23. സൂക്ഷിക്കുക!!! കഴുകന്മാര്‍ കാത്തിരിക്കുന്നു!!!

on Friday, October 16, 2009

നാളെ ദീപാവലി.

ദീപങ്ങളുടെ ഉത്സവം. ആഹ്ലാദത്തിന്റെ മധുരം പങ്കുവക്കുന്ന അവസരം. 14 വര്‍ഷം നീണ്ട വനവാസത്തിനു ശേഷം, തന്റെ അവതാര കര്‍മ്മമായ രാവണ വധത്തിനും ശേഷം, പത്നി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും കൂടെ തിരിച്ചെത്തിയ ശ്രീരാമനെ അയോധ്യയിലെ ജനങ്ങള്‍ ദീപാലങ്കാരങ്ങളാല്‍ എതിരേറ്റത്തിന്റെ ഓര്‍മ്മകള്‍ ആണിതെന്നു
ഐതിഹ്യങ്ങള്‍ പറയുന്നു. നമുക്കു വിശ്വസിക്കാം. വിശ്വസിക്കാതിരിക്കാം. എങ്കിലും ദീപാവലി എന്നാല്‍ ദീപങ്ങളുടെ ആഹ്ലാദത്തിന്റെ ആഘോഷവേള തന്നെയാണ്. നമ്മുടെ എല്ലാവരുടെയും മനസ്സു സ്നേഹം എന്ന ദീപത്താല്‍ പ്രഭാപൂരിതമാകട്ടെ. എല്ലാ സഹോദരങ്ങള്‍ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ആഹ്ലാദത്തിന്റെ അലയടികള്‍ ഉയരങ്ങളെ മുഖരിതമാക്കുമ്പോഴും അടുക്കളയുടെ മനസ്സു ആ സന്തോഷത്തില്‍ മുഴുവനായും പങ്കു ചേരാനാവാതെ നില്‍ക്കുകയാണ്‌. അതെ, മനസ്സില്‍ ഇപ്പോഴും ഈ ആഘോഷത്തില്‍ നമ്മോടൊപ്പം ഇല്ലാതെ പോയ ആ 45 മനുഷ്യര്‍ ആണ്. അവരാരും തന്നെ നമ്മുടെ പരിചിതര്‍ ആയിരുന്നില്ല. എങ്കിലും അവര്‍ നമ്മുടെ അതിഥികള്‍ ആയിരുന്നു.ഈ ആഘോഷം അവരുടെ സ്വപ്നങ്ങളിലും ഉണ്ടായിരുന്നിര്‍ക്കില്ലേ... ഉണ്ടായിരുന്നിരിക്കും. അവരും നമ്മെപ്പോലെ തന്നെ സ്വപ്നങ്ങളും മോഹങ്ങളും ഉള്ള മനുഷ്യര്‍ തന്നെയല്ലേ. ആ സഹോദരങ്ങളെ ഓര്‍ത്തു ഒരു നിമിഷം, ഈ ആഘോഷത്തിനിടക്കും ഒരു നിമിഷം ഇമകള്‍ പൂട്ടാം.


അനുദിനം ദുരന്തങ്ങള്‍ ഒരുപാട് കേട്ടു കേട്ടു നമ്മുടെ മനസ് മരവിച്ചിട്ടുണ്ടാകാം. എന്നാലും തേക്കടി ദുരന്തം ചെറു ഞെട്ടലോടെ തന്നെയാണ് നാം ശ്രവിച്ചത്. എങ്കിലും ആ ദുരന്തത്തേക്കാള്‍ അടുക്കളക്ക് ഏറെ വേദന ഉളവാക്കിയത് ആ ദുരന്തം നമ്മിലെക്കെത്തിയ രീതി കണ്ടിട്ടാണ്. അത് കൊണ്ടു തന്നെ ഇന്നു അടുക്കള നിങ്ങളുമായി പങ്കു വയ്ക്കുന്നത് ആ ആഘോഷത്തിന്റെ ആശങ്കകള്‍ ആണ്. ആ ദുരന്തം ആഘോഷമായത്തിന്റെ വേദനകള്‍.


'ദുഖ സംഖ്യ : 46'
തേക്കടി ബോട്ട് ദുരന്തത്തിനെ പ്രദിപാദിച്ചു നമുടെ പ്രധാന പത്രങ്ങളില്‍ ഒന്നില്‍ വന്ന തലക്കെട്ട് ആണിത്. യദാര്‍ത്ഥത്തില്‍ അവിടെ പൊലിഞ്ഞത് 45 ജീവന്‍ ആയിരുന്നു. അവര്‍ എഴുതിയ ഈ ദുഖ സംഖ്യ ഒരു കൈപ്പിഴയായി തള്ളിക്കളയാന്‍ കഴിയില്ല. കാരണം ആ തലക്കെട്ട്‌ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത തന്നെ ആയിരുന്നു. അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും വച്ചു നോക്കിയാല്‍ ഇന്നത്തെ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖവും അത് തന്നെയാണ്. വായനക്കാരില്‍ പരമാവധി ഞെട്ടല്‍ അല്ലെങ്കില്‍ സ്തോഭം ജനിപ്പിക്കാന്‍ കേട്ടു കേള്‍വികളിലെ വസ്തുതകളെ അന്വേഷിക്കാതെ തങ്ങളുടെ പങ്കും ചേര്‍ത്ത് വിസര്‍ജിക്കുന്ന ആധുനിക അന്വേഷണാത്മക പത്ര പ്രവര്‍ത്തനം.


