22. മൃദുല വികാരങ്ങള്‍ കടമകളെ മറവിയിലാഴ്ത്തുമ്പോള്‍...

on Saturday, October 10, 2009

" ഇതവസാനിപ്പിച്ചേ തീരൂ!!! എനിക്കീ ഭരണം വേണ്ട!!!
ഒരു നിമിഷത്തെ സ്വസ്ഥത പോലും അറിഞ്ഞിട്ടു എത്രയോ കാലമായി... എല്ലാം മറക്കാന്‍ ശ്രമിച്ച്‌ പുലരും വരെ എഴുത്ത് മേശക്കരികില്‍ ഇരുന്നാലും വാക്കുകള്‍ അകന്നു നില്ക്കുന്നു. എന്നെയിത് ഭ്രാന്തു പിടിപ്പിക്കും. നിങ്ങളുടെയെല്ലാം മുന്നില്‍‌ യാചിക്കുന്ന ഈ രാജാവിനെയോര്‍ത്തു നിങ്ങള്‍ക്ക്‌ ലജ്ജ തോന്നുന്നില്ലേ!!!"



ഇതു പറയുമ്പോള്‍ ഒരു പക്ഷെ സ്വാതി തിരുനാള്‍ രാമവര്‍മ്മ വിജയിക്കുകയായിരുന്നിരിക്കാം. തന്റെ പ്രേയസ്സിയെ തന്നില്‍ നിന്നും അകറ്റിയവരോടെല്ലാം... തന്റെ ഭാര്യ നാരായണിയോട് പോലും!!! സ്വാതി തിരുനാള്‍ എന്ന നാദോപാസകന്‍; പ്രണയം നഷ്ടമായ കാമുകന്‍ വിജയിക്കുകയായിരുന്നിരിക്കാം. പക്ഷെ ഇതിനെല്ലാം അപ്പുറം രാമവര്‍മ്മക്ക് മറ്റൊരു നിയോഗമുണ്ടായിരുന്നു. പിറക്കും മുന്‍പ്‌ തന്നെ തന്നില്‍ നിഷിപ്തമായ കര്‍ത്തവ്യം. വഞ്ചിനാടിന്റെ രാജാവ് എന്ന കടമ. ആ രാജാവിനെ വിശ്വസിച്ചു ജീവിച്ച തിരുവിതാംകൂറിലെ പ്രജകളുടെ സുരക്ഷ. ആ വാക്കുകളിലൂടെ പക്ഷെ അദ്ദേഹം തോല്‍പ്പിച്ചത് ജനസഹസ്രങ്ങളുടെ മനസ്സുകളിലെ ആ വിശ്വാസത്തെ ആയിരുന്നു.

ഇന്നു അടുക്കളയില്‍ ആ രാജാവിന്റെ കഥയാണ്. നാം ഇന്നു അദ്ദേഹത്തെ ആരാധനയോടെ ഓര്‍ക്കുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ബലി കഴിച്ച മറ്റു ചില കാര്യങ്ങളുടെ കഥ.



ചരിത്രത്തിന്റെ താളുകള്‍ക്ക് കനം കൂടുന്നതിനനുസരിച്ച് പലതും വിസ്മൃതിയുടെ കാണാക്കയങ്ങളിലേക്ക് പറിചെറിയപ്പെടും. അക്കൂട്ടത്തില്‍ തിരുവിതാംകൂര്‍ എന്ന രാജ്യവും ആ രാജ്യത്തെ രാജ പരമ്പരയും മനസ്സുകളില്‍ നിന്നു മാഞ്ഞു പോയേക്കാം. എങ്കിലും കര്‍ണാടക സംഗീതത്തിന്റെ അവസാന സ്വരവും നിലക്കുന്നതു വരെ സ്വാതി തിരുനാളിന്റെ നാമം ഒരു പ്രളയത്തിനും തുടച്ചു നീക്കാനാവില്ല.

32 വര്‍ഷം മാത്രം നീണ്ടു നിന്ന ആ ജീവിത യാത്രയില്‍ അദ്ദേഹം സംഗീതത്തിനു നല്കിയ സംഭാവനകള്‍ ആര്‍ക്കു മറക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ പേരു കൊത്തി വച്ച കീര്‍ത്തനങ്ങളും വര്‍ണ്ണങ്ങളും സംഗീതാസ്വാദകാരുടെ മനസ്സുകളില്‍ അദ്ദേഹത്തിന് അമരത്വം നല്കും. പക്ഷെ ആ യാത്രക്കിടയില്‍ അദ്ദേഹം മറന്നു പോയ ചില കാര്യങ്ങള്‍, (നിങ്ങള്‍ക്ക്‌ അതെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യം ഉണ്ടാവില്ല, അതിന്റെ ദുരിത പര്‍വ്വം താണ്ടെണ്ടത് ഒരിക്കലും നമ്മള്‍ ആരും അല്ലല്ലോ;) മരണം വരെ മനസ്സില്‍ കൊണ്ടു നടന്ന ചിലരും ഇവിടെ ജീവിച്ചിരുന്നു. നിങ്ങള്‍ ഓര്‍ക്കാത്ത പലരും. ഇന്നു അടുക്കളയിലേക്കു ഓര്‍മ്മകളുടെ കൂട് തുറന്നു വിടുന്നത് അവരില്‍ ഒരുവളാണ്. നാരായണി പിള്ള. സ്വാതി തിരുനാളിന്റെ ധര്‍മ്മ പത്നി. ക്ഷമിക്കുക അവളുടെ വാക്കുകള്‍ നിങ്ങളുടെ ആരാധനാവിഗ്രഹത്തിനു പോറല്‍ എല്പിചെങ്കില്‍. ക്ഷമിക്കുക, കാരണം അവള്‍ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു. മനസ്സും ശരീരവും സംഗീതത്തിനു മാത്രം നല്കിയ സ്വാതി തിരുന്നാളിന്റെ മാത്രം ഭാര്യ.


"അമ്മ മഹാറാണിയോട് യാത്ര പറഞ്ഞു കൊട്ടാരത്തില്‍ നിന്നു തിരുവട്ടാര്‍ തറവാട്ടില്‍ എത്തും വരെ മനസ്സില്‍ അവരുടെ വാക്കുകള്‍ ആയിരുന്നു.



'കുട്ടീ; നിന്റെ സ്ഥാനം പല പെണ്‍കുട്ടികളും മോഹിച്ചതാണ്. ഇപ്പോഴും കൊതിക്കുന്നവരുണ്ട്. അതോര്‍മ്മ വേണം.'



ശരിയായിരുന്നു. പല പെണ്‍കുട്ടികളും മോഹിച്ചിരുന്നു. ഞാനും. പക്ഷെ ഇപ്പോള്‍ ആ മോഹങ്ങളെ പറിച്ചെറിഞ്ഞു മടക്കയാത്രയാണ്. എനിക്ക് പകരം വേറെ ഏതെങ്കിലും പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ യാത്ര ഇങ്ങനെ ഒറ്റക്കാകുമായിരുന്നോ? ആര്‍ക്കറിയാം. ചിലപ്പോള്‍ ആകുമായിരിക്കും.

ഒരു സാദാരണ നായര്‍ കുടുംബമായ ആയ്ക്കുട്ടി വീട്ടിലെ ഈ പാവം കുട്ടിയുടെ പാട്ടുകേള്‍ക്കാന്‍ അദ്ദേഹം എത്തിയപ്പോള്‍ ഒരിക്കലും കരുതിയില്ല ജീവിതത്തില്‍ അദ്ദേഹമാണ് എന്റെ പാതിയായി വരുന്നതെന്ന്. ഞാന്‍ പാടുന്നത് കേള്‍ക്കെ അടഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ മിഴികളുടെ ആഴങ്ങളില്‍ ഞാന്‍ നിറയണമേ എന്ന് അറിയാതെ പ്രാര്‍ത്തിച്ചിരുന്നു. ഞാന്‍ വീണ മീട്ടുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ താളം പിടിക്കുന്നത്‌ എന്റെ ചുമലില്‍ ആയിരുന്നെങ്കിലെന്നു കൊതിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഞങ്ങളെ തിരുവട്ടാര്‍ അമ്മവീട്ടിലേക്ക് ദത്തെടുക്കാനും ജീവിത സഖി ആക്കാനും തീരുമാനിച്ചതറിഞ്ഞ നിമിഷം ആഹ്ലാദത്തേക്കാള്‍ ഏറെ അത്ഭുതം തന്നെ ആയിരുന്നു. വിവാഹവും ചടങ്ങുകളും ഒക്കെ സ്വപ്നമല്ല എന്ന് ചിന്തിയ്ക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി.


സ്വപ്നങ്ങളിലെ ജീവിതം യാദാര്‍ത്യമായപ്പോഴും മനസ്സുകൊണ്ടു ഒരു രാജ പത്നി എന്ന പദവിയുടെ ഭാരങ്ങളെ ആശങ്കയോടെ തന്നെയാണ് ഞാനോര്‍ത്തത്. ഇതു വരെ ഞാന്‍ വെറുമൊരു പെണ്ണായിരുന്നു. പക്ഷെ വാഞ്ചിനാടിന്റെ രാജപത്നി അങ്ങനെ ആണോ? മനസ് കുറേക്കൂടി പക്വമാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഒരു പെണ്‍കുട്ടിയില്‍ നിന്നും ഭാര്യയിലെക്കുള്ള ദൂരം അദ്ദേഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനായില്ല എന്നത് ഏറെ വൈകി ആണ് എനിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. തിരുവിതാംകൂര്‍ മഹാരാജാവിനു ഭാര്യയെന്നാല്‍ ഭാവനയുടെ ലോകത്തേക്ക് വാഗ്ദേവതയുടെ സ്ഫുരണങ്ങളെ പറത്തിവിടാന്‍ ഉത്തേജനം നല്കുന്ന ഒരു സാമീപ്യം മാത്രമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചില്ല. അമ്മമഹാറാണിയും മറ്റുള്ളവരും പറഞ്ഞു തന്ന ചരിത്ര പാഠങ്ങളും എന്നെ പഠിപ്പിച്ചത് അങ്ങിനെ ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ തന്റെ കൃതികളെ ആലപിക്കുന്ന ഗായിക മാത്രം ആയാല്‍ മതി. പുലരും വരെ പ്രിയ രാഗങ്ങള്‍ വീണ മീട്ടിയാല്‍ മതി. മറ്റെല്ലാം, രാജ്യത്തെ സംഘര്‍ഷങ്ങളും, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായുള്ള പോരാട്ടങ്ങളും, പട്ടിണിയും, ദാരിദ്രവും എല്ലാം മറക്കാന്‍ അദ്ദേഹത്തിന് സംഗീതം കൊണ്ടു കഴിയുമായിരുന്നു.

