3. വാത്സല്യത്തെ അസൂയയാക്കി മാറ്റിയവരോട്......

on Wednesday, February 11, 2009


ഇവളുടെ പേരില്‍ പ്രപഞ്ചത്തില്‍ ഇവള്‍ മാത്രം.

അതെ-

ഇവള്‍ക്ക് ശേഷം ഒരു മാതാപിതാക്കളും തങ്ങളുടെ മകള്‍ക്ക് പേരു തിരയുമ്പോള്‍ ഇവളുടെ നാമം ഓര്‍ത്തില്ല. ഓര്‍ത്തവര്‍ ഏറവും വെറുപ്പോടെ , അറപ്പോടെ നിഷ്കരുണം ആ നാമം അവഗണിച്ചു . കെകേയത്തിലെ രാജാവായിരുന്ന അശ്വപതി തന്റെ പുത്രിയെ കൈകേയി എന്ന് വിളിച്ചപ്പോള്‍ ഓര്‍ത്തിരിക്കില്ല താന്‍ ചൊല്ലി വിളിക്കുന്നത് ലോകം മുഴുവന്‍ അസൂയയുടെയും ക്രൂരതയുടെയും പ്രതിരൂപമായി കാണാന്‍ പോകുന്ന ഒരു പേരാണെന്ന്.

നിങ്ങള്‍ക്കും ആ പേരു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലുണരുന്ന വികാരം ആ വെറുപ്പ്‌ തന്നെയല്ലേ...??? ആയിരിക്കും... അങ്ങനെ അല്ലാതാവാന്‍ അവളുടെ വാക്കുകള്‍, കണ്ണുനീര്‍ തുള്ളികള്‍ എന്റെ മനസിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ നിങ്ങളുടെ കാതുകളുടെ ബാഹ്യ പുടങ്ങളില്‍ പോലും തട്ടിക്കാണില്ലല്ലോ....!!!!!

അവളുടെ മിഴിനീര്‍ ആദ്യമായ് എന്റെ മടിത്തട്ടിനെ നനച്ചത്‌ അന്നാണ്. അവളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞ ദിനം. അവള്‍ തന്റെ ഭര്‍ത്താവിനെ അത്രയേറെ പൂജിച്ചിരുന്നു. പരിചരിച്ചിരുന്നു. യുദ്ധക്കളത്തില്‍ തുണയായ് ചെന്നു, ഒടുവില്‍ എതിരാളിയുടെ ശരങ്ങള്‍ മുറിവേല്പിച്ചപ്പോള്‍ സധൈര്യം പതിയെ സംരക്ഷിച്ചു പരിചരിച്ച മറ്റേതു സ്ത്രീയുണ്ട് നിങ്ങള്‍ക്ക് കാണിച്ചു തരാന്‍...... ഒരു പതിവ്രതയും ഭര്‍തൃപൂജയില്‍ അവള്‍ക്കു മുന്നിലല്ല. എന്നിട്ടും നിങ്ങള്‍ അവള്‍ക്കു ഭര്‍ത്താവിനെ കൊന്നവള്‍ എന്ന പട്ടം നല്കിയത് ആര്‍ക്കു വേണ്ടിയായിരുന്നു....??? ആരെ പുഷ്പവൃഷ്ടി നടത്താനായിരുന്നു ഇവള്‍ക്ക് മേല്‍ കല്ല് മഴ ചൊരിഞ്ഞത്...???

ശ്രീരാമന്‍ തന്നെ പറയുന്നുണ്ട്; തന്നെ സ്വന്തം മാതാവിനേക്കാള്‍ പരിപാലിച്ചത് കൈകേയി ആയിരുന്നെന്ന്. ഒടുവില്‍ തന്റെ വരങ്ങള്‍ എല്ലാം ആര്‍ക്കു വേണ്ടി നല്‍കിയോ; ആ സ്വന്തം മകന്‍ ഭരതന്‍ പോലും അവളെ ഇനി "അമ്മേ..." എന്ന് വിളിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഉരുകി ഇല്ലാതായത് മകനെ ഏറവും അധികം സ്നേഹിച്ച ഒരു മാതൃ ഹൃദയമാണ്... എന്നിട്ടും നിങ്ങള്‍ ആ വാത്സല്യത്തെ അസൂയയുടെ ചലിക്കുന്ന രൂപമായി മനസുകളില്‍ പ്രതിഷ്ടിച്ചു. ഭര്‍ത്താവിനും പുത്രനും വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച അവള്‍ ഒടുവില്‍ എല്ലാവരാലും ഒറ്റപെട്ട് ആരും അറിയാതെ കൊട്ടാരത്തിന്റെ ഏതോ കോണില്‍ തന്റെ ജീവിതം ഒതുക്കി..

ഇല്ല. പേടിക്കേണ്ട... അവള്‍ നിങ്ങളെ പറ്റി ഒരു പരിഭവവും പറയില്ല. കാരണം മനസിലെ ചെറിയ മോഹങ്ങള്‍ക്ക് വേണ്ടി തന്റെ വരങ്ങള്‍ ഉപയോഗിച്ചപ്പോള്‍ മോഹങ്ങള്‍ക്കൊപ്പം യാദാര്‍ത്യങ്ങളും തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്ന അവള്‍ക്കു ഇനി ഒരു വാക്കു പോലും ഉതിര്‍ക്കാനാവില്ല... എങ്കിലും നിങ്ങള്‍ പതിവ്രതകളെ പറ്റി പറയുമ്പോള്‍, ഭര്‍ത്താവിനെ സംരക്ഷിച്ച ഭാര്യമാരെ കുറിച്ചു പ്രസംഗിക്കുമ്പോള്‍ , പുത്രവാത്സല്യത്തെ പറ്റി ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഏറ്റവും ഉദാത്തമായ രൂപത്തെ വിസ്മരിച്ചു കൊണ്ടു, തെറ്റിധരിച്ചുകൊണ്ടാണ് വാചാലരാവുന്നത് എന്നെങ്കിലും മനസിലോര്‍ക്കുക.....

4 comments:

Rejeesh Sanathanan said...

എത്ര ബഹുമാന്യരായ വ്യക്തികളായാലും ദുഷ്ടബുദ്ധികളുടെ ചട്ടുകമാകുന്നതിലൂടെ അവര്‍ കളഞ്ഞ് കുളിക്കുന്നത് മറ്റുള്ളവര്‍ തങ്ങളിലര്‍പ്പിച്ച സ്നേഹവും വിശ്വാസവുമാണ് എന്ന മറ്റൊരു വാദഗതിയും കൂടി നിരത്തിക്കൂടെ ഇവിടെ?

kichu / കിച്ചു said...

അനിത..

കേകയ പുത്രിയുടെ മറ്റൊരു മുഖം കാണാനുള്ള ശ്രമം നന്നായി

ANITHA HARISH said...

thanks for the comments.exepeting your valuable comments in future also.

pournami said...

like coin... both sides there..good