്നത്. വളരെ വേഗം മനസുകളില്‍ നിന്നു മനസുകളിലേക്ക് വ്യാപിക്കുന്ന ഒരു വൈറസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു മത തീവ്രവാദം.
ഇന്നു സദ്ദാം ഹുസൈന്‍ നമ്മുടെ നാട്ടില്‍ ഒരു വീര പുരുഷനാണ്. അദ്ദേഹം എങ്ങനെ ആണ് അങ്ങിനെ ഒരു പരിവേഷത്തില്‍ എത്തിയത്? സ്വന്തം നാട്ടിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്ത നേതാവാണ് അദ്ദേഹം. അതെല്ലാം മറന്നു നമ്മള്‍ അദ്ദേഹത്തെ വാഴ്ത്തുന്നത് തീര്‍ച്ചയായും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടല്ല; മരിച്ചു അതില്‍ പ്രതിഫലിക്കുന്നത് അമേരിക്കയോടുള്ള വിദ്വേഷം മാത്രമാണ്. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ സ്വന്തം നേതാവിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കിയ സഖാക്കളാണ് ദേശസ്നേഹത്തിന്റെ പേരില്‍ സദ്ദാമിനെ പുന്യവാനാക്കിയതെന്നത് നിലനില്‍പ്പിന്റെ ആമാശയപരമായ ഇരട്ടത്താപു തന്നെയല്ലേ? മതങ്ങളോട് അകലാന്‍ ആഗ്രഹിച്ച കമ്മ്യൂണിസത്തിന്റെ ആധുനിക വക്താക്കള്‍ മതങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകാന്‍ പാടു പെടുന്നത് കാണുമ്പോള്‍ ആശയങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം മതങ്ങള്‍ക്ക് മാത്രമല്ല മത നിരപെക്ഷതക്കും ഒരു പോലാണെന്ന് തോന്നിപ്പോകുന്നു.
മതങ്ങള്‍ നമ്മെ വിഴുങ്ങും മുന്‍പ് അതിനനുവാദിക്കാതിരിക്കാന്‍ നാം ഉണരെണ്ടിയിരിക്കുന്നു. മതങ്ങളുടെ ആശയങ്ങള്‍ സുഗന്ധപൂരിതമെങ്കിലും അതിന്റെ വക്താക്കള്‍ ഇന്നു പരത്തുന്നത് രക്തത്തിന്റെ രൂക്ഷ ഗന്ധമാണ്. മറ്റു മതങ്ങലെക്കാള്‍ ശ്രേഷ്ടം തങ്ങളാണെന്ന് ഓരോ മതവും അസന്നിഗ്ദമായി പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ മതേതരത്വം ഒരിക്കലും സമാധാനം പരത്തില്ല.

ദൈവം തെരുവില്‍ മരിക്കുന്നൂ, ചെകുത്താന്‍ ചിരിക്കുന്നൂ....
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നൂ;
മതങ്ങള്‍ ചിരിക്കുന്നൂ.........
Labels: DECEMBER - 6, RELEGION, secularism, terrorrism
Subscribe to:
Posts (Atom)