പക്ഷെ ഒരു രാജാവ് അങ്ങനെ ആകേണ്ട ഒരാള്‍ ആണോ?

വളരെ ചെറിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതു. അലയടിക്കുന്ന തിരമാലയുടെ ഓളങ്ങളില്‍, പറവകളുടെ ചിറകടിയുടെ താളത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലിലെ കാറ്റിന്റെ മൂളലില്‍ എല്ലാം അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞത് രാഗങ്ങളുടെ ലയമാണ്. കലാകാരന്മാര്‍ക്ക് ജീവിക്കാന്‍ ഭാവനകളുടെ ഊര്‍ജ്ജം മാത്രം മതി. എത്ര വിശക്കുന്ന വയറുമായും നിശ നീന്തി കടക്കാന്‍ രാഗ മേളങ്ങളുടെ നാദം മാത്രം മതി. പക്ഷെ, അതിന്റെ എത്രയോ അധികം സാദാരണ ജനങ്ങള്‍... അവര്ക്കു വിശപ്പടക്കാന്‍ കവിതയോ കഥകളിപ്പദമൊ മതിയാവില്ല.


എന്നിലെ സ്ത്രീ പോലും അദ്ദേഹത്തിന്റെ കാഴ്ച്ചയുടെ ചക്രവാളങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നിലെ കലാകാരിയെ മാത്രമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. അംഗീകരിക്കാന്‍ ഏറെ ബുദ്ദിമുട്ടിയെങ്കിലും ഞാനും അതുമായി പോരുത്തപ്പെട്ടിരുന്നു. അനന്തപദ്മനാഭന് ജന്മം നല്കുന്നത് വരെ. പക്ഷെ ഒരമ്മക്ക് ഒരിക്കലും സ്വാര്‍തയാകാനാവില്ല. നീണ്ടു കിടക്കുന്ന വയലിലെ കതിരുകള്‍ കാണുമ്പോള്‍ കാറ്റിന്റെ ഈണമല്ല, മക്കള്‍ക്ക്‌ വയറു നിറച്ചുണ്ണാനുള്ള നെല്ലിനെ കുറിച്ചാണ് അവള്‍ക്ക് ഓര്‍ക്കനുണ്ടാവുക. നിങ്ങള്‍ അവളെ എത്ര സൌന്ദര്യ ബോധമില്ലാതവള്‍ എന്ന് വിളിച്ചാലും. സംഗീതം മനസ്സിനെ സന്തോഷിപ്പിക്കാനുല്ലതാണ്. പക്ഷെ അതിനെക്കാള്‍ എത്രയോ വലുതാണ്‌ മനുഷ്യന്റെ വിശപ്പും ജീവിതവും.



അദ്ദേഹത്തിന്റെ സംഗീതത്തെ ഞാനും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം എന്നില്‍ നിന്നും ഓരോ നിമിഷവും അകലുകയായിരുന്നു. അദ്ദേഹത്തിന് ഉത്തേജനം നല്‍കാന്‍ കഴിവില്ലതവള്‍ എന്ന് ഏറെ കുറ്റപ്പെടുതുമ്പോഴും അദ്ദേഹം ഓര്‍ത്തില്ല, ഞാന്‍ ചെയ്യുന്നത് അതിനെക്കാള്‍ എത്രയോ വലിയ കര്‍മ്മമാണെന്ന്. അദ്ദേഹം തന്റെ ധര്‍മ്മങ്ങള്‍ സ്വയം മറന്നതായി നടിക്കുമ്പോഴും. ഒടുവില്‍ തഞ്ചാവൂരിലെ സുഗന്ധവല്ലി എന്ന നര്‍ത്തകിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിര് കടക്കുന്നു എന്നറിഞ്ഞപ്പോഴും മനസിലെ വേദനയടക്കി കൊട്ടാരത്തില്‍ തന്നെ ഞാന്‍ കഴിഞ്ഞു . വിവാഹരാത്രി കിടപ്പറയിലേക്ക് കാലെടുത്തു വക്കുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.



' ഈ വാതിലിനിപ്പുറം ഞാന്‍ രാജാവല്ല. നീ രാജപത്നിയുമല്ല. വെറും ഭര്‍ത്താവും ഭാര്യയും മാത്രം.'

പക്ഷെ ഇപ്പോള്‍ ആ മുറിക്കകത്ത് അദ്ദേഹം രാജാവാണ്. ഞാന്‍ ആ പഴയ ദാസിയും. പക്ഷെ, തിരുവാതിരക്കു സുഗന്ധവല്ലിയുടെ നൃത്തത്തിന് ഞാന്‍ വീണ മീട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോള്‍.... എനിക്ക് വയ്യ. എനിക്കതിനെങ്ങനെ കഴിയും. എന്നെപ്പോലെ അവളും ഒരു കലാകാരി ആയിരിക്കാം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരു ഭാര്യയും അവള്‍ എന്റെ ഭര്‍ത്താവിന്റെ-

ഇല്ല. എനിക്കതിനു കഴിയില്ല. അദ്ദേഹത്തെ ഞാന്‍ മനസ്സിലാക്കുന്നില്ല എന്നായിരുന്നു അതിന് ഞാന്‍ കേട്ട പഴി. പഴിചോട്ടെ, അദ്ദേഹം രാജാവാണ്. ഇഷ്ടമുള്ളത് ചെയ്യാം. പക്ഷെ എന്റെ ഭര്‍ത്താവ്, എന്റെ കുഞ്ഞിന്റെ പിതാവ് അങ്ങിനെ ചെയ്യുന്നത് എനിക്കൊരിക്കലും സഹിക്കാനാവില്ല. ശരിയാണ്. അദ്ദേഹം അതിനപ്പുറം പലതുമാണ്. പക്ഷെ അത് കൊണ്ടു അദ്ദേഹം അതല്ലതാകുമോ? ഇല്ല. ഒരിക്കലും ആകാന്‍ പാടില്ല. ആരും.

പോകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമോര്‍ത്തത് അദ്ദേഹത്തോട് യാത്ര പറയണമെന്നാണ്. പക്ഷെ ആ മനസില്‍ നിന്നു ഇറങ്ങുംബോഴല്ലേ യാത്ര ചോദിക്കെണ്ടൂ. ഞാനെന്ന ഭാര്യയെ ഒരിക്കലും അദ്ദേഹം മനസ്സില്‍ കുടിയിരുതിയിരുന്നില്ല. അവിടെ ഞാനെന്ന കലാകാരിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവള്‍ ഇന്നില്ല. ഇനി ഒരിക്കലും തിരിച്ചു വരാന്‍ കഴിയുകയുമില്ല. ഇപ്പോള്‍ ഞാന്‍ അറിയുന്നു. അദ്ദേഹത്തിന് ഭാര്യ ആയിരുന്നില്ല വേണ്ടിയിരുന്നത്. പേരിനൊരു ഭാര്യ ആയിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് ഒരു സഹയാത്രിക ആയിരുന്നു. എല്ലാത്തിനും കാഴ്ചക്കാരി മാത്രമാകാന്‍ കഴിയുന്ന ഒരു സഹയാത്രിക. സുഗന്ധവല്ലി അതായിരുന്നിരിക്കാം. പുതിയ കൊട്ടാരത്തില്‍ അവളെയും കുടുംബത്തെയും പാര്‍പിച്ചപ്പോഴും അവള്‍ പറഞ്ഞതു തനിക്കൊന്നും വേണ്ട എന്നായിരുന്നു. ഞാന്‍ ആവശ്യങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടിക്കുന്നു എന്ന് പരാതി പറയുന്ന അദ്ദേഹത്തിന് എന്റെ ആവശ്യങ്ങള്‍ എന്റെ മാത്രം ആവശ്യങ്ങള്‍ അല്ല എന്ന് കാണാന്‍ ആവാതെ പോയി.


അദ്ദേഹം പറഞ്ഞതു ശരിയാണ്. തെറ്റിപ്പോയി. ഞാന്‍ അദ്ദേഹത്തെ അറിഞ്ഞതും അദ്ദേഹം എന്നെ അറിഞ്ഞതും. തെറ്റിപ്പോയി."




നാരായണിക്ക് ഇത്രയേ പറയാനാവൂ. വിലയിരുത്തേണ്ടത് നമ്മള്‍ ആണ്. ആര്‍ക്കാണ് തെറ്റിയത്. നാരായണി ചിന്തിച്ചതും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതും ഒരു ഭാര്യയുടെ ഭാഗത്ത് നിന്നാണ്. ഒരു രാജ്യം ഭരിക്കേണ്ട രാജാവിന്റെ ഭാര്യയുടെ. പക്ഷെ സ്വാതി തിരുനാള്‍ പലപ്പോഴും മറന്നതും അതാണ്‌. താന്‍ സംഗീത ഉപാസകനാണ് എന്നതിനപ്പുറം തിരുവിതാംകൂര്‍ രാജാവാണെന്ന കാര്യം. തനിക്ക് ലഭിച്ച രാജ പദവി കൊണ്ടു കലാകാരനമാരെ പ്രോല്‍സാഹിപ്പിച്ച അദ്ദേഹം അതിനെക്കാളുപരി ആ പദവികൊണ്ട് ചെയ്യനുണ്ടായിരുന്ന കര്‍ത്തവ്യങ്ങളില്‍ പലതും വിസ്മരിച്ചതിന്റെ പ്രതിഫലനമാണ് ആദ്യം കേട്ട വാക്കുകളായി തിരുവിതാംകൂറില്‍ മുഴങ്ങിയത്. രാജ്യത്തിന്റെ ശക്തിയുടെ പ്രതിരൂപമാകേണ്ട രാജാവ് ഒരു സ്ത്രീയുടെ പേരില്‍ സ്വന്തം ജീവിതം ബലി കഴിച്ചപ്പോള്‍....



