36. ദുര്‍മന്ത്രവാദിയുടെ മകള്‍ (ii) - തോല്‍ക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന സ്ത്രീകള്‍....

on Saturday, May 15, 2010

ആദ്യ ഭാഗം ഇതാ ഇവിടെ.

തുടര്‍ന്ന് വായിക്കുക :-


പോക്രോവ്സ്കൊയില്‍ നിന്നും ബുക്കാറസ്റ്റില്‍ എത്തിയ ശേഷം റഷ്യ എന്നെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാനിഷ്ടപ്പെടാത്ത ഇന്നലെകള്‍ ആയിക്കഴിഞ്ഞിരുന്നു... റഷ്യ മാത്രമല്ല, റഷ്യയിലെ ഓര്‍മ്മകളുടെ ബാക്കിയെന്നോണം തുടര്‍ന്ന് വന്ന ബോറിസുമായുള്ള ജീവിതവും ഒരു ഓര്‍മ്മയായി മാറിയെങ്കിലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.

പപ്പായുടെ പ്രിയ ശിഷ്യനായിരുന്നു ബോറിസ് സോളോവീവ്. അവസാന കാലങ്ങളില്‍ തന്റെ അനുയായികള്‍ക്കിടയില്‍ പപ്പാ തന്റെ പിന്‍ഗാമിയായിപോലും അയാളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരുന്നു.പക്ഷെ എനിക്കൊരിക്കലും ബോറിസിനെ അംഗീകരിക്കാനായില്ല. പപ്പാ എന്നെ ഏറെ നിര്‍ബന്ധിച്ചുവെങ്കിലും. പക്ഷെ ഒടുവില്‍ ഇപ്പോള്‍... സ്ത്രീകളോടുള്ള അയാളുടെ അതിരുകടന്ന പെരുമാറ്റം ഏറെ കണ്ട എനിക്ക് ഇവിടെ അയാളുടെ സംരക്ഷണം തേടേണ്ടി വന്നത്... സ്ത്രീയുടെ വിധി പലപ്പോഴും അങ്ങിനെ ആവുന്നതെന്തേ? വിശന്നിരിക്കുന്ന ചെന്നായുടെ മുന്നിലെത്തുന്ന ആട്ടിന്‍ കുട്ടിക്ക് കിട്ടുന്ന സംരക്ഷണമാണ് സ്ത്രീക്ക് പലപ്പോഴും ലഭിക്കാറുള്ളതെന്നു ജീവിതയാത്രയില്‍ പലയിടത്തും തോന്നിയിട്ടുണ്ട്. എങ്കിലും ബോറിസിനോട് അങ്ങേ അറ്റം വെറുപ്പ്‌ തോന്നിയത് വിവാഹം കഴിഞ്ഞു ഏറെ കഴിയും മുന്‍പുതന്നെ അയാളുടെ ഡയറിയിലെ കുറിപ്പ് കണ്ട നിമിഷം മുതലായിരുന്നു.

" ദുഃഖം തോന്നുന്നു. ഞാന്‍ കണ്ട ശരീരങ്ങളില്‍ ഏറ്റവും അനാകര്‍ഷകം എന്റെ ഭാര്യയുടെതാണ്.. നേരം കൊല്ലാനായി മാത്രം ഒരു ലൈംഗിക ബന്ധത്തിന് പോലും താല്പര്യം ജനിപ്പിക്കാത്ത ഒരു ശരീരം."

ഞാനന്ന സ്ത്രീ ഇല്ലാതായി പോകുന്നപോലെ ആണ് ആദ്യം തോന്നിയത്. എന്നിട്ടും ഞാന്‍ ബോറിസിനോട് തര്‍ക്കിച്ചു.

"താല്പര്യം ജനിപ്പിക്കേണ്ടത് എന്റെ ശരീരമല്ല, നിന്റെ മനസ്സാണ്... എന്നെ ഒന്നിനും കൊള്ളാത്തവളാക്കി സങ്കല്പിക്കുന്ന നിങ്ങളുടെ മനസ്സ്... അതാണ്‌ ഈ ലോകത്തെ ഏറ്റവും അനാകര്‍ഷകം."

