24. സ്വയം വില്‍പ്പനച്ചരക്കാകുന്നവര്‍....

on Saturday, October 31, 2009



അനുഭവമാണ് ഏറ്റവും വലിയ ഗുരു.

അടുക്കളയുടെ മാത്രം വാക്കുകള്‍ അല്ല ട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്. ശരിയാണ്, അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ആഴത്തില്‍ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവില്‍ നമുക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ എത്രയുണ്ടാവും. വളരെ തുച്ചം. എങ്കിലും, നമ്മള്‍ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍ നിഴലും നിലാവും പരത്താറില്ലേ!!! അനേകം അനുഭവസ്ഥരുടെ വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ പാഠങ്ങള്‍ നമ്മിലെക്കും പടരാറില്ലേ!!! ഇന്നു അടുക്കള നിങ്ങളോട് പങ്കു വയ്ക്കുന്നത് അത്തരം അനുഭവക്കുറിപ്പുകളുടെ ചില പുതു പ്രവണതകളെക്കുറിച്ചുള്ള ചിന്തകളാണ്.

കഴിഞ്ഞ ദിവസം സ്വീകരണമുറിയില്‍ നിന്നും ഒരു സഹോദരി തന്റെ ആത്മകഥ എഴുതുവാന്‍ ഉണ്ടായ സാഹചര്യം പറയുന്നതു കേള്‍ക്കാനിടയായി. അച്ചടക്കം മുഖമുദ്രയാക്കേണ്ട ഒരു സംഘത്തില്‍ പ്രവര്ത്തിക്കുന്ന ആ സഹോദരി; ആ സംഘത്തിന്റെ ചില നിയമങ്ങളെയും നിലപാടുകളെയും എതിര്‍ക്കുന്ന പരാമര്‍ശങ്ങളും ഉള്ള ആത്മകഥ എഴുതാനുണ്ടായ സാഹചര്യതെപറ്റി അവര്‍ പറഞ്ഞ വാക്കുകള്‍ ആത്മകഥയുടെ അന്തസത്തയെതന്നെ അടിമുടി അവഹെളിക്കുന്നതായി. പണത്തിനു അത്യാവശ്യം നേരിട്ട ഒരവസരത്തില്‍ ഒരു പ്രസാധകന്‍ വച്ചു നീട്ടിയ പണമായിരുന്നത്രേ ആ സഹോദരിയെ ആത്മകഥയെഴുതാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.

ആരെല്ലാം എത്ര എഴുതിയാലും ആ എഴുത്തുകൊണ്ട് മാത്രം ലോകം നന്നാവുമെന്നുള്ള വ്യാമോഹമോന്നും അടുക്കളക്കില്ല. എങ്കിലും ആത്മകഥ എന്നൊക്കെ പറയുമ്പോള്‍, അതിന് മറ്റു കെട്ടുകഥകളില്‍ നിന്നെല്ലാം എന്തൊക്കെയോ സവിശേഷതകള്‍ ഉള്ളതായി തോന്നാറുണ്ടായിരുന്നു. പ്രധാനമായും തുടക്കത്തില്‍ പറഞ്ഞ കാര്യം. നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിച്ച പ്രതിസന്ധികളുടെ നേരെഴുത്ത് ഇനിയും അത്തരം അനുഭവങ്ങളെ നേരിടേണ്ടി വരുന്നവര്‍ക്ക് ഒരു മുന്‍കരുതലായി മാറിയേക്കാം. അത് കൊണ്ടു തന്നെ നമ്മള്‍ ചെയ്തതോ, നമുക്കു പറ്റിപോയതോ ആയ തെറ്റുകള്‍ പോലും; എഴുതുന്നത് അത് മറ്റൊരാള്‍ വായിക്കുമ്പോള്‍ ആവര്‍ത്തിക്കരുത് എന്ന തോന്നലുണ്ടാകണം എന്ന ലക്ഷ്യതോടെയാവണം.