പത്രത്തിലെ ചിത്രങ്ങളെക്കാളും (അവയും പലതും അരോചകം തന്നെ) ഭീകരമായത് ചാനലുകള്‍ ആ വാര്‍ത്ത അവതരിപ്പിച്ച ശൈലിയാണ്. മരണ സംഖ്യ എത്രയും കൂടാമോ അത്രയും കൂടണമെന്ന ആഗ്രഹം ധ്വനിപ്പിക്കുന്നതായിരുന്നു എല്ലാ അവതാരകരുടെയും അവതരണം. അതെ, എല്ലാവരും ജീവന് വേണ്ടി പ്രാര്‍ത്തിക്കുമ്പോള്‍ അവര്‍ മരണസംഖ്യ ഉയരാന്‍ പ്രാര്‍ത്തിക്കും. കാരണം ഉയരുന്ന ആ സംഖ്യയിലാണ് വാര്‍ത്താമൂല്യം എന്നൊരു അലിഖിത സങ്കല്പം തന്നെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കണം. കാരണം സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷിച്ചെടുത്ത ജീവന്റെ എണ്ണം അവര്‍ക്ക് അറിയേണ്ട. അറിയേണ്ടത് ഒന്നു മാത്രം. എത്ര പേര്‍ മരിച്ചു. ഇനി എത്ര പേര്‍ കൂടി മരിക്കും.


ദുരന്തങ്ങള്‍ക്കായി കാത്തിരിക്കുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നതു 1994 - ഇല്‍ പുലിറ്റ്സര്‍ സമ്മാനം കിട്ടിയ കെവിന്‍ കാര്‍ട്ടന്റെ പ്രശസ്തമായ ഒരു ചിത്രമാണ്. തന്റെ വിശപ്പടക്കാനായി മുന്നില്‍ ഇഴയുന്ന അസ്ഥി പഞ്ചരമായ ബാലന്റെ മരണം കാത്തിരിക്കുന്ന കഴുകന്റെ ചിത്രം.


കാള പെട്ടെന്ന് കേട്ടാല്‍ കയറെടുക്കുന്ന നിലയിലേക്ക് പത്രങ്ങള്‍ അധപതിചിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണം ആണല്ലോ അമേരിക്കക്കാരന്‍ പട്ടിയെ തിന്നു റെക്കോറഡ് സ്ഥാപിച്ചു എന്ന് നമ്മള്‍ വായിക്കാന്‍ ഇടയായത്. അതിനേക്കാള്‍ അരോചകമായ ദൃശ്യങ്ങള്‍ ആയിരുന്നു ഒരു കേസിന്റെ നാര്‍ക്കോ പരിശോദനയുടെ സംപ്രേഷനത്തിലൂടെ നമ്മള്‍ അനുഭവിച്ചത്. മാധ്യമങ്ങള്‍ പറയുന്നുണ്ട് ഞങ്ങള്‍ ഇടപെടുന്നത്‌ കൊണ്ടാണ് കേസുകള്‍ മാഞ്ഞു പോകാതെ നില്‍ക്കുന്നതെന്ന്. ഒന്നു ചോദിച്ചോട്ടെ മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും, ശിക്ഷിക്കപ്പെട്ടിട്ടുള്ളതും. പെണ്‍വാണിഭം, കൊലപാതകം, അഴിമതി; മാധ്യമങ്ങള്‍ ഇടപെട്ട ഏത് മേഖലയിലെ കേസുകളും ഒരിടത്തും എത്തിയില്ല. അല്ലാത്ത അനേകം കേസുകള്‍ കോടതിയില്‍ നീതിപൂര്‍വ്വം തന്നെ നടക്കുന്നുമുണ്ട് .


മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് നല്കുന്ന പ്രാധാന്യങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. സംഭവങ്ങള്‍ അല്ല, വ്യക്തികള്‍ക്കനുസരിച്ചാണ് വാര്‍ത്തയുടെ പ്രാധാന്യം ഇന്നു നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രശസ്തര്‍ തുമ്മിയാല്‍, പച്ചക്കറി വാങ്ങിയാല്‍, പൊട്ടു തൊട്ടാല്‍, മാച്ചാല്‍ എല്ലാം വാര്‍ത്ത. അതിനേക്കാള്‍ വലിയ സംഭവങ്ങള്‍ ഒന്നും വാര്‍ത്തയല്ല. കാരണം അത് ചെയ്തത് പ്രശസ്തര്‍ അല്ല. സമൂഹത്തില്‍ നിലയും വിലയും ഉള്ളവരെ ലക്ഷ്യമിടുക എന്നൊരു ദുഷ്‌പ്രവണതയും മാധ്യമങ്ങള്‍ ഇന്നു സ്വീകരിക്കുന്നു. രസകരമായ വസ്തുത വേട്ടയാടപ്പെടുന്ന ചിലരെ പ്രശസ്തരാക്കിയതും ഈ മാധ്യമങ്ങള്‍ തന്നെ ആണെന്നതാണ്. ആടിനെ പട്ടിയാക്കുക, പിന്നെ അതിനെ പേപ്പട്ടി എന്നും പറഞ്ഞു ഓടിച്ചിട്ട്‌ തല്ലി കൊല്ലുക. എല്ലാം വാര്‍ത്ത തന്നെ.


