12. സ്ത്രീയില്‍ നിന്നും അമ്മയിലേക്കുള്ള ദൂരം...

on Friday, June 26, 2009

യൌവനം ഒരു അഗ്നികുണ്ടമാണ്. ഏത് പ്രതിബന്ദങ്ങളെയും ചാമ്പലാക്കാന്‍ കഴിവുള്ള മനസിന്റെ അഗ്നികുണ്ഡം. അതിന്റെ തീഷ്ണതയില്‍ കത്തിയാളുകയും സായാഹ്നത്തില്‍ ഒരു കണ്ണുനീര്‍ കണമായി അതിന്റെ തന്നെ ചാരത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത് എത്രയോ പേര്‍ നമുക്കിടയിലൂടെ കടന്നു പോയി. ആ അഗ്നിയുടെ ശോഭയില്‍ വെട്ടിത്തിളങ്ങി നിന്നപ്പോള്‍ ലോകത്തിന്റെ കാഴ്ച്ചയെ മുഴുവന്‍ തന്നിലേക്ക് ഒതുക്കി നിര്‍ത്തിയവരുടെ ശവകുടീരങ്ങള്‍ പോലും പക്ഷികളും ചിലന്തികളും ആവാസ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. കൌതുകത്തോടെ ആരാധനയോടെ നോക്കി നിന്നവരുടെ മനസിന്റെ വിദൂര കോണിലെവിടെയോ പൊടി പിടിച്ച ഒരോര്‍മ്മ മാത്രമായി കിടക്കുന്നവരും എത്ര!!!

ഇന്നു അടുക്കളക്ക് പറയാനുള്ളത് അവരിലൊരുവളുടെ കഥയാണ്. 26-ആം വയസ്സില്‍ യൌവനത്തിന്റെ തീഷ്ണമായ മധ്യാഹ്നത്തില്‍ 1974-ഇല്‍ സിനി ബ്ലിട്സ് മാസികയുടെ പ്രസിദ്ധീകരണതോടനുബന്ദിച്ചു ബോംബെയിലെ ഫ്ലോറ ഫൌണ്ടനിലും പിന്നീട് ജുഹുവിലും തെരുവിലൂടെ നഗ്നയായി ഓടി രാജ്യത്തെയും ലോകത്തെയും തന്നെ അമ്പരപ്പിച്ച പ്രോതിമ ബേദിയുടെ കഥ. ക്ഷമിക്കുക. അടുക്കളക്ക് പറയാനുള്ളത് അവര്‍ കത്തിപടര്‍ന്ന ആ കാലത്തെ കുറിച്ചല്ല. 1998 - ആഗസ്റ്റ്‌ - 18 -നു ഹിമാലയത്തിലെ കുമാവൂണ്‍ താഴ്വാരത്തില്‍ ജീവനോടെ മണ്ണിനടിയില്‍ മൂടപ്പെടും മുന്‍പ്‌; അവസാനമായി അധരങ്ങളെ നിശബ്ദമായി ചുംബിച്ച മണ്‍തരികളോട് മന്ത്രിക്കാന്‍ ബാക്കി വച്ച വാക്കുകള്‍. ജ്വലിച്ചു ലോകം ചാമ്പലാക്കാന്‍ ശ്രമിച്ച യുവതിയെ തോല്പിച്ച മഞ്ഞിന്റെ നനവാര്‍ന്ന മനസുള്ള ഒരമ്മയുടെ വാക്കുകള്‍. നിങ്ങള്‍ പറയും പോലെ ഒരു "തെറിച്ച പെണ്ണില്‍" നിന്നും ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത വാക്കുകള്‍. അല്‍പ സമയം നമുക്കു ഇവള്‍ക്ക് മാത്രമായി കാതോര്‍ക്കാം.

" ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു അവന്‍ പോയിട്ട്. എന്നും അസ്വസ്ഥമായ മനസും ചിന്തകളുമായി ജീവിച്ച എന്റെ സിദ്ദു; മാനസിക വിഭ്രാന്തിയില്‍ സ്വയം ജീവിതമൊടുക്കാന്‍ തീരുമാനിച്ച ജൂലായിലെ ആ സായാഹ്നത്തില്‍ ഏറ്റവും കൂടുതല്‍ ശപിച്ചത്‌ എന്നെതന്നെയായിരുന്നിരിക്കും. അവന്റെ ഭാഗ്യഹീനയായ ഈ അമ്മയെ തന്നെ!!!


ഞാന്‍ അവന്റെ അമ്മയായിരുന്നോ??? ആ സായാഹ്നം വരെ അങ്ങനെ ഒരു ചിന്ത മനസിന്റെ ചക്രവാളങ്ങളില്‍ പോലും മിന്നി മറഞ്ഞിരുന്നില്ല. പക്ഷെ അവന്റെ അവനില്ലാത്ത ശരീരം മുന്നില്‍ കിടക്കുമ്പോള്‍ ഞാനറിഞ്ഞു. ഞാന്‍ അവന്റെ അമ്മയായിരുന്നില്ല!!! ഞാന്‍ എന്തൊക്കെയോ ആയിരുന്നു... ലോകത്തെ ഏതൊരു സാദാരണ സ്ത്രീയേക്കാളും കൂടുതലായി എന്തൊക്കെയോ... പക്ഷെ ആ എന്തോക്കെയോക്ക് വേണ്ടി എനിക്ക് നല്‍കേണ്ടി വന്ന ബലിയാണ് എന്റെ മുന്നില്‍ കിടന്നിരുന്നത്. ഒരു പിടച്ചിലില്‍ തീര്‍ന്നത് അവനും അവന്റെ സ്വപ്നങ്ങളും മാത്രമായിരുന്നില്ല; അത് മരണമായിരുന്നു. പ്രോതിമ ബേദിയുടെ മരണം. അതോടൊപ്പം അതൊരു ജനനവും ആയിരുന്നു. നിങ്ങള്‍ക്കു തീര്‍ത്തും അപരിചിതയായ മനസ്സില്‍ ഉള്‍ക്കൊള്ളാനാവാത്ത പ്രോതിമ ഗൌരിയുടെ ജനനം.

ഒരു സ്ത്രീയുടെ വിജയം എന്നത് അവളെ ആരാധിക്കുന്ന അംഗീകരിക്കുന്നവരുടെ എണ്ണമാണെന്ന് യൌവനം എന്നും എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ അന്ന് അതിലേക്കുള്ള പ്രയാണം നിഴലിനെ പുല്‍കാനുള്ള യാത്ര മാത്രമാണെന്ന് ആരും പറഞ്ഞില്ല. എല്ലാവര്ക്കും വേണ്ടത് സ്വസ്ഥയായ എന്നെയല്ല; പകരം സിരകളില്‍ ഉന്മാദമുയര്‍ത്തുന്ന ലഹരിയായ്‌ പടരുന്ന എന്നെയായിരുന്നല്ലോ!!!! എന്റെ മാത്രമല്ല എല്ലാ യൌവനത്തിന്റെയും ദുര്‍വിധിയാണത്. ജീവിതത്തിലെ നീണ്ട 49 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആരാധകരുടെ എണ്ണത്തിന്റെ അര്‍ത്ഥശൂന്യത മനസിനെ തുളച്ചു കയറിയത്. അത് വരെ ആരും പറഞ്ഞു തരാത്ത ആ പാഠം എന്നെ പഠിപ്പിക്കാന്‍ അവന്റെ ചേതനയറ്റ മുഖം തന്നെ വേണ്ടി വന്നു. അതുവരെ കെട്ടിയുയര്‍ത്തിയ ഉയരങ്ങളില്‍ നിന്ന ശേഷം ഒരു നിമിഷം കൊണ്ടു കാല്‍ച്ചുവട്ടിലെ അവസാന മണല്‍തരിയും കടലെടുക്കുന്നത് പോലെ... ലോകം മുഴുവന്‍ ആരാധനയോടെ നോക്കുന്ന അമ്മയെക്കുറിച്ച് ഓര്‍ത്ത് അവന്‍ അഭിമാനിക്കുമെന്നു വിഡ്ഢിയായ ഞാന്‍ കരുതി. അല്ല, ഞാന്‍ ഓര്‍ത്തത്‌ എന്നെ മാത്രമായിരുന്നു. ജീവിച്ചിരുന്നത് എനിക്ക് വേണ്ടി മാത്രമായിരുന്നു. പക്ഷെ അവന് വേണ്ടത് അവന്റെ അമ്മയെ മാത്രമായിരുന്നു. അവന്റെ മാത്രം അമ്മയെ!!!

ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത് നേട്ടങ്ങളില്‍ അല്ല. ത്യാഗങ്ങളില്‍ ആണ്. ഇതു വരെയുള്ള യാത്രകള്‍ ലക്ഷ്യമില്ലാത്തവ ആയിരുന്നെന്നു തിരിച്ചറിയാനുള്ള ശേഷി മനസിന്റെ നയനങ്ങള്‍ക്ക് കൈ വന്നത് അന്ന് മാത്രമാണ്. ദൂരെയെങ്ങോ ഒരു വലിയ ലക്ഷ്യം ഉണ്ടെന്ന മിഥ്യയില്‍ കടിഞ്ഞാണില്ലാത്ത പായുന്ന കുതിരയെപ്പോലെ വ്യര്‍ഥമായ ഇന്നലെകള്‍.... പക്ഷെ ഇപ്പോള്‍ ഏറെ വൈകി ആണെങ്കിലും എനിക്കൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തില്‍ എത്തുന്നതാണ് എന്റെ വിജയം. ഉണ്ണീ.... അത്... ആ ലക്ഷ്യം - അത് നീയാണ്.... നീ മാത്രം......."


പ്രോതിമ നിശബ്ദയാവുകയാണ്. എന്നേക്കുമായി. ഇനി ആ ചിലങ്കകള്‍ ചിരിക്കില്ല. ആ കണ്ണുകള്‍ ഈറനണിയില്ല. 49 വര്ഷം കൊണ്ടു യാത്ര ചെയ്തെത്തിയിടത്ത് നിന്നു തുടങ്ങിയിടത്തേക്ക് എത്താന്‍ അവര്‍ക്ക്‌ ഒരു വര്‍ഷമേ വേണ്ടി വന്നുള്ളൂ. അവള്‍ വിജയ തീരത്ത് എത്തിയോ... അവളുടെ ജീവിതം സഫലമായോ... നിങ്ങള്‍ തന്നെ തീരുമാനിക്കുക. സ്ത്രീയുടെ പൂര്‍ണത എന്താണെന്ന ചര്‍ച്ചകള്‍ ഇനിയും തുടരട്ടെ. അവളുടെ ലക്ഷ്യം എന്താണെന്ന നിര്‍വ്വചനങ്ങള്‍ പലതും ഉയരട്ടെ... പക്ഷെ ഒന്നു തിരിഞ്ഞു നോക്കുക. നമുക്കിടയിലൂടെ കത്തി ജ്വലിച്ച് പോയവരെക്കുറിച്ച്; അവര്‍ എരിഞ്ഞമര്‍ന്ന ദുരന്തങ്ങളെക്കുറിച്ച്.... പിന്നെ ഒടുവില്‍ പറയാതെ ബാക്കി വച്ച ജിവിതത്തിന്റെ അവര്‍ പഠിച്ച പാഠങ്ങളെക്കുറിച്ച്.... ലക്ഷ്യങ്ങളെക്കുറിച്ച്...പ്രോതിമ അവരിലോരുവള്‍ മാത്രം... നിങ്ങളിലോരുവള്‍...

3 comments:

ഹന്‍ല്ലലത്ത് Hanllalath said...

സ്ത്രീ എന്നല്ല ഏതൊരു മനുഷ്യന്റെയും ജീവിതം എന്താണ്..?
നേട്ടങ്ങളില്‍ ഭ്രമിക്കുന്നവരും തനിക്കു ചുറ്റുമൊരു ഭ്രമണ വലയം തീര്‍ക്കാന്‍ കൊതിക്കുന്നവരും ഇന്നല്ലെങ്കില്‍ നാളെ കെട്ടടങ്ങുന്ന ഈ നശ്വര ജീവിതത്തില്‍ നേട്ടം എന്നതിനെ എങ്ങനെയാണ് നിര്‍വ്വചിക്കുക,..?

വേറിട്ട ചിന്തയുടെ ഈ പോസ്റ്റിനു നന്ദി..

Raaju said...

In her autobiography, Timepass, Protima categorically denied the fact, that done streaking at Mumbai.

നന്ദന said...

nice