4. കല്ലിന്റെ മൃദുലത തൊട്ടറിഞ്ഞവര്‍....

on Saturday, February 14, 2009


ഇന്നു ഫെബ്രുവരി 14.

പ്രണയിക്കുന്നവരുടെതെന്നു നിങ്ങള്‍ വിധിച്ച ദിനം. ഇന്നു നിങ്ങള്‍ക്ക് മുന്നിലേക്ക് തുറന്നു വിടാനുള്ളതും ഒരു പ്രണയിനിയെ തന്നെ. ലോകം കണ്ട ഏറ്റവും ക്രൂരമായ മനസുകളില്‍ ഒന്നിന്റെ ഏറ്റവും മൃദുലമായ കോണില്‍ ഒരു വ്യാഴവട്ടക്കാലം ഒതുങ്ങിക്കഴിഞ്ഞ ഈവ ബ്രൌണ്‍. അതെ അഡോള്‍ഫ് ഹിറ്റ്ലെരുടെ പ്രിയതമ.

ഇന്നു ഇവള്‍ തന്നെ പറയും. കല്ലിനെ പോലും കവിതയാക്കുന്ന ആ മാന്ത്രികതയുടെ അനുഭവങ്ങള്‍. അതിന്റെ ആഴങ്ങള്‍. അതിന്റെ മോഹങ്ങള്‍...

" അന്ന് 1945 ഏപ്രില്‍ മാസം അവസാന പാദം. ഞാന്‍ ആദ്യമായ് അദ്ദേഹത്തിന്റെ വാക്കുകളെ ധിക്കരിച്ചു. അത് വരെ, 12 വര്‍ഷങ്ങള്‍ക്കു മുന്‍പു സ്റ്റുഡിയോയില്‍ വച്ചു ആദ്യമായ് കണ്ട നാള്‍ മുതല്‍ എന്നും എന്റെ ആഗ്രഹങ്ങള്‍ ഉറവയെടുത്തത് ആ മനസിലായിരുന്നു. ആ ആഗ്രഹങ്ങളില്‍ എന്നെ എന്നേക്കുമായ് ഞാന്‍ തളച്ചിടുകയായിരുന്നു. ലോകത്തിനു മുന്നില്‍ അദ്ദേഹത്തോടൊപ്പം ഒരിക്കലും വരരുതെന്ന് നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് പരിഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ജര്‍മനിയെയും ലോകത്തെയും ജൂതന്മാരെയും പറ്റിപറയാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ വിലക്കിയതിലും എനിക്ക് പരാതിയുണ്ടായിരുന്നില്ല. കാരണം ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ മാത്രമായിരുന്നു... ആര്യന്മാരും ജൂതന്മാരും യുദ്ധവും ഒന്നും അവിടെയുണ്ടായിരുന്നില്ല... അദ്ദേഹത്തിന്റെ ആ ലോകത്തെ സ്വന്തമാക്കാന്‍ എന്നെ അനുവദിച്ചതുമില്ല. എന്നിട്ടും ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചു.

പ്രണയം സ്വന്തമാക്കാനുള്ളതല്ലെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു. പ്രണയം ആരുടേയും ഇഷ്ടങ്ങളേയും ചിന്തകളെയും സ്വപ്നങ്ങളെയും സ്വന്തമാക്കുന്നില്ല. പ്രണയിക്കുമ്പോള്‍; യാദാര്‍ത്യത്തില്‍ അങ്ങനെ ഒരവസ്ഥയിലേക്കു മനസ് ഉയര്‍ന്നിട്ടുണ്ടെങ്കില്‍; സ്വയം സമര്‍പ്പിതമാവുകയാണ്. ആരുടേയോ സ്വന്തമാവുകയാണ്... നമ്മുടെ ഇഷ്ടങ്ങള്‍ അവരുടെ ആഗ്രഹങ്ങളില്‍ അലിഞ്ഞില്ലാതാവുകയാണ്... നമ്മുടെ നിലാവില്‍ അവരുടെ സ്വപ്നങ്ങളുടെ നിറങ്ങള്‍ ചായം ചാലിക്കുകയാണ്...

നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍... അദ്ദേഹം എന്ത് ചെയ്യുന്നുവെന്നു ഞാന്‍ അറിഞ്ഞില്ല. അറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു കാണും. പക്ഷെ അദ്ദേഹം ആഗ്രഹിക്കുമ്പൊഴൊക്കെ; ആഗ്രഹിക്കുമ്പോള്‍ മാത്രം; ഞാന്‍ അരികിലുണ്ടായിരുന്നു. ആ ഏപ്രില്‍ വരെ അദ്ദേഹത്തിന്റെ പ്രണയത്തിന്റെ ചൂടു മാത്രമെ ഞാന്‍ അറിഞ്ഞുള്ളു... പക്ഷെ ഇപ്പോള്‍ ഗീബല്‍സ് പറഞ്ഞതു അദ്ദേഹം ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ്... ഇനി എനിക്ക് ധിക്കരിക്കാതെ വയ്യ. അങ്ങനെ ബെര്‍ലിനിലെ ആ ബങ്കറില്‍ ഞാന്‍ അദ്ദേഹത്തിനരികില്‍ ചെന്നു. ആദ്യമായി എന്റെ മാത്രം ആഗ്രഹപ്രകാരം.

എപില്‍ 28 . ഞാന്‍ അദ്ദേഹത്തോട് ആദ്യമായ് ആവശ്യപ്പെട്ടു. ഇത്രകാലം കാത്തിരുന്നതിന് പകരം ഒരു ദിനം. ഒരു ദിനം മാത്രം. അദ്ദേഹത്തിന്റെ ഭാര്യയായി. എന്നും നിശ്ചയദാര്‍ഡ്യം നിറഞ്ഞ ആ മുഖം പതറുന്നത് ഞാന്‍ ആദ്യമായ് കണ്ടു. എങ്കിലും പെട്ടെന്ന് തന്നെ ഗീബല്‍സിനോട് എല്ലാം ഏര്‍പ്പാട് ചെയ്യാന്‍ പറഞ്ഞു. 1945 ഏപ്രില്‍ 29. സു‌ര്യനുദിക്കും മുന്പേ കുറച്ചു പേരെ മാത്രം സാക്ഷിയാക്കി ഞാന്‍ വിവാഹ ഉടമ്പടി ഒപ്പിട്ടു. ഈവ ഹിറ്റ്ലര്‍ എന്ന് ആദ്യമായ് എഴുതുന്ന സന്തോഷത്തില്‍ അഭിമാനത്തില്‍ ഞാന്‍ ഓര്‍ത്തില്ല. ഒരു ദിവസം മാത്രം ആയുസ്സുള്ള സുമംഗലിയാണ് ഞാനെന്നു.

ഏപ്രില്‍ 30. ബ്ലോണ്ടിക്ക് വിഷം കലര്‍ന്ന ഭക്ഷണം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ണുനീര്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. ഒടുവില്‍ സ്വയം നിറയോഴിക്കും മുന്‍പ്‌ ആ കൈ കൊണ്ടു അവസാനമായി എന്നെ ഊട്ടിയപ്പോള്‍..... അതെ ഇവളുടെ പ്രണയം പൂര്‍ണമാവുകയായിരുന്നു... നിത്യതയുടെ താഴ്വാരങ്ങളിലേക്ക് ഉണരാനായി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കൂടെ കൈ പിടിച്ചു യാത്രയാക്കാന്‍ പ്രണയിച്ചവര്‍ കൂടെയുണ്ടെങ്കില്‍; ആ ഒരു നിമിഷം ... അത് യുഗങ്ങളെക്കാള്‍ സഫലം.. അതെ എന്റെ ജന്മവും സഫലം... എന്റെ പ്രണയം പോലെ ക്ഷണികമെങ്കിലും...."

