5. രാജാവിനു വേണ്ടാത്ത മകള്‍....

on Thursday, February 26, 2009

എഡ്സണ്‍ അരാന്റെസ് ഡി നാസിമെന്റോ. ഈ പേരു നിങ്ങള്‍ക്ക് ഒരു പക്ഷെ സുപരിചിതമായിരിക്കില്ല. പക്ഷെ "പെലെ" എന്ന രണ്ടക്ഷരം കാല്‍പന്തുകളിയെ സ്നേഹിക്കുന്നവരുടെ ഓര്‍മകളില്‍ മാത്രമല്ല ഇടം നേടിയത്. ആദ്യം പറഞ്ഞ അപരിചിതമായ ആ പേരു തന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഒരു പെണ്‍കുട്ടി നടത്തിയ സാഹസങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ? ഓര്‍ക്കുവാന്‍ തീരെ ഇടയില്ല എന്നറിഞ്ഞു കൊണ്ടുതന്നെ ചോദിച്ചതാണ്... ഇന്നു പറയാനുള്ളത് ആ കഥയാണ്.... ഫുട്ബാള്‍ മൈതാനങ്ങളിലെ പച്ചപുല്ലിനെ തീപിടിപ്പിച്ച കാലുകളുടെ മാന്ത്രികതെയെ പറ്റിയല്ല- എതിരാളികളുടെ ഗോള്‍കീപ്പര്‍മാരുടെ നിസ്സഹായതയിലേക്ക് നിര്‍ദ്ദയം പന്തടിച്ചു കയറ്റുന്നത് പോലെ നിസാരമായി അനീസിയ മക്കാഡോ എന്ന യുവതിയുടെ ജീവിതത്തിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ മുള പൊട്ടിയ ഒരു പാവം പെണ്‍കുട്ടി- സാന്ദ്ര രെഗിന
1996 - വരെ തന്റെ 32 - വയസ്സ് വരെ അവള്‍ക്ക്‌ ആ പേരില്‍ തന്നെ ജീവിക്കേണ്ടി വന്നു. ഒടുവില്‍ അഞ്ചു വര്‍ഷം നീണ്ട സമരത്തിനൊടുവില്‍ കോടതി D N A ടെസ്റ്റു നടത്തി അവളുടെ പൈതൃകം അംഗീകരിച്ചു കൊടുത്തു. എന്നിട്ടും അവള്‍ക്ക്‌ ലഭിച്ചത് പേരിനോട് കൂടെ ചേര്‍ക്കാന്‍ രണ്ടക്ഷരം മാത്രം. സ്നേഹിക്കപ്പെടാനുള്ള ഒരു പെണ്‍കുട്ടിയുടെ അവകാശം നേടിയെടുക്കാന്‍ അവള്‍ ഇനിയും എന്ത് ചെയ്യണം. അവളുടെ കണ്ണീര്‍ മന്ത്രിക്കുന്നത് മറ്റാരോടുമല്ല. തന്നെ എന്നും തള്ളിപ്പറഞ്ഞ പിതാവിനോട് തന്നെ. പക്ഷെ മനസിനെ തുളച്ചു കയറുന്ന അവളുടെ വാക്കുകള്‍ ആര്‍ക്കു കേള്‍ക്കതിരിക്കാനാവും." 2006 ഒക്ടോബര്‍ 18. റിയോ ഡി ജനിറോയിലെ സാന്റോസ് ടൌണ്‍ ഹാളില്‍ വെളുത്ത പട്ടില്‍ എന്റെ ചേതനയറ്റ ശരീരം കാത്തു കിടന്നത് അങ്ങയെ മാത്രമായിരുന്നു. നീണ്ട 42 വര്‍ഷത്തെ എന്റെ കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങള്‍. അങ്ങേക്ക് പകരം അങ്ങയച്ച രണ്ടു പുഷ്പ ചക്രങ്ങള്‍ മുറിച്ചു മാറ്റിയ എന്റെ മാറിടത്തില്‍ അമരും മുന്‍‌പേ അമ്മ വലിച്ചെറിഞ്ഞപ്പോള്‍ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. ചില കാത്തിരിപ്പുകള്‍ അവസാനിക്കുന്നത് ആ കാത്തിരിപ്പ്‌ മാത്രമാണ് ജീവിതമെന്ന് ഓര്‍മ്മപ്പെടുതിക്കൊണ്ടാണ്. എനിക്കറിയാമായിരുന്നു എന്റെ; എന്റെ അമ്മയുടെ കണ്ണുനീര്‍ കൊണ്ടു നേടിതരാനാവാത്തതൊന്നും കോടതി എനിക്കായി