വസ്തുവിലല്ല, കാണുന്ന കണ്ണിനാണ് സൌന്ദര്യമെന്നു ഒരിക്കല്‍ പറഞ്ഞു തന്നത് പപ്പയാണ്‌.... നീണ്ട നേരത്തെ തര്‍ക്കത്തെ അയാള്‍ നിശബ്ദത കൊണ്ട് ജയിച്ചു. പക്ഷെ പപ്പായുടെ അനുയായികളായ സ്ത്രീകളുടെ മുന്നില്‍ മാറി മാറി തൊട്ടു കൊണ്ടിരുന്ന അയാളോട് തോല്‍ക്കാന്‍ എനിക്കാവില്ല, മറ്റെവിടെ തോറ്റാലും. അന്നുമുതല്‍ ഞാന്‍ തിരഞ്ഞത് ഒരവസരമാണ്. ഇന്നെന്നെ തേടി വന്ന ഈ അവസരം. അനാകര്‍ഷകമെന്നു സ്വന്തം ഭര്‍ത്താവ് വിശേഷിപ്പിച്ച ഈ ശരീരത്തിന്റെ ജ്വാലയില്‍ തന്നെ എനിക്ക് പുരുഷവര്‍ഗ്ഗത്തെ ദഹിപ്പിക്കണം. അതെ, ഈ മനസിലെ മഞ്ഞിന്റെ തണുപ്പ് ഇനിയാര്‍ക്കുമില്ല.

ബുക്കാറസ്റ്റിലെ പ്രശസ്തമായ ഓപ്പെറ ഹൌസ്... നിറഞ്ഞ സദസ്സിനു മുന്നില്‍... ഓരോ രോമാകൂപത്തെയും കൊളുത്തി വലിക്കുന്ന ഒരായിരം നയനങ്ങള്‍ക്ക് മുന്നില്‍.... റഷ്യന്‍ സാമ്രാജ്യത്തെ കയ്യിലോതുക്കാന്‍ ശ്രമിച്ച റാസ്പുട്ടിന്റെ മകള്‍ തന്റെ മദാലസ നൃത്തം കൊണ്ട് കാണികളുടെ മനസ്സില്‍ കനല്‍ മഴ പെയ്യിക്കാന്‍ പോകുന്നു. പക്ഷെ തന്റെ ചിന്തകളുടെ കനലുകള്‍ ഓരോ മനസ്സിലേക്കും നല്‍കിയ റാസ്പുട്ടിന്റെ ലക്ഷ്യം ആയിരുന്നില്ല മരിയയുടെത്. അപമാനിതയായ ഒരു പെണ്ണിന്റെ മറുപടി....

ഒരു പ്രദര്‍ശനം മാത്രം. മാനേജര്‍ തന്റെ വിലാസം തേടി നൂറുകണക്കിനാളുകള്‍ തിരക്കിയെത്തി എന്ന് അറിയിക്കും മുന്‍പേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അനാകര്‍ഷകമായ ഈ ശരീരത്തിന്റെ ശക്തി. മുന്നിലെ ഒരായിരം നയനങ്ങളില്‍ ഞാനത് വായിചെടുതിരുന്നു. എനിക്കത് മാത്രം മതിയായിരുന്നു, എന്റെ നഷ്ടമായ ആത്മവിശ്വാസം ഇരട്ടിയായി തിരികെ കിട്ടാന്‍... എങ്കിലും ഒരു അജ്ഞാതയായി തന്നെ കഴിയാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ...

പക്ഷെ അതിനെക്കാളേറെ ഞാന്‍ അത്ഭുതപ്പെട്ടത് ബോറിസിന്റെ പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റം കണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ രാത്രി വൈകി എത്തുന്ന ഞാന്‍ തണുത്ത രാത്രി മുഴുവന്‍ വീടിന്റെ പുറത്തെ സിറ്റ് ഔട്ടില്‍ കഴിയേണ്ടി വന്നിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അയാള്‍ വാതില്‍ അടക്കാതെ കിടന്നുറങ്ങാന്‍ തുടങ്ങി!!!! രണ്ടു ദിവസം കൂടെ കഴിഞ്ഞതോടെ ഉറങ്ങാതെ എന്നെ കാത്തിരിക്കുന്ന അയാളെ കാണാന്‍ കഴിഞ്ഞത് പെട്ടെന്ന് വിശ്വസിക്കാനായില്ല.
അടുത ദിവസം വരാന്‍ സാദാരണയിലും അല്പം വൈകിയിരുന്നു. വാതിലടച്ചു എന്റെ മുറിയുടെ നേരെ തിരിഞ്ഞ എന്നെ ബോറിസ് പേര് ചൊല്ലി വിളിച്ചു. ഏറെ നാളുകള്‍ക്കു ശേഷം.

"മരിയ..."

ഞാന്‍ അവിശ്വസനീയതയോടെ അയാളെ നോക്കി.

"എന്നോട് ക്ഷമിക്കുക, നീ സുന്ദരിയാണ്.. "

അയാളുടെ ദയനീയമായ ശബ്ദം ആദ്യമായി കേള്‍ക്കുകയായിരുന്നു.