ഒരു കലാകാരന്‍ ഒരു മനുഷ്യസ്നേഹി കൂടി ആയിരിക്കണം എന്നൊരു ചൊല്ലുണ്ട്. തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അകന്നു സങ്കല്‍പങ്ങളുടെ വാല്‍മീകങ്ങളില്‍ സുഷുപ്തിയിലാണ്ട് നില്‍ക്കെണ്ടാവാന്‍ അല്ല മനുഷ്യ സ്നേഹി. പക്ഷെ കലാകാരന്മാരുടെ ഒരു ദൌര്‍ബല്യമാണ് അംഗീകാരം, പ്രശസ്തി. ഒരു കുടുംബനാഥന്‍ എന്ന കടമ നിര്‍വഹിച്ചാല്‍ ഒരിക്കലും പ്രശസ്തി കിട്ടില്ല. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ ചില കലാകാരന്‍മാരെങ്കിലും അത്തരം ചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. പിതാവെന്ന മകനെന്ന ഭര്‍ത്താവെന്ന അടിസ്ഥാന കടമകളെ അവര്‍ പാടെ വിസ്മരിക്കുന്നു. അവര്‍ക്കതിനു കഴിയാതെ അല്ല. മറ്റുള്ളവര്‍ തങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന വിട്ടു വീഴ്ചകളുടെ ഒരംശം തന്റെ പിടിവാശി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായാല്‍ അവര്‍ക്കതിനു കഴിയും. മനസ്സിലെ സ്വാര്‍തത അല്പമൊന്നു കുറച്ചാല്‍ അവര്‍ക്കതിനു കഴിയും. പക്ഷെ ജനശതങ്ങളെ തന്റെ പ്രതിഭ കൊണ്ടു ആനന്ദിപ്പിക്കുന്ന അവന്‍ തന്റെ ഉറ്റവരെ അങ്ങേ അറ്റം വിഷമിപ്പിക്കുന്ന കാഴ്ച ആനന്ദസാഗരത്തില്‍ ആറാടുന്ന നമ്മുടെ നയനങ്ങള്‍ക്ക് കാണാന്‍ ആയെന്നു വരില്ല. ഓരോ മനുഷ്യനും, അവന്‍ കലാകാരനായാലും കൊലപാതകി ആയാലും, സമൂഹത്തോട് ആവശ്യം ചെയ്യേണ്ട കടമകള്‍ ഉണ്ട്. ജീവിക്കാന്‍ അടിത്തറ ഒരുക്കി തന്നതിന്റെ പ്രത്യുപകാരം. പക്ഷെ ഓരോ സമൂഹവും തുടങ്ങുന്നത് തന്നില്‍ നിന്നു തന്നെയാണ്. വ്യക്തി-കുടുംബം-സമൂഹം-രാഷ്ട്രം എന്നിങ്ങനെ വികസിക്കുന്ന ആ കണ്ണിയിലെ രണ്ടാമത്തെ കണ്ണി അവര്‍ പലപ്പോഴും വിസ്മരിക്കുന്നു. അത് കൊണ്ടു തന്നെ ജീവിതത്തില്‍ സ്വസ്ഥത എന്നത് കേവലം സങ്കല്‍പമായി തന്നെ അവശേഷിക്കുന്നു. മനുഷ്യന്‍ ഒരിക്കലും സങ്കല്പങ്ങളില്‍ ഉറങ്ങേണ്ടാവനല്ല. യാദാര്‍ത്യങ്ങളോട് പോരുതെണ്ടാവനാണ്.

സ്വാതി തിരുനാള്‍ മഹാനായ സംഗീതജ്ഞനായിരുന്നു. പക്ഷെ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം എന്താണ്? അദ്ദേഹം തന്റെ ഭാര്യയെ പ്രണയിച്ചിരുന്നു. പക്ഷെ അദ്ദേഹം തിരികെ പ്രതീക്ഷിച്ച പ്രണയത്തിനു എല്ലാ സ്വാതന്ത്രവും അനുവദിച്ചു കൊടുക്കുക എന്ന അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. സ്വാതത്രം എന്ന വാക്കു തന്നെ അസംതൃപ്തിയുടെ ഉത്പന്നമാണ്. സംതൃപ്തിയുടെ ലോകത്ത് സ്വാതന്ത്രചിതകള്‍ക്ക് തന്നെ പ്രസക്തിയില്ല. പ്രണയം എന്നത് ജീവന്റെ സംതൃപ്തി ആണ്. എല്ലാ സ്വാതന്ത്രങ്ങളെയും അപ്രസക്തമാക്കുന്ന മനസിന്റെ ഔന്നിത്യമാണ്. അതല്ലേ പ്രണയത്തിനായി മറ്റെല്ലാം ഉപേക്ഷിക്കാന്‍ നമ്മെ പ്രപ്തരാക്കുന്നതും. സുഗന്ധവല്ലിയെ ഓര്ത്തു നിരാഹാരം കിടന്നു സ്വയം ജീവനൊടുക്കിയ സ്വാതി തിരുനാളും പ്രണയിനിക്കായി ബ്രിട്ടീഷ്‌ സിംഹാസനം ത്യജിച്ച എഡ്വെര്ദ് - VIII രാജാവും ചെയ്തതും അതിലൂടെ നമ്മോടു പറഞ്ഞതും പ്രണയം എല്ലാ സ്വാതന്ത്രങ്ങളും അപ്രസക്തമാക്കുന്ന വികാരം ആണെന്ന് തന്നെയല്ലേ. സ്വതന്ത്ര മോഹികള്‍ തിരയുന്നത് പ്രണയമല്ല. സ്വാതന്ത്രം മാത്രമാണ്. അതാകട്ടെ അസ്ഥിരമായ ഒരവസ്ഥയും.


മഹാന്മാരായ കലാകാരന്മാരെ നമുക്കു ആദരിക്കാം. പക്ഷെ അവരെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആവര്‍ത്തിക്കപ്പെടുന്നത് അതെ ദുരന്തങ്ങള്‍ തന്നെയാവും. ആ ദുരന്തങ്ങള്‍ ഇന്നിന്റെ കലാകാരന്മാര്‍ക്ക് പാഠം ആവേണ്ടതാണ്‌. യാദാര്‍ത്യങ്ങളുടെ ലോകത്തേക്കും കണ്ണുകള്‍ അയക്കാന്‍ അവര്‍ക്ക് സ്വപ്ന സഞ്ചാരികളായ മുന്‍ഗാമികളുടെ അസ്വസ്തമാര്‍ന്ന ജീവിതം വഴി കാട്ടട്ടെ. നമുക്കാര്‍ക്കും അനുകരനങ്ങളിലൂടെ മറ്റൊരു സ്വാതി തിരുനാള്‍ ആകാനാവില്ല. ഒരിക്കലും. നമള്‍ നാളെക്കായി കോറിയിടെണ്ടത് നമ്മുടെ കൈയൊപ്പ്‌ പതിച്ച പ്രതിഭാസ്ഫുരണങ്ങള്‍ ആണ്. അതിന് പക്ഷെ നാരായണിമാരുടെ കണ്ണീരിന്റെ കാളിമ ഉണ്ടാവാതിരിക്കട്ടെ. ജീവിതത്തില്‍ മൃദുല വികാരങ്ങളാല്‍ മാത്രം സ്വയം മറക്കാതെ നാളയുടെ ജീവിതത്തിനു മാതൃകയാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും കഴിയട്ടെ എണ്ണ പ്രാര്‍ത്ഥനയോടെ.......


കുറിപ്പ്: രാജ കുടുംബത്തിന്റെ എതിര്‍പ്പുണ്ടായിട്ടും തനിക്കൊന്നും വേണ്ട എന്ന് പറഞ്ഞ സുഗന്ധവല്ലി സ്വാതി തിരുനാളിന്റെ മരണശേഷവും തിരുവനന്തപുരത്ത് തഞ്ചാവൂര്‍ അമ്മവീട്ടില്‍ തന്നെയാണ് മരണം വരെ ജീവിച്ചത്. അവരുടെ മരണശേഷം മഹാരാജ ഉത്രം തിരുനാള്‍ ആ കൊട്ടാരം രാജസ്വത്തിലേക്ക് ഏറ്റെടുത്ത നടപടിയെ അവര്‍ മദ്രാസ്‌ ഹൈകോടതിയില്‍ കേസ് കൊടുത്തു ചോദ്യം ചെയ്യുകയുമുണ്ടായി. സുഗന്ധവല്ലി ആരാധിച്ചിരുന്ന ഗണപതി വിഗ്രഹം തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങര അമ്പലത്തിലേക്ക് മാറ്റുകയും ചെയ്തു.

കടപ്പാട്: ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത "സ്വാതി തിരുനാള്‍" സിനിമയോട്.


21. തിളക്കമില്ലാത്ത താരങ്ങള്‍....

on Friday, October 02, 2009

ചന്ദ്രനെ കാണാത്തവരായി കാഴ്ചയുള്ളവരില്‍ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയില്‍ ദൂരെ മാനത്ത് കുളിര്‍മ്മയുള്ള നിലാവ് പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാള്‍ മുതലേ കണ്ടു തുടങ്ങിയതാണ്‌ എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ ആ മന്ദസ്മിതം നമ്മുടെ മനസ്സിലും നിലാവ് പൊഴിച്ചിരിക്കുന്നുദേവനായും കളിക്കൂട്ടുകാരനായും സങ്കല്പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്പനികതയുടെ വക്താക്കള്‍ക്കും ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്ത്ര ലോകത്തിനും.

പക്ഷെ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൌന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത് അറിഞ്ഞപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ ഊഴര മരുഭൂമികളെക്കാള്‍ വരണ്ട ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൌന്ദര്യത്തിന്റെ ഉപമയായി സങ്കല്പിച്ചത്. ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.

ഇന്നും കഥ പറയുന്നതു നിങ്ങളില്‍ പലര്‍ക്കും അജ്ഞാതയായ ഒരു സഹോദരി ആണ്. പാട്രീഷ്യ ഹെയില്‍ എന്ന പാറ്റ്. ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലെ പാവപ്പെട്ട ഒരു ക്ലാര്‍ക്കിന്റെ മകളായി പിറന്നു പിന്നീട് വലിയ സ്വപ്നങ്ങളുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ എത്തിയ കൌതുകമുണര്‍ത്തുന്ന സുന്ദരമായ മുഖത്തോട് കൂടിയ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. പക്ഷെ ഒരുപാടു പ്രതീക്ഷകളും പേറിയുള്ള ആ യാത്ര തന്റെ സ്വപ്നങ്ങളുടെ വിലാപയാത്ര ആയിരുന്നെന്നു അവള്‍ തിരിച്ചറിയുന്നത്‌ നീണ്ട 44 വര്‍ഷങ്ങള്‍ക്കു ശേഷം രോഗവുമായുള്ള മല്ലയുദ്ദത്തിനിടക്ക് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. കാരണം അത് വരെയും അവള്‍ വിശ്വസിച്ചിരുന്നു. ' ഞാന്‍ എന്റെ വിദ്യയുടെ പ്രിയ പത്നി ആണ്.' തനിക്കും എഴുതിനുമിടയില്‍ എന്നും കടന്നു വരാന്‍ പാടില്ലെന്നും തങ്ങള്‍ മാത്രമുള്ള സ്വകാര്യതയാണ്‌ തനിക്ക് വേണ്ടതെന്നും പറഞ്ഞു അമ്മയാകാനുള്ള മോഹത്തെ അയാള്‍ നിരാകരിക്കുമ്പോഴും അവള്‍ വിശ്വസിച്ചു; ' ഞാന്‍ എന്റെ വിദ്യയുടെ എല്ലാമാണ്.'


