ചന്ദ്രനെ കാണാത്തവരായി കാഴ്ചയുള്ളവരില്‍ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയില്‍ ദൂരെ മാനത്ത് കുളിര്‍മ്മയുള്ള നിലാവ് പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാള്‍ മുതലേ കണ്ടു തുടങ്ങിയതാണ് എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ ആ മന്ദസ്മിതം നമ്മുടെ മനസ്സിലും നിലാവ് പൊഴിച്ചിരിക്കുന്നുദേവനായും കളിക്കൂട്ടുകാരനായും സങ്കല്പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്പനികതയുടെ വക്താക്കള്‍ക്കും ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്ത്ര ലോകത്തിനും. പക്ഷെ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൌന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത് അറിഞ്ഞപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ ഊഴര മരുഭൂമികളെക്കാള്‍ വരണ്ട ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൌന്ദര്യത്തിന്റെ ഉപമയായി സങ്കല്പിച്ചത്. ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.
ഇന്നും കഥ പറയുന്നതു നിങ്ങളില്‍ പലര്‍ക്കും അജ്ഞാതയായ ഒരു സഹോദരി ആണ്. പാട്രീഷ്യ ഹെയില്‍ എന്ന പാറ്റ്. ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലെ പാവപ്പെട്ട ഒരു ക്ലാര്‍ക്കിന്റെ മകളായി പിറന്നു പിന്നീട് വലിയ സ്വപ്നങ്ങളുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ എത്തിയ കൌതുകമുണര്‍ത്തുന്ന സുന്ദരമായ മുഖത്തോട് കൂടിയ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. പക്ഷെ ഒരുപാടു പ്രതീക്ഷകളും പേറിയുള്ള ആ യാത്ര തന്റെ സ്വപ്നങ്ങളുടെ വിലാപയാത്ര ആയിരുന്നെന്നു അവള്‍ തിരിച്ചറിയുന്നത് നീണ്ട 44 വര്‍ഷങ്ങള്‍ക്കു ശേഷം രോഗവുമായുള്ള മല്ലയുദ്ദത്തിനിടക്ക് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. കാരണം അത് വരെയും അവള്‍ വിശ്വസിച്ചിരുന്നു. ' ഞാന്‍ എന്റെ വിദ്യയുടെ പ്രിയ പത്നി ആണ്.' തനിക്കും എഴുതിനുമിടയില്‍ എന്നും കടന്നു വരാന്‍ പാടില്ലെന്നും തങ്ങള്‍ മാത്രമുള്ള സ്വകാര്യതയാണ് തനിക്ക് വേണ്ടതെന്നും പറഞ്ഞു അമ്മയാകാനുള്ള മോഹത്തെ അയാള്‍ നിരാകരിക്കുമ്പോഴും അവള്‍ വിശ്വസിച്ചു; ' ഞാന്‍ എന്റെ വിദ്യയുടെ എല്ലാമാണ്.'
നിങ്ങള്‍ക്കറിയില്ലേ പാറ്റിന്റെ വിദ്യയെ??? ഇന്ത്യന്‍ വേരുകളുള്ള, ആധുനിക ഇംഗ്ലീഷ് ഗദ്യസാഹിത്യ ലോകത്തെ കുലപതികളില്‍ ഒരാളായ വി. എസ്. നൈപാള്‍ എന്ന സര്‍ വിധ്യാധര്‍ സൂരജ് പ്രസാദ് നൈപാളിനെ എങ്ങനെ അറിയാതിരിക്കാനാണ്. നോബല്‍ സമ്മാനവും, ബുക്കര്‍ സമ്മാനവും അടക്കം സാഹിത്യത്തിനു ലഭിക്കാവുന്ന ബഹുമതികളില്‍ ഏറെയും നേടിക്കഴിഞ്ഞ ലോകത്തെ സാഹിത്യപ്രേമികളുടെ മനസ്സില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ നൈപാള്‍ എന്ന സാഹിത്യ നഭസ്സിലെ താരത്തെ!!! പക്ഷെ പാറ്റിണ് പറയാനുള്ളത് ആ തിളക്കത്തിന്റെ തീവ്രതയല്ല. മരിച്ചു ആ തിളക്കതിനപ്പുറത്തെ ഇരുള്‍ കൂടിയാണ്. വാക്കുകള്‍ കൊണ്ടു സ്ത്രീ വംശത്തിനു പട്ടു മെത്ത ഒരുക്കിയ പ്രവൃത്തി കൊണ്ടു അതെ സ്ത്രീത്വത്തിനു പട്ടട ഒരുക്കിയ നൈപാള്‍ എന്ന മനുഷ്യന്റെ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന മുഖങ്ങളെക്കുറിച്ച്.