മറ്റൊരു ദുഖകരമായ കാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോടും സമൂഹത്തിലെ ആദരണീയരോടും ഉള്ള ബഹുമാനമില്ലായ്മയാണ്. മുതിര്‍ന്നവര്‍ക്ക് സാദാരണക്കാര്‍ നല്‍കുന്ന ബഹുമാനം പോലും അഭ്യസ്തവിദ്യരെന്നു അവകാശപ്പെടുന്ന ഇവര്‍ നല്‍കുന്നില്ല. അറിവ് നമ്മെ എളിമയുള്ളവര്‍ ആക്കും എന്ന പ്രശസ്ത വാചകം ഓര്‍ക്കുക. എന്നാല്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകരില്‍ എളിമക്ക് പകരം തങ്ങളാണ് അവസാന വാക്കെന്ന അഹങ്കാരമാണ് അവരുടെ ശരീരഭാഷയിലും മറ്റുള്ളവരോടുള്ള അവജ്ഞ്ഞയിലും തെളിഞ്ഞു കാണുന്നത്. മാധ്യമങ്ങള്‍ എന്തിനും ഏതിനും സമൂഹത്തെ കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് ഇന്നു കൂടുതലും കാണുന്നത്. മാധ്യമ പ്രവര്‍ത്തനം എന്നാല്‍ സമൂഹത്തെ നേരിന്റെ നന്മയുടെ പുരോഗമനത്തിന്റെ ദിശയിലേക്ക് നയിക്കുക എന്നതായിരുന്നു ഒരു കാലത്തെ അര്‍ഥം. അങ്ങിനെ ചെയ്ത സമാദരണീയരായ പത്രാധിപരുടെയും പത്രപ്രവര്‍ത്തകരുടെയും നാടായിരുന്നു ഇത്. മറ്റെവിടെയും എന്നപോലെ പാശ്ചാത്യ സംസ്കാരം മാധ്യമങ്ങളെയും ബാധിച്ചതാണ് ഇത്തരമൊരു അവസ്ഥയില്‍ എത്താന്‍ കാരണം എന്ന് തോന്നുന്നു.പ്രശസ്തരുടെ പിന്നാലെ ഉള്ള ഓട്ടം അവിടത്തെ പത്രപ്രവര്‍ത്തനം ആയിരുന്നു. പാപ്പരാസി. ഇന്നു ഇവിടെ നടമാടുന്നതും മറ്റൊന്നല്ല. അവിടെ പ്രശസ്തര്‍ക്ക് പിന്നാലെ ഓട്ടം ആയിരുന്നെങ്കില്‍ ഇവിടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം പ്രശസ്തര്‍ സ്വയം ഇവരുടെ മുന്നിലേക്ക് നിന്നു കൊടുക്കാന്‍ തയ്യാറായിരുന്നു. സ്വന്തം ചിലവില്‍ വഴി നീളെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും, കാശ് മുടക്കി തനിക്ക് തന്നെ സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും, സ്വയം ഒരു കമ്മറ്റി ഉണ്ടാക്കി അവാര്‍ഡുകള്‍ സ്വീകരിക്കുന്നതും ഒക്കെ പ്രശസ്തിയുടെ ജ്വരം തലയ്ക്കു പിടിച്ച ഒരു ജനതയെ തന്നെയല്ലേ കാണിച്ചു തരുന്നത്. ഇല നക്കി നായുടെ ചിറി നക്കി എന്ന പോലെ മാധ്യമങ്ങളും പിന്നാലെ അണി നിരന്നപ്പോള്‍ എല്ലാം ശുഭം.

യദാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ ഇന്നു ചെയ്യുന്നത് ഉത്തരവാദിത്വമില്ലാത്ത ഒരു പണിയാണ്. എവിടെയും ചെന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കി ഇവിടം ആക്കെ കുഴപ്പമാണ് എന്നൊരു ഭീതി ജനിപ്പിക്കുക എന്നത് മാത്രം ആയിപ്പോകുന്നു അവരുടെ പ്രവര്‍ത്തനം. ഒരു സംഭവം പൂര്‍ണമാകും മുന്പ് തന്നെ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ആര്‍ക്കു വേണ്ടിയാണ്. ഈ ചര്‍ച്ചകള്‍ കൊണ്ടു എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ? ചില ചര്‍ച്ചകളില്‍ ചിലര്‍ എനിക്ക് പറയാന്‍ ഉള്ളത് മുഴുവന്‍ പറയാന്‍ അനുവദിക്കണം എന്ന് യാചിക്കുന്നതു കേള്‍ക്കം. അത് അനുവദിച്ചില്ല എങ്കിലും തങ്ങളാണ് ശരി, തങ്ങള്‍ ആണ് സര്‍വാധിപതി എന്ന ഹുങ്കോടെ അവതാരകര്‍ നടത്തുന്ന ചര്‍ച്ചകളില്‍ പിന്നെയും അവര്‍ വരും. കാരണം തങ്ങളെ നാലാള്‍ കണ്ടു കൊണ്ടിരിക്കണം എന്നതല്ലാതെ മറ്റെന്താവാന്‍!!! അല്ലെങ്കില്‍ നാണം എന്നത് അഭിമാനം എന്നത് ലവലേശം ഉണ്ടാകില്ല. ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകര്‍ക്ക് ഒരിക്കലും അതിനുള്ള പക്വത ഇല്ലെന്നത് അവരുടെ പ്രകടനത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം. നിഷ്പക്ഷരാവാന്‍ ആര്‍ക്കും കഴിഞ്ഞേക്കില്ല. പക്ഷെ പ്രതിപക്ഷ ബഹുമാനം എന്നൊന്ന്, അംഗീകരിച്ചില്ലെങ്കിലും തങ്ങള്‍ പറയുന്നതിന്റെ എതിര്‍വാദങ്ങള്‍ കേള്‍ക്കാന്‍ ഉള്ള സഹിഷ്ണുത എങ്കിലും കാണിക്കാന്‍ ഇവര്‍ മറക്കുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക് അപ്പുറത്തുള്ളവരെ പരസ്യമായി പരിഹസിക്കാനും ഇവര്‍ക്ക് മടിയില്ല. പക്ഷെ അവരും കളിപ്പാവകള്‍ മാത്രമാണ് എന്നതാണ് യാദാര്‍ത്ഥ്യം. വലിയ താല്പര്യങ്ങളുള്ള പത്ര മുതലാളി മാരുടെ ബലി മൃഗങ്ങള്‍.തത്സമയ ചര്‍ച്ചകളില്‍ പോലും ചോദിക്കേണ്ട ചോദ്യങ്ങള്‍ അപ്പപ്പോള്‍ ലാപ്‌ ടോപ്പില്‍ തെളിയുമത്രേ. അതിനപ്പുറം ഒന്നും മിണ്ടാന്‍ അവര്‍ക്കധികാരമില്ല.