നിങ്ങള്‍ക്കറിയില്ലേ പാറ്റിന്റെ വിദ്യയെ??? ഇന്ത്യന്‍ വേരുകളുള്ള, ആധുനിക ഇംഗ്ലീഷ്‌ ഗദ്യസാഹിത്യ ലോകത്തെ കുലപതികളില്‍ ഒരാളായ വി. എസ്. നൈപാള്‍ എന്ന സര്‍ വിധ്യാധര്‍ സൂരജ് പ്രസാദ്‌ നൈപാളിനെ എങ്ങനെ അറിയാതിരിക്കാനാണ്. നോബല്‍ സമ്മാനവും, ബുക്കര്‍ സമ്മാനവും അടക്കം സാഹിത്യത്തിനു ലഭിക്കാവുന്ന ബഹുമതികളില്‍ ഏറെയും നേടിക്കഴിഞ്ഞ ലോകത്തെ സാഹിത്യപ്രേമികളുടെ മനസ്സില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ നൈപാള്‍ എന്ന സാഹിത്യ നഭസ്സിലെ താരത്തെ!!! പക്ഷെ പാറ്റിണ് പറയാനുള്ളത് ആ തിളക്കത്തിന്റെ തീവ്രതയല്ല. മരിച്ചു ആ തിളക്കതിനപ്പുറത്തെ ഇരുള്‍ കൂടിയാണ്. വാക്കുകള്‍ കൊണ്ടു സ്ത്രീ വംശത്തിനു പട്ടു മെത്ത ഒരുക്കിയ പ്രവൃത്തി കൊണ്ടു അതെ സ്ത്രീത്വത്തിനു പട്ടട ഒരുക്കിയ നൈപാള്‍ എന്ന മനുഷ്യന്റെ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന മുഖങ്ങളെക്കുറിച്ച്.



" മരണം കാത്തു കിടക്കുക എന്നതിനോളം വലിയ ശിക്ഷ ഈ ലോകത്ത് അനുഭവിക്കാനില്ല. പക്ഷെ ആ കാത്തിരിപ്പിനും ചിലപ്പോഴൊക്കെ മധുരമുള്ള സമ്മാനങ്ങള്‍ നല്കാനാവുമെന്നു തിരിച്ചറിഞ്ഞത് രാവിലെ ഹെഡ്‌ നേഴ്സ്‌ കൊണ്ടു വന്ന ഫാക്സ്‌ വായിച്ചപ്പോഴാണ്. ജക്കാര്‍ത്തയില്‍ നിന്നും വിദ്യയുടെ സന്ദേശം.



"പല കാര്യങ്ങളും കേട്ടത് ഹൃദയം കീറി മുറിയുന്ന വേദനയോടെയാണ് പാറ്റ്. എന്റെ ആ വാക്കുകള്‍ എന്നെക്കുറിച്ചായിരുന്നു എങ്കിലും നീ അറിയരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് നിന്നെ ഇത്ര തളര്‍ത്തി എന്ന് കേള്‍ക്കുമ്പോള്‍..... ഞാന്‍ എന്ത് ചെയ്യണം എന്നാണ്, എന്താകണം എന്നാണ് നീ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയു പാറ്റ്. നീ എന്തായിരുന്നുവോ, അതിനെല്ലാം ഈ വിതുമ്പുന്ന ഹൃദയത്തിന്റെ നന്ദി. ഞാന്‍ അറിയുന്നു, ഞാന്‍ ഒരിക്കലും നിന്റേതു മാത്രമായിരുന്നില്ല എന്നറിഞ്ഞിട്ടും നീ എന്നും എനിക്ക് മാത്രമായി കാത്തിരുന്നു എന്ന്. with tremendous and enduring love, always your's VIDDYA"



ഇനി ഒരിക്കല്‍ കൂടെ വായിക്കാനാവാത്ത വിധം എന്റെ മിഴിനീരാല്‍ ആ കടലാസു കഷണം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. എന്താണ് ഞാന്‍ അദ്ദേഹത്തോട് പറയേണ്ടത്. കൈകളില്‍ വിറയ്ക്കുന്ന ഈ തുണ്ട് കടലാസിനു എന്ത് മറുപടിയാണ് ഞാന്‍ പറയേണ്ടത്??? കഴിയില്ല. ഒരു ജീവിതം മുഴുവന്‍ ഒരു വാക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദേഹത്തിന്റെ പ്രതിഭക്കെ കഴിയൂ...

എന്നും എഴുത്തിലൂടെ ആയിരുന്നല്ലോ അദ്ദേഹം എല്ലാരെയും പോലെ എന്നെയും കീഴടക്കിയത്...

അന്ന്, കോളെജ് ഓടിറ്റൊരിയത്തില്‍ ആദ്യമായും അവസാനമായും വേദിയില്‍ നൃത്തമാടിയ എനിക്ക് ആദ്യമായി കിട്ടിയ അഭിനന്ദനം. രണ്ടു വാക്കുകള്‍ മാത്രം കുത്തിക്കുറിച്ച ഒരു കൊച്ചു കടലാസ് തുണ്ട്. അതായിരുന്നു വിദ്യ ആദ്യം എനിക്ക് തന്ന സമ്മാനം. പിന്നീട് ഓക്സ്ഫോര്‍ഡില്‍ വച്ചു മനസിന്റെ വിലാസത്തിലെക്കയച്ച ഒരു പാടു എഴുത്തുകള്‍ എന്നെ മോചിപ്പിക്കുകയായിരുന്നു!!!! ഭക്ഷണം പോലും ചുരുക്കി എന്നെ പഠിക്കാന്‍ അയച്ച പാവം മാതാപിതാക്കളില്‍നിന്ന്, ബ്ലാക്ക്‌ & വൈറ്റ്‌ ടെലിവിഷന്‍ സെറ്റ് വാങ്ങാന്‍ കൊതിയോടെ കൂട്ടിവച്ചിരുന്ന പണക്കുടുക്ക പൊട്ടിച്ചു എന്റെ മടിത്തട്ടിലേക്ക് ചെരിഞ്ഞ അനുജത്തിയില്‍ നിന്ന്, വെക്കേഷന് ചെല്ലുമ്പോള്‍ അടുത്ത കുടുസ്സുമുറിയിലേക്ക് സ്വയം മാറി മാതാപിതാക്കള്‍ എനിക്കായി തുറന്നിടാറുള്ള കിംഗ് സ്റ്റനിലെ കുഞ്ഞു ഫ്ലാറ്റിലെ ഒറ്റ ജാലകമുള്ള മുറിയില്‍ നിന്ന്, പിന്നെ എന്നെ കാത്തിരുന്ന ഒരു പാടു വേദികളില്‍ നിന്ന്, എന്റെ വിരലുകല്‍ക്കായി കാത്തിരുന്ന താളുകളില്‍ നിന്ന് എല്ലാം ഞാന്‍ മോചിപ്പിക്കപ്പെടുകയായിരുന്നു. പക്ഷെ അതോടൊപ്പം തന്നെ ഞാന്‍ പറിചെറിയപ്പെടുകയായിരുന്നു. എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളില്‍ നിന്ന്. പക്ഷെ അതൊന്നും തന്നെ എന്നെ ഒട്ടും തന്നെ വേദനിപ്പിച്ചില്ല. കാരണം ഇപ്പറഞ്ഞ എല്ലാം ഒരു തട്ടില്‍ വച്ചു തുലാഭാരം നടത്തിയപ്പോഴും മനസ്സില്‍ അപ്പോള്‍ വിദ്യയുടെ തട്ട് താഴ്ന്നു തന്നെ കിടക്കുകയായിരുന്നു.

പക്ഷെ പിന്നീട് ഏറെ നാളുകള്‍ക്കു ശേഷം വിവാഹം ഒരു കെണിയാണെന്നും, സമൂഹത്തിന്റെ പ്രതീക്ഷകളെ തകിടം മറക്കുന്ന പ്രക്രിയ ആണെന്നും വിദ്യ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യ ആണെന്ന് തന്നെ ആണ് വിശ്വസിച്ചത്.

പക്ഷെ നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന മറ്റൊരു കുറിപ്പ് എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചു. ഒരു പത്രത്തിന് വിദ്യ നല്കിയ അഭിമുഖം. അതെ കുറിച്ചു കേട്ട ഞാന്‍ വിദ്യയെ വിളിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഇങ്ങനെ ആയിരുന്നു. ' പാറ്റ്; അത് നീ വായിക്കരുത്, ദയവായി അത് നീ വായിക്കരുത്' പക്ഷെ എനിക്കെങ്ങനെ അതിന് കഴിയും. ലോകത്തിനു മുഴുവന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാമെങ്കില്‍ ഇത്ര കാലം അദ്ദേഹത്തെ മാത്രം ഓര്‍ത്തു ജീവിക്കുന്ന എനിക്ക് മാത്രം എന്ത് കൊണ്ടു പാടില്ല. ഞാന്‍ ആ പത്രം വാങ്ങി.പക്ഷെ ഇത്തവണ, എന്നിലെക്കെതരുത് എന്ന് കരുതി അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ മോചിപ്പിച്ചത് ഈ ജീവിതത്തില്‍ നിന്ന് തന്നെ ആയിരുന്നു.

"പാറ്റുമായുള്ള ദാമ്പത്യത്തില്‍ എന്നും ഞാന്‍ അസംതൃപ്തനായിരുന്നു. എന്നും. സ്ഥിരമായി വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വളരെ നിരാശയോടെയാനെങ്കിലും പറയാതെ വയ്യ. ഞങ്ങള്‍ ജീവിതം തുടങ്ങിയ ആദ്യ കാലത്തു പോലും അവള്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്ന സമയങ്ങളില്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു."


വിദ്യ നീ വാക്കുകള്‍ കൊണ്ടു ഒരു കുമ്പസാരം നടത്തുകയായിരുന്നില്ല. നിന്റെ മാത്രം പാറ്റിനെ കൊല്ലുകയായിരുന്നു. ഇപ്പോള്‍ മനസ്സില്‍ നിന്റെ തട്ട് വളരെ വളരെ ഉയരങ്ങിലെക്ക് പോയിരിക്കുന്നു. ഇനി ഒരിക്കലും താഴെ എത്താനാവാത്ത വിധം. നമ്മള്‍ ജീവിതം തുടങ്ങിയ ആദ്യനാളുകള്‍. ഓര്‍ക്കുന്നോ വിദ്യ. മുഴുവന്‍ സമയവും എഴുത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു ഞാന്‍ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സ്കൂളില്‍ ജോലിക്ക് പോയത്. പക്ഷെ നീ ആ സമയം വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.....