" മരണം കാത്തു കിടക്കുക എന്നതിനോളം വലിയ ശിക്ഷ ഈ ലോകത്ത് അനുഭവിക്കാനില്ല. പക്ഷെ ആ കാത്തിരിപ്പിനും ചിലപ്പോഴൊക്കെ മധുരമുള്ള സമ്മാനങ്ങള്‍ നല്കാനാവുമെന്നു തിരിച്ചറിഞ്ഞത് രാവിലെ ഹെഡ് നേഴ്സ് കൊണ്ടു വന്ന ഫാക്സ് വായിച്ചപ്പോഴാണ്. ജക്കാര്‍ത്തയില്‍ നിന്നും വിദ്യയുടെ സന്ദേശം.
"പല കാര്യങ്ങളും കേട്ടത് ഹൃദയം കീറി മുറിയുന്ന വേദനയോടെയാണ് പാറ്റ്. എന്റെ ആ വാക്കുകള്‍ എന്നെക്കുറിച്ചായിരുന്നു എങ്കിലും നീ അറിയരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് നിന്നെ ഇത്ര തളര്‍ത്തി എന്ന് കേള്‍ക്കുമ്പോള്‍..... ഞാന്‍ എന്ത് ചെയ്യണം എന്നാണ്, എന്താകണം എന്നാണ് നീ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയു പാറ്റ്. നീ എന്തായിരുന്നുവോ, അതിനെല്ലാം ഈ വിതുമ്പുന്ന ഹൃദയത്തിന്റെ നന്ദി. ഞാന്‍ അറിയുന്നു, ഞാന്‍ ഒരിക്കലും നിന്റേതു മാത്രമായിരുന്നില്ല എന്നറിഞ്ഞിട്ടും നീ എന്നും എനിക്ക് മാത്രമായി കാത്തിരുന്നു എന്ന്. with tremendous and enduring love, always your's VIDDYA"
ഇനി ഒരിക്കല്‍ കൂടെ വായിക്കാനാവാത്ത വിധം എന്റെ മിഴിനീരാല്‍ ആ കടലാസു കഷണം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. എന്താണ് ഞാന്‍ അദ്ദേഹത്തോട് പറയേണ്ടത്. കൈകളില്‍ വിറയ്ക്കുന്ന ഈ തുണ്ട് കടലാസിനു എന്ത് മറുപടിയാണ് ഞാന്‍ പറയേണ്ടത്??? കഴിയില്ല. ഒരു ജീവിതം മുഴുവന്‍ ഒരു വാക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദേഹത്തിന്റെ പ്രതിഭക്കെ കഴിയൂ...
എന്നും എഴുത്തിലൂടെ ആയിരുന്നല്ലോ അദ്ദേഹം എല്ലാരെയും പോലെ എന്നെയും കീഴടക്കിയത്...