"മറ്റാരെക്കാളും നീ സുന്ദരിയാണ്, ഞാന്‍ കണ്ട മറ്റാരെക്കാളും..."

കുറച്ചു നേരം നിശബ്ദനായെങ്കിലും എനിക്ക് തോന്നി അയാള്‍ക്ക്‌ കൂടുതലെന്തോ പറയാനുണ്ടെന്ന്. ഒരു പക്ഷെ നിശബ്ദത കൊണ്ട് എന്നെ എന്നും തോല്പിച്ചയാള്‍ ഒടുവില്‍....

" നിന്റെ പപ്പാ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു, സാറിന്റെ കൊട്ടാരത്തിലെ സ്ത്രീകളെല്ലാം അദ്ദേഹത്തെ കാമിച്ചിരുന്നു എന്ന്. അന്ന് അത് വിഡ്ഢിത്തമായി കരുതിയ ഞാന്‍ പക്ഷെ പിന്നീട് അതെ മൂഡസ്വര്‍ഗത്തില്‍ മയങ്ങാന്‍ തുടങ്ങിയത് എന്നാണെന്നറിയില്ല.... പക്ഷെ ഇപ്പോള്‍ ഞാനറിയുന്നു, മരിയാ, എന്നോട് ആര്‍ക്കും കാമാമായിരുന്നില്ല, അറപ്പയിരുന്നിരിക്കണം, പക്ഷെ ആ അറപ്പിന്റെ മുകളില്‍ അവര്‍ ഇട്ട സ്വന്തം ആവശ്യങ്ങളുടെ തിരശീലയെ ഞാന്‍ കാമാമെന്നു ധരിച്ചു. പക്ഷെ കഴിഞ്ഞ ഒരാഴ്ചയായി ഓപ്പെറ ഹൌസില്‍ ഞാന്‍ കണ്ട കണ്ണുകളില്‍ എല്ലാം കാമാമായിരുന്നു. നിന്റെ ഈ രണ്ടു കണ്ണുകളില്‍ ഒഴികെ..."

അനാകര്‍ഷകമെന്നു എഴുതിയ ഈ ശരീരത്തെ കൊളുത്തി വലിക്കുന്ന നയനങ്ങള്‍ കാണാന്‍ അയാള്‍ എത്തണം എന്നാഗ്രഹിച്ചിരുന്ന എന്റെ മനസ്സ്... കുറച്ചു മുന്‍പ് വരെ ഉണ്ടായിരുന്ന പകയുടെ തീ ഇപ്പോള്‍ എവിടെ?

"ബോറിസ്, നിങ്ങള്‍ അവിടെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല....."

"ഒരു തോല്‍വി ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.... പക്ഷെ.... വിജയാരവം മുഴക്കുമ്പോഴും, തോല്‍വിയുടെ കാണാക്കയങ്ങളിലേക്ക് പതിക്കുകയാണെന്ന് തിരിച്ചറിയാതെ പോകാതിരിക്കാന്‍ അതുകൊണ്ട് മാത്രമേ കഴിയുമായിരുന്നുള്ളൂ എന്ന് ഇപ്പോള്‍ ഞാനറിയുന്നു... മരിയ..."

വീണ്ടും നിശബ്ദതയുടെ നിമിഷങ്ങള്‍.. മുന്‍പ് എന്റെ വാഗ്വാദങ്ങളെ അയാള്‍ എന്നും ജയിച്ചിരുന്നത് കൊല്ലുന്ന മൌനം കൊണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ എന്റെ ഈ നിശബ്ദത ആരെയും തോല്‍പ്പിക്കനായിരുന്നില്ല....

"മരിയാ.... തീരുമാനങ്ങള്‍ എന്നും ജേതാവിന്റെ അവകാശമാണ്.... നിനക്ക് തിരഞ്ഞെടുക്കാം..."