അര്‍ജന്റീനയില്‍ വച്ചു നിരൂപകയായ മാര്‍ഗരെറ്റിനെ പരിചയപ്പെട്ട ശേഷം നിന്റെ യാത്രകള്‍ എന്നും അവള്‍ക്കൊപ്പമായപ്പോഴും, പലരും അതിനെ പറ്റി എന്റെ അടുത്ത് മോശമായി പരാമര്‍ശിച്ചപ്പോഴും നിന്നെ കാത്തിരുന്ന എന്റെ അരികില്‍ എത്തുമ്പോള്‍ ഇതു വരെ നീ എന്നോട് പറഞ്ഞില്ല; മറ്റു സ്ത്രീകളെ തേടിപ്പോകാന്‍ വിധത്തില്‍ എന്നില്‍ നീ അസംതൃപ്തന്‍ ആയിരുന്നെന്ന്. ഒരിക്കല്‍ നിന്നെപ്പോലെ ഒരെഴുത്തുകാരന് ചേര്ന്ന ഭാര്യയല്ല ഞാനെന്നു പരിതപിച്ചപ്പോഴും, ഞാന്‍ ഒരു ക്ലാര്‍ക്കിന്റെ ഭാര്യയെപ്പോലെ പെരുമാറുന്നുവെന്ന് ശകാരിച്ചപ്പോഴും ഞാന്‍ ചിന്തിച്ചത്‌ എന്നോട് നിനക്കുള്ള സ്നേഹമാണ് നിന്നെ ദേഷ്യപ്പെടുത്തിയത് എന്നാണ്.

ശരിയാണ്, ഞാന്‍ ഒരു സാധാരണ പെണ്ണായിരുന്നു വിദ്യ, നീ പറക്കുന്ന വാനിനെ നോക്കി താഴെ ഇമവെട്ടാതെ കാത്തിരുന്ന ഒരു സാധാരണ ഭാര്യ. നിനക്കു സൌഹൃദങ്ങളുടെ വാനമുണ്ടായിരുന്നു, ആരാധകരുടെ സ്വപ്നലോകം ഉണ്ടായിരുന്നു, നിന്റെ മാത്രം കഥാപാത്രങ്ങളും ചിന്തകളും നിറഞ്ഞ സങ്കല്പ സാമ്രാജ്യമുണ്ടായിരുന്നു... പക്ഷെ എനിക്ക് നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ... ഓമനിക്കാന്‍ ഒരു കുഞ്ഞിനെപ്പോലും നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ടെന്നു വച്ച ഞാന്‍ നിന്നെ സംത്രുപ്തനാക്കാന്‍ എന്താണ് ഇനി ചെയ്യേണ്ടിയിരുന്നത്???

ഇനി എനിക്കൊന്നും വേണ്ട. വിദ്യ, അവസാന ശ്വാസത്തിലും ഞാന്‍ നിന്റേതു മാത്രം ആയിരിക്കും. നിനക്കു വേണമെങ്കിലും, വേണ്ടെങ്കിലും. സ്നേഹിക്കാന്‍ മാത്രമല്ലേ നമുക്കു കഴിയു, തിരികെ കിട്ടുക എന്നത് ഭാഗ്യം മാത്രമല്ലേ!!! നിന്റെ വാക്കുകള്‍ ഒരു തെന്നല്‍ പോലെയാണ് ഞാന്‍ വായിച്ചത്.എന്റെ എല്ലാ ആവശ്യങ്ങള്‍ക്കുള്ള ഉത്തരവും അതിലുണ്ട്. നീ ചോദിച്ച ആ ചോദ്യം. അത് തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരവും, സ്നേഹവും. ഇതിനപ്പുറം എന്ത് മറുപടിയാണ് ഞാന്‍ നല്കുക...."



പാറ്റ് 1996 - ഇല്‍ അന്തരിച്ചു. പക്ഷെ രണ്ടു മാസങ്ങള്‍ക്ക് ശേഷം നൈപാള്‍ പാകിസ്താന്‍ വംശജയായ നദീര എന്ന പത്രപ്രവര്‍ത്തകയെ വിവാഹം ചെയ്തു. ചരിത്രത്തില്‍ നൈപാളിനു ഒരുപാടു മുഖങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഒരു ഭര്‍ത്താവെന്ന നിലയില്‍ വിലയിരുതപ്പെടുമ്പോള്‍ ലോകം കണ്ട ക്രൂരരായ മനുഷ്യരില്‍ ഒരാളായി ഒരു പക്ഷെ അദ്ദേഹത്തെ ചിലരെങ്കിലും ഓര്‍ത്തെക്കാം.

പക്ഷെ ചരിത്രത്തില്‍ പാറ്റിനു എന്ത് നിറം ആയിരിക്കും. മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കും അവള്‍ പ്രതീക്ഷകളെ ചതിച്ചവാളാണ്, ആര്‍ക്കു വേണ്ടി അവള്‍ എല്ലാം ഉപേക്ഷിച്ചുവോ ആ ഭര്‍ത്താവിനു അവള്‍ ഒരിക്കലും സതൃപ്തി നല്‍കാത്ത ഭാര്യയുമായിരുന്നു. അവളുടെ ത്യാഗങ്ങളും സ്നേഹവുമെല്ലാം ജലരേഖയായി മാറുമ്പോഴും നമ്മളില്‍ എത്ര പേര്‍ക്ക് അവളൊരു പാഴ്ജന്മനെന്നു പറയാനാവും. പ്രത്യേകിച്ചും നമ്മളില്‍ പലരും അവളെപ്പോലെ നിഷ്ഫലമായ ത്യാഗങ്ങളുടെ അനുഭവോകതാക്കള്‍ ആകുമ്പോള്‍.... നൈപാള്‍ ആഗ്രഹിച്ച രീതിയിലേക്ക് അവള്‍ക്കൊരിക്കലും ഉയരാന്‍ കഴിഞ്ഞിരിക്കില്ല. പക്ഷെ നൈപാള്‍ അത് പറയാനായി നീണ്ട 44 വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് വിചിത്രം. പക്ഷെ പാറ്റ് അവള്‍ക്കു ലഭിച്ച ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിച്ചവള്‍ ആയിരുന്നു. അത് കൊണ്ടാവാം, ബന്ധങ്ങളുടെ കൂടിചെരലും വേര്‍പിരിയലും വളരെ നിസാരമായ പാശ്ചാത്യ ലോകത്ത് മരണം വരെ ഒരാളുടെ ഭാര്യയായി കഴിഞ്ഞതും.



അതെ നമ്മളാണ് ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത്. വേണമെങ്കില്‍ കിട്ടിയതില്‍ സംതൃപ്തി കണ്ടെത്താം. ഇല്ലെങ്കില്‍ അതുപേക്ഷിച്ചു വേറെ തിരയാം. അതുമല്ലെങ്കില്‍ കിട്ടിയതിനെ സംത്രുപ്തമാക്കി മാറ്റിയെടുക്കാം. പക്ഷെ അസംതൃപ്തമായ ഒന്നിനെ അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടു പോകുന്നത് ഒരിക്കലും നന്നല്ല. അതിന്റെ ദുരന്തമാണ് പാറ്റ് നമുക്കു മുന്നില്‍ വരചിട്ടതും.



9. മാര്‍ക്സ് എന്ന മനുഷ്യന്‍ !!!!

on Saturday, April 04, 2009

ലോകം കണ്ട എണ്ണപ്പെട്ട ചിന്തകരില്‍ ഒരാള്‍...
അത് വരെയുള്ള സാമ്പത്തിക സാമൂഹിക തത്വചിന്തകളെ വഴി തിരിച്ചു വിട്ടയാള്‍....

കാറല്‍ മാര്‍കസിന് വിശേഷണങ്ങള്‍ ഏറെയാണ്‌.... ലോകത്തിനു പരിചയപ്പെടുതെണ്ടാത്ത അപൂര്‍വ്വം ചിലരില്‍ ഒരാള്‍... ഹൈഗേറ്റ് സിമിത്തേരിയില്‍ നിദ്രയിലാണ്ടു കിടക്കുമ്പോഴും, അദ്ദേഹം ഉണര്‍ത്തി വിട്ട ചിന്തകളുടെ കൊടുംകാറ്റ് ലോകമാകെ ഇന്നും വീശിയടിച്ചുകൊണ്ടിരിക്കുന്നു... ഈ സാമ്പത്തിക മാന്ദ്യ കാലത്തു വീണ്ടും ആ ദര്‍ശനങ്ങള്‍ ജ്വലിക്കുകയാണ്...

ആ ചിന്തകളെ ആദ്യമായി അറിഞ്ഞവള്‍.... ആ വാക്കുകളെ ആദ്യമായി വായിച്ചവള്‍..... ആ വാക്കുകള്‍ പകര്‍ത്തി എഴുതിയവള്‍.... ജെന്നി വോണ്‍ വെസ്ഫാലെന്‍...അവളാണ് ഇന്നു അടുക്കളയില്‍... മാര്‍ക്സിന്റെ പ്രിയ പത്നി... ക്ഷമിക്കുക, ഈ രാഷ്ട്രീയ ചൂടിലും അവള്‍ക്കു പറയാനുള്ളത് അതിനെക്കുറിച്ച് ഒന്നുമല്ല. ലോകത്തെ മാറ്റി മറിച്ച ആ മനുഷ്യനെ കുറിച്ചുമല്ല. മാര്‍ക്സ് എന്ന സാധാരണ മനുഷ്യനെ പറ്റി... ലണ്ടനിലെ ദാരിദ്ര്യം നിറഞ്ഞ നാളുകളെ പറ്റി... വീട്ടുകാരെ ഭയന്ന് ഏഴ് വര്‍ഷം ഒളിപ്പിച്ച പ്രണയത്തെ പറ്റി... പിന്നെ അവനെപറ്റിയും... എന്റെ ഉദരത്തില്‍ പിറക്കാത്ത അദ്ദേഹത്തിന്റെ ഏക പുത്രന്‍... ഹേന്റിച്ച് ഫ്രെടെരിക്ക് ദിമുത്...