സമ്മാനിക്കില്ല എന്ന്. എങ്കിലും ഒരു പരിഹാസകഥാപാത്രമല്ല ഞാനെന്ന് ലോകത്തോട്‌ പറയാന്‍ എനിക്ക് അങ്ങയുടെ ശിരസ് കുറച്ചു സമയം താഴ്തെണ്ടി വന്നു. ക്ഷമിക്കുക. അവസാനമായെങ്കിലും എന്നെ ഒന്നു കണ്ടു കൂടെ എന്ന ചോദ്യത്തിന് ഞാനുമായി ഒരു സൌഹൃദവും ഉണ്ടായിരുന്നില്ല എന്ന് അങ്ങ് മറുപടി പറഞ്ഞു. അങ്ങ് അത് ആഗ്രഹിച്ചില്ല എന്നതല്ലേ സത്യം. ജീവിതത്തിന്റെ ഓരോ നിമിഷവും അങ്ങയുടെ പുറകില്‍ ഞാനുണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഈ നിഴലിനെ അങ്ങ് തിരിഞ്ഞു നോക്കിയില്ല. അങ്ങ് കളിച്ചു വളര്‍ന്ന ഈ സാന്റോസിന്റെ കൌണ്‍സിലെര്‍ ആയപ്പോള്‍ , ഒക്ടൊവിയൊവിന്റെയും ഗബ്രിയെലിന്റെയും അമ്മയായപ്പോള്‍ ഒക്കെ ഞാന്‍ അങ്ങയെ ഒരുപാടു വിളിച്ചു. പക്ഷെ എന്റെ വിളി അമര്‍ന്നു പോകും വിധം ആരവങ്ങള്‍ക്കു നടുവിലായിരുന്നു അങ്ങെന്നും. ആരവങ്ങള്‍ അങ്ങയുടെ കാതുകളെ ബധിരമാക്കിയിട്ടുണ്ടാവം... പക്ഷെ ഈ മരവിച്ചു കിടക്കുന്ന എന്നെ കണ്ടു അങ്ങയുടെ ദേഷ്യം മാറ്റാന്‍ എങ്കിലും വരുമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു... പക്ഷെ.... അതെ- രാജാവിന് വേണ്ടാത്ത രാജകുമാരിയാണല്ലോ ഞാന്‍... എന്റെ എല്ലാ പരാതിയും എവിടെ തീര്‍ന്നു. ഒരു മനുഷ്യന്റെയും പകക്കും വൈരത്തിനും അവന്റെ കല്ലറക്കപ്പുറം ചെല്ലാനാവില്ലല്ലോ.... എങ്കിലും ഒരു അപേക്ഷ മാത്രം. ഇനിയും എങ്ങനെ തള്ളിപ്പറയാന്‍ മാത്രമായി ആര്‍ക്കും ജീവന്‍ നല്‍കാതിരിക്കുക. എന്റെ മക്കള്‍ക്ക്‌ ഇനി അമ്മയില്ല. എങ്കിലും അവര്‍ എന്റെ അത്ര ഭാഗ്യ ഹീനരല്ല......"
അവളുടെ വാക്കുകള്‍ മുറിയുകയാണ്...
എനിക്കും പറയാനുള്ളത് അയാളോടാണ്. ഒരു ജീവനെ സാഹസികമായ യൌവനത്തിന്റെ തമാശയെന്ന്‌ നിസാരമായി തള്ളിയ സാന്ദ്രയുടെ പിതാവിനോട്. നിങ്ങള്‍ അവളുടെ ചേതനയറ്റ ശരീരം കാണാന്‍ പോകേണ്ട. കാരണം അതുകൊണ്ട് അവള്‍ ഇത്രകാലം പൊരുതിയത് നിങ്ങള്‍ വിസ്മ്രിതിയിലേക്ക് മറയ്ക്കും. പക്ഷെ 42 വര്‍ഷം നീണ്ട അവളുടെ കാത്തിരിപ്പിന് നിങ്ങള്‍ എന്ത് പകരം നല്കും. നിങ്ങളെ കളിക്കളത്തിലെ ദൈവമായി കാണുന്ന ആരാധകര്‍ ഒരു പക്ഷെ ഇതൊക്കെ മറന്നേക്കാം. പക്ഷെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിങ്ങള്‍ വിസ്തരിക്കപ്പെടുമ്പോള്‍ ഒരു പിടിവള്ളിക്കായി തിരയുമ്പോള്‍ നിങ്ങള്‍ക്ക് അത് കിട്ടില്ല. കാരണം ജീവിതം വെറും സാഹസങ്ങള്‍ മാത്രമല്ലെന്ന് പഠിക്കാന്‍ ആരവങ്ങള്‍ക്കിടയിലുള്ള സ്വപ്ന ലോകം പോരെന്നു ഇനിയും നിങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു.


