അടുക്കളയെ പലരും കപട സദാചാരത്തിന്റെ വക്താവായി കുറ്റപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും പുരോഗമനം എന്നത് സദാചാരത്തിന്റെ വിപരീതമായി കരുതുന്നവര്‍. അങ്ങനെ കരുതുന്നവരില്‍ നിന്നും അടുക്കള മുഖം മറക്കുന്നില്ല. കാരണം കപടം എന്നതിന്റെ അര്‍ഥം ശരിക്കും അറിയുന്നവരാണല്ലോ അവര്‍. എങ്കിലും ഒന്ന് പറയട്ടെ, അടുക്കള വക്താവാണ്, കപട സദാചാരത്തിന്റെ അല്ല, സദാചാരത്തിന്റെ. കാപട്യത്തെ അടുത്തറിഞ്ഞ അവര്‍ക്ക് അതില്‍ നിന്നും അടുക്കളയിലേക്കുള്ള ദൂരം അറിയാനാത്തതിലുള്ള സങ്കടത്തോടെ തന്നെ ഇന്നത്തെ കഥ തുടങ്ങട്ടെ.
-സ്നേഹിക്കുന്നത് കുറ്റമാണോ?
-അല്ല.
-സ്നേഹം പ്രകടിപ്പിക്കുന്നതോ?
-അല്ലെ അല്ല.
അടുത്തിടെ നടന്ന, നടന്നു കൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ പാശ്ചാത്തലത്തില്‍ മനസ്സില്‍ സ്വാഭാവികമായി ഉയര്‍ന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. അതോടൊപ്പം മനസ്സിനോട് യുക്തി ചോദിച്ച ചില ചോദ്യങ്ങളും ഇവിടെ കുറിക്കാതെ വയ്യ.
-സ്നേഹം സന്തോഷം മാത്രമാണോ നല്‍കുന്നത്?
-പലപ്പോഴും.
-അങ്ങനെ എങ്കില്‍ ചിലപ്പോഴെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് വേദന നല്‍കുന്ന സ്നേഹം കുറ്റമാണോ?
തെറ്റല്ല എന്ന് വേണമെങ്കില്‍ പറയാം. സ്നേഹം, പ്രണയം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെട്ടവരുടെ മാത്രം സ്വകാര്യത തന്നെയാണെന്ന് നിങ്ങള്‍ക്കൊപ്പം അടുക്കളയും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ആ സ്വകാര്യത സ്വന്തം കര്‍ത്തവ്യങ്ങളെ കടമകളെ മറക്കാനോ മാറ്റാനോ ഉള്ള ന്യായീകരണം ആവുമ്പോള്‍.... ഇല്ല. അടുക്കളക്ക് അതോടൊപ്പം നില്‍ക്കാനാവില്ല. ഒരിക്കലും.
അടുത്തിടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ രാജ് മോഹന്‍ ഉണ്ണിത്താനെയും സഹപ്രവര്‍ത്തകയായ ഒരു യുവതിയെയും മഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോയ സംഭവം ഏറ്റവും പ്രകോപിതരാക്കിയത് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെ ആയിരുന്നില്ല എന്നതാണ് രസകരം. കേരളത്തിലെ സാംസ്കാരിക രംഗത്തെ പുരോഗമന വാദികള്‍ എന്ന പട്ടം സ്വയം കയ്യാളുന്നവര്‍ ആയിരുന്നു ആ ചിത്രം കണ്ടു രോഷാകുലര്‍ ആയതു. എഴുത്തുകാരും സാംസ്കാരിക നായകരും സമൂഹത്തിലെ സദാചാര പൊലീസിനെതിരെ ഉറഞ്ഞു തുള്ളി. ഉണ്ണിത്താനും സഹപ്രവര്‍ത്തകക്കും അങ്ങനെ ഒരു മോഹമുണ്ടെങ്കില്‍ അതിനു സഹായിക്കേണ്ടവരായിരുന്നു ഇടതു പക്ഷ പ്രവര്‍ത്തകര്‍ എന്ന ധ്വനിയായിരുന്നു പലരുടെയും വാക്കുകളില്‍ മുഴങ്ങിയത്. ( ശ്രീമാന്‍ സക്കറിയക്ക് പയ്യന്നൂരില്‍ നിന്നും ലഭിച്ച സ്വീകരണത്തോടെ കേരളത്തിലെ ഇടതു പക്ഷം തങ്ങളുടെ അത്ര പുരോഗമിച്ചിട്ടില്ല എന്ന് കുറഞ്ഞത് അദ്ദേഹത്തിനെങ്കിലും ബോധ്യമായിക്കാണും. അല്ലെങ്കിലും ഇവര്‍ വിഭാവനം ചെയ്യുന്ന പുരോഗമനം ബന്ധങ്ങള്‍ക്ക് ശിലായുഗത്തിലെ നിര്‍വ്വചനങ്ങള്‍ നല്‍കുക എന്നതാണല്ലോ ) ഉണ്ണിത്താന്‍ തന്നെ പിടിക്കാന്‍ വന്ന ജനങ്ങളോടും പോലീസിനോടും "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല" എന്ന് പറഞ്ഞതിന് പകരം " ഞങ്ങള്‍ തമ്മില്‍ പലതും ഉണ്ടാകാം, അതിനു നിങ്ങള്‍ക്കെന്താ" എന്ന് ചോദിക്കണമായിരുന്നു എന്ന അര്‍ത്ഥത്തിലാണ് ഇക്കഴിഞ്ഞ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഒരു സഹോദരി എഴുതിയത്.
ആ സഹോദരിക്കും അങ്ങനെ ചിന്തിക്കുന്ന ചുരുക്കം ചിലര്‍ക്കും കഴിഞ്ഞേക്കാം. പക്ഷെ ഒരു ഭര്‍ത്താവിനു, സഹോദരന്, പിതാവിന് ഒരിക്കലും അങ്ങനെ പറയാനാവില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ അവരല്ലാതാകും. അത് വെളിവാക്കുന്നത് സ്നേഹിക്കുന്നതില്‍ ശരിയോടൊപ്പം തെറ്റും ഉണ്ട് എന്ന് തന്നെയല്ലേ.
സ്വാര്‍ത്ഥരാവുമ്പോള്‍ മാത്രമേ മനുഷ്യനു തന്നെ വളര്‍ത്തിയ സമൂഹത്തെയും കടമകളെയും മറക്കാനാവൂ. പക്ഷെ അവരോര്‍ക്കുന്നില്ല അവരെപ്പോലെ മുന്‍ തലമുറയും ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെ നടക്കാന്‍ അവര്‍ വളരില്ലായിരുന്നു എന്ന്. ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് സന്തോഷകരമായ കുടുംബാന്തരീക്ഷം. അങ്ങനെ അല്ലാത്ത സാഹചര്യങ്ങളില്‍ വളരുന്ന മക്കളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പക്ഷെ ഈ പുരോഗമന വാദികള്‍ക്ക് അറിയാന്‍ കഴിഞ്ഞേക്കില്ല. സ്വന്തം സുഖങ്ങള്‍ക്കപ്പുറത്തെ യാതൊന്നും അവര്‍ക്കറിയെണ്ടല്ലോ!!! പക്ഷെ ഒന്നുണ്ട്, ആ മക്കളാണ് പലപ്പോഴും സമൂഹത്തിന്റെ അരക്ഷിതാവസ്തക്ക് കാരണമായിട്ടുള്ളത്. വഴി തെറ്റി പോകുന്ന മനുഷ്യരില്‍ പലര്‍ക്കും കാരണമായി പറയാനുള്ളത് ബാല്യത്തിലും കൌമാരത്തിലും വീട്ടില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയും കുടുംബത്തിലെ അന്തച്ചിദ്രങ്ങളും ഒക്കെയാണ്, അതല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയാതെ പോയ സ്നേഹം. അതെല്ലാം വെളിവാക്കുന്നത് പുരോഗതിയിലേക്കുള്ള യാത്രയില്‍ കുടുംബഭദ്രതക്കുള്ള പ്രാധാന്യത്തെ തന്നെയാണ്. 