(തുടരും)

8. ഗാന്ധി സ്വാര്‍ത്ഥന്‍ ആയിരുന്നോ???

on Wednesday, March 25, 2009

ഇന്ത്യയില്‍ ഏറ്റവും പ്രശസ്തവും ആദരിക്കപ്പെടുന്നതും ആയ കുടുംബം ഏതാണെന്നത്ഒരു സംശയവുമില്ലാതെ എല്ലവര്‍ക്കും പറയാന്‍ കഴിയും. അതെ "ഗാന്ധി" കുടുംബം തന്നെ. രാഷ്ട്രപിതാവെന്നു വാഴ്ത്തപ്പെടുന്ന മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധിയോടുള്ള രാഷ്ട്രത്തിന്റെ സ്നേഹവും ബഹുമാനവും നമ്മുടെ മനസ്സില്‍ ആ പേരിനോടും ഉണ്ടായത് സ്വാഭാവികം... രാഷ്ട്രത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ ത്യാഗം ചെയ്യപ്പെടെണ്ടി വന്ന ഒരു കുടുംബം തീര്‍ച്ചയായുംആ പരിഗണന അര്‍ഹിക്കുന്നുമുണ്ട്... പക്ഷെ ഇന്നു അവര്‍ അനുഭവിക്കേണ്ട അന്ഗീകരങ്ങളും പരിഗണനയും എല്ലാം അവര്ക്കു തന്നെയാണോ ലഭിക്കുന്നത്‌??? ആ പേരു പറയുമ്പോള്‍ മഹാത്മാ ഗാന്ധിയേക്കാള്‍ മുന്പേ വരത്തക്ക വിധത്തില്‍ മറ്റു പല പേരുകളും മനസുകളിലേക്ക്‌ പ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്നുവോ??? അടുത്ത ദിവസം പത്രങ്ങള്‍ ഗാന്ധി കുടുംബത്തിലെ ഇളം തലമുറയുടെ വാചക കസര്‍തുകല്‍ എന്ന പേരില്‍ വില കുറഞ്ഞ പരാമര്‍ശങ്ങള്‍ മുന്‍പേജില്‍ തന്നെ നിരത്തിയത് കണ്ടപ്പോള്‍ എനിക്ക് മനസ്സില്‍ ഓര്മ വന്നത് മറ്റു ചില ഗാന്ധിമാരെ കുറിച്ചാണ്... നിങ്ങളില്‍ പലരും വിസ്മരിച്ച ചിലര്‍... അവര്ക്കു ചെവിയോര്‍ക്കാന്‍ നിങ്ങളില്‍ ആരും ഉണ്ടായില്ല... അതുകൊണ്ട് തന്നെ ഇന്നു എന്റെ അരികില്‍ ഇവള്‍- ഗുലാബ് ഗാന്ധി. നിങ്ങള്‍ മറന്നുപോയവരില്‍ ഒരുവള്‍...

ഇവള്‍ ആരെന്നു നിങ്ങളെ ഓര്‍മപെടുത്തേണ്ടി വരുന്നതു എന്റെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി എന്നും എന്നെ വേട്ടയാടും. കാരണം ഇന്നു നിങ്ങള്‍ അറിയുന്ന ഗാന്ധിമാരുടെ കാമുകിമാരുടെ പേരുകള്‍ പോലും നിങ്ങളുടെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തും. പക്ഷെ യഥാര്‍ത്ഥ ഗാന്ധിയുടെ കനിഷ്ഠ പുത്രന്‍റെ സഹധര്‍മ്മിണിയെ പരിചയപ്പെടുതിയാലും കണ്ണുകളിലെ അപരിചിതത്വം മായാതെ നില്ക്കുന്നത് കാണുമ്പോള്‍.. അതെ... ഇതു തോല്‍വിയാണ്... എന്റെ മാത്രമല്ല... രാഷ്ട്രത്തിന്റെ കുടി... ഈ അപരിചിതയുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ ആരുണ്ട്‌ ഇന്നിവിടെ...

"ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞത്രേ; ഒരു കുടുംബത്തിന്റെ നന്മക്കായി ഒരു വ്യക്തിയെ ബലി നല്‍കേണ്ടി വന്നാല്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല. അത് പോലെ ഒരു ദേശത്തിന് വേണ്ടി ഒരു കുടുംബത്തെയും... ബാപ്പുവിനു അതറിയാമായിരുന്നു... മറ്റാരേക്കാളും... പക്ഷെ ബലിയായ് നല്‍കേണ്ടത് സ്വന്തം കുടുംബമാണെന്നതു ഓര്‍ത്തപ്പോള്‍ എപ്പോഴെങ്കിലും ആ കുടുംബ നാഥന്റെ മനസ് പിടഞ്ഞു കാണും. അതി വിദഗ്ധമായി അതിനെ ഒളിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്കിലും.

1948- ജനുവരി - 31. രാജ്ഘട്ടിലെ ചിതയിലെ അഗ്നിയില്‍ ഒരു സരീരം ദഹിക്കുമ്പോള്‍ കോടിക്കണക്കിനു മനുസകള്‍ അശ്രു വാര്‍ത്തിരിക്കാം. പക്ഷെ അവിടെ കുറച്ചു മാറി മദ്യത്തിന്റെ ലഹരിക്ക്‌ കീഴടങ്ങി ഒരാള്‍ കിടന്നിരുന്നു. ചിതയില്‍ കത്തിതീരുന്ന ഹൃദയത്തില്‍ നിന്നും ഒഴുകിയ രക്തം ശരീരത്തില്‍ പടര്‍ന്ന ഒരു ജീവച്ചവം. ഹരിലാല്‍. എന്റെ പ്രിയ ഭര്‍ത്താവ്. പിതാവിന്റെ സല്പേര് നശിപ്പിച്ചവനെന്നു നിങ്ങള്‍ വിധിച്ച മുടിയനായ പുത്രന്‍. പക്ഷെ നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ഒരു മകന്റെ ദുരന്ത നാടകത്തിന്റെ തിരശീല വലിച്ച ഒരു പിതാവിന്റെ കഥ. ആ മകന്റെ ദുരന്തം കണ്ടു നില്ക്കാന്‍ മാത്രം വിധിക്കപ്പെട്ടു ഒടുവില്‍ അതില്‍ അലിഞ്ഞു ചേര്‍ന്ന അവന്റെ ഭാര്യയുടെ കഥ.

ഒരിക്കലെ ഞാന്‍ ബാപ്പുവിനോട് ചോദിച്ചുള്ളൂ. " എന്താണ് ഒരു പിതാവിന്റെ ധര്‍മ്മം?" പക്ഷെ അതിന് അദ്ദേഹം മറുപടി പറഞ്ഞതു മകന്റെ ചുമതലകളെ പറ്റി പറഞ്ഞായിരുന്നു. "സ്വന്തം മകന്റെ ആഗ്രഹങ്ങളെ നുള്ളിയെറിഞ്ഞ ഒരു പിതാവിന്; രാഷ്ട്രത്തിന്റെ സ്വപ്നങ്ങളിലേക്ക് എങ്ങനെ തിരി തെളിക്കനാവും." അതിനും അദ്ദേഹത്തിന് മറുപടിയുണ്ടായിരുന്നു. സ്വയം ചിറകുകളെ ചങ്ങലയില്‍ തളച്ചാല്‍ എങ്ങിനെ അനന്തതയുടെ നീലിമയെ സ്പര്ശിക്കാനാവും. അതെ, അദ്ദേഹം അതായിരുന്നു ആഗ്രഹിച്ചത്‌. നാലു മക്കള്‍ക്ക്‌ ചുറ്റും സംരക്ഷണത്തിന്റെ മതില്‍ തീര്‍ത്ത് അതിനുള്ളില്‍ നിറഞ്ഞാല്‍ അതിനപ്പുറത്തെ സ്വപ്നങ്ങള്‍ക്ക് എങ്ങനെ നിറം പകരാനാവും. ഒരു വലിയ നേട്ടത്തിന് ചെറിയ ത്യാഗങ്ങള്‍ സഹിച്ചല്ലെ പറ്റൂ...

ശരിയാണ്. സ്വന്തം കുടുംബം ബലി നല്‍കാതെ അങ്ങേക്ക് രാഷ്ട്രത്തിന്റെ മനസ്സില്‍ സ്ഥാനം ലഭിക്കുമായിരുന്നില്ല. അങ്ങയെ അവര്‍ നിസ്വാര്‍ത്ത്തയുടെ മൂര്‍ത്തരൂപമായും കണ്ടേക്കാം. പക്ഷെ ഈ വിവരമില്ലാതവളുടെ മനസ്സില്‍ സ്വാര്‍ഥതയുടെ ജ്വലിക്കുന്ന രൂപം അതാണ്‌. സ്വന്തം ആദര്‍ശങ്ങള്‍ക്കു വേണ്ടി മറ്റെല്ലാം തള്ളി പറഞ്ഞ സ്വാര്‍ഥന്‍. എന്റെ മുന്നില്‍ അങ്ങനെയേ അങ്ങേക്ക് നില്‍ക്കാനാവൂ. കാരണം ഞാന്‍ രാഷ്ട്രത്തിന്റെ അമ്മയല്ലല്ലോ. ഞാന്‍ ജന്മം നല്കിയ മക്കളുടെ അമ്മയായി മാത്രം ജീവിക്കാന്‍ ആഗ്രഹിച്ച ഒരു സാദാരണ സ്ത്രീ. പക്ഷെ അങ്ങ് കാണിച്ച ഈ മാതൃക പ്രശസ്തിയുടെ ലഹരിയില്‍ സംതൃപ്തി നേടാന്‍ കൊതിക്കുന്നവര്‍ക്ക് വലുതാകാം. പക്ഷെ അങ്ങ് ആര്‍ക്കു വേണ്ടി ജീവിച്ചുവെന്നു പറയുന്ന ആ ജനങ്ങളെ ഇതുപോലെ ബലി നല്‍കാന്‍ ഇനിയാരും തുനിയാതിരിക്കട്ടെ. കാരണം ഞങ്ങളുടെ ബലി കൊണ്ടു നേടിയവര്‍ ഒരുപാടുണ്ട്. ഇന്നും നിങ്ങള്ക്ക് മുന്നില്‍ നടമാടുന്നില്ലേ. പക്ഷെ അവരാരും അങ്ങയെ പോലെ അല്ല. അവര്‍ ആരെയും ബലി നല്‍കുന്നില്ല. അവരും ബാലിപീടത്തില്‍ ഒഴുക്കുന്നത് ഞങ്ങളുടെ മുറിവിലെ നിണം തന്നെ."