വാര്‍ത്ത ചാനലുകള്‍ ആണ് വാര്‍ത്തകളുടെ മൂല്യശോഷണത്തിന് മറ്റൊരു കാരണം. ദിവസം മുഴുവന്‍ എന്തെങ്കിലും കാണിച്ചേ തീരു എന്ന അവസ്ഥ, അവസരങ്ങളേക്കാള്‍ വലിയ അബദ്ധങ്ങള്‍ ആണ് സൃഷ്ടിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നു രണ്ടു കുറ്റാരോപിതരെ കൊണ്ടു വരുന്ന വഴി മുഴുവന്‍ തല്‍സമയം കാണിച്ചത് എന്തിനായിരുന്നെന്ന് അവര്‍ക്ക് പോലും പറയാനാവില്ല. ചില വിവരങ്ങള്‍, അപൂര്‍ണ്ണമായ വിവരങ്ങള്‍ തെറ്റിദ്ദാരണകള്‍ പരത്താന്‍ മാത്രമെ ഉപകരിക്കൂ. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന ഭൂരിപക്ഷം കാര്യങ്ങളും അവ്യക്തമായ അറിവോടെയാണ് എന്നത് വളരെ ഖേദകരം ആണ്. ചര്‍ച്ചകള്‍ക്കൊടുവില്‍ ചര്‍ച്ചക്ക് മുന്‍പ് തന്നെ എഴുതി വച്ച ചര്‍ച്ചയുടെ അവസാനഫലം പ്രാസമൊപ്പിച്ചു പറയുന്നതോടെ അപ്രസക്തമാകുന്നത് അതുവരെ അതെക്കുറിച്ച് സംസാരിച്ച സംവദിച്ച വിദഗ്ദരുടെ വാക്കുകളും വാദങ്ങളും അത് കണ്ടു നമ്മില്‍ ഉണര്‍ന്ന ചിന്തകളും മാത്രമല്ല; ആ ചര്‍ച്ച തന്നെയാണ്. അവര്‍ ഉദ്ദേശിക്കുന്ന ദിശയിലേക്ക് ചര്‍ച്ച എത്തുന്നില്ലെങ്കില്‍ വലിച്ചു നീട്ടി മറ്റുള്ളവരുടെ വാക്കുകളെ മുഴുവന്‍ അവഗണിച്ച് അങ്ങോട്ടേക്ക് എത്തിക്കുന്ന കാഴ്ചയും നമ്മള്‍ ഇന്ന് കാണുന്നു. അറിയാത്ത കാര്യത്തെ കുറിച്ചു മിണ്ടാതിരിക്കുക എന്ന കേവല മര്യാദ പോലും അവര്‍ മറക്കുന്നു.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌ എന്നതാണ് നമ്മുടെ നിയമത്തിന്റെ ആപ്ത വാക്യം. എന്നാല്‍ മാധ്യമങ്ങളുടെ ലക്ഷ്യം നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും. അവരുടെ ജീവിതത്തെ അത് എത്ര ദോഷകരമായി ബാധിക്കും എന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കുറ്റാരോപിതര്‍ എന്നാല്‍ കുറ്റവാളികള്‍ എന്നല്ല അര്‍ത്ഥമെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു. ഒരാളില്‍ കുറ്റം ആരോപിക്കുക എന്നത് ഏറ്റവും എളുപ്പമായതും സത്യം ഉണ്ടാകണമെന്ന് ഒട്ടും തന്നെ നിര്‍ബന്ധമില്ലാത്തതും ആയ പ്രവൃത്തിയാണ്‌. നാളെ കുറ്റവാളികള്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ അവരെ കുറ്റവാളികള്‍ ആയി മുദ്ര കുത്തിയിട്ടുണ്ടാകും മാധ്യമങ്ങള്‍. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ നമ്മുടെ ഉള്ളിലുള്ള വാസനയെ തന്ത്രപൂര്‍വ്വം മുതലെടുക്കുകയാണവര്‍. ക്രൂരമെന്നും പൈശാചികമെന്നും ഉള്ള വാക്കുകള്‍ അധികം ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ തങ്ങള്‍ ചെയ്യുന്നതും മറ്റൊന്നല്ല എന്നത് സൌകര്യപൂര്‍വ്വം മറക്കുകയാണ്. അതില്‍ നിന്നൊരു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ പ്രശസ്തി ഭ്രമം നിന്നെ മതിയാവൂ. അത് വരെ ഈ അഭ്യാസങ്ങള്‍ ഇനിയും തുടരും. കാണുക തന്നെ, കണ്ണുണ്ടായിപ്പോയില്ലേ.