തന്റെ ജീവിതമാണ് സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയുടെ ആത്മകഥയില്‍ അദ്ദേഹം ചെയ്ത, മഹത്തരമെന്നു ലോകം വാഴ്ത്തിയ പ്രവൃത്തികള്‍ക്കൊപ്പം തന്നെ മാനുഷികമായ ദൌര്‍ബല്യങ്ങള്‍ തന്നെ കീഴടക്കിയതിന്റെയും സാക്ഷ്യം ലോകത്തോട്‌ പറയുന്നുണ്ട്. പക്ഷെ ആ തെറ്റുകള്‍ തെറ്റുകള്‍ തന്നെ ആണെന്നും ആവര്‍ത്തിക്കപ്പെടരുതെന്നും പറയാനുള്ള തന്റേടം അദ്ദേഹം കാണിച്ചു എന്നത് തന്നെയാണ് ആത്മകഥ എന്ന് പറയുമ്പോള്‍ ആദ്യം തന്നെ ഏവരുടേയും മനസ്സില്‍ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തെളിയുന്നതിന്റെ കാരണവും.

പക്ഷെ ആദ്യം പറഞ്ഞ സഹോദരിയുടെ പ്രഥമ ലക്ഷ്യം തന്നെ കച്ചവടം ആയിപ്പോയി. പണത്തിന്റെ ആവശ്യം നേരിട്ടപ്പോള്‍ സ്വന്തം ചിന്തകളെ മാത്രമല്ല, ഓര്‍മ്മകളെയും സ്വകാര്യതകളെയും വില്‍ക്കാന്‍ അവള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഒരു തരത്തില്‍ സ്വയം വില്പനചരക്കാകുകയായിരുന്നു അവള്‍. ആരോടാണോ അവള്‍ ജീവിതം കൊണ്ടു പൊരുതുന്നത്, ആരില്‍ നിന്നാണോ അവള്‍ സംരക്ഷണം തേടിയത് അവരുടെ കച്ചവടക്കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം അനാവൃതമാവുകയായിരുന്നു അവള്‍. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ മേലുള്ള ചൂഷണത്തിനെതിരെ പോരടുന്നുവെന്നു പൊതുവെ പരസ്യം ചെയ്യപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ തന്നെ അവളും ഉണ്ടെന്നത് വലിയ വിരോധാഭാസമായി. ഒരര്‍ത്ഥത്തില്‍ വ്യക്തമായ ലക്ഷ്യബോധമില്ലാത്ത കുറച്ചു സ്ത്രീ വിമോചന പ്രവര്‍ത്തകരും അവരെ പിന്താങ്ങുന്ന സ്ത്രീ വാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറച്ചു പുരുഷന്‍മാരുമാണ് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് ഉള്ള ബഹുമാനം പോലും നഷ്ടപ്പെടുത്തുന്നത്. പരിഹാസപാത്രമാക്കുന്നത്. ഇന്നത്തെ വിഷയം അതല്ലാതതിനാല്‍ അതെക്കുറിച്ച് പിന്നീടൊരിക്കല്‍ സംവദിക്കാം.

ആ സഹോദരി ഒറ്റപ്പെട്ട ഒരു സംഭവമല്ല. സ്ത്രീകളുടെ അനുഭവ പകര്‍ത്തുകള്‍ക്ക്; പ്രത്യേകിച്ച് ലൈംഗികതയെ പറ്റി പരാമര്‍ശമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ഇന്നു മറ്റെന്തിനെക്കാളും വിപണന മൂല്യം ഉണ്ട്. അതില്‍ മനോഹരമായ സാഹിത്യമോ, വിപ്ലവകരമായ ചിന്തകളോ ഒന്നും വേണമെന്നില്ല. സ്വന്തം ലൈംഗികാനുഭാവങ്ങളുടെ വിവരണം മാത്രം ഉണ്ടായാല്‍ മതി. പുസ്തകം "ബെസ്റ്റ് സെല്ലെര്‍" ആയിക്കൊള്ളും. പുരോഗമന വാദികള്‍; എന്തിനും ഏതിനും സമൂഹത്തെ; സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറ്റം പറയുന്ന പുരോഗമന വാദികള്‍ അതിനെ നെഞ്ചോട്‌ ചേര്‍ത്തുകൊള്ളും. വിശ്വോത്തര കൃതിയെന്ന് വ്യാഖ്യാനിക്കും. അവരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ചിന്ത എന്ന് പറയുന്നതു ഒരു സ്ത്രീ ലൈംഗികതയെപ്പറ്റി തുറന്നെഴുതുന്നതാണ്. അതില്‍ നിന്നു ലഭിക്കുന്ന പുളകം ആണ് സമൂഹത്തിന്റെ വളര്‍ച്ചയെ മുന്നോട്ടു നയിക്കുക. എല്ലാവരും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്ന ഒരവസ്ഥ വന്നാല്‍ ലോകം പുരോഗമിച്ചു എന്നും ചിലപ്പോള്‍ ഇവര്‍ വ്യാഖ്യാനിച്ചേക്കാം.