നിങ്ങള്ക്ക് തോന്നുന്നുണ്ടാവാം അല്ലെ. ഇവളാണ് സ്വാര്‍ത്ഥ എന്ന്. ആണോ??? ഒരാളുടെ ജീവിതം അവസാനിക്കുന്നത് അയാളുടെ ഓര്‍മ്മകള്‍ അവസാനത്തെ മനസ്സില്‍ നിന്നും മായുംപോഴാനെന്നു ഒരു സഹോദരി എന്നോട് പറഞ്ഞിരുന്നു.അങ്ങനെയെന്കില്‍ ബാപ്പു ഇന്നും ജീവിക്കുന്നുണ്ട്. മക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന മാതാപിതാക്കളോ ജീവിത അനശ്വരമാക്കാന്‍ മക്കളുടെ സ്വപ്നങ്ങളെ ബലി നല്കിയ പിതാവോ സ്വാര്‍ഥന്‍. പറയേണ്ടതും, ചിന്തിക്കേണ്ടതും, തിരിച്ചറിയേണ്ടതും നിങ്ങളാണ്.

7. ജന്മാന്തര ബന്ധങ്ങള്‍...

on Tuesday, March 10, 2009


ചില ബന്ധങ്ങള്‍ക്ക് മിഴി ചിമ്മിയടയുന്ന നേരത്തെ ആയുസ്സ്‌ മാത്രമെ കാണൂ. എന്നാല്‍ ചില ബന്ധങ്ങള്‍ - അവയ്ക്ക് ആയുസ്സ് അനന്തമാണ്‌... പ്രപഞ്ചം പ്രളയത്തില്‍ ഓടുന്ങിയാലും ആ ബന്ധങ്ങള്‍ അതിനും മീതെ അടുത്ത യുഗത്തിലേക്ക് സ്പന്ദിച്ചുകൊണ്ടിരിക്കും. അതെ, പറഞ്ഞു വരുന്നതു ദാമ്പത്യത്തെ പറ്റിതന്നെയാണ്. വിശ്വാസങ്ങള്‍ പറയുന്നതു ആ ബന്ധം ജന്മാന്തരങ്ങള്‍ പിന്നിടുമ്പോഴും ആത്മാവുകള്‍ പരസ്പരം പിരിയുന്നില്ലെന്നാണ്. ഇന്നത്തെ പരിഷ്കൃത ലോകം വിശ്വാസങ്ങളെ വെറും മണ്ടത്തരങ്ങള്‍ എന്ന് പറഞ്ഞു തള്ളുന്നത് അറിയാതെയല്ല. അങ്ങനെയുള്ളവര്‍ ക്ഷമിക്കുക. ഈ കുറിപ്പ് നിങ്ങള്‍ക്കുള്ളതല്ല. വിശ്വാസങ്ങളെ ഉപാസനയിലൂടെ യാഥാര്‍ത്യമാക്കിയ കുറച്ചു പേരെന്കിലും ഇന്നും കാണും. അവര്‍ക്കായി ഇന്നത്തെ എന്റെ വാക്കുകള്‍....


ഇതു ജന്മങ്ങളുടെ കെട്ട് പൊട്ടിച്ചു പടര്‍ന്ന ആ ബന്ധത്തിന്റെ കഥ. ആദ്യം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുന്പുള്ള ഓരോര്മയിലേക്ക്.... കപില വസ്തുവിലെ രാജ കൊട്ടാരം. അവിടെ, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സന്യാസിയായി തിരിച്ചെത്തിയ തങ്ങളുടെ പഴയ സിദ്ധാര്‍ത്ഥ രാജകുമാരനെ കാണാന്‍ എത്തിയിരിക്കുകയാണ് എല്ലാവരും. പക്ഷെ പഴയ രാജകുമാരനെ അറിയുന്ന ഒരാള്‍ മാത്രം അവിടേക്ക് വന്നില്ല. അവള്‍ തന്റെ മകനുമൊത്ത് അന്തപ്പുരത്തിന്റെ മെല്ലെ ചെറിയ വാതിലുകല്‍ക്കപ്പുറത്തു മൌനമായി ഇരിക്കുകയാണ്. യശോധര. സിദ്ധാര്‍ത്ഥ രാജകുമാരന്റെ പത്നി. രാജ സദസ്സില്‍ ഗൌതമാനായി മാറിയ തന്റെ പാതി ജീവിതത്തിന്റെ നശ്വരതയെയും നിരാര്‍ത്ഥകതയെയും പറ്റി വാചാലനാവുമ്പോള്‍, ഇവിടെ ഇവളുടെ മനസ് പിടയുന്നത് കേള്‍ക്കാന്‍ ഒന്നുമറിയാത്ത ഏഴ്വയസ്സുകാരന്‍ മകനും പിന്നെ നിസ്സഹായയായ എന്റെ ഈ കാതുകളും മാത്രം.


" ഞാന്‍ കണ്ടു... ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം.. ഈ ഇടുങ്ങിയ മുറിയുടെ ജാലകത്തിന് പുറകിലിരുന്ന്... ഒരേ വേഷമണിഞ്ഞ സന്യാസിമാരുടെ കൂട്ടത്തില്‍ എനിക്കദ്ദേഹത്തെ കണ്ടെത്താന്‍ അണുവിട പോലും വേണ്ടി വന്നില്ല... മകന് ജന്മം നല്കി കിടക്കുന്ന എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അദ്ദേഹം ഈ കൊട്ടാരവും എന്നെയും ഉപേക്ഷിച്ചു പോയിരിക്കാം... പക്ഷെ എന്നും ഓരോ നിമിഷവും അദ്ദേഹത്തിന്റെ നിഴലായി ഞാന്‍ ഉണ്ടായിരുന്നു... ജ്ഞാന പ്രകാശം തേടിയുള്ള യാത്രയില്‍ പുറകിലെ നിഴലിനെ അദ്ദേഹം ശ്രദ്ധിച്ചുവോ??? അറിയില്ല... പക്ഷെ മുന്നില്‍ ഉണ്ടായിരുന്നവരോട് എനിക്കെന്നും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ... എകയായതറിഞ്ഞെത്തിയ പിതാവിനോടും, വിവാഹാഭ്യര്‍ത്ഥനയുമായ്‌ വന്ന രാജകുമാരനമാരോടും എനിക്കൊന്നെ പറയാനുണ്ടായിരുന്നുള്ളൂ... പതിവ്രതക്ക് ജീവിതം ഭര്‍തൃപൂജയാണ്... പാതി പത്നിയെ മറന്നേക്കാം.. പക്ഷെ അവനെ സംരക്ഷിക്കുന്നത് പത്നിയുടെ മനസിലെ ഓര്‍മ്മകളാണ്... അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞ ഞാന്‍ അതുപോലെ എന്റെ ആഭരണങ്ങള്‍ ഉപേക്ഷിച്ചു. കാഷായ വസ്ത്രം ധരിച്ചു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു. അന്തപ്പുരത്തിലെ പട്ടു മെത്തകള്‍ പുറത്തെറിഞ്ഞു.... അദ്ദേഹം അറിഞ്ഞില്ല; എന്നെ ഈ സുഖസൌകര്യങ്ങളില്‍ ഉപേക്ഷിച്ചു ഏകനായി തെരുവിന്റെ മുള്‍പാതയെ തിരഞ്ഞു പോയാലും, എന്റെ ലോകം, എന്റെ വീഥികള്‍ എല്ലാം അദ്ദേഹത്തിന്റേതു തന്നെയാണെന്ന്...

തോഴിമാര്‍ വന്നു പറയുന്നു . ഞാന്‍ അദ്ദേഹത്തെ പോയി കാണണമെന്ന്... ഇല്ല. ഞാന്‍ ഒരു സ്ത്രീ ആണ്... എന്നെയുപെക്ഷിച്ച അദ്ദേഹത്തെ ഞാന്‍ തിരഞ്ഞു പോകുന്നത് സ്ത്രീയുടെ തോല്‍വിയാണ്... തെറ്റ് ചെയാത്തവരാരും തോല്‍ക്കില്ല... അദ്ദേഹം ജ്ഞാനം നേടി ബുദ്ധനായി മാറിയിരിക്കാം... ആയിരങ്ങള്‍ അദ്ദേഹത്തെ വണങ്ങിയിരിക്കാം... പക്ഷെ ഞാന്‍ വിശ്വസിക്കുന്നു... അദ്ദേഹം ലോകം മുഴുവന്‍ അലഞ്ഞു നേടിയ ജ്ഞ്ഞാനതെക്കള്‍ ശക്തിയുണ്ട് എന്റെ പാതിവ്രത്യത്തിന്... അങ്ങനെയെങ്ങില്‍ അദ്ദേഹം എന്നെ തിരഞ്ഞു വരും... എന്റെ അരികില്‍ വരും... അല്ലെങ്കില്‍ ഏഴ് വര്‍ഷത്തേ എന്റെ പൂജക്ക്‌ അര്‍ത്ഥമില്ലാതാവും..."



ശരിയായിരുന്നു... ലോകം മുഴുവന്‍ അലഞ്ഞു സിദ്ദര്‍ത്താന്‍ നേടിയ ജ്ഞാനത്തേക്കാള്‍ ശക്തി അവള്‍ ആ നാലു ചുവരുകള്‍ക്കുള്ളില്‍ ചെയ്ത ഭര്‍തൃ പൂജക്കായിരുന്നു. സര്‍വസംഗപരിത്യാഗിയായി കപിലവസ്തുവിലെ കൊട്ടാരത്തില്‍ തിരികെയെത്തിയപ്പോഴും ഗൌതമന്റെ കണ്ണുകള്‍ തിരഞ്ഞത് ഒരേ ഒരു മുഖമായിരുന്നു. ഒടുവില്‍ സ്വയം അവളുടെ അന്തപ്പുരത്തിലേക്ക് ബുദ്ധനെ നയിച്ചത് അവളുടെ മനസിന്റെ ശക്തിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. പക്ഷെ എനിക്കവളോട് ചോദിക്കാനായി ഒരു ചോദ്യം ഇനിയും ബാക്കി... സഹസ്രാബ്ദങ്ങള്‍ക്കിപ്പുറത്തു നിന്നു ഞാന്‍ അവളോട്‌ അത് ചോദിക്കട്ടെ.



"പ്രിയ യശോധരെ... ഇത്ര അചന്ചലയായി നിന്ന നിന്റെ മനസ് അദ്ദേഹത്തെ കണ്ട മാത്രയില്‍ എന്തെ അത്ര ദുര്‍ബലമായിപോയി.. ഒരിടത്തും പരാജയഭാരത്താല്‍ ശിരസ് താഴ്താതിരുന്ന നീ എന്തിന് അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു കണ്ണീര്‍ തൂവി..."



" വിജയം എന്നത് എന്താണെന്ന് യഥാര്‍ത്ഥത്തില്‍ ആരറിയുന്നു? പരാജിതര്‍ക്കാണ് വിജയത്തിന്റെ വില അറിയുകയെന്നു നിങ്ങള്‍ പറയുന്നു. പക്ഷെ പരാജിതര്‍ ആരെന്നറിയാന്‍ നിങ്ങള്‍ക്ക് കഴിയുന്നുവോ?