48 comments:

മുക്കുവന്‍ said...

ഒന്നു ചോദിച്ചോട്ടെ മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും...

thats a good point tooo..

പാവപ്പെട്ടവൻ said...

ശരിയായ ഒരു അന്വേഷണം എല്ലാ ആഘോഷങ്ങള്‍ക്കുമപ്പുറം മനസ്സില്‍ ഉണര്‍ന്നു നില്‍ക്കുന്ന അത്ര അകലമല്ലാത്ത ആ ദുരന്തം പിന്നെ അടിയില്‍ ചേര്‍ത്തിരിക്കുന്ന ആ ചിത്രം ഭയാനകം തന്നെ ആശംസകള്‍

bhoolokajalakam said...

99/100 Mark

bhoolokajalakam said...

sorry 100/100

ഉറുമ്പ്‌ /ANT said...

വളരെ സുതാര്യമായ എഴുത്ത്. നന്നായിരിക്കുന്നു

ramanika said...

തട്ടേക്കാട്‌ അപകടം ഉണ്ടായപ്പോള്‍ ബോട്ടിന്റെ ഉടമ കുറ്റവാളി
തേക്കടി അപകടത്തില്‍ ബോട്ട് ഉണ്ടാക്കിയവന്‍, ഓടിച്ചന്‍ അങ്ങനെ പലരും കുറ്റക്കാര്‍ ബോട്ട് ഉടമക്ക് ഒന്നുമില്ല

മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും, ശിക്ഷിക്കപ്പെട്ടിട്ടുള്ളതും.
ഒന്നുമില്ല എല്ലാം ഒരു ഒത്തുക്കളി
വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റും
ഹാപ്പി ദീപാവലി .............

ഭൂതത്താന്‍ said...

കേള്‍വികളിലെ വസ്തുതകളെ അന്വേഷിക്കാതെ തങ്ങളുടെ പങ്കും ചേര്‍ത്ത് വിസര്‍ജിക്കുന്ന ആധുനിക അന്വേഷണാത്മക പത്ര പ്രവര്‍ത്തനം.

ഈ വിസര്‍ജനം നാളെ ചിലര്‍ ചരിത്രമായും ആഘോഷിക്കും ....നിങ്ങള്‍ പറഞ്ഞ സത്യങ്ങള്‍ എല്ലാം ശരിയാണ് മുന്പേ ഒരു ബ്ലോഗ്ഗര്‍ തന്നത് പോലെ നൂറില്‍ നൂറു തരാനാണ് എനിക്കും ഇഷ്ടം .ചാനലുകളുടെ വാര്‍ത്താ അവലോകനത്തിനിടക്ക് വേറൊരു രസകരമായ കാര്യം എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ..ഏതെങ്കിലും വ്യക്തി തന്‍റെ ന്യായവാദങ്ങള്‍ പറഞ്ഞു പകുതി എത്തുമ്പോള്‍ ഇടക്ക് "സമയ പരിമിതി" മൂലം ഇടപെട്ട അവതാരകന്‍ പ്രഖ്യാപിക്കും "ഒരു ഇടവേള ആവിശ്യമായി വന്നിരിക്കുന്നു "എന്ന്

നന്ദന said...

"ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംസ്ത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും." ഇന്നത്തെ പത്രവിചാരം

കോന്നിക്കാരന്‍ said...

അടുക്കള കണ്ണീര്‍പുര അല്ല, അഗ്നിയെരിയുന്ന തീകുണ്ഡം കൂടിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. വളരെ ശക്തമായ ഭാഷ. ഇത് വരെ എഴുതിയതില്‍ വച്ച് ഏറ്റവും ശക്തവും ആനുകാലികവുമായ പോസ്റ്റ്‌. അഭിനന്ദനങ്ങള്‍.

Subin Joe Danish said...

മാധ്യമങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍ ഇന്ന് ഏതെങ്കിലും ഒരു പക്ഷം ചേര്‍ന്ന് കുറ്റപ്പെടുത്തുകയാണ് പതിവ്. പക്ഷെ അവരൊക്കെ അടുക്കളയെ കണ്ടു പഠിക്കട്ടെ. ഒരു പക്ഷവും തിരിയാതെ വസ്തുതകള്‍ തീവ്രത ഒട്ടും ചോരാതെ എങ്ങനെ അവതരിപ്പിക്കാമെന്ന് ഇന്നത്തെ മുന്‍നിര മാധ്യമങ്ങള്‍ അനിതയെ കണ്ടു പഠിക്കട്ടെ. വളരെ വളരെ വളരെ നന്നായിരിക്കുന്നു. നൂറില്‍ ഇരുന്നൂറു മാര്‍ക്ക്!!!

Unknown said...