അന്ന്, കോളെജ് ഓടിറ്റൊരിയത്തില്‍ ആദ്യമായും അവസാനമായും വേദിയില്‍ നൃത്തമാടിയ എനിക്ക് ആദ്യമായി കിട്ടിയ അഭിനന്ദനം. രണ്ടു വാക്കുകള്‍ മാത്രം കുത്തിക്കുറിച്ച ഒരു കൊച്ചു കടലാസ് തുണ്ട്. അതായിരുന്നു വിദ്യ ആദ്യം എനിക്ക് തന്ന സമ്മാനം. പിന്നീട് ഓക്സ്ഫോര്‍ഡില്‍ വച്ചു മനസിന്റെ വിലാസത്തിലെക്കയച്ച ഒരു പാടു എഴുത്തുകള്‍ എന്നെ മോചിപ്പിക്കുകയായിരുന്നു!!!! ഭക്ഷണം പോലും ചുരുക്കി എന്നെ പഠിക്കാന്‍ അയച്ച പാവം മാതാപിതാക്കളില്‍നിന്ന്, ബ്ലാക്ക് & വൈറ്റ് ടെലിവിഷന്‍ സെറ്റ് വാങ്ങാന്‍ കൊതിയോടെ കൂട്ടിവച്ചിരുന്ന പണക്കുടുക്ക പൊട്ടിച്ചു എന്റെ മടിത്തട്ടിലേക്ക് ചെരിഞ്ഞ അനുജത്തിയില്‍ നിന്ന്, വെക്കേഷന് ചെല്ലുമ്പോള്‍ അടുത്ത കുടുസ്സുമുറിയിലേക്ക് സ്വയം മാറി മാതാപിതാക്കള്‍ എനിക്കായി തുറന്നിടാറുള്ള കിംഗ് സ്റ്റനിലെ കുഞ്ഞു ഫ്ലാറ്റിലെ ഒറ്റ ജാലകമുള്ള മുറിയില്‍ നിന്ന്, പിന്നെ എന്നെ കാത്തിരുന്ന ഒരു പാടു വേദികളില്‍ നിന്ന്, എന്റെ വിരലുകല്‍ക്കായി കാത്തിരുന്ന താളുകളില്‍ നിന്ന് എല്ലാം ഞാന്‍ മോചിപ്പിക്കപ്പെടുകയായിരുന്നു. പക്ഷെ അതോടൊപ്പം തന്നെ ഞാന്‍ പറിചെറിയപ്പെടുകയായിരുന്നു. എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളില്‍ നിന്ന്. പക്ഷെ അതൊന്നും തന്നെ എന്നെ ഒട്ടും തന്നെ വേദനിപ്പിച്ചില്ല. കാരണം ഇപ്പറഞ്ഞ എല്ലാം ഒരു തട്ടില്‍ വച്ചു തുലാഭാരം നടത്തിയപ്പോഴും മനസ്സില്‍ അപ്പോള്‍ വിദ്യയുടെ തട്ട് താഴ്ന്നു തന്നെ കിടക്കുകയായിരുന്നു.
പക്ഷെ പിന്നീട് ഏറെ നാളുകള്‍ക്കു ശേഷം വിവാഹം ഒരു കെണിയാണെന്നും, സമൂഹത്തിന്റെ പ്രതീക്ഷകളെ തകിടം മറക്കുന്ന പ്രക്രിയ ആണെന്നും വിദ്യ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യ ആണെന്ന് തന്നെ ആണ് വിശ്വസിച്ചത്. പക്ഷെ നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന മറ്റൊരു കുറിപ്പ് എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചു. ഒരു പത്രത്തിന് വിദ്യ നല്കിയ അഭിമുഖം. അതെ കുറിച്ചു കേട്ട ഞാന്‍ വിദ്യയെ വിളിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഇങ്ങനെ ആയിരുന്നു. ' പാറ്റ്; അത് നീ വായിക്കരുത്, ദയവായി അത് നീ വായിക്കരുത്' പക്ഷെ എനിക്കെങ്ങനെ അതിന് കഴിയും. ലോകത്തിനു മുഴുവന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാമെങ്കില്‍ ഇത്ര കാലം അദ്ദേഹത്തെ മാത്രം ഓര്‍ത്തു ജീവിക്കുന്ന എനിക്ക് മാത്രം എന്ത് കൊണ്ടു പാടില്ല. ഞാന്‍ ആ പത്രം വാങ്ങി.പക്ഷെ ഇത്തവണ, എന്നിലെക്കെതരുത് എന്ന് കരുതി അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ മോചിപ്പിച്ചത് ഈ ജീവിതത്തില്‍ നിന്ന് തന്നെ ആയിരുന്നു.
"പാറ്റുമായുള്ള ദാമ്പത്യത്തില്‍ എന്നും ഞാന്‍ അസംതൃപ്തനായിരുന്നു. എന്നും. സ്ഥിരമായി വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വളരെ നിരാശയോടെയാനെങ്കിലും പറയാതെ വയ്യ. ഞങ്ങള്‍ ജീവിതം തുടങ്ങിയ ആദ്യ കാലത്തു പോലും അവള്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്ന സമയങ്ങളില്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു."