പരാജയം വിജയത്തിലേക്കുള്ള ക്രിയാത്മകമായ കാത്തിരിപ്പ്‌ മാത്രമാണ്. അപ്പോള്‍ വിജയം? വിജയം എന്നത് വിരക്തി ആണ്. എന്തിനെ ഉപേക്ഷിക്കാന്‍, ഒഴിവാക്കാന്‍ കഴിയുന്നുവോ, അപ്പോള്‍ അതിനെ വിജയിക്കുന്നു. അതെ തെറ്റുകളെ, തിന്മയെ ഒഴിവാക്കാന്‍ കഴിയുന്ന അവസ്ഥയാണ് വിജയം. പരാജയ ഭാരത്താല്‍ ഒരാളുടെയും ശിരസുകള്‍ താഴുന്നില്ല. പകരം അക്ഷമയുടെ ഉല്പന്നമായ നിരാശയുടെ ഭാരത്തിലാണ് ശിരസുകള്‍ കുനിയുന്നത്.



എനിക്ക് അദ്ദേഹത്തെ ആയിരുന്നില്ല വിജയിക്കേണ്ടത്. ഭദ്ര സുമേധനില്‍ നിന്നും കഴിഞ്ഞ ജന്മത്തില്‍ നേടിയ വരം. അഞ്ചു താമര പൂക്കള്‍ക്ക് പകരമായി തനിക്ക് ലഭിച്ച പുണ്യം. അതിനെ വിസ്മരിക്കാന്‍ ഗൌതമനെ പ്രേരിപ്പിച്ച ശക്തികളോടാണ് ഞാന്‍ പൊരുതിയത്. അദ്ദേഹത്തെ പിന്തുടരുന്നതില്‍ നിന്നു എന്നെ തടസ്സപ്പെടുത്തിയ ഓരോന്നിനെതിരെയും ഞാന്‍ വിജയം നേടി. അദ്ദേഹത്തോടുള്ള ഭക്തിയായിരുന്നു എന്റെ ശക്തി. സ്നേഹമായിരുന്നു എന്റെ ഊര്‍ജം. പൂജയായിരുന്നു എന്റെ ആയുധം. ആ പാദങ്ങളില്‍ വീണുടഞ്ഞ മിഴിനീര്‍ എങ്ങനെ ദുര്‍ബലതയുടെ ചിന്ഹമാകും. അത് ദുര്‍ബലതകള്‍ക്ക് മേല്‍ എന്റെ ശക്തി നേടിയ വിജയത്തിന്റെ മുത്തുകളാണ്. അത് അവിടെയല്ലാതെ മറ്റെവിടെയാണു ഞാന്‍ അര്‍പിക്കുക.



യദാര്‍ത്ഥ വിജയത്തിന്റെ പ്രതികരണം ഒരിക്കലും ആരവങ്ങളല്ല. അത് നിഴലുകലോടുള്ള യുദ്ധത്തിലെ അനര്‍ഹമായ, അസ്ഥിരമായ ചില തെറ്റിധാരണകളെ വിളിച്ചറിയിക്കാനുള്ള വെമ്പലിന്റെ നശ്വരമായ, ക്ഷണികമായ പൊട്ടിത്തെറിക്കലുകള്‍ മാത്രം. യദാര്‍ത്ഥ വിജയം ഒന്നും പ്രകടിപ്പിക്കില്ല. ആ അവസ്ഥയില്‍ മനസ് സംതൃപ്തിയുടെ നിശബ്ദതയിലായിരിക്കും. കാരണം അവിടെ പരാജയപ്പെടുത്തുന്നത് നാം നമ്മിലെ ആഗ്രഹങ്ങളെയാണ്. അതിന്റെ വിജയ ആഘോഷിക്കാന്‍ മനസിന്‌ മാത്രമെ കഴിയൂ. എന്റെ അരികില്‍ വന്ന അദ്ദേഹത്തിന്റെ അരികില്‍ ഞാന്‍ അങ്ങനെയല്ല പെരുമാറിയിരുന്നതെന്കില്‍... അല്ല. അപ്പോള്‍ ഞാന്‍ വിജയിചിരിക്കുകയായിരിക്കില്ല. എന്റെ അഹങ്കാരം എന്നെ തോല്പിചിരിക്കുകയായിരിക്കും.... പക്ഷെ ഞങ്ങള്‍ക്കെങ്ങനെ തോല്‍ക്കാനാകും...മനസ്സില്‍ അദ്ദേഹത്തോടുള്ള പൂജയുമായി കഴിയുന്നിടത്തോളം ആര്‍ക്കെന്നെ തോല്പ്പിക്കനാകും...??? "



ഇല്ല. നിന്നെയെന്നല്ല. മനസ്സില്‍ നന്മക്കായുള്ള പൂജയുമായ് കഴിയുന്ന ആരെയും ആര്ക്കും തോല്‍പ്പിക്കാനാവില്ല. പ്രിയ യശോദരെ .... അതല്ലേ നീ ഇന്നും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത്... യുഗങ്ങള്‍ക്കും ജന്മങ്ങള്‍ക്കും അപ്പുറത്ത്.....


1. ഏകയായ ഹവ്വ....

on Friday, January 23, 2009

ഹവ്വയെ ഓര്‍മയില്ലേ... പ്രപഞ്ചത്തിലെ തന്നെ ആദ്യത്തെ സ്ത്രീ... ലോകത്തിലെ എല്ലാ പാപങ്ങളുടെയും കാരണക്കാരിയായി നിങ്ങള്‍ മുദ്രകുത്തിയ നിസ്സഹായതയുടെ ആദ്യത്തെ പ്രതിരൂപം.... അവളുടെ വാക്കുകള്‍ക്കായി ഒരു കാതും കാത്തിരുന്നില്ല... പ്രാണനേക്കാള്‍ സ്നേഹിച്ച ആദം പോലും കുറ്റപ്പെടുത്തിയപ്പോഴും അവള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല... പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ടു മനുഷ്യകുലത്തിനെതന്നെ നരകത്തിലേക്ക് നയിച്ചവള്‍ എന്ന് പിന്നീട് ലോകം മുഴുവന്‍ ആരോപിക്കുമ്പോഴും അവള്‍ നിശബ്ദയായി എല്ലാം കേട്ടു നിന്നു. എല്ലാ കുറ്റങ്ങളും സ്വയം ശിരസ്സിലേറ്റി നിന്ന അവള്‍ക്കു എന്റെ സാന്ത്വനവും അന്യമായിരുന്നു... ഇപ്പോള്‍; എന്റെ മടിത്തട്ടില്‍ കിടന്നു കണ്ണീര്‍ വാര്‍ക്കുമ്പോഴും അവള്‍ പറയുന്നതു ഇത്ര മാത്രം... "എല്ലാം എന്റെ തെറ്റ്....."

ആണോ???

നിങ്ങള്‍ മക്കളാണ് പറയേണ്ടത്...

ഒരു സ്ത്രീയും ഒരമ്മയും ഒരു കുറ്റവും ആരുടേയും ചുമലില്‍ ഇറക്കി വക്കില്ല.. എത്ര കാരണങ്ങളുണ്ടായാലും... അതെ അവളും ചെയ്തുള്ളൂ... പക്ഷെ, സാത്താനില്‍ നിന്നു അവളെ സംരക്ഷിക്കേണ്ട ആദം പോലും ദൈവത്തിന്റെ മുന്നില്‍ അവളെ തെറ്റുകാരി എന്ന് കുറ്റപ്പെടുത്തിയപ്പോള്‍.... ന്യായീകരിക്കാനായി തലമുറകള്‍ പാടുപെട്ടപ്പോള്‍ എല്ലാ തെറ്റുകളുടെയും ദുരിതങ്ങളുടെയും തുടക്കമായി ആദ്യ പാപത്തെ പഴി ചാരിയപ്പോള്‍ .... അന്നും ഇന്നും എന്നും നിങ്ങള്‍ മാതൃത്വതെയാണ് അവഹേളിക്കുന്നതെന്നറിയുക....

"ആദം എന്റെ ജീവനായിരുന്നു.. അതാണ് ഞാന്‍ കഴിച്ചതില്‍ പാതി കനി അവനായി മാറ്റിവച്ചത്.. "

അതെ അതാണ് സ്ത്രീ... സഹോദരരെ... നിങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുണ്ടല്ലോ... ഓരോ സ്ത്രീയെയും ഭാര്യയക്കുമ്പോള്‍... "ഞാന്‍ ഉണ്ടില്ലെന്കിലും അവള്‍ക്കു ഭക്ഷണം നല്കും... ഞാന്‍ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കും..." ആ വാഗ്ദാനം പാലിക്കുന്നത് നിങ്ങളെക്കാള്‍ അവരല്ലേ...അതെ.. അത് കൊണ്ടാണ് അവള്‍ ദൈവത്തിനു മുന്നില്‍ ആദത്തിനെ പോലെ പരസ്പരം പഴിചാരി ന്യായീകരിക്കാന്‍ നില്‍ക്കതിരുന്നത്... അവള്‍ ഒന്നും പറഞ്ഞില്ലെങ്കിലും നിലത്തു വീണുടഞ്ഞ ആ മിഴിനീര്‍ തുള്ളികള്‍ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്...

"ആരും; സൃഷ്‌ടിച്ച ദൈവം പോലും എന്തെ എന്നെ മനസിലാക്കാതെ പോയി... ഒരു തുണ മാത്രം ആക്കാനായിരുന്നു എങ്കില്‍ എനിക്കെന്തിനു നീ ചിന്തകള്‍ നല്കി... എന്തിന് സ്വപ്നങ്ങളെ എന്റെ മനസ്സില്‍ നിറച്ചു..."

അവളുടെ ചോദ്യങ്ങള്‍ ഒരിക്കലും അവസാനിക്കില്ല... അതിലൊന്നിനു പോലും ഉത്തരവും ആരും നല്‍കില്ല... കാരണം ലോകത്തിനാവശ്യം എല്ലാ തെറ്റുകളും ഏറ്റുവാങ്ങാന്‍ ഒരു ഇരയെ ആയിരുന്നു...ഒരു പെണ്ണിരയെ.... അത് തുടരട്ടെ... ഈ കണ്ണീര്‍ പ്രവാഹവും.... പക്ഷെ ഒരിക്കല്‍ ഈ ഒഴുക്ക് ഒരു മഹാ പ്രളയമായി എല്ലാ മാലിന്യങ്ങളും വിഴുങ്ങുന്ന ഒരു ദിനം വരാതിരിക്കില്ല... അത് വരെ... ഹവ്വേ...നീ എന്റെ ഈ മടിത്തട്ടില്‍ തല ചായ്ക്കുക...