ചേച്ചീ ഇത് വല്ലാതെ അത്ഭുതപ്പെടുത്തുന്നു. അത് വരെ കഥകള്‍ പറഞ്ഞു തന്ന ചേച്ചിയുടെ ഈ ലേഖനം അതിനെക്കാളൊക്കെ നിലവാരമുല്ലതാണ്. ഒരിക്കലും ഈ ബ്ലോഗില്‍ ഒതുങ്ങി നില്‍ക്കരുത്. ഇനിയും എഴുതണം. പ്രാര്‍ഥനയോടെ.

biju benjamin said...

((((((((ട്ടേ)))))))
ഇത് ശരിക്കും ദീപാവലി പടക്കം തന്നെ. നല്ല ഒന്നാന്തരം ഉഗ്രശേഷിയുള്ള ലക്ഷ്യവേധമുള്ള ഒന്നാംതരം റോക്കെറ്റ്‌. കലക്കി. ആശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിരിക്കുന്നു, ആശംസകള്‍

Anil cheleri kumaran said...

ശക്തമായ പ്രതികരണം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

അനിതയുടെ പോസ്റ്റ് ചിന്തോദ്ദീപകം തന്നെ.
മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് മൂലധനവും മൂലധനതാല്പര്യങ്ങളുമാണ്.മാ‍ദ്ധ്യമങ്ങൾ ലോകത്തെവിടെയും അവയുടെ ഉടമസ്ഥരുടെ താല്പര്യവും കാഴ്ച്ചപ്പാടും രാഷ്ട്രീയവും നയവുമാണ് നടപ്പാക്കുന്നത്.ഏതുവിധത്തിലും വായനക്കരുടെയും കാണികളുടെയും ശ്രദ്ധയാകർഷിക്കുക, സർക്കുലേഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും സ്വാഭാവികം.
ഇതൊക്കെയാണ് പലപ്പോഴും അതിശയോക്തികൾക്കും വ്യാജങ്ങൾക്കും തമസ്കരണങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഒക്കെ കാരണമാവുന്നത്.

ഈ ദോഷവശങ്ങളൊക്കെയുണ്ടെങ്കിലും, പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവനാണ്.അഴിമതികളും അനീതികളും കുറ്റകൃത്യങ്ങളും മാധ്യമങ്ങൾ തുറന്നുകാണിച്ച സന്ദർഭങ്ങളുമുണ്ട്.ജീവൻ പണയംവെച്ച് മാദ്ധ്യമപ്രവർത്തകർ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവന്ന സന്ദർഭങ്ങളുമുണ്ട്. എന്തെല്ലാംദോഷങ്ങളുണ്ടെങ്കിലും മാദ്ധ്യമസ്വാതന്ത്ര്യം ജനാധിപത്യസമൂഹത്തിൽ അനിവാര്യമാണ്.ഏതുതരം സെൻസർഷിപ്പും ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമാണ്.

ANITHA HARISH said...

പ്രിയ മുക്കുവന്‍, പാവപ്പെട്ടവന്‍, bhoolokajalakam, ഉറുമ്പ്‌ /ANT, nandana, കോന്നിക്കാരന്‍, Subin Joe Danish, Veena, biju benjamin, വാഴക്കോടന്‍ ‍// vazhakodan, കുമാരന്‍ | kumaran എല്ലാവര്ക്കും നന്ദി. അടുക്കളയില്‍ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും. ഇനിയും വരണം. എന്റെ ദീപാവലി ആശംസകള്‍.

ANITHA HARISH said...

പ്രിയ ramanika, എല്ലാവരെയും ഒന്നടങ്കം നമുക്ക് അധിക്ഷേപിക്കേണ്ട. അതിനിടയിലും നല്ലവര്‍ ഉണ്ട്. നന്മ സ്വപ്നം കാണുന്നവര്‍. മരുഭൂവിലും മരുപ്പച്ചകള്‍ കാണാറില്ലേ അത് പോലെ. പക്ഷെ ഭൂരി ഭാഗവും ഇന്ന് ആ ഒത്തു കളിയുടെ വക്താക്കളാണ്. ദീപാവലി ആശംസകള്‍.

ANITHA HARISH said...

പ്രിയ ബാലചന്ദ്രൻ ചുള്ളിക്കാട് ,

അടുക്കളയില്‍ വന്നതിനും, അഭിപ്രായം എഴുതിയതിനും ആദ്യം നന്ദി പറയട്ടെ. താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനം അടുക്കളക്ക് വില മതിക്കാനാവാതതാണ്. ഇന്നത്തെ മാധ്യമങ്ങളിലെ ചില ദുഷ്‌പ്രവണതകള്‍ പറയുക എന്നത് മാത്രമായിരുന്നു ഈ ലേഖനത്തിന്റെ ലക്ഷ്യം. മാധ്യമങ്ങള്‍ ഇന്നലെകളില്‍ നിര്‍വഹിച്ച ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ മറന്നതല്ല. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എന്നും ഉണ്ടാവേണ്ടത് സമൂഹത്തിന്റെ സുതാര്യതക്ക്‌ അനിവാര്യമാണ്. പക്ഷെ അതിലെ കള്ളാ നാണയങ്ങളെ നമ്മള്‍ തന്നെ തിരിച്ചറിയുകയും വേണം. ഇനിയും വരണം. അഭിപ്രായങ്ങള്‍ അറിയിക്കണം. ദീപാവലി ആശംസകള്‍.

nalini said...