പുരോഗമന വാദികളുടെ ഇരട്ട മുഖം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഈ ആഴ്ച നടന്നു. സണ്‍ ടി.വി. യിലെ നിജം എന്ന പരിപാടിയില്‍ തമിഴ്നാട്ടിലെ നിത്യാനന്ദ പരമഹംസര്‍ എന്ന സന്യാസിയും ഒരു പ്രശസ്ത നടിയും ഉള്‍പ്പെട്ട കിടപ്പറ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്തത് കഴിഞ്ഞ ദിവസമാണ്. പ്രധാന മാധ്യമങ്ങളില്‍ എല്ലാം അപ്രധാനമല്ലാത്ത രീതിയില്‍ വാര്‍ത്തകളും വന്നു. പുരോഗമന വാദികള്‍ ആരും തന്നെ സ്വാമിയുടെ സ്വകാര്യതയെ ന്യായീകരിച്ചു കണ്ടില്ല. ഉണ്ണിത്താന്‍ ആരോ ആയിക്കൊള്ളട്ടെ പക്ഷെ ഒരു മനുഷ്യന്റെ സ്വകാര്യതയെ കടന്നു കയറാന്‍ മറ്റൊരാള്‍ക്ക് അധികാരമില്ല എന്ന് പറഞ്ഞവര്‍ സ്വാമി ആരോ എന്തോ ആകട്ടെ അയാളുടെ സ്വകാര്യതയില്‍ ടി വി. ചാനലിനെന്തു കാര്യമെന്നും, ചാനല്‍ ചെയ്തത് മഹാപരാധമെന്നും ചിലപ്പോള്‍ പറഞ്ഞേക്കാം. തെറ്റ് ചെയ്യുന്നവരല്ലല്ലോ, അത് കണ്ടെത്താന്‍ നടക്കുന്നവരാണ് തെറ്റുകാര്‍ എന്നാണല്ലോ അവരുടെ മതം. താന്‍ ബ്രമ്ഹചാരിയെന്നു പറഞ്ഞിരുന്ന സ്വാമി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നതില്‍ പക്ഷെ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. അതെ അപ്പോള്‍ അവിടെ സ്വകാര്യത എന്നത് വഞ്ചന ആവുന്നു. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? അതുപോലെ തന്നെയല്ലേ കുടുംബ ജീവിതത്തിലേക്ക് കടക്കുന്ന ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും പരസ്പരമുള്ള വാഗ്ദാനം. ആ ബന്ധത്തിനപ്പുറത്ത് സ്വാതന്ത്ര്യം തേടി പുത്തന്‍ സ്വകാര്യതകള്‍ തീര്‍ക്കുന്നവര്‍ അതെ വഞ്ചന തന്നെ അല്ലെ ചെയ്യുന്നത്. ആ സ്വകാര്യതയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?
പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാനും താമസിക്കാനും എല്ലാം സ്വാതന്ത്ര്യം വേണമെന്ന വാദത്തിനും ചില മറുമുഖങ്ങള്‍ ഉണ്ട്. ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം യാത്ര ചെയ്ത ചില സഹോദരിമാരെ പിന്നീടു ഇന്റര്‍നെറ്റിലൂടെയും എം.എം.എസ്സുകളിലൂടെയും ആണ് ലോകം കണ്ടത്. സ്വാതന്ത്ര്യത്തിന്റെ നല്ല നല്ല ഓര്‍മ്മകള്‍ അവരെ ഈ ജീവിതകാലം മുഴുവന്‍ വെട്ടയാടാതെ തരമില്ല. അത് മലയാളി പുരുഷസമൂഹത്തിന്റെ മനോരോഗമെന്ന് വേണമെങ്കില്‍ തള്ളിക്കളയാം. പക്ഷെ അത്തരം മനോരോഗികളുടെ നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യം എത്ര കണ്ടു സുരക്ഷിതമാണെന്ന് നിങ്ങള്‍ ഓര്‍ക്കാത്തതെന്തേ? അതോ ഞങ്ങള്‍ക്ക് സുരക്ഷ വേണ്ട , സ്വാതന്ത്ര്യം മാത്രം മതി എന്ന ചിന്തയിലോ?