അതിനുമുന്‍പോ ശേഷമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിയിട്ടില്ല എന്നതാണ് സത്യം. പിന്നീടുള്ള യാത്രകളില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു വലിയ സത്യവും അതായിരുന്നു. തിരഞ്ഞെടുക്കേണ്ട അവസരങ്ങളില്‍ പോലും സ്ത്രീകള്‍ ആ സ്വാതന്ത്ര്യം മറന്നു പോകുന്നു. സാഹചര്യങ്ങള്‍ നിര്‍ബന്ധിതരാക്കുന്നു എന്നതിനേക്കാള്‍ സാഹചര്യങ്ങളെ നേരിടാന്‍ അസന്നിഗ്ദാതയെ മറികടക്കാന്‍ അവര്‍ പലപ്പോഴും ഭയക്കുന്നു. മിക്കപ്പോഴും മെച്ചപ്പെട്ട വഴികള്‍ മുന്നില്‍ കിടക്കുമ്പോഴും അവര്‍ അതെ പാതയില്‍ ബുദ്ദിമുട്ടി നീങ്ങുന്നു.... എനിക്കും ആ ധൈര്യം ഉണ്ടായില്ല. എന്നാല്‍ ആ ധൈര്യമില്ലായ്മയല്ല അന്നത്തെ തീരുമാനത്തിന്റെ യദാര്‍ത്ത കാരണമെന്ന് ഞാന്‍ മനസ്സിലാക്കിയത് പിന്നീടാണ്. ഏറെ വെറുക്കുന്നവരോട് സ്നേഹം തോന്നുക എന്നത് എളുപ്പമുള്ള കാര്യമാണെന്ന് പപ്പാ പറയാരുള്ളപ്പോള്‍ ഏറ്റവും എതിര്‍ത്തിരുന്നത് ഞാന്‍ ആയിരുന്നു. എന്നാല്‍ ഞാന്‍ അപ്പോള്‍ അറിയുന്നു. വെറുക്കുക എന്നത് അനന്തമായ ഒരു നേര്‍ രേഖയല്ല, മറിച്ച് ഉയരമേറിയ ഒരു പര്‍വതമാണ്... അതിന്റെ ഏറ്റവും ഉച്ചിയിലെതിയാല്‍ പിന്നെ.... അതെ എത്രയധികം വെറുക്കുന്നുവോ, സ്നേഹിക്കാന്‍ അത്രയേറെ സാധ്യതകള്‍ കൂടുന്നു....

സ്നേഹിക്കാന്‍ തുടങ്ങിയില്ലെങ്കിലും ബോറിസിനെ വെറുക്കാതിരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. ആ രാത്രി വീണ്ടും ഞാന്‍ അരക്ഷിതാവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും സുരക്ഷിതത്വത്തിന്റെ കോട്ടക്കുള്ളില്‍ ബന്ദനസ്ഥയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് ഇപ്പോള്‍ അറിയുന്നു. അടുത്ത ദിനം രാവിലെ തന്നെ ബോറിസിനോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്. " ഇനി ബുക്കരസ്റ്റില്‍ നില്‍ക്കേണ്ട. ഇന്ന് തന്നെ ഇവിടെ നിന്ന് പോകണം."

ബോറിസ് മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും എനിക്കുറപ്പുണ്ടായിരുന്നു ഇനിയൊരു രാത്രി ഓപ്പെറ ഹൌസിന്റെ ഈ നാട്ടില്‍ നില്‍ക്കേണ്ടി വരില്ലെന്ന്. കണ്മുന്നില്‍ കാണുന്ന പാതകള്‍ ഒന്നും അല്ല മനസ്സിന്റെ സഞ്ചാരപതമെന്നു അനുഭവിക്കുംബോഴല്ലാതെ വിശ്വസിക്കാന്‍ ആര്‍ക്കുമാവില്ല. അന്നന് രാത്രി തന്നെ ഞങ്ങള്‍ ഫ്രാന്‍സിലേക്ക് തിരിച്ചു. വീണ്ടും ഒരു പലായനം... പക്ഷെ റഷ്യയില്‍ നിന്ന് പോരുംബോഴുള്ളത് പോലെ മനസ്സ് ഇത്തവണ മരുഭൂമി ആയിരുന്നില്ല... അവിടവിടെ ചെറുനാമ്പുകള്‍ മുളയിടാന്‍ തുടങ്ങിയിരിക്കുന്നു...

പാരീസിന്റെ പ്രാന്തപ്രദേശത്ത് ഒരു ഇടുങ്ങിയ കൊച്ചു വീടാണ് ഞങ്ങള്‍ക്ക് കിട്ടിയത്. എങ്കിലും ആ കുടുസ്സുമുറിയില്‍ മറ്റെങ്ങുമില്ലാത്ത സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഞാന്‍ ശ്വസിച്ചു. ബോറിസ് അടുത്തുള്ള ഒരു ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. കൈയിലെ ആഭരണങ്ങളും പണവുമൊക്കെ അവസാനിച്ചു തുടങ്ങിയിരുന്നു അതിനകം. ഏകാന്തമായ പകലുകളില്‍ പലപ്പോഴും റഷ്യ തികട്ടി വന്നെങ്കിലും ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിടാന്‍ അതിനകം തന്നെ ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.

പക്ഷെ ആ ദിനം, 1918 ജൂലായ്‌ മാസം അവസാനം ബോറിസ് വന്നത് കടിഞ്ഞാണിടാന്‍ കഴിയാത്ത വിധത്തില്‍ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു......

തുടരും...