മനുഷ്യരുടെ മൃദുലവികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇക്കിളിക്കഥകളുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന, ഇന്നു കമ്പോളത്തില്‍ ആത്മകഥ അനുഭവകഥ എന്നൊക്കെയുള്ള പേരില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എല്ലാം പ്രധമ ലക്ഷ്യം സാമ്പത്തികം ഇല്ലെങ്കില്‍ പ്രശസ്തി തന്നെയാണ്. ചിലതിനു അതിനപ്പുറം കൃത്യമായി ആരെയെങ്കിലും അധിക്ഷേപിക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നുള്ള ലക്ഷ്യങ്ങളും കാണും. സ്വയം വെള്ള പൂശാനുള്ള മാര്‍ഗമായും ചിലര്‍ ഇതിനെ കാണുന്നുണ്ട്. അക്കൂട്ടര്‍ പക്ഷെ ആത്മകഥക്ക് മുന്‍പ്‌ തന്നെ പ്രശസ്തര്‍ ആയിരിക്കും. ആത്മകഥ എഴുതി പ്രശസ്തരാവാന്‍ പോകുന്നവരാകട്ടെ, പ്രശസ്തരാകട്ടെ, ഇന്നു ആത്മാകത്തക്ക് മൌലികമായി ഒരു മുഖമേ ഉള്ളു. അവനവര്‍ ചെയ്യുന്നതിനെ എല്ലാം ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ കൊണ്ടു ( അവര്‍ അതിനെ വിശാല്മെന്നൊക്കെ പറഞ്ഞേക്കാം.) ന്യായീകരിക്കുന്ന വികലമായ മുഖം. സ്വയം വിമര്ശനം എന്നൊന്ന് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ല. അതെ ആത്മകഥകള്‍ അടിസ്ഥാനമാക്കിയാല്‍ അവര്‍ ലോകത്തെ ഏറ്റവും സത്യസന്ധര്‍. വിശുദ്ധര്‍.

അടുത്തിടെ ഒരു സര്‍വകലാശാല രണ്ടു ആധുനിക ആത്മകഥകള്‍ പാഠപുസ്തകം ആക്കാന്‍ ശുപാര്‍ശ ചെയ്തത് വലിയ വിവാദമായി. അതിലെ പക്ഷം ഈ ലേഖനത്തില്‍ കുറിക്കുന്നില്ലെക്നിലും അടുക്കളക്ക് തോന്നിയത്; എന്തും ചെയ്യുക, എന്നിട്ടതിനെ എങ്ങനെയും ന്യായീകരിക്കുക എന്ന അത്യാധുനിക പ്രവണതയുടെ പരിശീലനത്തിന് വേണ്ടി ആകാം അവര്‍ അങ്ങിനെ ചെയ്തത് എന്നാണ്. മുന്‍പൊരിക്കല്‍ അടുക്കള പറഞ്ഞിരുന്നു, ഈ ലോകത്ത് തെറ്റ് എന്നൊന്നില്ല, പകരം ശരികള്‍ മാത്രമെ ഉള്ളു എന്ന്. എന്റെ ശരികള്‍ നിന്റെ തെറ്റാകാം. അത് എന്റെ ശരിയുടെ കുഴപ്പമല്ല നിന്റെ കാഴ്ച്ചയുടെ കുഴപ്പമാണെന്ന് സാരം. സഹിഷ്ണുത എന്ന വികാരം ഇല്ലതാവുന്നതിന്റെ ഒരു മുഖമാണ് അത്. എങ്കിലും ഏത് പ്രവൃത്തിയെയും നമുക്കു ന്യായീകരിക്കാന്‍ കഴിയും എന്നതിന്റെ വലിയ ദൃഷ്ടാന്തമാണ് അത്. തെറ്റ് ചെയ്തവന് അതിനെ ന്യായീകരിക്കാനുള്ള സ്വാതന്ത്രമുണ്ട്‌. പക്ഷെ എല്ലാവരും ആ ന്യായീകരനങ്ങള്‍ക്ക് പുറകെ പായുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്നത് തെറ്റിനെ തെറ്റാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം ആണ്. തിരിച്ചറിവിന്റെ സ്വാതന്ത്രമാണ്.