ഇത്തരം മനോരോഗങ്ങളില്‍ നിന്നും മോചനം നേടിയെന്നു പറയുന്ന പാശ്ചാത്യ സമൂഹത്തില്‍ നിന്നും അടുത്തിടെ ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാതിരിക്കാന്‍ വയ്യ. ലോക പ്രശസ്ത ഗോള്‍ഫ് കളിക്കാരനായ ടൈഗര്‍ വുഡ്സ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലോകത്തോട് മനസ്സ് തുറന്നത് നമ്മളില്‍ പലരും കണ്ടതാണ്. തന്റെ വഴി വിട്ട ജീവിതത്തിനു, ( ചിലര്‍ ഇപ്പോള്‍ പറയുന്ന പുരോഗമന ജീവിതത്തിനു) ലോകത്തോട് മാപ്പ് പറയുകയായിരുന്നു അദ്ദേഹം. പുരോഗമന വാദികള്‍ സ്വാതന്ത്ര്യത്തിന്റെ മാതൃകയായി പറയുന്ന പാശ്ചാത്യ ലോകം കുടുംബത്തിനും സദാചാരത്തിനും എത്ര കണ്ടു പ്രാടാന്യം നല്‍കുന്നു എന്ന് ടൈഗറിന്റെ ഓരോ വാക്കുകളും വിളിച്ചോതുന്നു. ബന്ധങ്ങളില്‍ പരസ്പര സ്വാതന്ത്ര്യമോ, സ്വകാര്യതയോ അല്ല, മറിച്ചു പരസ്പരം പുലര്‍ത്തേണ്ട പാലിക്കേണ്ട വിശ്വാസമാണ് ഏറ്റവും വലുതെന്നു പറഞ്ഞ ആദ്യത്തെ പാശ്ചാത്യനല്ല ടൈഗര്‍. മാജിക് ജോണ്‍സന്‍, ബില്‍ ക്ലിന്റന്‍, ബോറിസ് ബെക്കെര്‍, ഡേവിഡ് ബെക്കാം തുടങ്ങി എത്രയോ പേര്‍ തങ്ങള്‍ക്കു സംഭവിച്ച തെറ്റുകള്‍ ഏറ്റു പറഞ്ഞു ജീവിതം കരുപ്പിടിപ്പിച്ചവര്‍ ഉണ്ട്... നമ്മുടെ പുരോഗമന വാദികളുടെ കണ്ണുകള്‍ അതൊന്നും കാണാത്തതില്‍ അത്ഭുതമില്ല. കാരണം ഇവര്‍ തേടുന്നത് നൈമിഷിക സുഖങ്ങള്‍ മാത്രമാണല്ലോ.ഇപ്പോള്‍, ഇന്ന്. അത്ര മാത്രം. നല്ലൊരു നാളെ എന്നത് അവരുടെ ചിന്തയുടെ ചക്രവാളങ്ങളില്‍ പോലുമില്ല.