വിദ്യ നീ വാക്കുകള്‍ കൊണ്ടു ഒരു കുമ്പസാരം നടത്തുകയായിരുന്നില്ല. നിന്റെ മാത്രം പാറ്റിനെ കൊല്ലുകയായിരുന്നു. ഇപ്പോള്‍ മനസ്സില്‍ നിന്റെ തട്ട് വളരെ വളരെ ഉയരങ്ങിലെക്ക് പോയിരിക്കുന്നു. ഇനി ഒരിക്കലും താഴെ എത്താനാവാത്ത വിധം. നമ്മള്‍ ജീവിതം തുടങ്ങിയ ആദ്യനാളുകള്‍. ഓര്‍ക്കുന്നോ വിദ്യ. മുഴുവന്‍ സമയവും എഴുത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു ഞാന്‍ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സ്കൂളില്‍ ജോലിക്ക് പോയത്. പക്ഷെ നീ ആ സമയം വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.....
അര്‍ജന്റീനയില്‍ വച്ചു നിരൂപകയായ മാര്‍ഗരെറ്റിനെ പരിചയപ്പെട്ട ശേഷം നിന്റെ യാത്രകള്‍ എന്നും അവള്‍ക്കൊപ്പമായപ്പോഴും, പലരും അതിനെ പറ്റി എന്റെ അടുത്ത് മോശമായി പരാമര്‍ശിച്ചപ്പോഴും നിന്നെ കാത്തിരുന്ന എന്റെ അരികില്‍ എത്തുമ്പോള്‍ ഇതു വരെ നീ എന്നോട് പറഞ്ഞില്ല; മറ്റു സ്ത്രീകളെ തേടിപ്പോകാന്‍ വിധത്തില്‍ എന്നില്‍ നീ അസംതൃപ്തന്‍ ആയിരുന്നെന്ന്. ഒരിക്കല്‍ നിന്നെപ്പോലെ ഒരെഴുത്തുകാരന് ചേര്ന്ന ഭാര്യയല്ല ഞാനെന്നു പരിതപിച്ചപ്പോഴും, ഞാന്‍ ഒരു ക്ലാര്‍ക്കിന്റെ ഭാര്യയെപ്പോലെ പെരുമാറുന്നുവെന്ന് ശകാരിച്ചപ്പോഴും ഞാന്‍ ചിന്തിച്ചത് എന്നോട് നിനക്കുള്ള സ്നേഹമാണ് നിന്നെ ദേഷ്യപ്പെടുത്തിയത് എന്നാണ്.
ശരിയാണ്, ഞാന്‍ ഒരു സാധാരണ പെണ്ണായിരുന്നു വിദ്യ, നീ പറക്കുന്ന വാനിനെ നോക്കി താഴെ ഇമവെട്ടാതെ കാത്തിരുന്ന ഒരു സാധാരണ ഭാര്യ. നിനക്കു സൌഹൃദങ്ങളുടെ വാനമുണ്ടായിരുന്നു, ആരാധകരുടെ സ്വപ്നലോകം ഉണ്ടായിരുന്നു, നിന്റെ മാത്രം കഥാപാത്രങ്ങളും ചിന്തകളും നിറഞ്ഞ സങ്കല്പ സാമ്രാജ്യമുണ്ടായിരുന്നു... പക്ഷെ എനിക്ക് നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ... ഓമനിക്കാന്‍ ഒരു കുഞ്ഞിനെപ്പോലും നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ടെന്നു വച്ച ഞാന്‍ നിന്നെ സംത്രുപ്തനാക്കാന്‍ എന്താണ് ഇനി ചെയ്യേണ്ടിയിരുന്നത്???
ഇനി എനിക്കൊന്നും വേണ്ട. വിദ്യ, അവസാന ശ്വാസത്തിലും ഞാന്‍ നിന്റേതു മാത്രം ആയിരിക്കും. നിനക്കു വേണമെങ്കിലും, വേണ്ടെങ്കിലും. സ്നേഹിക്കാന്‍ മാത്രമല്ലേ നമുക്കു കഴിയു, തിരികെ കിട്ടുക എന്നത് ഭാഗ്യം മാത്രമല്ലേ!!! നിന്റെ വാക്കുകള്‍ ഒരു തെന്നല്‍ പോലെയാണ് ഞാന്‍ വായിച്ചത്.എന്റെ എല്ലാ ആവശ്യങ്ങള്‍ക്കുള്ള ഉത്തരവും അതിലുണ്ട്. നീ ചോദിച്ച ആ ചോദ്യം. അത് തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരവും, സ്നേഹവും. ഇതിനപ്പുറം എന്ത് മറുപടിയാണ് ഞാന്‍ നല്കുക...."
പാറ്റ് 1996 - ഇല്‍ അന്തരിച്ചു. പക്ഷെ രണ്ടു മാസങ്ങള്‍ക്ക് ശേഷം നൈപാള്‍ പാകിസ്താന്‍ വംശജയായ നദീര എന്ന പത്രപ്രവര്‍ത്തകയെ വിവാഹം ചെയ്തു. ചരിത്രത്തില്‍ നൈപാളിനു ഒരുപാടു മുഖങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഒരു ഭര്‍ത്താവെന്ന നിലയില്‍ വിലയിരുതപ്പെടുമ്പോള്‍ ലോകം കണ്ട ക്രൂരരായ മനുഷ്യരില്‍ ഒരാളായി ഒരു പക്ഷെ അദ്ദേഹത്തെ ചിലരെങ്കിലും ഓര്‍ത്തെക്കാം.
പക്ഷെ ചരിത്രത്തില്‍ പാറ്റിനു എന്ത് നിറം ആയിരിക്കും. മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കും അവള്‍ പ്രതീക്ഷകളെ ചതിച്ചവാളാണ്, ആര്‍ക്കു വേണ്ടി അവള്‍ എല്ലാം ഉപേക്ഷിച്ചുവോ ആ ഭര്‍ത്താവിനു അവള്‍ ഒരിക്കലും സതൃപ്തി നല്‍കാത്ത ഭാര്യയുമായിരുന്നു. അവളുടെ ത്യാഗങ്ങളും സ്നേഹവുമെല്ലാം ജലരേഖയായി മാറുമ്പോഴും നമ്മളില്‍ എത്ര പേര്‍ക്ക് അവളൊരു പാഴ്ജന്മനെന്നു പറയാനാവും. പ്രത്യേകിച്ചും നമ്മളില്‍ പലരും അവളെപ്പോലെ നിഷ്ഫലമായ ത്യാഗങ്ങളുടെ അനുഭവോകതാക്കള്‍ ആകുമ്പോള്‍....
നൈപാള്‍ ആഗ്രഹിച്ച രീതിയിലേക്ക് അവള്‍ക്കൊരിക്കലും ഉയരാന്‍ കഴിഞ്ഞിരിക്കില്ല. പക്ഷെ നൈപാള്‍ അത് പറയാനായി നീണ്ട 44 വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് വിചിത്രം. പക്ഷെ പാറ്റ് അവള്‍ക്കു ലഭിച്ച ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിച്ചവള്‍ ആയിരുന്നു. അത് കൊണ്ടാവാം, ബന്ധങ്ങളുടെ കൂടിചെരലും വേര്‍പിരിയലും വളരെ നിസാരമായ പാശ്ചാത്യ ലോകത്ത് മരണം വരെ ഒരാളുടെ ഭാര്യയായി കഴിഞ്ഞതും.
അതെ നമ്മളാണ് ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത്. വേണമെങ്കില്‍ കിട്ടിയതില്‍ സംതൃപ്തി കണ്ടെത്താം. ഇല്ലെങ്കില്‍ അതുപേക്ഷിച്ചു വേറെ തിരയാം. അതുമല്ലെങ്കില്‍ കിട്ടിയതിനെ സംത്രുപ്തമാക്കി മാറ്റിയെടുക്കാം. പക്ഷെ അസംതൃപ്തമായ ഒന്നിനെ അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടു പോകുന്നത് ഒരിക്കലും നന്നല്ല. അതിന്റെ ദുരന്തമാണ് പാറ്റ് നമുക്കു മുന്നില്‍ വരചിട്ടതും.