തെറ്റ് ചെയ്ത ആളെ തെറ്റ്കാരന്‍ അല്ലാതാക്കാന്‍ ന്യായീകരനങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആ തെറ്റ് സൃഷ്ടിച്ച ദുരന്തങ്ങള്‍, വേദനകള്‍, കണ്ണീര്, അസ്വസ്ഥതകള്‍ മായ്ക്കാന്‍ ആ ന്യായീകരനങ്ങള്‍ക്ക് കഴിയുമോ? ഈ ചോദ്യമാണ് നമ്മള്‍ പലപ്പോഴും വിസ്മരിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നത്‌. അടുത്തിടെ ഒരു കേസിലെ പ്രതികളുടെ മനുഷ്യാവകാശത്തെ പറ്റി ചിലര്‍ പ്രതികരിക്കുന്നത് കേട്ടു. എന്നാല്‍ അവര്‍ നിഷേദിച്ച മനുഷ്യാവകാശം ഇവര്‍ മറക്കുകയാണ്.

നമ്മുടെ പ്രശസ്തയായ ഒരെഴുത്തുകാരി തന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥ പ്രസിദ്ധീകരിച്ച് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ ചില സംഭവങ്ങള്‍ എങ്കിലും സാങ്കല്പികം ആണെന്ന് പറയുകയുണ്ടായി. അന്ന് വായനക്കാരെ തന്റെ വാക്കുകളിലേക്കു ആകര്‍ഷിക്കാനായി ചേര്‍ത്ത പലതും വേണ്ടിയിരുന്നില്ല എന്ന് അവര്ക്കു തോന്നിക്കാണുമോ? തനിക്ക് വരുന്ന എഴുത്തുകളിലും, തന്നോടുള്ള സമീപനങ്ങളിലും ആളുകള്‍ ആ പഴയ വാക്കുകളുടെ നിഴല്‍ ചാലിക്കുന്നുവെന്നു അവര്‍ പറഞ്ഞില്ല. പക്ഷെ തന്നോടു പലരും പെരുമാറിയത് നല്ല രീതിയില്‍ ആയിരുന്നില്ല എന്ന് വിളിച്ചു പറയുമ്പോള്‍ അവര്‍ ഓര്‍ക്കേണ്ടത് ആ ഒരു പ്രതിബിംബം താന്‍ തന്നെ വാക്കുകളാല്‍ നിര്‍മ്മിച്ചതായിരുന്നു എന്നതാണ്. സമൂഹം സ്ത്രീയെ വില്പനച്ചരക്കാക്കുന്നു എന്ന് പരിതപിക്കുന്ന ഇവര്‍, എഴുത്തുകാര്‍ തന്നെയാണ് അതിന്റെ സാധ്യതകളെ ഏറ്റവും ഉപയോഗിക്കുന്നതും. ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീയെ വില്‍പ്പനചരക്കാകുന്നതാണ് എന്ന് കണ്ടെത്തിയ ഇവര്‍ വാക്കുകളിലൂടെ അവളുടെ ശരീരം വര്‍ണിച്ചു, അവളുടെ ലൈംഗികത വര്‍ണിച്ചു, സ്വകാര്യ നിമിഷങ്ങളെ വിവരിച്ചു പുസ്തകം വില്‍ക്കുന്നത് സമൂഹത്തിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നു. എത്ര വിരോധാഭാസം അല്ലെ. ഇതിനെ അല്ലെ ഇരട്ടത്താപ്പ് എന്ന് പറയുന്നതു?