എഴുത്തു നന്നായിരിക്കുന്നു..ട്ടാ !!
ആശംസകൾ !!

Prasanth Iranikulam said...

ദീപാവലി ആശംസകള്‍

OAB/ഒഎബി said...

ലേഖനം കല്‍ക്കീര്‍ക്കണല്ലോ...

വാര്‍ത്തകള്‍: ഞങ്ങള്‍ ഉണ്ടാക്കുന്നു.
ധര്‍മ്മം: നിങ്ങളിലെത്തിക്കുന്നു.
ഞങ്ങളും നിങ്ങളും ഹാപ്പി. ഇടവേള ട്ടൂം.......... :)

siva // ശിവ said...

തികച്ചും അനിവാര്യമായ ലേഖനം...

siva // ശിവ said...

തികച്ചും അനിവാര്യമായ ലേഖനം...

നരിക്കുന്നൻ said...

ഈ അടുക്കളയിൽ ഇനിയും അഗ്നിയെരിയട്ടേ.

വളരെ വിശദമായ ഒരു ലേഖനം. മാധ്യമപ്രവർത്തനത്തിന്റെ കഴുകൻ കണ്ണുകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

Manoj said...

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌ എന്നതാണ് നമ്മുടെ നിയമത്തിന്റെ ആപ്ത വാക്യം. എന്നാല്‍ മാധ്യമങ്ങളുടെ ലക്ഷ്യം നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും. അവരുടെ ജീവിതത്തെ അത് എത്ര ദോഷകരമായി ബാധിക്കും എന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കുറ്റാരോപിതര്‍ എന്നാല്‍ കുറ്റവാളികള്‍ എന്നല്ല അര്‍ത്ഥമെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു. ഒരാളില്‍ കുറ്റം ആരോപിക്കുക എന്നത് ഏറ്റവും എളുപ്പമായതും സത്യം ഉണ്ടാകണമെന്ന് ഒട്ടും തന്നെ നിര്‍ബന്ധമില്ലാത്തതും ആയ പ്രവൃത്തിയാണ്‌. നാളെ കുറ്റവാളികള്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ അവരെ കുറ്റവാളികള്‍ ആയി മുദ്ര കുത്തിയിട്ടുണ്ടാകും മാധ്യമങ്ങള്‍.

എത്ര ശരി. അടുക്കള അത്ഭുതകരമാം വിധം വളരുകയാണ്. ആശംസകള്‍.

sunil kumar said...

അടുക്കളയുടെ പതിവ് രീതിയില്‍ നിന്നു വിഭിന്നമെങ്കിലും തീര്‍ത്തും അവസരോചിതമായ ലേഖനം. ഇനിയും എഴുതുക.

Daya said...

മാധ്യമങ്ങളുടെ ഇടപെടലുകള്‍ അനവസരതിലാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അനിതേച്ചി അക്കാര്യം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

rkumar said...

അടുക്കളയുടെ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ദീപാവലി ആശംസകള്‍.

Rajoottan said...

മാധ്യമങ്ങള്‍ നമ്മുടെ ആവശ്യം തന്നെയാണ്. എങ്കിലും അവയുടെ ഇന്നത്തെ രൂപം, ഭാവം ഇതെല്ലം ഒന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

All the best.

Unknown said...

മാധ്യമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രാഷ്ട്രീയ ചായ്‌വ് ഇപ്പോഴും വരും. വളരെ അതിശയമായി തോന്നിയത് ആ ഒരു ചായ്‌വ് ഒഴിവാക്കാന്‍ അടുക്കളക്ക് കഴിഞ്ഞു എന്നതാണ്. അതും ഒട്ടും തന്നെ വിഷയത്തിന്റെ തീവ്രത ചോരാതെ. അഭിനന്ദനങ്ങള്‍ ചേച്ചീ.

Typist | എഴുത്തുകാരി said...

വളരെ ശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുന്നു. ഞാനും യോജിക്കുന്നു 100%. ചാനലുകള്‍ എല്ലാം ഒരു ആഘോഷമായിട്ടല്ലേ കാണുന്നതു്. അതു് ഒരു ദുരന്തമായാ‍ലും, സിനിമാനടിയുടെ വിവാഹമോചനമായാ‍ലും, ഗുണ്ടയെ പിടിക്കലായാലും. കഴിഞ്ഞ ദിവസങ്ങളില്‍, ഒരു വിദ്യാര്‍ഥിനി അത്മഹത്യ ചെയ്തതിന്റെ കോലാഹലം കണ്ടില്ലേ?

Rafeek Wadakanchery said...

മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും...
പ്രസക്തമായ ഈ ചോദ്യം ഉയര്‍ത്തിയതിനു അഭിനന്ദനങ്ങള്‍ .

ഗോപി വെട്ടിക്കാട്ട് said...

ഒരാളുടെ നിത്യ ജീവിതത്തില്‍ ..കാഴ്ച പ്പാടുകളില്‍ മാധ്യമങ്ങള്‍ വലിയൊരു പങ്കു വഹിക്കുന്നുണ്ട് ..
അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ വളരെയധികം ജാഗ്രത പുലര്‍ത്തെണ്ടിയിരിക്കുന്നു ..നിര്‍ഭാഗ്യ വശാല്‍ ചാനലുകലായാലും
പത്രങ്ങളായാലും പക്ഷം പിടിക്കുകയും ..ആ‍ പക്ഷത്തിനു അനുകൂലമായി വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നുണ്ട് ...
പല വാര്‍ത്തകളും അവലോകനങളും അരോചകമാണ് എന്ന് പറയേണ്ടിയിരിക്കുന്നു...
നല്ലൊരു ലേഖനം... വസ്തു നിഷ്ട്ടമായി വിലയിരുത്തിയിരിക്കുന്നു ....