നിങ്ങള്‍ക്ക് ഇവളെ കുറ്റപ്പെടുത്താം. പഴിക്കാം. ശപിക്കാം. ജര്‍മ്മന്‍ കോണ്‍സെന്ട്രെഷന്‍ ക്യാമ്പുകളില്‍ ജൂതന്മാര്‍ ഒരു കവിള്‍ ശ്വാസത്തിനായ് പിടയുമ്പോള്‍ മ്യൂനിച്ചില്‍ അത്യാടംബരങ്ങളോടെ സുഖിച്ചവള്‍ എന്ന് അധിക്ഷേപിക്കാം. കാരണം ഇവള്‍ തെറ്റ് ചെയ്തിരിക്കുന്നു. പ്രണയിക്കുക എന്ന തെറ്റ്. അത് തെറ്റല്ലെങ്കില്‍ നിങ്ങള്‍ക്ക് അവളെ കുറ്റപ്പെടുത്താനാവില്ല. അത് കൊണ്ടു ഇന്നു ഈ പ്രണയ ദിനത്തില്‍ നിങ്ങള്‍ തീരുമാനിക്കുക. ഇവളുടെ കുറ്റവും ശിക്ഷയും. അപ്പോഴും ഒന്നു മാത്രം ഓര്‍ക്കുക. പ്രണയം ഏതൊരു കല്ലിനെയും പൂവിതള്‍ പോലെ മൃദുലമാക്കും. ലോകം കണ്ട ഏറ്റവും ദൃഢമായ മനസിനും മൃദുവായ ഒരു ഭാഗമുണ്ടായിരുന്നെന്നു കണ്ട ആകെ ഒരാളാണ് ഇവള്‍. നിങ്ങള്‍ക്കാര്‍ക്കും കാണാനാവാതെ പോയ ഒരു നന്മ. ഇതു പ്രണയമല്ലെന്ന് നിങ്ങള്‍ എങ്ങനെ പറയും. അതെ; ചുട്ടു പൊള്ളുന്ന മരുഭൂവിലും; എവിടെയോ ആരാലും കാണപ്പെടാതെ മലര്‍വാടികലുണ്ട്. അത് കണ്ടെത്തലാണ് പ്രണയം. ഒളിച്ചു കിടക്കുന്ന ആ നന്മയെ കണ്ടെത്തല്‍... ആ പ്രണയമാണ് ലോകത്തെ സ്വര്‍ഗമാക്കുന്നത്. അത് കാണാതെ പോകുമ്പോഴാണ് നരകം ഇവിടെക്കിറങ്ങുന്നത്. ഈ പ്രണയ ദിനത്തില്‍ സ്വര്‍ഗത്തിലേക്ക് തുറക്കാനായി നമുക്കു ഇമകള്‍ പൂട്ടാം... ഒരു നിമിഷം... ഇവിടെ പ്രണയിച്ചു കൊതി തീരാതെ പറന്നു പോയവര്‍ക്കായി... പ്രണയത്തിന്‍ പൂക്കാലം സ്വപ്നം കണ്ടവര്‍ക്കായി...

3 comments:

മഹേഷ് said...

അഡോള്‍ഫ് ഹിറ്റ്ലറുടെ വ്യക്തിത്വത്തെക്കുറിച്ചും മാനസികലോകത്തെക്കുറിച്ചും നടന്ന പഠനങ്ങളുമായി ഈവാ ബ്രൌണിന്റെ ഈ കുറിപ്പു് ചേര്‍ത്തുവായിക്കണം. അവര്‍ക്കിടയിലെ ബന്ധം വാസ്തവത്തില്‍ പ്രണയമായിരുന്നോ?
അല്ലെങ്കില്‍ ഇതാണോ പ്രണയം?

ANITHA HARISH said...

ചുട്ടു പൊള്ളുന്ന മരുഭൂവിലും; എവിടെയോ ആരാലും കാണപ്പെടാതെ മലര്‍വാടികലുണ്ട്. അത് കണ്ടെത്തലാണ് പ്രണയം. ഒളിച്ചു കിടക്കുന്ന ആ നന്മയെ കണ്ടെത്തല്‍... ആ പ്രണയമാണ് ലോകത്തെ സ്വര്‍ഗമാക്കുന്നത്. അത് കാണാതെ പോകുമ്പോഴാണ് നരകം ഇവിടെക്കിറങ്ങുന്നത്.

കാട്ടിപ്പരുത്തി said...

അനിതാ-
ഈ പുസ്തകം വലരെ മുമ്പ് ഞാൻ വായിച്ചിരുന്നതാൺ‌- എങ്കിലും ഈ വായന ഒരു ഓർമ നൽകുന്നു.

നന്ദി-