ഖലില്‍ ജിബ്രാന്‍ എഴുതി- "കുഞ്ഞുങ്ങള്‍; അവര്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ... ശരീരത്തിന് ശരീരത്തോട് തോന്നുന്ന ആസക്തിയുടെ ഉല്‍പന്നങ്ങള്‍ മാത്രമല്ലേ അവര്‍." ലോകത്തെ ഒരു മാതാവും പിതാവും ഇതു അംഗീകരിചേക്കില്ല. ഒരു പിതവല്ലാത്തത് കൊണ്ടാണ് ജിബ്രാന് അതെഴുതാന്‍ കഴിഞ്ഞതെന്ന് പലരും പറഞ്ഞേക്കാം. പക്ഷെ നിങ്ങള്‍, ഫുട്ബാളിന്റെ ദൈവം,അത് തെളിയിച്ചു. ഒരു സഹോദരന്‍ എനിക്ക് ഈ ബ്ലോഗിലുടെ തന്നെ എഴുതിയിരുന്നു. "അമ്മ എന്നത് സത്യവും, അച്ചന്‍ എന്നത് വിശ്വാസവുമാനെന്നു." അതെ, വിശ്വാസങ്ങള്‍ക്ക് മുറിവേല്‍ക്കാന്‍ ഏറെ നേരം വേണ്ടല്ലോ. പക്ഷെ പെലെ, നിങ്ങള്ക്ക് അഭിമാനിക്കാം, സാന്ദ്രയുടെ അച്ച്ചനെന്ന പേരില്‍. കാരണം മറ്റു പുത്രന്മാര്‍ നിങ്ങള്ക്ക് പേരു ദോഷം വരുത്താന്‍ മത്സരിച്ചു കൊണ്ടിരിക്കേ, ഇവള്‍ സ്വ പ്രയത്നം കൊണ്ടു നേടിയ നേട്ടങ്ങളെ ഓര്‍ത്ത്.
ഒടുവില്‍ നിന്നോടൊരു വാക്ക്, സാന്ദ്ര, സ്വന്തം വിധിയിലും നിയോഗതിലും പഴി ചാരി ഇരുളില്‍ ഓടുന്ങുന്നതിനു പകരം നീ തിരഞ്ഞെടുത്ത പോരാട്ടത്തിന്റെ വഴി, അത് നിന്നെ അനശ്വരയാക്കും. നീ കൊളുത്തിയ വെട്ടം അവഗണിക്കപ്പെട്ട ഒരു പാടു മക്കള്‍ക്ക്‌ വിളക്കവുന്നത് കണ്ടു നിന്റെ ജന്മം വിഫലമല്ലെന്ന് നിനക്കു സംതൃപ്തിയടയാം.

8 comments:

Ravi Menon said...

Beautiful way of writing. Touching...........

Akshay S Dinesh said...

ഇനി ഒരിക്കലും മറക്കാന്‍ കഴിയില്ല

Nachiketh said...

നല്ല പോസ്റ്റ്, അനിത.

ഒരു സംശയം മാത്രം പൂച്ചക്കാരു മണികെട്ടും...

പാവത്താൻ said...

നല്ല പോസ്റ്റ്‌. ഹൃദയ സ്പർശിയായ അവതരണം....
എന്താണിവിടെ ആൾസഞ്ചാരം കുറവ്‌?

Premji said...

read ur article through maathrubhoomi weekly. behind every huge success, there is an element of treason. whether it is v.s. naipal or paulo coelho. please read my blog www.literaryinvestigation.blogspot.com to find out the true colour of paulo coelho! avoig the latest two posts.

premji

nishi said...

mathrubhumiyil post vayichappol muthal manassil anitha undu.ippol peleyum.manassil thatti.asamsakal

കാട്ടിപ്പരുത്തി said...

അനിതയുടെ വിഷയങ്ങൾ വളരെ ഷാർപ് ആണു- വാക്കുകളും-

നന്ദന said...

"അമ്മ എന്നത് സത്യവും, അച്ചന്‍ എന്നത് വിശ്വാസവുമാനെന്നു."
അനിത ഇതൊക്കെ പണ്ടാരോ പറഞ്ഞുപോയത്‌
ഇന്നില്‍ ജീവിക്കുന്ന നമ്മള്‍ അതിനെ പിന്താങ്ങണോ ?
അപ്പോള്‍ സ്ത്രീകള്‍ എവിടെയും നിരങ്ങുന്നവര്‍ അല്ലെ ?
ഇന്ന് ഡി .എന്‍. എ . ടെസ്റ്റ്‌ ഉണ്ട് അറിയാമല്ലോ അപ്പോള്‍ വിശ്വാസമല്ല ? രണ്ടും സത്യമാണ് ട്ടോ !