വിജിത... said...

നന്നായ് അനിതേചി... അവസരോചിതമായ ലേഖനം

skcmalayalam admin said...

gud,keep it up

കാപ്പിലാന്‍ said...

പലരും പറഞ്ഞു കഴിഞ്ഞല്ലോ
അടുക്കളക്ക് ദീപാവലി ആശംസകള്‍

ചേച്ചിപ്പെണ്ണ്‍ said...

അഭിനന്ദനങ്ങള്‍ ....

ദളം said...

മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ നമ്മുടെ ഉള്ളിലുള്ള വാസനയെ തന്ത്രപൂര്‍വ്വം മുതലെടുക്കുകയാണവര്‍. ക്രൂരമെന്നും പൈശാചികമെന്നും ഉള്ള വാക്കുകള്‍ അധികം ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ തങ്ങള്‍ ചെയ്യുന്നതും മറ്റൊന്നല്ല എന്നത് സൌകര്യപൂര്‍വ്വം മറക്കുകയാണ്. അതില്‍ നിന്നൊരു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ പ്രശസ്തി ഭ്രമം നിന്നെ മതിയാവൂ. അത് വരെ ഈ അഭ്യാസങ്ങള്‍ ഇനിയും തുടരും. കാണുക തന്നെ, കണ്ണുണ്ടായിപ്പോയില്ലേ.

ദളം said...

"madhyama sindicate ano???

nalla vimarsanam...samooham charchacheyyanda samayam kazhinju....

മണിഷാരത്ത്‌ said...

ലളിതമായി പറയട്ടേ...പ്രസക്തമായ വിഷയമാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.എന്തും കമ്പോളവല്‍ക്കരിച്ചിരിക്കുന്ന ഈ സമൂഹത്തില്‍ വാര്‍ത്തയും ഒരു ഉല്‍പ്പന്നമാണ്‌..അത്‌ സത്യമാകണമെന്നില്ല പക്ഷേ കമ്പോളത്തില്‍ പെട്ടെന്ന് വിറ്റുപോണം അത്രയേ ഉള്ളൂ..പത്രധര്‍മ്മം മണ്ണാങ്കട്ട..ഒരു പത്രസമ്മേളനം നടത്തിയ അനുഭവം ഈ കുറിപ്പെഴുതുന്ന ഈയുള്ളവനുണ്ട്‌..2 മിനിട്ട്‌ പത്രസമ്മേളനം....പിന്നെ ബാര്‍ ഹോട്ടലില്‍ സല്‍ക്കാരം,,,,,ഇവര്‍ക്ക്‌ സമൂഹത്തോട്‌ എന്തു കടപ്പാട്‌...ഒരു കാലത്ത്‌ ജനം ഇവരേ കല്ലെറിയും..നിശ്ചയം

lejose said...

അനിത,ബ്ളോഗ്‌ തെരെച്ചിലിനിടെ' അടുക്കളയുടെ കഥകേള്‍ക്കാന്‍' പൂമുഖത്തുകൂടി ,കറിയപ്പോള്‍ അതാ' കലവറയില്‍' വിശിഷ്ട വിഭവങ്ങള്‍.ആര്‍ത്തിയോടെ ഒരോന്നും രുചിച്ചു നോക്കി.എല്ലം നല്ലത്‌. ഇനിയും സാവധാനം അകത്താക്കണം,കെട്ടിലും മട്ടിലും ഒക്കെ പുതുമ

salas VARGHESE said...

ആകെ നോക്കി , രാഷ്ട്രിയം ഇല്ല, മതം ജാതി ഒന്നുമില്ല,
കുശുമ്പും കുന്നായ്മയും ഇല്ല, ഇതെന്തൊരു എഴുത്ത്?
എന്തൊരു ബ്ലോഗ്?
.
.
.
.

അനിതയുടെ രോഷം, സങ്കടം, ഞങ്ങളുടെതുമായി മാറുന്നു...

സിജാര്‍ വടകര said...

i like this ...sooppar blog

ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ്‌ ചെയ്യൂ .

www.snehakood.ning.com

അഭി said...

ചേച്ചി നന്നായിരിക്കുന്നു !

ഭായി said...

ആ സഹോദരങ്ങളെ ഓര്‍ത്തു ഒരു നിമിഷം, ഈ ആഘോഷത്തിനിടക്കും ഒരു നിമിഷം ഇമകള്‍ പൂട്ടാം.

അതെ....

അരുണ്‍ കരിമുട്ടം said...

ദീപാവലി കൃഷ്ണഭഗവാന്‍ നരകാസുരനെ കൊന്നതിന്‍റെ ആഘോഷമാണെന്നും പറയപ്പെടുന്നു
(മറ്റ് വിഷയങ്ങളെ കുറിച്ച് അഭിപ്രായമില്ല, അത്രക്ക് വിവരമില്ല)

സതി മേനോന്‍ said...

നല്ല ലേഖനം.

Umesh Pilicode said...

നന്നായി ടീച്ചറെ