മറിച്ചും ഉദാഹരണങ്ങള്‍ കണ്ടേക്കാം, എങ്കിലും ഓരോ ബന്ധങ്ങളും തകരുന്നത് സ്വാതന്ത്ര്യത്തിന്റെയോ സ്വകാര്യതയുടെയോ പേരില്‍ ആയിരുന്നില്ല. പരസ്പരമുള്ള വിശ്വാസങ്ങളില്‍ മായം കലരുമ്പോഴാണ്. സ്വാര്തരാവുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആ പരസ്പര വിശ്വാസം തന്നെയാണ്. അടുത്തിടെ കണ്ട ഒരു പരസ്യ വാചകമാണ് ഓര്‍മ്മ വരുന്നത്. വിശ്വാസം; അതല്ലേ എല്ലാം. പക്ഷെ പുരോഗതിയുടെ ഇന്നത്തെ വക്താക്കള്‍ക്കു അത് ഒന്നുമല്ല എന്നത് ഏറെ വേദനാജനകം തന്നെ. ഇവരില്‍ ഏറെ പേരും സ്വയം സ്ത്രീപക്ഷവാദികള്‍ എന്ന് സ്വയം അഭിമാനിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ സ്ത്രീകളെ അരക്ഷിതരാക്കി ചൂഷണം ചെയ്യുക എന്നതാണ് ഇവര്‍ ചെയ്യുന്ന സ്ത്രീപക്ഷപ്രവര്‍ത്തനം. അവരുടെ മനോ വൈകൃതങ്ങള്‍ ആണ് ഉണ്ണിത്താന്‍ സംഭവങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പിന്തുനയുമായെത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്. അവരുടെ അരാജക ജീവിത മോഹങ്ങള്‍ക്ക് തടസ്സമാകുന്നവരെ ആണ് കപട സദാചാര വാദികളായി മുദ്ര കുത്തുന്നത്. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ നിങ്ങള്ക്ക് വേണ്ടി ജീവിക്കുന്നു, ശരിയാണ്, പക്ഷെ അടുത്ത തലമുറക്കായി നിങ്ങള്‍ എന്ത് നല്‍കുന്നു?
ജലത്തിന്റെ ശക്തമായ ഒഴുക്കിനെ അണകെട്ടി നിയന്ത്രിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ആ ഒഴുക്കിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സും. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള പ്രവാഹം തന്നെയാണ്. എന്നാല്‍ ആ ഊര്‍ജ്ജത്തെ നിയന്ത്രിക്കാനായാല്‍ അത് വ്യക്തിക്ക് മാത്രമല്ല സമൂഹത്തിനു കൂടിയാണ് ഉപകാരപ്രദമാവുന്നത്. എന്നാല്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നത് ആ ഒഴുക്കിനെ നിയന്ത്രിക്കാതെ എല്ലാം തകര്‍ത്തെറിഞ്ഞു സ്വയം നശിക്കാന്‍ അനുവദിക്കണം എന്നാണു. മനുഷ്യനെ കേവലം മൃഗമാക്കണം എന്നാണു അതിലൂടെ ആവശ്യപ്പെടുന്നത്. അതെ യുഗങ്ങള്‍ കൊണ്ട് താണ്ടി വന്ന പുരോഗതിയില്‍ നിന്നുമുള്ള തിരിച്ചു പോക്ക്.
എങ്കിലും പൊതു സമൂഹം ഇത്തരം കപട പുരോഗമന വാദികളുടെ ജല്‍പ്പനങ്ങളെക്കാള്‍ വില നല്‍കുന്നത് സദാചാര മൂല്യങ്ങള്‍ക്ക് തന്നെ ആണെന്നതിന്റെ ഉത്തമ സാക്ഷ്യങ്ങള്‍ ആണ് ഉണ്ണിത്താന്‍ സംഭവവും, പയ്യന്നൂര്‍ സംഭവവും, നിത്യാനന്ദ സംഭവവും. സദാചാര മൂല്യങ്ങല്‍ക്കനുസൃതമായി ജീവിതത്തെ നിയന്ത്രിക്കുന്നത് സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണെന്ന് അവര്‍ക്കറിയാം. ഇപ്പറഞ്ഞ പുരോഗമന വാദികളുടെ വാദങ്ങള്‍ അല്ല ശരി എന്നതല്ലേ "ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ല " എന്ന് പറയാന്‍ ശ്രമിച്ചതിലൂടെ ഉണ്ണിത്താനും പറഞ്ഞത്.
32. നിത്യാനന്ദയും ഉണ്ണിത്താനും ടൈഗര്‍ വൂഡ്സും മറ്റു ചിലരും....
Posted by ANITHA HARISH on Friday, March 05, 2010Labels: ലേഖനം
Subscribe to:
Posts (Atom)