വാങ്ങാന്‍ ആളുള്ളത് കൊണ്ടാണ് ഇവിടെ ശരീര വില്പന നടകുന്നത്, അല്ലെങ്കില്‍ ഇത്തരം ആത്മകഥകള്‍ എഴുതാന്‍ തയ്യാറാവുന്നത് എന്ന് വേണമെങ്കില്‍ പറയാം. എപ്പോഴത്തെയും പോലെ സമൂഹത്തിനു എല്ലാ പഴിയും ചാര്‍ത്താം. എന്നാല്‍ ഒന്നു ചിന്തിക്കുക. വില്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ എത്ര കാത്തു നില്ക്കും. നിര്‍ബന്ധിക്കപ്പെടുന്നതിനേക്കാള്‍ ഏറെ പണത്തിനും പ്രശസ്തിക്കും ഉള്ള, സ്വന്തം ഉള്ളില്‍ തന്നെ ഉള്ള സ്വാര്‍ഥമായ ആഗ്രഹം തന്നെയാണ് സ്ത്രീ ഇവിടെ വില്പനചരക്കായതിന്റെ കാരണങ്ങളില്‍ പ്രധാനം. നേരത്തെ പറഞ്ഞ ആത്മകഥനങ്ങളും ഈ വില്പനകളില്‍ പെടും എന്നത് പലരും സൌകര്യപൂര്‍വ്വം മറക്കുന്നു.കാരണം വില്പന എന്നത് പ്രദര്‍ശന വസ്തു ആവുക എന്ന ഇടുങ്ങിയ ചിന്തയിലേക്ക് ചുരുക്കുകയാണ് ഇവിടത്തെ പ്രഖ്യാത ബുദ്ധിജീവികള്‍.

അടുക്കള ഇത്തരം ആത്മകഥകളെ കണ്ണടച്ച് വിമര്‍ശിക്കുകയല്ലട്ടോ. അവയുടെ ലക്ഷ്യം മഹത്തരമായ എന്തോ ആണെന്ന വ്യാഖ്യാനങ്ങള്‍ ഉയരുമ്പോള്‍ ആ പുകമറയില്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകരുത് എന്ന് ഓര്‍മ്മിപ്പിച്ചതാണ്. കൂട്ടത്തില്‍ തന്റേടത്തോടെ തന്റെ ആത്മകഥ എഴുതി തുടങ്ങാന്‍ ഉള്ള പ്രധാന കാരണം തുറന്നു പറഞ്ഞ ആ സഹോദരിക്കുള്ള അഭിനന്ദനങ്ങളും ഇവിടെ കുറിക്കട്ടെ. അവരുടെ നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ ആവില്ലെങ്കിലും യാദാര്‍ത്ഥ്യം തുറന്നു പറയാന്‍ അവര്‍ കാണിച്ച ധൈര്യം ഇവിടെ പലര്ക്കും അന്യമാണ്.

സ്ത്രീയെ വില്പനചരക്കാക്കുന്നു എന്ന് സ്വരമുയര്‍ത്തുന്ന എഴുത്തുകാര്‍ അവരുടെ കഥാപാത്രങ്ങളിലൂടെ മറ്റൊരു തരത്തില്‍ അവളെ വില്‍ക്കുക തന്നെയാണ് ചെയ്യുന്നത്. അതിനെ ദാര്‍ശനികവല്ക്കരിക്കുകയും മറ്റുള്ളതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇവരുടെ നിലപാടുകള്‍ ആരും തന്നെ ചര്‍ച്ച ചെയ്യാനിടയില്ല. ഇവരൊക്കെ തന്നെയാണല്ലോ സമൂഹത്തിന്റെ എല്ലാ ചര്‍ച്ചകളുടെയും മൊത്തവ്യാപാരികള്‍. തന്നെയുമല്ല, സ്വയം വിമര്‍ശനം എന്നൊന്ന് നമ്മുടെ പുരോഗമന വാദികള്‍ക്ക് അന്യം നിന്നിരിക്കുകയും ചെയ്തിരിക്കുന്നു. സ്വയം ന്യായീകരണം മാത്രമാണല്ലോ എന്നും അവര്ക്കു പഥ്യം. അതിലെ ഇരട്ടത്താപ്പ് വിളിച്ചു പറയാന്‍ ഒരു നാവു അവര്‍ക്കിടയില്‍ നിന്നു തന്നെ എന്നെങ്കിലും സ്വരം ഉയര്‍ത്തും എന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടെ.