31. നിലാവേ മായുമോ....???

on Saturday, February 13, 2010

"പ്രണയമെന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞുവെങ്കില്‍ അത് നീ കാരണമാണ്"- ഹെര്‍മ്മന്‍ ഹെസ്സെ.

പ്രണയത്തെ ആഘോഷിക്കാന്‍ മാത്രമായി ഒരു ദിനം കൂടി.

ആഘോഷങ്ങള്‍ എന്നും സ്വകാര്യതയെ പൊളിച്ചെറിയുന്ന അനുഭവങ്ങളായിരുന്നു. പ്രണയവും ആഘോഷമാക്കേണ്ടതാണെന്ന് ആദ്യം നമ്മോടോതിയതാരെന്നറിയില്ല. പക്ഷെ ആഘോഷങ്ങളുടെ കൂട്ടത്തിലേക്ക് പറിച്ചു നട്ടപ്പെട്ടതോടെ പ്രണയത്തിനു സ്വകാര്യതയുടെ സുഖം നഷ്ടപ്പെട്ടുവന്നു പലരും അടുക്കളയോട് പറയാറുണ്ട്‌. ശരിയാണ്. വാലന്റൈന്‍ ദിനത്തിലൂടെ നമ്മള്‍ പ്രണയത്തെ ആഘോഷിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രണയിക്കുകയല്ല. അല്ലെങ്കിലും മുന്‍നിശ്ചയപ്രകാരം ഒരു ദിനത്തിലേക്ക് പ്രണയിക്കാന്‍ പാകപ്പെടും വിധം സ്വിച്ചിട്ടു പ്രവര്‍ത്തിക്കുന്ന യന്ത്രമോന്നും അല്ലല്ലോ നമ്മുടെ ആരുടേയും മനസ്സ്.

അടുക്കളക്ക് പറയാനുള്ളത് ആഘോഷിക്കാനായി പ്രണയിക്കുന്നവരോടല്ല. പ്രണയത്തിലൂടെ സ്വന്തം ലോകം തീര്‍ക്കുന്നവരോടാണ്. "പ്രണയിക്കാനായി എന്തിനു ഒരു ഫെബ്രുവരി - 14. ഓരോ പ്രഭാതവും, സായാഹ്നവും, രാവും, പകലും, വര്‍ഷവും, വസന്തവും എല്ലാം നിങ്ങളുടെ പ്രണയത്തിന്റെ തീഷ്ണത ഏറ്റുവാങ്ങാനുള്ളതല്ലേഈ ഒരു ദിനത്തിന്റെ പൊള്ളയായ തിളക്കത്തില്‍ ഈയാം പാറ്റകള്‍ ആവാതിരിക്കട്ടെ ഓരോ പ്രണയവും..."

ലോകം പ്രണയത്തെക്കുറിച്ചോര്‍ക്കുന്ന ഈ സമയത്ത് അടുക്കളക്ക് സ്മരിക്കാനുള്ളത് പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞ തെന്നല്‍ പോലെ നമ്മെ കടന്നു പോയ ഒരു സഹോദരനെക്കുറിച്ചാണ്. തന്നിലെ സുഗന്ധം ഇവിടെ വിതറി മാഞ്ഞു പോയ ഒരു ഇളം തെന്നലിനെക്കുറിച്ച്.

അമ്മ വന്നു പറഞ്ഞപ്പോഴാണ് അറിഞ്ഞത്.
-സര്‍ജറി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന കുഞ്ഞി മണിക്കൂറുകളായി ടെലിവിഷന് മുന്നില്‍ ഇരിക്കുകയാണത്രെ! ആരോഗ്യമുള്ള സമയത്ത് പോലും ഒരു സിനിമ കാണുന്നിടത്ത് നിന്നും പല തവണ എഴുന്നേറ്റു നടക്കുന്ന അവക്കിതെന്തുപറ്റി?

കോലായില്‍ ചെന്നപ്പോഴാണ് അത് കണ്ടത്. ചാനലുകള്‍ മാറി മാറി അവള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ചിത്രം മാത്രമാണ്. മലയാളിയുടെ പ്രിയ പാട്ടെഴുത്തുകാരന്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ അന്ത്യയാത്ര !!!

പാതി നിറഞ്ഞ കണ്ണുകളും കാണാം തൂങ്ങിയ കവിളുകളും. അടുപ്പമുള്ള ഏറെ പേര്‍ക്കൊപ്പം അദ്ദേഹത്തെ അകലെ നിന്ന് മാത്രം കണ്ട അവളുടെ മനസ്സും തേങ്ങുകയാണ്. ഞങ്ങളില്‍ പാട്ടുകളോട് ഏറ്റവും പ്രിയം എന്നും അവള്‍ക്കായിരുന്നു. വെറുതെയിരിക്കുമ്പോള്‍ അവള്‍ മൂളാറുള്ള ഈണങ്ങളും കേട്ട് ഏറെ കൌതുകത്തോടെ ഞങ്ങള്‍ നിന്നിട്ടുണ്ട്. അങ്ങനെ പാതി മൂളലും, പാതി വാക്കുകളും ആയി അവളുടെ അധരങ്ങളില്‍ നിന്നുതിര്‍ന്നിരുന്ന ഈണങ്ങളില്‍ പലതിനും ജീവന്‍ നല്‍കിയ ആളാണ്‌ ചേതനയില്ലാതെ ചില്ലുകൂട്ടില്‍ ഇനിയൊരു പാട്ട് മൂളാനാവാതെ തണുത്തുറഞ്ഞു കിടക്കുന്നത്.

ചാനലുകളില്‍ അനുസ്മരണങ്ങള്‍ തുടരുകയാണ്. എന്നും മൂളാറുള്ള ചില വരികള്‍ അവള്‍ പാടാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ക്കറിയാമായിരുന്നു, വിങ്ങുന്ന മനസ്സിന്റെ നാദധാര ഇടറിക്കൊണ്ട് മാത്രമേ വായുവിലെക്കൂളിയിടൂ എന്ന്. ഒടുവില്‍ അവള്‍ കൃഷ്ണമോളെ വിളിച്ചു കുറെ വരികള്‍ പാടിച്ചു. കൈക്കുടന്ന നിറയെ മധുരം തരുന്ന വസന്തത്തിന്റെ ഗൃഹാതുരത, എന്തെ മനസ്സിലൊരു നാണം എന്ന് പാടുമ്പോഴത്തെ കുസൃതി കലര്‍ന്ന ലജ്ജ, കാര്‍മുകില്‍ വര്‍ണ്ണന്റെ ഭക്തിയില്‍ അടയുന്ന മിഴികള്‍....പക്ഷെ ഇന്ന് എല്ലാ ഈനങ്ങള്‍ക്കും ഒരേ ഭാവം മാത്രം. വീണുടഞ്ഞ ആ സൂര്യകിരീടത്തിന്റെ ശോകം!!!

പ്രിയ പാട്ടുകാരാ.... അവളുടെ ഉള്ളിലെ തെങ്ങലെനിക്ക് മനസ്സിലാക്കാം. പക്ഷെ അത് കേട്ടിരുന്ന ഓരോ നിമിഷവും എന്റെ മനസ്സില്‍ നിറയുന്ന ശൂന്യതക്ക് എന്താണര്‍ത്ഥം. മനസ്സിന്റെ മണിച്ചിമിഴില്‍ താലോലിച്ചിരുന്ന വരികളില്‍ ചിലത് നിന്റെതായിരുന്നു. പ്രണയവും വാത്സല്യവും, വിഷാദവും, ആര്‍ദ്രതയും എല്ലാം മനസ്സിലേക്ക് തുളച്ചിറക്കിയ വരികള്‍.... പക്ഷെ ആ വരികള്‍ക്കപ്പുറത്തേക്ക് നിന്റെ പേര് ഒരിക്കലും മനസ്സില്‍ തെളിയാറില്ല. പക്ഷെ ആ വരികളെ ഇവിടെ വിട്ടു നീ മാത്രം യാത്രയാവുമ്പോള്‍ ഞങ്ങള്‍ അറിയുന്നു. കേവലം ആ വരികള്‍ മാത്രമല്ല, അതിലൂടെ കാല്പനികതയുടെ തരളിതമായ ആ മനസ്സും നീ ഞങ്ങള്‍ അറിയാതെ ഞങ്ങളില്‍ കുടിയിരുത്തിയിരുന്നുവെന്ന്.

പ്രണയത്തെ, കിനാവുകളെ, സന്ധ്യകളെ, പ്രഭാതത്തെ, മഞ്ഞിന്‍ കണങ്ങളെ, നിലാവിനെ, മുകിലിനെ, രാവിനെ എല്ലാം തരളിതമാക്കാന്‍ നിന്റെ തൂലിക ഇനി ചലിക്കില്ല എന്നോര്‍ക്കുമ്പോള്‍ ഉണരുന്ന ശൂന്യത നിറക്കാന്‍ ഇനിയും ഭാവനകള്‍ ഇവിടെ ഉണ്ടായേക്കാം... എങ്കിലും നിന്റെ പ്രിയ സുഹൃത്ത് പറഞ്ഞപോലെ ശരീരത്തിന്റെ ചില യാദാര്‍ത്യങ്ങളെ അവഗണിച്ചു ജീവിതയാത്രയെ ആഘോഷിച്ച; ആളിക്കത്തും മുന്‍പേ അണഞ്ഞു പോയ ചില ഓര്‍മ്മകള്‍ക്കൊപ്പം കൂട്ടായി ഇനി നിന്റെ പേരും... ചങ്ങമ്പുഴ, വയലാര്‍, ലോഹിതദാസ്...

മനസ്സിന്റെ ജാലകത്തിനപ്പുരത്തു താളത്തിലൊരു പദനിസ്വനമായി ഉണരാന്‍ ഇനി നിന്റെ വാക്കുകള്‍ ചുവടുവക്കില്ല എന്നോര്‍ക്കുമ്പോള്‍ കുഞ്ഞിയോടൊപ്പം, നിന്നിലൂടെ ഉതിര്‍ന്നു വീഴാനിരുന്ന അനേകം വരികളിലെ വാക്കുകള്‍ക്കൊപ്പം എനിക്കും കരയാതെ വയ്യ..... ഈണങ്ങള്‍ക്ക് നീലഭസ്മക്കുറി ചാര്‍ത്തിയ നിന്റെ വരികള്‍ ഇവിടെ മുഴങ്ങുവോളം നിന്നെ ഓര്‍ക്കാതെയും വയ്യ.....

മലയാളം പ്രണയം പറയാനായി ആംഗ്യങ്ങള്‍ പോരാതെ വരുമ്പോള്‍, വാക്കുകള്‍ തിരയുമ്പോള്‍ ആ വരികള്‍ ഞാങ്ങലോടോതും നിന്റെ നാമം. അതെ, പ്രിയ പാട്ടുകാരാ.... പ്രണയം നിലനില്‍ക്കുവോളം നിനക്കും നീ കോറിയിട്ട അക്ഷരനക്ഷത്രങ്ങള്‍ക്കും മരണമില്ല........

16 comments:

ശ്രീ said...

ആ ഗാനങ്ങളെല്ലാം ഇനി നമുക്ക് ഓര്‍മ്മകളില്‍ താലോലിയ്ക്കാന്‍ മാത്രമല്ലേ കഴിയൂ... എങ്കിലും അവയിലൂടെ നമുക്ക് ആ പ്രതിഭയെ മറക്കാതിരിയ്ക്കാം

നന്ദന said...

പ്രിയ എഴുത്തുകാരന് ആദരാഞ്ജലികൾ .... പ്രണയ ദിനത്തെകുറിച്ച് ഞാനിങ്ങനെ എഴുതിയത് ഇവിടെ വായിക്കാം

പട്ടേപ്പാടം റാംജി said...

തീര്ച്ചയായും.
ആഘോഷമാക്കുന്ന കൊല്ലത്തിലെ ഒരു നാള്‍,
പ്രണയത്തോട് കാണിക്കുന്ന പ്രണയമില്ലായ്മ തന്നെയാണെന്നാണ് എന്‍റെ പക്ഷവും.

അക്ഷരമുത്തുകളെ പ്രണയിക്കുന്നവര്‍
ആ അതുല്യ പ്രതിഭയുടെ
മുത്തുകളെ ഹൃദയത്തോട് ചേര്‍ത്ത്‌ വെക്കും.
തീര്‍ച്ച.

Unknown said...

ഗിരീഷ് പുത്തഞ്ചേരിയ്ക്ക് മരണമില്ല.

ramanika said...

പ്രിയ പാട്ടുകാരാ.... പ്രണയം നിലനില്‍ക്കുവോളം നിനക്കും നീ കോറിയിട്ട അക്ഷരനക്ഷത്രങ്ങള്‍ക്കും മരണമില്ല........

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???

Manoraj said...

പിന്നെയും പിന്നെയും ആരോ നിലാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം..

ഗിരീഷ് പുത്തഞ്ചേരി ... അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ എന്നും മലയാളിയുടെ മനസിൽ ഉണ്ട്..

jayanEvoor said...

കണ്ണീർപ്പൂക്കൾ.... എന്റെയും വക....

ഗിരീഷ് പുത്തഞ്ചേരി കാലത്തെ അതിജീവിക്കും... നമ്മുടെ ചുണ്ടിലൂടെ, തൊണ്ടയിലൂടെ, ഹൃദയത്തിലൂടെ...

K V Madhu said...

അരുതു ചൊല്ലുവാന്‍ നന്ദി, കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നുപോകുവാന്‍, രാത്രി തന്‍
നിഴലുകള്‍ നമ്മള്‍, പണ്ടേ പിരിഞ്ഞവര്‍

സ്വപ്നാടകന്‍ said...

പ്രണയം പോലെത്തന്നെ പ്രണയത്തിന്റെ പാട്ടുകാരും..
അനശ്വരര്‍....

ജയരാജ്‌മുരുക്കുംപുഴ said...

assalaayi....ashamsakal......

രഘുനാഥന്‍ said...

ഗിരീഷ്‌ പുത്തഞ്ചേരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു..

Eduardo Valente said...

Hello my friend, I came here to warn you that I am changing my blog platform, I'm moving to wordpress, so you were a follower of my blog I'm warning you, the new address is www.eduardovalente.com
I ask you to stop following the address http://eduardo.photography.art.br and sign up as a follower of the new blog www.eduardovalente.com
Thank you for your attention

കൃഷ്ണഭദ്ര said...

നമസ്കാരം ചേച്ചി(അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്നു)ആദ്യമായി ഈ ബ്ലൊഗിന്റെ പേരില്‍ ഉള്ള ആ ഒരു മതിപ്പാണു എന്നെ ഇങ്ങൊട്ട് ആകര്‍ഷിച്ചത്.അടുക്കള കഥപറയുമ്പോള്‍ ആഹ അതില്‍ ത്ന്നെ ഉണ്ട് എല്ലാം ഇനിയൊന്നും പറയണ്ട.സത്യം എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു എല്ലാ വിധ ഭാവുകങ്ങളും

വിനിഷ വൃന്ദാവന്‍ said...

പ്രിയപ്പെട്ട ഗിരീഷ് മറക്കണമെന്ന് വിചാരിച്ചാലും താങ്കളെ മറക്കാനാവില്ല. അങ്ങാടിയിലും കല്ല്യാണ വീടുകളിലും ഒറ്റപ്പെട്ട വാടക മുറികളിലും കര്‍ക്കിടമാസത്തിലെ കുളിരുള്ള മഴയ്ക്ക് അകമ്പടിയായി നിങ്ങള്‍ ഒഴുകി നടക്കും... അമരനും അനശ്വരനുമായി. ഇനിയും കോഴിക്കോടിനു മുകളില്‍ മഴയും വെയിലും വീഴും. രാവും പകലും മാറും. അപ്പോഴഉം നമ്മുടെ ചങ്ങാത്തക്കൂട്ടങ്ങളിലും ആ പാട്ടുകള്‍ നിറയും. ഈ നഗരത്തില്‍ ശിഷ്ടകാലം ജീവിക്കുന്ന ഓരോരുത്തരും നിരന്തരം മൂളിക്കൊണ്ടേയിരിക്കും..വീണ്ടും വീണ്ടും കേട്ട് കണ്ണീരൊഴുക്കും.. പ്രണയിക്കും.. സ്വാന്തനപ്പെടും.. സ്വപ്‌നം കാണും..

വിനിഷ വൃന്ദാവന്‍ said...

പ്രിയപ്പെട്ട ഗിരീഷ് മറക്കണമെന്ന് വിചാരിച്ചാലും താങ്കളെ മറക്കാനാവില്ല. അങ്ങാടിയിലും കല്ല്യാണ വീടുകളിലും ഒറ്റപ്പെട്ട വാടക മുറികളിലും കര്‍ക്കിടമാസത്തിലെ കുളിരുള്ള മഴയ്ക്ക് അകമ്പടിയായി നിങ്ങള്‍ ഒഴുകി നടക്കും... അമരനും അനശ്വരനുമായി. ഇനിയും കോഴിക്കോടിനു മുകളില്‍ മഴയും വെയിലും വീഴും. രാവും പകലും മാറും. അപ്പോഴഉം നമ്മുടെ ചങ്ങാത്തക്കൂട്ടങ്ങളിലും ആ പാട്ടുകള്‍ നിറയും. ഈ നഗരത്തില്‍ ശിഷ്ടകാലം ജീവിക്കുന്ന ഓരോരുത്തരും നിരന്തരം മൂളിക്കൊണ്ടേയിരിക്കും..വീണ്ടും വീണ്ടും കേട്ട് കണ്ണീരൊഴുക്കും.. പ്രണയിക്കും.. സ്വാന്തനപ്പെടും.. സ്വപ്‌നം കാണും..